news-details
കവർ സ്റ്റോറി

സ്വീകാര്യതയേറുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ജീവിതത്തിന്‍റെ സമസ്തമേഖലകളിലും വിവര ആശയവിനിമയ സാങ്കേതികവിദ്യ (Information  and Communication Technology)യുടെ സേവനങ്ങള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ സാധ്യമാക്കിയ പരിവര്‍ത്തനം അത്ഭുതാവഹമത്രെ. വിദ്യാഭ്യാസമേഖലയും അതിന് അപവാദമല്ല. പരമ്പരാഗത ഗുരുകുലസമ്പ്രദായത്തിന്‍റെയും ആശ്രമങ്ങളിലെ വാചിക അധ്യയന സമ്പ്രദായത്തിന്‍റെയും പിന്‍ബലത്തില്‍ വിദ്യാഭ്യാസം പല പടവുകള്‍ താണ്ടി. പക്ഷേ, പരമ്പരാഗത ചോക്കും ബോര്‍ഡും സമ്പ്രദായത്തെയും മുന്‍നൂറ്റാണ്ടുകളുടെ അധ്യയനരീതികളെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പതിറ്റാണ്ട് അട്ടിമറിച്ചു. ഇന്ന് ക്ലാസ്മുറികള്‍ 'സ്മാര്‍ട്ടാണ്.' ആധുനിക സാങ്കേതികവിദ്യ ക്ലാസ്മുറികളില്‍ വിപ്ലവം സൃഷ്ടിച്ചു. ബ്ലാക്ക്ബോര്‍ഡുകള്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍ക്ക് വഴിമാറി. ചോക്കുകളുടെ സ്ഥാനം മാര്‍ക്കര്‍പെന്നുകള്‍ കയ്യടക്കി. ചൂണ്ടിക്കാണിക്കാന്‍ കമ്പിനും വടിക്കും പകരം ലേസര്‍ പോയിന്‍റര്‍. എല്‍. സി. ഡി.യും സ്ലൈഡ് പ്രോജക്ടറും ക്ലാസ്മുറികളില്‍ അനിവാര്യമായി.

ക്ലാസ്മുറികളില്‍ ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്നു. അവതരണങ്ങള്‍ ലളിതവും ഫലപ്രദവുമാക്കാന്‍ ടച്ച്സ്ക്രീന്‍ ബോര്‍ഡുകള്‍ ക്ലാസ്മുറികളെ സഹായിക്കുന്നു. വിദ്യാഭ്യാസസമ്പ്രദായം അതിന്‍റെ രീതിശാസ്ത്രത്തെ അതിനൂതനമായി നവീകരിക്കുന്നു. കോവിഡ് 19 മഹാമാരിയെ ചെറുക്കാനായി ഏര്‍പ്പെടുത്തേണ്ടി വന്ന ദീര്‍ഘകാല ലോക്ഡൗണ്‍ സ്കൂള്‍-കോളേജ്-യൂണിവേഴ്സിറ്റി പഠനസമ്പ്രദായത്തെ ദോഷകരമായി ബാധിച്ചു. അതു പക്ഷേ ഇ-എഡ്യുക്കേഷന്‍ സമ്പ്രദായങ്ങള്‍ വേരുപിടിക്കാന്‍ സഹായകമായി.

വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കുന്നില്ല. അതു ജീവിതാവസാനം വരെ തുടരുന്നു. അതിനു പ്രായപരിധിയില്ല. പഠിക്കാനുള്ള തീവ്രാഭിലാഷം നിങ്ങളെ മുന്നോട്ടു നയിക്കുന്നു. ഓരോ ദിവസവും നാം പുതുതായി എന്തെങ്കിലും പഠിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി പഠനത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികള്‍ സ്കൂളുകളില്‍ നിന്ന് പഠിക്കുന്നു. പക്ഷേ മറ്റുള്ളവരുടെ കാര്യമോ? ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള പഠനം ഈ സാഹചര്യത്തില്‍ എളുപ്പത്തില്‍ നിങ്ങളുടെ പരിഹാരമാര്‍ഗമാകുന്നു.

ഓണ്‍ലൈന്‍ എന്നാല്‍?

പല രീതികളിലുണ്ട് പഠനം. ഓണ്‍ലൈന്‍ പഠനം, ഓഫ്ലൈന്‍ പഠനം, വിദൂരവിദ്യാഭ്യാസം, ഇ-ലേണിംഗ്... പരമ്പരാഗത ക്ലാസ്മുറികളെ ഇന്ന് 'ഓഫ്ലൈന്‍' എന്നാണ് വിളിക്കുക. ഓണ്‍ലൈനിലൂടെ നാം അധ്യയനം സ്വീകരിക്കുമ്പോള്‍ അത് 'ഓണ്‍ലൈന്‍ മാധ്യമ വിദ്യാഭ്യാസ'മാകുന്നു. വിവിധകാരണങ്ങളാല്‍ ക്ലാസ്മുറികളില്‍ എത്തിച്ചേരാന്‍ ആകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോളേജുകള്‍ ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഗ്ദാനം ചെയ്യുന്നു. ഇതു പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുമുണ്ട്. ഇന്ന് സ്കൂളുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ പരിശീലനരീതി ഉപയോഗപ്രദമാക്കുന്നു.

ഓണ്‍ലൈന്‍ പഠനത്തിന് ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമമാകുന്നു. ഇന്ന് ആര്‍ക്കും അനായാസം ഏതു കോഴ്സിനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എന്‍റോള്‍ ചെയ്യാം. ലോകത്തില്‍ എവിടെനിന്നും നിങ്ങള്‍ക്ക് ഏതു കോഴ്സിനും ചേരാം. ഓണ്‍ലൈന്‍ കണക്ഷന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ ദേശകാലഭേദമില്ലാതെ ആശയവിനിമയം സാധ്യമാക്കുന്നു.

യാത്രാസമയം ലാഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രത്യേക അനുഗ്രഹമത്രെ. ഓണ്‍ലൈന്‍ കോഴ്സുകളില്‍ അധ്യാപകനും വിദ്യാര്‍ത്ഥിക്കും അവര്‍ക്കിരുവര്‍ക്കും സൗകര്യപ്രദമായ സമയങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ ആശയവിനിമയം നടത്താം. ഓണ്‍ലൈന്‍ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്തുവയ്ക്കാനും പൂര്‍ണമായി ഗ്രഹിക്കും വരെ എത്ര തവണ വേണമെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്യുവാനുമുള്ള സൗകര്യവുമുണ്ട്.

കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയ പലരുണ്ട്. അവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉത്തമമാര്‍ഗമാണ്. ജോലിചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അവസരങ്ങളുണ്ട്. കോവിഡ് വ്യാപനത്തില്‍ കോളേജുകളും സ്കൂളുകളും ഏറെക്കാലം അടഞ്ഞുകിടന്നപ്പോള്‍ സഹായത്തിനെത്തിയത് ഓണ്‍ക്ലാസുകളാണെന്ന് ഓര്‍ക്കുക.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം

ഇലക്ട്രോണിക് മാധ്യമത്തിലൂടെ നടത്തപ്പെടുന്ന വിദ്യാഭ്യാസമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ക്ലാസുകള്‍ ഓണ്‍ലൈനായി സ്വീകരിക്കവേ ഒരാള്‍ പല കാര്യങ്ങള്‍ പഠിക്കുന്നു. അവര്‍ വിവിധ പഠന ഉപകരണങ്ങള്‍ പരിചയപ്പെടുന്നു. അതില്‍ ഏതാണ് തനിക്കു ഗുണകരം എന്ന് മനസ്സിലാക്കുന്നു. പഠനം അനായാസമാക്കാന്‍ ആവശ്യമെങ്കില്‍ ഭാഷയും കയ്യെഴുത്തും മറ്റും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഓഫ്ലൈന്‍ ക്ലാസുകളെക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്‍റെ സേവനം ലഭിക്കാന്‍ അവസരം കൂടുതല്‍ ലഭിക്കുന്നു. അവിടെ വിദ്യാര്‍ത്ഥികള്‍ കുറവാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും അവിടെ അകലെയാണ്. പക്ഷേ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരസ്പരം ബന്ധപ്പെടാം.

വിദൂരവിദ്യാഭ്യാസം രൂപംകൊണ്ടതെങ്ങനെ?

കോവിഡ് വിദ്യാഭ്യാസമാണ് വിദൂരവിദ്യാഭ്യാസത്തെ ജനകീയമാക്കിയത്. പ്രശസ്തമായ പല പോര്‍ട്ടലുകളും ഇന്ന് ഈ രംഗത്ത് സജീവമാണ്. പുതിയതായി പലരും വന്നുകൊണ്ടിരിക്കുന്നു.

ആളുകള്‍ അത് ആസ്വദിക്കുന്നു. അതൊരു പുതിയ അധ്യയനരീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍. പലരും ആ തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. പലരും അതില്‍ അതീവഗ്രാഹ്യമുള്ളവരായിക്കഴിഞ്ഞിരിക്കുന്നു.

നിങ്ങള്‍ നല്കുന്ന വിദ്യാഭ്യാസാന്തരീക്ഷവുമായി നിങ്ങളുടെ കുട്ടികള്‍ക്ക് പാരസ്പര്യമുണ്ടാകേണ്ടതുണ്ട്. അത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുനല്കുന്നു. ഈ 'ബ്രാന്‍ഡ് ന്യൂ ഇന്‍ഡസ്ട്രി' ലോകമെങ്ങും സ്വീകാര്യമായിക്കഴിഞ്ഞു. അത് അതിവേഗം സ്വഭാവികവിദ്യാഭ്യാസരീതിയായി അംഗീകരിക്കപ്പെട്ടു വരുന്നു. അനുദിനം അതിന്‍റെ ജനകീയത ഉയരുന്നു.

ഇ - എഡ്യുക്കേഷനില്‍ ഗവണ്‍മെന്‍റ് സംഭാവനകള്‍

ഹൈസ്കൂള്‍ തലംമുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലംവരെ ഓണ്‍ലൈന്‍ക്ലാസുകള്‍ വാഗ്ദാനം ചെയ്യുന്ന സമഗ്രമായൊരു പ്ലാറ്റ്ഫോമാണ് SWAYAM.. രാജ്യത്തെങ്ങും മുഴുവന്‍ സമയവും ഉന്നതഗുണമേന്മയുള്ള 32 വിദ്യാഭ്യാസചാനലുകള്‍ 'ഡയറക്ട് ടു ഹോം' (DTH) പ്ലാറ്റ്ഫോമില്‍ നല്‍കുന്നു SWAYAM Probha.

ഏതു കോഴ്സുകളുടെയും അധ്യയന ഉള്ളടക്കത്തിലേക്ക് ഏകജാലകത്തിലൂടെ പ്രവേശിക്കാവുന്ന നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ(NDL) - യില്‍ മൂന്നുകോടി ഡിജിറ്റല്‍ മെറ്റീരിയലുകള്‍ ഇന്ന് ലഭ്യമാണ്.

Spoken Tutorial, Free and Open Source Software for Education, Virtual Lab, e-Yantra എന്നിവ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ചില ഗവണ്‍മെന്‍റു സംരംഭങ്ങളാണ്.

എത്രമാത്രം ആശ്രയിക്കാം

സ്വയം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും സ്വയം നിയന്ത്രണവും ഇല്ലാത്തവര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പിന്‍തള്ളപ്പെട്ടേക്കാം. അധ്യാപകനോ സഹപാഠിയോ അടുത്തില്ലാത്തത് ചിലരില്‍ ഏകാന്തത ഉളവാക്കിയേക്കാം. ചിലരില്‍ അത് വിഷാദ(Depression)-ത്തിന് കാരണമായേക്കാം. നിങ്ങളുടെ കംപ്യൂട്ടര്‍ അപ്ഡേറ്റ് അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പര്യാപ്തമല്ലെങ്കില്‍ അധ്യയനസാമഗ്രികള്‍ ലഭ്യമല്ലാതെ വന്നേക്കാം. ഇന്‍റര്‍നെറ്റ് ലഭ്യതയിലെ തടസ്സങ്ങളും കുറഞ്ഞ സ്പീഡും ഇന്ത്യയില്‍ ഇ-വിദ്യാഭ്യാസത്തിന് തടസ്സങ്ങളാണ്. വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ പ്രാക്ടിക്കല്‍ അസൈന്‍മെന്‍റുകളും ലാബ് അസൈന്‍മെന്‍റുകളും പൂര്‍ത്തീകരിക്കുകയെന്നത് വെല്ലുവിളിയാകും. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ വൈദ്യുതി മുടക്കം കൂടാതെ ലഭിക്കുന്നില്ല. നഗരങ്ങളില്‍ മുടക്കം അത്ര പതിവുമല്ല. അതു ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തടസ്സമാകാം.

ചുരുക്കം

ഏതു രീതി ഉപയോഗിച്ചായാലും അറിവിന് പഠനം മാത്രമാണ് മാര്‍ഗം. എന്നിരുന്നാലും വിവരസമുദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്‍റര്‍നെറ്റ് വിപുലമായ സാധ്യതകള്‍ തുറന്നുതരുന്നു. അതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഓഫ്ലൈന്‍ വിദ്യാഭ്യാസത്തെ അപേക്ഷിച്ച് മുന്നിലെന്ന വാദം ഇന്നും ഇനി മുന്നോട്ടും നമുക്ക് അംഗീകരിക്കേണ്ടിവരും.

പരിഭാഷ: ടോം മാത്യു

You can share this post!

തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്‍

സമരസമിതി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts