ജൈവകണങ്ങള്‍ ആണവകണങ്ങളേക്കാള്‍ നിയന്ത്രണാതീതമാണെന്ന് ലോകം അതീവനിസ്സഹായതയോടെ തിരിച്ചറിഞ്ഞ രണ്ട് വര്‍ഷങ്ങളാണ് നമ്മെ കടന്നുപോയത്. എല്ലാ രാജ്യാതിര്‍ത്തികളും അടച്ചിട്ട് രാജ്യത്തിനുള്ളിലെ മനുഷ്യരെ ഏകാന്തവാസികളാകാന്‍ നിര്‍ബന്ധിതരാക്കി ഈ കാലഘട്ടം. ഏതു നിമിഷവും നമ്മുടെ ജീവിതപരിസരം ഒരു കണ്ടെയിന്‍മെന്‍റ് സോണ്‍ ആകാം എന്ന ഭയപ്പാടില്‍ ജീവിച്ച നാളുകളായിരുന്നു അവ. അക്കാലത്ത് മാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതും ക്വാറന്‍റൈന്‍, ലോക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍, കണ്ടെയിന്‍മെന്‍റ് എന്നിങ്ങനെയുള്ള ഋണാത്മകവാക്കുകള്‍ മാത്രം. ഇത്ര തീവ്രമായ വൈറസ് വ്യാപനം മനുഷ്യരാശി നേരിടുന്നത് ഇതാദ്യമായാണ്. എല്ലാ മേഖലകളെയും കോവിഡ് ബാധിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസമേഖലയാണ്.
മാനവരാശിയുടെ മുഖമുദ്ര അതിജീവനം എന്ന കലയുടെ ആചാര്യനാണ് അവന്‍ എന്നതാണ്. കുട്ടികള്‍ സ്കൂളിലെത്തുന്നതിനുപകരം, സ്കൂള്‍തന്നെ കുട്ടികളിലേക്കെത്തി. വീട്ടിലെ മുറികള്‍ ക്ലാസ്മുറികളായി. അടച്ചിട്ട ക്ലാസ്മുറികള്‍ ഓണ്‍ലൈന്‍ ആയി വീട്ടിലെത്തി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടി.വി.യോ, മൊബൈല്‍ഫോണോ ഇല്ലാത്തവര്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ ഒരു പരിഹാരം കണ്ടെത്താന്‍ വഴിതെളിഞ്ഞു. എന്നാല്‍ ഒരിക്കലും വീട്ടിലെ ക്ലാസ്മുറി സ്കൂളിലെ ക്ലാസ്മുറിക്ക് ഒരു പരിഹാരം ആവില്ലല്ലോ! കുട്ടികളുടെ പ്രതികരണം മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ പോകുന്നു. പരീക്ഷാനടത്തിപ്പ് ഫലപ്രദമായിരുന്നില്ല. കുട്ടികള്‍ക്കാവട്ടെ കൂട്ടുകാരുടെ അസാന്നിദ്ധ്യവും അവരോടൊത്തു കൂടുമ്പോള്‍ ലഭിക്കുന്ന മാനസികോല്ലാസവും നഷ്ടമായി. ഈ കെട്ടകാലത്തെ മറികടന്നത് ഇതും കടന്നുപോകും എന്ന ശുഭചിന്തയോടെയാണ്. അടച്ചിട്ട ക്ലാസ്മുറികളും ആരവമൊഴിഞ്ഞ മൈതാനവും ഒരു വശത്തു മനസ്സു മടുപ്പിക്കുന്ന കാഴ്ചകളായിരുന്നെങ്കില്‍, മറുവശത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സാങ്കേതികവിദ്യയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്തിയ നാളുകളായിരുന്നു. ഫലമോ, വരുംനാളുകളില്‍ ദീര്‍ഘകാലത്തെ അവധിദിനങ്ങളില്‍ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ സൗകര്യം ഉപയോഗപ്പെടുത്താം. എന്നാല്‍ ക്ലാസുകള്‍ വീട്ടകങ്ങളില്‍നിന്ന് സ്കൂളകങ്ങളിലേക്ക് തിരിച്ചുനടന്നപ്പോള്‍ നേഴ്സറിയും കൊച്ചുകുസൃതിയും കണ്ടിട്ടില്ലാത്ത ഒന്നാം ക്ലാസുകാരുടെയും ഒന്നും രണ്ടും ക്ലാസുകളുടെ അടിസ്ഥാനമറിയാത്ത മൂന്നാം ക്ലാസുകാരുടെയും മൂന്നും നാലും ക്ലാസുകളുടെ കുട്ടിത്തമില്ലാത്ത അഞ്ചാം ക്ലാസുകാരുടെയും പിന്നാലെ ഓടി നമ്മുടെ അധ്യാപകര്‍ തളര്‍ന്നു. എന്നിട്ടും, ക്ലാസ്മുറികളില്‍ തന്‍റെ ഇടം എവിടെയെന്നോ എങ്ങോട്ടെന്നോ അറിയാതെ നട്ടം തിരിയുന്ന ഇന്നത്തെ കുട്ടികളുടെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി, കൊറോണ അവരുടെ ജീവിതത്തില്‍ നിന്നും മായിച്ചുകളഞ്ഞ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ശീലങ്ങളുടെയും അച്ചടക്കത്തിന്‍റെയും വേലിക്കെട്ടുകളില്ലാത്ത, പ്രതികരണത്തിനു മാനദണ്ഡങ്ങളില്ലാത്ത പഠനനേട്ടങ്ങളും അടിച്ചേല്പിക്കുന്ന ലക്ഷ്യങ്ങളുമില്ലാത്ത, സര്‍വ്വസ്വതന്ത്രമായ ലോകം കുരുന്നുകള്‍ക്ക് ആസ്വദിക്കാനായത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഏതൊക്കെയോ കാരണങ്ങളാല്‍ അവരുടെ ജീവിതത്തില്‍ നിന്ന് മായിക്കപ്പെട്ട സ്കൂള്‍ദിനങ്ങളാണ്. അവര്‍ വീണ്ടും തിരിഞ്ഞുനടന്നു കയറിയത് ബുദ്ധിയില്ലായ്മയുടെ നിഷ്കളങ്കതയിലേക്കാണ്. അതുകൊണ്ട് അവര്‍ക്കിപ്പോള്‍ ചിരിക്കാതിരിക്കാനാവില്ല. ഒരിടത്ത് അടങ്ങിയിരിക്കാനാവില്ല. അവര്‍ക്ക് പരീക്ഷകളുടെ ടെന്‍ഷനില്ലായിരുന്നു. മത്സരങ്ങളിലെ ജയതോല്‍വികളും ഇല്ലായിരുന്നു.
ജീവിതത്തിലെ ചില വര്‍ഷങ്ങള്‍ മായിച്ചുകളയേണ്ടവയാണ്. ചില സംഭവങ്ങള്‍ മറന്നുകളയേണ്ടവയാണ്. ചിലത് അറിഞ്ഞിട്ടും അറിയാത്തപോലെ കടന്നുപോകേണ്ടവയാണ്. എന്ത് കവര്‍ച്ചചെയ്യപ്പെടുന്നുവെന്നല്ല, എന്ത് അവശേഷിക്കുന്നു എന്ന് ആരായുന്നിടത്താണ് അതിജീവനത്തിന്‍റെ ആദ്യചുവട്. എം. എന്‍. വിജയന്‍റെ 'ചിതയിലെ വെളിച്ചം' എന്ന പുസ്തകത്തിന്‍റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഏത് അനര്‍ത്ഥങ്ങളിലും ഒരു അര്‍ത്ഥം തെളിഞ്ഞുവരുന്നുണ്ട്.
ഫസ്റ്റ്ബെല്‍ എന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു നല്കിയ പേരായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടെടുപ്പിന്‍റെ സെക്കന്‍റ്ബെല്‍ മുഴങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്‍റെ ആരവം എമ്പാടും ഉയരുന്ന ദിനങ്ങളിലാണ് ഇത് എഴുതുന്നത്. ടാഗോറിന്‍റെ ഗീതാഞ്ജലിയിലെ പ്രശസ്തമായ പ്രാര്‍ത്ഥനപോലെ:
"എവിടെയാണ് മനസ്സ് നിര്‍ഭയമായിരിക്കുന്നത്,
ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്,
എവിടെയാണ് അറിവ് സ്വതന്ത്രമായിരിക്കുന്നത്,
എവിടെയാണ് ലോകം പ്രാദേശികതയുടെ
ഇടുങ്ങിയ ഭിത്തികളാല്‍ തുണ്ടുതുണ്ടുകളായി മുറിച്ചുമാറ്റപ്പെട്ടിട്ടില്ലാത്തത്,
എവിടെയാണ് വാക്കുകള്‍ സത്യത്തിന്‍റെ ആഴത്തില്‍ നിന്ന് നിര്‍ഗമിക്കുന്നത്,
എവിടെയാണ് ക്ഷീണിക്കാത്ത ഉദ്യമം അതിന്‍റെ ബലിഷ്ഠ ഹസ്തങ്ങളെ പരിപൂര്‍ണ്ണതയിലേക്ക് നീട്ടുന്നത്,
എവിടെയാണ് മൃതമായ യാഥാസ്ഥിതികതയുടെ മണല്‍പ്പരപ്പില്‍ സുതാര്യമായ ജ്ഞാനപ്രവാഹത്തിന്‍റെ കല്ലോലിനി വരണ്ടുപോകാത്തത്,
എവിടെയാണ് നീ മനസ്സിനെ വികാസത്തിലേക്കും സമ്യക്കായ ദര്‍ശനത്തിലേക്കും നയിക്കുന്നത്.
ആ സ്വതന്ത്രരാജ്യത്തിന്‍റെ സ്വര്‍ഗീയസാധ്യതകളിലേക്ക് എന്‍റെ പിതാവേ, നീ എന്‍റെ രാജ്യത്തെ നയിക്കണമേ!