ആശാന്‍ കളരിയും പള്ളിക്കൂടങ്ങളും ഇന്ന് ഒരു ഓര്‍മ്മ മാത്രമാണ്. എല്‍പി സ്കൂളുകള്‍ പോലും വിരളം. എല്ലാം ഹൈസ്കൂളുകളും ഹയര്‍സെക്കന്‍ഡറി സ്കൂളുമായി രൂപം മാറി. സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ പഠന രീതികളും. വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കുന്ന പല സ്കൂളുകളും, സ്മാര്‍ട്ട് ക്ലാസ് റൂം എന്ന പദ്ധതി കുറച്ചുകാലമായി ആവിഷ്കരിച്ചിട്ടുണ്ട്. ശരിയാണ് ക്ലാസ് റൂമുകളില്‍ വിഷ്വല്‍സും വീഡിയോകളും പ്രോജക്ട് ചെയ്യുകയും, ഇന്‍റര്‍നെറ്റ് സഹായത്തോടെ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കരണം നടത്തുകയും ചെയ്യുമ്പോള്‍ ക്ലാസ് മുറികള്‍ ഒന്നുകൂടെ സജീവമാകുകയും, പഠനം ഇന്‍ട്രെസ്റ്റിംഗ് ആവുകയും ചെയ്യും. അല്പം വൈകിയാണെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസുകള്‍ ആവിഷ്കരിക്കപ്പെട്ടു. അങ്ങനെ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്‍റെ നൂതന വിദ്യകള്‍ സ്വായത്തമാക്കി. ഇതെല്ലാം കോവിഡിനു മുന്‍പുള്ള കഥകള്‍. രണ്ടുവര്‍ഷത്തോളം കുട്ടികള്‍ സ്കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും അകറ്റി നിര്‍ത്തിയ - മനുഷ്യന്‍ മനുഷ്യനെ ഭയന്നിരുന്ന ആ ഭീകര നാളുകള്‍.
നിഷ്ക്രിയത്വത്തിന്‍റെ ദിനങ്ങള്‍ -"stay home, stay safe' എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍... മാസങ്ങള്‍... ഒന്നും പഴയതുപോലെ ആയില്ല. മരണത്തെ ഭയന്ന് ജീവിക്കുന്നവര്‍ക്ക്, ജീവിതമാര്‍ഗ്ഗം ഇല്ലാതായി.
പതുക്കെ "work from home'രംഗപ്രവേശം ചെയ്തു. പിന്നാലെ study from home' ഉം. തുടക്കത്തില്‍ അധ്യാപകര്‍ക്കും പകപ്പായിരുന്നു. പരമ്പരാഗതരീതിയിലുള്ള ടീച്ചിങ് ട്രെയിനിങ് മാത്രം ലഭിച്ചവര്‍ക്ക് പെട്ടെന്നൊരു ചുവടുമാറ്റം അത്ര എളുപ്പമായിരുന്നില്ല. എങ്ങനെയാണ് ഇത് സാധ്യമാവുക. ഡിജിറ്റല്‍ ഡിവൈസ്, സ്മാര്‍ട്ട് ഫോണ്‍സ്, ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഇവയെല്ലാം പദസമുച്ചയത്തിന്‍റെ ഭാഗം മാത്രമായിരുന്നിടത്തു, എത്ര പെട്ടെന്നാണ് ഇവയൊക്കെ അനിവാര്യതയായി മാറിയത്. സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പഠനോപാധികളായി മാറി. ടെക്സ്റ്റ് ബുക്കും നോട്ട് ബുക്കും വാങ്ങിക്കൊടുക്കുന്ന അതേ ലാഘവത്തോടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഇവ വാങ്ങിക്കൊടുത്തു. നിര്‍ധനരായ കുട്ടികള്‍ക്ക് അധ്യാപകര്‍, സ്കൂള്‍ അധികൃതര്‍, സംഘടനകള്‍ എന്നിവര്‍ സഹായത്തിനെത്തി. പെട്ടെന്നുതന്നെ വീടുകളിലേക്ക് ഒതുങ്ങിപ്പോയ നമ്മുടെ സമൂഹം പരിഷ്കൃ തമായി.
ആവശ്യം സൃഷ്ടിയുടെ മാതാവ് എന്ന പഴമൊഴി ആണ് ആധാരം. നിവൃത്തികേടു കൊണ്ട്, മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് മാത്രം, സംഭവിച്ച ഒന്ന്.
കോവിഡ് പൂര്‍വദിനങ്ങളിലേക്കു ഒന്ന് എത്തി നോക്കിയാല്‍ -
കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കാതിരിക്കാന്‍ ആണ് നാം പരമാവധി ശ്രമിച്ചിരുന്നത് - ആവശ്യമെങ്കില്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കും. ഫോണ്‍ സ്വന്തമായി ഉണ്ടെങ്കില്‍ പോലും, സ്കൂളിലേക്കോ, കോളേജിലേക്ക് കൊണ്ടു പോകാന്‍ അനുവാദമില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം -"Mobile phones are banned in educational institutions'. ഇമെയില്‍ ഐഡിയുടെ കാര്യമാണെങ്കിലോ? ഏകജാലകം വഴി ഓണ്‍ലൈന്‍ അഡ്മിഷനു വേണ്ടി ഇമെയില്‍ ഐഡി ക്രിയേറ്റ് ചെയ്യുക പ്രോസസിന്‍റെ ഭാഗമാണ്. എന്നാല്‍ അതിനുശേഷം ഉപയോഗത്തില്‍ ഇല്ലാത്തതിനാല്‍ ആ മെയില്‍ ഐഡി നിഷ്ക്രിയമായി പോകും.
എന്നാല്‍ കോവിഡിന്‍റെ രംഗപ്രവേശത്തോടെ കാഴ്ചകളാകേ മാറി. വിദ്യാര്‍ഥികളില്‍ കുറച്ചുപേര്‍ക്കെങ്കിലും മൊബൈല്‍ ഫോണ്‍ ഇല്ലാതിരിക്കുകയും, ഇമെയില്‍ ഐഡി ഇനാക്ടിവ് ആയിരിക്കുകയും ഒക്കെ ആണെങ്കില്‍, അവര്‍ക്ക് കാലത്തിനൊപ്പം ഓടി എത്താന്‍ കഴിയാതെയായി.
ഇ-ലേണിംഗിന്‍റെ സാധ്യതകള്‍ പലതാണ്. ക്ലാസ്സ് റൂമിലെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം ലഭിക്കുന്ന അറിവുകള്‍ കൂടാതെ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ലഭ്യമാകുന്ന അറിവും, പഠനവും, സ്റ്റുഡന്‍റ് ടീച്ചര്‍ ഇന്‍ട്രാക്ഷന്‍, ഒക്കെ ഇതിന്‍റെ അനന്ത സാധ്യതകളാണ്.
കോവിഡ് കാലത്തിന്‍റെ ചുരുക്കം ചില നേട്ടങ്ങളിലൊന്ന് അതായിരുന്നു. ഇ-ലേണിംഗ്, ഇ-റിസോ ഴ്സ്, ഗൂഗിള്‍ ക്ലാസ് റൂംസ്, വാട്സ് ആപ്പ് ഗ്രൂപ്പുകള്‍, ലേണിംഗ് ആപ്പുകള്‍, വെബ്സൈറ്റുകള്‍, സൂം മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവ എത്രപെട്ടെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും, തീര്‍ത്തും അന്യമായിരുന്ന ഈ കാര്യങ്ങള്‍ മനസ്സിലാക്കിയെടുത്തത്. നിത്യജീവിതത്തിലെ ഭാഗമായല്ല. നിത്യജീവിതമായി തന്നെ ഉപയോഗിച്ചു തുടങ്ങിയത്. ഒരുquantum leap. നമ്മെപ്പോലുള്ള സാധാരണ മനുഷ്യര്‍ പെട്ടെന്ന് പ്രബുദ്ധരായി.
സ്ലേറ്റും പുസ്തകവും കച്ചവടം ചെയ്യാനായി വാങ്ങിവച്ചവന്‍റെ കട അടച്ചുപൂട്ടി എങ്കിലും, എഡ്യൂക്കേഷന്‍ ആപ്പുകള്‍ വിപണിയിലിറക്കിയവരുടെ ശുക്രദശ ആയിരുന്നു കോവിഡ് കാലഘട്ടം. കുട്ടികള്‍ക്ക് പഠന സംബന്ധിയായി ഒരു കുറവും വരരുത് എന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ ഭാരിച്ച തുക ചെലവാക്കി ഇത്തരം ആപ്പുകള്‍ വാങ്ങി. ഒന്നും തരം തിരിച്ചറിയാനോ, വേണമോ വേണ്ടയോ എന്ന് പോലും ആലോചിച്ച് തീരുമാനിക്കാനോ പറ്റാത്ത ഒരു കെട്ടകാലം.
പക്ഷേ നമ്മള്‍ ഭയന്നതെന്താണ്? അതൊക്കെ തന്നെ സംഭവിച്ചു. മൊബൈല്‍ ഫോണിന്‍റെയും ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയുടെയും മാസ്മരിക വലയത്തില്‍ ആണ് ഇന്ന് നമ്മുടെ കുട്ടികള്‍. തിരുത്തലോ, തിരിച്ചുപോക്കോ സാദ്ധ്യമാവാത്ത വണ്ണം. അത്യാവശം ഫോണ്‍ വിളിക്കാനും, google meet ലൂടെ ക്ലാസില്‍ ജോയിന്‍ ചെയ്യാനും, ടീച്ചര്‍ അയക്കുന്ന നോട്സ് വാട്ട്സ്ആപ്പ്ല്‍ ഓപ്പണ്‍ ചെയ്യാനും, മാത്രമല്ലല്ലോ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത്.
ഇത്തരം ഗാഡ്ജററുകളുടെ ലോകത്തേക്ക് പിറന്നുവീണ അവര്‍ക്ക്, ഇതിന്‍റെയൊക്കെ അനന്ത സാധ്യതകള്‍ മനസ്സിലാക്കിയെടുക്കാന്‍ നിമിഷ നേരം മതി. ആ സാധ്യതകളൊന്നും സുരക്ഷിതമല്ലതാനും.
എല്ലാ മേഖലകളിലും എന്നതുപോലെ, വിദ്യാഭ്യാസമേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ് - ടീച്ചിങ്ങിലും ലേണിങ്ങിലും. Interactive and interdisciplinary ആണ് ഇന്നിന്റെ ആവശ്യകത. നൂതന മാര്‍ഗങ്ങള്‍ അതിനെ വളരെയേറെ പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി തുറന്നു കിട്ടുന്ന വാതായനങ്ങള്‍ മറ്റ് പലതിലേക്കും ഉള്ള ചവിട്ടുപടി കൂടിയാണ്. തെറ്റും ശരിയും ബലപ്പെടാത്ത, പുതിയ തെന്തും അറിയണമെന്നും, പരീക്ഷിക്കണം എന്നും ആഗ്രഹിക്കുന്ന ഒരു age group ന്‍റെ കൈകളിലേക്ക് വിവിധതരം ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍. ശരീര വും മനസ്സും ഒരുപോലെ മുഴുകി. മൊബൈല്‍ ഫോണിലേക്കും ലാപ്ടോപ്പിലേക്കും കണ്ണുംനട്ടിരിക്കുന്ന നമ്മുടെ കുട്ടികള്‍.
കണ്ണുയര്‍ത്തി നോക്കാന്‍ നേരമില്ല. ഒന്നും കേള്‍ക്കാന്‍ താല്‍പര്യവുമില്ല. അതൊന്നു പിടിച്ചു വാങ്ങാന്‍ ശ്രമിച്ചുനോക്കൂ. വിത്ഡ്രോവല്‍ സിംപ്റ്റംസ് കാണാം - അഡിക്ഷന്‍.
താരാശങ്കര്‍ ബാനര്‍ജി ആരോഗ്യനികേതനില്‍ പറയുന്നുണ്ട്- ആസക്തിയാണ് മരണകാരണം. എന്തിനോടുമുള്ള അമിതമായ ആഗ്രഹം നാശത്തിലേക്കുള്ള വഴിയാണ്. ഒന്നേ ചെയ്യാനുള്ളൂ. പഠനരീതി ഓഫ്ലൈന്‍ മോഡിലേക്ക് മാറിയ ഈ കാലഘട്ടത്തില്‍, e gadgets ന്‍റെ ഉപയോഗം പരിമിതപ്പെടുത്തുക. മക്കള്‍ക്ക് പഠനോപാധിയായി നല്‍കിയിരുന്ന മൊബൈല്‍ഫോണുകള്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ വയ്ക്കുക. ആവശ്യത്തിനുമാത്രം നല്‍കുക. ഒന്നോ രണ്ടോ മണിക്കൂര്‍ - നോട്സും മറ്റും എഴുതി എടുക്കാന്‍ ഉള്ള സമയം കഴിയുമ്പോള്‍ തിരികെ വാങ്ങുക. അണ്‍ലിമിറ്റഡ് വൈഫൈ എന്ന ഏര്‍പ്പാട് ലിമിറ്റഡ് ആക്കിയാല്‍ നന്ന്. ഇന്‍റര്‍നെറ്റ് ലഭ്യമാക്കാതിരിക്കുക ഒരു കണ്ടീഷനിംഗ് ആണ്. ഇത്തരം ലഘുവായ കാര്യങ്ങളെ നമുക്ക് ചെയ്യാന്‍ ഉള്ളൂ. ബാക്കി കാലത്തിന്റെ വഴി. ഒന്നിനും ആത്യന്തികമായ പരിഹാരങ്ങളില്ല. കാത്തിരുന്നു കാണുക തന്നെ.