news-details
ഫ്രാൻസിസ്കൻ വിചാര ധാര

അഞ്ചാം കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് സുല്‍ ത്താനെ സന്ദര്‍ശിച്ചതും അതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് രചിച്ച തന്‍റെ നിയമാവലിയില്‍ എങ്ങനെ സഹോദരന്മാര്‍ അക്രൈസ്ത വരുടെ ഇടയില്‍ ജീവിക്കണം എന്നുള്ളതുമാണ് നമ്മുടെ പ്രമേയം. അതിലെ ഒന്നാമത്തെ രീതിയാണ് നാം കണ്ടുവരുന്നത്. വാദപ്രതി വാദങ്ങളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെടരുത്, സഹോദരന്മാര്‍ സകല സൃഷ്ടികള്‍ക്കും ദൈവത്തെപ്രതി കീഴ്പ്പെട്ടിരിക്കണം  എന്നീ  രണ്ടു ഭാഗങ്ങളായി ഇതിനെ തിരിക്കാം. ഇതിലെ രണ്ടാമത്തെ ഭാഗമാണ് ഈ ലക്കത്തിന്‍റെ ഉള്ളടക്കം.

'സകല സൃഷ്ടികള്‍ക്കും കീഴ്പ്പെടുക'(To be subject to every creature) - In Submission  

സഹോദരന്മാര്‍ 'സകല സൃഷ്ടികള്‍ക്കും കീഴ്പ്പെടുക' (subject to every creature)എന്നതാണ് ഒന്നാമത്തെ രീതിയുടെ കാതലായ ആശയം. ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാര്‍ക്കായി അവതരിപ്പിച്ച ഈ ക്രൈസ്തവ രീതിയെ  മിഷനറി പശ്ചാത്തലത്തില്‍ കാണുന്നതിന് മുമ്പേ, ഈ 'കീഴ്പ്പെടലിന്‍റെ' രീതിക്ക് ഫ്രാന്‍സിസിന്‍റെയും സഹോദരന്മാരുടെയും, അവര്‍ അസ്സീസി മുതല്‍ ആരംഭിച്ച ജീവിതവുമായി എന്തെങ്കിലും ബന്ധവും പ്രാധാന്യവും ഉണ്ടോ എന്ന് നിരീക്ഷിക്കുന്നത് ഉചിതമായിരിക്കും. ഫ്രാന്‍സിസ്കന്‍ പണ്ഡിതന്മാരായ David Flood ഉം Hoeberichts- ഉം ഈ വാക്കിന്‍റെ ഉത്ഭവത്തെയും അതിന്‍റെ പ്രാധാന്യത്തെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്."Subditus' - submission എന്ന വാക്ക് ഫ്രാന്‍സിസിന്‍റെയും സഹോദരന്മാരുടെയും ആത്മീയതയുടെ സൂചക പദം  ആണെന്നാണ് ഇവരുടെ നിരീ ക്ഷണം. ഫ്രാന്‍സിസ്കന്‍ ജീവിതരീതിയുടെയും ആത്മീയതയുടെയും ഈ കേന്ദ്ര ആശയത്തെക്കുറിച്ചു Flood  ന്‍റെ  വിശദീകരണം ഇങ്ങനെയാണ്. 'സഹോദരന്മാര്‍ subditi omnibus'- എല്ലാത്തിനും കീഴ്പ്പെട്ടിരുന്നു. അവര്‍ മറ്റുള്ളവരുമായി ഉള്ള ബന്ധത്തില്‍ നിന്നും ഒളിച്ചോടിയവരായിരുന്നില്ല. അവര്‍ ഓര്‍ക്കേണ്ടത് അവര്‍ ആരാണെന്നതാണ്. അവര്‍ ആത്മാവിന്‍റെ പ്രതിനിധികളാണ്. ലോകത്തെ പുതിയ ജീവിത രീതിയിലേക്ക് മാറ്റി മറിക്കുന്നവര്‍, സമൂഹത്തെയും, പ്രത്യേകിച്ച് അസ്സീസിയെയും (നഗരം) ഗ്രസിച്ചിരുന്ന സ്ഥാപിത വത്കരിക്കപ്പെട്ട നാശോന്മുഖമായ രീതികളെ മാറ്റി മറിച്ചവര്‍.'

Flood -ന്‍റെ നിരീക്ഷണത്തില്‍, ഫ്രാന്‍സിസിന്‍റെ  'എല്ലാവര്‍ക്കും കീഴ്പ്പെടുന്ന' ഈ മാര്‍ഗത്തിന്‍റെ തിരഞ്ഞെടുപ്പ് തന്നെയും, അന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ നിലനിന്നിരുന്ന, സമ്പദ്ഘടനയുടെ ഉല്‍പ്പന്നമായ  'വര്‍ഗ വ്യവസ്ഥിതിയ്ക്കു'  (class system) വിരുദ്ധമായ ഒരു തിരഞ്ഞെടുപ്പാണ് എന്നതാണ്. ഫ്രാന്‍സിസിന്‍റെ കാലഘട്ടത്തെപ്പോലെ തന്നെയാണ് എല്ലാക്കാലത്തേയും സാമൂഹ്യ-സമ്പദ്വ്യവസ്ഥ,  ഏതാനും  ചില്ലറ മാറ്റങ്ങള്‍ ഒഴിച്ചാല്‍. ഒരു ചെറിയ ശതമാനം സമ്പന്നര്‍ സമ്പത്തിന്‍റെ തൊണ്ണൂറു ശതമാനവും കൈയ്യാളുന്നു എന്നത് എന്നത്തേയും യാഥാര്‍ഥ്യം ആണ്. Flood ന്‍റെ വാക്കുകളില്‍, 'സമ്പത്തിന്‍റെ (താക്കോല്‍) സ്ഥാനം കൈവരുന്നത് വര്‍ഗ്ഗത്തിന്‍റെ വിശേഷാധികാരത്തില്‍ അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയുടെ ഉത്പന്നത്തെ കൈവശത്താക്കുന്നതിലൂടെയാണ്.' അതായതു പ്രമുഖ വര്‍ഗം തന്നെ സമ്പദ്വ്യവസ്ഥ കൈയ്യാളുന്നു, അങ്ങനെ ഈ സമ്പത്തിന്‍റെ ഏകീകരണം വഴിയായി അവര്‍ വര്‍ഗവ്യവസ്ഥിതിയെ നിലനിര്‍ത്തുകയും, താഴ്ന്ന വര്‍ഗം അടിമകളായി എന്നും തുടരുകയും, അവര്‍  സമ്പത്ത് ഉത്പാദിപ്പിക്കുന്നവര്‍ (തൊഴിലാളി) മാത്രമാവുകയും എന്നാല്‍ അത് കയ്യാളുന്നവര്‍ അല്ലാതാവുകയും ചെയ്യുന്നു. (ഏതാണ്ട് മധ്യകാലം മുതല്‍ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് വരെയുള്ള  യൂറോപ്യന്‍ സാമൂഹ്യ, സാമ്പ ത്തിക പശ്ചാത്തലം ഓര്‍ക്കുക; സമാനമായി ഇന്ത്യയിലെ വര്‍ണവ്യവസ്ഥയും, സാമൂഹികമായും  സാമ്പത്തികമായും, മാനസികമായും ഉള്ള കീഴാള വര്‍ഗ്ഗത്തിന്‍റെ അടിമവത്കരണം തന്നെയായിരുന്നു). ഫ്രാന്‍സിസ്കന്‍ മുന്നേറ്റത്തിന് സാമൂഹ്യ പ്രവര്‍ ത്തോനോന്മുഖമായ  സാഹോദര്യത്തിന്‍റെ ഒരു സവിശേഷത ഉണ്ടെന്നാണ് (socially activist brotherhood) Floodഅഭിപ്രായപ്പെടുന്നത്.

Flood -നെ പോലെ തന്നെ Hoeberichts -ഉം "Subditus' എന്ന ഫ്രാന്‍സിസിന്‍റെ ദര്‍ശനത്തെ സാമൂഹ്യ സാമ്പത്തിക മാനത്തിലൂടെയാണ് വീക്ഷിക്കുന്നത്. Hoeberichts റെഗുല നോണ്‍ ബുല്ലാത്തയിലെ ഏഴാം അധ്യായത്തെയും ഇതിന്‍റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്."Ways  of  work  and  service'- 'തൊഴിലിന്‍റെയും സേവനത്തിന്‍റെയും മാര്‍ഗങ്ങള്‍' എന്നാണ് ഈ അധ്യായത്തിന്‍റെ ശീര്‍ഷകം. ഈ ദര്‍ശനത്തെ Letter  to  The  Faithful (V.47), The  Salutation  of  The  Vitues (V.16), Testament  (V.19 )  എന്നു തുടങ്ങിയ ഫ്രാന്‍സിസിന്‍റെ രേഖകളിലും കാണാനാവും. ഫ്രാന്‍സിസിന്‍റെയും സഹോദരന്മാരുടെയും 'എല്ലാത്തിനും കീഴ്പ്പെട്ടിരിക്കുക' എന്ന ദര്‍ശനത്തിന്‍റെ തിരഞ്ഞെടുപ്പിനുള്ള കാരണം തന്നെ അവര്‍ 'അസ്സീസി'യുടെ സമ്പദ്വ്യവസ്ഥയില്‍ നിന്നും അകലം പാലിക്കാന്‍ വേണ്ടിയായിരുന്നു. സൃഷ്ടിയുടെ (ഭൂമിയുടെ) വിഭവങ്ങളില്‍ നിന്നും പാവങ്ങളെയും കുഷ്ഠരോഗികളെയും അകറ്റി നിര്‍ത്തുന്ന ഈ ദുഷിച്ച വ്യവസ്ഥിതി തികച്ചും പാപകരമാണെന്ന് അവര്‍ കണ്ടു. ഈ രീതിയിലാണ് ഫ്രാന്‍സിസ്minores, subditi  എന്ന് തന്‍റെ സഹോദര്യസംഘത്തെ വിശേഷിപ്പിച്ചത് അല്ലാതെmaiores  എന്നോ domini   എന്നോ അല്ല. ഈ മൈനോറിറ്റി ആണ് ഫ്രാന്‍സിസ്കന്‍ സംഘത്തിന്‍റെ അടിസ്ഥാനവും മുഖമുദ്രയും.

അങ്ങനെ ഒരു സാമൂഹ്യ തിന്മയ്ക്കെതിരെ (Master versus  Servant -Hegel; Bourgeoisie versus prolitariat -Karl  Marx) ഉള്ള ഒരു മുന്നേറ്റം (വിപ്ലവം) മാത്രമായി(materilaistic perspective) ഫ്രാന്‍സിസിന്‍റെ മുന്നേറ്റത്തെ വ്യാഖ്യാനിച്ചാല്‍ പോലും, യൂറോപ്യന്‍ മധ്യകാല സാമൂഹ്യ ജീവിതത്തിലെ വര്‍ഗവ്യവ സ്ഥിതിയ്ക്ക് എതിരെ  ഉയര്‍ന്ന  'വൈരുധ്യാ ധിഷ്ഠിത' (രക്തരഹിതമായ) വര്‍ഗസമരത്തിന്‍റെ - സാമൂഹ്യ സമത്വ ജീവിത രീതിയുടെ ഉത്ഭവം  തീര്‍ ച്ചയായും ഫ്രാന്‍സിസിന്‍റെ എളിയ സാഹോദര്യ സംഘത്തിന്  അവകാശപ്പെട്ടതാണ്, അതിന്‍റെ Das Kapital' ആകട്ടെ "Regula non bullata'' എന്ന ഫ്രാന്‍സിസ്കന്‍ നിയമാവലിയും.Karl  Marx ന്‍റെ രീതിയില്‍ പറഞ്ഞാല്‍ നിലനിന്ന ലോകത്തെ വ്യാഖ്യാനിക്കുകയായിരുന്നില്ല, മറിച്ചു ഫ്രാന്‍സിസ് അതിനെ 'മാറ്റു'കയായിരുന്നു. ഹെഗേലും മാര്‍ക്സും നോക്കിക്കാണുന്ന ലോക-മനുഷ്യ സങ്കല്‍പം അല്ല, 'വെളിപ്പെടുത്തപ്പെട്ട'  (revealed)  എന്ന് വിശ്വസിക്കുന്ന ജൂത-ക്രൈസ്തവ-ഇസ്ലാം(Abrahamic Religions) മതങ്ങള്‍ക്കുള്ളത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം(Relationship with the Transcendence) ആണ് ലോകത്തെയും മനുഷ്യ നെയും നോക്കിക്കാണുന്ന സൂചിക, അല്ലാതെ ഭൗതികവാദം (materialism)  അല്ല അതിന്‍റെ അടി സ്ഥാനം. ദൈവം ഇവിടെ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതിപ്പെടുത്തുന്നവനല്ല (അക്കാരണത്താല്‍ Nietzsche ദൈവത്തെ 'കൊന്നു'), മറിച്ചു, ലിയോണിലെ ഐറേനിയോസ് (Irenaeus of Lyon) സമര്‍ഥിക്കുംപോലെ 'പൂര്‍ണമായും സചേതനമായ മനുഷ്യന്‍ ദൈവത്തിന്‍റെ മഹത്വമാണ്.' ('The glory of God is the human person fully alive.')

Jacques Le Goff(1924-2014) എന്ന ഫ്രഞ്ച്  (മധ്യകാല) ചരിത്ര പണ്ഡിതന്‍റെ നിരീക്ഷണത്തില്‍, ഫ്രാന്‍സിസിനു ദാരിദ്ര്യാംബികയോടുള്ള (Lady Poverty) സ്നേഹം തന്നെയും, അന്ന് അസ്സീസിയില്‍ നിലനിന്നിരുന്ന പ്രഭുത്വ-ബൂര്‍ഷ്വ-സമ്പദ്വ്യവസ്ഥ സൃഷ്ടിച്ച മൂല്യങ്ങള്‍ക്കെതിരെ  ഉള്ള എതിര്‍പ്പില്‍ നിന്നും ഉരുത്തിരിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു എന്നാണ്. ഇദ്ദേഹം ഫ്രാന്‍സിസിന്‍റെ മുന്നേറ്റത്തിലെ വ്യതിരിക്തതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നാമതായി, ഫ്രാന്‍സിസ് ഈ സംഘത്തില്‍ പടയാളികളെ (bellatores) സ്വീകരിച്ചിരുന്നില്ല. രണ്ടാമതായി, സഹോദരന്മാര്‍minores ആകണമെന്നാണ് ഫ്രാന്‍സിസിന്‍റെ നിഷ്ഠ. മൂന്നാമതായി ഇത് ഒരു സാഹോദര്യസംഘം (fraternity) ആയിരുന്നു. ഫ്രാന്‍സിസ്കന്‍ മുന്നേറ്റത്തിന്‍റെ നവീനതയെ, ഒരു പുതിയ സന്ന്യാസ രീതി എന്ന നിലയില്‍, ഇറ്റാ ലിയന്‍ പത്രപ്രവര്‍ത്തകനും ഫ്രാന്‍സിസ്കനും ആയിരുന്ന Nazareno  Fabbretii കാട്ടിത്തരുന്നുണ്ട്. പൗരാണിക ഘടനയുള്ള ബെനെഡിക്റ്ററിന്‍ സമൂഹ മാതൃകയ്ക്ക് (Monks -Majores : Brothers -Minores) വിരുദ്ധമായിരുന്നു ഫ്രാന്‍സിസിന്‍റെ മുന്നേറ്റം. എന്നാല്‍ ബെനെഡിക്റ്റിന്‍റെora  et  labora  [contemplation  and  Action  (work) എന്ന പ്രമാണ വാക്യം ഉത്സാഹത്തോടെ ഫ്രാന്‍സിസ് സ്വീകരിക്കു കയും ചെയ്തു. എന്നാല്‍ ഫ്രാന്‍സിസ് തന്‍റെ സമൂഹത്തിനു 'പര്യടനം ചെയ്യുന്ന അവസ്ഥ' - (ഉചിതമായ വാക്ക് അലഞ്ഞുതിരിയുന്ന) - (itinerant  state)  കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരു ബെനെഡിക്റ്ററിന്‍ ആബിയുടെ (Abbey) അവസ്ഥ അതിന്‍റെ കെട്ടുറപ്പും സ്ഥിരതയുമാണ് (stabilitas loci).. അതിനു നേര്‍വിപരീതമായിരുന്നു ഈ 'അലച്ചില്‍,' ഇതാകട്ടെ ഇവരെ ജനങ്ങളുമായി കൂടുതല്‍ അടുപ്പി ക്കുകയും  ചെയ്തു. ഇത് ഫലത്തില്‍ ആശ്രമ ജീവിത സമ്പ്രദായത്തിന്‍റെ (monasticism)) മാനദണ്ഡത്തെ തന്നെ അടിമുടി മാറ്റിമറിച്ചു. ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നത് (fuga mundi)- (centripetal),, ലോകത്തിലേക്ക് തിരിഞ്ഞു അതിനെ സേവിക്കലായി മാറി (centifugal)..

സന്ന്യാസിമാരുടെ വ്യക്തിപരമായ ദാരിദ്ര്യ വ്രതത്തെ സമൂലമായി അവരുടെ സമൂഹ ജീവിതത്തിലേക്കും കൂടി പരമമായ ഈ ദാരിദ്ര്യത്തെ   (absolute poverty)  ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. കാരണം ആബികളുടെ സുരക്ഷിതത്വത്തില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ക്ക് മേല്‍ക്കൂരയോ, ഭിത്തിയോ, കിടക്കയോ, സ്ഥിരമായ തൊഴിലോ ഇല്ലായിരുന്നു. ഇതാണ് ഫ്രാന്‍സിസിന്‍റെ നവീനത.

എന്നാല്‍ Thaddée Matura എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍റെ നിരീക്ഷണം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ 'സഹോദരന്മാരുടെ, തങ്ങള്‍ 'പ്രയോജനരഹിതരായ ദാസന്മാര്‍' എന്ന നിലയിലുള്ള കര്‍ത്തവ്യത്തിന്‍റെ ഊന്നല്‍, ദൈവത്തെപ്രതി എല്ലാ സൃഷ്ടികള്‍ക്കും കീഴ്പ്പെടുക എന്ന രീതിയുടെ ആവശ്യകത -അതും അവിശ്വാസികളായ മുസ്ലിംകളെക്കുറിച്ചുള്ള ഒരു രേഖയിലെ ചര്‍ച്ചയില്‍- ബോധ്യപ്പെടുത്തുന്നത് തന്നെ, സഹോദരന്മാരുടെ ഈ പദ്ധതിയും (ദര്‍ശ നവും), ഇന്നത്തെ (സാമൂഹ്യ) മാനദണ്ഡം അനുസരിച്ചുള്ള ഒരു 'പ്രതിഷേധം' ആയോ 'വിപ്ലവ' രീതിയായോ മനസ്സിലാക്കാനാവില്ല എന്നാണ്.' ഫ്രാന്‍സിസിന്‍റെ ജീവിതശൈലിയുടെ ആധാരം സുവിശേ ഷാധിഷ്ഠിതമാണ്. ഫ്രാന്‍സിസ് എല്ലാവര്‍ക്കും കീഴ്പ്പെടുന്ന ഈ മാര്‍ഗം സ്വീകരിച്ചത് അന്നത്തെ സാമൂഹ്യജീവിതത്തിന്‍റെ ദുഷിപ്പുകള്‍ക്കോ മറ്റെന്തെങ്കിലിനുമോ എതിരായല്ല, മറിച്ചു ക്രിസ്തുവിന്‍റെ സുവിശേഷത്തിലൂടെ വെളിപ്പെടുത്തപ്പെട്ട  ദൈവത്തിലേക്കുള്ള ഒരു കാല്‍വെപ്പായാണ്.

ഫ്രാന്‍സിസിന്‍റെ ജീവിതത്തിന്‍റെ സൗന്ദര്യം എന്നത് 'തുടര്‍ച്ചയുടെ' (continuity) സൗന്ദര്യമാണ്. മിഷനറി പശ്ചാത്തലത്തില്‍ ഏതോ ഒരു പുതിയ രീതിയോ 'തന്ത്രമോ' മെനയുകയല്ല, മറിച്ചു ക്രിസ്തുവിന്‍റെ താഴ്മയുടെ മഹനീയമായ മാതൃ കയുടെ നേര്‍സാക്ഷ്യവും  പ്രയോഗവുമായിരുന്നു എന്നും എപ്പോഴും ഫ്രാന്‍സിസിന്‍റേത്. അതായത് ഇത് ഫ്രാന്‍സിസിന്‍റെ ക്രിസ്തുദര്‍ശനത്തിന്‍റെ കാതലായിരുന്നു. ഫ്രാന്‍സിസിന്‍റെ ഈ കീഴ്പ്പെടല്‍ (submission), എനിക്ക് തോന്നുന്നു റോമിലെ പാപ്പയ്ക്ക് മുമ്പിലും, ഈജിപ്തിലെ സുല്‍ത്താന്‍റെ മുമ്പിലും ഒന്നുതന്നെ ആയിരുന്നു; എന്തിന് ഒരു കുഷ്ഠരോഗിയുടെ മുമ്പിലും ഇതേ മനോഭാവമായി രിക്കണം ഫ്രാന്‍സിസിന്. അതായതു തന്‍റെ മുമ്പി ലുള്ളവരുടെ (കല്പിച്ചു നല്‍കിയിട്ടുള്ള) നിലയും വിലയും അല്ല ഫ്രാന്‍സിസിന്‍റെ മാനദണ്ഡം, മറിച്ചു കര്‍ത്താവിന്‍റെ എളിമയുടെ മാതൃകയാണ് താന്‍ മറ്റുള്ളവരോട് പുലര്‍ത്തേണ്ട രീതി എന്ന് രത്നച്ചു രുക്കം. അധികാരത്തോടുള്ള ഭയഭക്തി എന്നല്ല, മറിച്ച് ആരോടും എപ്പോഴും പുലര്‍ത്തേണ്ട താഴ്മയുടെ രീതി എന്നാണ് അതിനെ കാണേണ്ടത്. സാഹോദര്യം സമഭാവനയാണെങ്കില്‍, ഫ്രാന്‍സിസ് അതിലും 'താഴ്ന്ന്' സര്‍വ്വര്‍ക്കും ദൈവത്തെപ്രതി കീഴ്പ്പെടുകയാണ്. അത് എല്ലാകാലത്തേയ്ക്കും നവമായ സുവിശേഷമാണ് താനും. ഈ തുടര്‍ ച്ചയാണ് ഇന്നിന്‍റെ ഫ്രാന്‍സിസ്കന്‍ സൗന്ദര്യവും.

 

(തുടരും)

You can share this post!

'ഒരു ചെറിയ കഷ്ണം'

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts