news-details
ഫ്രാൻസിസ്കൻ വിചാര ധാര

'ഒരു ചെറിയ കഷ്ണം'

ഇത് ആഗസ്റ്റ് മാസമാണ്. ഫ്രാന്‍സിസ്കന്‍ അരൂപിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഒരുപാട് പ്രത്യേകതകള്‍ ഉള്ള കാലം. ആഗസ്റ്റ് 15 മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും നമ്മുടെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും. ആഗസ്റ്റ് 11, 14 വി. ക്ലാരയുടെയും വി. മാക്സിമില്യന്‍ കോള്‍ബെയുടെയും തിരുനാളുകളാണ്. ആഗസ്റ്റ് രണ്ട് പോര്‍സ്യുങ്കുളായിലെ തിരുനാളാണ്. ഇതിന്‍റെ പിന്നിലെ സംഭവം ഇപ്രകാരമാണ്. ഒരു സ്വപ്നത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ പോര്‍സ്യുങ്കുളായിലേക്ക് വരുന്ന ആര്‍ക്കും, പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് പ്രായശ്ചിത്തം ചെയ്യുന്ന ആര്‍ക്കും ദണ്ഡവിമോചനം ലഭിക്കും എന്ന് യേശു, ഫ്രാന്‍സിസിന് വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍, മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്‍റെ ഈ പള്ളിയില്‍ ഏതൊരു വ്യക്തി എപ്പോള്‍ വന്നാലും പരിശുദ്ധ സിംഹാസനം ഈ ദണ്ഡവിമോചനം  അനുവദിക്കണമെന്ന് ഫ്രാന്‍സിസ്, പരിശുദ്ധ ഹോണോറിയൂസ് മൂന്നാമന്‍ പാപ്പായോട് അപേക്ഷിച്ചു. എന്നാല്‍ ഇപ്രകാരം ഒന്ന് അനുവദിച്ചാല്‍ വിശുദ്ധ നാടിനുവേണ്ടി കുരിശുയുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പാപപ്പൊറുതിക്ക് മങ്ങല്‍ ഏല്ക്കാം എന്നായിരുന്നു കാര്‍ഡിനല്‍മാരുടെ പക്ഷം. പോര്‍സ്യുങ്കുളായുടെ കൂദാശ ദിനമായ ആഗസ്റ്റ് രണ്ടിന്, അവിടെ വരുന്നവര്‍ക്കായി ഈ ദണ്ഡവിമോചനം 1216ല്‍ പ്രാബല്യത്തില്‍ വന്നു. ആഗസ്റ്റ് രണ്ടിലെ ഈ തിരുനാള്‍ പോര്‍സ്യുങ്കുളായിലെ ദണ്ഡവിമോചനം എന്നും അസ്സീസിയിലെ പാപപ്പൊറുതി എന്നും അറിയപ്പെടുന്നു.

മധ്യനൂറ്റാണ്ടുകളില്‍, പ്രായശ്ചിത്ത പ്രവൃത്തികളായി കരുതിപ്പോന്നിരുന്ന പല കാര്യങ്ങളും ഉണ്ടായിരുന്നു. രോഗികളെയും അശരണരെയും സഹായിക്കുക, വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുക, ദൈവാലയങ്ങള്‍ പുതുക്കിപ്പണിയുക എന്നിങ്ങനെ... ഫ്രാന്‍സിസ് തന്‍റെ കൂടെയുള്ള ആദ്യകാലസഹോദരരോടൊപ്പം നവീകരിച്ച ഒരു ദൈവാലയമായിരുന്നു ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന പോര്‍സ്യുങ്കുള. സാന്‍ഡാമിയാനോ ദേവാലയവും വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള ഒരു ദൈവാലയവും എളിയ സഹോദരര്‍ പുതുക്കി നിര്‍മ്മിച്ചതായി, ഫ്രാന്‍സിസിന്‍റെ ജീവചരിത്രരചയിതാക്കാള്‍ അറിയിക്കുന്നു.

ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച ഫ്രാന്‍സിസിന്‍റെ കൂടെ അനേകം സഹോദരര്‍ എല്ലാം ഉപേക്ഷിച്ചു ചേര്‍ന്നു. എളിയ സഹോദരര്‍ ചേര്‍ന്ന് ഭ്രാതൃത്വം രൂപംകൊണ്ടു. ഇവര്‍ക്കായി അക്കാലത്തെ ബനഡിക്ടൈന്‍ സഹോദരരില്‍ നിന്ന് ലഭിച്ച പള്ളിയും സ്ഥലവുമായിരുന്നു പോര്‍സ്യുങ്കുള. ഒന്‍പതാം നൂറ്റാണ്ടിലെ ഈ പള്ളി അന്ന് ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്‍ അവര്‍ക്കു ലഭിച്ച ഈ സ്ഥലത്തിന്‍റെ നന്ദിസൂചകമായി വിശുദ്ധ ബനഡ്ക്ടിന്‍റെ തിരുനാള്‍ദിവസം ഒരു കുട്ട മീന്‍ ബനഡിക്ടൈന്‍ സഭാ സഹോദരന്മാര്‍ക്ക് കൊടുത്തുപോരുന്ന പതിവ് ഇപ്പോഴും തെറ്റാതെ തുടരുന്നു.

ഇപ്പോഴത്തെ ബൃഹത്തായ Basalica de Santa Maria degli Angeliയുടെ അകത്താണ് ദാരിദ്ര്യം, എളിമ, വിശുദ്ധി, ഭക്തി എന്നിവ നിറഞ്ഞു കവിയുന്ന പോര്‍സ്യുങ്കുളാ ദൈവാലയം നിലകൊള്ളുന്നത്. പോര്‍സ്യുങ്കുളാ പള്ളിയുടെ വിസ്തീര്‍ണ്ണം 110 ഃ 23 ചതുരശ്ര അടിയാണ്.
മൈലുകള്‍ അപ്പുറത്തുനിന്ന് വലിയ ബസലിക്കായുടെ ഡോമുകള്‍ ദൃശ്യമാണ്. അവയ്ക്ക് ഏറ്റവും മുകളിലായി പിത്തള നിര്‍മ്മിതമായ പരിശുദ്ധമറിയത്തിന്‍റെ രൂപം അതീവ സുന്ദരമാണ്. മൂന്ന് ഭാഗങ്ങളുള്ള ബസിലിക്കയില്‍ ഇരുവശങ്ങളിലായി അഞ്ചുവീതം കപ്പേളകള്‍ ഉണ്ട്. ഇരുഭാഗങ്ങളിലായി ശില്പങ്ങളും  ചിത്രരചനകളും കാണാം. ദാരിദ്ര്യാരൂപി നിറഞ്ഞുനില്‍ക്കുന്ന പോര്‍സ്യുങ്കുള ഒഴികെ ദാരിദ്ര്യത്തിന്‍റെ ഒരു ലക്ഷണവും കാണാന്‍ പ്രയാസമാണ്.

ബസിലിക്കായുടെ ഉള്ളിലെ മറ്റൊരു പ്രധാന സവിശേഷത, ഫ്രാന്‍സിസ് ദൈവസന്നിധിയിലേക്ക് യാത്രയായിടത്ത് ഉള്ള ഒരു കപ്പേളയാണ് Transitus Chapel. ഒക്ടോബര്‍ 3, 1226 ല്‍ തന്‍റെ നാല്പത്തിനാലാം വയസ്സിലായിരുന്നു ഈ സംഭവം.

ഈ എഴുതിയതല്ലാതെ ഫ്രാന്‍സിസിനും ഫ്രാന്‍സിസ്കന്‍ സഹോദരിസഹോദരര്‍ക്കും പോര്‍സ്യുങ്കുളായുമായുള്ള ബന്ധം എടുത്തുപറയുന്ന ചില പ്രധാന സംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1208 ഫെബ്രുവരി 24ന് വി. മത്തിയാസിന്‍റെ തിരുനാള്‍ ദിവസം, പോര്‍സ്യുങ്കുള ദൈവാലയത്തില്‍ വച്ചാണ് സുവിശേഷദാരിദ്ര്യത്തിലേക്കുള്ള തന്‍റെ ദൈവികവിളി ഫ്രാന്‍സിസ് തിരിച്ചറിയുന്നത്. വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം ആയിരുന്നു അന്ന് വായിച്ചത്. അതിന് അനുസൃതമായി തന്‍റെ വസ്ത്രങ്ങള്‍ ഫ്രാന്‍സിസ് മാറ്റുന്നതായി ഫ്രാന്‍സിസ്കന്‍ ചരിത്രകാരന്മാര്‍ പറയുന്നു.

1212 മാര്‍ച്ച് 18ന്, തന്‍റെ പിതൃഗൃഹം ഉപേക്ഷിച്ച് ക്ലാര സുവിശേഷാനുസൃതമായ ദാരിദ്ര്യത്തിന്‍റെ വഴിതേടി പോര്‍സ്യുങ്കുളായില്‍ എത്തുന്നു.

1217 മെയ് 5നാണ് അയ്യായിരത്തിലധികം സഹോദരര്‍ പങ്കെടുത്ത പ്രസിദ്ധമായ 'പനമ്പുസമ്മേളനം' പോര്‍സ്യുങ്കുളായില്‍ നടക്കുന്നത്. ആദ്യകാലങ്ങളില്‍  വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമായിരുന്നു സഹോദരരുടെ സമ്മേളനം. പന്തക്കുസ്തായോടും വിശുദ്ധ മിഖായേലിന്‍റെ തിരുനാളിനോടു ചേര്‍ന്നുമായിരുന്നു അത്. സഹോദരരുടെ എണ്ണവും അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളും കൂടിയപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കലായും ക്രമീകരിക്കപ്പെട്ടു.

1221, മാര്‍ച്ച് പത്തിനാണ്, അസ്സീസിയിലെ ഒരു അഭിഭാഷകനായ പീറ്റര്‍ കറ്റാനി ദൈവസന്നിധിയിലേയ്ക്ക് യാത്രയാകുന്നത്. Bernard di Quintaval le ക്കു ശേഷം ഫ്രാന്‍സിസിനോടു ചേരുന്ന സഹോദരനാണ് പീറ്റര്‍ കറ്റാനി. ഒരിക്കല്‍ ഫ്രാന്‍സിസും ആദ്യകാലസഹോദരനും പോര്‍സ്യുങ്കുളായില്‍ ഇല്ലാത്ത അവസരത്തില്‍ സഹോദരരുടെ ദാരിദ്ര്യാവസ്ഥ കണ്ട് അസ്സീസിയിലെ ജനങ്ങള്‍, വാസയോഗ്യമായ ഒരു കെട്ടിടം അവര്‍ക്കുവേണ്ടി പണികഴിപ്പിച്ചു. തിരിച്ചെത്തിയ ഫ്രാന്‍സിസ് ഈ മന്ദിരം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒട്ടും താമസിച്ചില്ല, ആ കെട്ടിടത്തിനു മുകളില്‍ കയറി മേല്‍ക്കൂര പൊളിക്കാന്‍ തുടങ്ങി! എന്നാല്‍ ആ കെട്ടിടം അസ്സീസിയിലെ നാട്ടുകാരുടെയാണെന്നും ഫ്രാന്‍സിസിന് അതിന്മേല്‍ യാതൊരു അധികാരവും ഇല്ലായെന്നും പിന്നീട് അറിയിച്ചു.

പള്ളികള്‍ പുതുക്കിപ്പണിയുക എന്നത് ഈ കാലഘട്ടത്തിന്‍റെ ഫാഷന്‍ ആണ്. വിശുദ്ധരുടെ പേരിലാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവസരം കിട്ടിയാല്‍ 'അവര്‍' പള്ളികള്‍ക്കും പള്ളിമേടകള്‍ക്കും മുകളില്‍ക്കയറി അവ പൊളിക്കാന്‍ ശ്രമിച്ചേക്കാം; വിശുദ്ധ ഗ്രന്ഥത്തിന് അനുസൃതമായ ദാരിദ്ര്യാരൂപിക്ക് ഒത്തതല്ലെങ്കില്‍!  

You can share this post!

സഹോദരന്മാരുടെ സുവിശേഷജീവിതം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts