news-details
കഥപറയുന്ന അഭ്രപാളി

ഗുഡ് ബൈ മിസ്റ്റര്‍ ചിപ്പ്സ്

ഭൂതകാലങ്ങളെ വിഷാദരഹിതമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ വിദ്യാഭ്യാസ ജീവിതം ഒരേസ മയം തന്നെ ആകര്‍ഷകവും എന്നാല്‍ അക്കാലയളവില്‍ മുഴുവന്‍ അര്‍ത്ഥത്തിലും ആസ്വദിക്കാന്‍ പറ്റാത്തതുമാണ് എന്നൊരു നിരീക്ഷണമുണ്ട്. കാല്‍പ്പനികമായതും മധുരമേറിയതുമായ ഓര്‍മ്മകളില്‍ അക്കാലഘട്ടത്തെ തളച്ചിടുകയും അഭിരമിക്കുകയും ചെയ്യുമ്പോഴാണ് അക്കാലഘട്ടങ്ങള്‍ അതീവ സുന്ദരമാകുന്നതെന്ന് കാണാന്‍ കഴിയും. ഇക്കാലങ്ങളില്‍ സജീവമായി കാണാന്‍ കഴിയുന്ന സഹപാഠി കൂട്ടായ്മകള്‍ പഠനകാലഘട്ടത്തിന്‍റെ സുന്ദരവും അസുന്ദരവുമായ തുറന്നുപറച്ചിലുകളുടെയും തുന്നിച്ചേര്‍ക്കലുകളുടെയും അദ്ധ്യായങ്ങളാണെന്ന് കാണാന്‍ കഴിയും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പോലെ ബാധകമായിട്ടുള്ളതാണ് ഈ ഓര്‍മ്മകള്‍. വിദ്യാര്‍ത്ഥികളുടെ ജീവിതത്തേക്കാള്‍ അധികദൈര്‍ഘ്യമുള്ളതും കുറേക്കൂടി വിശാലമായതും സാമൂഹിക ഇടപെടലുകള്‍ക്ക് സ്വാതന്ത്ര്യമേറിയതും അനുദിനം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് അദ്ധ്യാപകരുടെ ജീവിതങ്ങള്‍. വിദ്യാര്‍ത്ഥികളുടേത് ഈ രീതികളോട് അത്ര സമാനമല്ല. പഠിപ്പിക്കുക എന്ന ഉത്തരവാ ദിത്തം പഠിക്കുക എന്ന ഉത്തരവാദിത്തത്തെ സമാനമാക്കുന്ന സാഹചര്യത്തിലേ അത് സാധ്യമാകൂ എന്ന് കരുതേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിന്നുകൊണ്ട്  പോലും ഓര്‍മ്മകളെ പുഞ്ചിരിയോടെ വീക്ഷിക്കുന്ന ധാരാളം വ്യക്തികളുണ്ട്. വിഭിന്നവും സമ്മിശ്രവുമായ ജീവിതപരിസരങ്ങളെ ഓര്‍മ്മകള്‍ കൊണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഒരു അദ്ധ്യാപകന്‍റെ കഥ പറയുന്ന ചലച്ചിത്രമാണ് 1939-ല്‍ പുറത്തിറങ്ങിയ  ഗുഡ് ബൈ മിസ്റ്റര്‍. ചിപ്പ്സ് എന്ന ഇംഗ്ലീഷ് സിനിമ.

ഓരോ മികച്ച അദ്ധ്യാപകരും തങ്ങളുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന ചില നിഷ്ഠകളുണ്ട്. ചാള്‍സ് എഡ്വാര്‍ഡ് ചിപ്പിങ്ങ് എന്ന അദ്ധ്യാപകനെ സംബന്ധിച്ച് അയാള്‍ തന്‍റെ അദ്ധ്യാപന ജീവിത ത്തിലെ ഒരു വര്‍ഷം പോലും സ്കൂള്‍ ആരംഭദിനം നഷ്ടമാക്കിയിട്ടില്ലെന്നതായിരുന്നു പ്രത്യേകത. എന്നാല്‍ അസുഖബാധിതനായി സ്കൂള്‍ ആരംഭ ദിനത്തില്‍ അസന്നിഹിതനാകേണ്ട സാഹചര്യം തന്‍റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ മാത്രമാണ് അയാള്‍ പിന്നിട്ട തന്‍റെ അദ്ധ്യാപന ജീവിതത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതുതന്നെ.

25 വയസ് പ്രായമുള്ളപ്പോഴാണ് ചാള്‍സ് ഒരു ലത്തീന്‍ ഭാഷാ അദ്ധ്യാപകനായി സ്കൂളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യമൊക്കെ ഏതൊക്കെയോ മുന്‍ധാരണകളനുസരിച്ചായിരുന്നു അയാളുടെ അദ്ധ്യാപനം. അതിഗൗരവരീതിയിലുള്ള അയാളുടെ ശൈലി കുട്ടികളില്‍ അയാളോട് ബഹുമാനം ഉണ്ടാക്കിയെങ്കിലും കുട്ടികളുടെ സ്നേഹം പിടിച്ചുപറ്റാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ചാള്‍സ് ഓര്‍ത്തെടുക്കുന്നു. അക്കാദമികമായ ഉന്നതിക്കപ്പുറം തനിക്ക് സ്വാഭാവികമായി വന്നു ചേരേണ്ട ചില സ്ഥാനങ്ങള്‍ പോലും 20 വര്‍ഷത്തെ സേവനകാലയളവില്‍ തനിക്ക് ലഭിച്ചിട്ടില്ല എന്ന ചിന്ത ചാള്‍സിനെ ചിലപ്പോഴൊക്കെ അലട്ടുകയും വിഷാദവാനാക്കുകയും ചെയ്തുകൊണ്ടിരുന്നു. സുഹൃത്തിന്‍റെ ക്ഷണപ്രകാരം മലകയറുന്നതിനായി പോയപ്പോള്‍  ചാള്‍സ് അവിടെവെച്ചു കണ്ട കാത്തി എന്ന പെണ്‍ കുട്ടിയില്‍ അനുരക്തനാകുകയും പിന്നീട് അവളെ വിവാഹം ചെയ്യുകയും ചെയ്തു. ചാള്‍സിന്‍റെ ജീവിതത്തിലേക്കുള്ള കാത്തിയുടെ വരവ് അയാളുടെ ജീവിതത്തെയും അതിന്‍റെ പരിസരങ്ങളെയും അപ്പാടെ മാറ്റി മറിച്ചു.

എന്നാല്‍ വളരെ ചെറുതായിരുന്നു അവരുടെ ജീവിതം. ഗര്‍ഭിണിയായിരുന്ന കാത്തി കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട ക്ലേശങ്ങളാല്‍ അകാലത്തില്‍ മരണപ്പെടുകയാണുണ്ടായത്. കുഞ്ഞും കാത്തിയോടൊപ്പം മരണപ്പെട്ടു. കാത്തി മരണപ്പെ ട്ടെങ്കിലും അവള്‍ അവശേഷിപ്പിച്ചുപോയ ചൈതന്യവും പ്രസരിപ്പും നന്‍മകളുമെല്ലാം ചാള്‍സിന്‍റെ അദ്ധ്യാപനജീവിതത്തിന് കരുത്തുകൂട്ടുകയാണുണ്ടായത്. അയാള്‍ തന്‍റെ പഴയ രീതികളെല്ലാം ഉപേക്ഷിക്കുകയും വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ ത്തകരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വിരമിക്കലിന് കാക്കേണ്ടതില്ല, നൂറു വയസ്സുവരെ സ്കൂളിലെ അദ്ധ്യാപകനായി ചാള്‍സ് തുടരേണ്ടതുണ്ട് എന്നുവരെ ആളുകള്‍ അയാളെ പ്രശംസിച്ചു. കാത്തിയുടെ പ്രവചനം പോലെ ചാള്‍സ് പ്രഥമാദ്ധ്യാപകനായി മാറുകയും 1914 വരെ സേവനത്തില്‍ തുടരുകയും ചെയ്തു. 1914-ല്‍ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ആരംഭ ഫലമെന്നോണം അദ്ധ്യാപകരിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി 1918 വരെ ചാള്‍സ് ഇടക്കാല പ്രഥമാദ്ധ്യാപകനായി തുടര്‍ന്നും സേവനം ചെയ്തു.

തന്‍റെ മരണക്കിടക്കക്കരുകില്‍ ഒരു അദ്ധ്യാപകന്‍ എന്ന നിലയിലുള്ള തന്‍റെ പ്രവര്‍ത്തനങ്ങളെ സുഹൃത്തുക്കള്‍ വിലയിരുത്തുകയും തന്‍റെ സേവനങ്ങളെ സ്മരിക്കുകയും ചെയ്യുന്നത് അയാള്‍ കേള്‍ക്കുകയുണ്ടായി. എല്ലാവര്‍ക്കും പറയാനുണ്ടായി രുന്നത് ചാള്‍സിന് ജനിക്കാതെ പോയ കുഞ്ഞിനെപ്പറ്റിയായിരുന്നു, ഒരു കുട്ടിയെ വളര്‍ത്താന്‍ സാധിക്കാതെ പോയ നഷ്ടത്തെക്കുറിച്ചായിരുന്നു. എന്നാല്‍ ചാള്‍സ് അവരുടെ ധാരണകളെ തിരുത്തിയത് തനിക്ക് പിറന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെക്കുറിച്ച് സ്മരിച്ചുകൊണ്ടായിരുന്നു.

വെറുതെയൊന്ന് പരാമര്‍ശിച്ചുപോകുന്നതേയുള്ളെങ്കിലും ഒന്നാം ലോകമഹായുദ്ധം, യുദ്ധസന്നി വേശിതരായ രാജ്യങ്ങളിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ സൃഷ്ടിച്ച മുരടിപ്പും, അപചയവും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ചിത്രത്തിലെ സംഭാഷണസൂചകങ്ങള്‍ വിവിധ യുദ്ധങ്ങളെക്കുറിച്ചും യുദ്ധ ഉടമ്പടികളെപ്പറ്റിയുമൊക്കെ യുള്ള അര്‍ത്ഥപൂര്‍ണ്ണമായ സൂചനകള്‍ സന്നിവേശിപ്പിച്ചിട്ടുണ്ട് എന്ന് കാണാം. ചെറുതും വലുതുമായ എല്ലാ പടകളും അന്തിമമായി അവശേഷിപ്പിക്കുന്നത് സംസ്കൃതിയുടെ വികലമായ ബാക്കികളാണ് എന്ന് ഈ സിനിമയും വരച്ചിടുന്നുണ്ട്.

1939-ലെ ഓസ്കാര്‍ അവാര്‍ഡില്‍ വിക്ടര്‍ ഫ്ലെമിങ്ങിന്‍റെ ലോകോത്തര പ്രണയചിത്രമായ ഗോണ്‍ വിത്ത് ദി വിന്‍റ്-മായി മല്‍സരിക്കേണ്ട സാഹചര്യവും ഈ ചിത്രത്തിനുണ്ടായി. അക്കാദമി അവാര്‍ഡില്‍ പുതുചരിത്രം രചിച്ച് ഗോണ്‍ വിത്ത് ദി വിന്‍റ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍, മിസ്റ്റര്‍ ചിപ്പിങ്ങ് ആയി വെള്ളിത്തിരയില്‍ അനിതരസാധാര ണമായ അഭിനയമുഹൂര്‍ത്തം കാഴ്ചവെച്ച് റോബര്‍ട്ട് ഡോനാട്ട് മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഗോണ്‍ വിത്ത് ദി വിന്‍റ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകാന്ത്യത്തില്‍ വലിയവിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും വിവിധ പ്രദര്‍ശനയിടങ്ങളില്‍ നിന്നും  പിന്‍വലിക്കപ്പെടുകയും ചെയ്തപ്പോഴും ഗുഡ്ബൈ, മിസ്റ്റര്‍ ചിപ്സ് എന്ന ചലച്ചിത്രം ലോക ക്ലാസിക്കായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് ചിത്രത്തിന്‍റെ കാലാതീതമായ പ്രസക്തിയെ വെളിവാക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല, ഗോണ്‍ വിത്ത് ദി വിന്‍റ്- ന്‍റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഗുഡ്ബൈ മിസ്റ്റര്‍ ചിപ്സ്-ന്‍റെ സംവിധായകനായ സാം വുഡ് ആണെന്നും പറയപ്പെടുന്നുണ്ട്.

അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ കഥ പറയുന്നതും, പിന്നീട് പുറത്തിറങ്ങിയതുമായ എല്ലാ ലോകസിനിമകളുടെയും തലതൊട്ടപ്പനായാണ് ഈ ചലച്ചിത്രം കണക്കാക്കുന്നത്. റോബര്‍ട്ട് ഡോനാട്ടിനെ കൂടാതെ ഏഴുതവണ ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിക്കുകയും പിന്നീട് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അഭിനേത്രിയുമായ ഗ്രിയര്‍ ഗാര്‍സണ്‍, പോള്‍ ഹെന്‍റീഡ്, ടെറി കില്‍ബേണ്‍, ജോണ്‍ മില്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിന യിച്ചിട്ടുണ്ട്.

ഗുഡ്ബൈ മിസ്റ്റര്‍ ചിപ്സ് എന്ന ചലച്ചിത്രം സ്നേഹത്തിന്‍റെ ഭാഷ സംസാരിക്കുന്നതുകൊ ണ്ടാണ് അനശ്വരമാകുന്നതും, കാലാതീതമാകു ന്നതും. ചാള്‍സിന്‍റെയും കാത്തിയുടെയും സ്നേഹത്തേക്കാളുപരി ഒരദ്ധ്യാപകനും തന്‍റെ വിദ്യാര്‍ത്ഥികളുമായി ഉടലെടുക്കുന്ന അപരിമിതമായ സ്നേഹബന്ധത്തിന്‍റെ കഥ കൂടിയാണ് ഈ ചലച്ചിത്രം. ഗുരു-ശിഷ്യ ബന്ധങ്ങള്‍ ഉറവെടുക്കുകയും ചിത്രത്തിലേതുപോലെ വേരോടുകയും നിലനില്‍ ക്കുകയും ചെയ്യണമെന്ന ആഗ്രഹം എല്ലാവരിലും ഒരേപോലെ ഉണര്‍ത്തുന്നു എന്നതും ചിത്രത്തെ മനോഹരമാക്കുന്നു. കെട്ടകാലത്തെ ശിഥില-അനാരോഗ്യ ഗുരു-ശിഷ്യ ശീലങ്ങളില്‍ നിന്നും പുറത്തുകടക്കാനും വിമലീകരിക്കാനും വ്യക്തികളെ പ്രാപ്തരാക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഈ ചിത്രത്തിന്‍റെ വിലമതിക്കാനാകാത്ത മൂല്യവും.

You can share this post!

ആത്മാക്കള്‍ വലക്കണ്ണികളില്‍ കുടുങ്ങുന്ന ഇടങ്ങള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts