news-details
കവർ സ്റ്റോറി

മാറുന്ന ഭക്ഷണശീലം മാറുന്ന സംസ്കാരം

കേരളത്തിലെന്നല്ല ലോകത്തുതന്നെയും പ്രചാരം നേടിയ ഒരു ആരോഗ്യസന്ദേശമാണ് 'An apple a day keeps doctor away.' ഇന്നത്തെ യുവതലമുറ പ്രൈമറിക്ലാസ്സിലേ ഇതു കേട്ടുവളര്‍ന്നവരാണ്. ചക്കയേക്കാളും മാങ്ങയേക്കാളും പപ്പായയേക്കാളും അവര്‍ക്കു പ്രിയം ആപ്പിളിനോടാകുന്നതില്‍ അത്ഭുതമില്ല. വ്യത്യസ്ത വലുപ്പത്തിലും നിറത്തിലും നമ്മുടെ മാര്‍ക്കറ്റില്‍ നിറഞ്ഞിരിക്കുന്ന ആപ്പിളുകള്‍ കണ്ടാല്‍ ആരും വാങ്ങിപ്പോകും. ഇപ്പോള്‍ ഇന്ത്യന്‍ ആപ്പിള്‍ മാത്രമല്ല ഇവിടെ ലഭിക്കുന്നത്. അതിനേക്കാളധികം ആപ്പിള്‍ അമേരിക്കയില്‍നിന്നും ആസ്ത്രേലിയയില്‍നിന്നും ചൈനയില്‍നിന്നും ഇവിടെ വരുന്നു. (ഉദാരവല്‍ക്കരണ നയങ്ങളോട് കടപ്പാട്!) കൂടുതല്‍ വില കൊടുക്കേണ്ടി വന്നാലും ഇറക്കുമതി ചെയ്തവയോടാണ് നമുക്കു താത്പര്യം!

അമേരിക്കയിലെ ഇന്നത്തെ സിലിക്കോണ്‍വാലി പഴയൊരു ആപ്പിള്‍തോട്ട മേഖലയായിരുന്നു. ഇലക്ട്രോണിക് വ്യവസായം 4000ത്തിലധികം വരുന്ന ആപ്പിളിന്‍റെ ഇനങ്ങളെ ഇല്ലായ്മ ചെയ്തു. ബാക്കിയുള്ളത് മുഴുവന്‍ കീടങ്ങളും രോഗങ്ങളും ബാധിച്ച് നിലനില്‍പ്പിനായി രാസകീടനാശിനികളെ ആശ്രയിക്കുന്നു. ഈ കീടനാശിനികളുടെ അവശിഷ്ടം പേറിയ ആപ്പിളുകളാണ് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനായി നമ്മളിന്നു കഴിച്ചുകൊണ്ടിരിക്കുന്നത്. ഈ അവശിഷ്ടം കൂടുതല്‍ ഉണ്ടാകുക ആപ്പിളിന്‍റെ തൊലിയിലാണ്. ആപ്പിളിന്‍റെ പോഷകഗുണം മുഴുവനുമുള്ളത് തൊലിയിലാണു താനും. ഇപ്പോള്‍ മാര്‍ക്കറ്റില്‍ വരുന്ന ആപ്പിളുകളുടെമേല്‍ മെഴുകിന്‍റെ ഒരു കവചം കൂടിയുണ്ട്. തൊലി ചെത്തികളഞ്ഞേ ഈ ആപ്പിളുകള്‍ അതിനാല്‍ നമുക്കു കഴിക്കാന്‍ കഴിയൂ.

'നമ്മള്‍ കഴിക്കുന്നതെന്താണോ അതാണ് നമ്മള്‍' എന്നൊരു ചൊല്ലുണ്ട്. ആഴത്തില്‍ പരിശോധിച്ചാല്‍ നമുക്ക് ഇക്കാര്യം ശരിയായി ബോധ്യപ്പെടും. നേരത്തെ സൂചിപ്പിച്ച ആപ്പിളിന്‍റെ കാര്യം നമ്മുടെ ഭക്ഷണത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ മാറ്റത്തിന്‍റെ ഒരു ഉദാഹരണം മാത്രമാണ്. ഈ മാറ്റം നമ്മുടെ ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ടോ?

പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്‍ പ്രകൃതിയെ നേരിട്ടാശ്രയിച്ചു കഴിഞ്ഞിരുന്ന കാലത്തുനിന്ന് ഒട്ടേറെ മാറ്റങ്ങള്‍ മനുഷ്യന്‍റെ ജീവിതരീതിയില്‍, ഭക്ഷണരീതിയില്‍ ഉണ്ടായിട്ടുണ്ട്. കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണത്തെ പ്രകൃതിയില്‍നിന്നുതന്നെ കണ്ടെത്താനും കൃഷി ചെയ്തും അല്ലാതെയും അവയെ ഭക്ഷിക്കാനുമുള്ള കഴിവും മനുഷ്യന്‍ ഇക്കാലത്ത് നേടുകയുണ്ടായി.  ഏകദേശം 30,000ത്തോളം ഭക്ഷ്യയോഗ്യമായ സസ്യങ്ങളെക്കുറിച്ച് ആധുനിക മനുഷ്യന്‍ ശാസ്ത്രീയമായി പഠിക്കുകയും ചെയ്തു. വ്യവസായികാടിസ്ഥാനത്തിലുള്ള കാര്‍ഷികോല്‍പാദനം തുടങ്ങുന്നതിനുമുന്‍പുവരെ ഭക്ഷണത്തില്‍ ഈ വൈവിധ്യം നമ്മള്‍ നിലനിര്‍ത്തിയിരുന്നു.

ഇന്ന് ലോകത്ത് പൊതുവായി മാര്‍ക്കറ്റിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഏകദേശം 400 ഓളം വിളകളാണ്. ഇതില്‍തന്നെ വ്യാപകമായി ഉപയോഗിക്കുന്ന വിളകള്‍ 11 എണ്ണമേയുള്ളൂ. ഇവയില്‍തന്നെ മൂന്നോളം ധാന്യങ്ങളാണ് ജനങ്ങളുടെ വയറു നിറയ്ക്കുന്നത്. നെല്ല്, ഗോതമ്പ്, ചോളം എന്നിവയാണവ. ഇങ്ങിനെ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തിന്‍റെ പകുതിയിലധികവും കാലി-കോഴിത്തീറ്റയും മറ്റൊരു ഭാഗം ജൈവ ഇന്ധനം ഉണ്ടാക്കാനും ഉപയോഗിക്കപ്പെടുന്നു. നമ്മുടെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം എത്രയോ ചുരുങ്ങിക്കഴിഞ്ഞു! കാര്‍ഷികരീതിയില്‍ കാതലായ, പ്രകൃതിവിരുദ്ധമായ മാറ്റം ഉണ്ടായത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. കൃഷിയെ ഒരു വ്യവസായമായി കണ്ടുകൊണ്ടുള്ള വികസനത്തിന് തുടക്കംകുറിച്ചത് വികസിത രാജ്യങ്ങളാണ്. ഇത് അവിടുത്തെ ചെറുകിട കൃഷിയിടങ്ങളുടെ തകര്‍ച്ചയ്ക്കും കുടുംബങ്ങളുടെ നഗരത്തിലേക്കുള്ള പലായനത്തിനും വഴിവച്ചു. ഇന്ന് യൂറോപ്പിലും അമേരിക്കയിലുമെല്ലാം 1 ശതമാനം ആളുകള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.

ഈ മാറ്റം അവിടുത്തെ ഭക്ഷണരീതികളില്‍ കാതലായ മാറ്റത്തിന് ഇടവരുത്തി. വ്യാവസായികാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവയ്ക്കാതെ തരമില്ല. ഇവ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മാര്‍ക്കറ്റ് നിയന്ത്രിക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിയൂ. ഇത് ഭക്ഷ്യവ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും, പഴകാത്ത, പറിച്ചയുടന്‍ ഉള്ള ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജീവിതക്രമത്തില്‍നിന്ന് ഒരുപാട് രാസവസ്തുക്കള്‍ ചേര്‍ത്തുള്ള, കാലപ്പഴക്കമുള്ള ഭക്ഷണം കഴിക്കുന്ന രീതികളിലേക്ക് അവിടുത്തെ ആളുകള്‍ക്കു മാറേണ്ടി വരികയും ചെയ്തു. ഇത് പിന്നീട് മക്ഡൊണാള്‍ഡിന്‍റെയും കെന്‍റുകി ഫൈഡ് ചിക്കന്‍റെയും കൊക്കക്കോളയുടെയുമെല്ലാം വളര്‍ച്ചയ്ക്ക് ഇടയാക്കി. സ്വാഭാവിക ഭക്ഷണമെന്നത് അമേരിക്കയിലെ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാണിന്ന്. ജനിതകമാറ്റം വരുത്തിയ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളായി അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അമേരിക്കക്കാര്‍ ഭക്ഷണത്തെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യന്‍റെ ആരോഗ്യത്തെ നിലനിര്‍ത്തിയിരുന്ന ഭക്ഷണമിന്ന് അമേരിക്കയില്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. അലര്‍ജികള്‍, കാന്‍സര്‍, പ്രത്യുല്‍പ്പാദനത്തകരാറുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍, അമിതവണ്ണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ അവിടുത്തെ യുവതലമുറ നേരിടുന്നു. ഇത് സംഭവിക്കുമ്പോഴും ഇത്തരമൊരു ഭക്ഷണവ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ട് വന്‍ കുത്തകക്കമ്പനികള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കോടിക്കണക്കിന് ഡോളറിന്‍റെ ലാഭം കൊയ്തുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ സമരങ്ങള്‍ അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. ചെറുകിടകൃഷിയും ജൈവകൃഷിയും കര്‍ഷക ചന്തകളുമെല്ലാം അമേരിക്കയിലിന്ന് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇതു കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടിലെ അവസ്ഥ മെച്ചമാണെന്ന് നമുക്കു തോന്നാം. എന്നാല്‍ ഈ ചിന്ത അസ്ഥാനത്താണെന്ന് കഴിഞ്ഞകാല അനുഭവങ്ങളും വിവിധ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

ഒരു മാസം മുന്‍പ് വന്ന ഒരു റിപ്പോര്‍ട്ട് പലരും ശ്രദ്ധിച്ചു കാണാനിടയില്ല. കേരളത്തിലെ മാര്‍ക്കറ്റില്‍ വരുന്ന കറിവേപ്പില കാര്‍ഷിക സര്‍വകലാശാലയില്‍ പരിശോധിച്ചപ്പോള്‍ അതില്‍ പന്ത്രണ്ടോളം കീടനാശിനികളുടെ അവശിഷ്ടം ഉള്ളതായി കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഇക്കഴിഞ്ഞ ദിവസം വന്ന മറ്റൊരു വാര്‍ത്ത കേരളത്തില്‍ വില്ക്കുന്ന ആട്ടയിലും മൈദയിലും ബ്ലീച്ചിംഗ് പൗഡറും ബെന്‍സോയിക് ആസിഡും ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നതാണ്. ഇതുപോലെ കീടനാശിനികളും മറ്റു രാസപ്രിസര്‍വേറ്റീവ്കളും നമ്മുടെ ഭക്ഷണത്തെ വിഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റൊന്ന് നമ്മുടെ കുട്ടികള്‍ പാക്കേജ്ഡ് ഭക്ഷണത്തോട്, യാതൊരു പോഷകഗുണങ്ങളുമില്ലാത്ത ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളോട് ആസക്തിയുള്ളവരായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. തുടക്കത്തില്‍ സ്നേഹത്തിന്‍റെ, സൗകര്യത്തിന്‍റെ പേരില്‍ അച്ഛനമ്മമാരും മറ്റുള്ളവരും തുടങ്ങിവയ്ക്കുന്ന ഈ ശീലം പിന്നീട് കുട്ടികളെ ഈ 'ഭക്ഷണക്കെണി'യിലേക്ക് വീഴ്ത്തുകയാണ്. കുര്‍ക്കുറെയും ലെയ്സും കൊക്കൊകോളയും ചോക്ക്ലേറ്റുകളും എല്ലാം തന്നെ കുട്ടികളെ യഥാര്‍ത്ഥ ഭക്ഷണത്തില്‍നിന്ന്, ശുദ്ധമായ ഭക്ഷണത്തില്‍നിന്ന്, പറമ്പില്‍നിന്ന് കിട്ടുന്ന ഭക്ഷണത്തിന്‍റെ രുചിയും ഗുണവും എന്താണെന്നറിയുന്നതില്‍നിന്ന് മാറ്റിക്കൊണ്ടു പോകുകയാണ്. നമ്മുടെ കുട്ടികള്‍ രോഗികളാവുകയാണ്. വേഗത കൂടിയ ഇന്നത്തെ ജീവിതശൈലികളും ഇത്തരം ഭക്ഷണശീലം വളരാന്‍ ഇടയാക്കുന്നു.

ഒരു പ്രദേശത്തിന്‍റെ, ഒരു ജനതയുടെ ഭക്ഷണമെന്നത് അതിന്‍റെ തനിമയും സ്വത്വവുമാണ്. ഇത്തരം പരമ്പരാഗതമായ, തനിമയാര്‍ന്ന ഭക്ഷണം നമ്മള്‍ ഉപേക്ഷിക്കുന്നതോടുകൂടി നമുക്ക് നമ്മുടെ സ്വത്വം കൂടി നഷ്ടപ്പെടുകയാണ്. അങ്ങിനെയുള്ളൊരാള്‍ക്ക് നാടുമായോ അവിടുത്തെ പ്രകൃതിയുമായോ മനുഷ്യരുമായോ യാതൊരു ബന്ധവും ഉണ്ടാകുകയില്ല. നമ്മുടെ ചെറുപ്പക്കാരെ ശ്രദ്ധിച്ചാല്‍ നമുക്കിത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. മറ്റൊരു പ്രധാന സംഗതി ഇത്തരം പാരമ്പര്യ ഭക്ഷണരീതികളുടെ തുടര്‍ച്ചയില്ലായ്മയോടെ നമുക്ക് സംഭവിക്കുന്നത് ഒരു വലിയ ശാസ്ത്രശാഖയുടെ, ഭക്ഷണത്തെക്കുറിച്ചുള്ള അറിവുകളുടെ നാശമാണ്. ഭക്ഷണത്തെപ്പറ്റിയുള്ള 10,000ത്തിലധികം പുസ്തകങ്ങള്‍ കൈവശമുള്ളൊരു പോഷക വിദഗ്ദ്ധന്‍ പറഞ്ഞത്, ഇത്രയുമധികം പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള താന്‍ ഒരു സംശയം വന്നാല്‍ ആദ്യം വിളിക്കുക അദ്ദേഹത്തിന്‍റെ അമ്മൂമ്മയെയാണെന്നാണ്. അവരുടെ അറിവിന്‍റെ മുന്‍പില്‍ ഈ പുസ്തകങ്ങള്‍ ഒന്നുമല്ലെന്ന് അദ്ദേഹം കരുതുന്നു.

പഴയ തലമുറയിലെ അമ്മൂമ്മമാരുടെ അറിവ്  ഇന്നത്തെ ആളുകള്‍ക്കില്ല. ഈ അറിവില്ലായ്മ -വിദ്യാഭ്യാസത്തിലൂടെയും പരസ്യങ്ങളിലൂടെയും ആധുനിക ശാസ്ത്രസങ്കേതങ്ങളിലൂടെയും ഉണ്ടാക്കിയെടുത്ത- യുടെ ഗുണം ലഭിക്കുന്നത് ഭക്ഷണ കമ്പനികള്‍ക്കാണ്. ഇതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ മരുന്നുകമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. പട്ടിണി കിടന്നാലും വിത്തെടുത്ത് ഉണ്ണാത്ത, വിത്തിനുള്ളില്‍ തന്നെത്തന്നെ ദര്‍ശിച്ചിരുന്ന ഒരു സംസ്കാരത്തില്‍ നിന്നാണ് ഭക്ഷണമെന്തെന്നു തിരിച്ചറിയാത്ത ഒരു അവസ്ഥയിലേക്ക് നമ്മളിന്നെത്തിയിരിക്കുന്നത്. ഇതോടൊപ്പം പ്രകൃതിയിലെ ഋതുഭേദങ്ങളും മണ്ണിന്‍റെ നനവും കൂടി നമ്മള്‍ തിരിച്ചറിയാതാകുന്നു.

പണ്ടത്തെ കര്‍ഷകര്‍ മനുഷ്യര്‍ക്കും തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും മാത്രമല്ല ഭക്ഷണം നല്‍കിയിരുന്നത്. പക്ഷികള്‍ക്കും പൂമ്പാറ്റകള്‍ക്കും തുമ്പികള്‍ക്കും തവളകള്‍ക്കും മത്സ്യങ്ങള്‍ക്കും വരെ ഭക്ഷണം നല്‍കിയിരുന്നു. പ്രകൃതിശാസ്ത്രം, പ്രകൃതിനിയമങ്ങള്‍ ഇവ മനസ്സിലാക്കിയ ഒരു ശാസ്ത്രജ്ഞനു മാത്രമേ ഈ കര്‍ഷകന്‍റെയും ഇത്തരം കൃഷിരീതികളുടെയും ഭക്ഷ്യസംസ്കാരത്തിന്‍റെയും മൂല്യമെന്തെന്നറിയൂ. പിസയും ബര്‍ഗറും കൊക്കക്കോളയും കഴിച്ച് ജീവിക്കുന്ന, മണ്ണ് തൊടാത്ത ഒരു ശാസ്ത്രജ്ഞനും അതിനാല്‍ യഥാര്‍ത്ഥ ഭക്ഷണത്തെ മനസ്സിലാക്കാനാവില്ല. അതുകൊണ്ടുതന്നെ ജനിതകമാറ്റം വരുത്തിയതും വിഷമുള്ളതുമായ പ്രകൃതിവിരുദ്ധമായ ഭക്ഷണത്തെ അവര്‍ തോളിലേറ്റി നടക്കും. നിര്‍ഭാഗ്യവശാല്‍ ഇത്തരം ആളുകളാണ് ഇന്ന് നമ്മുടെ ഭക്ഷണക്രമം എന്തെന്ന് നിശ്ചയിക്കുന്നത്.

ഒരു നിമിഷം പ്രകൃതിയിലേക്കൊന്നു നോക്കുക. എത്ര നിറങ്ങളില്‍, സൗരഭ്യങ്ങളില്‍, രുചിയില്‍ ആണ് നമ്മുടെയെല്ലാം അമ്മയായ ഈ ഭൂമി നമുക്ക് ഭക്ഷണം തയ്യാറാക്കി വച്ചിരിക്കുന്നത്! വിഭവസമൃദ്ധമായ ഈ സദ്യയെ തിരിച്ചറിയാനും പോഷിപ്പിക്കാനും നമുക്കുകഴിഞ്ഞാല്‍ നമ്മുടെ നാടിന്‍റെ, ലോകത്തിന്‍റെ ഭക്ഷ്യസുരക്ഷ നമുക്ക് ഉറപ്പാക്കാന്‍ കഴിയും. 10,000 വര്‍ഷങ്ങളിലൂടെ നമ്മുടെ പൂര്‍വ്വികര്‍ വളര്‍ത്തിക്കൊണ്ടു വന്ന കാര്‍ഷിക-ഭക്ഷണ വൈവിധ്യം ഈ സമ്പന്നതയുടെ ഒരു അടയാളമാണ്. കഴിഞ്ഞൊരു നൂറ്റാണ്ടുകൊണ്ട് തകര്‍ത്തുകളഞ്ഞ ഈ ജൈവഭക്ഷണ സംസ്കാരം നമ്മുടെ കുടുംബങ്ങളില്‍, നാട്ടില്‍ തിരിച്ചുകൊണ്ടുവരാന്‍ നമുക്കുകഴിയണം. ഭക്ഷണവും നമ്മുടെ കൃഷിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കണം.

അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനും കര്‍ഷകനുമായ വെന്‍ഡല്‍ തബറി പറഞ്ഞത് ശ്രദ്ധിക്കുക; Eating is an agricultural activity. ഭക്ഷണം ഉണ്ടാക്കുന്ന അടിസ്ഥാന ജീവിതശൈലിയില്‍നിന്ന് ഏറെ നാളായി അകന്നു കഴിയുന്ന മലയാളികള്‍ മേല്‍പ്പറഞ്ഞ വാചകത്തിന്‍റെ അര്‍ത്ഥം എന്നാണിനി ഉള്‍ക്കൊള്ളുക? കൃഷി ഭൂമിയും പാടങ്ങളും തോടുകളുമെല്ലാം മണ്ണിട്ട് നികത്തുമ്പോള്‍, ഇതാണ് വികസനമെന്ന് കുറെപ്പേര്‍ പറയുമ്പോള്‍ നമ്മുടെ നിലനില്‍പ്പിന്‍റെ മേലാണ്, നമ്മുടെ സ്വത്വത്തിന്‍റെ മേലാണ് ഈ മണ്ണെല്ലാം വന്നുവീഴുന്നതെന്ന് എന്നാണിനി നമ്മള്‍ തിരിച്ചറിയുക? നമ്മുടെ ആരോഗ്യം (അനാരോഗ്യവും) നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുകയാണെന്ന് എന്നാണിനി നമ്മള്‍ മനസ്സിലാക്കുക? നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിഷമില്ലാത്ത വൈവിധ്യമാര്‍ന്ന, ആരോഗ്യകരമായ ഭക്ഷണം നല്‍കാന്‍ കഴിയുമോ? എങ്ങിനെയാണ് അത്തരം ഭക്ഷണം ഉണ്ടാക്കാനുള്ള കഴിവും അറിവും നമ്മുടെ നാട്ടില്‍ നിലനിര്‍ത്തുക?

You can share this post!

തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്‍

സമരസമിതി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts