news-details
സഞ്ചാരിയുടെ നാൾ വഴി

ഇതങ്ങനെയൊരു കാലമാണ്. എല്ലാത്തിനെയും ഒരിക്കല്‍ കൂടിയൊന്ന് കണ്ടെത്താനും കണ്ണുനിറയാനുമുള്ള കാലം. ഉദാഹരണത്തിന് നെഞ്ചിലെ തണുപ്പില്‍ പൂച്ചക്കുഞ്ഞിനെപ്പോലെ പമ്മി കിടക്കുന്ന ആ ക്രൂശിതരൂപത്തെ കൈകളിലെടുത്ത് ഒന്നുറ്റു നോക്കുക. പിന്നെ ചില ചോദ്യങ്ങള്‍ സ്വന്തം പ്രാണനോട് ചോദിക്കുക: ആരാണ്, ഈ കുരിശടയാളത്തിലിങ്ങനെ? എന്തിനാണ് ഇയാള്‍ ഇപ്രകാരം? അയാളുടെ പീഡാസഹനവും മരണവും എന്‍റെ ജീവിതത്തില്‍ ഗുണപരമായ എന്തുവ്യത്യാസമാണ് സമ്മാനിക്കാന്‍ പോകുന്നത്? അപ്പോള്‍ മോശ കണ്ട മുള്‍പ്പടര്‍പ്പുപോലെ ഒരു കഴുമരം പ്രകാശിക്കുന്നു. നിയന്ത്രിക്കാനാകാത്ത ഒരു സങ്കടപ്രവാഹത്തില്‍ എനിക്ക് ജ്ഞാനസ്നാനമുണ്ടാകുന്നു. അതെ, അത് അങ്ങനെയാണ് എന്തിനും രണ്ടുതരം അര്‍ത്ഥമുണ്ട്. ഒരു given meaning ഉം ഒരു acquired meaning  ഉം. ആദ്യത്തേത് നമുക്കു നല്കപ്പെടുന്നതാണ്. രണ്ടാമത്തേതോ നമ്മള്‍ കണ്ടെത്തുന്നതും. ആ രണ്ടാംപാതിയാണ് ജീവിതത്തിന്‍റെ ശ്രേഷ്ഠതയും ഗുണപരതയും നിര്‍ണ്ണയിക്കാന്‍ പോകുന്നത്.

ക്രിസ്തു പറഞ്ഞ ഒരു രൂപകത്തിന്‍റെ തന്നെ വ്യാഖ്യാനമാണിത്. വയലില്‍ കിളയ്ക്കുവാന്‍ പോയ ഒരാള്‍ കണ്ടെത്തിയ നിധിയെന്നാണ് വേദപുസ്തകം അതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കാലം ഒരാള്‍ അന്തിക്കൂലിക്കുവേണ്ടി ഓരോന്നിന്‍റെയും മേല്‍ത്തട്ടിലൂടെ മാത്രം സഞ്ചരിക്കുകയായിരുന്നു. അഷ്ടിക്കുള്ള വകയൊക്കുന്നതുകൊണ്ട് അതിന്മേല്‍ കാര്യമായ സന്ദേഹങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അയാള്‍ക്കു തോന്നുകയാണ് ജീവിതം കുറെക്കൂടി അഗാധമായ അനുഭവങ്ങളെ തേടുന്നുണ്ടെന്ന്. അങ്ങനെയാണ് അയാള്‍ ചില ഖനനങ്ങള്‍ ആരംഭിച്ചത്. ഓരോരോ തൂമ്പാപാട് താഴോട്ട് കുഴിക്കുവാന്‍ ധൈര്യപ്പെട്ടെന്നു സാരം. അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് തരിശ്ശും വിരസ്സവുമെന്നു കരുതുന്ന വാഴ്വിന്‍റെ എല്ലാ വയലുകള്‍ക്കും താഴെ അഗാധമായിരുന്ന ചില നിലനില്പുകളുടെ നിധി കാത്തുകിടപ്പുണ്ടെന്ന്. ഇനിയൊരിക്കലും ജീവിതം അയാള്‍ക്കു പഴയതാവില്ല.

ഹൃദയത്തില്‍ തൊട്ട അത്തരം ചില കണ്ടെത്തലുകളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാമെന്നു കരുതി, ഇത്തവണ. വേളാങ്കണ്ണി ഇഷ്ടമുള്ള ഒരിടമാണ്. അതിന്‍റെ ഒരുവശത്തായി ഒരു പേരാല്‍ വൃക്ഷമുണ്ട്, നിറയെ വര്‍ണ്ണച്ചരടുകളും തുണിത്തുണ്ടങ്ങളുമൊക്കെ തൂക്കി. മറ്റൊരുനാടിന്‍റെ രീതി എന്നു മാത്രമേ കരുതിയിട്ടുള്ളൂ. അടുത്തിടെയാണ് മനസ്സിലായത്, കുട്ടികളില്ലാത്ത ദമ്പതികളുടെ നേര്‍ച്ചയാണതെന്ന്. ചരടും തുണിത്തുണ്ടവും കൊണ്ട് അവര്‍ ദൈവത്തോട് ഉണര്‍ത്തിക്കുവാന്‍ ശ്രമിക്കുന്നത് ഒരു തൊട്ടിലിനെയാണെന്ന്. അപ്പോള്‍ ഒരു മരം നിറയെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള നിലവിളിയും പിന്നെ കുഞ്ഞുങ്ങളുടെ നിലവിളിയും.

ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. മധുരമായി പാടിയ ഒരു ചെറിയ മകള്‍. അവളെ കൂട്ടിക്കൊണ്ടു പോകുവാന്‍ അച്ഛനും അമ്മയും വന്നപ്പോള്‍ ഇതാരുടെ പാട്ടാണ് മകള്‍ക്കു കിട്ടിയതെന്ന് കുശലം ചോദിച്ചു. എന്തായാലും ഞങ്ങള്‍ രണ്ടു പേരുടേതുമല്ല. എന്നാല്‍ കുടുംബത്തില്‍ ഒരാള്‍ പാടുമായിരുന്നു, എന്‍റെ അച്ഛന്‍. അന്നത് പാട്ടായിട്ട് ആരും ഗണിച്ചിരുന്നില്ല. നീറ്റുകക്ക  വാരുകയായിരുന്നു അച്ഛന്‍റെ തൊഴില്‍. കക്ക വാരി മുങ്ങി നിവരുമ്പോള്‍ തണുപ്പകറ്റാന്‍ കായല്‍പ്പരപ്പ് കമ്പനം കൊള്ളുമാറ് അയാള്‍ ഉറക്കെ പാടുമായിരുന്നു, രാത്രിയായാല്‍ തെല്ല് മിനുങ്ങുന്ന ശീലമുണ്ട്. നാട്ടുവഴികളിലുടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അപ്പോഴും അയാള്‍ അതുതന്നെ ചെയ്യും - ഉറക്കെ പാടുക. കഞ്ഞി വിളമ്പുമ്പോള്‍ അമ്മ അയാളോട് കെഞ്ചും: നിങ്ങള്‍ കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യുക. എന്തിനാണ് ഇങ്ങനെ പാട്ടുപാടി എന്നെയും മക്കളെയും മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാക്കുന്നത്. പെട്ടെന്ന് അയാളുടെ തൊണ്ടയിടറി. അച്ഛനാണ് മോളുടെ തൊണ്ടിയിലിരുന്നു പാടുന്നത്. കൂലിപ്പണിക്കാരനായ രാമകൃഷ്ണന്‍ എന്തായാലും നിക്കോസ് കസന്‍ദ്സാക്കിസിന്‍റെ സെന്‍റ് ഫ്രാന്‍സീസ് വായിച്ചിട്ടിട്ടുണ്ടാവില്ല. പുറത്തു കിളി പാടുമ്പോള്‍ എങ്ങനെയാണ് ഈ കിളിമൊഴികള്‍ക്ക് ഈ മധുരമെന്ന് ആരാഞ്ഞ ലിയോയോട് ഫ്രാന്‍സീസ് പറഞ്ഞതുപോലെ, അതോ ദൈവം കിളിയുടെ തൊണ്ടയില്‍ ഇരുന്നു പാടുന്നതാണ്. രാമകൃഷ്ണന്‍ ഇപ്പോള്‍ സാക്കീസിന് സമശീര്‍ഷന്‍. അല്ലെങ്കില്‍ ശകലം മീതെ!
ഏതിലും എന്തിലും ഒരു തൂമ്പാപാട് താഴോട്ട് കിളയ്ക്കുമ്പോള്‍ കുറഞ്ഞത് രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അച്ഛന്‍ മരിച്ചപ്പോള്‍ ചിത കൊളുത്താന്‍ പോലും വരാന്‍ കഴിയാതെപോയ പണം സമ്പാദിക്കാനായി മിഡില്‍ ഈസ്റ്റില്‍ ഏതാണ്ട് ഒരടിമയെപ്പോലെ പണിചെയ്യുന്ന ഒരു ചങ്ങാതി. ഒരിക്കല്‍ അവന്‍ തന്‍റെ പെങ്ങന്മാര്‍ക്കെഴുതിയ കത്തിങ്ങനെയാണ്: ഒന്നോര്‍ത്താല്‍ നമ്മളായിരുന്നു ദേശത്തെ ഏറ്റവും വലിയ ധനികര്‍. കാരണം നമുക്ക് മഹാനായ ഒരച്ഛന്‍ ഉണ്ടായിരുന്നു.

വേലി കൊണ്ട് വളച്ചെടുത്തതും ലോക്കറില്‍ പൂട്ടി വെച്ചതും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചതും മാത്രമാണ് ധനമെന്ന് കരുതിയിടത്താണ് നമ്മള്‍ പാളുന്നത്. ഒക്കെ ധനമാണ്. ജപമണിചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു വൃദ്ധ മാതാവും നിങ്ങളെത്തുന്നുണ്ടോന്നും നോക്കി വഴിക്കണ്ണുമായി നില്ക്കുന്ന കുഞ്ഞുങ്ങളും ബസ്സിറങ്ങി നടക്കുമ്പോള്‍ പീടികത്തിണ്ണയില്‍ ഇരുന്ന് അനുഭാവപൂര്‍വ്വം നോക്കുന്ന ആ പൈത്യക്കാരനും ഒക്കെ എന്‍റെ ധനം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അതു കണ്ടെത്തുവാന്‍ എല്ലാവരും കുറെ വൈകിയെന്നു മാത്രം. ഇത്രയും കാലം ഞാന്‍ നിന്‍റെ കൂടെയുണ്ടായിരുന്നിട്ടും നീയെന്തുകൊണ്ട് എന്നെ മനസ്സിലാക്കിയില്ലെന്ന ക്രിസ്തുവിന്‍റെ സങ്കടം പോലെ.

നിനച്ചിരിക്കാതെ കണ്ണുനിറഞ്ഞൊഴുകുന്നുവെന്നുള്ളതാണ് ഈ കണ്ടെത്തലിന്‍റെ രണ്ടാമത്തെ പ്രത്യേകത. ഭൂമി സ്നേഹം നിറഞ്ഞ ഒരിടമായി അനുഭവപ്പെടുകയും അഗാധസ്നേഹത്തിന്‍റെ ചില മിന്നലാട്ടങ്ങള്‍ മറ നീക്കി നിങ്ങളിലേക്ക് എത്തുന്നതും കാണുമ്പോള്‍ കരയാനല്ലാതെ മറ്റെന്താണുള്ളത്.

തന്‍റെ സ്നേഹിതരെ അത്തരം ചില കണ്ടെത്തലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവരുടെ ജീവിതത്തെ അഴകും ആഴവും നല്കി ക്രിസ്തു സഹായിച്ചിട്ടുണ്ട്. ഞാനാരാണെന്നാണ് നമ്മുടെ കാലം പറയുന്നത് എന്ന കൊച്ചു വര്‍ത്തമാനത്തിലാണ് അത് ആരംഭിക്കുന്നത്. ഓരോരുത്തര്‍ക്കും തങ്ങളുടെ കേട്ടറിവുകള്‍ പങ്കുവെയ്ക്കാനുള്ള നേരം ഉണ്ടായിരുന്നു. ചിലര്‍ അവനെ യോഹന്നാന്‍ എന്നും വേറെ ചിലര്‍ ഏലിയായെന്നും ജറമിയായെന്ന് മറ്റു ചിലരും പ്രവാചകന്മാരില്‍ ഒരാളെന്ന് പൊതുവായ ഉത്തരവും. എല്ലാത്തിലും സത്യത്തിന്‍റെ ചില അംശങ്ങള്‍ ഇല്ലാതില്ല. യോഹന്നാന്‍ അഗാധമായ സത്യത്തിന്‍റെയും ഏലിയ നീതിബോധത്തിന്‍റെയും ജറമിയ മറന്നുപോവുകയും ചെയ്ത സൗഭാഗ്യങ്ങളെ വീണ്ടെടുക്കുന്നവനായും കരുതാവുന്നതാണ്. പിന്നെ ഉയിരില്‍ ദൈവശബ്ദം മുഴങ്ങുന്ന ആര്‍ക്കും ചേരുന്നതാണ് ആ പ്രവാചകനെന്ന വിശേഷണം. എന്നാലിതൊക്കെ കൂട്ടി ചേര്‍ത്താലും ആ ചെറുപ്പക്കാരനാവില്ല. അബ്രാഹത്തിനു മുമ്പേ താനുണ്ടായിരുന്നുവെന്ന് പറഞ്ഞ് തന്‍റെ കാലത്തെ പരിഭ്രമിപ്പിച്ച ഒരാള്‍. രൂപാന്തരീകരണ മലയില്‍ മോശയ്ക്കും, ഏലിയായ്ക്കും, ക്രിസ്തുവിനും ഓരോ കൂടാരങ്ങള്‍ വീതം പണിയാമെന്ന് പത്രോസ് വിളിച്ചു പറഞ്ഞപ്പോള്‍ വിശ്വപ്രകൃതി ഒരു മേഘം കൊണ്ടാണ് അവരുടെ സങ്കല്പങ്ങളെ മായിച്ചുകളഞ്ഞത്. കമുകിനും തെങ്ങിനും ഒരേ തളപ്പ് പാടില്ലായെന്ന് ഇതിന് ഗ്രാമീണ ഭാഷ്യം.

അതീവ വൈയക്തികമായ ഒരുത്തരം അര്‍ഹിക്കുന്ന ഒരു ചോദ്യത്തിന്‍റെ മുന രാകി അഗാധബന്ധത്തിന്‍റെ വേരുകള്‍ പിണഞ്ഞു കിടക്കുന്ന കണ്ടെത്തലുകളിലേക്ക് ക്രിസ്തു അവരെ ക്ഷണിച്ചു. ആട്ടെ, നിങ്ങള്‍ക്ക് ഞാനാരാണ്. വലിയൊരു കയത്തിലേക്കെത്തി നോക്കുന്ന കുഞ്ഞുങ്ങള്‍ക്കെന്നപ്പോലെ ഒരു വിറയല്‍ അടിമുടി അനുഭവിച്ചെടുക്കാനാവണം... പത്രോസ് ഇങ്ങനെ പറഞ്ഞു... "നീയോ നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മിശിഹാ തന്നെ!"

ആഴം ആഴത്തെ തൊടാനായുന്ന ഒരു ഭാഷണത്തിന്‍റെ രംഗവേദി കൂടി ഗ്രഹിച്ചാല്‍ നല്ലത് - കേസറിയാ ഫിലിപ്പി. നാലു പുരാതന മതങ്ങളുടെ പുണ്യഭൂമിയാണായിടം. ബാബിലോണിയന്‍ ദൈവസങ്കല്പമായ ബാലിനു വേണ്ടിയുള്ള കുറെയധികം ക്ഷേത്രങ്ങള്‍. ഗ്രീക്ക് മിത്തോളജിയിലെ പാന്‍ദേവന് പിറവി കിട്ടിയെന്നു പറയുന്ന മലമുകളിലെ ആ കുടീരം. യഹൂദരുടെ പുണ്യതീര്‍ത്ഥമായ ജോര്‍ദ്ദാന്‍റെ ഉറയാവരംഭിക്കുന്നതും അതേ താഴ്വരയില്‍ നിന്ന്. ഒടുവിലായി അതിനെയെല്ലാം വെല്ലുന്ന വിധത്തില്‍ റോമന്‍ ഭരണാധികാരിയായ സീസറിനെ ആരാധിക്കാന്‍ വേണ്ടിയുള്ള ക്ഷേത്രസമുച്ചയങ്ങള്‍. പകിട്ടും പ്രൗഢിയുമുള്ള അതിന്‍റെ നടുമുറ്റങ്ങളില്‍ എവിടെയോ വച്ചാണ് അലഞ്ഞു നടക്കുന്ന ഒരു നാടോടി തച്ചനെ നോക്കി നീ മിശിഹായാണെന്ന് പത്രോസ് പറയുന്നത്.

ക്രിസ്തുവിനറിയാം മാനുഷികമായ വിചാരങ്ങള്‍ കൊണ്ടും പരിഗണനകൊണ്ടും ഒരാള്‍ക്കും ഇത്തരം ചില പ്രകാശങ്ങളിലേക്ക് പ്രവേശിക്കാനാവില്ലെന്ന്. അതുകൊണ്ടാണ് മാംസരക്തങ്ങളല്ല എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ആത്മാവാണ് ഇതു നിന്നെക്കൊണ്ട് പറയിപ്പിച്ചതെന്ന് ക്രിസ്തു ആ കണ്ടെത്തലിനെ സംഗ്രഹിച്ചത്. അതങ്ങനെതന്നെയാണ്, മാനുഷികമായ മുഴക്കോല്‍ കൊണ്ട് ഈ പ്രപഞ്ചത്തിലിന്നോളം ഒരു ഗുരുവിനെയും ആര്‍ക്കും അളക്കാനായിട്ടില്ല. കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന അംഗലപുഴുവിനെപ്പോലെ അവര്‍ക്കു മീതെ അങ്ങോട്ടുമിങ്ങോട്ടുമിഴഞ്ഞ് വളരെ വേഗത്തില്‍ നാമവരുടെ ജീവിതത്തെ ചുരുക്കിയെഴുതും ഏതാണ്ടിങ്ങനെ: "അവന്‍ ആ തച്ചന്‍റെ മകനല്ലേ. അവന്‍റെ സഹോദരിമാര്‍ നമ്മളോടൊപ്പം നാട്ടുകിണറ്റില്‍നിന്ന് വെള്ളം കോരാന്‍ വരുന്ന ആ ദാരിദ്ര്യം പിടിച്ച സ്ത്രീകളല്ലേ? അവന്‍ എന്തു പഠിച്ചിട്ടുണ്ട്?"

മെല്ലിച്ച, ചിലപ്പോള്‍ കരിയിലകള്‍ അന്നമായിത്തിന്ന, ചുരുണ്ടുകൂടിയിരിക്കുന്ന തന്‍റെ അരയോളം വലിപ്പമില്ലാത്ത രാമകൃഷ്ണന്‍ എന്ന പൈത്യം പിടിച്ച ആ വൃദ്ധന്‍ ജീവിതകാലം മുഴുവന്‍ താന്‍ തേടി നടന്ന ഗുരു പൂര്‍ണ്ണിമയാണെന്ന് നിറമിഴികളോടെ നരേന്ദ്രന്‍ എന്ന ആ ചെറുപ്പക്കാരന്‍ തിരിച്ചറിയുന്നതെങ്ങനെ. മറ്റൊരിടത്ത് വായിലെ അര്‍ബുദ വൃണത്തില്‍നിന്ന് കൊടിലുകൊണ്ട് ഒരു പുഴുവിനെ എടുത്തു മാറ്റുമ്പോള്‍ അതിന് അതിന്‍റെ അന്നം നിഷേധിക്കരുതെന്ന് പറഞ്ഞ് മുറിവിലേക്ക് അതിനെ തിരികെയെടുത്തുവയ്ക്കുന്ന ആ മനുഷ്യനും ഗുരുതന്നെയാണ്- രമണമഹര്‍ഷി!

ഇല്ല നമ്മുടെയീ അങ്കംകൊണ്ട് ഒന്നും ഒരു കണ്ടെത്തലും സാദ്ധ്യമല്ല. ഒരു കൂട്ടുകാരിയുടെ ആഴം പോലും കണ്ടെത്താന്‍ ആവില്ല. അതിന് ആ പരമചൈതന്യത്തിന്‍റെ മഹാകാരുണ്യം തന്നെ സഹായിക്കണം. ആ ചൈതന്യം ആവസിക്കുവോളം ആരും ആരുടെയും ജറുസലേം വിട്ടുപോകരുത്. അതിനുശേഷം നിങ്ങള്‍ എല്ലാം നില്ക്കും. അവനെ പ്രതിയും അതിനെ പ്രതിയും ബാക്കിയുള്ളതൊക്കെ ഞാന്‍ കുപ്പയായി എണ്ണിയെന്ന് നാള്‍വഴി പുസ്തകത്തില്‍ കുറിച്ചിടുകയും ചെയ്യും.

You can share this post!

ആലാത്ത്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts