news-details
കവർ സ്റ്റോറി

ദൈവം പുരുഷനല്ല

ദൈവം അരൂപി ആണ് എന്നത് ചെറുപ്രായത്തില്‍ ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. അതിന്‍റെ കൂടെ ദൈവം ശക്തനാണ് എന്നുകൂടി കേട്ടപ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പമായി. രൂപമില്ലാത്ത ദൈവം എങ്ങനെയാണ് പുരുഷനാവുന്നത്? ശക്തന്‍ എന്നത് പുല്ലിംഗമല്ലേ? ദൈവത്തെ എന്തുകൊണ്ട് ശക്ത എന്നു പറയുന്നില്ല? ഇതായിരുന്നു സംശയം. സംശയം അവിടെക്കിടന്നു. ജീവിതം മുന്നോട്ടൊഴുകി. പൗരന്‍, ചെയര്‍മാന്‍, മേസ്തിരി എന്നൊക്കെ പറയുമ്പോള്‍ അത് സ്ത്രീകളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാമം ആണെന്ന് പിന്നീട് മനസ്സിലായി. പൗര എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ല. വനിത ചെയര്‍മാന്‍മാര്‍ വന്നു തുടങ്ങിയപ്പോള്‍, അവരെ ചെയര്‍പേഴ്സണ്‍ എന്നു വിളിച്ചുതുടങ്ങി. മേസ്തിരി മേസ്തിരിണി ആയില്ല. ചെയര്‍പേഴ്സണ്‍ എന്ന വാക്ക് ന്യൂട്ടര്‍ ജെന്‍ഡര്‍ ആണെങ്കിലും ഒരു പുരുഷ ചെയര്‍മാനെ, ചെയര്‍പേഴ്സണ്‍ എന്ന് അഭിസംബോധന ചെയ്താല്‍, അത് പരിഹസിക്കുന്നതായേ തോന്നൂ.  ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവരുടെ പ്രൊഫഷണല്‍ കൂട്ടായ്മകളെ ഫ്രട്ടേണിറ്റി (ബ്രദര്‍ഹുഡ്) എന്നാണ് പറയുന്നത്. വനിതകളുടെ അംഗബലം ഏതെങ്കിലും പ്രൊഫഷനില്‍ കൂടുതലായി ഉണ്ടെങ്കില്‍, ഉദാ ഡെന്‍റിസ്റ്റുകള്‍, ഈ കൂട്ടായ്മയെ സൊറോറിറ്റി (സിസ്റ്റര്‍ ഹുഡ്) എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ? ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പതിവ് ചോദ്യം ഇവിടെ ചോദിക്കരുത്. വാക്കുകള്‍ ബിംബങ്ങള്‍ ആണ്. ബിംബങ്ങള്‍ മനസ്സില്‍ പാറ്റേണുകള്‍ സൃഷ്ടിക്കുന്നു. അവബോധമുള്ള സ്ത്രീകള്‍ക്ക് ഇത്തരം ബിംബങ്ങള്‍ പ്രാന്തവല്ക്കരണത്തിന്‍റേയും പുറന്തള്ളലിന്‍റേയും പ്രതീതി ജനിപ്പിക്കുന്നു. ഈ പ്രതീതി അസ്വസ്ഥതയുളവാക്കുന്നു.

ആണത്ത പെണ്ണത്ത സങ്കല്പങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും

ജോലിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്യാനും ചിന്തിക്കുവാനും ക്ലാസ്സുകള്‍ നയിക്കാനും സാധിച്ചിട്ടുണ്ട്. ആദ്ധ്യാത്മികത്തികവുള്ള ഒറ്റ പുരുഷനും ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരുകയില്ല. ഈ സാമൂഹ്യവ്യാധിയെക്കുറിച്ചുള്ള എന്‍റെ രോഗനിര്‍ണ്ണയവും സാമൂഹ്യവിശകലനവും ഒരു ഡയഗ്രത്തിന്‍റെ രൂപത്തില്‍ ഈ ലേഖനത്തില്‍ കൊടുക്കുന്നു.

ഇന്ന് നിലവിലിരിക്കുന്ന ആണത്ത സങ്കല്പത്തെപ്പറ്റി ഒന്ന് പറഞ്ഞുകൊള്ളട്ടെ. പുരുഷ സവിശേഷതകള്‍, സ്ത്രൈണ സവിശേഷതകള്‍ എന്നു പറഞ്ഞ് മനുഷ്യസവിശേഷതകളെ കുറ്റിയടിച്ച്, വേലികെട്ടി തരംതിരിക്കുന്ന ഒരു അപകടകരമായ പ്രവണത നമ്മുടെ സമൂഹത്തില്‍ കടന്നുവന്നിരിക്കുന്നു. സ്നേഹം, അനുസരണ, ഭയം, ആശ്രിതത്വം, ത്യാഗമനോഭാവം, ക്ഷമ, സേവനസന്നദ്ധത, സഹകരണ മനോഭാവം, ദുഃഖം, ശാന്തത, ആറാമിന്ദ്രിയശേഷി, തീരുമാനം എടുക്കുന്നതിലുള്ള ചടുലതക്കുറവ്, പ്രതിസന്ധികളില്‍ പതര്‍ച്ച, സൗന്ദര്യം, ശുചിത്വബോധം, ബലഹീനത, പൊറുക്കാനുള്ള ചൈതന്യം എന്നീ ഗുണങ്ങള്‍ സ്ത്രീകളുടെ കുത്തകയായി കരുതിപ്പോരുന്നു. സ്വതന്ത്രത, മേധാവിത്വം, ലക്ഷ്യബോധം, യുക്തിഭദ്രത, തീരുമാനം എടുക്കുന്നതിനുള്ള കഴിവ്, പ്രതിസന്ധികളില്‍ ശാന്തത, സര്‍വ്വകലാ വൈഭവം, സാഹസികത, ശക്തി, പകപോക്കല്‍, ആധിപത്യം നിലനിര്‍ത്താനുള്ള ത്രാണി, ആധിപത്യം നിലനിര്‍ത്താന്‍ വേണ്ടിവന്നാല്‍ അതിക്രമം ഉപയോഗിക്കല്‍ ഇവ പുരുഷ സവിശേഷതകളായി ഗണിക്കപ്പെടുന്നു. രണ്ട് ഗണത്തില്‍പ്പെട്ട നല്ല സവിശേഷതകള്‍ ഒരു മനുഷ്യവ്യക്തിക്ക് ആവശ്യമാണ്. പക്ഷേ സ്ത്രീക്കും പുരുഷനും തന്താങ്ങളുടെ ഗണത്തില്‍പ്പെടാത്ത സവിശേഷതകള്‍ ആര്‍ജ്ജിക്കാനും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കഴിയാതെ വരുന്നതുകൊണ്ട് ഒരുതരം അപൂര്‍ണ്ണത വ്യക്തിത്വത്തില്‍ നിലനില്ക്കുന്നു. ഈ ധ്രുവീകൃത സങ്കല്പത്തിന്‍റെ കൂടെ ധനം, ആസ്തി, അറിവ്, സാങ്കേതിക പരിജ്ഞാനം, സാമൂഹ്യ മൂലധനം,  അറിവിന്‍റെയും ഉല്പാദനത്തിന്‍റെയും വ്യാപനത്തിന്‍റേയും മേല്‍ പുരുഷനുള്ള മേല്‍ക്കോയ്മ തുടങ്ങിയവ അവനെ അക്രമസ്വഭാവമുള്ളവനാക്കാന്‍ നിലമൊരുക്കുന്നു. ഈ 'ആണത്തത്തെ' നിലനിര്‍ത്തല്‍ അവന്‍റെ ഒരു സാമൂഹ്യബാദ്ധ്യതയായി മാറുന്നു. വീടിനകത്ത് സ്വന്തം സ്ത്രീകളോടും, വീടിന് പുറത്ത് മറ്റ് സ്ത്രീകളോടും, കലാപയുദ്ധ ഭൂമിയില്‍ ശത്രുവിന്‍റെ സ്ത്രീകളോടും, അക്രമം കാണിക്കാന്‍ ഈ ആണത്ത സങ്കല്പം അവനെ പ്രേരിപ്പിക്കുന്നു. ഈ പ്രേരണ വളര്‍ത്താനും, നിലനിര്‍ത്താനും പരിപോഷിപ്പിക്കുവാനും, മാധ്യമങ്ങളും, കലാസാഹിത്യ പ്രസ്ഥാനങ്ങളും പങ്കുവഹിക്കുന്നു. പല സ്ത്രീകളെ മാറി മാറി പ്രാപിക്കുകയും, അവസാനം 'നല്ലവളായ' (സ്ത്രീയുടെ വാര്‍പ്പ് മാതൃക - Stereotype അനുസരിച്ചുള്ള ഒരുവള്‍) ഒരുവളെ കാണുമ്പോള്‍ തന്‍റെ പൂര്‍വ്വകാല ലൈംഗിക സാഹസികതകള്‍ക്ക് പൂര്‍ണ്ണവിരാമമിട്ട് നല്ലവനായിത്തീരുന്ന നായകന്‍, പത്തും ഇരുപതും വരുന്ന പ്രതിയോഗികളെ ഒറ്റയ്ക്ക് പൊരുതി നിലംപരിശാക്കുന്ന നായകന്‍, സ്വന്തം സ്ത്രീകളെയും അണികളളെയും സംരക്ഷിക്കാന്‍ അതിക്രമം ഉപയോഗിക്കുന്ന നായകന്‍ - ഇതൊക്കെ സിനിമയിലെയും സാഹിത്യഗ്രന്ഥങ്ങളിലെയും പതിവു കാഴ്ചകളാണ്. ആണത്തത്തിന്‍റെ  ഈ വിധത്തിലുള്ള പ്രകടനത്തിന് വളരെ പൂരകമാണ്, രണ്ടാമതൊന്നാലോചിക്കാതെ സ്ത്രീലമ്പടത്വപൂര്‍വ്വ ചരിത്രമുള്ള നായകനെ വരിക്കുന്ന സ്നേഹം, ക്ഷമ, ഇവയുടെ മൂര്‍ത്തീമദ്ഭാവമായ 'ആദര്‍ശവതിയായ' സ്ത്രീ. അതിക്രമങ്ങളുടെ ലെന്‍സിലൂടെ നോക്കിയാല്‍ വളരെ പരസ്പരപൂരകത്വമാണ് ഈ സ്ത്രീപുരുഷ സങ്കല്പങ്ങള്‍. തന്‍റെ ദുഃഖങ്ങളും ആകുലതകളും പങ്കുവയ്ക്കാനാവാതെ, സേഫ്ടി വാല്‍വ് ഇല്ലാത്ത പ്രഷര്‍കുക്കര്‍പോലെ, ആണത്ത സങ്കല്പഭാരം പേറുന്ന പുരുഷന്മാര്‍ എല്ലാവിധ രോഗങ്ങളേയും വിളിച്ചു വരുത്തുന്നു. കരയാന്‍ അവന് അനുവാദമില്ല. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുവാദമില്ല. മദ്യം, മയക്കുമരുന്ന് ഇവ ആണത്ത സങ്കല്പത്തിന്‍റെ ഭാഗമാണുപോലും. സംഘര്‍ഷ ലഘൂകരണത്തിന് ഈ വക മാര്‍ഗ്ഗങ്ങള്‍ അവന്‍ തേടിപ്പോകുന്നു. അസുഖം ഉണ്ടെന്ന് സമ്മതിക്കാതിരിക്കുക, അസുഖം വന്നാല്‍ വേണ്ടസമയത്ത് ചികിത്സിക്കാതിരിക്കുക എന്നതുവരെ എത്തിനില്ക്കുന്നു തന്നിലേക്കുതന്നെ തിരിയുന്ന അക്രമഭാവങ്ങള്‍. ഇതൊക്കെ പറയുന്നത് അക്രമസ്വഭാവമുള്ള പുരുഷന്മാരെപ്പറ്റി മാത്രമാണ്. ഈ ആണത്ത സങ്കല്പം ഒട്ടും ക്രൈസ്തവമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്രമാതീതമായി നമ്മുടെ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ കണ്ടതുകൊണ്ട് ഈ വിധത്തില്‍ വിശകലനം ചെയ്തുവെന്നേയുള്ളൂ.

ക്രിസ്തുവിന്‍റെ ആണത്ത സങ്കല്പം

ഈശോ മാതാപിതാക്കള്‍ക്ക് കീഴ്വഴങ്ങി ജീവിച്ചു. കാനായിലെ കല്യാണത്തിന് മാതാവിന്‍റെ അനുസരണമുള്ള മകനായി.

ക്രിസ്തു എല്ലാതരത്തിലുള്ള വിവേചനങ്ങള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായിരുന്നു. ക്രിസ്തുവിന്‍റെ മനോഭാവം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മനോഭാവമായിരുന്നു. ആരേയും പ്രാന്തവല്ക്കരിച്ചില്ല, ആരേയും പുറന്തള്ളിയില്ല - പുറംജാതിക്കാരും, പ്രീശന്മാരും, ചുങ്കക്കാരനും, കുഷ്ഠരോഗികളും എല്ലാം യേശുവിന്‍റെ സഹചാരികളായിരുന്നു. "ദൈവമേ, എന്നെ വിജാതീയനായും സ്ത്രീയായും, അടിമയായും ജനിപ്പിക്കാതിരുന്നതിന് നന്ദി" എന്ന് പ്രാര്‍ത്ഥിച്ചിരുന്ന അന്നത്തെ യഹൂദ സംസ്കാരത്തില്‍ ഈശോ സ്ത്രീകളെ സവിശേഷമായി പരിഗണിച്ചു.

സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ ഈശോ സ്വാംശീകരിച്ചു. കാണാതായ നാണയം അന്വേഷിക്കുന്ന സ്ത്രീയുടെ വ്യാകുലതകള്‍ യേശു ഉള്‍ക്കൊണ്ടു. ധാന്യം പൊടിക്കുന്നതും ഈശോയുടെ പ്രമേയമായിരുന്നു. വെറും അടുക്കളക്കാര്യമായി കരുതപ്പെടുന്ന പുളിമാവു പോലും ഈശോയുടെ പ്രതിപാദ്യമായിരുന്നു. സ്ത്രീയുടെ ശാരീരിക അനുഭവങ്ങള്‍പോലും അനുഭാവ പൂര്‍വ്വമായി അവന്‍ മനസ്സിലാക്കിയിരുന്നു. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയും അതിനുശേഷം ആനന്ദിക്കുന്ന സ്ത്രീയും ഈശോയുടെ വിവരണങ്ങളില്‍പ്പെടുന്നു. ഒരു പുതുജീവനെ ഉദരത്തില്‍ കരുതലോടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണല്ലോ, ഒരു സ്ത്രീ മാസാമാസം കടന്നുപോകുന്ന വേദനകള്‍, ഈ അവസ്ഥയില്‍ സ്ത്രീകളെ സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. ഇതിനെചുറ്റിപ്പറ്റിയുള്ള ശുദ്ധാശുദ്ധ ചിന്തകളെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിസ്തു വസ്ത്രത്തിന്‍റെ വിളുമ്പില്‍ തൊട്ട സ്ത്രീയെ സുഖപ്പെടുത്തിയത്. സഹോദരിയുടെ വേദന മനസ്സിലാക്കിയാണ് ലാസറിനെ ഉയര്‍ത്തിയത്.

അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ വിധവകള്‍ വളരെയധികം സാമ്പത്തിക സാമൂഹിക പരാധീനതകള്‍ അനുഭവിച്ചിരുന്നു. വിധവയുടെ ചില്ലിക്കാശിന് ഈശോ കൊടുത്ത വില - വിധവ ഈ ചില്ലിക്കാശ് മിച്ചംവെയ്ക്കാന്‍ വേണ്ടി തന്‍റെ ദരിദ്രാവസ്ഥയില്‍ നടത്തിയ ത്യാഗങ്ങളുടെയും, മുന്‍ഗണനാ നിര്‍ണ്ണയത്തിന്‍റെയും മഹിമ ഉള്‍ക്കൊണ്ടതുകൊണ്ടാണ്. വെറും മുപ്പത്തിമൂന്ന് വയസ്സുവരെ മാത്രം ജീവിച്ച ഈശോ സ്ത്രീകളുടെ ജീവിതാവസ്ഥ എത്രമാത്രം അനുഭാവപൂര്‍വ്വമായി ഗ്രഹിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതാണ് മനസ്സിലാക്കേണ്ട പാഠം.

അന്ന് നിലനിന്നിരുന്ന അടിച്ചമര്‍ത്തല്‍ വ്യവസ്ഥയില്‍  നിന്നും ക്രിസ്തു സ്ത്രീകളെ മോചിപ്പിച്ചു. തന്‍റെ പാദങ്ങളില്‍ തൈലാഭിഷേകം ചെയ്ത പാപിനിയായ സ്ത്രീയുടെ കാര്യം സുവിശേഷം പ്രസംഗിക്കുന്നിടത്തൊക്കെ പ്രതിപാദിക്കപ്പെടും എന്നവന്‍ ഉറപ്പുകൊടുത്തു. ഉഭയസമ്മതപ്രകാരമുള്ള വ്യഭിചാരപ്രവൃത്തിയില്‍ കൂട്ടുപ്രതികളായ പുരുഷന്മാരെ "നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ" എന്ന് വളരെ സൗമ്യമായി പറഞ്ഞുകൊണ്ട്, സ്ത്രീയെ മാത്രം പഴിക്കുന്ന സമ്പ്രദായത്തോട് കലശലായി കലഹിച്ചു.

സ്ത്രീ ജീവദായകമായ കൃപയ്ക്ക് തുല്യാവകാശിയാണെന്നും ബലഹീനപാത്രമായ അവളോട് ബഹുമാനം കാണിക്കണമെന്നും സ്ത്രീയെ ബഹുമാനിക്കാത്തവന്‍റെ പ്രാര്‍ത്ഥന തടസ്സപ്പെടുമെന്നും പറഞ്ഞു.

അനേകം ഭര്‍ത്താക്കന്മാരുള്ള, ഒരു പക്ഷേ, സമൂഹം പുറന്തള്ളിയിരുന്ന സമറിയാക്കാരി സ്ത്രീയെ കിണറിന്‍റെ പരിമിതിയില്‍നിന്ന് ഉറവയുടെ അനന്തസാദ്ധ്യതകളിലേയ്ക്ക് കൈ പിടിച്ചുയര്‍ത്തി. അന്ന് റാബ്ബിമാര്‍ സ്ത്രീകളെ നോക്കുകപോലും പാടില്ല എന്ന വ്യവസ്ഥഉണ്ടായിരുന്ന കാലത്താണെന്ന് ഓര്‍ക്കണം. ലൗകികസുഖങ്ങളുടെ അര്‍ത്ഥശൂന്യതയില്‍നിന്ന്, വചനത്തിന്‍റെ സാദ്ധ്യതകളിലേയ്ക്കാണ് യേശു അവളെ ഉയര്‍ത്തിയത്. സൈറോ ഫിനീഷ്യന്‍ സ്ത്രീയുടെ തര്‍ക്കുത്തരത്തിന്‍റെ യുക്തി ക്രിസ്തു അംഗീകരിച്ച് അവളുടെ മകളെ പിശാചു ബാധയില്‍നിന്ന് മുക്തയാക്കി. മര്‍ത്താമറിയം സഹോദരിമാരുടെ വീട്ടില്‍വെച്ച് ദൈനദിനം വീട്ടുകാര്യങ്ങളില്‍ മുഴുകുന്നതിലും, ആ പ്രത്യേക സാഹചര്യത്തില്‍, ശ്രേഷ്ഠമായത് വചനം ശ്രവിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് തോറ വായിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത്, സ്ത്രീകള്‍ക്ക് വചനത്തിലേക്കുള്ള ക്ഷണമായിരുന്നു അത്.

ഈശോയുടെ പരസ്യജീവിതകാലത്തും, പീഡാനുഭവവേളയിലും, കുരിശുമരണത്തിലും, സംസ്കാരത്തിലും ഉത്ഥാനത്തിലും സ്ത്രീകള്‍ കൂടെയുണ്ടായിരുന്നു. പരസ്യജീവിതകാലത്ത് അന്നത്തെ സാമൂഹ്യ സമ്പ്രദായത്തില്‍ സ്ത്രീകളെ പ്രധാന ശിഷ്യരായി കൂട്ടാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ അനേകം സ്ത്രീകളുമായി ആദരപൂര്‍വ്വം അവരുടെ അവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട്, അവര്‍ക്കെതിരെയുള്ള ചൂഷണങ്ങളെയും വിവേചനത്തേയും ചോദ്യംചെയ്തുകൊണ്ട് ഇടപഴകിയിരുന്നു. മഗ്ദലനമറിയത്തെ അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്നാണല്ലോ വിശേഷിപ്പിക്കുന്നത്.
ബൈബിളിലെ സ്ത്രീകള്‍ ഭയമുള്ളവരായിരുന്നില്ല. കന്യകയായ പരിശുദ്ധ മാതാവ്, ഗര്‍ഭധാരണം ഏറ്റെടുത്തത് ധൈര്യപൂര്‍വ്വമായ ഒരു തീരുമാനമായിരുന്നു. ദുഃഖവെള്ളിയാഴ്ച പത്രോസ് പോലും ഈശോയെ അറിയില്ല എന്നു പറഞ്ഞപ്പോള്‍,  ഈശോയെ അനുഗമിച്ചത,് ഏറെയും സ്ത്രീകളായിരുന്നു. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈശോയ്ക്ക് പിന്തുണ പ്രഖ്യാപിക്കുക വഴി അധികാരികളുടെ ക്രൗര്യം ഏറ്റുവാങ്ങാനുള്ള സാദ്ധ്യത മനസ്സിലാക്കിയിട്ടു തന്നെയാണ് ഈ സ്ത്രീകള്‍ യേശുവിനെ അനുഗമിച്ചത്. വെറോനിക്ക ഈശോയുടെ മുഖം തുടച്ചുകൊടുത്തു. കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്ന ക്രിസ്തു അനുയായികളില്‍ ഏറെപ്പേരും സ്ത്രീകളായിരുന്നു.

സ്ത്രീകളുടെ സാക്ഷ്യത്തിന് വിലയില്ലാതിരുന്ന യഹൂദനിയമ വ്യവസ്ഥയില്‍ ഈശോയുടെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സാക്ഷ്യച്ചുമതല മഗ്ദലന മറിയത്തിനായിരുന്നുവല്ലോ. സമൂഹം 'മോശമാക്കിയ' സ്ത്രീകളുടെ കൂടെ ആയിരിക്കുമ്പോഴും ക്രിസ്തുവിന്‍റെ ശ്രദ്ധ അവര്‍ക്ക് നഷ്ടപ്പെട്ട അന്തസ്സ് പുനഃസ്ഥാപിച്ച് കൊടുക്കുന്നതില്‍ മാത്രമാണ്.

'തള്ളക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ എന്നപോലെ' എന്ന പ്രയോഗം യേശുവിന്‍റെ മാതൃഭാവത്തെ തെളിയിക്കുന്നു. 'ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ നല്കുവാനും അതു സമൃദ്ധമായി നല്കുവാനും' ആണ് എന്നു പറയുമ്പോള്‍ അത് മാതൃത്വത്തിന്‍റെ തന്നെ ഭാവമാണ്.

വിശുദ്ധ ദേവാലയത്തെ കച്ചവടസ്ഥലമാക്കിയപ്പോഴാണ് യേശുവിന്‍റെ ആണത്തഭാവം ഉണര്‍ന്നത്. പുരുഷഗുണങ്ങള്‍, സ്ത്രൈണ ഗുണങ്ങള്‍ എന്ന് നാം പേരിട്ടു വിളിക്കുന്ന എല്ലാ ഗുണങ്ങളുടേയും സമജ്ഞസ സമ്മേളനമാണ് യേശുവില്‍ നാം കാണുന്നത്. നന്മ നിറഞ്ഞ ഹൃദയത്തോടുകൂടി, സാഹചര്യങ്ങള്‍ക്കനുസൃതമായി, വേണ്ട അളവില്‍ നമ്മള്‍ തരംതിരിച്ച് പറഞ്ഞുവച്ചിരിക്കുന്ന ഈ ആണ്‍-പെണ്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കുകയാണ് യേശു ചെയ്തത്. യേശുവില്‍ നാം കാണുന്നത് പരിപൂര്‍ണ്ണമായ വ്യക്തിത്വമാണ്. ക്രിസ്തുവിന്‍റെ അനുയായികള്‍ പരിപൂര്‍ണ്ണ ക്രിസ്ത്യന്‍ വ്യക്തിത്വം രൂപപ്പെടുത്താനാണ് ലക്ഷ്യമിടേണ്ടത്.
ദൈവം നിര്‍വ്വചനാതീതം.

ദൈവം അനന്തമാണ്. ദൈവം അപരിമേയമാണ്. വാക്കുകള്‍ക്കതീതമാണ്. അനന്തമായ ദൈവത്തെ എങ്ങനെ പരിമിതമായ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാവും? ദൈവത്തെ അനുഭവിക്കാനല്ലേ പറ്റൂ? (അതും ഓരോരുത്തരുടെ ദൈവകൃപയുടെ ഏറ്റക്കുറച്ചിലനുസരിച്ച്).

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ദൈവത്തില്‍ എല്ലാം തികഞ്ഞിരിക്കണമല്ലോ. ലോകത്തിലുള്ള എല്ലാറ്റിന്‍റെയും എല്ലാവരുടേയും തികവിന്‍റെ അപ്പുറം ആയിരിക്കണമല്ലോ ദൈവത്തിന്‍റെ തികവ്. നിര്‍വ്വചിക്കാന്‍ പറ്റില്ല. പക്ഷേ, ദൈവത്തെപ്പറ്റി പറയണമല്ലോ. പറയുമ്പോള്‍  സ്വല്പമെങ്കിലും മനസ്സിലാവുകയും വേണം. അരൂപി എന്ന് പറയാം. പക്ഷേ എന്തെങ്കിലും സങ്കല്പിക്കാന്‍ പറ്റണ്ടേ? ത്രിത്വം എന്നത് ഇന്നും ദൈവശാസ്ത്രജ്ഞര്‍ക്ക് ചര്‍ച്ച പൂര്‍ത്തിയാകാത്ത വിഷയമാണ്. ഈ അവസരത്തില്‍ ദൈവശാസ്ത്രവിജ്ഞാനം ഒട്ടും ഇല്ലാത്ത വ്യക്തി എന്ന നിലയില്‍ ചിന്തിക്കുകയാണ്. പുത്രനായ ദൈവത്തിന് പിതാവും വേണം മാതാവും വേണം. പിതാവായ ദൈവം ഭൂമിയിലുള്ള എല്ലാറ്റിന്‍റേയും പൂര്‍ണ്ണതയ്ക്കും അപ്പുറത്തായിരിക്കണമല്ലോ. പൂര്‍ണ്ണത വേണമെങ്കില്‍, ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ എല്ലാ സദ്സ്വഭാവവിശേഷങ്ങളുടേയും കേദാരമായിരിക്കണം. എല്ലാ ആണ്‍പെണ്‍ സ്വഭാവവിശേഷങ്ങളും യേശുവില്‍ എന്ന പോലെയോ അതിലധികമായോ സമ്മേളിച്ചിരിക്കണം.

എന്തുകൊണ്ട് ദൈവത്തെ മാതാവ്, പുത്രി, പരിശുദ്ധാത്മാവ് എന്ന ത്രിത്വാവസ്ഥയില്‍ കണ്ടില്ല? അതി തീവ്രമായ സ്ത്രീ വിരുദ്ധത കൊടികുത്തി വാണിരുന്ന അന്നത്തെ യഹൂദസംസ്കാരത്തില്‍ ദൈവത്തെ സ്ത്രീയായി അവതരിപ്പിക്കുവാന്‍ പറ്റുമായിരുന്നില്ല. ആ കാലഘട്ടത്തില്‍, ആ സംസ്കാരത്തില്‍ സ്ത്രീ പിന്നോക്കാവസ്ഥയിലായിരുന്നു. എല്ലാം തികഞ്ഞതാണ് ദൈവം. പിന്നോക്കാവസ്ഥയുടെ ലാഞ്ചനപോലും ദൈവത്തെപ്പറ്റി പറയുമ്പോള്‍ ശരിയാവില്ല. മനുഷ്യപുത്രന് ഭൂമിയില്‍ മാതാവ് ഇപ്പോള്‍തന്നെയുണ്ടല്ലോ. മനുഷ്യരൂപത്തില്‍ ഭൂമിയില്‍ അവതരിക്കുമ്പോള്‍ മാതാവില്ലാതെ പറ്റില്ലല്ലോ. ഇനി ബാക്കി വേണ്ടത് പിതാവിനെയാണല്ലോ. മനുഷ്യപുത്രനായി അവതരിക്കാതെ മനുഷ്യപുത്രിയായി ദൈവം എന്തുകൊണ്ട് അവതരിച്ചില്ല? സ്ത്രീയുടെ ശരീരത്തോടുകൂടി ഒരു വ്യക്തി ആ കാലഘട്ടത്തില്‍ ജനിച്ചാല്‍, ആ കാരണം കൊണ്ടുതന്നെ പ്രാന്തവത്ക്കരിക്കപ്പെടും. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പുറംതള്ളപ്പെടാനും സാധ്യത ഉണ്ട്. ദൈവവചനം പങ്കുവയ്ക്കാന്‍ അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീ ശരീരമുള്ള വ്യക്തിക്ക്  സാധിക്കുമായിരുന്നില്ല.
പിതാവായ ദൈവം എന്ന് പറയുമ്പോഴും ആ പിതാവിന്‍റെ രൂപം ഇന്നു പറഞ്ഞുവെച്ചിരിക്കുന്ന ആണത്ത സങ്കല്പത്തിലുള്ള പിതാവിന്‍റെയല്ല. സ്നേഹത്തിന്‍റെ ധൂര്‍ത്തുള്ള, അനുരഞ്ജനത്തിന്‍റെ ധൂര്‍ത്തുള്ള (ഇത് ഇന്നു പറയപ്പെടുന്ന സ്ത്രൈണ സ്വഭാവഗണത്തില്‍പെട്ടതാണല്ലോ) പിതാവിന്‍റെയാണ്. ഇതാണ് ദൈവത്തെപ്പറ്റി മുടിയനായ പുത്രന്‍റെ ഉപമയിലൂടെ ഈശോ തരുന്ന സൂചന. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്- അന്ന് നിലവിലിരുന്ന സ്ത്രീ വിരുദ്ധതയെ, പരിമിതികള്‍ മറികടന്ന് ക്രിസ്തു പരമമായിത്തന്നെ വെല്ലുവിളിച്ചു. അതിലപ്പുറം പോകാന്‍ പറ്റുമായിരുന്നില്ല. ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ, അതാത് കാലഘട്ടത്തിലെ ലിംഗപദവി ജീര്‍ണ്ണതകളെ പ്രായോഗികമായ തലത്തില്‍ വെല്ലുവിളിക്കുക എന്നത് ക്രിസ്തുവിന്‍റെ അനുയായിയുടെ ധര്‍മ്മമാണ്.

അരൂപിയായ പരിശുദ്ധാത്മാവിന് ലിംഗനിര്‍ണ്ണയം നടത്തുക എന്നത് ശുദ്ധഅസംബന്ധമാണ്, വെറും ഭോഷ്കാണ്. ഈ യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഭാഷാ വിവര്‍ത്തനത്തില്‍ RUAH  എന്ന ഹീബ്രുവാക്കിന് വന്ന ലിംഗ വ്യതിയാനം നിരീക്ഷിക്കാം. ഹീബ്രുവില്‍ RUAH  (ശ്വാസം, കാറ്റ്) എന്ന വാക്ക് സ്ത്രീലിംഗമാണ്. ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട  PNEUMA ന്യൂട്ടര്‍ ജെന്‍ഡര്‍ ആണ്. ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട SPIRITUS എന്നത് പുല്ലിംഗമാണ്.

യേശുവിന്‍റെ ജീവിതവും പാഠങ്ങളും പഠനങ്ങളും പറയുന്നത്, ക്രിസ്തുവില്‍ മുന്നിട്ട് നിന്നിരുന്നത് ഇന്ന് സ്ത്രൈണമെന്ന് വിശേഷിപ്പിക്കുന്ന ഗുണങ്ങളാണ്. ഒരു വ്യക്തി ക്രിസ്ത്യാനി ആവുന്നത് തന്നിലുള്ള ക്രൈസ്തവ സ്ത്രൈണതയെ കണ്ടെത്തുമ്പോഴും, അംഗീകരിക്കുമ്പോഴും പ്രതിവര്‍ത്തിക്കുമ്പോഴും ആണ്. അഷ്ടസൗഭാഗ്യങ്ങളെപ്പറ്റി ധ്യാനിക്കുമ്പോഴും നമുക്ക് മനസ്സിലാവുന്നത് നാം സ്ത്രൈണമെന്ന് വിശ്വസിക്കുന്ന ഗുണങ്ങളുള്ളവരും 'അക്രൈസ്തവമായ ആണത്തത്തിന്‍റെ' ദുഷിച്ച ഭാഗങ്ങളെ നിരാകരിക്കുന്നവരുമാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹരാവുന്നത് എന്നാണ്. എല്ലാ മനുഷ്യ നന്മകളുടേയും (ആണ്‍-പെണ്‍ ഭേദത്തോടെ നാം വേര്‍തിരിച്ചു കാണുന്ന നന്മകളുടേയും) മൂര്‍ത്തീകരണം ആവുമ്പോഴാണ് ക്രിസ്തുവിനെ അനുകരിച്ച് ജീവിക്കുമ്പോഴാണ്. അതുകൊണ്ട് ദൈവവും ഇത്തരം എല്ലാ ആണ്‍-പെണ്‍ എന്ന് നാം പേരുചൊല്ലി വിളിക്കുന്ന ഗുണങ്ങളുടേയും സവിശേഷവും പരിപൂര്‍ണ്ണവുമായ സമ്മിശ്രണവും കൂടിയാണ്.

ദൈവത്തെപ്പറ്റി പറയുവാന്‍ എന്താണ് യോഗ്യത? തിരമാലയ്ക്ക് കടലിനെപ്പറ്റി പറയാന്‍ പറ്റുമോ? സൂര്യകിരണത്തിന് സൂര്യനെപ്പറ്റി പറയാന്‍ പറ്റുമോ? പക്ഷേ പരിമിതമായ അറിവില്‍ നിന്നുകൊണ്ട് ഒന്നുറക്കെ ചിന്തിക്കാമല്ലോ. ദൈവം സ്നേഹമാണ്. സ്നേഹത്തിന് ലിംഗാവസ്ഥ കല്പിക്കാന്‍ പറ്റില്ലല്ലോ. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ സ്നേഹത്തിന്‍റെ സവിശേഷതകളായി പറയുന്ന - ദീര്‍ഘ ക്ഷമ, ദയ, സ്വാര്‍ത്ഥം അന്വേഷിക്കായ്ക തുടങ്ങിയ എല്ല ഗുണങ്ങളും സ്ത്രൈണ ലേബലില്‍ പെട്ടതാണല്ലോ. എല്ലാറ്റിനേയും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ദൈവം, തന്‍റെ സ്വത്വത്തില്‍, സ്ത്രൈണ-പൗരുഷഭാവങ്ങളെ അവയുടെ ഔന്നത്യത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്  എന്നുവേണം വിചാരിക്കാന്‍.

എന്തിന് ആള്‍ ദൈവം? ദൈവം ആളാണെങ്കിലല്ലേ ഏത് ലിംഗത്തില്‍ പെട്ടതാണെന്നുള്ള ചോദ്യത്തിന് പ്രസക്തി. പുറപ്പാടിന്‍റെ പുസ്തകത്തില്‍ ദൈവം മോശയോട് പറഞ്ഞു: "ഞാന്‍ ഞാന്‍ തന്നെ" ഇതില്‍ കൂടുതല്‍ നമുക്ക് അറിയില്ലല്ലോ. ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു "ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനും ആയി അവിടുന്ന് സൃഷ്ടിച്ചു. അതുകൊണ്ട് ദൈവത്തിന്‍റേത് സംയുക്തഭാവമാണ് എന്നാണല്ലോ മനസ്സിലാക്കേണ്ടത്. ദൈവം ഇതല്ല, ഇതല്ല എന്ന് അര്‍ത്ഥമാക്കുമാറ്  നേതി നേതി എന്ന് നമ്മുടെ ഹൈന്ദവ സഹോദരീ-
സഹോദരന്മാര്‍ പറയാറുണ്ടല്ലോ. ദൈവം എന്താണ് എന്നു നമുക്കു പറയാന്‍ പറ്റില്ല. പക്ഷേ ഒന്നു പറയാം ദൈവം ആണല്ല.

You can share this post!

തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്‍

സമരസമിതി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts