news-details
സഞ്ചാരിയുടെ നാൾ വഴി

ഈ മനുഷ്യര്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്നുവെന്നായിരുന്നു ക്രിസ്തീയതയ്ക്കെതിരെ ഉയര്‍ന്ന ആദ്യത്തെ ആരോപണം. ഒന്നുകൂടി സൂക്ഷിച്ചുവായിച്ചാല്‍ അതുതന്നെയാണ് നാളിന്നോളം അതിനുലഭിച്ച ഏറ്റവും നല്ല അഭിനന്ദനവും. മാറിനടക്കാനുള്ള ആ വിളി കാലത്തിന്‍റെ ഏതു തിരിവിലാണ് നമ്മള്‍ മറന്നുവച്ചത്? സ്വയം വിശുദ്ധരെന്നു വിളിക്കാന്‍ ചങ്കുറപ്പുള്ള സമൂഹമായിട്ടായിരുന്നു അതിന്‍റെ രംഗപ്രവേശം. മാറി നടക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലുള്ള 'ഹഗ്ഗിയോസ്' എന്ന പദമായിരുന്നു അതിനവര്‍ കണ്ടെത്തിയത്. എന്തായാലും ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ആ പഴയഫലിതം കണക്കെ ക്രിസ്ത്യാനി എന്ന കാരണംകൊണ്ട് ഒരിക്കല്‍ നിങ്ങള്‍ വിചാരണ നേരിടുകയാണെങ്കില്‍ കട്ടായമായും കോടതി നിങ്ങളെ വെറുതെവിടും - വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍!

ഓര്‍ക്കുന്നു, ഇറ്റലിയിലെ ഒരു ഫിലി ഫെസ്റ്റിവല്‍. പള്ളിയില്‍ കഴിഞ്ഞു വന്ന മൂന്നു വൃദ്ധര്‍, ഓഡിറ്റോറിയത്തിനകത്ത് നടക്കുന്നതെന്തെന്ന് അറിയാനുള്ള കൗതുകംകൊണ്ട് അകത്തുപ്രവേശിച്ചപ്പോള്‍ അവിടെ ഭയത്തെ ആധാരമാക്കി ഒരു ചിത്രം നടക്കുകയായിരുന്നു. അതു തീര്‍ന്നപ്പോള്‍ കരഘോഷം മുഴക്കാന്‍ പോലും ആകാതെ കാണികള്‍ വല്ലാതെ പതറിയിരുന്നു. ആരാണീ ചിത്രം ചെയ്തതെന്ന് ആരാഞ്ഞ് ജ്ഞാനികളായ ആ വൃദ്ധര്‍ മുമ്പോട്ടെത്തി. അവിടെ തെല്ലു മദ്യത്തില്‍ മുങ്ങി മെല്ലിച്ച ഒരു കറുത്ത മനുഷ്യന്‍ നില്പ്പുണ്ടായിരുന്നു. അവരിലൊരാള്‍ അയാളുടെ കൈയുയര്‍ത്തി മുത്തി, ഇങ്ങനെ മന്ത്രിച്ചു: 'ഞങ്ങളുടെ കറുത്ത യേശുവേ!' എന്താണ് അതിന്‍റെ സൂചന. ഈ മനുഷ്യന്‍ ചില കാര്യങ്ങളെ വ്യത്യസ്തമായ പ്രതലത്തില്‍നിന്ന് കാണാന്‍ ഞങ്ങളെ സഹായിച്ചുവെന്ന് സാരം. ചുരുക്കത്തില്‍ എന്തെങ്കിലുമൊക്കെ വ്യത്യസ്തത പുലര്‍ത്തുന്നവരുടെ ചങ്കില്‍ അസാധാരണ പ്രകാശമുള്ള ക്രിസ്തുമുദ്ര പതിഞ്ഞിട്ടുണ്ടെന്നു സാരം. ഉടനീളം സുവിശേഷത്തിലെ ക്രിസ്തു പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ: നിങ്ങളിങ്ങനെ കേട്ടിട്ടുണ്ടല്ലോ, എന്നാല്‍ ഞാന്‍ നിങ്ങളോട് ഇങ്ങനെ പറയുന്നു...

സ്വയം മാറിനടക്കുകയും അങ്ങനെ മാറി നടക്കാന്‍ തന്‍റെ കാലത്തെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നുള്ളതാണ് ക്രിസ്തുവിന്‍റെ കര്‍മ്മം. അങ്ങനെ മാറിനടന്നതു കൊണ്ട് പൈത്യക്കാരനെന്ന് അവനു വിശേഷണമുണ്ടായി. അവനെ പിടിച്ചുകൊണ്ടുപോയി ചികിത്സിക്കാനുള്ള ഒരു ശ്രമംപോലും സഹോദരന്മാര്‍ നടത്തിയതായി സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്.

അടുത്തിടെ വായിച്ച നല്ലൊരു പുസ്തകത്തില്‍ നിങ്ങളുടെ ഇടയില്‍ ഇങ്ങനെയായിരിക്കരുതെന്ന് ക്രിസ്തു പറഞ്ഞിരുന്ന കാര്യങ്ങള്‍ ചേര്‍ത്തുവച്ച് ഒരു കുറിപ്പു കണ്ടു. മാറി നടക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ചെറിയ അജഗണത്തിന് അത് നല്ലൊരു മാര്‍ഗരേഖയാണെന്ന് കരുതിക്കോട്ടെ. വര്‍ത്തമാനകാലത്തിന്‍റെ സമസ്ത ശൈഥില്യങ്ങള്‍ക്കുമെതിരായുള്ള വാക്കിന്‍റെ പ്രതിരോധമായിതിനെ ഗണിക്കാവുന്നതാണ്.

നമ്മുടെ പ്രാര്‍ത്ഥനാസമ്പ്രദായങ്ങളില്‍നിന്ന് ആരംഭിക്കാവുന്നതേയുള്ളൂ. അമിതഭാഷണവും ആരവങ്ങളും കൊണ്ട് മുഖരിതമാകുന്ന ഏതു കാലത്തിന്‍റെയും പ്രാര്‍ത്ഥനാസങ്കല്പങ്ങളെ തിരുത്തിയെഴുതുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നുണ്ട്. 'അലറിവിളിപ്പതെന്തിനു മൗലവി, ബധിരനോ പ്രഭു' എന്നു നിറമിഴികളോടെ ഒരാള്‍ പാടുന്നുണ്ട്. കബീറാണത്. നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കുന്ന ഒരാളെന്ന മട്ടില്‍ ആ മഹാചൈതന്യത്തെ നിര്‍വചിക്കാത്തിടത്തോളം കാലം പൊള്ളയായ ആരവങ്ങള്‍കൊണ്ട് ഭൂമി ബധിരമാകും. വാതിലുമടച്ച് പ്രാര്‍ത്ഥിക്കുവാനാണ് ക്രിസ്തു പഠിപ്പിച്ചത്. വാതിലെന്നാല്‍ ഇന്ദ്രിയങ്ങളെന്നു സൂചന. കണ്ണ് ഉള്‍പ്പെടെയുള്ള പാളികള്‍ അടച്ചിട്ട് ഉള്ളിലേക്ക് പ്രവേശിച്ച് അകത്തുള്ളവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുവാനാണ് അവിടുന്ന് ആ പാവപ്പെട്ട മീന്‍പിടുത്തക്കാരെ പഠിപ്പിച്ചത്. ഒന്നോര്‍ത്തു നോക്കൂ, കട്ടമരത്തില്‍ കണ്ണുംപൂട്ടിയിരിക്കുന്ന പുരുഷന്മാര്‍. ചന്തയുടെ ഇടവേളകള്‍ക്കിടയില്‍ മിഴിപൂട്ടി ആ പരമചൈതന്യത്തെ ധ്യാനിക്കുന്ന സ്ത്രീകള്‍. ചില തൊങ്ങലുകളില്‍നിന്ന് പ്രാര്‍ത്ഥനയ്ക്കും നിങ്ങള്‍ക്കും മോചനം കിട്ടുമ്പോള്‍ കാര്യങ്ങള്‍ സരളമാകുന്നു. ഒരാളെത്തുന്ന നിശ്ശബ്ദതയാണ് അയാളുടെ ആത്മീയാന്വേഷണങ്ങളുടെ പരമോന്നത പദം. വിജനവും നിശ്ശബ്ദവുമായ ഇടങ്ങള്‍ പുലരിയിലേ തേടിപ്പോയി അവിടെ പ്രാര്‍ത്ഥനയിലായിരുന്നുകൊണ്ട് ക്രിസ്തു ആ മാതൃക നിലനിര്‍ത്തുന്നുണ്ട്: അതിരാവിലെ അവനുണര്‍ന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു (മര്‍ക്കോ. 13:5). കുറെയധികം കര്‍മ്മങ്ങളുടെ ഇടയിലാണ് മര്‍ക്കോസ് സുവിശേഷകന്‍ ആ വരി കുറിച്ചിട്ടിരിക്കുന്നത് (മര്‍. 1:30-39). സൗഖ്യശുശ്രൂഷകള്‍, ഉച്ചാടനങ്ങള്‍, പട്ടണങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള സഞ്ചാരങ്ങള്‍, സിനഗോഗുകളില്‍നിന്ന് സിനഗോഗുകളിലേക്കുള്ള പ്രഭാഷണങ്ങള്‍ - അതിനിടയിലാണ് ഹൃദയത്തില്‍ മഞ്ഞുവീഴ്ത്തുന്ന ആ വരി. നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും ഇടവേളയായി മാറേണ്ട പ്രാര്‍ത്ഥനപോലും എത്ര പെട്ടെന്നാണ് ശബ്ദത്തിന്‍റെയും സംഘത്തിന്‍റെയും കൂടാരമായി മാറിയത്. അതങ്ങനെയല്ലാത്തതുകൊണ്ടു മാത്രം അര്‍ത്ഥം നഷ്ടമാകുന്ന നമ്മുടെ വാക്കുകള്‍, അകലങ്ങള്‍ സൂക്ഷിക്കാത്തതുകൊണ്ട് പരിക്കേല്ക്കുന്ന നമ്മുടെ അടുപ്പങ്ങള്‍, ചങ്കില്ലാത്ത നമ്മുടെ കര്‍മ്മങ്ങള്‍. ഒടുവില്‍ അവനെന്നെ ഒരു നീണ്ട മൗനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ആവിലായിലെ തെരേസയുടെ വാക്കുകള്‍, എന്തുകൊണ്ടാണ് നമ്മുടെ വര്‍ത്തമാനകാല സാധകരെ മോഹിപ്പിക്കാത്തത്.

ഉപവസിക്കുമ്പോള്‍ മുഖത്ത് വിഷാദം നിലനിര്‍ത്തിയ ഒരു കാലത്തെ കാട്ടിക്കൊണ്ട് ക്രിസ്തു പറഞ്ഞു. നിങ്ങളുടെ ഇടയില്‍ ഇങ്ങനെ ആയിരിക്കരുത്. മുടി കോതിയും, മുഖപ്രസാദം സൂക്ഷിച്ചും, ഉപവാസത്തെ ആഴമുള്ള അനുഭവമാക്കുക. തങ്ങള്‍ വേണ്ടെന്ന് വച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുക വഴി ഓരോ ത്യാഗങ്ങള്‍ക്കു പിന്നിലെ നിഗൂഢമായ ആ ചിരിയുടെയും കണ്ണീരിന്‍റെയും പുണ്യം കളഞ്ഞുപോകുന്നു. തങ്ങളേറ്റുവാങ്ങിയ ക്ലേശങ്ങളെ എണ്ണിപ്പറയുന്നതു വഴി സ്വന്തം കാലത്തെ അവര്‍ സമ്മര്‍ദ്ദത്തിലാക്കുക കൂടി ചെയ്യുന്നുണ്ട്. ആരോ വിശുദ്ധ യോഹന്നാനെക്കുറിച്ച് നിരീക്ഷിക്കുന്നതുപോലെ. കഠിനമായ കായികക്ലേശങ്ങളിലേക്കായിരുന്നു അയാളുടെ വാര്‍ദ്ധക്യത്തെ ശത്രുക്കള്‍ നാടുകടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കരിങ്കല്ല് പൊട്ടിച്ചിരുന്നത് ആ ദ്വീപില്‍ നിന്നായിരുന്നു- പാത്മോസില്‍ നിന്ന്. എന്നിട്ടും വെളിപാടിന്‍റെ പുസ്തകമെഴുതുമ്പോള്‍ താന്‍ കഴിച്ചുകൂട്ടിയ കഠിനവ്യസനങ്ങളുടെ സായന്തനങ്ങളെക്കുറിച്ച് ഒരു വരിപോലും അയാള്‍ കോറിയിട്ടില്ല. തുറന്നു കാട്ടേണ്ടതല്ല ഒരാളുടെ സ്വകാര്യ ഏടിലെ കണ്ണീര്‍മുദ്രവച്ച സ്മൃതികള്‍.
നല്കുമ്പോഴും നിങ്ങളിങ്ങനെ ആയിരിക്കരുതെന്ന്  മറ്റൊരിടത്ത്. പ്രദര്‍ശനാത്മകതയാണ് ഏതൊരു കാലത്തിന്‍റെയും പാപം. അതിനിടയില്‍ ആത്മനിന്ദകൊണ്ട് സ്വീകരിക്കുന്നവന്‍റെ അകം പോറുന്നത് മാത്രം ആരുമറിയുന്നില്ല. അവനവനാഘോഷത്തിന് അപരന്‍ മറ്റൊരു പൊയ്ക്കാല്‍ മാത്രം. അതില്‍ ചവിട്ടിനിന്നാല്‍ നിങ്ങള്‍ക്ക് മാലോകരെയും അവര്‍ക്കു നിങ്ങളെയും നന്നായി കണ്ടു തൃപ്തിയടയാം. ചതഞ്ഞ കാല്പനികതയാണ്. എന്നാലും ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു, ആ കുട്ടിക്കാലത്തെ സങ്കല്പം- മാനം കണ്ടാല്‍ മയില്‍പീലികള്‍ പിന്നെ പെറ്റുപെരുകില്ലെന്ന്. എന്തും പെരുകുന്നത് ഹൃദയത്തിന്‍റെ അഗാധനിഗൂഢതകളിലും നിശ്ശബ്ദതയിലുമാണ്. നല്കുന്നതിന്‍റെ ഹുങ്കില്ലാതെ സ്വീകരിക്കുന്നതിന്‍റെ ലജ്ജയില്ലാതെ ചങ്ങാതിമാര്‍ക്കിടയില്‍ എന്നതുപോലെ കളിച്ചും ചിരിച്ചും കണ്ണുനിറഞ്ഞും ഓരോരോ കാര്യങ്ങള്‍ കൈമാറുന്ന ആ കാലം വരാനിരിക്കുന്നതേയുള്ളൂ.

സ്നേഹസങ്കല്പങ്ങളിലും നിങ്ങള്‍ മാറിനടക്കുന്നവരാകണം എന്നതാണ് മറ്റൊരനുശാസനം. ലോകത്തെല്ലായിടത്തും ഒരു കാര്യം ഉറപ്പാണ്. ഒരു വന്ദനത്തിന് പ്രതിവന്ദനം. അതിലിത്ര മേനി പറയാന്‍ എന്തിരിക്കുന്നു. നിങ്ങളുടെയിടയില്‍ അങ്ങനെ ആയിരിക്കരുത്. സത്യം പറഞ്ഞാല്‍ സ്നേഹമെന്ന പദം ഉച്ചരിക്കാന്‍ നമുക്കെന്താണര്‍ഹത. എന്താണ് സ്നേഹമെന്ന് നിര്‍വചിക്കാന്‍ തക്ക പ്രകാശമൊന്നുമില്ല. എന്നാലും ഇതല്ല സ്നേഹമെന്ന് പറയാനുള്ള വിവേകമുണ്ട്. ഏതാണ്ട് ഒരു നേതി-നേതി ലൈന്‍. വെറുതെയല്ല സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മുമ്പില്‍ ആദ്യമൊക്കെ ഉവ്വ്, ഉവ്വ് എന്ന ഉത്തരം പറഞ്ഞ പത്രോസ് ഒടുവില്‍ വാവിട്ടുകരഞ്ഞത്. പ്രിയങ്ങളെ സ്നേഹമായി തെറ്റിദ്ധരിച്ച് ഈ സംഘയാത്രയില്‍ ഓരോരുത്തരും വളരെ തൃപ്തരായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കയാണ്. ഉപാധികളില്ലാത്ത സ്നേഹമെന്ന പുതുവീഞ്ഞു കാട്ടി അവിടുന്ന് എല്ലാ കാലത്തോടും സങ്കടം പറയുന്നു. ഇതു ചൊരിഞ്ഞു കൊടുക്കാന്‍ തക്ക പുതിയ തോല്ക്കുടങ്ങളെവിടെ? നിര്‍ഭാഗ്യവശാല്‍ ആരുടെയും ജീവിതം അസാധാരണ വീര്യമുള്ള ആ വീഞ്ഞ് ഏറ്റുവാങ്ങാന്‍ പറ്റുന്ന തോല്ക്കുടമായി രൂപാന്തരപ്പെട്ടിട്ടില്ല. ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല അഭിനന്ദനമായി ഞാന്‍ ഗണിക്കുന്നത് ഒരു ചെറുമക്കാരന്‍റെ ഈ കൊച്ചുവര്‍ത്തമാനമാണ്. ഒരാളെ കൊന്ന് പുലരിയാകുമ്പോള്‍ നിങ്ങളുടെയടുക്കല്‍ വന്നുകയറിയാല്‍ അപ്പോഴും നിങ്ങള്‍ പറയും, നീ ഒന്നും കഴിച്ചിട്ടുണ്ടാവില്ല, തണുത്ത ചോറ് അകത്തുണ്ടാകും. സത്യമായിട്ടും അര്‍ഹതപ്പെട്ട ഒന്നല്ല ഈ നിരീക്ഷണം. എന്നാലും അങ്ങനെയൊക്കെത്തന്നെ ആയിരുന്നെങ്കില്‍ എന്ന മോഹത്തിന്‍റെ ഒരു വിത്തയാള്‍ നെഞ്ചിലേക്കിട്ടു തന്നു.

അധികാരത്തെക്കുറിച്ചു നമ്മുടെ കാലത്തിനു തീരെ പരിചയമില്ലാത്ത ചില വീക്ഷണങ്ങളിലൂടെയാണ് ക്രിസ്തു സാധകരെ കൂട്ടിക്കൊണ്ടുപോകുന്നത്. കീഴ്പ്പെടുത്തുന്ന ആ മേല്‍ക്കോയ്മയെ അധികാരമെന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിങ്ങളുടെയിടയില്‍ അതങ്ങനെയാകരുത്. മറിച്ച് എല്ലാവരുടെയും വിനീതദാസനായി സ്വയം വര്‍ത്തിക്കുകയും നിലനില്‍ക്കുകയും ചെയ്യുക. ദൈവത്തിനേറ്റവും പ്രസാദമുള്ള ഉപവാസം എല്ലാ നുകങ്ങളെയും എടുത്തുമാറ്റുന്ന പ്രക്രിയയാണെന്ന് പഴയനിയമവായനയുമുണ്ടല്ലോ. വിധേയന്മാരെ സൃഷ്ടിക്കുന്നതിലല്ല നട്ടെല്ലു പണയംവയ്ക്കാത്ത ആന്തരികസ്വാതന്ത്ര്യം അനുഭവിക്കുന്ന ചിലരെ രൂപപ്പെടുത്താന്‍ ഒരു കാറ്റലിസ്റ്റ് ആയി നില്ക്കുകയാണ് വരുംകാലങ്ങളിലെ അധികാരധര്‍മ്മം.

ഒടുവിലായി മനുഷ്യര്‍ ഉപയോഗപ്പെടുത്തുന്ന ആണയിടല്‍ എന്ന ശീലത്തെയും കുറുകെ കടക്കേണ്ടതുണ്ടെന്ന് ക്രിസ്തു ഓര്‍മിപ്പിച്ചു. അവനവനില്‍ത്തന്നെ തെല്ല് ആത്മവിശ്വാസം കുറയുമ്പോഴാണ് മറ്റാരെയെങ്കിലും ചൂണ്ടിക്കാണിച്ച് മനുഷ്യര്‍ക്ക് തങ്ങളെത്തന്നെ ഉറപ്പിച്ചെടുക്കേണ്ടത്. വാക്കിനും പ്രവൃത്തിക്കും ചിന്തയ്ക്കുമിടയില്‍ ഋജുരേഖ രൂപപ്പെട്ട സുതാര്യജീവിതത്തിന്‍റെ ബലമനുഭവിക്കുന്ന നിങ്ങള്‍ക്ക് അത് ഒഴിവാക്കാവുന്നതേയുള്ളൂ. ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസ്യത. അതിനേക്കാള്‍ ഭേദപ്പെട്ട മറ്റെന്തുമൂലധനം ഒരാള്‍ക്കാവശ്യമുണ്ട്. നോക്കു ഇത്തരം ചില സൂചനകളെ ഗൗരവമായിട്ടെടുത്ത് സ്വന്തം ജീവിതത്തിന്‍റെ അരികുകളെ തെല്ലൊന്ന് മൂര്‍ച്ചപ്പെടുത്തി ഒരാള്‍ ജീവിച്ചുതുടങ്ങുമ്പോള്‍ എത്ര അഴകുള്ളതായിരിക്കും അയാളുടെ നിലനില്പ്പ്.

ഒക്കെ ഒരു ബദല്‍ ജീവിതത്തിലേക്കുള്ള  ക്ഷണമാണ്. മറ്റൊരു ജീവിതം സാധ്യമാണെന്ന സൗമ്യമായ ഒരോര്‍മ്മപ്പെടുത്തല്‍. ഘോഷയാത്രകളില്‍ പെട്ടുപോകുന്നവര്‍ തങ്ങള്‍ക്കോ തങ്ങളുടെ  കാലത്തിനോസ്ഥായിയായ ഒരുപകാരവും ചെയ്തിട്ടില്ല. തെല്ലും ഭാവാത്മകമാകാതെ കടന്നുപോയ അവരുടെ ആഴമില്ലാത്ത വാഴ്വുകള്‍. ഇത് ഇടുങ്ങിയ വഴിയാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ആരും ചവിട്ടാത്ത വഴി. ഓരോരോ ചുവടുകള്‍ ചവിട്ടി ഒരാള്‍ തന്‍റെ വഴിയെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. അപഹസിക്കപ്പെട്ടേക്കാം, അവരുടെ ജീവിതം. ഒരുതരം പോഴന്മാര്‍, പുഴയ്ക്കെതിരെ നീന്താന്‍ ധൈര്യപ്പെടുന്നവര്‍, ദൈവമേ, അവരുടെ വംശം പെരുകണമേ.

You can share this post!

ആലാത്ത്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts