Our problems stem from our acceptance of this filthy, rotten system – Dorothy Day
അധികാരം ദുഷിപ്പിക്കുന്നു' എന്നു പറയുവാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. എന്നാല്‍ മനുഷ്യന്‍ ഈ ദുഷിപ്പിക്കലിനടിമപ്പെട്ട് ദുഃഖിക്കാന്‍ തുടങ്ങിയിട്ട് കാലം വളരെയായി- സുകുമാര്‍ അഴീക്കോട്
അത്രയൊന്നും പുതുമയോ അസാധാരണമോ അല്ലാത്ത ഒരനുഭവം കുറിക്കാം.
കഴിഞ്ഞ ചിങ്ങമാസം ഒന്നാംതീയതി രാവിലെ ഒരു ദീര്‍ഘദൂരയാത്രയ്ക്കിടയില്‍ സംഭവിച്ചതാണ്. ടാക്സികാരില്‍ ഞങ്ങള്‍ മൂന്നുപേര്‍, ഡ്രൈവറും സഹായിയും ഞാനും. മാര്‍ഗ്ഗമദ്ധ്യേയുള്ള ഞങ്ങളുടെ തന്നെ ഒരാശ്രമത്തില്‍ നിന്നും പ്രഭാതഭക്ഷണവും കഴിച്ച് ഫ്രഷ് ആയി കഴിഞ്ഞ 12 മണിക്കൂറായി ആരംഭിച്ച യാത്ര തുടര്‍ന്നു. അവിടെനിന്നും ഏകദേശം 20 കി.മീ. അകലെയുള്ള പട്ടണത്തോടടുക്കാറായപ്പോള്‍ ഗതാഗത തിരക്ക് അതിന്‍റെ ഉച്ചസ്ഥായില്‍ ആയിരുന്നു. റെയില്‍വേ ഓവര്‍ബ്രിഡ്ജില്‍ വാഹനങ്ങളുടെ നീണ്ടനിര. ഓടിക്കൊണ്ടിരുന്ന മുന്‍പിലെ വാഹനം സഡന്‍ ബ്രേക്കിട്ടതിനാല്‍ ഞങ്ങളുടെ ഡ്രൈവറും പെട്ടെന്നു ബ്രേക്കിട്ടു. നിശ്ചിത അകലം പാലിച്ചിരുന്നതിനാല്‍ ഞങ്ങള്‍ മുന്‍പിലുള്ള വാഹനത്തെ തട്ടിയില്ല, പക്ഷേ, പുറകിലുണ്ടായിരുന്ന മറ്റുമൂന്നു കാറുകള്‍ ഒന്നിനു പുറകേ മറ്റൊന്നായി ഞങ്ങളുടെ വാഹനവുമായി കൂട്ടിയിടിച്ചു കഴിഞ്ഞിരുന്നു. ടാക്സി ഡ്രൈവറുടെ മുഖത്ത് നിരാശ പടര്‍ന്നു കയറി. ചാടിയിറങ്ങിയ മറ്റു വാഹന ഉടമകള്‍ (എല്ലാം സ്വകാര്യ വാഹനങ്ങള്‍) ഇദ്ദേഹത്തോട് തട്ടിക്കയറാന്‍ തുടങ്ങി. പുരോഹിതന്‍റെ കുപ്പായം ധരിക്കാതെ സാധാരണ വേഷത്തിലായിരുന്ന ഞാന്‍ ഞങ്ങളുടെ ഭാഗത്തെ നിരപരാധിത്വവും ന്യായവും തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവിങ്ങിലെ ബാലപാഠം പോലും മറന്ന രീതിയില്‍ അവര്‍ പ്രതികരിക്കാന്‍ തുടങ്ങി. (ഏതു വാഹനം പുറകില്‍ വന്നിടിച്ചാലും അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുറകിലെ വാഹനത്തിനാണ്). അവസാനം വാഹനം നടുറോഡില്‍ തന്നെ ഇട്ട് പോലീസിന്‍റെ വരവിനായി കാത്തു.
മിനിട്ടുകള്‍ക്കകം ട്രാഫിക് എസ്.ഐ. യും സംഘവും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ കണ്ടുകഴിഞ്ഞിട്ടദ്ദേഹവും ഞങ്ങളോടു തട്ടിക്കയറി. ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും 'താന്‍ പഠിപ്പിക്കാന്‍ വരണ്ട' എന്നാണദ്ദേഹം ഭീഷണിയുടെ സ്വരത്തില്‍ പ്രതികരിച്ചത്. തുടര്‍ന്ന് വാഹനം പോലീസ്സ്റ്റേഷനില്‍ എത്തിച്ചു. അവിടെനിന്നും പ്രാരംഭ റിപ്പോര്‍ട്ട് എഴുതി വാങ്ങി വന്നാല്‍ മതിയെന്ന് വാഹന ഉടമ അറിയിച്ചതിനാല്‍ ഞങ്ങള്‍ അതിനായി അവിടെ കാത്തു കിടക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ അതുവരെ പോലീസ്സ്റ്റേഷന്‍ അടുത്തു കണ്ടിട്ടില്ലാത്തതിനാലും അവിടെ എന്താണു നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷയാലും ഞാനും ആ പരിസരത്ത് നിലയുറപ്പിച്ചു. ഏതൊരു സര്‍ക്കാര്‍-പൊതുസ്ഥാപനത്തേയും പോലെ തികച്ചും നിരുത്തരവാദിത്വപരമായ പെരുമാറ്റങ്ങളും അശ്ശീലസംഭാഷണങ്ങളും അതിലേറെ വൃത്തിഹീനമായ ചുറ്റുപാടുകളും കൊണ്ട് അങ്ങേയറ്റം മനം മടുപ്പിക്കുന്ന ഒരന്തരീക്ഷം. ഏതായാലും ഒരു സാധാരണക്കാരനു കിട്ടുന്ന പരിഗണനമാത്രം മതി എന്നു മനസ്സില്‍ പ്രഖ്യാപിച്ച് ഞാന്‍ അവിടെ നില്പു തുടര്‍ന്നു. ചുരുക്കത്തില്‍ 7 മണിക്കൂറോളം വരുന്ന കാത്തിരിപ്പിനിടയില്‍ സി.ഐ. ചോറുണ്ണാന്‍ പോയി, മന്ത്രിക്കു എസ്കോര്‍ട്ടു പോയി തുടങ്ങിയ മറുപടി തന്ന് അവര്‍ ഞങ്ങളെ താമസിപ്പിച്ചുകൊണ്ടേയിരുന്നു. പിന്നീടറിഞ്ഞു ഇടിച്ച കാറുകള്‍ എല്ലാം സ്ഥലത്തെ പ്രധാന വ്യക്തികളുടേതാണെന്ന്. അതിനാല്‍ അന്യസ്ഥലത്തെ ടാക്സിഡ്രൈവറാണ് കുറ്റക്കാരന്‍. കാരണം അവന്‍ വെറും ടാക്സിഡ്രൈവര്‍ മാത്രമാണല്ലോ!
വൈകുന്നേരം 5.30 ആയപ്പോള്‍ ആശ്രമത്തില്‍നിന്ന് ഫോണ്‍ വരികയും മുന്‍ ആശ്രമ അധികാരി അദ്ദേഹത്തിനു പരിചയമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിക്കുകയും വെറും അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ക്കുവേണ്ട രേഖകള്‍ ലഭിക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ രേഖകള്‍ തന്ന പോലീസുകാരന്‍റെ ചോദ്യം എന്നോട്, "എന്നാല്‍ പിന്നെ അച്ചനിത് നേരത്തെ വിളിച്ചുപറഞ്ഞാല്‍ മതിയായിരുന്നല്ലോ?"
7 മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ചെലവിട്ടാലും സാധാരണക്കാരന് അര്‍ഹതപ്പെട്ടത് ലഭിക്കണമെങ്കില്‍ ഉന്നതങ്ങളിലെ ശുപാര്‍ശ വേണമെന്നു ശഠിക്കുന്ന, 'കൈമടക്കുകളുടെ' കനത്തിനനുസൃതമായി ബഹുദൂരം, അതിവേഗം ചലിക്കാമെന്ന നാട്ടുനടപ്പുകള്‍ക്കു വിധേയനാവാന്‍ മടികാണിക്കുന്ന മണ്ടന്‍- അതായിരുന്നു എന്നോടു ചോദിച്ച ചോദ്യത്തിന്‍റെ പൊരുള്‍! വല്യ നിര്‍ബന്ധബുദ്ധിയോടെ സാധാരണക്കാരനാവാന്‍ വാശിപിടിച്ച ഞാനും അവസാനം അതിസാധാരണക്കാരനാവാന്‍ തീരുമാനിച്ചത് ഗതികെട്ടവന്‍റെ പുല്ലുതീറ്റയോ, അതോ എന്‍റെ നിലപാടുകള്‍ നാട്ടുനടപ്പിന്‍റെ വക്കാലത്തിനുമപ്പുറം അല്ലെന്നു വിശ്വസിക്കാന്‍ ധൈര്യമില്ലാഞ്ഞിട്ടോ? രണ്ടാമത്തേതാണെന്നു ചരിത്രം ശരിവയ്ക്കും. അതെ, അധികാരത്തിന്‍റെ ഇടനാഴികളിലെ മാലിന്യങ്ങള്‍ അനിവാര്യമാണെന്നു ഓരോനിമിഷവും ഞാനൂട്ടിയുറപ്പിക്കുമ്പോള്‍, പൊതു സേവകള്‍ (അതും paid service) നിര്‍വഹണവീഴ്ച വരുത്തുന്നതിനുത്തരവാദി ഞാന്‍ മാത്രമാണ്. ഈ മഹാരാജ്യത്തിലെ സകല പൗരന്മാര്‍ക്കും ഇതും അതിലേറയും വരുന്ന കദനകഥകള്‍ നമ്മുടെ പൊതുഇടങ്ങളിലെ കാര്യക്ഷമതകളെ പറ്റി പറയാനുണ്ട്.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ അധികാരത്തിന്‍റെ ഇടങ്ങളൊക്കെയും 'നിലനില്പിന്‍റെ' രൂപങ്ങളായി മാത്രം പരിണമിക്കുമ്പോള്‍ അധഃപതിക്കുന്നതും തകര്‍ന്നുവീഴുന്നതും സാഹോദര്യത്തിന്‍റെയും ഉള്‍ക്കാഴ്ചയുടെയും സ്നേഹത്തിന്‍റെയും സംസ്കാരമാണ്. ഇനി ഈ സ്ഥാപനങ്ങളുടെ നിലനില്‍പ് മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ ഞാനും അതംഗീകരിക്കാന്‍ നിര്‍ബന്ധിതനായി മാറുന്നു. അവിടെ തുടങ്ങുന്നു ഒരു സമൂഹത്തിന്‍റെ അധഃപതനം. 'നിലനില്‍പ്പിന്‍റെ' രാഷ്ട്രീയ അധികാരം ദുര്‍വിനിയോഗത്തിന്‍റെയും സമ്പത്തിന്‍റെയും ധാരാളിത്തത്തിലല്ല ഉള്ളിലെ മൂല്യങ്ങളിലും നന്മകളിലുമാണെന്ന് തിരിച്ചറിയാത്തിടത്തോളം കാലം ഇവിടെ ഇത്തരം ചിങ്ങം ഒന്നുകള്‍ പിറന്ന് അസ്തമിക്കും.