രണ്ടായിരത്തി ആറ് (2006) ഫെബ്രുവരി 21 എന്‍റെ ജീവിതത്തില്‍ ഇരുള്‍ പടര്‍ത്തിയ ദിനം സന്തോഷകരമായ എന്‍റെ ജീവിതത്തിലേയ്ക്ക് എന്‍റെ ഭര്‍ത്താവിന്‍റെ ആകസ്മീക മരണം ഒരിടിത്തീപോലെ വന്നുഭവിച്ചു. ഞങ്ങളെ ഒറ്റപ്പെടുത്തിയ അനാഥത്വം. വൈധവ്യത്തിന്‍റെ ഭാരമേറിയ ഞാന്‍ നാളയെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടിരുന്ന കാലം. ഇരുള്‍ പടര്‍ന്ന ജീവിതയാത്രയില്‍, എനിക്കാശ്രയം വൃദ്ധയും രോഗിയുമായ എന്‍റെ അമ്മയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളും.
ഭര്‍ത്താവിന്‍റെ മരണവാര്‍ത്ത ഒരുപാട് കോളിളക്കം സൃഷ്ടിച്ചിരുന്നു. മരണവാര്‍ത്തയറിഞ്ഞ് സമുന്നതരായ രാഷ്ട്രീയ നേതാക്കളും എത്തി. മുഖ്യമന്ത്രിയുടെ സഹായനിധിയില്‍നിന്നും ധനസഹായം ലഭിക്കുന്നതിനായി ഞാന്‍ ഒരു അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കയച്ചു. മാസങ്ങള്‍ക്കുശേഷം ആ കത്തിനുള്ള മറുപടി വന്നു. എന്‍റെ അപേക്ഷ പരിഗണിച്ചിരിക്കുന്നതായിട്ട്. പിന്നീടാണ് ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍!
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അയച്ച കത്തുമായി ഞാന്‍ വില്ലേജ് ഓഫീസില്‍ ചെന്നു. അവര്‍ അതു വാങ്ങി നോക്കിയിട്ട് മരണ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ എടുത്തു ഹാജരാക്കാന്‍ പറഞ്ഞു. അതെല്ലാം ഏല്പിച്ചതിനുശേഷം നീണ്ട കാത്തിരിപ്പായിരുന്നു.
എല്ലാ ആഴ്ചയിലും ഞാന്‍ വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. ആയിടയ്ക്കായിരുന്നു, വിദേശത്ത് ഒരു ജോലി ശരിയായത്. കടബാദ്ധ്യതകളാല്‍ നില്‍ക്കകള്ളിയില്ലാതെ വലഞ്ഞ ഞാന്‍ കുവൈറ്റില്‍ ഗദ്ദാമയായിട്ട് പോയി. എരിതീയില്‍ നിന്നും വറചട്ടിയിലേയ്ക്കെന്ന അനുഭവം! ഞാന്‍ വിദേശത്തേയ്ക്ക് പോയതിനുശേഷം അതായത് ആറോ ഏഴോ മാസങ്ങള്‍ക്കുശേഷം ധനസഹായത്തിനുവേണ്ടി വീണ്ടും ഒരറിയിപ്പു കിട്ടി. അതിന്‍പ്രകാരം എന്‍റെ അസാന്നിദ്ധ്യത്തില്‍ അമ്മ വില്ലേജിലും, കളക്ട്രേറ്റിലും, താലൂക്കിലും കയറിയിറങ്ങി. അപ്പോഴത്തെ മറുപടി വളരെ നിരാശജനകമായിരുന്നു. വൃദ്ധജനങ്ങളോടുപോലും സാമാന്യ മര്യാദ കാണിക്കാത്ത അധികാരികള്‍.
ഓരോ ഓഫീസുതോറും കയറിയിറങ്ങി മനസ്സു മടുത്ത എന്‍റെ പാവം അമ്മ, ഇത്തരമൊരു സഹായം വേണ്ടെന്നു വെച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് നാട്ടിലെത്തിയ ഞാന്‍ വീണ്ടും പഴയ കത്തുമായി തഹസില്‍ദാരെ സമീപിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങളുടെ ധനസഹായം അദ്ദേഹത്തിന്‍റെ ഓഫീസില്‍ എത്തിയിട്ടുണ്ട്. പക്ഷേ അതിപ്പോള്‍ നിങ്ങള്‍ക്ക് കൈമാറാന്‍ കഴിയില്ല. കാരണം പുതിയ സര്‍ക്കാരിന്‍റെ ഉത്തരവിന്‍ പ്രകാരം പഴയ ധനസഹായങ്ങള്‍ എല്ലാം തന്നെ സ്റ്റേ ചെയ്തിരിക്കുന്നുവെന്ന്. പുതിയ ജി.ഒ. വരുന്നതുവരെ ആ സഹായം നല്‍കില്ലെന്ന്. അതിന്‍റെ ഒരു ആജ്ഞാപനം കൂടി അവര്‍ എനിക്കു തന്നു, ഇനിയൊരറിയിപ്പു കിട്ടിയിട്ട് വന്നാല്‍ മതിയെന്ന്.
സര്‍ക്കാരിന്‍റെ പ്രഹസനത്തിന് അതിര്‍വരമ്പില്ലല്ലോ? ഇത്രെയൊക്കെയായിട്ടും ഞാന്‍ പിന്മാറാന്‍ തയ്യാറായില്ല. ഈ ധനസഹായം വാങ്ങുക തന്നെ. എന്‍റെ വാര്‍ഡ് മെമ്പറിനെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സ്ഥലം എം.എല്‍.എം. യെക്കണ്ടു, അദ്ദേഹത്തിന്‍റെ പരിശ്രമംകൊണ്ട് വീണ്ടും വില്ലേജില്‍നിന്നും അന്വേഷണത്തിന് ഉത്തരവായി. അന്വേഷണത്തിനെത്തിയതാകട്ടെ ഭര്‍ത്താവിന്‍റെ കുടുംബവീട്ടില്‍. അവിടെ വാടകക്കാരാണ് താമസം. ഞങ്ങളുടെ കുടുംബത്തിന്‍റെ അവസ്ഥയെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്തവര്‍ വീട്ടില്‍ അന്വേഷണത്തിനെത്തിയ ആഫീസര്‍മാരോട് ഞാന്‍ ഗള്‍ഫിലാണെന്ന് പറഞ്ഞു. ഓ, സാറന്മാര്‍ക്കു അത്രേയും കേട്ടാല്‍ മതിയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ആള്‍ വിദേശത്താണെന്നു റിപ്പോര്‍ട്ടു ചെയ്തു. അതോടെ എല്ലാം തകിടം മറിഞ്ഞു.
പുനരന്വേഷണത്തിന് താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കാട്ടിത്തന്നു. വിദേശത്തു ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് എന്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി? വീണ്ടും കളക്ടര്‍ക്ക് അപേക്ഷ നല്കി. പുനരന്വേഷണവും നടന്നു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കാ സഹായം ലഭിച്ചു.
താലൂക്കിലെയും, കളക്ട്രേറ്റിലേയും, ഞാന്‍ കയറിയിറങ്ങിയ പടവുകളിലും, മൗനം തിങ്ങിയ ഇടനാഴികളിലും ഒരു പക്ഷേ എന്‍റെ നിസ്സാഹായതയുടെ നിശ്വാസങ്ങള്‍, നീണ്ട നെടുവീര്‍പ്പുകള്‍, ഒരു തേങ്ങല്‍ പോലെ അലയടിക്കുന്നുണ്ടാവാം. ആശ്വാസം തേടി ഇത്തരം ഓഫീസുകളില്‍ എത്തുന്ന നിരാശ്രയരോട് എത്തുന്നവരോട് അല്പമെങ്കിലും അനുകമ്പ, കാരുണ്യം, കാട്ടിയിരുന്നെങ്കില്‍! എത്രയോ നിരാലംബരുടെ കണ്ണുനീര്‍ ഒപ്പാന്‍ സമൂഹത്തിന് കഴിഞ്ഞേനെ?