നാം ജീവിക്കുന്ന കാലഘട്ടം അസ്സീസിയിലെ ഫ്രാന്‍സിസിനെ പല നിലകളിലും ആവശ്യപ്പെടുന്നു. കലാപങ്ങളും ക്രൂരതകളും മൃഗീയതകളും നിറഞ്ഞ ഈ കാലത്തിന് ശമം നല്‍കുവാന്‍ കഴിയുക പുണ്യപുരുഷന്മാരുടെ സ്മരണകള്‍ക്കു മാത്രമാണ്. സാന്ത്വനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശം ലോകത്തിനു നല്കിയെന്നതിനാല്‍ത്തന്നെ അസ്സീസിയിലെ പുണ്യവാളന്‍റെ ഓര്‍മ്മ മുറിവേറ്റ കാലത്തിന് അത്യന്തം അനിവാര്യമത്രേ.
ഏറ്റം വിശിഷ്ടമത്രെ സാന്ത്വനമെന്ന പദം. തന്‍റെ ഏറ്റവും വിശിഷ്ടമായ കവിതയില്‍ വാള്‍ട്ട് വിറ്റ്മാന്‍ പ്രാര്‍ത്ഥിക്കുക, തന്നിലൂടെ "ദുഃഖിതരുടെ, പാപികളുടെ, തടവറയില്‍ കഴിയുന്നവരുടെ, രോഗികളുടെ ശബ്ദം" ഉയരട്ടെ എന്നാണ്. പിന്നീട് 'രോഗികളുടെ' എന്നതിനൊപ്പം 'കുഷ്ഠരോഗികളുടെ ശബ്ദം' എന്നദ്ദേഹം പ്രത്യേകം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സമൂഹമൊന്നടങ്കം ബഹിഷ്കരിച്ചിരുന്ന പാപികളെന്നു മുദ്രകുത്തി ഭ്രഷ്ട് കല്പിച്ചിരുന്ന കുഷ്ഠരോഗികളില്‍ ഈശ്വരനെ കാണുകയും അവരെ ആശ്ലേഷിക്കുകയും ചുംബിക്കുകയും അതുവഴി അവരുടെ മനുഷ്യപദവിയും അവരിലെ ഈശ്വരമഹത്വവും വിളംബരം ചെയ്യുകയും ചെയ്ത അസ്സീസിയിലെ പുണ്യവാളനെയാണ് വാള്‍ട്ട് വിറ്റ്മാന്‍റെ കവിത അത് വായിക്കുമ്പോഴൊക്കെയും എന്നെ ഓര്‍മ്മിപ്പിക്കുന്നത്.
ലോകത്തെയും മനുഷ്യരെയും ഒന്നായിക്കാണാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല മനുഷ്യരാശിയുടെ മോചനമാര്‍ഗ്ഗം ആ ഏകതയിലാണെന്നു സ്വയം സാക്ഷ്യപ്പെടുത്താനും വി. ഫ്രാന്‍സിസിനു കഴിഞ്ഞു.
'സാന്ത്വനം' ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കാണിന്ന്. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി, കച്ചവടതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ അഗാധസ്പര്‍ശിയായ ആ പദത്തിന് അര്‍ത്ഥശോഷണം സംഭവിക്കുന്നു. സാന്ത്വനം എന്ന പദത്തിന്‍റെ അര്‍ത്ഥവും മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള അതിന്‍റെ സിദ്ധിയും തിരികെ കിട്ടുന്നതിന് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മ തിരികെപ്പിടിച്ചേ മതിയാകൂ. വി. ഫ്രാന്‍സിസിന്‍റെ ഓര്‍മ്മയുണര്‍ത്തുന്നവര്‍ അതിനാല്‍ ഭൂമിയില്‍ ദേവദൂതന്മാരുടെ ദൗത്യമാണ് നിര്‍വ്വഹിക്കുന്നതെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്ക് ഒരു മടിയുമില്ല.
മത്സരാധിഷ്ഠിതമാണ് ലോകം. മത്സരം കലാപങ്ങളാകുന്നു. ഹിംസ പെരുകുന്നു. സമാധാനത്തിനെന്ത് മാര്‍ഗ്ഗമെന്നു വിവേകമുള്ളവര്‍ വിലപിക്കുന്നു. മനുഷ്യസ്വഭാവത്തില്‍ മൃഗീയതയുണ്ട് സംശയമില്ല. മനുഷ്യസ്വഭാവത്തില്‍ മാനുഷികതയുമുണ്ട്. പക്ഷേ മനുഷ്യസ്വഭാവത്തില്‍ ദൈവികതയുണ്ടെന്നും അതിനു പക്ഷേ പ്രചോദനം ആവശ്യമാണെന്നും അത്തരം അപൂര്‍വ്വം പ്രചോദനങ്ങളിലൊന്നാണ് അസ്സീസിയിലെ ഫ്രാന്‍സിസ് എന്നും അറിയുമ്പോഴാണ് മൃഗീയത മരണനൃത്തം ചവിട്ടുന്ന ഈ കാലത്തില്‍ ആ പുണ്യപുരുഷനുള്ള പ്രസക്തി നാം മനസ്സിലാക്കുക.
ഓര്‍മ്മയിലെത്തുമ്പോള്‍ത്തന്നെ മനസ്സില്‍നിന്ന് സ്വാര്‍ത്ഥതയും വിദ്വേഷവും ഉരുകിയില്ലാതാവുകയും സകല ജീവജാലങ്ങളോടുമുള്ള സ്നേഹം ഉദ്ഭൂതമാകുകയും ചെയ്യുന്ന നാമങ്ങളിലൊന്നാണ് എനിക്കു വിശുദ്ധ ഫ്രാന്‍സിസ്. സീമാതീതമായ ആ സ്നേഹം, ആ സ്നേഹത്തില്‍നിന്നുദിക്കുന്ന സേവനവാസന അതാണ് മനുഷ്യനെ ഈശ്വരനോടടുപ്പിക്കുന്നത്.
ഭക്തി ഇന്നു വളരെ പ്രകടമാണ്. അതു തികച്ചും പ്രകടനാത്മകവുമാണ്. പക്ഷേ അതിനനുസരിച്ച് മനുഷ്യരാശിയില്‍ നന്മ പ്രകടമാകുന്നില്ല. അവര്‍ പുണ്യവാന്മാരോടു പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ പുണ്യവാന്മാരാകാന്‍ പരിശ്രമിക്കുന്നില്ല. പുണ്യവാന്മാരുടെ ജീവിതം ആത്മശുദ്ധീകരണത്തിനുള്ള മാതൃകയാക്കാനാണ് നാം ശ്രമിക്കേണ്ടത്. അധികാരത്തിനും സമ്പത്തിനും സ്വാര്‍ത്ഥതാല്‍പര്യത്തിനും വേണ്ടിയുള്ള പടയോട്ടങ്ങളല്ല മാനവികതയിലൂന്നിയ പരിശുദ്ധിയാണ് മനുഷ്യജീവിതത്തിനു മഹത്ത്വം നല്കുന്നതെന്നു സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പുണ്യാത്മാവാണ് ഫ്രാന്‍സിസ്. ആ പരിശുദ്ധിയിലേക്കു പ്രചോദിതമാകാന്‍ ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും രാഷ്ട്രത്തലവന്മാരുടെയും യുദ്ധവീരന്മാരുടെയും വിജയകിരീടം ചൂടിയവരുടെയും ജീവചരിത്രങ്ങളല്ല നാം പഠിക്കേണ്ടത്; വി. ഫ്രാന്‍സിസിനെപ്പോലുള്ള പുണ്യാത്മാക്കളുടെ പുണ്യചരിതമത്രെ.
ലോകം തീര്‍ച്ചയായും മാറേണ്ടതുണ്ട്. ഈ തലമുറയില്‍ അതിനു സാധിച്ചില്ലെങ്കില്‍ അടുത്ത തലമുറയില്‍ സാധിക്കണം. അതിനുള്ള പാഠങ്ങള്‍ പുതുതലമുറയ്ക്കു പകരേണ്ടതുണ്ട്. ആ പാഠങ്ങള്‍ അവരെ വിദ്വേഷത്തില്‍നിന്നു സനാതനസ്നേഹത്തിലേക്കു മോചിപ്പിക്കും. ലോകത്തെ നന്നാക്കാന്‍ കഴിഞ്ഞില്ല എന്ന ഖേദം എനിക്കുണ്ട്. വരുംതലമുറ എന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയും പക്ഷേ എനിക്കുണ്ട്. അതിനവര്‍ക്കു പ്രചോദനമാകാന്‍ അസ്സീസിയിലെ വിശുദ്ധന്‍റെ ജീവിതസന്ദേശമുണ്ട് എന്നത് എനിക്ക് പ്രത്യാശയുമാകുന്നു.
കവിയും കലാകാരനുമായ ഫ്രാന്‍സിസിന്‍റെ കാവ്യജീവിതം സാഹിത്യകുതുകിയായ എനിക്കെന്നും സര്‍ഗ്ഗാത്മക പ്രചോദനമായിരുന്നിട്ടുണ്ട്. സകല സൃഷ്ടികളിലും സ്രഷ്ടാവിനെ ദര്‍ശിക്കുകയും അവയിലൂടെ അവിടുത്തെ പുകഴ്ത്തുകയും ചെയ്യുന്ന, 'സൂര്യകീര്‍ത്തനം' രചിച്ച ഫ്രാന്‍സിസിന്‍റെ കാവ്യഹൃദയവും
"ചന്തമേറിടും പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍" എന്നു പാടിയ കുമാരനാശാന്‍റെ കാവ്യഹൃദയവും തമ്മിലുള്ള സാദൃശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലുപരി
"ഒരു പീഡയെറുമ്പിനും വരുത്തരു
തെന്നുള്ളനുകമ്പയും സദാ
കരുണാകരാ! നല്‍കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും" എന്നു പ്രാര്‍ത്ഥിക്കുന്ന ശ്രീനാരായണഗുരുദേവന്‍റെ 'അനുകമ്പാദശകം' അതിനോടു ചേര്‍ത്തുവായിക്കുമ്പോള്‍ ഈശ്വരനെ അനുഭവിച്ചവര്‍ കാലദേശഭേദമെന്യേ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് സകലജീവജാലങ്ങളോടുമുള്ള സഹാനുഭൂതി മാത്രമാണെന്നു ഞാന്‍ ആദരവോടെ മനസ്സിലാക്കുന്നു. അതു നിത്യമായ വെളിച്ചത്തിലേക്കുള്ള നിത്യവാഗ്ദാനങ്ങളാണ്. ഇരുട്ടിനെ പഴിക്കാതെ, വെളിച്ചത്തെ പിന്തുടരാനുള്ള ആഹ്വാനമാണത്. അതു മാത്രമാണ് മനുഷ്യനു മോചനമാര്‍ഗ്ഗം. മുക്തിയിലേക്കുള്ള രാജവീഥി. മോക്ഷത്തിന്‍റെ വാതില്‍. ഫ്രാന്‍സിസിന്‍റെ തിരുനാള്‍ ഓര്‍മ്മപ്പെടുത്തുന്നതും അതത്രെ.