ലോകം എല്ലായിടത്തും ഒരേപോലെ തന്നെയാണെന്ന് തോന്നുന്നു. ഉച്ചനീചത്വങ്ങളും ഇടമതിലുകളുമൊക്കെയായി ക്രിസ്തുവില്‍ തകര്‍ന്നു വീഴുന്ന കല്‍ഭിത്തികളെക്കുറിച്ച് പൗലോസ് ആവേശം കൊള്ളുന്നുണ്ട്. എന്നിട്ടും ഒരിടത്തും സമഭാവനയുടെ ആ രാജ്യം ഇനിയും വന്നിട്ടില്ല.
ഒരു റസ്റ്റോറന്‍റില്‍ പോലും കഴിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ എന്തിനാണിത്ര അലക്ഷ്യമായി മേശയില്‍ ചിതറുന്നത്? അത് തുടച്ചുമാറ്റുന്നത് മറ്റൊരു മനുഷ്യനാണെന്ന് ഓര്‍ക്കാത്തതെന്താണ്? വാഷ്റൂമില്‍നിന്നു പുറത്തുവരുമ്പോള്‍ ഫ്ളഷ് ചെയ്തോ എന്ന് ഉറപ്പു വരുത്തുവാന്‍ ഒരു നിമിഷാര്‍ദ്ധം മതി.
ഷാര്‍ലെറ്റ് പറഞ്ഞു സങ്കടപ്പെട്ടത് അതിനെക്കുറിച്ചാണ്. ഗാര്‍ബേജ് ശേഖരിക്കാനെത്തുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ മാള്‍ട്ടാക്കാരന്‍ തന്നെയാണ്. അതോരോ വീടിന്‍റെ അങ്കണത്തില്‍ നിന്നെടുത്ത് എച്ചില്‍പ്പാത്രവുമായി വാഹനത്തിനു പുറകെ ഓടി വരുന്നത് അഭയാര്‍ത്ഥിയായ ഒരു ചെറുപ്പക്കാരനാണ്. ആ പുലരിക്കാഴ്ച മനുഷ്യരെക്കുറിച്ച് ആവശ്യത്തിലേറെ മിണ്ടുന്നുണ്ട്. ഭൂമിയേക്കാള്‍ നിമ്ന്നോന്നതങ്ങള്‍ മനുഷ്യബോധത്തിലാണ് ഉറഞ്ഞുനില്‍ക്കുന്നത്.
Inclusiveness താരതമ്യേന പുതിയ പദമാണ്. അതിലേക്കുള്ള എളുപ്പവഴി പന്തിഭോജനമാണെന്ന പ്രകാശത്തിലാണ് യേശുവിന്‍റെ ഊട്ടുമേശവിശേഷങ്ങള്‍ക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രസക്തിലഭിക്കുന്നത്. നമുക്കിണങ്ങിയവരോടൊപ്പം മാത്രം പങ്കിടേണ്ട മേശയെക്കുറിച്ചാണ് ഇപ്പോഴും ദേശത്തിന്‍റെ സാരോപദേശകഥകള്‍. സമതയിലേക്കും മാനവികതയിലേക്കും താനേ തുറക്കുന്ന സ്വാഭാവിക വാതായനങ്ങളാണ് ഭക്ഷണ മേശകള്‍. ചുങ്കക്കാരോടും ഗണികകളോടുമൊപ്പം അന്നം പങ്കിട്ടു എന്നതായിരുന്നു ആദിമധ്യാന്തം അവന്‍ അഭിമുഖീകരിച്ച ആരോപണം. ഇത് ആ പട്ടികയിലെ കടശ്ശിക്കളിയാണ്.
സത്തയില്‍ ഇതെത്ര സ്ഫോടനാത്മകമാണെന്ന് അറിയണമെങ്കില്‍ കേരളീയചരിത്രത്തില്‍ നിന്ന് കേവലം നൂറ് വര്‍ഷം പഴക്കമുള്ള ഒരു ഓര്‍മ്മയെ ഉരച്ചുനോക്കിയാല്‍ മതി. ചെറായിയിലെ ഒരു പന്തിയില്‍ ഒരു ചെറിയ കുട്ടി ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കുപുരട്ടിയും ചോറും കുഴച്ച് ഭക്ഷിക്കുന്നത് കുറച്ചധികം പേര്‍ ഉറ്റുനോക്കുന്നുണ്ട്. മിശ്രഭോജനത്തിന്‍റെ ഒരു പ്രതീകാത്മക വിരുന്ന് ആരംഭിക്കുകയാണ്. കഷ്ടിച്ച് നൂറ് വര്‍ഷം പഴക്കമേയുള്ളൂ ആ ചരിത്രമുഹൂര്‍ത്തത്തിന്. പന്തിഭോജനത്തിന്‍റെ ആന്തരികപരിണാമത്തിലേക്കെത്തുവാന്‍ ഈയൊരു കാലം മതിയാവില്ലെന്ന് ഇനിയും ആര്‍ക്കാണ് പിടുത്തം കിട്ടാത്തത്.
ഏകം
ആശ്രമത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മത്തിരുനാള്‍ ദിവസം പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട്- ട്രാന്‍സിത്തുസ് എന്ന ചരമാനുസ്മരണപ്രാര്‍ത്ഥന. ജീവിതം കുറേക്കൂടി ഏകാഗ്രവും ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തേക്കുറിച്ച് ബൊനെ വെഞ്ചര്‍ എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകള്‍ പോലെ കേട്ടിട്ടുണ്ട്: പുണ്യവാന്‍റെ വിയോഗ നേരത്ത് കിളിക്കൂട്ടങ്ങള്‍ ആ ഭവനത്തിന്‍റെ മേല്‍ക്കൂരയിലേക്ക് എത്തുകയും വലംചുറ്റി ഇന്നോളം കേട്ടിട്ടില്ലാത്ത ആനന്ദസ്വരങ്ങള്‍ കൊണ്ട് ഫ്രാന്‍സിസിന്‍റെ മഹത്വത്തിന് സാക്ഷ്യം പറയുകയും ചെയ്തു.
ഫ്രാന്‍സിസിന്‍റെ മരണകാരണം കൃത്യമായി ഡോക്യുമെന്‍റ് ചെയ്യപ്പെട്ടിട്ടില്ല; അവസാനവര്‍ഷങ്ങള്‍ ശാരീരികക്ലേശങ്ങളുടേയും പീഡകളുടേയും ആണെന്നൊഴികെ. പഞ്ചക്ഷതങ്ങള്‍ ഉള്‍പ്പടെ അതില്‍ പെടുത്താവുന്നതാണ്. കണ്ണുകള്‍ക്ക് ട്രക്കോമയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അന്ധതയില്‍ എത്തിയേക്കാവുന്ന ഒന്നാണത്. പ്രകാശത്തോടുള്ള കടുത്ത സെന്‍സിറ്റിവിറ്റിയാണ് പ്രധാന പ്രശ്നം. സദാ കണ്ണു നിറഞ്ഞൊഴുകുകയാണ് ലക്ഷണം. സൂര്യവെളിച്ചത്തിലേക്കു നോക്കുമ്പോള്‍ അനേകം കുപ്പിച്ചില്ലുകള്‍ കണ്ണിലേക്ക് പൊട്ടിവീഴുന്നതുപോലെ തോന്നും. ആ കാലയള വില്‍ത്തന്നെയാണ് സൂര്യനുവേണ്ടിയുള്ള സ്തോത്ര ഗീതം എഴുതി ആലപിക്കുന്നത്. കാര്യങ്ങളെ ചിലര്‍ മധുരമാക്കി മാറ്റുന്നത് അങ്ങനെയാണ്. ഈജിപ്ത് യാത്രയുടെ ബാക്കിപത്രമായിരുന്നു ഈ നേത്ര രോഗം. അവിടെനിന്നു മലേറിയയും കൊണ്ടുവന്നു എന്ന് കരുതാം. ചോര ഛര്‍ദ്ദിച്ചിരുന്നതായും കേള്‍വിയുണ്ട്. ഗാസ്ട്രിക് അള്‍സര്‍ പോലെ ഗുരുതരമായ ഉദരരോഗങ്ങളാവാം കാരണം. രോഗത്തേക്കാള്‍ കഠിനമായ ചികിത്സാരീതികളായിരുന്നു അന്നുണ്ടായിരുന്നത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് മുറിവിനു മീതെ വച്ച് പൊള്ളിക്കുന്നതുള്‍പ്പടെയുള്ള പലതിലൂ ടെയും അയാള്‍ കടന്നുപോയി. 44 വയസ് എത്ര ചെറിയ പ്രായമാണ്!
കവിത പോലെ മനോഹരമായിരുന്നു അയാളുടെ കടന്നുപോക്ക്. 'ഇത്ര കാലം നമ്മള്‍ ഒന്നും ചെയ്തിട്ടില്ല, നമുക്കിനി ആരംഭിക്കാം' എന്നതായിരുന്നു അന്ത്യമൊഴികളിലൊന്ന്. നഗ്നനാക്കി വെറും നിലത്ത് കിടത്താന്‍ ആവശ്യപ്പെട്ടു. പിറവിയിലെന്നതുപോലെ നഗ്നതയുടെ നിഷ്കളങ്കതയില്‍ മടങ്ങിപ്പോയ അയാള്‍ ആരെയൊക്കെയാണ് ഓര്‍മിപ്പിക്കുന്നത്? അപരാധത്തിനു മുന്‍പുള്ള ആദവും ഹവ്വയും, അനുസരണം പൂര്‍ത്തിയാക്കി കുരിശിന്‍റെ വക്ഷസില്‍ നഗ്നനായി മടങ്ങിപ്പോയ യേശു, തെരുവീഥിയിലൂടെ ഭക്തിയുടെ ഉന്മാദത്തില്‍ ചുവടുവയ്ക്കുന്ന അക്കമഹാദേവി, ദിക്കുകളെ വസ്ത്രമായി ധരിച്ചു എന്ന സങ്കല്പത്തില്‍ നടന്നു പോകുന്ന നമ്മുടെ ദേശത്തെ ദിഗംബരജൈനര്‍, പ്രണയത്തിന്‍റെ ദീപ്തനിമിഷങ്ങളില്‍ ലജ്ജ അനുഭവിക്കാതെ വിവസ്ത്രരാവുന്ന പങ്കാളികള്‍... അങ്ങനെ നൈര്‍മല്യത്തേയും സ്വാതന്ത്ര്യത്തേയും അര്‍പ്പണത്തേയും ആനന്ദത്തേയും ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു ഫ്രാന്‍സിസിന്‍റെ വിവസ്ത്രത. മരണം ഒരു രണ്ടാം പിറവിയാണെന്നുള്ള സൗമ്യ മായ ഓര്‍മപ്പെടുത്തലുമാകാം.
മരണത്തെ ഭയക്കരുതെന്നാണ് അയാള്‍ ഇപ്പോള്‍ പറയുന്നത്. ചുറ്റിനും നില്‍ക്കുന്ന ദുഃഖിത രായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: 'ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്ത ച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക- sister death.'
ഇതും പെങ്ങള്‍ തന്നെ!
സമാധി
അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാന്‍ ഒരാള്‍ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂര്‍ത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരികസഞ്ചാരത്തിന്‍റെ നാന്ദി. പത്രോസിന്‍റെ ദര്‍ശനത്തിലെന്നപോലെ ഭൂതലത്തിനു മീതെയുള്ള സര്‍വചരാചരങ്ങളേയും ഉള്‍ക്കൊണ്ട് ആകാശത്തു നിന്ന് ഒരു കൊട്ട പ്രത്യക്ഷപ്പെടുന്നു, 'ഇതു നിനക്ക് കഴിക്കാനുള്ളതാണ്.' അയാളതു നിഷേധിച്ചു, 'ശുദ്ധമല്ലാത്തതൊന്നും ഞാന്‍ ഭക്ഷിച്ചിട്ടില്ല.' ഞാന്‍ സൃഷ്ടിച്ചതിനെ ശുദ്ധമെന്നും അശുദ്ധമെന്നും വേര്‍തിരിക്കാനായി നിന്നെ ആരാണു നിശ്ചയിച്ചത്? ചില ദേശങ്ങളേയും സമൂഹങ്ങളേയും ഒഴിവാക്കിയുള്ള അയാളുടെ സുവിശേഷപഥങ്ങള്‍ക്കുള്ളതാക്കീതായിരുന്നു അത്.
ദ്വന്ദ്വങ്ങളുടെ ഈ ജീവിതത്തില്‍ നാമറിയാതെ ഒരു പട്ടിക രൂപപ്പെടുന്നുണ്ട്- ഇഷ്ടം / അനിഷ്ടം. അത്തരം അനിഷ്ടങ്ങള്‍ ഫോബിയകളായിപ്പോലും പരിണമിക്കുന്നു. ഒരു ചെറിയ കാലത്തെ തടവറവാസത്തിനും സാമാന്യം ദീര്‍ഘമായ ഒരു ജ്വരക്കാലത്തിനും ശേഷം അസ്സീസിയിലെ ഫ്രാന്‍സിസിനു സംഭവിച്ചത് ശ്രദ്ധിക്കണം. തന്‍റെ കാലത്തെ മറ്റാരെയുംപോലെ കുഷ്ഠരോഗികളെ അയാളും ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. എതിരേ വരുന്ന രോഗബാധിതനില്‍ നിന്ന് പതിവു പോലെ വഴുതിമാറാനുള്ള ഇന്‍സ്റ്റിങ്റ്റിനെ അയാള്‍ നേരിടാന്‍ തീരുമാനിച്ചു. കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി അയാള്‍ അവനെ ആലിംഗനം ചെയ്തു, ചുണ്ടില്‍ മൃദുവായി ചുംബിച്ചു.പിന്നീട് അയാള്‍ ഇങ്ങനെയാണ് എഴുതിയത്:ഒരിക്കല്‍ മനം മടുപ്പിച്ചിരുന്ന കാഴ്ചകളിലേക്ക് എന്നെ ദൈവം തന്നെ കൂട്ടിക്കൊണ്ടുപോവുകയും അന്‍പുണര്‍ത്തുകയും ചെയ്തു. അവരെ പരിചയപ്പെട്ടപ്പോള്‍ മനംപിരട്ടലിനു പകരം ആത്മാവിന്‍റേയും ശരീരത്തിന്‍റേയും ആശ്വാസമായി അതു പരുവപ്പെട്ടു.
ക്രിസ്തു രൂപപ്പെടുവോളം സാധകന്‍ കടന്നു പോകേണ്ടിവരുന്ന ഈറ്റുനോവിനേക്കുറിച്ച് ഗലാത്യരോട് പോള്‍ പറയുന്നുണ്ട്. ക്രിസ്തു എന്നാല്‍ നിര്‍മലസ്നേഹത്തിലേക്കുള്ള ഒരുവന്‍റെ ജ്ഞാനസ്നാനമെന്ന് തിരുത്തിവായിക്കണം. ആ ഈറ്റുനോവിന്‍റെ സൂചനകളില്‍ ആദ്യത്തേതാണ് നമ്മള്‍ പരാമര്‍ശിച്ചത്. എങ്ങനെയാണ് ഒരു സ്ത്രീ തന്‍റെ ഉള്ളിലെ നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? ഇന്നലെവരെ ഇഷ്ടമുള്ള പല വിഭവങ്ങളും ഇന്നവളെ മടുപ്പിക്കുന്നു- nauseating. ഒപ്പം, ഇന്നലെവരെ തെല്ലും താല്പര്യമുണര്‍ ത്താതിരുന്നവയോട് പുതിയ കൗതുകങ്ങളും മമതകളും രൂപപ്പെടുന്നു. ഇതാണ് ആത്മീയതയുടെ പ്രഭാതരോഗം-morning sickness.
ഫ്രാന്‍സിസ് കുറിച്ചത് ഇങ്ങനെയാണ്: 'ഇന്നലെവരെ കയ്പ്പുള്ളവ ആ നിമിഷം മുതല്‍ എനിക്കു മധുരമായി, മധുരം കയ്പ്പും.'
ധ്വനി
വിചിത്രമായ ഒരു പ്രാര്‍ത്ഥനയേക്കുറിച്ചാണ് ആ രാത്രിയില്‍ ഫ്രാന്‍സിസ് ലിയോയോടു പറ ഞ്ഞത്. ദൈവസന്നിധിയില്‍ താന്‍ ചില കാര്യങ്ങള്‍ ഏറ്റുപറയും, പ്രതിവചനമായി 'നിശ്ചയമായും അതുതന്നെയാണ് നിന്‍റെ വിധി' എന്ന് ലിയോ ഉറക്കെ വിളിച്ചുപറയണം. അയാള്‍ തലയാട്ടി.
ഫ്രാന്‍സിസ്: 'എത്ര അധര്‍മങ്ങളാണു നീ ചെയ്തിട്ടുള്ളത്. നരകമാണ് നിനക്കു കല്പിച്ചിട്ടുള്ള ഇടം.'
ലിയോ പ്രതിവചിച്ചു: 'അങ്ങയിലൂടെ ദൈവം പൂര്‍ത്തിയാക്കാന്‍ പോകുന്ന അനന്തമായ സുകൃ തങ്ങള്‍... പറുദീസയാണ് അങ്ങയുടെ ഓഹരി.'
'ഇങ്ങനെ പറയാനല്ലല്ലോ ഞാന്‍ നിന്നോടാ വശ്യപ്പെട്ടത്. ദൈവനാമത്തില്‍ ഞാന്‍ ആവശ്യ പ്പെട്ടതു മാത്രം ചെയ്യുക.'
'ഇനി പിഴയ്ക്കില്ല, സത്യം.'
'സ്വര്‍ഗത്തിന്‍റേയും ഭൂമിയുടേയും അധിപാ, അങ്ങേക്കെതിരായിരുന്നു എന്‍റെ ഓരോ നിമിഷവും. നരകത്തിലേക്ക് അങ്ങെന്നെ ശപിച്ചുതള്ളും.'
'അപ്പാ, അങ്ങയെ ദൈവം അനുഗൃഹീതരില്‍ അനുഗൃഹീതനായി ഉയര്‍ത്താനാണ് നിശ്ചയിച്ചിരി ക്കുന്നത്.'
'ലിയോ, നിനക്കെന്താണിങ്ങനെ പിഴയ്ക്കുന്നത്? ഞാനാവശ്യപ്പെട്ടതു മാത്രം ചെയ്യുക. ഫ്രാന്‍സിസേ, അധര്‍മ്മനായ മനുഷ്യാ, നീ വിചാരിക്കുന്നുണ്ടോ നിനക്ക് ദൈവകാരുണ്യത്തിന് അര്‍ഹതയുണ്ടെന്ന്? നിന്‍റെ പാപക്കൂമ്പാരത്തെ കാണുക.'
'അപ്പാ, അങ്ങയുടെ അപരാധങ്ങളേക്കാള്‍ എത്രയോ മീതെയാണ് അവിടുത്തെ കരുണ. ആ കാരുണ്യം അളവില്ലാത്ത കരുണ അങ്ങയിലേക്ക് ഇനിയും ചൊരിഞ്ഞുകൊണ്ടിരിക്കും.'
'ലിയോ, എന്താണിത്? ഇത്രയും ഗുരുതരമായ അനുസരണക്കേട് നീ കാട്ടുന്നതെന്തേ? നീയെ ന്താണ് എല്ലാം ഞാനാവശ്യപ്പെടുന്നതിനു വിപരീ തമായി പറയുന്നത്?'
'അപ്പാ, ദൈവത്തിനറിയാം ഞാന്‍ അങ്ങു പറഞ്ഞതുപോലെ തന്നെയാണ് ഓരോ തവണയും പറയാന്‍ ശ്രമിക്കുന്നത്. എന്നിട്ടും ദൈവം തനിക്കി ണങ്ങിയ മട്ടില്‍ എന്നെ തിരുത്തുന്നു.'
'ലിയോ, അവസാനമായി ഞാന്‍ കല്പിക്കുന്നു. നീയെന്‍റെ ഇഷ്ടത്തെ പൂര്‍ത്തിയാക്കുക.'
'ദൈവനാമത്തില്‍ ഞാനത് അങ്ങയോടു മുട്ടുകുത്തി സമ്മതിക്കുന്നു; ഇത്തവണ ഉറപ്പാണ്.'
'നീചനായ ഫ്രാന്‍സിസ്, ദൈവം നിന്നോട് കാരുണ്യം കാണിക്കുമെന്ന് എന്തുറപ്പാണുള്ളത്?'
'അതെ അപ്പാ, ആ കാരുണ്യം സദാ അങ്ങയോടൊപ്പം ഉണ്ടാവും. മോക്ഷത്തിലേക്കങ്ങ് ഉയര്‍ ത്തപ്പെടും. മറ്റൊന്നും എനിക്ക് പറയാന്‍ കിട്ടുന്നില്ലപ്പാ. കാരണം, ദൈവം തന്നെയാണ് ഇപ്പോള്‍ എന്‍റെ ചുണ്ടിലൂടെ പിറുപിറുക്കുന്നത്...'
അവര്‍ അങ്ങനെ പുലരിയോളം ഇരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
(The Little Flowers of St. Francis of Assisi എന്ന പതിനാലാം നൂറ്റാണ്ടിലെ പുസ്തകത്തില്‍ നിന്ന്)
ആത്മനിന്ദയുടെ കയത്തില്‍ പെട്ടുപോകുന്ന ദിനങ്ങളിലെല്ലാം വൈക്കോല്‍ത്തുരുമ്പു പോലെ അഭയമാവുന്ന കഥയാണിത്.