news-details
എഡിറ്റോറിയൽ

പ്രവചനങ്ങള്‍ തെറ്റിച്ച നാട്

ഇന്ത്യയെക്കുറിച്ച് 1948 ല്‍ ഒരു ബ്രിട്ടീഷ് പട്ടാള മേധാവി നടത്തിയ 'പ്രവചനം' രാമചന്ദ്ര ഗുഹയുടെ  India after Gandhi  എന്ന പുസ്തകത്തിലുണ്ട്: "സിഖുകാര്‍ (ഉടന്‍തന്നെ) പുതിയൊരു വാഴ്ചയ്ക്കുവേണ്ടി ശ്രമിച്ചു തുടങ്ങും. അതോടുകൂടി ഇന്ത്യ ഒരൊറ്റ ദേശമാണെന്ന സങ്കല്പം തകര്‍ന്നു തുടങ്ങും. കുറെയേറെ രാഷ്ട്രങ്ങള്‍ കൂടിച്ചേര്‍ന്ന ഭൂഖണ്ഡം കണക്കെയാണ് ഇന്ത്യ. മദ്രാസിക്കും പഞ്ചാബിക്കും ഇടയില്‍ സ്കോട്ടിഷുകാരനും ഇറ്റലിക്കാരനും ഇടയിലുള്ളയത്രയും വ്യത്യാസങ്ങളുണ്ട്... ഇന്ത്യക്ക് ഒരൊറ്റ രാഷ്ട്രമായി തുടരാനാകില്ല."

ഇത് ഒരൊറ്റപ്പെട്ട പ്രവചനമല്ല. സ്വദേശികളും വിദേശികളുമായ പത്രങ്ങളും സാമൂഹ്യശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഇതേകാര്യം വ്യത്യസ്തവാക്കുകളില്‍ പറഞ്ഞിട്ടുണ്ട്. പൊതുവായൊരു മതമോ ഭാഷയോ ജാതിയോ കൂടാതെ എങ്ങനെയാണ് ഒരു രാഷ്ട്രം നിലനില്ക്കുക? അവര്‍ക്കത് ദുര്‍ഗ്രാഹ്യമായിരുന്നു. അതുകൊണ്ട് ഒരു പ്രധാനമന്ത്രി മരിച്ചപ്പോഴോ, ഒരു ലഹള പൊട്ടിപ്പുറപ്പെട്ടപ്പോഴോ, ഒരു പട്ടിണി പടര്‍ന്നുപിടിച്ചപ്പോഴോ 'ഇന്ത്യ ഇതാ പട്ടാളഭരണത്തിനോ, മതാധിപത്യത്തിനോ അടിപ്പെടാന്‍ പോകുന്നു' എന്ന പ്രവചനമുണ്ടായി. എന്നിട്ടും എത്ര പിടിച്ചു കുലുക്കിയിട്ടും കടപുഴകാത്ത മരമായി ഇന്ത്യ നില്ക്കുന്നു. ഒടുക്കം രണ്ടായിരാമാണ്ടില്‍ റോബിന്‍ ജെഫ്രി എന്ന ചരിത്രകാരന്‍ ഇങ്ങനെ രേഖപ്പെടുത്തി: "1984 ലെ ഇന്ദിരാഗാന്ധിയുടെ മരണത്തെക്കുറിച്ച് ചിന്തിച്ച ആരെങ്കിലും പത്തുകൊല്ലത്തിനുശേഷം സോവിയറ്റ് യൂണിയന്‍ ഇല്ലാതാകുമെന്നും എന്നാല്‍ അപ്പോഴും ഇന്ത്യ ഒരുമിച്ചുനില്ക്കുമെന്നും ഒന്നു സങ്കല്പിച്ചിട്ടുകൂടിയുണ്ടാകില്ല."

ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമാക്കിത്തീര്‍ക്കാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ടായിരുന്നു: ഒരു പൊതുമതമോ, ഭാഷയോ അടിച്ചേല്പിക്കുക. അത്തരം ശ്രമങ്ങളും വാദങ്ങളും സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടുമുണ്ട്. ഇസ്ലാമിക പാക്കിസ്താന് ബദല്‍ ഹൈന്ദവ ഇന്ത്യയാണെന്ന വാദം ഇവിടെ അവതരിപ്പിക്കപ്പെട്ടു. എന്നിട്ടും ബഹുഭൂരിപക്ഷം നേതാക്കളും ജനതയും മതേതരത്വത്തില്‍ വേരൂന്നിനിന്നു. ആര്‍.എസ്.എസിന്‍റെ തലവനും മറാഠിയുമായ ഗോല്‍വാല്‍ക്കാര്‍ 1949 നവംബര്‍ ആദ്യ ആഴ്ചയില്‍ ബോംബെയിലെ ശിവാജി പാര്‍ക്കില്‍വെച്ച് 'ഇന്ത്യയെ ഹിന്ദുവാക്കുക' എന്നു വാദിച്ച് പ്രഭാഷണം നടത്തി. അദ്ദേഹത്തെ കേള്‍ക്കാനെത്തിയത് ഒരുലക്ഷം പേരാണ്. ക്യത്യം ഒരാഴ്ച കഴിഞ്ഞ് അതേ സ്ഥലത്ത് പ്രധാനമന്ത്രിയും കാഷ്മീരിയുമായ നെഹ്റു 'ഇന്ത്യയെ മതേതരമാക്കുക' എന്നു പറയാനെത്തി. അന്ന് അദ്ദേഹത്തെ കേള്‍ക്കാനെത്തിയത് ആറുലക്ഷം പേരാണ്.

പതിനേഴര കോടിയാളുകള്‍ ഇന്ത്യയിലെ ആദ്യപൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. അവര്‍ തെരഞ്ഞെടുത്തത് മതേതരത്വത്തെയാണ്. അങ്ങനെയാണ് നെഹ്റു പ്രധാനമന്ത്രിയായത്. 1964 മെയ് 27 നു അദ്ദേഹം മരിച്ചപ്പോള്‍, അദ്ദേഹത്തെ കാണാന്‍ സ്വാതന്ത്ര്യസമരഭടന്‍ ഡോ. സയ്യദ് മഹ്മൂദ് എത്തി. വ്യദ്ധനായ അദ്ദേഹത്തെ കൈപിടിച്ചു നടത്തിക്കൊണ്ടുവന്നത് കേന്ദ്രമന്ത്രിയും 'താഴ്ന്ന' ജാതിക്കാരനുമായ ജഗ്ജീവന്‍ റാമാണ്. അതിനെക്കുറിച്ച് ഒരമേരിക്കക്കാരന്‍ എഴുതിയത് ഗുഹയുടെ പുസ്തകത്തിലുണ്ട്: "ഇതാണു നെഹ്റുവിന്‍റെ ഇന്ത്യ - ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍റെ വീട്ടില്‍ മുസ്ലീമും താഴ്ന്ന ജാതിക്കാരനും ഒരുമിച്ചെത്തുന്നു."

രാഷ്ട്രത്തെ സംബന്ധിച്ച് നിര്‍ണായകമായ ചില വേളകളില്‍ മതത്തിനതീതമായി നിലപാടുകളെടുത്തവരാണു ബഹുഭൂരിപക്ഷം ഇന്ത്യക്കാരും. പാക്കിസ്താനിലേക്ക് ഒരുപാടു മുസ്ലീമുകള്‍ കുടിയേറിയെന്നതു ശരിതന്നെ. പക്ഷേ അതിലും കൂടുതലാണ് ഇവിടെത്തന്നെ താമസമുറപ്പിച്ച മുസ്ലീമുകള്‍. കാഷ്മീരിനുവേണ്ടിയുള്ള ആദ്യപാക് ശ്രമത്തെ തോല്പിക്കാന്‍ നേതൃത്വം കൊടുത്ത് ജീവന്‍ വെടിഞ്ഞതില്‍ ഒരാള്‍ ബ്രിഗേഡിയര്‍ ഉസ്മാനാണ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത് പരമവീര ചക്ര ലഭിച്ച മലയാളി ഭടന്‍ മുസ്ലീമായിരുന്നു. 1984 ല്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനുശേഷവും ഇന്ത്യയുടെ കാവല്‍ ഭടന്മാരായി സിഖുകാരുണ്ട്.

ഒരു ദേശത്തിനു ഒരു ഭാഷയെന്നത് മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒരു സമവാക്യമാണ്. അതുകൊണ്ടാണ് "പൊതുവായ ഒരു ഭാഷയില്ലാതെ ഒരു രാജ്യത്തിനു നിലനില്ക്കാനാകില്ലെ"ന്നു സോവിയറ്റ് ഏകാധിപതി സ്റ്റാലിന്‍ പറഞ്ഞത്. അങ്ങനെ അന്നാട്ടില്‍ റഷ്യന്‍ഭാഷ അടിച്ചേല്പ്പിക്കപ്പെട്ടു. അതോടെ തുടങ്ങിയ ലഹളകള്‍ ഇനിയും ശമിച്ചിട്ടില്ലെന്നതു പക്ഷേ ചരിത്രസത്യം. കിഴക്കേ പാക്കിസ്താനില്‍ ബംഗാളിക്കു പകരം ഉര്‍ദ്ദു അടിച്ചേല്പ്പിച്ചതോടെ ബംഗ്ലാദേശുണ്ടായി. സിംഹള ഭാഷ എല്ലാവരും സംസാരിക്കണമെന്ന നിര്‍ബന്ധം ശ്രീലങ്കന്‍ തമിഴരെ 'പുലികളാക്കി.' ഒരൊറ്റ ഭാഷകൊണ്ടുണ്ടാകുന്നത് പല രാഷ്ട്രങ്ങളായിരിക്കുമെന്ന് തിരിച്ചറിഞ്ഞത് ഇന്ത്യയാണ്. അതുകൊണ്ട് പല ഭാഷകള്‍ സംസാരിച്ച് ഒരൊറ്റ രാഷ്ട്രമായി അവള്‍ നിലനില്ക്കുന്നു. പ്രസിദ്ധമായ ഒരു ഹിന്ദി സിനിമയായിരുന്നല്ലോ ഷോലേ. അതിന്‍റെ സംവിധായകന്‍ സിന്ധി, സംഗീത സംവിധായകന്‍ ബംഗാളി, പ്രധാന നടീനടന്മാര്‍ പഞ്ചാബിയും തമിഴത്തിയും ഉത്തര്‍പ്രദേശുകാരനും ഗുജറാത്തിയും ബംഗാളിയും. ഇതാണ് ഇന്നാട്. ബീഹാറി എഞ്ചിനീയര്‍ ഹൈദരാബാദിലും ആസ്സാമീസ് ഡോക്ടര്‍ മുംബൈയിലും ഒറിയക്കാരന്‍ തൊഴിലാളി കേരളത്തിലും ഉത്തര്‍പ്രദേശുകാരന്‍ ബാര്‍ബര്‍ ബാംഗ്ലൂരും പണിയെടുക്കുന്നു. പല ഭാഷകള്‍ ഇന്ത്യയെ ഒരു ബാബേലാക്കുന്നില്ല.

ഒരേകാധിപത്യത്തിനു കീഴില്‍ ഇന്ത്യ അതിദ്രുതം വികസിക്കുമായിരുന്നെന്നും ബഹളങ്ങള്‍ ഇല്ലാതാക്കാനാകുമായിരുന്നെന്നും കരുതിയവരുണ്ട്. ആദ്യനാളുകളില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ പാക്കിസ്താനോടു അമേരിക്കയടുത്തതിനു ഒരു കാരണം മുന്‍ സെനറ്റര്‍ ലാരി പ്രസ്ലറുടെ അഭിപ്രായത്തില്‍ ഇതാണ്: "പാക്കിസ്താനില്‍ കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാകാന്‍ ഒരു ജനറലിനോടു സംസാരിച്ചാല്‍ മതി. ഇന്ത്യയിലാണെങ്കില്‍ പ്രധാനമന്ത്രിയോട്, പാര്‍ലമെന്‍റിനോട്, കോടതിയോട്, ഒടുക്കം പത്രക്കാരോടുവരെ നിങ്ങള്‍ക്കു സംസാരിക്കേണ്ടി വരും." ഏകാധിപത്യത്തിന്‍റെ 'കാര്യക്ഷമത' വേണ്ടെന്നു തുടക്കത്തില്‍തന്നെ തീരുമാനിച്ചതാണ് ഇന്ത്യ. ഇന്ത്യന്‍ഭരണഘടനയും ജാപ്പനീസ് ഭരണഘടനയും നിര്‍മ്മിക്കപ്പെട്ടതിന്‍റെ രീതികള്‍ രാമചന്ദ്ര ഗുഹ താരതമ്യം ചെയ്യുന്നുണ്ട്. പൊതുജനത്തിന്‍റെ ആയിരക്കണക്കിനു നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മൂന്നുകൊല്ലം മൂന്നൂറുപേര്‍ ചര്‍ച്ചചെയ്തും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടും രൂപപ്പെടുത്തിയെടുത്തതാണ് ഇന്ത്യന്‍ഭരണഘടന. അതിനെട്ടുമാസം മുമ്പ് നിലവില്‍ വന്ന ജാപ്പനീസ് ഭരണഘടനയാകട്ടെ ഇരുപത്തിനാലു അമേരിക്കക്കാര്‍ - അതില്‍ പതിനെട്ടും പട്ടാളക്കാര്‍ - ഒരാഴ്ചകൊണ്ടു രൂപപ്പെടുത്തിയതും. ഈ വ്യത്യാസമുള്ളതുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്കു നമ്മുടെ മണമുള്ളത്. ഇന്ത്യയ്ക്കു മുമ്പില്‍ ചൈനയെ മാതൃകയാക്കി പ്രതിഷ്ഠിക്കുന്നവരുണ്ട്. പക്ഷേ ഇവര്‍ തമ്മിലുള്ള കാതലായ വ്യത്യാസം നമുക്കു മറക്കാവുന്നതല്ല. ഇതുവരെ ഒരു തെരഞ്ഞെടുപ്പുപോലും നടക്കാത്ത നാടാണത്. പോലീസുകാരന്‍ നോക്കിനില്ക്കേ ഗാന്ധിയുടെ പടത്തില്‍ നിങ്ങള്‍ക്കു കരിഓയില്‍ ഒഴിക്കാം. പക്ഷേ ചൈനയില്‍ മാവോയോടു അതു ചെയ്യാനാകില്ല.

സ്വാതന്ത്ര്യദിനം അടുത്തു വരികയല്ലേ, അതുകൊണ്ടു ചില നല്ല കാര്യങ്ങള്‍ പറയാം എന്നുള്ള വിചാരമല്ല ഈ കുറിപ്പിനാധാരം. എവിടൊക്കെയോ ആളുകളിരുന്നു ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്നുണ്ട്, നാടു വില്ക്കപ്പെടുന്നുണ്ട്, അലര്‍ച്ച അമര്‍ത്തപ്പെടുന്നുണ്ട്. ഇത്തരം അപചയങ്ങള്‍ ഒരുപാടു സംഭവിക്കുമ്പോഴും ഇന്നാടിന്‍റെ അടിത്തറ പക്ഷേ ഇളകില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാധ്യത അങ്ങേയറ്റം വിദൂരമാക്കുന്ന ഭരണഘടനാ ഭേദഗതി ജനതാ ഗവണ്‍മെന്‍റ് കൊണ്ടുവന്നത് ഇന്ദിരാഗാന്ധിക്കു പിന്‍തുണയ്ക്കേണ്ടി വന്നിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ അദ്വാനിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടൊക്കെയാവാം സാധാരണക്കാരന് ഇനിയും ഇന്നാട്ടില്‍ വിശ്വാസം നഷ്ടപ്പെടാത്തത്.  1960കള്‍ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നുപേരും ഇവിടെ വോട്ടു ചെയ്തിട്ടുണ്ട്. സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ മേലേത്തട്ടിലുള്ളവരേക്കാള്‍ വോട്ടുചെയ്യുന്നത് ഇവിടെ മാത്രമാണെന്നാണ് യോഗേന്ദ്രയാദവ് പറയുന്നത്.

ഈ ഓഗസ്റ്റ് 15 ന് നമുക്കു നമ്മുടെ നാടിനെ ഒന്നു സ്നേഹിക്കാന്‍ ശ്രമിച്ചുനോക്കാം. ഈ കുറിപ്പെഴുതാന്‍ സഹായിച്ച രാമചന്ദ്ര ഗുഹക്കു നന്ദി.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts