news-details
എഡിറ്റോറിയൽ

"ലിയോ സഹോദരാ, നമ്മളിപ്പോള്‍ മഴ നനഞ്ഞ്, തണുത്തു വിറച്ചു നടക്കുകയാണെന്നു വിചാരിക്കൂ."

ലിയോ സഹോദരന്‍ മറുപടിയൊന്നും പറഞ്ഞില്ല. രണ്ടുപേരും പെറൂജിയയില്‍ നിന്ന് പോര്‍സ്യൂങ്കുളായിലേക്ക് മടങ്ങുന്ന വഴിയിലാണ് ഫ്രാന്‍സിസ് പിതാവ് ലിയോ സഹോദരനെ സങ്കല്പലോകത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്.
ലിയോ സഹോദരാ, നമ്മുടെ ദേഹത്താകെ ചെളി പുരണ്ടിരിക്കുന്നു. വിശന്നിട്ടാണെങ്കില്‍ ഒന്നും വയ്യ താനും...

ലിയോ അതും കേട്ടു.

സഹോദരാ, നമ്മള്‍ ഇപ്പോള്‍ ഒരു ആശ്രമവാതില്‍ക്കലെത്തിയെന്നു വിചാരിക്കുക. ക്ഷീണിതരായ നമ്മള്‍ മണി അടിക്കുന്നു. വാതില്‍ സാവകാശം തുറന്ന് ഒരു സഹോദരന്‍ പ്രത്യക്ഷപ്പെടുന്നു. നനഞ്ഞുകുതിര്‍ന്നു ചെളിയില്‍ കുഴഞ്ഞു നില്‍ക്കുന്ന നമ്മളോട് നീരസത്തോടെ അദ്ദേഹം ചോദിക്കുന്നു: "ആരാണ്? എന്തു വേണം?"

സഹോദരാ, ലിയോ നമ്മള്‍ അപ്പോള്‍ പറയും, 'ഈ സഭയിലെ തന്നെ രണ്ടു സഹോദരന്മാരാണ് ഞങ്ങള്‍.' എന്നിട്ടുപോലും ആ സഹോദരന്‍ നമ്മളെ ശകാരിച്ച്, കള്ളന്മാരെന്നും വഞ്ചകരെന്നും മറ്റും വിളിക്കുന്നു. വാതില്‍ വലിച്ചടയ്ക്കുന്നു.

പാപികളായ നമ്മുടെ പാപപരിഹാരത്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു കരുതി, പിറുപിറുപ്പും നിരാശയും കൂടാതെ ഇത്തരത്തിലുള്ള ക്രൂരതയും അനീതിയും നിന്ദനവും സഹിച്ചാല്‍ അതാണ് ലിയോ, പൂര്‍ണസന്തോഷം (Joy).

ലിയോ സഹോദരാ, ഇനിയും ഇത്തിരികൂടി  സങ്കല്പിക്കൂ. നമുക്കു വിശപ്പും തണുപ്പും സഹിക്കാന്‍ പറ്റുന്നില്ല. ആട്ടിയോടിക്കപ്പെട്ട ആശ്രമവാതിലില്‍ നമ്മള്‍ വീണ്ടും പ്രതീക്ഷയോടെ മുട്ടുന്നു.

"നികൃഷ്ടരായ കൊള്ളക്കാരെ, നിങ്ങള്‍ പോയില്ലേ, വേഗം സ്ഥലംവിട്ടോ. വല്ല സത്രത്തിലും വേണമെങ്കില്‍ ചെന്നുകിടക്ക്. ഇവിടുന്നൊന്നും നിങ്ങള്‍ക്കു തിന്നാനോ, കുടിക്കാനോ തരില്ല. ഇവിടെ കിടത്തുകയുമില്ല."

നമ്മള്‍ വീണ്ടും നാണംകെട്ട് തിരിച്ചിറങ്ങുമ്പോള്‍ ഉള്ളില്‍ പകയില്ല, വെറുപ്പില്ല, മാനസിക പിരിമുറുക്കമില്ല. വൈരാഗ്യമൊട്ടുമേ ഇല്ല. നമ്മുടെ ഈ അവസ്ഥയാണ് പരിപൂര്‍ണസന്തോഷം (Perfect Joy).

ലിയോ നമുക്കു വീണ്ടും വിശപ്പ് സഹിക്കാന്‍ വയ്യാതാകുന്നു. തണുത്തു വിറങ്ങലിക്കാന്‍ തുടങ്ങുന്നു. മൂന്നാമതും ആശ്രമവാതില്ക്കലെത്തി കാവല്‍ക്കാരന്‍ സഹോദരനെ വിളിച്ച് ഉച്ചത്തില്‍ കരയുന്നു: "സഹോദരാ, ദൈവസ്നേഹത്തെപ്രതി ഞങ്ങളെ അകത്തു പ്രവേശിക്കാനനുവദിക്കൂ, എന്തെങ്കിലും കഴിക്കാന്‍ തരൂ."

"ഈ തെമ്മാടികളുടെ ശല്യം സഹിക്കാന്‍ പറ്റുന്നില്ല. ഇവന്മാര്‍ക്ക് കൊടുക്കേണ്ടതു കൊടുത്താലേ  തൃപ്തിയാകൂ" എന്നുറക്കെ പറഞ്ഞ് നമ്മളെ അടിക്കുകയും മഞ്ഞുപാളികളിലൂടെ വലിച്ചിഴച്ച് ആശ്രമകവാടത്തിനു പുറത്തേയ്ക്കു തള്ളുകയും ചെയ്യുന്നു.

ക്രൂശിതനായ നമ്മുടെ കര്‍ത്താവിനോടുള്ള സ്നേഹത്തെപ്രതി ഈ  പീഡകളെല്ലാം നാം യാതൊരുവിധ  പ്രതികരണവുമില്ലാതെ, ക്ഷമയോടെ സഹിക്കുകയാണെങ്കില്‍ അവിടെയാണ് ലിയോ സഹോദരാ, ഏറ്റവും പരിപൂര്‍ണ്ണസന്തോഷം (Most Perfect Joy)അനുഭവിക്കുന്നത്. ഇതു തന്നെയായിരുന്നു വി. ഫ്രാന്‍സിസിന് സന്തോഷത്തെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട്.

സ്പൊളേറ്റോ താഴ്വരയിലെ ദൈവാനുഭവത്തിനു മുമ്പ് ഫ്രാന്‍സിസിനു സന്തോഷത്തെക്കുറിച്ച് ശക്തമായ മറ്റൊരു കാഴ്ചപ്പാടുണ്ടായിരുന്നു, അവയൊക്കെ പ്രായോഗികമാക്കാനുള്ള കഴിവുമുണ്ടായിരുന്നു. പട്ടുവ്യാപാരിയുടെ മകന്‍, ആഘോഷപ്രിയന്‍, ആഢംബരക്കാരന്‍, വിപുലമായ സുഹൃദ്വലയം, മാടമ്പിയാകാനുള്ള സാഹചര്യം ഇവയൊക്കെയായിരുന്നു അന്ന് ഫ്രാന്‍സിസിന്‍റെ സന്തോഷം. പക്ഷേ അവയ്ക്കൊന്നും അദ്ദേഹത്തിന്‍റെ ഉള്ളില്‍ തീവ്രമായി മിടിച്ചുനിന്ന ശൂന്യതയെ നിറയ്ക്കാനോ, തൃപ്തിപ്പെടുത്താനോ സാധിച്ചില്ല. എല്ലാ ആനന്ദങ്ങളും ആര്‍ഭാടങ്ങളും മിഥ്യയായി അനുഭവപ്പെട്ടു. ലോകം നല്കുന്ന ലൗകിക സന്തോഷങ്ങളൊന്നും അദ്ദേഹത്തിന്‍റെ ഉള്ളിനെ ശാന്തമാക്കിയില്ല. അവയിലുമൊക്കെ ഉപരിയായ മറ്റെന്തോ ഒരു സന്തോഷത്തെ അദ്ദേഹം തിരഞ്ഞുകൊണ്ടിരുന്നു. ഈ അവസ്ഥയിലാണ് സ്പൊളേറ്റോയിലെ ദൈവാനുഭവം ഫ്രാന്‍സിസിനെ ആകെ മാറ്റിമറിക്കുന്നത്.

സ്പൊളേറ്റോയിലെ ദൈവികാനുഭവത്തിനു ശേഷമുള്ള ഫ്രാന്‍സിസിന്‍റെ ജീവിതം ക്ലേശപൂര്‍ണമായിരുന്നു. പണം, അന്തസ്സ്, സുഹൃത്തുക്കള്‍, വിനോദം തുടങ്ങി പട്ടുവ്യാപാരിയായിരുന്ന ബര്‍ണര്‍ദോന്‍റെ മകനെ അതുവരെ ആനന്ദിപ്പിച്ച സകലതിനെയും സ്വന്തം ഉടുവസ്ത്രത്തോടൊപ്പം ഉരിഞ്ഞുകളഞ്ഞ് ദൈവപിതാവിന്‍റെ മകനായി ഫ്രാന്‍സിസ് മാറുന്നു. സര്‍വ്വസംഗപരിത്യാഗിയായി.  അതുവരെ അറപ്പോടും വെറുപ്പോടും കണ്ടിരുന്നവയൊക്കെ -ദാരിദ്ര്യം, അപമാനം, കുഷ്ഠരോഗികള്‍, യാചകര്‍ - പ്രിയപ്പെട്ടവയായി. ഒപ്പം ഉള്ളിന്‍റെയുള്ളിലെ ശൂന്യതയില്‍ ആനന്ദവും നിറഞ്ഞു.

ആനന്ദിക്കാന്‍ ഒന്നുമില്ലാത്ത ചുറ്റുപാടിലും ആനന്ദം ഉള്ളില്‍ നിറയുന്നു. മറ്റാര്‍ക്കും ഊതിക്കെടുത്താന്‍ പറ്റാത്ത ഒരു ആനന്ദതിരിനാളം ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നു. "അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും" (ഹബക്കുക്ക് 3:17) എന്ന അവസ്ഥയിലേക്ക് ഫ്രാന്‍സിസിന്‍റെ ബുദ്ധിയും ഇച്ഛയും വളര്‍ന്നു. "എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നു ഞാന്‍ ദൈവത്തെ കാണും" (ജോബ് 19:26) എന്നു  ദൈവത്തെ സ്വന്തം പക്ഷത്തു കണ്ട ജോബിനെപ്പോലെ ഫ്രാന്‍സിസ് ഭൗതികസൗന്ദര്യരാധനയില്‍ വിരക്തനായി. "എന്‍റെ ചിത്തം എന്‍റെ രക്ഷകനായ  ദൈവത്തില്‍ ആനന്ദിക്കുന്നു" (ലൂക്കാ 1 :47) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം ഫ്രാന്‍സിസിന്‍റെയും ആത്മഗീതമായി.

ഇന്നത്തെ യുവജനങ്ങളില്‍ ഒരു വിഭാഗം ആനന്ദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചുമൊക്കെയുള്ള വികലമായ ധാരണകള്‍ക്ക് അടിപ്പെട്ടുപോകുന്നതായി കാണാറുണ്ട്. അവര്‍ തെരുവീഥികളില്‍ ആടിപ്പാടി ആനന്ദ ലഹരി തേടുന്നു. ചുറ്റും നുര പരത്തുന്ന ആനന്ദമയക്കങ്ങളിലേക്ക് ആഴ്ന്നുപോകുമ്പോള്‍ ഇതിനുമപ്പുറമൊന്നും നേടാനില്ലെന്ന് പിറുപിറുക്കുന്നു. പക്ഷേ മയക്കത്തിന്‍റെ ആലസ്യത്തില്‍ നിന്നുണരുമ്പോള്‍ ശേഷിക്കുന്ന ശൂന്യതയും വിഷാദവും മറ്റൊരു മന്ദതയിലേക്കും മരവപ്പിലേക്കും നയിക്കുമ്പോള്‍ മാത്രമാണ് വഴികള്‍ ഇടറിയെന്ന് തിരിച്ചറിയുക.

അസ്സീസിയിലെ യുവകോമളനായിരുന്ന ഫ്രാന്‍സിസിന്‍റെ ആദ്യകാലജീവിതവും മാനസാന്തരത്തിന് ശേഷമുള്ള ജീവിതവും ഇക്കാലഘട്ടത്തില്‍ പ്രത്യേകിച്ച് യുവതലമുറ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. ഫ്രാന്‍സിസ് അസ്സീസിക്കു ലഭിച്ച ദൈവാനുഭവവും അതുവഴി ഉരുത്തിരിഞ്ഞ ഉള്‍വെളിച്ചവുമൊക്കെ ഇന്നത്ത തലമുറയെ പരിപൂര്‍ണാനന്ദത്തിലേക്കും   പരമമായ നന്മയിലേക്കും നയിക്കുന്നതിന് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.

ഫ്രാന്‍സിസ് മണ്ണിലഴിഞ്ഞലിഞ്ഞ ഒരു ഗോതമ്പുമണിയായിരുന്നു. സോദരീ മരണമെ, എന്നു നിശ്വസിച്ചുച്ചരിച്ചുകൊണ്ട് ലോകത്തുനിന്ന് നിസ്സ്വനായി വിടപറഞ്ഞകന്ന അവന്‍റെ ആത്മവെളിച്ചം ലോകത്തിനു മുന്നില്‍ സ്നേഹദീപമായി പ്രകാശം പരത്തുന്നു.

***  ***  ***

ഫ്രാന്‍സിസ് അസ്സീസിയുടെ
തിരുനാള്‍ ആശംസകള്‍

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts