വല്ലാതെ മുറുകിപ്പോയ തന്ത്രികളുള്ള വാദ്യോപകരണം പോലെ നമ്മുടെ വര്‍ത്തമാനജീവിതം. ആദ്യമൊക്കെ അത് നിങ്ങളെ സഹായിച്ചിട്ടുണ്ടാകും. എന്നാലും ഈക്കളി അധികം നീളില്ല. അടുത്ത ചുവട് ചിത്തരോഗാശുപത്രി ആണ്. ഇത്തരം ഒരു കെണി മുമ്പില്‍ കണ്ടതുകൊണ്ടായിരിക്കാം ദൈവം പോലും വിശ്രമിച്ചത്.
ദൈവം എങ്ങനെയാണ് വിശ്രമിക്കുന്നത്? അത് ഏതാണ്ട് അസാധ്യം തന്നെ. ആര്‍ക്കാണതറിയാത്തത്? നസ്രത്തിലെ യേശുവത് പറയുന്നുണ്ട്, എന്‍റെ പിതാവ് ഒരിക്കലും വിശ്രമിച്ചിട്ടില്ലെന്ന്. അതാണ് യുക്തിഭദ്രം. സൂര്യന്‍ കെട്ടുപോകുക എന്നൊരു മെറ്റഫറിനെ പലതുകൊണ്ട് ഗുണിച്ചാല്‍ കാര്യം മനസ്സിലാകും. പിന്നെ ജീവനം സാധ്യമേയല്ലാത്തവിധത്തില്‍ കൊടിയ തണുപ്പും ശൂന്യതയും മാത്രമാകും. അപ്പോള്‍ പിന്നെ ദൈവം വിശ്രമിച്ചുവെന്ന അയുക്തിയില്‍ വേദം ആരംഭിക്കുന്നതെന്തിന്? നിശ്ചയമായും പൊതുവെ പറയുന്ന ആ പഴയ കാരണം ഇപ്പോഴും സാധുവാണ്. വിശ്രമത്തെ പവിത്രമാക്കാനുള്ള ക്ഷണം. ദൈവംപോലും വിശ്രമിച്ച ഭൂമി. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നിനക്കവകാശമില്ല!
ആട്ടെ, ഈ വിശ്രമം തന്നെയെന്തിനാണ്? ഏകതാനതയെന്ന വൈരസ്യത്തെ കുറുകെ കടക്കുവാന്‍ ഇതല്ലാതെ വേറെ വഴിയില്ല. നിരന്തരം ഏര്‍പ്പെടുന്ന എന്തിലും യാന്ത്രികതയുടെ കെണി പതിഞ്ഞിരിപ്പുണ്ട്. ഒന്നിലും ആത്മാവില്ലാത്തൊരു കാലം. നഗരങ്ങളെ ചെറുക്കുകയെന്ന നനവുള്ള സങ്കല്പനത്തിന് യാന്ത്രികതയിലേക്ക് കൂപ്പുകുത്താതിരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. കണ്ടില്ലേ, യന്ത്രമനുഷ്യരെപ്പോലെ കണ്ണില്‍ നനവോ ചുണ്ടില്‍ ചിരിയോ ഇല്ലാത്തവരുടെ ഗണം പെരുകുന്നത്.
അതിനെക്കാള്‍ മനോഹരമായ കാര്യം മാറിനിന്ന് ചിലകാര്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ചില പ്രകാശ പരാഗങ്ങളുണ്ട് എന്നതുതന്നെ. കുശവന്‍ ഒരു കുടം മെനഞ്ഞതിനുശേഷം അതിന്‍റെ ചാലില്‍ നിന്ന് മാറി അതിനെ നോക്കിനില്ക്കുന്നതുപോലെ, താന്‍ വരച്ച ചിത്രത്തില്‍നിന്ന് മാറിനിന്ന് ഒരു ചിത്രകാരന്‍ ചിത്രത്തെ കാണുന്നതുപോലെ, എല്ലാവരും അത് ചെയ്യേണ്ടതുണ്ട്. അതില്‍ ആത്മനിര്‍വൃതിയുടെ ഒരു മിന്നലാട്ടം നിശ്ചയമായുമുണ്ട്. അവനവനെ നോക്കി ചില നേരങ്ങളില്‍ സ്വയം അഭിനന്ദിക്കാനാവണം. സഫലമാകുന്ന കര്‍മ്മങ്ങള്‍! അത്തരം ഒരു പരിശീലനത്തിലേര്‍പ്പെടുവാന്‍ ക്രിസ്തു നമ്മളെ സഹായിക്കുന്നുണ്ട്: നിങ്ങള്‍ കാണുന്നത് കാണാന്‍ കഴിഞ്ഞ കണ്ണുകള്‍ എത്ര അനുഗൃഹീതം. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ കഴിഞ്ഞ കാതുകളും അപ്രകാരം. Appreciate your existence എന്നു സാരം. ഒപ്പം, മാറിനിന്നുള്ള നോട്ടത്തില്‍ തിരുത്താനോ മെച്ചപ്പെടുത്താനോ ഉള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഏഴാം ദിവസം വിശ്രമിച്ചതിനു ശേഷമാണ് തന്‍റെ സൃഷ്ടപ്രപഞ്ചത്തിന്‍റെ ഏറ്റവും വലിയ സങ്കടത്തെക്കുറിച്ച് ദൈവം ബോധവാനായത്. ഏകാന്തതയെന്ന കഠിന ശിരോലിഖിതത്തിന്, വിധേയത്വത്തിന് ശമനമെന്ന നിലയിലാണ് ഭൂമിയിലേക്കു വച്ച് ഏറ്റവും അഴകും ആഴവും ഉള്ള ഒരു സൃഷ്ടിയില്‍ ദൈവം ഏര്‍പ്പെട്ടത് -ഹവ്വ എന്ന സ്ത്രീ. തന്നെക്കുറിച്ചും താന്‍ വസിക്കുന്ന ഇടങ്ങളെക്കുറിച്ചും ഒരാളുടെ ശരിയായ വിലയിരുത്തലുകള്‍ സംഭവിക്കുന്നത് അയാളുടെ വിശ്രമവേളയിലാണെന്ന് തോന്നുന്നു. വിശ്രമം പലരും കരുതുന്നതുപോലെ അലസതയ്ക്കുള്ള കമ്പമല്ല. അവനവന്‍റെ സര്‍ഗ്ഗാത്മകതയിലേക്ക് ഒന്ന് സൗമ്യമായി മടങ്ങി പൂര്‍വ്വാധികം പ്രഭയോടും പ്രസാദത്തോടുംകൂടി എല്ലാം പുനരാരംഭിക്കാനുള്ള ഊഴമാണ്. ഒരു കൈത്തോട് ചാടിക്കടക്കുമ്പോള്‍ കുട്ടിക്കാലത്ത് നാം ചെയ്തിരുന്നതു പോലെ ഒന്നു പുറകോട്ടോടി മുമ്പോട്ടുള്ള ആക്കം കണ്ടെത്തുക. വില്ലിന്‍റെ ചരട് എത്രമാത്രം ശക്തമായി പിന്നോട്ടു വലിക്കാനാവുന്നുവോ അത്രയും ഊക്കത്തില്‍ ശരം പായുന്നതുപോലെ. നല്ലൊരുറക്കത്തിനുശേഷം പുലരിയില്‍ സംഭവിക്കുന്ന റിജുവനേഷന്‍ പോലെ.
അതില്ലാതെ പോകുന്നതിന്‍റെ അടയാളങ്ങള്‍ ചുറ്റിനുമുണ്ട്. സ്ട്രെസ്സ് എന്ന പദം എത്ര സാധാരണമായി മാറിയിരിക്കുന്നു എന്നു ശ്രദ്ധിക്കുക. ഒരാള്‍ വലിഞ്ഞു മുറുകാന്‍ തുടങ്ങി എന്നതിന്‍റെ അപായ അടയാളമാണത്. കണ്ണില്‍ തുണികെട്ടി വനത്തിലൂടെ നടന്നുപോകുന്ന ഒരു മനുഷ്യനെക്കുറിച്ച് ടോണി ഡിമല്ലോ എഴുതിയിട്ടുണ്ട്. ഓരോ ചില്ലയിലും വേരിലുമൊക്കെ തട്ടി ചോര വാര്‍ന്ന് അയാളങ്ങനെ. കണ്ണിലെ കടുംകെട്ട് അഴിക്കാന്‍ നേരമില്ലാത്തതുകൊണ്ടാണ് അയാളങ്ങനെയെന്ന്! അയാള്‍ മാത്രമല്ല അയാളെ വലം ചുറ്റുന്നവരും അഭിമുഖീകരിക്കുന്ന കഠിന സമ്മര്‍ദ്ദത്തിന് നീതികരണമില്ല. പൊട്ടിത്തെറിച്ചും ചിലപ്പോള്‍ പുലഭ്യം പറഞ്ഞും മറ്റുചിലപ്പോള്‍ കൊടിയ മൗനത്തിലേക്ക് വഴുതിയും അയാള്‍ തന്‍റെ പരിസരത്തെ മൊട്ടുസൂചിയില്‍ നിര്‍ത്തുന്നു, നിരന്തരം. കളിച്ചും ചിരിച്ചും പ്രണയിച്ചും പ്രാര്‍ത്ഥിച്ചുമൊക്കെ തീരേണ്ട ഒരു മനോഹരാനുഭവത്തെ ഓര്‍മ്മിച്ചെടുക്കാന്‍ പോലും ഭയപ്പെടുന്ന വിധത്തില്‍ ഇത്രയും ഭാരപ്പെടേണ്ടതില്ല. ക്ഷണങ്ങള്‍ക്ക് നേരെ വല്ലാതെ ഇന്‍സുലേറ്റഡായി പോവുന്ന കുറെയധികം മനുഷ്യര്‍. ജീവിതത്തിന്‍റെ മുഴം കുറയുന്നു എന്നതിനോടൊപ്പം ജീവിക്കുന്ന ദിനങ്ങളുടെ ഗുണമേന്മയും തീരെയില്ലാത്ത വിധത്തില്‍ കാര്യങ്ങളെത്തുന്നുണ്ട്.
വിശ്രമം ഒരു വല്‍മീകമാണ്. അതിനകത്തിരിക്കുമ്പോള്‍ വേടന്‍റെ ആസുരതകള്‍ അടര്‍ന്നുപോവുകയും എവിടെയ്ക്കോ നാടുകടത്തിയ ഉള്ളിലെ കവിയും ഋഷിയും ബോധമണ്ഡലത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നു. അതിനുശേഷം ഏതൊരു നിഷാദനും കാരുണ്യത്തിന്‍റെ ഉപനയനമുണ്ടാവും. അടുത്തിടെ അങ്ങനൊരാളെക്കുറിച്ചു കേട്ടു. അടുപ്പിച്ചുള്ള പതിമൂന്ന് വര്‍ഷങ്ങള്‍ പതിനഞ്ച് ക്ലാസിക് ചിത്രങ്ങള്‍ ചെയ്ത കിംകി ദുക് എന്ന അനന്യമായ ആന്തരിക ജീവിതമുള്ള ഒരു ചലച്ചിത്രകാരന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ആള്‍ സാന്നിധ്യമില്ലാത്ത ഒരു മലമുകളിലായിരുന്നു. അതിനുശേഷം ആ പിന്‍വാങ്ങലിന്‍റെ അനുഭവങ്ങളെക്കൂടിവെച്ച് അയാള്‍ വീണ്ടും അരങ്ങിലേക്കെത്തിയിട്ടുണ്ട്. ഇനിയുള്ള അയാളുടെ സ്വര്‍ഗയാനം പഴയതിനെക്കാള്‍ പ്രകാശമുള്ളതായിരിക്കുമെന്ന് ദാ, ഇപ്പോഴേ വാതുവയ്ക്കാം.
വിശ്രമവേളകള്‍ പുതിയ പുതിയ ശ്രമങ്ങള്‍ കൊണ്ട് നിറയ്ക്കേണ്ടതാണെന്ന തെറ്റിദ്ധാരണ നമുക്കുണ്ട്. ഒരു യാത്ര പോവുക, ചങ്ങാതിക്കൂട്ടവുമായി മദ്യപിക്കുക തുടങ്ങിയതൊക്കെ വിശ്രമത്തിന്‍റെ നാനാര്‍ത്ഥങ്ങളായി നാം കുരുതുന്നു. അടിസ്ഥാനപരമായി വെറുതെയിരിക്കാനുള്ള ക്ഷണമാണിത്. വെറുതെയിരിക്കാനുള്ള ഒരനുശീലനം നിര്‍ഭാഗ്യവശാല്‍ നമ്മുടെ രക്തത്തില്‍ പതിഞ്ഞിട്ടില്ല. സ്വയം അഭിമുഖീകരിക്കാനുള്ള ഭീതികൊണ്ട് നാമോരോരോ കാര്യങ്ങളില്‍ പിന്നെയും നമ്മളെ മുക്കിക്കൊല്ലുകയാണ്. നിരന്തരം ഓരോരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീയെ ക്രിസ്തു തിരുത്തിയത് ശ്രദ്ധിക്കണം മാര്‍ത്താ, മാര്‍ത്താ എന്നു വിളിച്ചുകൊണ്ട്. അഭിസംബോധന ആവര്‍ത്തിക്കുന്ന ക്രിസ്തുശീലത്തിന്‍റെ സൂചന അതു തറപ്പിച്ചുപറയുക എന്നതു തന്നെ. ഉദാഹരണങ്ങള്‍ കുറവല്ല. ജറുസലേം ജറുസലേം, ശിമയോനേ ശിമയോനേ, സാവൂള്‍ സാവൂള്‍, തുടങ്ങിയവ. തന്‍റെ പാദപത്മങ്ങളില്‍ വെറുതെയിരുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ച് അവളാണ് ജീവിതത്തിന്‍റെ നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ക്രിസ്തു പറഞ്ഞത് കണ്ടില്ലേ. രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള തരംഗ വ്യതിയാനങ്ങളെ താരതമ്യപ്പെടുത്തി ഒരാള്‍ മറ്റൊരാളെക്കാള്‍ ഭേദമെന്നു പറയുന്നത് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗമല്ല. അത് ഒരാളുടെ തന്നെ രണ്ടു സമയങ്ങളെ പുനര്‍വിചിന്തനം ചെയ്യാനുള്ള ക്ഷണമാണ്. ഒരാളുടെ ജീവിതത്തിന്‍റെ ഏറ്റവും ഭാവാത്മകവും സൃഷ്ടിപരവുമായ മുഹൂര്‍ത്തം അതാണെന്ന് ഗുരുവിനറിയാം, ഒരാള്‍ കണ്ണുപൂട്ടിയിരിക്കുന്ന നേരം. കാലാകാലങ്ങളായി ഋഷികള്‍ പറയുന്ന ധ്യാനത്തിന്‍റെ ഒരു സെക്കുലര്‍ പരിഭാഷ. ഒന്നും ചിന്തിക്കാതിരിക്കുന്ന അവസ്ഥയെന്നാണല്ലോ തഥാഗഥന്മാര്‍ ധ്യാനത്തെ നിര്‍വ്വചിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും അതിനുശേഷം പലതിന്‍റെയും കെട്ടുകളഴിയുന്നു. പ്രകാശം പരക്കുന്നു. വിശ്രമമാണ് വ്യവഹാരിയുടെ ധ്യാനം.
ഹെബ്രായ ജ്ഞാനം വിശ്രമത്തിന്‍റെ ഹരിതഭൂമിയിലേക്ക് സാധകരെ ആവശ്യത്തിലേറെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ദൈവത്തെപ്പോലും, സ്വാസ്ഥ്യത്തിന്‍റെ നീര്‍ത്തടാകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി കലുഷിതമായ പ്രാണന് വിശ്രമം തരുന്നയാള്‍ എന്ന മട്ടിലാണല്ലോ സങ്കീര്‍ത്തകന്‍ ചിത്രീകരിക്കുന്നത്. മനുഷ്യന് മാത്രമല്ല, മണ്ണിനും വിശ്രമം നല്‍കണമെന്ന് ശഠിക്കുന്നുണ്ട് ബൈബിള്‍. ജൂബിലിവര്‍ഷം കിളയ്ക്കാതെയും വിതയ്ക്കാതെയും മണ്ണിനെ വെറുതെ വിടണമെന്ന് അത് ദേശത്തോട് ആവശ്യപ്പെടുന്നു. ഫുക്ക്വോക്കയിലൂടെയൊക്കെ നമ്മുടെ കാലത്ത് സവിശേഷ ശ്രദ്ധ കിട്ടിയ ആ കൃഷിപാഠങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. നോക്കണം, അണക്കെട്ടുകളൊക്കെ പുഴയുടെയും ജീവിതത്തിന്‍റെയും ഗതി തിരിച്ചുവിടുന്നതുവരെ ഈ നാട്ടിലും വര്‍ഷത്തില്‍ ഒരു കൃഷിയേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും ഇവിടെ ആരും പട്ടിണിയൊന്നും കിടന്നിട്ടില്ല. മൂന്നു കൂപ്പോളമെത്തിയ ആ കൃഷി രീതികള്‍ക്കുശേഷം വയല്‍ തരിശിന്‍റെ പര്യായമായി മാറിയത് അറിഞ്ഞില്ലേ. നിരന്തരം കൊടുത്തുകൊണ്ടിരിക്കുന്ന എന്തിനും ആനുപാതികമായി സ്വീകരിക്കാനുള്ള നേരവും സാഹചര്യവും ഉണ്ടാകണമെന്ന ലളിതമായ നിയമങ്ങളും നാം മറന്നുപോയി.
ഒരര്‍ത്ഥത്തില്‍ സാബത്തിനോടുള്ള കഠിന നിഷ്ഠയുടെയും ശാഠ്യത്തിന്‍റെയും കാരണം അത് തന്നെയാവണം. ജോലി ചെയ്തുകൊണ്ടിരിക്കുന്നു, ദീര്‍ഘകാലം കൊണ്ട് സ്വാഭാവികമായി അനുഭവപ്പെടുന്ന ഒരു കര്‍മ്മത്തെ, പ്രതിരോധിക്കുവാന്‍ ഒരാള്‍ അയാളോടുതന്നെ കുറച്ചു പണിപ്പെട്ടേ പറ്റൂ. എന്നാലും കാലക്രമേണ ആചാരങ്ങളുടെ ആത്മാവ് നഷ്ടമാകുകയും പലതിന്‍റെയും പൊരുളറിയാതെ ഇടറിയും കുരുങ്ങിയും മനുഷ്യനില്‍ പെട്ടുപോവുകയും ചെയ്യുമ്പോള്‍ ക്രിസ്തു വിശ്രമത്തെയും വിമലീകരിച്ചു. ഒന്നും ചെയ്യാതിരിക്കുകയല്ല സനാതന നന്മയുമായി ബന്ധപ്പെട്ട് നിലനില്‍ക്കാന്‍ കഴിയുന്നതാണ് സാബത്തിന്‍റെ മൂലക്കല്ല് എന്ന് പഠിപ്പിച്ചു. സാബത്തെന്ന വിശ്രമത്തെ, അവനവനില്‍ അധിഷ്ഠിതമല്ലാത്ത ചില നല്ല പ്രവൃത്തികളില്‍ ബോധപൂര്‍വ്വം ഏര്‍പ്പെട്ട് അഴകുള്ളതാക്കി മാറ്റാമെന്ന് അഴകുള്ള, ആഴവുമുള്ള ഒരു സമാന്തരവായന ക്രിസ്തുവിലൂടെ സംഭവിച്ചു. അങ്ങനെ വിശ്രമത്തെ ഒരു പരോന്മുഖസാധനയാക്കി. ഉപവാസം, നിശ്ശബ്ദത തുടങ്ങിയ വേദപുസ്തക ശീലങ്ങളെ വളരെവേഗത്തില്‍ വിശ്രമമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ശരീരത്തിനും വിശ്രമം ആവശ്യമുണ്ട്. ഉലയുന്ന വഞ്ചിയുടെ അണിയത്തു കിടന്നുപോലും വിശ്രമിക്കാനാവുമെന്ന് ഭൂമിയെ പഠിപ്പിച്ച ഗുരുവാണ് ക്രിസ്തു.
നമുക്ക് മറുകരയിലേക്ക് പോയി വിശ്രമിക്കാമെന്ന് ക്രിസ്തു ശിഷ്യന്മാരെ ക്ഷണിക്കുന്നുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു കടലോര ഗ്രാമത്തില്‍ പോലും അതിന് പ്രസക്തിയുണ്ടെങ്കില്‍ നിയോണ്‍ വിളക്കുകള്‍ റബ്ബറുമിഠായി പോലെ വലിച്ചു നീട്ടിയ പകലുകളുള്ള, രാത്രി വെള്ളിമൂങ്ങായെപ്പോലെ മറഞ്ഞുപോകുന്ന നഗരത്തിന്‍റെ യന്ത്രത്തെ തോല്പിക്കുന്ന ശ്രമങ്ങളില്‍ അതിനെത്രമാത്രം പ്രതിധ്വനികളുണ്ടാവില്ല. സ്വയം വിശ്രമിക്കാന്‍ മാത്രമല്ല ഉറ്റവര്‍ക്ക് വിശ്രമം ഉറപ്പാക്കുന്നവിധം സുകൃതസുഗന്ധമുള്ളതാണോ ചങ്ങാതീ, നിങ്ങളുടെ ജീവിതം, എന്നതാണ് നമ്മുടെ കുഞ്ഞു മാസികയുടെ ഇത്തവണത്തെ സങ്കടം.
കൊടിയ അനീതിയുടെ നുകത്തിനു കീഴില്‍ അനുനിമിഷം ഞെരിഞ്ഞമര്‍ന്നു കൊണ്ടിരിക്കുന്ന ഒരുകാലത്തില്‍ വിശ്രമത്തെക്കുറിച്ച് പറയാനുള്ള ധാര്‍മ്മികാവകാശംപോലും നമുക്കില്ലെന്നു തോന്നുന്നു. എട്ടുമണിക്കൂര്‍ അദ്ധ്വാനം എട്ട് മണിക്കൂര്‍ വിനോദം എട്ട് മണിക്കൂര്‍ വിശ്രമം എന്ന മട്ടില്‍ ഒരാളുടെ യാമങ്ങളെ വേര്‍തിരിച്ചെഴുതണമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു സുപ്രധാനമായ, ഒരുപക്ഷേ, ആദ്യത്തേതുമായ ആ തൊഴിലാളികളുടെ പ്രതിരോധവും പിന്നെ സംഘര്‍ഷവും. മെയ്ദിനത്തിന്‍റെ സാഹചര്യമാണ് പറഞ്ഞുവരുന്നത്. അതിന്‍റെ അര്‍ത്ഥം അദ്ധ്വാനത്തിന്‍റെ കൃത്യമായ രണ്ട് മടങ്ങോളംവരുന്ന വിശ്രമം. നമ്മുടെ കാലത്തൊന്നും കാര്യങ്ങള്‍ ഭേദപ്പെട്ടതില്ലെന്ന് മാത്രമല്ല വഷളാവുന്നു എന്ന സൂചനകളുണ്ട്. കാര്യം ശരിയാണ്. സാമാന്യം ഭേദപ്പെട്ട ഒരു ജീവിത നിലവാരം ഐടീ മേഖലയില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അതിന് ആ ചെറുമുറക്കാര്‍ നല്‍കുന്ന വില കഠിനമാണ്. ശമ്പളം കൊടുക്കുന്ന കങ്കാണിയുടെ ദേശത്ത് ഈ പാതിരാവില്‍ പകലായിരിക്കുന്നതുകൊണ്ടുമാത്രം ഇവിടെയിരുന്ന് ഉറക്കമിളയ്ക്കേണ്ടിവരുന്ന ഒരു ഗതികേട് എന്തുകൊണ്ടാണ് പൊതുസമൂഹം ചര്‍ച്ചയ്ക്ക് വയ്ക്കാത്തത്? ലൈഫ്സ്റ്റൈല്‍ ആതുരതകള്‍ എന്തെന്ന് അറിയാന്‍ അവരെ നോക്കി പഠിച്ചാല്‍ മതി. വരമ്പത്ത് വിളക്കുവച്ച് പാടം ഉഴരുതെന്ന് എന്തിനാണ് നമ്മുടെ തൊട്ടുമുമ്പത്തെ തലമുറ ശഠിച്ചത്? പല കാരണങ്ങള്‍കൊണ്ട് ഒരു പ്രത്യേകരീതിയില്‍ ചാവികൊടുത്തിരുന്ന നമ്മുടെ ജൈവികഘടികാരത്തില്‍ ഇതുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പരിക്കുകളെ കാണാതെപോകരുത്. അങ്ങനെ എന്തൊക്കെ കാര്യങ്ങള്‍ വിശ്രമത്തിന്‍റെ ഒരു നിലാവെളിച്ചത്തില്‍ കാണേണ്ടിയിരിക്കുന്നു. സ്വെറ്റ് ഫാക്ടറിയെന്ന ഒരു പുതിയ സങ്കല്പമിന്നുണ്ട്. അവിരാമമായി പണിചെയ്യാന്‍ തയ്യാറുള്ള പാവപ്പെട്ട മനുഷ്യരെക്കൊണ്ട് ഏതളവിലും ജോലിയെടുപ്പിക്കുന്ന നവീന വ്യാപാര തന്ത്രങ്ങള്‍. നഴ്സിങ്ങ് മേഖലയില്‍ ഈ അടുത്തകാലത്തായി നടന്ന ചില പ്രതിരോധങ്ങള്‍ ഒരു ലാല്‍സലാം അര്‍ഹിക്കുന്നു. തൂവെള്ള വസന്തത്തിന്‍റെ ഇടിമുഴക്കമെന്നാണ് ഒരാളതിനെ വിശേഷിപ്പിച്ചത്. കുറച്ച് വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചാലും നല്ലതാണ്. പുലരിയിലേ എഴുന്നേറ്റ് രാത്രി 11 മണിക്ക് പാത്രം മോറി കിടക്കുവോളം സദാ ശ്രമങ്ങളിലായിരിക്കുന്ന പെണ്‍തേനീച്ചകളെ ഓര്‍മ്മിപ്പിക്കുന്ന വീട്ടമ്മമാര്‍, വിശേഷിച്ചും ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍. മേശ തുടയ്ക്കാന്‍ പോലും ഒന്നു തയ്യാറല്ലാത്ത ആണ്‍ സിങ്കങ്ങള്‍ക്ക് നമോവാകം.
റിട്രീറ്റ് എന്ന ഒരു ശീലത്തിലേക്ക് മലയാളി നസ്രാണികള്‍ എത്തിയിരിക്കുന്ന ഒരു കാലമാണിത്. ആ വാക്കിന്‍റെ അര്‍ത്ഥംപോലും ബാക്ക് ടു ബെയ്സ് എന്നാണ്. വാഗ അതിര്‍ത്തിയില്‍ ഓരോ സന്ധ്യയിലും ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചെയ്യുന്നതുപോലെ കാറ്റിലാടുന്ന പതാകകള്‍ താഴ്ത്തി ഒന്ന് പിന്നോട്ടു മാറിനില്‍ക്കുന്ന ചടങ്ങാണത്. അവിടെപ്പോലും എന്തു മാത്രം കഠിനാദ്ധ്വാനങ്ങള്‍. ചെകിടടപ്പിക്കുന്ന സൗണ്ട് സിസ്റ്റം, നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചനപോലുമില്ലാത്ത ദീര്‍ഘമായ പ്രഭാഷണങ്ങള്‍, ഉറക്കെപ്പാടൂ, ഉറക്കെപ്പാടു എന്ന് അലറിവിളിക്കുന്ന ഗായകസംഘം. ഇതൊക്കെ ഇങ്ങനെതന്നെ നിലനില്‍ക്കേണ്ടതുണ്ടോ? എന്‍റെ പിഴ, എന്‍റെ പിഴ, ഞങ്ങളുടെ വലിയ പിഴ, വിശ്രമത്തിനും ആ പരാശക്തിയുമായുള്ള ആന്തരിക സൗഹൃദം ബലപ്പെടുത്താനുമുള്ള ഇടങ്ങളായി നമ്മുടെ ധ്യാനകേന്ദ്രങ്ങള്‍ പരിണമിച്ചിരുന്നെങ്കില്‍ കാര്യങ്ങളെത്ര നന്നായേനേ? വിശ്രമത്തിനായി ക്രിസ്തു കാട്ടിത്തരുന്ന മറുകരയായി അതിനെയൊക്കെ ആരെങ്കിലും ഒന്ന് പുനരര്‍പ്പിച്ചിരുന്നെങ്കില്‍... അദ്ധ്വാനിക്കുന്നവരുടെയും ഭാരംചുമക്കുന്നവരുടെയും അത്താണിയായി സ്വയം വെളിപ്പെടുത്തിയയാള്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.