news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

അസ്സീസി മാസിക നിര്‍ത്തിക്കളഞ്ഞാല്‍ ഇവിടെയെന്തെങ്കിലും സംഭവിക്കുമെന്നു കരുതുന്നുണ്ടോ?" അപ്രതീക്ഷിതമായിരുന്നു കാലുഷ്യം നിറഞ്ഞ ആ ചോദ്യം. അതുകൊണ്ടുതന്നെ പെട്ടെന്ന് ഉത്തരം പറയാനായില്ല. പിന്നീട് അതേ ചോദ്യം സ്വയം ചോദിച്ചു: അസ്സീസിയോ മനുഷ്യസ്നേഹിയോ കേരളീയമോ മാതൃഭൂമിയോ നിന്നുപോയാല്‍ ഇവിടെയെന്തെങ്കിലും സംഭവിക്കുമോ? കള്ളുഷാപ്പ് നിന്നുപോയാല്‍ പിന്നെ പൂസാകാന്‍ പറ്റാതെ വരും. പന്നിക്കൃഷിയില്ലെങ്കില്‍ സദ്യക്കു പോര്‍ക്കുണ്ടാവില്ല. പക്ഷേ വായിക്കാന്‍ ഒന്നുമില്ലെങ്കിലോ? നാവിന്‍റെ സ്വാദിനും നോട്ടിന്‍റെ കിരുകിരുപ്പിനുമപ്പുറത്ത് ലോകമില്ലാത്തവര്‍ക്ക് ഒന്നും സംഭവിക്കില്ലായിരിക്കാം. എന്നാല്‍, വിശക്കുന്നവനു ഭക്ഷിക്കാന്‍ കൊടുക്കേണ്ടത് അപ്പമല്ല, വാക്കാണെന്നാണ് 'അസ്സീസി' വിശ്വസിക്കുന്നത്. അപ്പം കഴിച്ചാല്‍ കിടന്നുറങ്ങുകയേയുള്ളൂ; വാക്കു കഴിച്ചാല്‍ അതിനാവില്ലല്ലോ. അങ്ങനെ ഉറങ്ങാനാവാത്തവരാണ് ഈ മണ്ണിനെ സുന്ദരമാക്കിയിട്ടുള്ളത്. വാക്കും വായനയും ജീവശ്വാസംപോലെ പ്രധാനമാകുന്നത് അതുകൊണ്ടാണ്. അമേരിക്കയിലെ കറുത്തവരുടെ ജീവിതം 'അങ്കിള്‍ ടോംസ് ക്യാബിന്‍' എന്ന നോവലിലാക്കി ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് പുറത്തിറക്കിയത് 1852 ലാണ്. ഒരു ദശകം കഴിഞ്ഞ് അടിമത്തത്തിനെതിരായ യുദ്ധം അവിടെ തുടങ്ങി. ആയിടയ്ക്ക് എബ്രാഹം ലിങ്കണ്‍ പൊക്കം കുറഞ്ഞ ആ നോവലിസ്റ്റിനെ കണ്ടപ്പോള്‍ അത്ഭുതം കൂറിയത്രേ: "അപ്പോള്‍ നിങ്ങളാണല്ലേ ഈ യുദ്ധത്തിനു കാരണക്കാരി!" ചരിത്രം ഇന്നായിരിക്കുന്നിടത്തെത്തിയത് ശരീരത്തിന്‍റെ സ്വാദുകള്‍ക്കപ്പുറത്ത് വായനയുടെ മാസ്മരിക വലയത്തില്‍ ചിലരെങ്കിലും പെട്ടുപോയതുകൊണ്ടാണ്. ഒരു കവിയുടെയോ ചിന്തകന്‍റെയോ ഗുരുവിന്‍റെയോ മനസ്സിലുള്ള സ്വപ്നങ്ങളെ, പൂമ്പൊടി കൊണ്ടുവരുന്ന പൂമ്പാറ്റ കണക്കെ, വാക്കുകള്‍ വായനക്കാരനിലെത്തിക്കുന്നു. അതോടെ വായനക്കാരന്‍ മറ്റൊരു ലോകത്തിലേക്കു പ്രവേശിക്കുകയാണ്. ഇവിടുത്തെ കാമവും മാത്സര്യവും ശുഷ്കസംഭാഷണവും അയാള്‍ക്ക് അരോചകമായി മാറുന്നു. ഈ ലോകത്തിലായിരിക്കുമ്പോഴും അതിന്‍റേതല്ലാത്തവനാണ് അയാള്‍.

അതുകൊണ്ടൊക്കെയാവാം വായനയെ ചിലര്‍ പ്രണയിച്ചത്. അയല്‍പക്കത്തെ തിയാടി പെണ്‍കുട്ടി പഠിപ്പിച്ചു കൊടുത്ത അക്ഷരങ്ങളുപയോഗിച്ച്, ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസില്‍ കണ്ട പരസ്യത്തില്‍നിന്ന് "മാന്‍മാര്‍ക്കു കുട" എന്ന് ആദ്യമായി കൂട്ടിവായിച്ചതിന്‍റെ അതിരറ്റയാനന്ദം വി.ടി. ഭട്ടതിരിപ്പാട് വിവരിക്കുന്നുണ്ട്. ഇരുട്ടിന്‍റെ ഏകാന്തതയിലിരുന്ന് ആരുമറിയാതെ അദ്ദേഹം അതു വീണ്ടും വീണ്ടും ഉരുവിടുകയാണ്. എല്ലാവരും ചുരുണ്ടുകൂടി കിടന്നുറങ്ങുമ്പോഴും അവര്‍ക്കൊക്കെ അന്യമായ ഒരു നിഗൂഢ ആനന്ദവും അത്ഭുതലോകവും അദ്ദേഹത്തിന്‍റെ മുമ്പില്‍ മലര്‍ക്കെ തുറക്കുകയാണ്. വായനക്കാരനു മത്സരങ്ങളില്‍ താത്പര്യമില്ല; കാരണം അയാളുടെ ശിരസ്സു മുട്ടിനില്ക്കുന്നത് ആകാശത്തെയാണ്. വായനക്കാരന്‍ ആക്രോശങ്ങളെയും ബഹളങ്ങളെയും അവഗണിക്കുന്നു; കാരണം ടാഗോറും മോപ്പസാങ്ങും ഒക്കെയായി അയാള്‍ സംവാദത്തിലാണ്. വായനക്കാരന്‍റെ കൂടെ ശയിക്കാന്‍ ഒരാള്‍ വേണമെന്നുകൂടിയില്ല; കാരണം അയാളുറങ്ങുന്നതു പുസ്തകത്തെ നെഞ്ചോടു ചേര്‍ത്താണ്.

ഇതുവരെയുള്ള ജീവിതം കൊണ്ട് എന്തുനേടി എന്നതിനു കൊടുക്കാനുള്ള ഒരേയൊരുത്തരം ഇത്തിരി വായിച്ചു എന്നതുമാത്രമാണ്. രാത്രിയില്‍ ഉണര്‍ന്നിരുന്നു ടാര്‍സനോടൊപ്പം കമ്പില്‍നിന്നു കമ്പിലേക്കു ചാടിയിട്ടുണ്ട്; അഴീക്കോടുമാഷിനെ വായിച്ച് ഉപനിഷത്തു പഠിക്കാന്‍ കൊതി തോന്നിയിട്ടുണ്ട്; ചെക്കോസ്ലോവാക്യയുടെ തെരുവുകളിലൂടെ നടന്നിട്ടുണ്ട്. ഒരു ചെറുഗ്രാമമാണു ഞങ്ങളുടേത്. ഒരു സ്ത്രീ സൈക്കിള്‍ ചവിട്ടുന്നതു ആദ്യമായി കണ്ടപ്പോള്‍ "ഇതെന്തൊരു അഹങ്കാരി!" എന്നു മനസ്സില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് അതോര്‍ത്തു ലജ്ജിക്കുന്നതിനു കാരണം ചില സ്ത്രീപക്ഷ വായനകളാണ്. അമേരിക്കയുടെ തിളക്കം കണ്ട് കണ്ണു മഞ്ഞളിക്കാത്തത് 'റൂട്സ്' എന്ന നോവല്‍ വായിച്ചതു കൊണ്ടാണ്. ചില പള്ളിപ്രസംഗങ്ങളും വേദപാഠ ക്ലാസ്സുകളും നിമിത്തം ക്രിസ്തുവില്‍നിന്ന് ഏറെയകലാന്‍ ഇടയായിട്ടുണ്ട്. (കൂട്ടത്തില്‍ പറയട്ടെ, ഒരു കപ്പൂച്ചിന്‍ സന്ന്യാസിയുടെ വാക്കുകളാണു അവനിലേക്കെന്നെ മടക്കിയതും.) ഇന്നു ചിന്തകളിലെങ്കിലും ക്രിസ്തു നിറയുന്നതിനു കാരണം കാപ്പനും സാമുവല്‍ രായനും സ്വവാരസ് പ്രഭുവും ലയനാര്‍ദോ ബോഫുമൊക്കെയാണ്. അന്യമായ ലോകം, അന്യമായ ചിന്തകള്‍, അന്യമായ സ്വപ്നങ്ങള്‍ ഒക്കെ പതുക്കെ, പതുക്കെ നമുക്കു സ്വന്തമാകുന്നു. നാം നാമറിയാതെ ഒരു പരിണാമത്തിനു വിധേയമാകുന്നു. ലോകത്തിനു തരാനാകാത്ത ഒരു നിറവ് മനസ്സില്‍ നിറയുന്നു. ഒരു പുത്തന്‍പുസ്തകം വായിച്ചു തീര്‍ക്കുമ്പോഴേക്കും അതിന്‍റെ താളുകളൊക്കെ ഇത്തിരിയകന്ന് പുസ്തകത്തിനു വണ്ണം വയ്ക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ വികാരങ്ങളും നിശ്വാസങ്ങളും ചിന്തകളും താളുകള്‍ക്കിടയില്‍ കയറിപ്പറ്റുന്നതു കൊണ്ടാണ് അതെന്നു ജര്‍മന്‍ കഥാകാരി കൊര്‍ണേലിയ ഫ്യൂന്‍ക്.

പുസ്തകങ്ങളെ എതിര്‍ക്കുന്നത് ആരെന്ന ചോദ്യം വായനയെ സ്നേഹിക്കാന്‍ സഹായിച്ചേക്കാം. ഒട്ടുമിക്ക വേദഗ്രന്ഥങ്ങളും സാധാരണക്കാരന് ആദ്യമൊക്കെ നിഷിദ്ധമായിരുന്നല്ലോ. പക്ഷേ വായനയോടുള്ള അദമ്യമായ ആവേശത്തെ കല്പനകള്‍കൊണ്ടു മെരുക്കാന്‍ അധികാരങ്ങള്‍ക്കായില്ല. പിന്നീട് അവര്‍ ശ്രമിച്ചത് പുസ്തകങ്ങള്‍ക്കു തീയിടാനാണ്. നളന്ദ ലൈബ്രറിയിലെ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ക്കു തീയിട്ടപ്പോള്‍ അതു കത്തിത്തീരാന്‍ മാസങ്ങള്‍ വേണ്ടിവന്നുവെന്ന് ആനന്ദ് സൂചിപ്പിക്കുന്നുണ്ട്. നാസികള്‍ ചുട്ടുകരിച്ചത് 60 ലക്ഷം മനുഷ്യരെമാത്രമല്ല, 10 കോടി പുസ്തകങ്ങള്‍കൂടിയാണ്. പൂനായിലെ ഭണ്ഡാര്‍കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തല്ലിത്തകര്‍ത്തത് എട്ടുവര്‍ഷം മുമ്പായിരുന്നില്ലേ? വായനയെ എന്നും ഭയന്നത് അധികാര കേന്ദ്രങ്ങളാണ്. അതുകൊണ്ടാണ് സത്യങ്ങളെല്ലാം തങ്ങളുടെ പക്കലുണ്ടെന്നും എല്ലാക്കാലത്തേക്കുമുള്ള ഉത്തരങ്ങള്‍ തങ്ങള്‍ എഴുതിയ പുസ്തകത്തിലുണ്ടെന്നും ബാക്കിയുള്ള പുസ്തകങ്ങളെല്ലാം നിരോധിക്കണമെന്നും അവര്‍ നിരന്തരം പറയുന്നത്. നമ്മെ ആട്ടിത്തെളിക്കാനാണ് അവരുടെ ശ്രമം. അതിനെതിരായുള്ള പ്രതിരോധമാണു വായന. നമ്മുടെ ജീവിതത്തിന്‍റെയും കാലത്തിന്‍റെയും ഉത്തരങ്ങള്‍ നമ്മള്‍തന്നെ കണ്ടെത്തുമെന്നുള്ള പ്രഖ്യാപനമാണത്. കുഞ്ഞാടാകാന്‍ മനസ്സില്ലെന്നു തീരുമാനിക്കുന്നിടത്ത് വായനയുണ്ടാകുന്നു. മറവിരോഗം ബാധിച്ചുതുടങ്ങിയ ഒരു ഗ്രാമത്തെക്കുറിച്ച് ഒരു കഥയുണ്ട്. രോഗത്തെ പ്രതിരോധിക്കാന്‍ അവര്‍ ഓരോന്നിലും പേരെഴുതി വയ്ക്കുന്നു: ഇതു മരം, ഇതു വീട്, ഇതു പശു-പാല്‍ തരുന്ന മൃഗം. വാക്കുകള്‍ അതാണ്: നിരന്തരമായുള്ള ഓര്‍മപ്പെടുത്തല്‍. ടി.വി. കാണിച്ചും ക്രിക്കറ്റു കളിപ്പിച്ചും ഉത്സവങ്ങളും പെരുന്നാളുകളും സംഘടിപ്പിച്ചും എല്ലാം മറക്കാനാണ് അധികാരികള്‍ നമ്മോടു പറയുന്നത്. വാക്കിനെ അള്ളിപ്പിടിച്ചിരുന്ന്, ഭ്രാന്തമായ വായനയിലേര്‍പ്പെട്ടാണ് നാമതിനെ ധിക്കരിക്കേണ്ടത്.

ചില പുസ്തകങ്ങളെയും ചിന്തകളെയും ചിലര്‍ അപഹസിക്കുന്നതു കേട്ടിട്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഒരുപാടു ചെളിവാരിയെറിയപ്പെട്ടയാളാണ് നീഷേ. തന്‍റെ ചിന്തകളുടെ ചൂടില്‍ ഭ്രാന്തു പിടിച്ചുപോയ മനുഷ്യനാണദ്ദേഹം. സ്വന്തം ജീവന്‍ കൊടുത്താണ് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചത്. ആ സംഘര്‍ഷത്തിന്‍റെയോ അധ്വാനത്തിന്‍റെയോ ആയിരത്തിലൊന്നു പോലും അനുഭവിക്കാന്‍ തയ്യാറല്ലാത്ത ചിലര്‍, അദ്ദേഹമെഴുതിയത് എന്തെന്ന് ഒന്നന്വേഷിക്കുകകൂടി ചെയ്യാതെ, ഒരു സുഖനിദ്രയ്ക്കുശേഷം എഴുന്നേറ്റുവന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നതു കേട്ടിട്ടുണ്ട്. ഒരുപാട് അലച്ചിലുകള്‍ ബഷീറിന്‍റെ കൃതികള്‍ക്കു പിന്നിലുണ്ട്. പട്ടിണി കിടന്നിട്ടാണ് ചുള്ളിക്കാട് കവിതകള്‍ കുറിച്ചത്. വായനയ്ക്കും എഴുത്തിനും വേണ്ടി ജീവിതം മാറ്റിവച്ചതുകൊണ്ട് കുഞ്ഞ് മരിക്കാന്‍ തുടങ്ങുമ്പോള്‍പോലും ചികിത്സിക്കാന്‍ കാശില്ലാതെ മാര്‍ക്സ് വലഞ്ഞിട്ടുണ്ട്. ഉന്മാദങ്ങള്‍ക്കിടയിലാണ് ദൊസ്തെയെവ്സ്കി പേനയെടുത്തത്. നായക്കുഞ്ഞിനെ നക്കിത്തുടച്ചെടുക്കുന്നതുപോലെയാണ് താന്‍ വാക്കുകള്‍ തയ്യാറാക്കുന്നതെന്ന് കമലസുരയ്യ. പത്രക്കാരനായിരുന്ന അമ്മാവന്‍ പറ്റിയ ഒരു വാക്കിനുവേണ്ടി വെരുകുപോലെ നടക്കുന്നതു കണ്ടിട്ടുണ്ട്. നല്ലൊരു ചിന്തയ്ക്കും പുസ്തകത്തിനും പിന്നില്‍ സംഘര്‍ഷം നിറഞ്ഞ നിമിഷങ്ങളുണ്ട്, ഉറങ്ങാനാവാത്ത രാത്രികളുണ്ട്, നഖംകടിക്കലും ഡിപ്രഷനുമുണ്ട്. ആരുടെയും പുസ്തകത്തെ നമുക്കു വിമര്‍ശിക്കാം, വേണമെങ്കില്‍ വലിച്ചു കീറാം. പക്ഷേ അതു ചെയ്യുന്നതിനുമുമ്പ് മൂന്നുവര്‍ഷം കൊണ്ടെഴുതിയ ഒരു പുസ്തകത്തോടൊപ്പം മൂന്നുദിവസമെങ്കിലും ചെലവിടുക എന്ന മിനിമം കാര്യം നിര്‍വഹിക്കേണ്ടതുണ്ട്. അമര്‍ത്യസെന്നിനെ ഒരിക്കല്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ എന്നോടു ചോദിച്ചത് സെന്‍ എന്തുകൊണ്ടാണ് തന്‍റെ ആദ്യഭാര്യയെ ഡിവോസ് ചെയ്തതെന്നായിരുന്നു. എന്നാണാവോ ഇനി അയാള്‍ സെന്നിനെ വിമര്‍ശിച്ചുതുടങ്ങുന്നത്!
അഞ്ചാമതൊരു ഉടുപ്പു വാങ്ങുന്നതിനുപകരം ഒരു പുസ്തകം വാങ്ങാന്‍ ശ്രമിച്ചുകൂടേ നമുക്ക്? ചാനല്‍ചര്‍ച്ചകളുടെ മുമ്പിലിരിക്കുന്നതിനുപകരം ആനന്ദിനോ ഖലില്‍ ജിബ്രാനോ നമുക്കു ചെവി കൊടുത്തുകൂടേ? തറയില്‍ മാര്‍ബിളിടുന്നതിനുപകരം വീടിന്‍റെ ഭിത്തികളെ പുസ്തക ഷെല്‍ഫുകള്‍കൊണ്ട് അലങ്കരിക്കുകയായിരുന്നെങ്കില്‍. ആശ്രമങ്ങളൊക്കെ പണ്ട് അറിവിന്‍റെ ഇടങ്ങളായിരുന്നു. പ്രശ്നങ്ങളുമായി വരുന്നവരോട് "പ്രാര്‍ത്ഥിക്കാം, എല്ലാം ശരിയാകും" എന്നതിനപ്പുറം എന്തെങ്കിലും പറയാന്‍ ഇന്നത്തെ മിക്ക ആശ്രമവാസികള്‍ക്കുമാകുന്നുണ്ടോ? ജോലി കിട്ടിയതിനുശേഷം അക്ഷരവിരോധികളായിത്തീരുന്ന അധ്യാപകരുടെ എണ്ണം കുറച്ചൊന്നുമല്ല. ഷെല്‍ഫുകളിലിരിക്കുന്ന പുസ്തകങ്ങള്‍ കീടങ്ങളുടെ ആക്രമണത്തിനു വിധേയമാകുകയാണ്. ഇത്തരമൊരു കാലത്ത് വായിക്കുന്ന പത്തു പേരിരുന്ന് ഒരു പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍. ഓര്‍ക്കുക, ഇരുട്ടിന്‍റെ ഇരുട്ട് കൂടിവരികയാണ്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts