news-details
സഞ്ചാരിയുടെ നാൾ വഴി

തോമസിനെ ഇരട്ടയെന്നാണ് സുവിശേഷം വിശേഷിപ്പിക്കുന്നത്. അതില്‍ ഒരാളില്‍ത്തന്നെയുള്ള ദ്വന്ദ്വഭാവങ്ങളുടെ സൂചനയുണ്ടോ? ഒരു പാതികൊണ്ട് സ്നേഹിക്കുകയും മറുപാതികൊണ്ട് സന്ദേഹിക്കുകയും ചെയ്യുന്ന, പിന്നെ അവയ്ക്കിടയില്‍ നിരന്തരം ആന്ദോളനമാടുന്ന ചെറിയ പ്രാണനുള്ള ഏതൊരു സത്യാന്വേഷിയുടെയും  നിഴല്‍ അതില്‍ വീണിട്ടുണ്ട്. സത്യവിശ്വാസിയായി നിലനില്‍ക്കുക സരളമായൊരു കാര്യമാണ്. സത്യാന്വേഷിയാവുക എന്നാല്‍ അവസാനത്തോളം കൊടിയ കപ്പം കൊടുക്കേണ്ടി വരുന്ന ദുരിതപൂര്‍ണ്ണമായ നിലനില്‍പാണ്. എന്നിട്ടും മതമെന്ന മുന്നിടങ്ങഴി മാവിന്‍റെ പുളിമാവായി നില്‍ക്കുന്നത് വിരലുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കാനാവുന്ന ആ ചെറിയ മനുഷ്യഗണമാണ്.

'തോമസിന്‍റെ സുവിശേഷത്തില്‍' ക്രിസ്തു അതാവശ്യപ്പെടുന്നുണ്ട്- നിരന്തരം വഴിയാത്രക്കാരനാവുക. വളരെക്കുറച്ച് പരാമര്‍ശങ്ങളെ അയാളെക്കുറിച്ച് വേദപുസ്തകത്തിലുള്ളൂ. കൃത്യമായി പറഞ്ഞാല്‍ മൂന്നിടത്ത്.  അതിലൊന്ന് വഴിയുമായി ബന്ധപ്പെട്ടാണ്. ക്രിസ്തുധര്‍മ്മത്തെ മാര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കാവുന്ന പ്രകാശം നമ്മുടെ ഈ ദേശത്ത് ഉണ്ടായതെങ്ങനെയെന്നത് ആലോചനാമൃതമാണ്. വിശ്വാസത്തിന്‍റെ കൂടാരത്തില്‍ അപൂര്‍വ്വം ചില രാത്രികളില്‍ അന്തിയുറങ്ങുന്നത് ഒഴിച്ച് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ക്ലേശകരമായ ശിരോലിഖിതം പേറുന്നവരിലാണ് ഗുരുക്കന്മാരുടെ പ്രതീക്ഷ. എന്താണ് സത്യമെന്ന പീലാത്തോസിന്‍റെ ചോദ്യത്തിനുമുന്‍പില്‍ ക്രിസ്തു പുലര്‍ത്തിയ നിശ്ശബ്ദതയില്‍ അതിന്‍റെ പൊരുളുണ്ട്. തീരെ സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത പാവം മനുഷ്യരാണ് അധികാരികള്‍. മനസ്സ് ശരിയെന്ന് പറയുന്ന കാര്യങ്ങളോട് ബധിരത നടിക്കേണ്ടിവരുന്നവര്‍. അവരോട് സത്യത്തെക്കുറിച്ച് സംസാരിക്കുന്നതിനെയാണ് പന്നിക്കൂട്ടത്തിനിടയില്‍ ചൊരിഞ്ഞ മുത്തെന്ന് ക്രിസ്തു ഒരിക്കല്‍ പരാമര്‍ശിച്ചത്. അതുകൊണ്ടു മാത്രം മൗനത്തിന്‍റെ വാല്മീകത്തില്‍ മുനിയെക്കണക്ക് അവിടുന്ന്.

ഒക്കെ നമ്മുടെ തെറ്റിദ്ധാരണയുടെ പ്രശ്നമാണ്, ദൈവം ഒരു മാടമ്പിയാണെന്നും മനുഷ്യന്‍ വിനീതവിധേയനാണെന്നും. അതങ്ങനെയല്ലെന്ന് നിങ്ങള്‍ വായിച്ചുകൊണ്ടിക്കുന്ന വേദപുസ്തകം തന്നെ സാക്ഷ്യപ്പെടുത്തും. ഏതൊരു ജൈവിക ബന്ധത്തിലും സാധ്യമായ എല്ലാത്തരം സ്വാഭാവികതകളും ദൈവത്തോടും പുലര്‍ത്താനാവുമെന്ന വാങ്മയ ചിത്രമാണത്. പേര്‍ഷ്യന്‍ മിസ്റ്റിക് പാരമ്പര്യത്തില്‍നിന്ന് ഇങ്ങനൊരു കഥ വായിച്ചു: ഒരാട്ടിടയന്‍റെ പ്രാര്‍ത്ഥന വൃക്ഷത്തിന്‍റെ മറവില്‍നിന്ന് മോശ കേള്‍ക്കുകയായിരുന്നു. ദൈവത്തിന്‍റെ പൊട്ടിയ ചെരുപ്പ് തുന്നിത്തരാമെന്നും മുടിയിഴകളിലെ പേനുകളെ കൊന്നുതരാമെന്നുമൊക്കെ. ഒരു കോപ്പ ചൂടുപാലും വാഗ്ദാനം ചെയ്തു. മോശ അയാളോട് ക്ഷുഭിതനായി, ഇത് പ്രാര്‍ത്ഥനയല്ല ദൈവദൂഷണമാണെന്നു പറഞ്ഞു. വളരുന്നവര്‍ക്കാണ് താങ്ങാവശ്യമെന്ന് പറഞ്ഞ് അയാളുടെ പ്രാര്‍ത്ഥനയെ പരിഹസിച്ചു. ആത്മനിന്ദയില്‍ ഉരുകിപ്പോയ ആ ഇടയന്‍ തന്‍റെ വസ്ത്രങ്ങള്‍ കീറി വലിയവായില്‍ നിലവിളിച്ച് മരുഭൂമിയിലേക്ക് ഓടിപ്പോയി. ദൈവം ഇടപെട്ടു. ഹോറോബ് മലയില്‍ അവിടുന്ന് സ്വയം വെളിപ്പെടുത്തിയ അടയാളത്തെ പരാമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു: I want burning -burning.   എന്തൊക്കെയാണ് ഈ കൊടിയ വിശ്വാസികളില്‍ ഇനിയും കത്തിത്തീരേണ്ടത്?

നോക്കൂ, ആദവും ഹവ്വയും ദൈവത്തോട് ഒളിച്ചേപാത്തേ കളിക്കുന്നു. കായേന്‍ അവനോട് മറുതല പറയുന്നു. ഈയോബ് മുഷ്ടിചുരുട്ടി ആകാശത്തോട് ക്ഷോഭിക്കുന്നു. യോന അവനില്‍ നിന്ന് പരമാവധി അകലെയായിരിക്കുവാന്‍ മറ്റൊരു ദേശത്തേക്ക് കപ്പലുകയറുന്നു. ഒക്കെ സാധ്യമായ ബന്ധങ്ങള്‍ തന്നെ. അതില്‍ത്തന്നെ ഒരാള്‍ക്ക് അനുഭവിക്കാവുന്ന ആ പരമോന്നത സ്വാതന്ത്ര്യം ദൈവത്തോട് ഒന്നു മല്ലടിക്കാനുള്ള അവകാശമാണ്. ഉത്പത്തി 32:22-31 നല്ലൊരു ധ്യാനമാണ്. രാത്രിയില്‍ പുഴകടക്കാനെത്തിയ ഒരാള്‍. ആ മണല്‍ത്തിട്ടയില്‍ മറ്റൊരാളുകൂടി നില്‍പ്പുണ്ട്. പിന്നെ രണ്ടുപേരും മല്ലയുദ്ധത്തിലായിരുന്നു. പുലരിയിലാണ് താന്‍ ദൈവദൂതനോടു തന്നെയാണ് പൊരുതിക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്ക് വെളിപ്പെട്ടുകിട്ടുന്നത്. Wrestlining with God എന്നൊരു നല്ല പുസ്തകം വായിച്ചത് ഓര്‍മ്മിക്കുന്നു. ദൈവത്തോട് തര്‍ക്കത്തിലായിരിക്കുന്നവരൊക്കെ ദൈവത്തെ നിഷേധിക്കുന്നവരാണെന്നാണ് ആരാണ് പറഞ്ഞത്. ഞാനോര്‍ക്കുന്നു, പള്ളീല്‍ പോകാത്ത ഒരു അമ്മായി ഞങ്ങള്‍ക്കുണ്ടായിരുന്നു. പണ്ട് നാട്ടിന്‍പുറങ്ങളില്‍ അതൊരസാധാരണ കാര്യമായിരുന്നു. കുടുംബപ്രാര്‍ത്ഥനയുടെ നേരത്ത് വരാന്തയുടെ ഒരുവശത്ത് തിരുഹൃദയത്തിന് മുഖം തിരിച്ചിരുന്നു. ആണ്ടിലൊരിക്കല്‍ ദുഃഖവെള്ളിയാഴ്ച മാത്രം അവര്‍ പള്ളിമുറ്റത്തേക്ക് വന്നു. ക്രിസ്തുവിന്‍റെ പാസ്ക് രൂപം ദര്‍ശനത്തിന് കിടത്തിയിട്ടുണ്ട്. അടുത്തുവന്ന് അതിലേക്കൊന്ന് ഉറ്റുനോക്കി നെടുവീര്‍പ്പെടും. അതിലെല്ലാമുണ്ട്. പരിഹാരമില്ലാത്ത അവരുടെ വൈധവ്യവും അനാഥത്വവുമൊക്കെ. അതിലുണ്ടാകും മരിച്ച ഒരുവനോടുള്ള അനുഭാവവും അനുതാപവും. ആ ഒരൊറ്റനോട്ടം കൊണ്ട് സദാ പള്ളിയില്‍ കൂടാരമടിച്ചു കഴിയുന്ന ഏതൊരു ഭക്തസ്ത്രീയെക്കാളും അവര്‍ക്കുയരം കിട്ടിയെന്ന് ചെറുപ്പം തൊട്ടേ ഞാന്‍ കരുതിയിരുന്നു. 'ആരാധനയ്ക്കുമാത്രം യോഗ്യനായവന്‍' എന്ന നടപ്പു ഭക്തിഗീതങ്ങള്‍ പിന്നീടാണ് എന്നെ പൂര്‍ണ്ണമായി മടുപ്പിച്ചു തുടങ്ങിയത്. എല്ലാത്തരം വൈകാരികതയും ചൊരിഞ്ഞിടാനുള്ള നിങ്ങളുടെ പവിത്രപാത്രമാണ് ദൈവമെന്ന വിചാരം മുതിരും തോറും ബലപ്പെട്ടുകിട്ടുകയും ചെയ്തു. നിര്‍മ്മാല്യമെന്ന ചിത്രത്തിന് ഒടുവില്‍ ജീവിതകാലം മുഴുവന്‍ ആര്‍ക്കുവേണ്ടി താന്‍ പകര്‍ച്ചയാടിയോ ആ ദൈവസങ്കല്പത്തിന്‍റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി, പി.ജെ. ആന്‍റണി എന്ന കോമരം തിരിഞ്ഞു നടക്കുമ്പോള്‍ അതില്‍ ദൈവനിന്ദയുടെ കണികപോലുമില്ലെന്ന് മനസ്സിലാക്കുവാന്‍ ഇത്തരം ചില കാര്യങ്ങളുടെ പശ്ചാത്തലം മതിയായിരുന്നു. ദൈവത്തെക്കുറിച്ച് ഒരു ഫലിതം പറഞ്ഞാല്‍പ്പോലും കത്താന്‍ പോകുന്ന വെടിപ്പുരയായി മാറിയിരിക്കുന്ന സംഘടിതമതങ്ങളുടെ കാലത്തില്‍ അതിന്‍റെയൊരു ക്ലിപ്പിങ്ങെങ്കിലും കാണിക്കുവാന്‍ ദൈവം വിചാരിച്ചാല്‍പ്പോലും ഇനി നടക്കില്ല.

തോമസിലേക്കുതന്നെ മടങ്ങിവരാം. എന്തിലേക്കും സ്വയം അര്‍പ്പിക്കുന്നതിനു മുന്‍പ് അതിനെ ഒന്നുരച്ചുനോക്കി തങ്കമാണോ മുക്കാണോ എന്നറിയേണ്ട ബാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒരു പ്രണയത്തില്‍പ്പോലും കഠിനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അപരന്‍റെ ജീവിതത്തെ ക്ലേശകരമാക്കുന്നവര്‍ക്ക് അങ്ങനെയൊരു മനസ്സാക്ഷിയുടെ ബലമുണ്ട്. അയാള്‍ക്ക് പുലിപ്പാല് കുടിക്കണമത്രേ. അവള്‍ക്ക് കല്യാണസൗഗന്ധികം മുടിയില്‍ ചൂടണമത്രേ. ഒക്കെ ഓരോ തരം സത്യാന്വേഷണ പരീക്ഷണങ്ങള്‍.

ഒരു ഗുരുവിലേക്ക് സ്വയം അര്‍പ്പിക്കുക  എന്നത് പ്രണയത്തെക്കാള്‍ അഗാധവും സമ്പൂര്‍ണ്ണവുമായ കര്‍മ്മമായതുകൊണ്ട് അയാളെ ഒന്നുരച്ചുനോക്കേണ്ട ബാധ്യത ശിഷ്യനുണ്ട്. രാമകൃഷ്ണപരമഹംസന്‍ വിവേകാനന്ദനോട് അത് പറഞ്ഞുകൊടുത്തിട്ടുണ്ട്. കഠിനമായ പരീക്ഷണങ്ങളിലൂടെ നിന്‍റെ ഗുരുവിനെ കടത്തുക. ഒന്നിലും തോറ്റുകൂടാത്ത ഒരാളാണ് ഗുരു. അവസാന നാളുകളില്‍ വിവേകാനന്ദ അത് ചെയ്യുന്നുണ്ട്. രാമകൃഷ്ണയ്ക്ക് ഒരു വിനോദമുണ്ടായിരുന്നു. ദക്ഷിണയായി ലഭിക്കുന്ന നാണയങ്ങളെ ഒരു ചെറിയ കൂമ്പാരമാക്കി പുഴയോരത്ത് വയ്ക്കുക. പിന്നെ അതേ അളവില്‍ കല്ലുകളും ശേഖരിച്ചു കൂട്ടുക. ഓരോ നാണയമെടുത്ത് പുഴയിലേക്ക് എറിഞ്ഞ് പിന്നെ ഓരോ കല്ലെടുത്ത് അതിന്‍റെ കൂടെ എറിഞ്ഞ് അതും ഇതും ഒന്നു തന്നെയെന്ന് പറഞ്ഞ് പുഞ്ചിരിക്കുക. ഒരു ദിവസം ഒരേയൊരു നാണയം ഗുരുവിന്‍റെ കിടക്കയുടെ താഴെ വിവേകാനന്ദനൊളിപ്പിച്ചുവച്ചു. ഒന്ന് കിടക്കയിലേക്ക് ചാഞ്ഞ ഗുരു തീപ്പൊള്ളലേറ്റതുപോലെ പുറത്തേക്ക് ചാടി. പിന്നെ ആ കാരണം കണ്ടെത്തി. കിടക്കയിലെ ചെമ്പുതുട്ട്. മറ്റൊരുദിവസം ഒരു മരച്ചോട്ടിലിരുന്ന് വിവേകാനന്ദ ആലോചിക്കുകയായിരുന്നു. തൊണ്ടയിലര്‍ബുദം പിടിപെട്ട ഈ അശു മനുഷ്യന്‍ ശരിക്കും ഒരു ഗുരു തന്നെയാണോ? അതോ താന്‍ കബളിപ്പിക്കപ്പെട്ടോ? അക്കാലത്ത് തീരെ വയ്യാതെയായിട്ടുണ്ട് രാമകൃഷ്ണന്. എന്നിട്ടും അയാളതാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ വേച്ചുവേച്ചു വാതില്‍പ്പടിയിലെത്തി. എന്നിട്ട് ദൂരെ വൃക്ഷച്ചോട്ടിലിരിക്കുന്ന ശിഷ്യനെ നോക്കി വളരെ കടുപ്പത്തില്‍ വിളിച്ചു: നരേന്ദ്രാ. ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു. അതയാളുടെ പഴയപേരാണ്. അതിന്‍റെയര്‍ത്ഥം ഉള്ളിന്‍റെയുള്ളില്‍ നീ ഇപ്പോഴും ആ പഴയ സന്ദേഹിയായ സത്യാന്വേഷിതന്നെ. അന്നാണ് വിവേകാനന്ദ ഈ സംശയങ്ങള്‍ക്ക് ശിരസ്സിലും ഹൃദയത്തിലും ഇടം കൊടുക്കാത്തവിധത്തില്‍ തന്നെത്തന്നെ ഗുരുപാദങ്ങളില്‍ അര്‍പ്പിച്ചത്.

അവന്‍റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍റെ വിരലിടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല എന്നാണ് തോമസ് തന്‍റെ കൂട്ടുകാരോട് പറഞ്ഞത്. യുക്തിഭദ്രമായ ഒരാത്മീയതയിലേക്കുള്ള ക്ഷണമാണത്. വിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും ഇടയിലെ നേര്‍ത്തുപോകുന്ന വര ഇനിയും നിലനില്‍ക്കേണ്ടതങ്ങനെയാണ്. എല്ലായിടത്തും എന്നെ സഹായിക്കുന്ന യുക്തിബോധമെന്ന അനുഗ്രഹം വിശ്വാസത്തില്‍ ഇടമില്ലാതിരിക്കുക എന്നത് അപകടകരമായ സാധ്യതയാണ്. ഏതൊരു കള്ളനാണയവും ഏറ്റവും എളുപ്പത്തില്‍ വിനിമയം ചെയ്യപ്പെടാവുന്ന നവീന ആത്മീയ കമ്പോളത്തില്‍ ഇതല്ലാതെ സ്വയം പ്രതിരോധിക്കാനായി മറ്റു വഴികളില്ല. ഓര്‍മ്മിക്കണം, തര്‍ക്കത്തിലാണ് ക്രിസ്തു ആരംഭിച്ചതുപോലും. ഒരു തര്‍ക്കവും ആരെയും തോല്‍പ്പിക്കാനല്ല. മറിച്ച് രണ്ടു കൂട്ടര്‍ക്കും കുറെക്കൂടി തെളിമ കിട്ടാനാണ്. തര്‍ക്കമാണ് യുക്തിഭദ്രമായ ആത്മീയതയിലേക്കുള്ള ഇടനാഴി.

വിശ്വാസം, സ്നേഹം തുടങ്ങിയവയൊക്കെ വെറുതെ ഭാവനയായി നിലനില്‍ക്കുകയെന്ന ദുരന്തവുമുണ്ട്. ഉദാഹരണത്തിനായി എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്. ഏറ്റവും അടുത്ത ഉദാഹരണത്തിനായി, തന്നെ അപ്പാ തല്ലിയതിനെക്കുറിച്ച് അമ്മയോട് പരാതി പറഞ്ഞ കുഞ്ഞിന് കാലാകാലങ്ങളായി അമ്മമാര്‍ നല്കിക്കൊണ്ടിരിക്കുന്ന ഉത്തരമാണ് എന്‍റെ അനുജത്തി നല്കിയത്; 'അപ്പ സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ?' കുട്ടി തര്‍ക്കിച്ചു: 'അപ്പയ്ക്ക് അമ്മയോട് സ്നേഹമാണ്. എന്നിട്ട് എന്തുകൊണ്ടാണ് അമ്മയെത്തല്ലാത്തത്?' എന്താണ് ഈ ഘോഷിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെയൊക്കെ ഏകകം. എല്ലാത്തിനും ഒരു ചെക്ക് ലിസ്റ്റ് ആവശ്യമുണ്ട്. സ്നേഹത്തിന്‍റെ അദ്ധ്യായം മാറ്റിവയ്ക്കുന്നതുപോലെ. എവിടെ വിശ്വാസത്തിന്‍റെ സ്പര്‍ശനയോഗ്യമായ അടയാളങ്ങള്‍. മിഴിപൂട്ടിയിരിക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളെ തൊടാത്ത അനുഭവങ്ങള്‍ വെറുതെ ഒരു കെട്ടുകഥയാണെങ്കിലോ? ശരിയാണ് ദൈവം ക്രിസ്തു പഠിപ്പിച്ചതുപോലെ അരൂപിയായ കാറ്റുതന്നെ. എന്നാലും കാറ്റ് രോമകൂപങ്ങളെ തൊടുന്നുണ്ട്. പൂക്കളുടെ സുഗന്ധം ശ്വാസത്തിന് സമ്മാനിക്കുന്നുണ്ട്. വഞ്ചിയുടെ പാമരത്തെ നയിക്കുന്നുണ്ട്. ഒക്കെ അദൃശ്യമായതിന്‍റെ ടാഞ്ചബിളായ വെളിപ്പെടുത്തല്‍ തന്നെ. ദൈവം ഉണ്ടെന്ന് കരുതുന്ന ഇടങ്ങള്‍ കുറേക്കൂടി ഇന്ദ്രിയക്ഷമമാകേണ്ടേ? ഒരു ഓഡിറ്റോറിയത്തിനും നിങ്ങളുടെ ദേവാലയത്തിനുമിടയിലെ അകലം ഭിത്തിയിലെ ക്രൂശിതരൂപത്തിന്‍റെ സാന്നിധ്യമോ അസാന്നിധ്യമോ എന്ന മട്ടില്‍ മാത്രം രുചിച്ചറിയേണ്ട ഒന്നാണോ? ദൈവത്തിന് മീഡിയം ആവശ്യമുള്ളതുകൊണ്ട് അവനോട് ചേര്‍ന്ന് നില്‍ക്കുന്നവരെക്കുറിച്ചും ബാധകമാകേണ്ട ലളിതമായ ഒരു ഉപമയാണിത്. മഗ്ദലന മേരിക്ക് കിട്ടാതെപോയ സൗഭാഗ്യമാണയാള്‍ക്ക് കിട്ടിയത്. തന്നെത്തൊടാനാഞ്ഞ അവളെ ക്രിസ്തു വിലക്കി. സ്ത്രീകള്‍ക്ക് ഹൃദയം കൊണ്ട് മാത്രം ചിലകാര്യങ്ങളിലേക്ക് പ്രവേശനം സാധ്യമാണ്. പുരുഷന് അതത്ര ലളിതമല്ല. അതുകൊണ്ടുതന്നെ അയാള്‍ തൊട്ടുവിശ്വസിക്കട്ടെ.

ഇനി മറ്റൊരുകാര്യം കൂടി ഉറപ്പിക്കേണ്ടതുണ്ട്. ഒരു രാഷ്ട്ര നേതാവും ഗുരുവും തമ്മിലുള്ള വ്യത്യാസമെന്ത്? ആദ്യത്തേതിലും ലക്ഷക്കണക്കിനു മനുഷ്യര്‍ തങ്ങളെത്തന്നെ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. മതപരമായ നിഷ്ഠയോടെ അവരുടെ മൃതശരീരങ്ങളെപ്പോലും എംബാം ചെയ്ത് സൂക്ഷിക്കുന്ന സഖാക്കളുള്‍പ്പെടെ. വ്യത്യാസമിതാണ്, ആദ്യത്തേതില്‍ അവര്‍ക്കുവേണ്ടി നിങ്ങള്‍ യാഗവസ്തുക്കളാകുന്നു. തിരികെ വരാന്‍ സാധ്യതയില്ലാത്ത മാമാങ്കങ്ങള്‍ക്ക് പുറപ്പെടുന്ന ശരിക്കുമുള്ള ചാവേറുകള്‍. രണ്ടാമത്തേതില്‍ നിങ്ങള്‍ക്കുവേണ്ടി അയാള്‍ യാഗമായിമാറിയിട്ടുണ്ട്. അയാളുടെ ശരീരം മുഴുവന്‍ പരിക്കുകളാണ്. അത്തരം പരിക്കുകളുണ്ടോ എന്നന്വേഷിച്ചറിയുകയാണ് ശരിയായ ഗുരുവിനെ കണ്ടെത്താനുള്ള ഏറ്റവും നല്ല അമ്ലപരിശോധന. ഒന്ന് കണ്ണുപൂട്ടി മനസ്സുകൊണ്ട് അവരുടെ ഉടലിലൂടെ കരങ്ങളൊന്നോടിച്ച് സ്വയം കണ്ടെത്താവുന്ന ചെറിയ കാര്യമാണിത്.

ഇനിയാണ് സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിന്‍റെ നാഴിക. എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ എന്ന അയാളുടെ നിലവിളി. റാബിയില്‍നിന്ന് റബോനിയിലേക്കുള്ള ദൂരമാണത്. ആദ്യത്തേതിന് ഗുരുവെന്നും രണ്ടാമത്തേതിന് എന്‍റെ ഗുരുവെന്നും അര്‍ത്ഥം. വിശ്വാസം  വൈയക്തികമായ ഒരു കണ്ടെത്തലാണ

You can share this post!

ഹൃദയഗീതങ്ങള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts