എന്തുകൊണ്ടാണ് വെളിച്ചം കിട്ടിയവരൊക്കെ ഇങ്ങനെ ഭിക്ഷുക്കളായത്? അഥവാ വെളിച്ചം കിട്ടുകയെന്നതിന്‍റെ അര്‍ത്ഥംപോലും സ്വയം ഭിക്ഷുവാണെന്ന് തിരിച്ചറിയുകയാണോ? എല്ലാ കാലങ്ങളിലും അതങ്ങനെയായിരുന്നു. ഏറ്റവും പഴക്കമുള്ള ഓര്‍മ്മ, സിദ്ധാര്‍ത്ഥന്‍റേതു തന്നെയാവണം. ആ വാക്കിന്‍റെ അര്‍ത്ഥംപോലും സര്‍വ്വ അര്‍ത്ഥങ്ങളും സ്വന്തമാക്കിയൊരാള്‍ എന്നുതന്നെ. അതെ, പുരുഷാര്‍ത്ഥങ്ങള്‍ നാലും. ഒരു ചില്ലയുടെ തണലില്‍ ബോധോദയം ലഭിച്ചപ്പോള്‍ അയാള്‍ അനുവര്‍ത്തിച്ച ആദ്യകര്‍മ്മമതായിരുന്നു, ഒരു ചുരയ്ക്കാത്തൊണ്ടുമായി ഭിക്ഷാടനത്തിനു പോവുക. ചക്രവര്‍ത്തിയായി നടിച്ചിരുന്നയൊരാള്‍ താന്‍ വെറുതെ യാചകന്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയുന്നിടത്താണ് യഥാര്‍ത്ഥമായ ആന്തരിക ജീവിതം ആരംഭിക്കുന്നത്.
മറ്റൊരു പരിസരത്തിലും, പശ്ചാത്തലത്തിലും അസ്സീസിയിലെ ഫ്രാന്‍സീസിലും സംഭവിച്ചത് അതുതന്നെയാണ്. അന്യദേശങ്ങളില്‍ നിന്ന് പട്ടുവസ്ത്രങ്ങള്‍ ശേഖരിച്ച് തന്‍റെ നഗരത്തില്‍ വിറ്റുകൊണ്ടിരുന്ന ധനികനായ വര്‍ത്തകന്‍റെ മകനാണയാള്‍. വെളിച്ചത്തിന്‍റെ ഒരു പൊട്ട് ചങ്കില്‍ വീണപ്പോള്‍ അയാള്‍ ചെയ്തതും അതുതന്നെയാണ്. ഭിക്ഷാടനത്തിനുപോവുക. കുറെക്കൂടി വിനീതമായി ജീവിതത്തെ ക്രമീകരിക്കാനുള്ള സൗമ്യമായ ക്ഷണമാണിത്തരം ഗുരുസ്മൃതികളൊക്കെത്തന്നെ. രാജസദസ്സിലേക്ക് തന്‍റെ ചെരുപ്പുകള്‍ ശിരസ്സിനോട് ചേര്‍ത്തു പിടിച്ചെത്തിയ കിറുക്കന്‍ ഗുരുവിന്‍റെ കഥയുണ്ട്. എന്തേയിങ്ങനെ, എന്ന രാജാവിന്‍റെ ചോദ്യം നിങ്ങളെന്തിന് കിരീടം ധരിക്കുന്നുവെന്ന മറുചോദ്യം കൊണ്ടയാള്‍ നേരിട്ടു. 'ഞാനെല്ലാവര്‍ക്കും മീതെയാണെന്ന് കാട്ടാന്‍'. 'അങ്ങനെയെങ്കില്‍ ഞാനെല്ലാവര്‍ക്കും കീഴെയാണെന്ന് ലോകത്തോട് പറയാന്‍ ഇതല്ലാതെ എനിക്കു വേറെ വഴികളില്ല' എന്നയാളുടെ ഉത്തരം.
ചുറ്റിനും അരങ്ങേറുന്ന കാര്യങ്ങളെ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്ട്യമെന്ന പദംപോലും മതിയാവില്ല. തര്‍ക്കമില്ലാത്ത വിധത്തില്‍ ഹിംസയാണ് അരങ്ങേറുന്നത്. മനുഷ്യര്‍ പുരികം വളയ്ക്കുന്ന രീതി, ചുമല് ഉയര്‍ത്തുന്ന രീതി, തലവെട്ടിക്കുന്ന രീതി, നനവില്ലാത്ത നോട്ടം, ചിരിയില്ലാത്ത സ്വാഗതം ഒക്കെ ചോരപൊടിയാത്ത ഹിംസ തന്നെ. എത്രയോ കാലം മുമ്പ് ആ നസറത്തുകാരന്‍ അതിനെ ഒരാള്‍ കൊലപാതകം ചെയ്യുന്നുവെന്നു പറഞ്ഞത്. ഓരോരുത്തരും മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ളവരായി എണ്ണണമെന്ന പൗലോസിന്‍റെ വചനങ്ങള്‍ അതിന്‍റെ അനുബന്ധം മാത്രമാണ്. എല്ലാവരും ബാക്കിയുള്ളവരെ തങ്ങളെക്കാള്‍ മീതെ പ്രതിഷ്ഠിക്കുന്ന കാലം എത്ര സുഭഗമായിരിക്കും. നെറ്റിയില്‍ ഒന്നു കുരിശു വരച്ചു കിട്ടുവാന്‍ വിശ്വാസിയുടെ മുമ്പില്‍ മുട്ടിന്മേല്‍ നില്‍ക്കുന്ന പുരോഹിതന്‍, കുട്ടികളില്‍നിന്നു പഠിക്കുന്ന അധ്യാപകര്‍, അവളുടെ അഴുക്കുവസ്ത്രങ്ങളെ അലക്കിവെളുപ്പിക്കുന്ന പുരുഷന്‍, വായ്പയ്ക്കുള്ള അപേക്ഷ ഏല്‍പ്പിക്കാന്‍ വന്ന അത്താഴപ്പട്ടിണിക്കാരന്‍റെ മുമ്പില്‍ എഴുന്നേറ്റു നമസ്കാരം പറയുന്ന വില്ലേജാഫീസര്‍.... ഹാ! നടക്കാത്ത മനോഹര സ്വപ്നങ്ങള്‍ 'മേല്‍വിലാസം' എന്ന ചിത്രം കണ്ടതിന്‍റെ കനം ഇനിയും ഉള്ളില്‍ നിന്ന് പോയിട്ടില്ല.
ക്ഷയിച്ചികൊണ്ടിരുന്ന ഒരു പുരാതന ആശ്രമത്തെക്കുറിച്ചുള്ള കഥ ഓര്‍മ്മിക്കുന്നു. കൂട്ടത്തില്‍ ഏറ്റവും ഇളയ ആള്‍ക്ക് അറുപതുവയസ്സായി. അതിന്‍റെ അര്‍ത്ഥം കുറെ അധികം വര്‍ഷങ്ങളായി ആരും ആ സമൂഹത്തിലേക്ക് കടന്നു വന്നിട്ടില്ലെന്നാണ്. ആശ്രമാധിപന്‍ ഒരു പോംവഴി തേടി മരുഭൂമിയിലെ ഒരു താപസ്സന്‍റെ അടുക്കലെത്തി. ഏതാനും ദിവസങ്ങള്‍ രണ്ടുപേരും അഗാധനിശ്ശബ്ദതയില്‍ ചെലവഴിച്ചു. മടങ്ങിപ്പോരുമ്പോള്‍ ഒരേയൊരു കാര്യം മാത്രം താപസ്സന്‍ പറഞ്ഞു: നിങ്ങളിലൊരാള്‍ മിശിഹായാണ്. മടങ്ങിയെത്തിയ ആബട്ടിനെ ആശ്രമവാസികള്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. താപസ്സന്‍ പറഞ്ഞകാര്യം അയാള്‍ അവരോടു പറഞ്ഞു. നമ്മളിലൊരാള്‍ മിശിഹായാണ്. ആ നിമിഷം മുതല്‍ ആവൃതിയിലെ കാറ്റ് സുഗന്ധപൂരിതമായി. ആരെന്നു പറഞ്ഞിട്ടില്ല. അതിന്‍റെ അര്‍ത്ഥം തങ്ങളിലാരുമാകാം. അങ്ങനെയെങ്കില്‍ മിശിഹായ്ക്കുതകുന്ന ആദരവും വിധേയത്വവുമാണോ തങ്ങള്‍ പരസ്പരം നല്കിക്കൊണ്ടിരിക്കുന്നതെന്ന് പുനര്‍വിചിന്തനമുണ്ടായി. ശിരസ്സുകുനിച്ച് ഓരോരുത്തരും പരസ്പരം വന്ദിച്ചു തുടങ്ങി. അതോടുകൂടി ഓരോരുത്തരുടെയും ഉയരം വര്‍ദ്ധിച്ചു. സ്വയം മതിപ്പു പുലര്‍ത്താനും അപരനെ ആദരിക്കാനും ശീലിച്ചു തുടങ്ങിയപ്പോള്‍ ആവൃതി പ്രസാദഭദ്രമായ അനുഭവമായി. ആ പുതിയ പ്രസാദത്തില്‍ ഇളംമുറക്കാര്‍ ആകൃഷ്ടരായി. ഓരോ ചെറുപ്പക്കാരനും ആവൃതിയിലേക്ക് പ്രവേശിക്കുമ്പോള്‍ സമൂഹം മുഴുവനായി അവരെ സ്വാഗതം ചെയ്തു. അതിങ്ങനെ പറഞ്ഞാണ്: ഞങ്ങള്‍ക്ക് ഒരു അരുളുണ്ടായിട്ടുണ്ട്. ഞങ്ങളിലൊരാള്‍ മിശിഹായാണെന്ന്. അതൊരുപക്ഷെ, ചെറുപ്പക്കാരാ നിങ്ങളാണെങ്കിലോ. അങ്ങനെയാണ് ആ സന്ന്യാസസമൂഹം അതിന്‍റെ സ്വാഭാവികമരണത്തെ ചെറുത്തുനിന്നതും അതിജീവിച്ചതും. ഈ കഥയില്‍ അത്രപുതുമയൊന്നുമില്ല. വേദപുസ്തകത്തോളം പഴക്കമുള്ള ഒരോര്‍മ്മയെ ഊതിയൂതി തെല്ലൊന്ന് തിടംവപ്പിച്ചെന്നു മാത്രം, "അതിനാല്‍, ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സദൃശ്യത്തിലും സൃഷ്ടിച്ചു." ഹൃദയത്തില്‍ ദൈവത്തിന്‍റെ അഗാധമുദ്രകള്‍ പതിഞ്ഞിട്ടുള്ള മനുഷ്യരെ അവഗണിക്കുകയും നിരാകരിക്കുകയും കഠിനസമ്മര്‍ദ്ദത്തില്‍ തലകുനിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതിനേക്കാള്‍ കഠിനപാപം എന്തുണ്ട്?
കുറെക്കൂടി വിനീതരായി നില്ക്കാനുള്ള അനുശീലനമാണ് എല്ലാ മതങ്ങളും അവരുടെ സാധകര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നത്. നോക്കൂ, ഗുരുദ്വാരകളിലെ ആ സാധാരണ ചടങ്ങ്. പ്രാര്‍ത്ഥനയ്ക്കെത്തിയവരുടെ ചെരിപ്പു തുടച്ച് വൃത്തിയാക്കുന്ന ചിലര്‍. വല്ലാര്‍പാടത്ത് ഓരോരുത്തര്‍ മുറ്റമടിക്കുന്ന ധൃതിയിലാണ്. തിരുപ്പതിയിലും വേളാങ്കണ്ണിയിലും മുടി മുണ്ഡനം ചെയ്യുന്നവര്‍. എന്തുകൊണ്ടായിരിക്കണം ക്ഷേത്രങ്ങളുടെ പ്രവേശനകവാടങ്ങള്‍ ഒന്നു തലകുനിച്ചില്ലെങ്കില്‍ മുട്ടുന്ന വിധത്തില്‍ ഇത്ര ചെറുതായി നിര്‍മ്മിച്ചിരിക്കുന്നത്? ബത്ലഹേമിലെ പുല്‍ത്തൊഴുത്തിലേക്കുള്ള പ്രവേശന കവാടവും വളരെ ചെറുതാണെന്ന് ശ്രദ്ധിച്ചിട്ടില്ലേ. മാലാഖമാര്‍പോലും എത്ര വിനയപൂര്‍വ്വമാണ് തിരുസന്നിധിയില്‍ നില്‍ക്കുന്നതെന്ന് പണ്ടൊരു ദര്‍ശനത്തിലൂടെ ഏശയ്യായ്ക്കു വെളിപ്പെട്ടു കിട്ടി.
ആറു ചിറകുകളുള്ള സെറാഫുകള്‍. രണ്ടു ചിറകുകള്‍ കൊണ്ട് അവര്‍ മുഖം മൂടി, രണ്ടു ചിറകുകള്‍കൊണ്ട് തങ്ങളുടെ കാലുകളെയും. ഒക്കെ അഗാധമായ വിനയത്തിന്‍റെ ശരീരഭാഷയല്ലാതെയെന്ത്? അല്ലെങ്കില്‍ത്തന്നെയെന്താണ് പ്രാര്‍ത്ഥന? ഈശ്വരസന്നിധിയില്‍ വിനയപൂര്‍വ്വം നില്‍ക്കാനുള്ള ക്ഷണമല്ലാതെ. അതുകൊണ്ടാണ് പ്രാര്‍ത്ഥിക്കാന്‍ പോയ രണ്ടുപേരുടെ കഥ ക്രിസ്തു പറഞ്ഞത്. ഒരാള്‍ ശിരസ്സുയര്‍ത്തി ശ്രീകോവിലിന് മുമ്പില്‍ നിന്നു. അപരന്‍ അകത്തു കടക്കാന്‍ ധൈര്യമില്ലാതെ ദേവാലയ വിളുമ്പിനു വെളിയിലായി നിന്നു. ആദ്യത്തെയാള്‍ കൂടുതല്‍ ഭാരപ്പെട്ടവനായി മടങ്ങിപ്പോയി. രണ്ടാമത്തെയാള്‍ പക്ഷിമാനസത്തോടെയും! പ്രാണനില്‍ തീരെ കനമില്ലാതെ. ഒരു ചിത്രശാലയില്‍ ക്രിസ്തുവിന്‍റെ ചിത്രത്തിനു മുമ്പില്‍ നിസ്സംഗതയോടെ നിന്ന് ഈ ചിത്രത്തിന് ഒരു പ്രത്യേകതയുമില്ലെന്ന് ആത്മഗതം ചെയ്ത ചെറുപ്പക്കാരനോട് അതിന്‍റെ സൂക്ഷിപ്പുകാരന്‍ പറഞ്ഞു: നേരെ നിന്നല്ല ആ ചിത്രത്തെ കാണേണ്ടത്, മുട്ടിന്മേല്‍ നിന്ന്. മുട്ടിന്മേല്‍നിന്ന് ആ ചിത്രം കണ്ട നിമിഷം മുതല്‍ അയാള്‍ക്ക് പരിവര്‍ത്തനമുണ്ടായി. ഒടുവില്‍ സാഷ്ടാംഗപ്രണാമമായിരുന്നു.
തന്നില്‍നിന്ന് നമ്മള്‍ കണ്ടെത്തണമെന്ന് ക്രിസ്തു അഭിലഷിച്ചിരുന്ന കാര്യങ്ങളിലൊന്നതായിരുന്നു. "ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍." നുകത്തിന് ചട്ടമെന്നും ക്രമമെന്നുമൊക്കെ അര്‍ത്ഥമുണ്ട്. പുതിയ കാലത്തിന്‍റെ അളവുകോലുകള്‍ ശാന്തതയുടെയും വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയുമൊക്കെ ആകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. വിനയമില്ലാത്ത ഒരാള്‍ക്ക് ഒരാളുടെയും അത്താണിയാകുവാന്‍ കഴിയില്ലെന്നും അവിടുത്തേക്ക് അറിയാം. ഉദാഹരണങ്ങളും വിചിന്തനങ്ങളും ആവശ്യമില്ലാത്ത വിധത്തില്‍ നേരേ പിടുത്തംകിട്ടുന്ന ലഘുവായ കാര്യമാണത്. അവന്‍റെ പിറവിതൊട്ട് ഏതാണ്ട് മരണംവരെ കൂട്ടുവരുന്ന മിണ്ടാപ്രാണികള്‍പോലും പറഞ്ഞുതരുന്ന ദൂതതാണ്. കഴുതപ്പുറത്തുള്ള അവന്‍റെ യാത്രയില്‍ ശിഷ്യന്മാര്‍ ആ തിരുവചനം ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. "സീയോന്‍ പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ച് ആനന്ദിക്കുക. ജറുസലേം പുത്രിയേ, ആര്‍പ്പിടുക. ഇതാ നിന്‍റെ രാജാവ് നിന്‍റെ അടുക്കലേക്ക് വരുന്നു. അവന്‍ നീതിമാനും ജയാശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്ത്, പെണ്‍കഴുതയുടെയും കുട്ടിയുടെയും പുറത്ത് കയറിവരുന്നു" (സഖ: 9:9-10). തന്‍റെ സന്ന്യാസ സമൂഹത്തില്‍പ്പെട്ടവര്‍ കുതിരപ്പുറത്ത് സഞ്ചരിച്ചുകൂടായെന്ന് നിയമാവലിയില്‍ എഴുതിവച്ചിരുന്ന ഒരാളുണ്ടായിരുന്നു. അസ്സീസിയിലെ ഫ്രാന്‍സീസ്.
ഭൂമിയുള്ളിടത്തോളം നമ്മള്‍ ആവര്‍ത്തിക്കണമെന്നവന്‍ പഠിപ്പിച്ച പാദക്ഷാളനകര്‍മ്മം വിനയത്തിലേക്കുള്ള ക്ഷണമല്ലാതെ മറ്റെന്താണ്. അത്ര പ്രധാനപ്പെട്ടതായി കരുതാതെ മൂന്നു സുവിശേഷകരും വിട്ടുകളഞ്ഞ പാദക്ഷാളന കര്‍മ്മത്തെ ഒരു കുര്‍ബ്ബാന സംസ്ഥാപനത്തെപ്പോലെ ശക്തമായി യോഹന്നാന്‍ പാരമ്പര്യം രേഖപ്പെടുത്തുന്നതിന്‍റെ കാരണംപോലും ആദിമസഭയില്‍ എപ്പോഴോ കടന്നുകൂടിയ താന്‍പോരിമയുടെയും അപ്രമാദിത്വത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും പശ്ചാത്തലമാണ്. പറഞ്ഞുവരുമ്പോള്‍ ക്രിസ്തുചരിത്രത്തിലെ ഏതൊരുകാര്യവും വിനീതമെന്ന തലക്കെട്ടിനുതാഴെ ചേര്‍ത്തുവയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ത്തന്നെ എന്താണീ സുവിശേഷം? വിനീതഹൃദയര്‍ക്കുള്ള വാഴ്ത്തല്ലാതെ മേരിയുടെ ഗീതമൊക്കെ അതിന്‍റെ തമ്പേറാണ്. 'യഹോവ എളിയ ജനത്തെ ഉയര്‍ത്തുന്നു. ബലമുള്ളവരെ ചിതറിക്കുന്നു. വിശക്കുന്നവര്‍ക്ക് വിശിഷ്ടഭോജ്യങ്ങള്‍ക്കൊണ്ട് വിരുന്നൊരുക്കുന്നു.' അന്തിമനാളില്‍ അബ്രാഹത്തിന്‍റെ മക്കളെക്കാള്‍ ഭൂമിയുടെ അതിരുകളിലുള്ള മനുഷ്യരായിരിക്കും തന്നോടൊപ്പം വിരുന്നിനിരിക്കുകയെന്ന് മേരിയുടെ മകന്‍റെ അനുബന്ധത്തോട് അതു ചേര്‍ത്തുവായിക്കണം.
Humus എന്ന പദത്തില്‍ നിന്നാണ് Humility എന്ന പദം രൂപപ്പെടുന്നത്. മണ്ണ്, ഭൂമിയെന്നൊക്കെത്തന്നെയിതിനര്‍ത്ഥം. ഭൂമിയില്‍ അഗാധമായി വേരുകളാഴ്ത്തി നില്‍ക്കാന്‍ ആഗ്രഹിച്ച കുറെ ജൈവമനുഷ്യരാണ് അന്നും, ഇന്നും അവനോടൊപ്പം. നാടോടികള്‍, അടിയാന്മാര്‍, മുക്കുവര്‍ തുടങ്ങി ആരുടെയും സവിശേഷശ്രദ്ധയ്ക്ക് ഒരിക്കലും പാത്രീഭവിക്കാത്തവര്‍. യാന്ത്രികവും കൃത്രിമവുമാകാവുന്ന ചില മതചര്യകളെ പ്രതിരോധിക്കുകയാണ് അവരുടെ അവതാരധര്‍മ്മം!
ദുഷിപ്പിക്കുന്ന അധികാരത്തിന്‍റെ രോഗാതുരമായ ഒരു കാലത്ത് വിനയമാണ് സിദ്ധൗഷധം. കൊളോണിയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചില പ്രത്യേകതകള്‍ സഭയിലും സംസ്കാരത്തിലുമൊക്കെ വല്ലാതെ അലിഞ്ഞുചേര്‍ന്നു. ഇതു കുറിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു കൗതുക വാര്‍ത്ത വായിച്ചു: മന്ത്രിക്ക് കൈകൊടുത്തതിന്‍റെ പേരില്‍ ശിക്ഷാനടപടികളിലൂടെ കടന്നുപോകേണ്ടിവന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കുറിച്ച്! പത്തുവര്‍ഷമായി ആ കൊടിയ അപരാധം അയാള്‍ ചെയ്തിട്ട്. അന്നുതൊട്ടിയാളെ സര്‍വ്വീസില്‍നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഭൂമി കുറിയ മനുഷ്യരുടേതാണെന്നുള്ളതിന് മറ്റൊരു ദൃഷ്ടാന്ത കഥ കൂടി. കളിക്കുശേഷം കാലാളും, രാജാവും ഒരേ ചെപ്പിലെന്നു മറന്നുപോകുന്നവര്‍. പാര്‍ക്കുന്നവര്‍ക്ക് വലുപ്പം ഉണ്ടെന്ന് തെളിയിക്കുന്ന ഒരു ജീവിതധര്‍മ്മത്തിലേര്‍പ്പെടുവാന്‍ പ്രകാശമുള്ളവര്‍ക്കേ കഴിയൂ. കബീറില്‍ നിന്നൊക്കെ പഠിക്കേണ്ട പാഠമാണത്. കമ്പോളത്തില്‍നിന്ന് തെല്ലുമാറിയാണ് അയാളുടെ നെയ്ത്തുശാല. അയാളുടെ നെയ്ത്തുശാലയിലേക്ക് തിരിയുന്ന വഴിയില്‍ ഒരാളെ കണ്ടാല്‍ മതി, കബീര്‍ നെയ്ത്ത് അവസാനിപ്പിച്ച് അവിടെവരെ ചെന്ന് അയാളുടെ കൈ ചേര്‍ത്തുപിടിച്ച് തന്‍റെ പണിശാലയിലേക്ക് കൊണ്ടുവരും. പിന്നെ കാല്‍കഴുകി അയാളെ അകത്തുപ്രവേശിപ്പിക്കും. മടങ്ങിപ്പോകുമ്പോള്‍ പാതയുടെ അറ്റംവരെ കൂടെപോകും. പോകുന്ന വഴിക്ക് ആ പാവപ്പെട്ട മനുഷ്യര്‍ക്ക് തിരിഞ്ഞു നോക്കാന്‍ ഭയമാണ.് അപ്പോഴും കാണാം കബീര്‍ അവരെ ഉറ്റുനോക്കി കൈകള്‍ കൂപ്പിയങ്ങനെ, കബീറിനെക്കുറിച്ച് അവര്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നതത്രേ, "പുലരിതൊട്ട് അന്തിവരെ നമ്മുടെ പാടങ്ങളില്‍ നമ്മള്‍ അടിമകളാണ്. എന്നാല്‍ കബീര്‍-അയാള്‍ക്കു മുമ്പില്‍ മാത്രം നമ്മള്‍ ദൈവങ്ങളാണ്." അത്തരം മനുഷ്യരാണ് ശരിക്കുമുള്ള മഹാത്മാക്കള്‍.
വിനയത്തെ ഏറ്റവും ലളിതമായി നിര്‍വചിച്ചിരിക്കുന്നത് അവിലായിലെ തെരേസയാണ-് Humility is truth വിനയമെന്നാല്‍ സത്യമെന്ന് സാരം. എന്താണ് സത്യം. വ്യക്തമായ കാഴ്ചയെ വിളിക്കുന്ന വാക്കാണ്. ഒരിത്തിരി യാഥാര്‍ത്ഥ്യബോധംകൊണ്ട് പ്രതിരോധിക്കാവുന്നതാണ് ഈ കാണുന്ന അഹന്തകളൊക്കെ. തനിക്ക് കാത്തുനില്‍ക്കാന്‍ നേരമില്ല. പിടിപ്പത് ഉത്തരവാദിത്വങ്ങളുണ്ട് എന്ന് ഹുങ്കു പറഞ്ഞ ഭരണാധികാരിയോട് ചെറിയൊരു ഗൃഹപാഠം ചെയ്യാനാണ് ഗുരു പറഞ്ഞത്. ഭൂപടമെടുക്കുക. അതിലെവിടെയാണ് സാര്‍, നിങ്ങളുടെ പട്ടണം, ആ പട്ടണത്തിലെവിടെയാണ് സാര്‍ നിങ്ങളുടെ വീട്. തീര്‍ന്നു. അത്രേയുള്ളൂ കാര്യം. ഒരു ചെറിയ യാത്രപോലും നിങ്ങളെ എത്ര വിനീതരാക്കും. ഒരു റെയില്‍വേ സ്റ്റേഷനിലേക്ക് പോവുമ്പോള്‍പോലും നിങ്ങള്‍ക്കത് സ്വയം കണ്ടെത്താവുന്നതേയുള്ളൂ. അംബരചുംബിയായ ഒരു കെട്ടിടത്തിന്‍റെ എണ്‍പത്താറാം നിലയില്‍നിന്ന് ഭൂമിയിലേക്കുതന്നെ ഏറ്റവും വലുതെന്നു കരുതുന്ന ഒരു മഹാനഗരത്തെ കാണാന്‍ അവസരം കിട്ടി. എത്ര ചെറുതാണീ മനുഷ്യര്‍, അവരുടെ വാഹനങ്ങള്‍, നിരത്തുകള്‍ എന്നൊക്കെ തിരിച്ചറിയാന്‍ കുറച്ച് ഏണിപ്പടികള്‍ കയറിയാല്‍ മാത്രം മതി.
മുന്തിരിത്തോട്ടത്തില്‍ നട്ട അത്തിയെന്ന സുവിശേഷസൂചനയില്‍ ഓരോരുത്തരും അവരവരുടെ ജീവിതത്തെയാണ് വീണ്ടും കണ്ടെത്തേണ്ടത്. എങ്ങനെ വേണമെങ്കിലും വളരാമായിരുന്ന എന്‍റെ ജീവിതത്തെ അവന്‍ ഏറ്റവും ശ്രദ്ധകിട്ടുന്ന ഇടങ്ങളില്‍ നട്ടുവളര്‍ത്തി. അര്‍ഹിക്കുന്നതിനെക്കാള്‍ ശ്രദ്ധയും കരുതലും കിട്ടിയാണ് ഓരോരുത്തരും വളര്‍ന്നതും വലുതായതും. എന്നിട്ടും എത്ര പെട്ടെന്നാണ് നമ്മളതൊക്കെ മറന്നുപോയത്. ഒരുദാഹരണത്തിന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നിങ്ങള്‍ ബസിലിരുന്ന് നന്നായി ചുമയ്ക്കുന്നുണ്ട്. അടുത്തിരിക്കുന്നയാള്‍ ഈര്‍ഷ്യയോടെയാണ് നിങ്ങളെ നോക്കുന്നത്. എന്നാല്‍ വീടെന്ന ചെറിയ ആ മുന്തിരിത്തോട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ മാറുന്നു. ഒന്നുകൂടി ചുമയ്ക്കുമ്പോള്‍ ആവിപറക്കുന്ന ചുക്കുകാപ്പിയാവുന്നു. കുളിച്ചുകയറി വരുമ്പോള്‍ ഉച്ചിയില്‍ ഒരു നുള്ളു രാസനാദിപ്പൊടിയാകുന്നു. രാത്രിയിലുറങ്ങുമ്പോള്‍ കട്ടിയുള്ള കമ്പളമാകുന്നു. അതുകൊണ്ട് മുഖംമൂടി വാവിട്ടുകരയാതെ നിങ്ങളെന്തു ചെയ്യും. ചുമച്ചുചുമച്ചിട്ടിന്നോളം ആരും മരിച്ചിട്ടില്ലല്ലോ. എന്നിട്ടും എന്തൊരു ശ്രദ്ധയിലാണ് നിങ്ങളിപ്പോള്‍. ജീവിതത്തെക്കുറിച്ച് പൊതുവേ പറയാവുന്ന കാര്യം തന്നെയാണത്. അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്വീകരിച്ച മനുഷ്യര്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് തങ്ങള്‍ നിലനില്‍ക്കുന്നതെന്നു തിരിച്ചറിയുമ്പോള്‍ കണ്ണുനിറയാതെ, കരംകൂപ്പാതെ എന്തു ചെയ്യും.