news-details
അക്ഷരം

സ്മരണകളുടെ ഓളങ്ങള്‍

2017ലെ നോവല്‍ സമ്മാനം നേടിയ എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ നോവലാണ് 'ദിവസത്തിന്‍റെ ശേഷിപ്പുകള്‍'. സ്റ്റീവന്‍സ് എന്ന ബട്ലര്‍ മൂന്നു പതിറ്റാണ്ടുകാലത്തെ നിസ്വാര്‍ത്ഥസേവനത്തിനുശേഷം തീര്‍ത്ഥയാത്രയ്ക്കൊരുങ്ങുന്നു. ഇംഗ്ലണ്ടിന്‍റെ ഗ്രാമീണഭംഗി നുകര്‍ന്നുകൊണ്ടുള്ള യാത്രക്കിടയില്‍ സ്റ്റീവന്‍സ് ഭൂതകാലജീവിതം അയവിറക്കുന്നു. ഈ പ്രധാന കഥാപാത്രത്തിന്‍റെ മനസ്സാണ് കഥയുടെ രംഗവേദി. ബോധധാരാരീതിയില്‍ രചിക്കപ്പെട്ട 'ദിവസത്തിന്‍റെ ശേഷിപ്പുകള്‍' വ്യക്തിജീവിതവും ചരിത്രസന്ദര്‍ഭങ്ങളും അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്നു. തന്നോടൊപ്പം ജോലിചെയ്തിരുന്ന കെന്‍റനെ അന്വേഷിച്ചാണ് സ്റ്റീവന്‍സ് യാത്ര തിരിക്കുന്നത്. ഈ യാത്ര കടന്നുപോകുന്ന ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമായി മാറുന്നു. യജമാനന്മാരെ  സേവിച്ച് വലിയ വീടുകളില്‍ കാലം കഴിക്കുന്ന സ്റ്റീവന്‍സിനെപ്പോലുള്ളവര്‍ പുറംലോകമെന്താണെന്ന് പലപ്പോഴും അറിയുന്നില്ല.

ഡാര്‍ലിങ്ടണ്‍ഹാളിന്‍റെ പുതിയ ഉടമസ്ഥനായ ഫാരഡെയാണ് യാത്രയ്ക്ക് സ്റ്റീവന്‍സനെ പ്രേരിപ്പിക്കുന്നത്. "ഒരാള്‍ക്ക് സ്വന്തം നാടു കാണാന്‍ കഴിയില്ല എന്നു പറയുന്നത് ഒരു പാതകമാണ്" എന്നാണ് ഫാരഡെ ഓര്‍മ്മിപ്പിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി വരുന്ന ക്രിസ്മസ് കാര്‍ഡിനു പുറമേ കിട്ടിയ മിസ് കെന്‍റന്‍റെ ആദ്യത്തെ കത്താണ് നീണ്ടയാത്രയിലേക്ക് സ്റ്റീവന്‍സിനെ കടത്തിവിട്ടത്. ഈ യാത്രയ്ക്കിടയിലാണ് തന്‍റെ ജീവിതം അയാള്‍ ഓര്‍ത്തെടുക്കുന്നത്. 'മഹത്തായ എന്തിന്‍റെയോ സമക്ഷത്തില്‍ എത്തിയ' അനുഭവം യാത്രക്കിടയില്‍ അയാള്‍ക്കുണ്ടാകുന്നു.  അതോടൊപ്പം ബട്ലര്‍മാരുടെ ജീവിതത്തിന്‍റെ നാള്‍വഴികളും വിലയിരുത്തപ്പെടുന്നു. ഒരു മഹാനായ ബട്ലറെ തിരിച്ചറിയുന്നതിന് ഏറ്റവും  സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ അയാളെങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാല്‍ മതി എന്നാണ് സ്റ്റീവന്‍സ് അഭിപ്രായപ്പെടുന്നത്.

"എന്‍റെ ജീവിതം ഒരു ശൂന്യതയായി കിടക്കുകയാണ്" എന്ന കെന്‍റന്‍റെ കത്തിലെ വാക്കുകളുടെ പിന്നാലെയാണ് സ്റ്റീവന്‍സ് പ്രതീക്ഷയോടെ നീങ്ങുന്നത്. പ്രണയത്തിന്‍റെ നിശ്ശബ്ദസാന്നിധ്യം നാമിവിടെ തിരിച്ചറിയുന്നു. ഒരിക്കല്‍ക്കൂടി ജീവിതത്തിന്‍റെ വസന്തകാലം അനുഭവവേദ്യമാകുമെന്ന് അയാള്‍ കിനാവു കാണുന്നു. കൈവിട്ടുപോയ ഒരു കാലത്തെ തിരിച്ചുപിടിക്കാനാണ് അയാളുടെ യാത്ര. മനസ്സിന്‍റെ അഗാധതകളില്‍ ഉണരുന്ന സ്വപ്നത്തിന്‍റെ ലാവണ്യം യാഥാര്‍ത്ഥ്യത്തിന്‍റെ ശിലയില്‍ തട്ടി ശിഥിലമാകുന്നത് നാം അറിയുന്നു. സൂക്ഷ്മമായ സൂചനകളിലൂടെ മനുഷ്യമനസ്സിന്‍റെ സഞ്ചാരം അടയാളപ്പെടുത്തുകയാണ് ഈ എഴുത്തുകാരന്‍. "നമുക്കു ചുറ്റുമുള്ള പ്രകൃതിയുടെ അത്ഭുതങ്ങളില്‍ നാം ചാരിതാര്‍ത്ഥ്യമുള്ളവരാകണം" എന്നറിയുന്ന സ്റ്റീവന്‍സിന്‍റെ യാത്ര പുതിയ അനുഭവങ്ങളിലൂടെ അയാളെ കടത്തിക്കൊണ്ടുപോകുന്നു. "ദൈവം നമ്മെയെല്ലാം ഒരുതരം ചെടികളായി സൃഷ്ടിച്ചിരുന്നുവെങ്കില്‍ എന്ന്, മണ്ണിലുറച്ച ചെടികള്‍. അങ്ങനെയാണെങ്കില്‍ ഈ യുദ്ധങ്ങളും അതിരുകളെ സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകില്ലായിരുന്നു" എന്നും സ്റ്റീവന്‍സ് അറിയുന്നു. രണ്ടാംലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വാക്കുകള്‍ക്ക് കൂടുതല്‍ സാംഗത്യം കൈവരിക. 
 
യജമാനന്‍റെ ധാര്‍മ്മികനിലവാരമാണ് സ്റ്റീവന്‍സ് പങ്കുവയ്ക്കുന്നത്. മനുഷ്യവര്‍ഗത്തിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന മാന്യന്മാരെ സേവിക്കുന്നതില്‍ ഉത്സുകനായിരുന്നു അയാള്‍. "ഞങ്ങളുടേത് തത്വാധിഷ്ഠിതമായ ഒരു തലമുറയായിരുന്നു" എന്ന് അയാള്‍ എടുത്തുപറയുന്നു. ഉത്തമനായ ബട്ലറുടെ ആദര്‍ശാത്മകജീവിതമാണ് അയാള്‍ നയിക്കാനാഗ്രഹിക്കുന്നത്. "തീര്‍ത്തും പുതിയ കാഴ്ചപ്പാടുകള്‍" പകര്‍ന്നു നല്കിയ സഞ്ചാരത്തിനിടയില്‍ സ്വന്തം ജീവിതത്തെയും കാലത്തെയും അയാള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നു. 
 
എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചരിത്രത്തിന് ചില സംഭാവനകള്‍ നല്‍കുന്നുണ്ട്. "ചില കാരണങ്ങളാല്‍ നമ്മുടെ പരിശ്രമങ്ങള്‍ എത്ര എളിയ രീതിയിലാണെങ്കിലും ചരിത്രത്തിന് ഒരു സംഭാവന നല്‍കിയിട്ടുണ്ട്" എന്ന ചിന്ത ഏറെ അഴകുള്ളതാണ്. എളിയ മനുഷ്യരുടെ പക്ഷത്തുനിന്ന് ചരിത്രത്തെയും കാലത്തെയും കണ്ടെത്തുമ്പോള്‍ പരമ്പരാഗത ചരിത്രനിരീക്ഷണങ്ങള്‍ അപ്രസക്തമാകുന്നു. "ഹിറ്റ്ലര്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ നാമെല്ലാമിപ്പോള്‍ അടിമകളായിതീര്‍ന്നിട്ടുണ്ടാകുമായിരുന്നു. ലോകം മുഴുവന്‍ കുറച്ചു മേലാളന്മാരെയും ലക്ഷക്കണക്കിന് അടിമകളെയും കൊണ്ട് നിറയുമായിരുന്നു" എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുമ്പോള്‍ ചരിത്രസന്ദര്‍ഭത്തെ നാം എപ്രകാരമാണ് നോക്കിക്കാണുന്നതെന്ന് നാം മനസ്സിലാക്കുന്നു. "ഈ ലോകത്തിന്‍റെ അരങ്ങില്‍ ചെറുതെങ്കിലും ആടാനൊരു വേഷം ലഭിച്ചതില്‍" നന്ദി പ്രകടിപ്പിക്കുമ്പോള്‍ എഴുത്തുകാരന്‍റെ ദര്‍ശനം കൂടുതല്‍ വ്യക്തമാകുന്നു. 
 
"ഇന്നത്തെ ലോകം മികച്ച കുലീനമായ അന്തഃചോദനകള്‍ക്ക് നിരക്കാത്തത്ര കെട്ടതാണ്" എന്നു പറയുമ്പോള്‍ നോവലിന്‍റെ പശ്ചാത്തലമായി വര്‍ത്തിക്കുന്ന കാലത്തെയാണ് അടയാളപ്പെടുത്തുന്നത്. "ദിവസത്തിന്‍റെ മികച്ച ഭാഗം വൈകുന്നേരമാണ്." ആ സമയമെത്തുമ്പോള്‍ അന്നത്തെ ദിവസത്തിന്‍റെ അവശേഷിപ്പുകള്‍ മനസ്സില്‍ തെളിയുന്നു. നിരാശാഭരിതമായ യാത്രക്കുശേഷം വീണ്ടും തന്‍റെ കടമകളിലേക്കു തിരിച്ചുപോകുന്ന സ്റ്റീവന്‍സ് ജീവിതത്തെ കുറേക്കൂടി ആഴത്തില്‍ വിലയിരുത്താന്‍ ശക്തി നേടുന്നു. "ജീവിതപ്പാതയെച്ചൊല്ലി, ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളെച്ചൊല്ലി വേപഥു പൂണ്ടിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. നിങ്ങളെയും എന്നെയും പോലുള്ളവര്‍ ചുരുങ്ങിയ പക്ഷം മഹത്കാര്യങ്ങള്‍ നടക്കാനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയെങ്കിലും വേണം" എന്നു കുറിക്കുമ്പോള്‍ ജീവിതം, നിയോഗമെന്തെന്നു കണ്ടെത്തലാണെന്ന് നാം തിരിച്ചറിയുന്നു. 
 
"ഞാന്‍ പ്രതീക്ഷിക്കുകയാണ് എന്‍റെ യജമാനന്‍ തിരിച്ചുവരുമ്പോഴും ഞാനദ്ദേഹത്തെ അതിശയിപ്പിക്കുന്ന നിലയിലെത്തിയിട്ടുണ്ടാകുമെന്ന്" പറഞ്ഞ് നോവല്‍ അവസാനിപ്പിക്കുമ്പോള്‍ മനുഷ്യമനസ്സിന്‍റെ അഗാധതലങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുന്നു. ആന്തരവും ബാഹ്യവുമായ യാത്രയിലൂടെ വ്യക്തിയുടെയും കാലത്തിന്‍റെയും ദേശത്തിന്‍റെയും ചേതന എത്തിപ്പിടിക്കുകയാണ് ഇഷിഗുറോ. മനുഷ്യമനസിന്‍റെ സൂക്ഷ്മതകള്‍ കൃത്യമായി വരച്ചിടുന്ന എഴുത്തുകാരനെ നാമിവിടെ കണ്ടെത്തുന്നു. 
(ദിവസത്തിന്‍റെ ശേഷിപ്പുകള്‍ - കസുവോ ഇഷിഗുറോ - വിവ. ലൈല സൈന്‍ - ഡി. സി. ബുക്സ്)

തീക്ഷ്ണമായ അനുഭവസാക്ഷ്യം

മുപ്പതുവര്‍ഷത്തിലധികം ജന്മനാട്ടില്‍ നിന്നകന്ന്  കഴിഞ്ഞ പലസ്തീനിയന്‍ കവി മുരീദ് ബര്‍ഗുതിയുടെ ആത്മകഥയാണ് 'റാമല്ല ഞാന്‍ കണ്ടു'. വായനക്കാരന്‍റെ മനസില്‍ തീ കോരിയിടുന്ന വാക്കുകളാണ് ബര്‍ഗുതി കുറിച്ചിടുന്നത്. 'നാടില്ലാത്തവരായി' മാറിയ ഒരു ജനവിഭാഗത്തിന്‍റെ ജീവിതം കൂടിയാണ് ഈ ജീവിതം അവതരിപ്പിക്കുന്നത്. 'നാടു മാറ്റപ്പെടുന്നത് മരണം പോലെയാണ്' എന്ന് ബര്‍ഗുതി പറയുമ്പോള്‍ അത് തീക്ഷ്ണസത്യമായി മാറുന്നു. "പരദേശിയായിരുന്നവന് അയാള്‍ എന്തായിരുന്നുവോ അതിലേക്ക് ഒരിക്കലും മടങ്ങിപ്പോകാനാവില്ല. മടങ്ങിവരാന്‍ കഴിഞ്ഞാല്‍പോലും അപ്പോഴേയ്ക്കും ഒക്കെ അവസാനിച്ചിരിക്കും" എന്ന തിരിച്ചറിവ് വേദനാഭരിതമാണ്.

അധിനിവേശത്തിന്‍റെ ക്രൂരചിത്രങ്ങളാണ് ബ ര്‍ഗുതി വരച്ചിടുന്നത്. കളങ്കപ്പെടുന്ന ആത്മാഭിമാനമാണ് അദ്ദേഹം കാണിച്ചുതരുന്നത്. നിരാശയും തകര്‍ച്ചയും ഒറ്റപ്പെടലിന്‍റെ വ്യഥയും അദ്ദേഹം പകര്‍ന്നുനല്‍കുന്നു. പലസ്തീനികളുടെ മനുഷ്യത്വം എങ്ങനെ തകര്‍ക്കപ്പെടുന്നു എന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു. ചിതറിപ്പോയ ഒരു ജനതയുടെ ചരിത്രമാണ് ബര്‍ഗുതിയുടെ ആത്മകഥ തുറന്നിടുന്നത്.
 
പിറന്നമണ്ണുമായുള്ള ബന്ധത്തിന്‍റെ ഓരോ തിരിവിലും നേര്‍ക്കുനേര്‍വരുന്ന രാഷ്ട്രീയം അദ്ദേഹം കാണുന്നു. "ഞങ്ങളുടെ മരിച്ചവര്‍ ഇപ്പോഴും അന്യരുടെ ശ്മശാനങ്ങളില്‍ ഉറങ്ങുന്നു.  ഞങ്ങളുടെ ജീവിച്ചിരിക്കുന്നവരോ വിദേശാതിര്‍ത്തികളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു" ഇതാണ് പലസ്തീനികള്‍ നേരിടുന്ന ദുര്‍വിധി എന്നാണ് ബര്‍ഗുതി കുറിക്കുന്നത്. "അതിര്‍ത്തികളെ, അതിരുകളെ, പരിധികളെ ഞാന്‍ വെറുക്കുന്നു" എന്നാണ് അദ്ദേഹം വിളിച്ചുപറയുന്നത്. "രാഷ്ട്രീയം പ്രഭാതഭക്ഷണത്തിനിരിക്കുന്ന കുടുംബമാണ്. ആരൊക്കെയുണ്ട്, ആരൊക്കെയില്ല, എന്തുകൊണ്ടില്ല" എന്ന ചിന്ത അതിപ്രധാനമാണെന്നതാണ് വസ്തുത. അധിനിവേശത്തിന്‍റെ കീഴിലായതിന്‍റെ തളര്‍ച്ചയും കയ്പും അനുഭവിക്കുന്ന ഇടമായി ബര്‍ഗുതി, റാമില്ലായെ അടയാളപ്പെടുത്തുന്നു. "നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങളുടേതായ വിധത്തില്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ നിന്ന് അധിനിവേശം നിങ്ങളെ തടയുന്നു. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഓരോ അംശത്തിലും അത് ഇടപെടുന്നു." ഇതാണ് ഏത് അധിനിവേശത്തിന്‍റെയും ചരിത്രം. സ്വത്വത്തില്‍ നിന്ന് ആട്ടിയകറ്റപ്പെടുന്ന ഒരു ജനതയുടെ യഥാര്‍ത്ഥജീവിതം അങ്ങനെ നഷ്ടമാകുന്നു. "അധിനിവേശം നിറങ്ങളും ഒച്ചകളും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു സ്ഥലം സ്വന്തമായില്ലാത്ത തലമുറകളെ സൃഷ്ടിച്ചു" എന്ന് എഴുതുന്ന ബര്‍ഗുതി കാതലിലാണ് തൊടുന്നത്. 
 
"ജീവിതം നമ്മെ യാഥാര്‍ത്ഥ്യത്തിന്‍റെ പൊടിപടലത്തിലേക്ക് ഉന്തിവിടുന്നു" എന്നതാണ് ബര്‍ഗുതിയുടെ നിരീക്ഷണം. ഒരു ദേശം അപ്പാടെ പൊടിപടലത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. അങ്ങനെ ആ ജനത മൗനത്തിന്‍റെ, ഒറ്റപ്പെടലിന്‍റെ ഭാഷ സംസാരിച്ചു തുടങ്ങുന്നു. "സ്ഥലവുമായുള്ള എന്‍റെ ബന്ധം കാലവുമായുള്ള ബന്ധമാണ്' എന്നതാണ് അദ്ദേഹം എഴുതുന്നത്. എല്ലായ്പ്പോഴും താന്‍ സ്വന്തമായി സ്ഥലമില്ലാത്തവനാണ് എന്നും അദ്ദേഹം പറയുന്നു. മുന്‍പുണ്ടായിരുന്നതുപോലെ ഒന്നും വീണ്ടെടുക്കാനും കഴിയില്ല എന്നദ്ദേഹം മനസ്സിലാക്കുന്നു. തങ്ങളുടെ സ്ഥലങ്ങള്‍ക്ക് അവയുടെ അര്‍ത്ഥവും മൂര്‍ത്തതയും നഷ്ടപ്പെട്ടുപോയി എന്ന അറിവ് ഏറെ വേദനാജനകമാണ്. അങ്ങനെ നമുക്കായി നിശ്ചയിക്കപ്പെട്ട ഒരേയൊരു വിധിയില്‍ സംതൃപ്തി കണ്ടെത്താന്‍ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ജീവിതമാകുന്ന ഊഞ്ഞാലിന്‍റെ രണ്ടറ്റങ്ങള്‍ പ്രഹസനവും ദുരന്തവുമായി മാറുന്നത് അപ്രകാരമാണ്. 'ദുരന്തത്തിന്‍റെയും പ്രഹസനത്തിന്‍റെയും ഊഞ്ഞാല്‍ തനിക്കൊപ്പം ചലിക്കുന്നു' എന്ന അറിവ് ബര്‍ഗുതിക്ക് ഉണ്ട്. "ചരിത്രം നമ്മെ രണ്ടു പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഒന്നാമത്തേത്, ദുരന്തങ്ങളും നഷ്ടങ്ങളും വിജയങ്ങളാക്കി അവതരിപ്പിക്കാന്‍ കഴിയും എന്നുള്ളത്. രണ്ടാമത്തേത്, അതിന് നീണ്ടുനില്‍ക്കാന്‍ കഴിയില്ല എന്നതും." ഈ അറിവിലാണ് പലസ്തീനികളുടെ നിസ്സഹായജീവിതം മുന്നോട്ടു പോകുന്നത്. 
 
"നാടുമാറ്റപ്പെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍ക്കുകൂടി അന്യനായിത്തീരുന്നു" എന്നാണ് ബര്‍ഗുതി കുറിക്കുന്നത്. 'തന്‍റേതുമാത്രമായ മുത്തുകളെടുത്തുവച്ച് അതിജീവനത്തിന് അയാള്‍ പരിശ്രമിക്കുന്നു. തന്‍റെ മുത്തുകള്‍ വിപണിയില്‍ വിലകെട്ടതാകാം' എന്ന് ഉത്തമബോധ്യം ഉണ്ടെങ്കില്‍കൂടി. ഇതാണ് ഓരോ  പലസ്തീനിയുടെയും നിയോഗം. 'പിറന്നനാട് അവസാനനിമിഷം വരെയും ഉടല്‍വിട്ടുപോകുകയില്ല. മരണമെത്തുന്ന നേരം വരെയും' എന്നെഴുതിയ ബര്‍ഗുതി അധിനിവേശത്തിന്‍റെ ചരിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. "ആത്മാവിന്‍റെ നിറങ്ങള്‍ കവര്‍ന്നെടുത്തതാരാണ്? അധിനിവേശക്കാരുടെ വെടിയുണ്ടകളല്ലാതെ ശരീരം തുളച്ചുപോയത് മറ്റെന്താണ്?" ആ ചോദ്യം വായനക്കാരുടെ മനസ്സില്‍ മുഴങ്ങിനില്‍ക്കുന്നു. പലസ്തീന്‍ പ്രശ്നത്തെപ്പറ്റിയുള്ള ഏറ്റവും മികച്ച അനുഭവസാക്ഷ്യങ്ങളിലൊന്ന് എന്ന എഡ്വേര്‍ഡ് സെയ്ദിന്‍റെ അഭിപ്രായം ബര്‍ഗൂതിയുടെ ആത്മകഥ സാധൂകരിക്കുന്നു. 
(റാമല്ല ഞാന്‍ കണ്ടു - മുരീദ് ബര്‍ഗുതി - പരിഭാഷ, അനിത തമ്പി - ഒലിവ് ബുക്സ്)

കാടിന്‍റെ ആത്മാവ്

കാടിനെക്കുറിച്ചുള്ള എഴുത്തുകളിലൂടെ കാടിന്‍റെ ആത്മാവു കണ്ടെത്തിയ എഴുത്തുകാരനാണ് എന്‍.എ. നസീര്‍. കാടും താനും ഒന്നാണ് എന്നതാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം. 'കാടേത്, കടുവയേത്, ഞാനേത്' എന്ന പുതിയ ഗ്രന്ഥം അദ്വൈതാനുഭവമാണ് വെളിപ്പെടുത്തുന്നത്. കാട് നസീറിന് ഒരു അപരലോകമല്ല. അത് അയാളോടൊപ്പം നടക്കുന്നു. കാട് നസീറിനുള്ളിലും നസീര്‍ കാടിനുള്ളിലും വസിക്കുന്നു. കാടിനു പുറത്ത്, നഗരചത്വരങ്ങളിലും നാട്ടിടവഴികളിലും നടക്കുമ്പോഴും നസീറിന്‍റെ ഉള്ളിലൊരു കാടുണ്ട്. അവിടത്തെ സൂക്ഷ്മജീവിതവും അതിലെ വൈവിധ്യങ്ങളുമുണ്ട്. കാടിന്‍റെ അനന്തഭേദങ്ങളെ ഹൃദയാനുഭൂതികളായി ഏറ്റുവാങ്ങിക്കൊണ്ടാണ് നസീര്‍ കാടിനെ വാക്കിലേക്കും ചിത്രങ്ങളിലേക്കും പരിഭാഷപ്പെടുത്തുന്നത് എന്ന് ഡോ. സുനില്‍ പി. ഇളയിടം ആമുഖമായി  കുറിക്കുന്നത് നസീറിന്‍റെ ഗ്രന്ഥത്തിന് ഏറെ ഇണങ്ങുന്നതാണ്. പ്രകൃതിയിലേക്ക് ആഴത്തില്‍ നോക്കുന്ന കണ്ണുകളുള്ള നസീറിനെ ഈ പുസ്തകത്തില്‍ നാം കണ്ടുമുട്ടുന്നു. 

"ഒരു ചത്ത പക്ഷിയെ നിരീക്ഷിക്കുന്നതിലും എനിക്കിഷ്ടം ജീവനോടെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ നിരീക്ഷിക്കാനാണ്" എന്ന തോറോയുടെ വാക്കുകള്‍ നസീറിന്‍റെ പ്രകൃതിസ്നേഹത്തോടു കൂട്ടിവായിക്കാം. അദ്ദേഹം നിരീക്ഷിക്കാന്‍ ഒരുങ്ങുന്നത് ജീവനുള്ള കാടിനെയും പ്രകൃതിയെയും  ജീവജാലങ്ങളെയുമാണ്. അവയോരോന്നും അദ്ദേഹത്തിന്‍റെ ആത്മാവിന്നയല്ക്കാരായി മാറുന്നു. തന്‍റെ കാടനുഭൂതികളാണ് നസീര്‍ വാക്കുകളിലേക്ക് ആവാഹിക്കുന്നത്.  ഓരോ ജീവിയെയും മരത്തെയും കാട് തന്നോട് ചേര്‍ത്തുനിര്‍ത്തുന്നു. അവയ്ക്കൊന്നും കാടില്‍നിന്ന് വേറിട്ട് ഒരു നിലനില്പില്ല, അതുപോലെയാണ് മനുഷ്യനും. പ്രകൃതിയില്‍ നിന്ന് വേറിട്ടാല്‍ മനുഷ്യന്‍റെ നിലനില്പും അപകടസന്ധിയിലാകും. അങ്ങനെ വിപത്തിന്‍റെ നാല്‍ക്കവലയില്‍ എത്തിനില്‍ക്കുന്ന മാനവസമൂഹത്തെ പ്രകൃതിയുടെ, കാടിന്‍റെ മടിത്തട്ടിലേക്ക് ആനയിക്കാനാണ് നസീര്‍ ശ്രമിക്കുന്നത്. ഒടുങ്ങാത്ത ആര്‍ത്തിക്കു പകരം പ്രകൃതിയുടെ സാന്ത്വനം അറിയുകയാണ് പ്രധാനമെന്ന് നസീര്‍ കരുതുന്നു. കാട്ടില്‍ ഒറ്റയ്ക്കാകുക എന്നത് നാം കാടായി മാറുക എന്നതാണ്. പിന്നെ 'ഞാന്‍' ഇല്ല.       കാടു മാത്രം. അത് മറ്റൊരവസ്ഥയാണ്. മനസിന്‍റെയും ഇന്ദ്രിയങ്ങളുടെയും പുതുവായനകള്‍ നാമറിയാതെ തുറക്കുന്ന നിമിഷങ്ങള്‍ എന്ന് കുറിക്കുന്ന ഈ യാത്രികന്‍ ഹരിതആത്മീയതയാണ് പ്രഘോഷിക്കുന്നത്.  നമ്മുടെ വികസനങ്ങളും വീക്ഷണങ്ങളും എങ്ങും എത്തുന്നില്ല എങ്കിലും ലക്ഷ്യം നമ്മുടെ തന്നെ നാശമാണ് എന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നു എന്ന  തിരിച്ചറിവ് നസീറിനുണ്ട്. ആ അറിവില്‍ നിന്നാണ് എല്ലാറ്റിനെയും അണച്ചുനിര്‍ത്താനുളള നനവ് അദ്ദേഹത്തിനു ലഭിക്കുന്നത്.   
 
"നമുക്കിനിയും വനലോകത്തെ വേണ്ടത്ര ശ്രദ്ധിക്കാനായിട്ടില്ല എന്നതാണ് നമ്മുടെ ശേഷിക്കുന്ന പച്ചപ്പുകള്‍ തുടച്ചുനീക്കിയുള്ള വികലമായ പല വികസനകാഴ്ചപ്പാടുകളും തെളിയിക്കുന്നത് എന്ന് നസീര്‍ ശരിയായി നിരീക്ഷിക്കുന്നു. നഷ്ടപ്പെടുന്നത് ഏറെ വിലയുള്ളവയാണ് എന്നത് നാം അറിയുന്നില്ല. ലോകത്തിന് ഭാവിയുണ്ട്. നാളെ അനേകം തലമുറകള്‍ കടന്നുവരാനുണ്ട് എന്ന കരുതല്‍ നമുക്കില്ല. അതുകൊണ്ടാണ് പ്രകൃതിയോട് നാം കരുണയറ്റവരായി പെരുമാറുന്നത്. "മനുഷ്യന്‍ അവന്‍റെ മനസ്സിലും ചുറ്റുപാടുകളിലും അതിരുകള്‍ തീര്‍ത്ത് അതാണ് തന്‍റെ ലോകം, അതിലേക്ക് മറ്റാര്‍ക്കും പ്രവേശനമില്ല എന്നുറപ്പിച്ചിരിക്കുന്നതുപോലെ അതേ മനസ്സുകൊണ്ട് അതിരുകളില്ലാത്ത വന്യജീവികളുടെ ലോകത്തിനും അതിരുകള്‍ നിശ്ചയിച്ചിരിക്കുന്നു" എന്നാണ് നസീര്‍ കുറിക്കുന്നത്. ഈ അതിരുകള്‍ സ്വാര്‍ത്ഥതയുടേതാണ് എന്നതാണ് വാസ്തവം.  "വിശുദ്ധ ഇടങ്ങളാണിവയൊക്കെ എന്ന് നാമെന്തേ മറന്നുപോകുന്നു? ജീവന്‍ നിലനിര്‍ത്തുവാന്‍ ഏറ്റവും പ്രധാനപ്പെട്ട പ്രാണവായുവും ജീവജലവും നല്കുന്ന ഇത്തരം ഹരിതപ്പൊട്ടുകളല്ലേ യഥാര്‍ത്ഥവിശുദ്ധയിടങ്ങള്‍?" എന്ന നസീറിന്‍റെ ചോദ്യം സുപ്രധാനമാണ്. കാടുകളെ വിശുദ്ധയിടങ്ങളായി അദ്ദേഹം അടയാളപ്പെടുത്തുന്നു. കാടിനെ മനസ്സിനോടു ചേര്‍ത്തുനിര്‍ത്തുന്നവന്‍റെ ഹൃദയശബ്ദമാണിത്. ഇത് യഥാര്‍ത്ഥ ആത്മീയതയും പ്രാര്‍ത്ഥനയുമാകുന്നു."സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സ്വന്തം ഭവനങ്ങളില്‍തന്നെ ഉപേക്ഷിച്ച് കാട്ടിലേക്കു പോകൂ. ഓരോ മര്‍മരത്തിനുമുന്നിലും ധ്യാനലീനനാകൂ. കാടിന്‍റെ ഹൃദയസ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുന്ന അതീന്ദ്രീയമായ ഒരു പുതുലോകം നിങ്ങളില്‍ ഉണരുകയായി." ഈ പുസ്തകം ആ പുതുലോകത്തേക്കുളള ഹൃദ്യമായ ക്ഷണമായി മാറുന്നു. (കാടിത്, കടുവയേത്, ഞാനേത് - എന്‍. എ. നസീര്‍- മാതൃഭൂമി ബുക്സ്)

You can share this post!

ജലം കൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts