സാറാ ജോസഫിന്‍റെ 'ഒതപ്പ്' എന്ന നോവലിനെ ദൈവശാസ്ത്രവീക്ഷണത്തില്‍ പരിശോധിക്കുകയാണിവിടെ. 'നന്മതിന്മകളുടെ വൃക്ഷം' എന്ന കൃതിയുടെ തുടര്‍ച്ചയായി ഈ നോവലിനെ കാണാം. ഔദ്യോഗിക മതനേതൃത്വത്തിന്‍റെ ദൈവശാസ്ത്രസങ്കല്പങ്ങളെ തകിടം മറിക്കുന്ന സമീപനമാണ് സാറാ ജോസഫ് സ്വീകരിക്കുന്നത്. വിമോചനദൈവശാസ്ത്രം (Liberation Theology) കറുത്ത ദൈവശാസ്ത്രം (Black Theology) പരിസ്ഥിതി ദൈവശാസ്ത്രം (Eco Theology) സ്ത്രീവാദ ദൈവശാസ്ത്രം (Feminist Theology) എന്നീ ചിന്താധാരകളുടെ പരികല്പനകള്‍ ഒതപ്പുമായി കൂട്ടിവായിക്കുമ്പോള്‍ പുതിയ ദൈവശാസ്ത്രവഴികള്‍ തുറന്നുകിട്ടുന്നു. (ഒരിക്കല്‍ രൂപംകൊണ്ട് കുഴിച്ചുമൂടിയ വിമോചനദൈവശാസ്ത്രത്തെയും മറ്റും പൊടിതട്ടിയെടുക്കേണ്ടതുണ്ടോ എന്ന മറുപക്ഷത്തിന്‍റെ ചോദ്യം കാണാതിരിക്കുന്നില്ല. അവിഹിതമായി പലതും സംരക്ഷിച്ചു നിര്‍ത്താന്‍ വ്യഗ്രത കാണിക്കുന്നവര്‍ക്ക് മൗലികമായ ചില അന്വേഷണങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കും. മനുഷ്യനെ, മണ്ണിനെ സ്പര്‍ശിക്കുന്ന ദൈവശാസ്ത്രമെന്ന നിലയിലാണ് സമാന്തരചിന്തകളെ നാം തിരിച്ചറിയേണ്ടത്.)
ലാറ്റിനമേരിക്കന്‍ നാടുകളില്‍ തൊഴിലാളികളും കര്‍ഷകരും ബൈബിളില്‍ കണ്ടെത്തിയ അസാമാന്യമായ ഊര്‍ജ്ജം വിമോചന ദൈവശാസ്ത്രത്തിന് വിത്തിട്ടു. തുടര്‍ന്ന് ആഫ്രിക്കയിലും അതിന്‍റെ പ്രതിധ്വനികളുണ്ടായി. കറുത്തവന്‍റെ ദൈവശാസ്ത്രം കറുത്തവന്‍റെ പക്ഷത്തുനില്‍ക്കുന്നതാണ്. വെളുത്തവന്‍റെ അധികാരവ്യവസ്ഥകളെ അത് കര്‍ശനമായി ചോദ്യംചെയ്തു. ഇതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് സ്ത്രീവാദ ദൈവശാസ്ത്രം. പുരുഷകേന്ദ്രിതമായ മതസങ്കല്പങ്ങളെ അത് നിശിതമായി വിമര്‍ശിക്കുന്നു. സെമിറ്റിക് മതങ്ങളുടെ വിശ്വാസസംഹിതകളെ സ്ത്രീയുടെ വീക്ഷണത്തില്‍ കണ്ടെത്തിയപ്പോള്‍ മൗലികമായ വെളിച്ചം തെളിയുന്നത് ഫെമിനിസ്റ്റുകള്‍ കണ്ടെത്തി. "മനുഷ്യന്‍റെ നൈസര്‍ഗ്ഗിക ചോദനകളെ തടഞ്ഞ്, അവനെ നിര്‍വീര്യനും നിഷ്ക്രിയനുമാക്കിത്തീര്‍ക്കുന്നതില്‍, സ്ഥാപിതമതം വഹിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല. പ്രത്യേകിച്ചും അസ്തിത്വഭയത്തില്‍നിന്ന് ഒരു പരിധിവരെ അവനെ മുക്തനാക്കുകയും അവന്‍റെ സര്‍ഗ്ഗശേഷിയെ വികസിപ്പിക്കുകയും ചെയ്യുന്ന പ്രണയത്തിന്മേലും ലൈംഗികതയിന്മേലും ഇടുന്ന വിലക്കുകള്‍. മര്‍ദ്ദകന്‍റെ പണിശാലയിലാണ് ഈ വിലക്കുകള്‍ക്ക് ചങ്ങല പണിയപ്പെടുന്നത്. എല്ലാക്കാലത്തും എല്ലാപ്രദേശത്തും സ്ഥാപിതമതം ഭരണവര്‍ഗ്ഗത്തിന് കൂട്ടുനിന്നിട്ടുണ്ട്. അവര്‍ നിലനിര്‍ത്തിയിട്ടുള്ള എല്ലാ മൂല്യങ്ങളും മര്‍ദ്ദിതര്‍ അഴിച്ചുപണിക്ക് വിധേയമാക്കേണ്ടതുണ്ട്. ആ ചരിത്രപരമായ കടമ സാഹിത്യത്തിലൂടെ സ്ത്രീപുരുഷബന്ധങ്ങളുടെ കാര്യത്തില്‍ ഏറെ നിര്‍വഹിക്കപ്പെടാനുണ്ട്" എന്ന് സാറാ ജോസഫ് കുറിക്കുന്നത് ശ്രദ്ധേയമാണ്. (നന്മതിന്മകളുടെ വൃക്ഷം കറന്‍റ് ബുക്സ് തൃശൂര്‍. 1989)
പരിസ്ഥിതി ദൈവശാസ്ത്രവും ഇപ്പോള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യനും പരിസ്ഥിതിയും ഈശ്വരനും സംഗമിക്കുന്ന ദൈവശാസ്ത്ര പരികല്പനകളാണ് അതിന്‍റെ കാതല്‍. എല്ലാ ജീവജാലങ്ങളിലും അടങ്ങിയിരിക്കുന്ന ദൈവികതയെ കണ്ടെത്തുന്നതാണ് അതില്‍ പ്രധാനം.
പ്രധാനമായും ഗുസ്താവേ, ഗുട്ടിയേറസ്, ലിയോനാര്‍ഡോ ബോഫ്, എസ്. കാപ്പന്‍ എന്നിവരുടെ ദൈവശാസ്ത്ര ചിന്തകളാണ് ഈ പഠനത്തിന്‍റെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത്. സാമ്പ്രദായിക ദൈവശാസ്ത്രം സൃഷ്ടിച്ച ശൂന്യസ്ഥലികളെ പൂരിപ്പിക്കുകയാണ് വിമോചന ദൈവശാസ്ത്രം ചെയ്യുന്നത്. അടിസ്ഥാന വിഭാഗവുമായി ചേര്‍ന്നുനിന്ന് ചരിത്രത്തിലും കാലത്തിലും സക്രിയമായി ഇടപെടുന്ന ക്രിസ്തുവിനെ കണ്ടെത്തുകയാണിവര്‍. തങ്ങളുടെ വ്യാപാരങ്ങളെയും അധാര്‍മ്മിക ഘടനയെയും സംരക്ഷിക്കുന്ന കാവല്‍ക്കാരനായി ക്രിസ്തുവിനെ കാണുന്ന ഔദ്യോഗികമതത്തിന്‍റെ ദൈവശാസ്ത്രചിന്തകളെ അത് വെല്ലുവിളിക്കുന്നു. ക്രൈസ്തവവിശ്വാസത്തെ സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയും ദരിദ്രരുടെ പ്രതീക്ഷയുടെയും വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനിക്കുന്നു. സമൂഹത്തെയും അതിനെ താങ്ങി നിര്‍ത്തുന്ന പ്രത്യയശാസ്ത്രവ്യവസ്ഥയെയും അത് കര്‍ശനമായി വിമര്‍ശിക്കുന്നു. മതത്തിന്‍റെയും ക്രൈസ്തവന്‍റെയും കര്‍മ്മങ്ങളെ ദരിദ്രപക്ഷത്തുനിന്ന് നോക്കിക്കാണുന്നു. കൃത്യമായ രാഷ്ട്രീയബോധം വിമോചനദൈവശാസ്ത്രത്തിന്‍റെ ശക്തമായ അടിത്തറയാണ്. ഇതിനു തുടര്‍ച്ചയായിട്ടാണ് മറ്റു ദൈവശാസ്ത്രദര്‍ശനങ്ങള്‍ കടന്നുവരുന്നത്.
'ഒതപ്പ്' എന്ന വാക്കുതന്നെ പ്രത്യേക അര്‍ത്ഥത്തിലാണ് വിശ്വാസികള്‍ മനസ്സിലാക്കുന്നത്. അതിന്‍റെ അര്‍ത്ഥസാദ്ധ്യതകളെയാണ് സാറാ ജോസഫ് നോവലിലൂടെ അഴിച്ചു പരിശോധിക്കുന്നത്. മര്‍ഗരീത്ത, റോയ് ഫ്രാന്‍സിസ് കരീക്കന്‍, നാസ്തികന്‍ ജോര്‍ജ്, അഗസ്റ്റിന്‍, മാണിക്യന്‍ യോഹന്നാന്‍ കശീശ, കശീശയുടെ അപ്പന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് പ്രതിസംസ്കൃതിയുടെ ദര്‍ശനങ്ങള്‍ വിടര്‍ന്നുവരുന്നത്. കന്യാസ്ത്രീമഠം ഉപേക്ഷിക്കുന്ന മര്‍ഗരീത്തയും പൗരോഹിത്യം വിട്ടിറങ്ങിയ കരീക്കനും തനതുമാര്‍ഗ്ഗത്തില്‍ വിശ്വാസം പ്രഘോഷിക്കുന്ന അഗസ്റ്റിനും മാണിക്യനും സാമ്പ്രദായിക വഴികളെ പിന്നില്‍ ഉപേക്ഷിക്കുന്നു. വന്ധ്യമായ പഴയ ശരികളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നവര്‍ ഇവരെ തിരിച്ചറിയുന്നില്ല. മനുഷ്യസ്നേഹത്തിന്‍റെ അഗാധമായ നീരുറവകളാണ് ഇവരെ പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നത്.
"കര്‍ത്താവും പള്ളിയും രണ്ടും രണ്ടാണ്. ക്രിസ്തുവിനൊപ്പം നിന്നാല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട സഭയോടൊപ്പം നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ക്രിസ്തുവിനോടൊപ്പം നില്‍ക്കാനാണിഷ്ടം" (മാധ്യമം വാര്‍ഷികപതിപ്പ് 212) എന്നു പറയുന്ന ദയാഭായിയുടെ ദര്‍ശനം സാറാജോസഫും പിന്തുടരുന്നു. കന്യാമഠത്തില്‍ നിന്ന് കീഴാളമണ്ണിലെത്തിയ ദയാഭായ് മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പറ്റാത്ത വഴികളിലൂടെയാണ് യാത്രചെയ്തത്. അവരുടെ 'പച്ചവിരല്‍' സൃഷ്ടിച്ച നന്മകള്‍ നമ്മുടെ കാപട്യത്തെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.
മഠത്തില്‍ നിന്നിറങ്ങിയ മര്‍ഗരീത്ത കഠിനയാതനകളിലൂടെ കടന്നുപോകുന്നു. "ഒരു വ്യവസ്ഥിതിക്കകത്ത് പെട്ടുകഴിഞ്ഞാല്‍ പിന്നെ അതിനോടു ചേര്‍ന്നുപോകുന്നതാണ് നല്ലത്. ധിക്കരിച്ച് പുറത്തുകടന്നാല്‍ ആത്മാവിലും ശരീരത്തിലും വലിയ വിലകൊടുക്കേണ്ടിവരും" എന്ന ആബേലമ്മയുടെ വാക്കുകളെക്കുറിച്ച് മര്‍ഗരീത്ത ആഴത്തില്‍ ചിന്തിക്കുന്നു. 'പെട്ടുപോകുന്ന' വരാണ് കൂടുതല്‍ എന്ന സത്യം അവളെ ഞെട്ടിക്കുന്നു. പിന്നീട് അഭിനയിച്ചു തീര്‍ക്കുന്നതിലെ കാപട്യമാണ് നാം ചുറ്റും കാണുന്നത്. "ആബേലമ്മയ്ക്ക് ദൈവവിളി ഒരു സാമ്പത്തിക ഇടപാടായിരുന്നു" എന്നു കുറിക്കുമ്പോള്‍ മര്‍മ്മസ്ഥാനത്തുതന്നെയാണ് നോവലിസ്റ്റ് തൊടുന്നത്. എല്ലാ വിശ്വാസങ്ങളും പണത്തില്‍ ചെന്നവസാനിക്കുന്ന കാലമാണിത്. മതത്തെ വില്‍പ്പനച്ചരക്കാക്കുന്ന കാപട്യങ്ങളെ, വൈരുദ്ധ്യങ്ങളെ സാറാ ജോസഫ് തുണിയുരിച്ചു നിര്‍ത്തുന്നു.
'ഒട്ടകവും സൂചിക്കുഴയും' എന്ന ഉപമയെ നാം സൂചിക്കുഴവലുതാക്കി മറികടക്കാന്‍ ശ്രമിക്കുകയാണന്ന സത്യം സാറാ ജോസഫ് വിളിച്ചുപറയുന്നു. ദേസ്തോയവസ്കിയുടെ 'കാരമസോവ് സഹോദരന്മാരി'ലെ മതദ്രോഹവിചാരകന്‍റെ ഈ വാക്കുകള്‍ ഇതോടൊപ്പം കൂട്ടിവായിക്കാം: "എങ്കില്‍ കേട്ടോളൂ: ഞങ്ങള്‍ നിന്നോടു ചേര്‍ന്നല്ല, മരുഭൂമിയില്‍ നിന്നെ പ്രലോഭിപ്പിക്കുവാന്‍ വന്ന അവനുണ്ടല്ലോ അവനോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വളരെക്കാലം - എട്ടുശതാബ്ദമായി ഞങ്ങള്‍ നിന്‍റെ പക്ഷത്തുനിന്ന് അവന്‍റെ പക്ഷത്തായിട്ട്. നീ അവജ്ഞയോടെ നിരസിച്ചതിനെ കൃത്യം എട്ടു ശതാബ്ദംമുമ്പ് ഞങ്ങള്‍ അവനില്‍നിന്ന് ഏറ്റുവാങ്ങി. ഭൂമിയിലെ സര്‍വരാജ്യങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് അവന്‍ വച്ചുനീട്ടിയ അവസാനത്തെ ഉപഹാരം" (കാരമസോവ് സഹോദരന്മാര്‍- ദോസ്തോയവസ്കി വിവര്‍ത്തനം, എന്‍. കെ. ദാമോദരന്‍, എന്‍. ബി. എസ്. കോട്ടയം).
കപടവേഷവും കള്ളപ്രാര്‍ത്ഥനയുമായി കര്‍ത്താവിന്‍റെ മുമ്പില്‍ നില്‍ക്കാനാഗ്രഹിക്കാത്ത മര്‍ഗരീത്ത 'വസ്ത്രങ്ങളുടെ വ്യവസ്ഥയില്‍നിന്ന് പുറത്തേക്കു കാലെടുത്തുവച്ചു.' അത് പുതിയൊരു അന്വേഷണമായിരുന്നു. നീതിക്കുവേണ്ടി നിലകൊള്ളണമെന്നും പ്രാര്‍ത്ഥിച്ചിട്ടില്ല പ്രവര്‍ത്തിച്ചിട്ടാണ് സമാധാനമുണ്ടാക്കേണ്ടതെന്നും വിശ്വസിക്കുന്ന കരീക്കന്‍ തനിക്കനുഭയമരുളുമെന്ന് അവള്‍ വിശ്വസിച്ചു. ജാതിമതഭേദമില്ലാതെ സാധാരണ മനുഷ്യരെ പരിഗണിക്കുന്ന ദൈവശാസ്ത്രത്തിലാണ് അവര്‍ വെളിച്ചം കണ്ടത്. അധര്‍മ്മങ്ങള്‍ക്കു കാവലാകുന്ന മതനേതൃത്വത്തില്‍നിന്ന് പുതുതായൊന്നും മുളയ്ക്കില്ലെന്ന് അവര്‍ക്കറിയാം. "സമാധാനം, ഭൂമിയിലെ പക്ഷിപറവകള്‍ക്ക്, ചെടികള്‍ക്കും മരങ്ങള്‍ക്കും, മലകള്‍ക്ക്, പുഴകള്‍ക്ക്, മണ്ണിന്, മനുഷ്യര്‍ക്ക്, തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അതങ്ങനെയല്ലെന്നു വിശ്വസിക്കാന്‍ അയാളുടെ (കരീക്കന്‍റെ) മനസ്സ് കൂട്ടാക്കിയില്ല." ഈ സമാധാന ദര്‍ശനം ദൈവശാസ്ത്രത്തിന്‍റെ അതിരുകള്‍ വികസിപ്പിക്കുന്നു. "ദൈവവചനം കെട്ടിക്കിടക്കുന്ന ജലമാണോ? അല്ല. അത് മുമ്പോട്ടൊഴുകേണ്ട നദിയാണ്. നമ്മളത് കെട്ടിനിര്‍ത്ത്യേക്കാ. ഒഴുക്കിവിടണം. മുമ്പോട്ടൊഴുക്കിവിടണം. കാലങ്ങളിലേക്ക് ദേശങ്ങളിലേക്ക് മാറ്റങ്ങള്‍ ഉണ്ടാവും" ഇതാണ് കരീക്കന്‍റെ കാഴ്ചപ്പാട്. തളംക്കെട്ടിക്കിടക്കുന്നത് ജീര്‍ണ്ണിക്കും. അതാണ് നാം ചുറ്റും കാണുന്നത്. ജീര്‍ണത തിരിച്ചറിയണമെങ്കില്‍ ജാഗ്രത്തായ സ്പര്‍ശിനികള്‍ ആവശ്യമാണ്. "പാവങ്ങള്‍ക്കിടയിലേക്ക് നീതി ജലംപോലെ ഒഴുകിയെത്തുമോ?' എന്ന് കരീക്കന്‍ സന്ദേഹിക്കുന്നു. 'മനുഷ്യരുടെ ദുഃഖങ്ങള്‍ ഇറക്കിവെക്കാന്‍ ശക്തമായ ഒരു ചുമല്‍ തനിക്കില്ലല്ലോ' എന്നതാണ് അയാളുടെ ഖേദം. സ്ഥാനമാനങ്ങള്‍ക്കും പണത്തിനും അധികാരത്തിനുമപ്പുറം പൗരോഹിത്യത്തിന്‍റെ സാദ്ധ്യതകളാണ് കരീക്കന്‍ അന്വേഷിക്കുന്നത്. തന്‍റെ ഇടം ചെറുതാക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. മതത്തിനപ്പുറം എല്ലാ മനുഷ്യരെയും ഒന്നായിക്കാണാനാണ് കരീക്കന്‍ ഇഷ്ടപ്പെടുന്നത്. 'പലതരം ദുഃഖങ്ങളാല്‍ ഒരേ ജാതിയാക്കപ്പെട്ട മനുഷ്യര്‍' അയാളുടെ മുന്നില്‍വന്നുനിറയുന്നു. ഔദ്യോഗികമതം ഇവരില്‍ നിന്നെത്രയോ ദൂരെയാണ് എന്ന സത്യം കരീക്കനെ അസ്വസ്ഥനാക്കുന്നു.
'ഒരച്ചിലിട്ട് വാര്‍ത്തപോലെ അങ്ങനെ കുറച്ചുപേരുണ്ട്. അവരൊക്കെ എവിടെയാണുറച്ചുപോയിട്ടുള്ളതെന്ന് ദൈവം തമ്പുരാനേ അറിയൂ" എന്ന കരീക്കന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്. തളംകെട്ടിക്കിടന്ന് ജീര്‍ണ്ണിക്കുന്നവരാണവര്‍. "തന്നില്‍വേരുറച്ചുപോയ അഭിപ്രായങ്ങളിന്മേല്‍ അയാള്‍ ഭ്രാന്തനെപ്പോലെ മുറുകെപ്പിടിച്ചിരിക്കണം" എന്ന ദോസ്റ്റോയ്വസ്കിയുടെ നിരീക്ഷണം ഓര്‍ക്കുക. ഭ്രാന്തമായ ആവേശത്തോടെ അസംബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അസഹിഷ്ണുതയോടെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അതു കേള്‍ക്കുന്നവര്‍ തുടര്‍ച്ചയായി കോട്ടുവായിടുന്നത് (ഈ കോട്ടുവായ് ശക്തമായ പ്രതിഷേധമാണെന്നാരും തിരിച്ചറിയുന്നില്ല!) "പട്ടിണിയുടെയും കഠിനാദ്ധ്വാനത്തിന്‍റെയും അപമാനത്തിന്‍റെയും സങ്കടങ്ങള്‍ ഇഹലോകത്ത് പരിഹരിക്കപ്പെടുന്നില്ല" എന്നു മനസ്സിലാക്കുന്ന കരീക്കന്‍ മറ്റൊരുവഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. "മനുഷ്യര്‍ എങ്ങനെയാണ് അവരുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നത് എന്ന ബാലപാഠംതൊട്ട് തുടങ്ങാനാണ്" മര്‍ഗരീത്തയും ആഗ്രഹിക്കുന്നത്. ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനം സാധാരണ മനുഷ്യന്‍റെ അടിസ്ഥാന ജീവിതാവശ്യങ്ങളോടു കൂട്ടിയിണക്കുമ്പോള്‍ അതിന്‍റെ സാദ്ധ്യതകള്‍ വികസിക്കുന്നു. "ദരിദ്രര്‍ ഭാഗ്യമുള്ളവരാണോ? വിശപ്പുകൊണ്ട് വായിലോട്ട് കയ്പുരസം ഊറിവരുന്നതാണോ ഭാഗ്യം? യഥാര്‍ത്ഥ ഉപവാസം, തിന്നാനുള്ളവരുടെയോ ഇല്ലാത്തവരുടെയോ? " എന്ന ചോദ്യം ഇടിമുഴക്കംപോലെ മര്‍ഗരീത്തയുടെ മനസ്സില്‍ മുഴങ്ങുന്നു. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ച് വെളുത്തവസ്ത്രത്തില്‍ അഴുക്കുപുരളാതെ നടത്തുന്ന ദാരിദ്ര്യപ്രസംഗത്തിന്‍റെ കാപട്യമാണ് മര്‍ഗരീത്ത കണ്ടെത്തുന്നത്. "ഞാന്‍ ഈ ചരിത്രം മുഴുവന്‍ പരിശോധിച്ചിട്ടും ഇവരൊന്നും ക്രിസ്തീയ ജീവിതം ജീവിക്കുന്നതായി കണ്ടില്ല. ഉണ്ടാവും ഒന്നോ രണ്ടോ. അവര്‍ നില്ക്കുന്നതിനു ചുറ്റും പുല്ലുമുളയ്ക്കുന്നുണ്ടാവും. പക്ഷേ, ഭൂരിപക്ഷത്തിന്‍റെ ചുറ്റും തരിശാകുന്നു. പണത്തിനും അധികാരത്തിനും സുഖത്തിനുംവേണ്ടിയുള്ള പൗരോഹിത്യം, എനിക്കതില്‍ കടുത്ത ദുഃഖമാണു തോന്നുന്നത്" എന്ന യോഹന്നാന്‍ കശീശയുടെ അപ്പന്‍റെ വാക്കുകള്‍ ശക്തമായ വിമര്‍ശനമാണുന്നയിക്കുന്നത്. ചുറ്റും തരിശുകള്‍ സൃഷ്ടിക്കുന്ന ദൈവശാസ്ത്രത്തിന്‍റെ ഊഷരസ്വഭാവമാണിവിടെ തെളിയുന്നത്. "എന്‍റെ വാക്കുകള്‍ ആരെടുത്തു വിറ്റു? എന്‍റെ സത്യം ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. എന്‍റെ വായ് എന്നെന്നേയ്ക്കുമായി അടയ്ക്കപ്പെട്ടു" എന്ന് ക്രിസ്തു വിലപിക്കുന്നതായി നോവലിസ്റ്റ് കരുതുന്നു. അടഞ്ഞുപോയ വ്യവസ്ഥയ്ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാനാവാത്ത സത്യമാണ് ദൈവവും ക്രിസ്തുവുമെന്നാണ് നാം തിരിച്ചറിയുന്നത്. "വിശക്കുന്നവരുടെ അടുത്തേക്ക് ചെല്ലുകയും അവരോട് കളവ് പറയുകയും സ്വന്തം മേശപ്പുറത്ത് വിഭവങ്ങള്‍ നിരത്തി ആര്‍ത്തിയോടെ മൂക്കറ്റം തിന്നുകയും ചെയ്യുന്ന 'സുവിശേഷവേല'യെക്കാള്‍ എളിയവരില്‍ ഒരാള്‍ക്കെങ്കിലും നന്മചെയ്യാന്‍ കഴിയുന്ന ഒരു കൊച്ചുജീവിതമാണ് നല്ലത്." യോഹന്നാന്‍ കശീശയുടെ ഈ വീക്ഷണം കുരിശിന്‍റെ വഴിയെക്കുറിച്ചുള്ള പുതിയ ചിന്തകള്‍ നമ്മിലുണര്‍ത്തുന്നു. 'പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും കടല്‍ത്തീരങ്ങളും മരുഭൂമികളും മലമ്പ്രദേശങ്ങളും തിരഞ്ഞെടുത്തവന്‍റെ' പിന്തുടര്‍ച്ചക്കാര്‍ കോടികള്‍കൊണ്ട് ആരാധനാലയങ്ങള്‍ തീര്‍ത്ത് ലാളിത്യത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്നു. 'ദൈവത്തിന്‍റെയും വിശ്വാസത്തിന്‍റെയും വഴിയില്‍ പള്ളിക്കും അരമനയ്ക്കും കിരീടത്തിനും ചെങ്കോലിനും പിടിവലി നടത്തുന്നവരുമായി' ചേര്‍ച്ച പാടില്ലെന്നു ഉറപ്പിച്ച യോഹന്നാന്‍ കശീശയുടെ അപ്പന്‍ ആവിഷ്കരിക്കുന്നത് യഥാര്‍ഥ വിശ്വാസമാണ്. "ആരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി?" എന്ന് അന്വേഷിക്കാന്‍ യോഹന്നാന്‍ കശീശക്ക് പ്രചോദനമായത് അപ്പനാണ്.
പ്രണയമാണ് ദൈവമെന്ന് മര്‍ഗരീത്ത കണ്ടെത്തുന്നു. അകത്തുനിന്നു പുറത്തേക്ക് പ്രസരിക്കുന്ന സമാധാനമാണ് പ്രണയം എന്നവള്‍ വിലയിരുത്തുന്നു. ദൈവം സമാധാനമാണ്. അങ്ങനെയാണെങ്കില്‍ ദൈവം പ്രണയമാണ്. ഞാനും നീയും. നമ്മള്‍ പ്രണയം തേടുകയാണ്. ദൈവത്തെ തേടുകയാണ്." സ്ത്രൈണമായ ആത്മീയതയും ദൈവശാസ്ത്രവുമാണ് ഇവിടെ തെളിയുന്നത്. "ലോകത്തിലെല്ലാവര്‍ക്കും പ്രണയത്തിന്‍റെ ആനന്ദം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സമാധാനമുണ്ടാകും. ലോകമേ മാറിപ്പോകും. യുദ്ധങ്ങളുണ്ടാവില്ല. ധാരാളം മഴപെയ്യുകയും ഭൂമി ഹരിതാഭമാവുകയും ചെയ്യും. ധാരാളം വിളവുണ്ടാകും. എല്ലാ കുഞ്ഞുങ്ങളും ചിരിച്ചുല്ലസിക്കും." ദൈവശാസ്ത്രത്തിന്‍റെ നവീനമുഖങ്ങള്‍ ഇവിടെ മുളപൊട്ടുന്നു; മനുഷ്യോന്മുഖവും ഭൗമികവും പ്രണയനിര്‍ഭരവുമായ ദൈവശാസ്ത്രം.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മതപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ നാം ഉദാഹരിക്കാറുണ്ട്. എന്നാല്‍ അവയുടെ പരിമിതികള്‍ കൂടി നാം തിരിച്ചറിയണം. പകുതി വഴി മാത്രമേ അവ എത്തുന്നുള്ളൂ. ദരിദ്രരെ സഹായിക്കുമ്പോള്‍ അവരെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിക്ക് യാതൊരു ക്ഷതവുമേല്‍ക്കുന്നില്ല. ഈ വ്യവസ്ഥിതി മാറ്റാന്‍കൂടിയുള്ള ബാദ്ധ്യത ഏറ്റെടുക്കുമ്പോഴാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സമഗ്രമാകുന്നത്. "ഞാന്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ എന്നെ വിശുദ്ധന്‍ എന്നു വിളിക്കുന്നു. ദരിദ്രര്‍ക്കെന്തേ ഭക്ഷണമില്ല എന്നു ഞാന്‍ ചോദിക്കുമ്പോള്‍ എന്നെ കമ്മ്യൂണിസ്റ്റ് എന്നു വിളിക്കുന്നു" എന്നു പറഞ്ഞത് ബിഷപ് ഹെള്‍ഡര്‍ കാമറയാണ്. അടിമത്തവും ചൂഷണവും ദാരിദ്ര്യവും നിലനിര്‍ത്തിക്കൊണ്ടുള്ള ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഭാഗികമായ ശരി മാത്രമാകുന്നത് അതുകൊണ്ടാണ്. "എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളും ആദ്യം ചാരിറ്റി പ്രവര്‍ത്തനമായി തുടങ്ങുന്നു. പിന്നെ പണം വിനിമയം ചെയ്യുന്ന സ്ഥാപനമായി അധഃപതിക്കുന്നു. ദരിദ്രരും രോഗികളും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുമല്ല അതിന്‍റെ കേന്ദ്രം, പണമാണ്." എന്നു പറയുമ്പോള്‍ യോഹന്നാന്‍ കശീശ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല. "ദാനത്തിന് എപ്പോഴും നടു കുനിഞ്ഞ് കൈനീട്ടിനില്‍ക്കുന്ന മനുഷ്യനെ ആവശ്യമാണ്. അവര്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കണമെന്ന് ദാനം ആഗ്രഹിക്കുന്നു." എന്ന് അദ്ദേഹം തുടര്‍ന്നുപറയുന്നത് ചാരിറ്റിയുടെ മറ്റുചില വശങ്ങള്‍ വെളിപ്പെടുത്താനാണ്. വ്യവസ്ഥയെ മാറ്റാന്‍ ശ്രമിക്കാത്ത ഏതു പ്രവര്‍ത്തനവും അധികാരികള്‍ അനുവദിക്കും. അതിനപ്പുറത്തേക്കു സഞ്ചരിക്കുമ്പോള്‍, പുതിയ ചോദ്യങ്ങളും അന്വേഷണങ്ങളും കടന്നുവരുമ്പോള്‍ എല്ലാ നവമുകുളങ്ങളെയും കശക്കിയെറിയാന്‍ അധികാരം ജാഗരൂകമാകും. "കുരിശിന്‍റെ വഴി എളുപ്പമല്ല. അതില്‍ ആചാരമില്ല. അനുഷ്ഠാനമില്ല. പച്ചരക്തവും പച്ചമാംസവും ചിതറിത്തെറിച്ചു മരിക്കലാണത്. ഒരാളില്‍ നിന്ന് ഒന്നല്ല അനേകം കുരിശുമരണങ്ങള്‍ ആവശ്യപ്പെടുന്ന കാലമാണിത്. ഞാന്‍ അനുഷ്ഠാനത്തിന്‍റെ വഴിയിലൂടെ പോകുന്നു. അതെളുപ്പവഴിയാണ്. കുരിശിന്‍റെ വഴി തിരഞ്ഞെടുക്കാന്‍ എനിക്കു ധൈര്യമില്ല. കരുത്തില്ല. ഞാനതിന് യോഗ്യനല്ല" എന്ന ധ്യാനഗുരുവിന്‍റെ വാക്കുകള്‍ കരീക്കനില്‍ പലവിധ സന്ദേഹങ്ങള്‍ നിറയ്ക്കുന്നു. "നീതിക്കുവേണ്ടി വാ തുറക്കാന്‍ എനിക്കു കഴിയുന്നില്ല. നീതിമാന്‍റെ ഒപ്പം നില്‍ക്കാന്‍ ഞാന്‍ ഭയപ്പെടുന്നു. ഓരോ ഇഞ്ചിലും കാലിടറുന്ന ഭീരു നീതിമാനോടൊപ്പം നിവര്‍ന്നു നില്‍ക്കുന്നതെങ്ങനെ?" എന്നാണ് അയാള്‍ സ്വയം ചോദിക്കുന്നത്.
'പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും രണ്ടും രണ്ടാണ്' എന്ന വിശ്വാസമാണ് മര്‍ഗരീത്തയ്ക്കുള്ളത്.' പ്രവൃത്തിയെ എങ്ങനെ പ്രാര്‍ത്ഥനയാക്കാം. അതാണെന്‍റെ അന്വേഷണം.' അങ്ങനെ പ്രവൃത്തികളെ പ്രാര്‍ത്ഥനയാക്കുന്നവരാണ് ഫാ. അഗസ്റ്റിനും മാണിക്യനും. പ്രവൃത്തി മാറ്റിവച്ച് പ്രാര്‍ത്ഥനയിലും അനുഷ്ഠാനങ്ങളിലും മുഴുകിക്കിടക്കാന്‍ ആവശ്യപ്പെടുന്ന ദൈവശാസ്ത്രം പലായനസ്വഭാവമുള്ളതാണ് എന്ന സത്യമാണ് സാറാ ജോസഫ് അവതരിപ്പിക്കുന്നത്. "എന്‍റെ വിശപ്പെനിക്ക് ഭൗതികമാണ്. എന്‍റെ അയല്‍ക്കാരന്‍റെ വിശപ്പെനിക്ക് ആത്മീയമാണ്" എന്ന് വാതിലിനു മുകളില്‍ എഴുതിവച്ച അഗസ്റ്റിന്‍ നമുക്കു മുന്നില്‍ തുറന്നിടുന്നത് എത്ര ഹൃദ്യമായ ആത്മീയ ദര്‍ശനമാണ്! "ഉച്ചത്തില്‍ ആവര്‍ത്തിക്കുന്ന നുണകളില്‍' നമ്മുടെ മനസ്സ് കുടുങ്ങിക്കിടക്കുന്നു. ഓരോരുത്തര്‍ ഓരോന്ന് വ്യാഖ്യാനിക്കുന്നു. ഓരോ വ്യാഖ്യാനവും ഓരോ യുദ്ധത്തിന് കാരണമായിത്തീരുന്നു." അതുകൊണ്ടാണ് പലതരത്തിലുള്ള ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നത്. ആരാണ് ശരിയെന്ന സംശയം മാത്രം ബാക്കിയാകുന്നു.
ബ്രദര്‍ മാണിക്യന്‍ പുരോഹിതനാകാന്‍ യോഗ്യനല്ല. പുതുക്രിസ്ത്യാനിയാണ്. "ചെമ്മാച്ചന്‍ 'കുടുംബത്തില്‍' പിറന്നവനാകണം. തറവാട്ടുകാരനാവണം. കാശുണ്ടായാല്‍ നന്ന്. വെളുത്തിട്ടാവണം. (ഇരുനിറമായാലും ഒപ്പിക്കാം) ഒരു കാരണവശാലും കറുത്തിട്ടാവരുത്." മാണിക്യന്‍റെ മുന്നില്‍ അഗസ്റ്റിന്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. "ഒരു കറുത്ത സെമിനാരി സ്വപ്നം കാണാന്‍ അഗസ്റ്റിന്‍ ബ്രദര്‍ മാണിക്യനോടു പറഞ്ഞു. അയ്യക്കുട്ടിയുടെ മക്കള്‍ ദൈവത്തെതേടുന്ന ഒരു സിലബസ് അതിനുണ്ടാവണം. വെള്ളവും മണ്ണും തീയും കൊണ്ടൊരു സിലബസ്' കറുത്ത ദൈവശാസ്ത്രമാണിവിടെ സൂചിതം. 'അയ്യക്കുട്ടിയുടെ മകന്‍' അല്ലെങ്കില്‍ 'മകള്‍' വിശ്വാസത്തില്‍ അടിയുറച്ചോ എന്നറിയാന്‍ എങ്ങനെ, എന്തുകൊണ്ട് അളന്നുനോക്കും? പാരമ്പര്യംകൊണ്ടോ? 'വിശ്വാസം' എങ്ങനെയാണ് പാരമ്പര്യത്തിന്‍റെ പ്രശ്നമാക്കുക?' ദളിതുകള്‍ മതത്തിനുള്ളില്‍ അനുഭവിക്കുന്ന അപകര്‍ഷത്തിന്‍റെ ചിത്രമാണ് സാറാജോസഫ് വരച്ചിടുന്നത്. ദളിത് ദൈവശാസ്ത്രവിചാരം എന്ന് ഇതിനെ വിളിക്കാം. ('കറുത്ത കുര്‍ബാന' എന്ന ആത്മകഥാഗ്രന്ഥത്തില്‍ അലോഷ്യസ് ഡി ഫര്‍ണാണ്ടസ് ഇത്തരത്തിലുള്ള സാദ്ധ്യതകള്‍ ആരായുന്നത് ശ്രദ്ധിക്കുക). ദരിദ്രരുടെ ഭക്ഷണപ്പൊതികളെ ഓസ്തികളാക്കി അഗസ്റ്റിനും മാണിക്യനും രൂപപ്പെടുത്തുന്ന കുര്‍ബാന എത്ര അര്‍ത്ഥവത്താണെന്ന് മര്‍ഗരീത്ത മനസ്സിലാക്കുന്നു. കാണാതെ പഠിച്ച പ്രാര്‍ത്ഥനകള്‍ യാന്ത്രികമായി ആവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന മാന്ദ്യം ഇവിടെ അനുഭവപ്പെടുന്നില്ല. "ഓസ്തിയില്ല, വീഞ്ഞില്ല. വീഞ്ഞു നിറയ്ക്കുന്ന സ്വര്‍ണ്ണക്കാസയില്ല. ഓസ്തി സൂക്ഷിക്കുന്ന സ്വര്‍ണപ്പീലാസയില്ല. ബലിക്കല്ലിനുമീതെ വിരിക്കുന്നതിനു കസവുപൂക്കള്‍ തുന്നിച്ചേര്‍ത്ത പട്ടുതുണിയുടെ 'കൊത്തനാ'യില്ല. 'സങ്കീഞ്ഞു' കൊണ്ടു കാസ തുടയ്ക്കുന്നില്ല. 'കെബലാന' കൊണ്ടത് മൂടുന്നില്ല. ബലിയുടെ അന്ത്യത്തില്‍ ക്രിസ്തുവിന്‍റെ കബറടക്കം സൂചിപ്പിച്ചുകൊണ്ട് മൂടാനുള്ള 'ശോശപ്പ'യും കണ്ടില്ല." പാവപ്പെട്ട തോട്ടംതൊഴിലാളിസ്ത്രീ കൊണ്ടുവന്ന കാച്ചില്‍ ഉയര്‍ത്തിപ്പിടിച്ച് ഫാദര്‍ ആരാധനയര്‍പ്പിക്കുന്നു. "സ്വര്‍ണപ്പാത്രങ്ങളില്‍, വെളുത്തുമിന്നുന്ന ഓസ്തിക്കുള്ളില്‍ മാത്രമല്ല, പാവപ്പെട്ടവളുടെ ഇലക്കുമ്പിളിലും ദൈവം വസിക്കുന്നുണ്ട്" എന്ന സത്യം നാം തിരിച്ചറിയുന്നു. എല്ലാവരും സ്വന്തം ഭക്ഷണപ്പൊതി അഴിച്ച് സ്നേഹവും സന്തോഷവും പങ്കുവച്ചപ്പോള്‍ അര്‍ത്ഥപൂര്‍ണമായ പ്രാര്‍ത്ഥനയായി മാറി. പട്ടിപ്പുണ്യാളന്‍റെ കാവിലെ കിളികളും മറ്റുജീവജാലങ്ങളുമെല്ലാം കുര്‍ബാനയില്‍ പങ്കുകൊണ്ടു. ഭക്ഷണം കൊണ്ടുവരാത്തവര്‍ക്കും ഓഹരി കിട്ടി. അഞ്ചപ്പവും മീനും കൊണ്ട് വിശന്നവരെ ക്രിസ്തു ഊട്ടിയത് അത്ഭുതപ്രവൃത്തിയല്ലെന്ന് മാണിക്യന്‍ പ്രഘോഷിച്ചു. "അത് നമുക്കും ഭരണാധികാരികള്‍ക്കുമുള്ള ഒരു നിര്‍ദേശമാണ്... രാജ്യത്തിന്‍റെ സമ്പത്തിന്‍റെ വിതരണത്തിലേക്ക് ക്രിസ്തുവിന്‍റെ വഴി തുറക്കുന്നത് ഇങ്ങനെയാണ്. നിങ്ങളത് അയ്യായിരം തവണ പങ്കുവയ്ക്കണം. ഓരോ പങ്കും 'ഇല്ലായ്മ'പോലെ തുച്ഛമായിരിക്കാം. എന്നാലും നിങ്ങളത് തുല്യമായി പങ്കുവച്ച് വിതരണം ചെയ്തതിനാല്‍ ഉള്ളതിലൊരു ഓഹരി എല്ലാവര്‍ക്കും കിട്ടുന്നു. വയറ് നിറയില്ലായിരിക്കാം. എങ്കിലും മനസ്സ് നിറയും. നിറഞ്ഞമനസ്സില്‍ സ്നേഹമുണ്ടാകും." ഇതാണ് ദൈവശാസ്ത്രം. യാതൊരു സങ്കീര്‍ണതയും ഇവിടെയില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടമായി വിശ്വാസത്തെക്കാണുന്ന അഗസ്റ്റിനും മാണിക്യനും നമ്മുടെ സമ്പ്രദായികാചാരങ്ങളെ തള്ളിക്കളയുന്നു. ദൈവശാസ്ത്ര പരികല്പനകള്‍ക്ക് പുതിയ തുറസ്സുകള്‍ നല്കുകയും ചെയ്യുന്നു. അധികാരത്തിന്‍റെ വഴികള്‍ ഇതില്‍ നിന്നു ഭിന്നമാണ്. "അധികാരത്തിന്‍റെ വഴികള്‍ വിമോചനത്തിന്‍റെ വഴികളുമായി എല്ലായ്പ്പോഴും ഏറ്റുമുട്ടിക്കൊണ്ടിരിക്കും. അധികാരി എങ്ങനെ ദാരിദ്രരെ വിമോചിപ്പിക്കും?" എന്നത് പ്രധാന ചോദ്യമാണ്. യഥാര്‍ത്ഥവിശ്വാസത്തിന്, ആത്മീയതയ്ക്ക് അധികാരവുമായി ബന്ധമൊന്നുമില്ല. അധികാരത്തിന്‍റെ ശ്രേണീബദ്ധമായ ഘടന സൃഷ്ടിക്കുന്ന ദൈവശാസ്ത്രത്തിനും ആത്മീയതയ്ക്കും വെളിയിലാണ്. ദൈവത്തിന്‍റെ ഇടം എന്നുതന്നെയാണ് അഗസ്റ്റിനും മാണിക്യനും തെളിയിക്കുന്നത്. "ഒരുവശത്ത് കൂറ്റന്‍ പള്ളികള്‍, പള്ളിമേടകള്‍, കണ്ണഞ്ചിക്കുന്ന സ്ഥാപനങ്ങള്‍, അളവറ്റ സമ്പത്ത്, സുഖഭോഗം, വൃത്തിയുള്ള വസ്ത്രങ്ങള്‍, സുഖമുള്ള കിടക്കകള്‍; മറുവശത്ത് തെരുവില്‍ പുഴുവരിക്കുന്ന മനുഷ്യര്‍, വലിച്ചെറിയപ്പെടുന്ന കുട്ടികള്‍, ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍, ആട്ടിയോടിക്കപ്പെടുന്ന മനുഷ്യര്‍, രോഗം, ദുരിതം, ദാരിദ്ര്യം, അപമാനം." ഏതുപക്ഷത്താണ് നാം നില്‍ക്കേണ്ടത്? ക്രിസ്തു നിലയുറപ്പിച്ചിരിക്കുന്നത് രണ്ടാമത്തെ പക്ഷത്താണ് എന്ന് നിസ്സംശയം പറയാം.
"നീ എന്‍റേതല്ല, ഞാന്‍ നിന്‍റേതാണ്" എന്ന വീക്ഷണമാണ് അഗസ്റ്റിന്‍റെ ജീവിതതത്ത്വശാസ്ത്രം." മറ്റുള്ളവരെല്ലാം നമുക്കുവേണ്ടിയാണെന്നു വിചാരിക്കുന്നവരാണ് കൂടുതലും. 'മരണത്തിന്‍റെ മുഖമുള്ള ഒരു ഭരണാധികാരിയെക്കാള്‍ ജീവന്‍റെ ലക്ഷണങ്ങളുള്ള ഒരു സാധാരണ മനുഷ്യനായിരിക്കാന്‍' ആഗ്രഹിക്കുന്ന കരീക്കന്‍ അധികാരം ഉപേക്ഷിക്കുന്നു. ഇതെല്ലാം വിശ്വാസത്തെയും ദൈവശാസ്ത്രത്തെയും വിപുലമാക്കുന്ന ദര്‍ശനങ്ങളായി വികസിക്കുന്നു. മനസ്സിനെ വരിഞ്ഞുമുറുക്കുന്ന, അസ്വതന്ത്രമാക്കുന്ന എല്ലാറ്റിനെയും മറികടന്നാല്‍ മാത്രമേ മനുഷ്യന് സ്വാഭാവികമായി വികസിക്കാന്‍ കഴിയൂ. "അവര്‍ അവരുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് അടിയറവച്ചു കീഴടങ്ങുമ്പോള്‍ മാത്രമേ അവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകൂ എന്ന് ഞങ്ങള്‍ അവരെ വിശ്വസിപ്പിക്കുന്നു. ഞങ്ങള്‍ പറയുന്നത് നേരോ നുണയോ?" മതദ്രോഹവിചാരകന്‍റെ വാക്കുകളുടെ ധ്വനികള്‍ നിരവധിയാണ്. വിശ്വാസികളെ അടിമകളാക്കി, സ്വതന്ത്രചിന്ത വളരാതെ പരിശ്രമിക്കുന്നവര്‍ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്ക് സഞ്ചരിക്കുകയാണ്. "വലിയ അഹങ്കാരത്തോടെ നമ്മളുണ്ടാക്കുന്ന കോട്ടകൊത്തളങ്ങള്‍ക്ക് വലിയ ഉറപ്പൊന്നുമില്ല" എന്ന സത്യം ആരും തിരിച്ചറിയുന്നില്ല. "ഭൂമിയില്‍ സമാധാനമുണ്ടാവണമെങ്കില്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണ"മെന്നാണ് യോഹന്നാന്‍ കശീശ നിര്‍ദ്ദേശിക്കുന്നത്. അനീതിയും അസമത്വവും പാരതന്ത്ര്യവും സമാധാനത്തിന് വിരുദ്ധമാണ്.
'ഒതപ്പി'ലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ചിന്തകളെ നവീകരിക്കാന്‍ നാം പ്രേരിതരാകുന്നു. മതം, വിശ്വാസം, ആത്മീയത, ദൈവശാസ്ത്രം എന്നിവയെല്ലാം പുതിയൊരു വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു. എല്ലാം ഒന്നുചേര്‍ന്നു സൃഷ്ടിക്കുന്ന സിംഫണിയായി ആത്മീയത വളരുന്നു. മതത്തിനും മറ്റു വേര്‍തിരിവുകള്‍ക്കും അതീയമായ ആത്മീയ വഴികളാണ് സാറാ ജോസഫ് തുറന്നിടുന്നത്. ഔദ്യോഗിക മതനേതൃത്വത്തിന്‍റെ പരിമിതികളും സങ്കുചിതത്വവും ഇവിടെ വെളിവാക്കപ്പെടുന്നു. നിസ്സംഗമായ ദൈവശാസ്ത്രവിചാരങ്ങള്‍ക്കുപകരം നിത്യജീവിതത്തില്‍ ശക്തമായി ഇടപെടുന്ന ഈശ്വരസങ്കല്പത്തെ തുറന്നുകാണിക്കുകയാണ് എഴുത്തുകാരി. സ്വയം പുതുക്കിപ്പണിയാനും കാപട്യങ്ങള്‍ തിരിച്ചറിയാനും അവര്‍ നമ്മെ വെല്ലുവിളിക്കുന്നു. കല്ലിലും സിമന്‍റിലും പണിത കെട്ടിടങ്ങളെക്കാള്‍ വലുതാണ് മനുഷ്യരെന്നും നിലവിലുള്ള വ്യവസ്ഥിതി മാറിയാലേ യഥാര്‍ത്ഥ നന്മ പുലരുകയുള്ളുവെന്നും മനസ്സിലാക്കുമ്പോള്‍ വിശ്വാസം കര്‍മ്മമായി വളരുന്നു. പലായന സ്വഭാവമുള്ള വിശ്വാസസംഹിതകളെ സാറാ ജോസഫ് തള്ളിക്കളയുന്നു. അധികാരത്തോടു ചേര്‍ന്നുനില്‍ക്കുന്നതല്ല അവര്‍ അവതരിപ്പിക്കുന്ന ദൈവശാസ്ത്രം; അധികാരത്തില്‍ നിന്നിറങ്ങി നടക്കുന്നതും മണ്ണില്‍ തൊടുന്നതുമാണത്.