1. "അക്കാലത്ത് ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്പന പുറപ്പെട്ടു." (ലൂക്ക 2:1)
ലോകം മുഴുവന്‍ റോമാസാമ്രാജ്യമാണെന്നു തോന്നുന്നത്രയും വിശാലമായിരുന്നു സീസറിന്‍റെ സാമ്രാജ്യം. റോമില്‍നിന്ന് അയാള്‍ ഒരു സെന്‍സസിന് ഉത്തരവിടുകയാണ്. അതനുസരിക്കേണ്ടിവരുന്നത്, അനേക കാതം അകലെയുളള നസ്രത്ത് ഗ്രാമത്തിലെ തൊഴിലാളിയായ യൗസേപ്പിനും ഗര്‍ഭിണിയായ മറിയത്തിനുമാണ്, അവരെപ്പോലുള്ള അനേകര്‍ക്കാണ്. ധിക്കരിക്കാനാവില്ല സീസറിനെ. കാരണം, അയാള്‍ 'ദൈവപുത്രനും' 'രക്ഷകനു'മാണ്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ അക്കാലത്തെ ഒരു ഫലകം സൂക്ഷിച്ചിട്ടുണ്ട്: "സീസര്‍ അഗസ്റ്റസ് - നമ്മുടെ പിതൃദേശത്തിന്‍റെ പിതാവ്, സേവൂസ് ദേവനെപ്പോലുള്ളവന്‍, മാനവരാശിയുടെ രക്ഷകന്‍, സകലജാതികളുടെയും പ്രാര്‍ത്ഥനകള്‍ക്ക് പരാശക്തി നല്കിയ ഉത്തരം- അവിടുത്തെ നമുക്കാദരിക്കാം. പ്രതിമകളും ബലികളും ഗീതങ്ങളും അദ്ദേഹത്തിന്‍റെ പെരുമക്കായി അര്‍പ്പിക്കാം." സീസര്‍ കുടുംബത്തില്‍ ഒരാണ്‍തരിയുണ്ടാകുന്നത് എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ള 'സുവിശേഷ'മായി വിളംബരം ചെയ്യപ്പെട്ടിരുന്നു. വെറുതെയായിരുന്നില്ല ഇവയൊന്നും. ജൂലിയസ് സീസര്‍ കൊലചെയ്യപ്പെട്ടശേഷം സാമ്രാജ്യത്തിലെവിടെയും പൊട്ടിപ്പുറപ്പെട്ട ലഹളകള്‍ അമര്‍ച്ച ചെയ്ത് റോമന്‍ സമാധാനം (Pax Romana) സ്ഥാപിച്ചത് അഗസ്റ്റസാണ്. അക്കാലത്തെ റോമന്‍ നാണയത്തിന്‍റെ ഒരു പുറത്ത് സമാധാനദേവതയുടെയും മറുപുറത്ത് അഗസ്റ്റസിന്‍റെയും രൂപം കാണാം.
പക്ഷേ, ഈ സമാധാനവും രക്ഷയുമൊക്കെ സാധാരണ ജനം എങ്ങനെയാണ് കണ്ടത്? ടാസിറ്റസ് എന്ന അക്കാലത്തെ ചരിത്രകാരന്‍ റോമാക്കാരോട് എതിരിട്ട കല്‍ഗാക്കുസ് എന്ന പോരാളിയുടെ പ്രസംഗം രേഖപ്പെടുത്തിയിട്ടുണ്ട്: ".....അവര്‍ ലോകമെങ്ങും കൊള്ളയടിക്കുന്നു. ശത്രു ധനികനെങ്കില്‍ അവര്‍ക്കു വേണ്ടത് പണമാണ്. ദരിദ്രനെങ്കിലോ വേണ്ടത് അധികാരവും. കിഴക്കും പടിഞ്ഞാറും കീഴ്പ്പെടുത്തിയിട്ടും അവര്‍ക്കു മതിവന്നില്ല... കൊള്ളയും കൊലയും നടത്തിയിട്ട് അവരതിനെ സാമ്രാജ്യമെന്നു വിളിക്കുന്നു. സകലരെയും നിശ്ശബ്ദരാക്കിയിട്ട് അതിനെ സമാധാനം എന്നും വിളിക്കുന്നു."
ഈ സീസറിന്‍റെ തിരുവായ്ക്ക് എതിര്‍വായില്ലാത്തതുകൊണ്ട് യൗസേപ്പും മറിയവും മൈലുകള്‍ താണ്ടി പേരെഴുതിക്കാന്‍ പോകുകയാണ്...
2. "ഇതുകേട്ട് ഹേറോദേസ് രാജാവും അവനോടൊപ്പം ജറുസലേം മുഴുവനും അസ്വസ്ഥരായി." (മത്താ 2:3)
ബേത്ലെഹെമില്‍ യഹൂദരുടെ രക്ഷകന്‍ പിറന്നുവെന്നത് ഹേറോദേസിനും കൂട്ടര്‍ക്കും ദുര്‍വാര്‍ത്തയാണ്. അതങ്ങനെയാകാതിരിക്കാന്‍ തരമില്ല. കാരണം അത്രയ്ക്കും ഭീരുവായിരുന്നു അയാള്‍. എല്ലാവരും തനിക്കെതിരെ ഗൂഢാലോചനയിലേര്‍പ്പെടുന്നു എന്നൊരു തോന്നല്‍ അയാളെ അലട്ടിക്കൊണ്ടേയിരുന്നു. കനത്ത കോട്ടക്കകത്ത് പട്ടാളത്തിന്‍റെ സംരക്ഷണത്തില്‍, സിംഹാസനത്തില്‍ ഇരിക്കുമ്പോഴും വല്ലാതെ അരക്ഷിതനായിരുന്നു അയാള്‍. സംശയം തോന്നിയതിന്‍റെ പേരില്‍ തന്‍റെ ആണ്‍മക്കളില്‍ മൂന്നുപേരെയും ഭാര്യമാരില്‍ ഒരാളെയും അയാള്‍ കൊന്നുകളഞ്ഞു. അതേസമയം സീസറിനു വിടുപണി ചെയ്യാനും അയാള്‍ മടിച്ചില്ല. സീസറിന്‍റെ പേരില്‍ തീയറ്ററുകളും ജിംനേഷ്യങ്ങളും ഫൗണ്ടനുകളും അമ്പലങ്ങളും അയാള്‍ പണിയിപ്പിച്ചു, ഉത്സവങ്ങളും ഗെയിംസും സംഘടിപ്പിച്ചു. യഹൂദരെ പ്രീണിപ്പിക്കാന്‍ ജറുസലെം ദേവാലയത്തെ വന്‍തോതില്‍ മോടിപിടിപ്പിച്ചു. ഒപ്പം, സീസറിനെ സന്തോഷിപ്പിക്കാന്‍ ദേവാലയത്തിന്‍റെ പ്രധാനകവാടത്തിനു മുകളില്‍ റോമാസാമ്രാജ്യത്തെ അടയാളപ്പെടുത്തുന്ന സ്വര്‍ണ്ണപ്പരുന്തിന്‍റെ ഒരു ഭീമാകാര പ്രതിമയും സ്ഥാപിച്ചു. അയാള്‍ക്കറിയാമായിരുന്നു ജനം അയാളുടെ മരണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്. വയസ്സായപ്പോള്‍ നഗരത്തിലെ കുറെ ശ്രേഷ്ഠവ്യക്തികളെ പിടിച്ച് അയാള്‍ തുറുങ്കിലടച്ചു. താന്‍ മരിക്കുന്ന അന്ന് അവരെ വധിക്കണമെന്ന് പട്ടാളത്തിന് നിര്‍ദേശവും കൊടുത്തു. "അങ്ങനെ ജറുസലെം മുഴുവന്‍ എന്‍റെ മരണദിവസം കരയട്ടെ," ഇതായിരുന്നു അയാളുടെ ആശ. നാലുപാടും അയാള്‍ ചാരന്മാരെ അയച്ചുകൊണ്ടിരുന്നു. യൂദയ മുഴുവന്‍ ഭീതി നിറഞ്ഞിരുന്നുവെന്ന് അക്കാലത്തെ ചരിത്രകാരന്‍ ജൊസേഫുസ് ഫ്ളാവിയൂസ് രേഖപ്പെടുത്തുന്നു.
ഹേറോദേസ് അധികാരം സ്ഥാപിക്കുന്ന സമയത്ത് പ്രധാന പുരോഹിതന്‍ ഹാസ്മോണിയന്‍ വംശത്തില്‍പ്പെട്ടവനായിരുന്നു. അയാളെയും അയാളുടെ കൊച്ചുമകനെയും വധിച്ചതിനുശേഷം ഹേറോദേസ് ഈജിപ്തില്‍ നിന്നും ബാബിലോണില്‍ നിന്നും തനിക്കിഷ്ടമുള്ളവരെ കൊണ്ടുവന്ന് പ്രധാനപുരോഹിതന്മാരായി വാഴിച്ചു. യേശുവിന്‍റെ ജനനസമയത്ത് സീസറിനു വിടുപണി ചെയ്യുന്ന ഹേറോദേസിന്‍റെ ചട്ടുകങ്ങളായിരുന്നു പ്രധാന പുരോഹിതനും അനുയായികളും.
ഹേറോദേസിനും ജറുസലെം നിറഞ്ഞുനിന്നിരുന്ന പ്രധാന പുരോഹിതനും നഷ്ടപ്പെടാന്‍ ഏറെയുണ്ടായിരുന്നു. ജനതയുടെ രക്ഷകനെ അതുകൊണ്ടാണ് അവര്‍ അങ്ങേയറ്റം ഭയപ്പെട്ടത്. അതു കുഞ്ഞാണെങ്കില്‍ക്കൂടി അവര്‍ക്കവനെ വച്ചുപൊറുപ്പിക്കാനാകുമായിരുന്നില്ല.
3. "പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കു പോയി." (ലൂക്ക 2:3)
റോമാക്കാര്‍ക്ക് തീറ്റയും സര്‍ക്കസും; ഹേറോദേസിനു സ്തൂപങ്ങള്‍, കോട്ടകള്‍, ഗെയിമുകള്‍; പ്രധാന പുരോഹിതന് ബലിയര്‍പ്പണവും സുഖജീവതവും. പക്ഷേ, ഇതിനൊക്കെ പണമെവിടെനിന്ന്? മൂന്നുകൂട്ടരും കൂടി കപ്പം, നികുതി, ദശാംശം എന്നീ പേരുകളില്‍ ജനത്തില്‍ നിന്നു പണമീടാക്കി. ഏ.ഡി. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്‍ തന്‍റെ വരുമാനത്തിന്‍റെ ശരാശരി 35-40% വരെ നികുതിയായി കൊടുക്കേണ്ടിവന്നിരുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. വല്ലാതെ വലഞ്ഞ ജനത്തിനിടയില്‍നിന്ന് പലപ്പോഴും ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ബി.സി. 4-ല്‍ ലഹളയുണ്ടായപ്പോള്‍ റോമാക്കാര്‍ കൊന്നൊടുക്കിയത് 3000 പേരെയാണ്; 2000 പേരെ കുരിശിലും തറച്ചു. ഏ.ഡി. 66-70 ലെ യുദ്ധത്തില്‍ ജനതയുടെ ശവശരീരങ്ങള്‍കൊണ്ട് ജോര്‍ദ്ദാന്‍ നദി നിറഞ്ഞുവെന്ന് ജൊസേഫുസ് എഴുതുന്നുണ്ട്.
അഗസ്റ്റസ് സീസര്‍ സെന്‍സസിനു ഉത്തരവിട്ടത് തലയെണ്ണി കപ്പം പിരിക്കാനായിരുന്നു. അധികാരവര്‍ഗ്ഗത്തിന്‍റെ ആസക്തികള്‍ക്കിരയായി ഒരു ജനത മുഴുവന്‍ ആട്ടിത്തെളിക്കപ്പെടുകയാണ്. യൗസേപ്പും മറിയവും ആ ജനത്തിന്‍റെ ഭാഗമാണ്.
4. "ശക്തരെ സിംഹാസനത്തില്‍നിന്നു മറിച്ചിടുകയും എളിയവരെ ഉയര്‍ത്തുകയും ചെയ്യുന്നവനെ ഞാന്‍ മഹത്ത്വപ്പെടുത്തുന്നു." (ലൂക്ക 2:52)
ശരിയാണ്, യൗസേപ്പും മറിയവും ആട്ടിത്തെളിക്കപ്പെടുകയാണ്. എന്നിട്ടും മറിയത്തിന്‍റെ ചുണ്ടിലൊരു ചിരിയുണ്ട്; ഉള്ളിലൊരു ഈണമുണ്ട്. അത് 'മറിയത്തിന്‍റെ സ്തോത്രഗീതം' എന്നാണ് പിന്നീട് അറിയപ്പെട്ടത്. പക്ഷേ അത് അവളുടേതല്ല. തലമുറതലമുറയായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ പ്രതീക്ഷയാണത്. അത്തരം പാട്ടുകള്‍ വേറെയും അവളുടെ പാരമ്പര്യത്തിലുണ്ട്. ഫറവോയെ കടലില്‍ മുക്കി അടിമകള്‍ കടല്‍ കടന്നപ്പോള്‍ മിറിയാം എന്ന പ്രവാചിക തുള്ളിനടന്നു പാടി: "കര്‍ത്താവിനെ പാടിസ്തുതിക്കുക....എന്തെന്നാല്‍ കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു" (പുറ 15:21). ദബോറയും യൂദിത്തും സങ്കീര്‍ത്തകനുമൊക്കെ അടിമകളോടൊപ്പം നിന്ന ദൈവത്തെ പാടിപ്പുകഴ്ത്തുന്നുണ്ട്. അത്തരമൊരു പാരമ്പര്യത്തിന്‍റെ ഉടമയാണ് മറിയം. നടന്നു നീങ്ങവേ അവള്‍ തന്‍റെ ഉദരത്തില്‍ തടവുന്നു. അവള്‍ക്കറിയാം, ദൈവം എവിടെയോ ഇരുന്നു ചിരിക്കുന്നുണ്ട്. "ഇസ്രായേലില്‍ പലരുടേയും വീഴ്ചക്കും ഉയര്‍ച്ചക്കും കാരണമാകുന്നവന്‍," സിംഹാസനസ്ഥരറിയാതെ, അവരുടെയടുത്തേക്കുതന്നെ, അവളുടെ ഉദരത്തില്‍ മറഞ്ഞിരുന്ന് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ തന്‍റെ കുഞ്ഞ് കഴുതപ്പുറത്ത് ജറുസലെമിലെത്തും. അന്ന് അധികാരത്തിന്‍റെ മുഖംമൂടി വലിച്ചുനീക്കപ്പെടും. സ്ത്രീകളും മുലകുടിക്കുന്നവരും ആര്‍പ്പുവിളിക്കും. ഇങ്ങനെയൊക്കെ ചിന്തിച്ചും പ്രാര്‍ത്ഥിച്ചും അവള്‍ നടക്കുകയാണ്, തളരാതെ, തലയുയര്‍ത്തി...
5. "അടയാളം: പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന കുഞ്ഞ.്" (ലൂക്ക 2:12)
സീസറിന്‍റെ ആടയാഭരണത്തിനു ബദല്‍ കുഞ്ഞിന്‍റെ പിള്ളക്കച്ച; ഹേറോദേസിന്‍റെ പ്രചണ്ഡതക്കു ബദല്‍ കുഞ്ഞിന്‍റെ നൈര്‍മല്യം; പ്രധാനപുരോഹിതന്‍റെ നിയമങ്ങള്‍ക്കു ബദല്‍ കുഞ്ഞിന്‍റെ പുഞ്ചിരി. ഈ കുഞ്ഞിനെയാണ് 'രക്ഷകന്‍' എന്ന് സുവിശേഷകന്‍ വിളിക്കുന്നത്. ഈ കുഞ്ഞിന്‍റെ ജനനമാണ് 'സുവിശേഷ'മായി മാലാഖമാര്‍ പ്രഘോഷിച്ചത്. അത്രനാളും സീസറിനോടു ബന്ധപ്പെടുത്തിയാണ് രക്ഷകന്‍, ദൈവപുത്രന്‍, സമാധാനം, സുവിശേഷം എന്നീ വാക്കുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. ഇവയുടെ പര്യായമായ ഗ്രീക്കുപദങ്ങള്‍ അതേപടി സുവിശേഷങ്ങള്‍ പുല്‍ത്തൊട്ടിയിലെ കുഞ്ഞിനെ കുറിക്കാന്‍ ഉപയോഗിക്കുകയാണ്. സീസറും സീസറിന്‍റെ ലോകവും അതിന്‍റെ മൂല്യങ്ങളും അങ്ങനെയാണ് വളരെ ലാഘവത്വത്തോടെ അട്ടിമറിക്കപ്പെടുന്നത്. പുല്‍ക്കൂട്ടിലെ കുഞ്ഞ് ശിമയോന്‍ പറഞ്ഞ വിവാദവിഷയമായ അടയാളമായി രൂപപ്പെടാന്‍ പോകുകയാണ്.
6. ക്രിസ്മസിന്‍റെ രാഷ്ട്രീയം
പിള്ളക്കച്ചക്കും കാലിത്തൊഴുത്തിനും കുഞ്ഞിന്‍റെ ശാന്തതക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അതു സീസറിന്‍റേതായ എല്ലാറ്റിന്‍റെയും നിരാസമാണ്. ഒപ്പം വിങ്ങുന്ന ഹൃദയങ്ങളിലെ പ്രതീക്ഷകള്‍ക്കൊപ്പം നില്ക്കലുമാണത്. മറിയത്തിന്‍റെ പ്രതീക്ഷയുടെ ശീലുകള്‍ കേട്ടുവളര്‍ന്നവന്‍ തന്‍റെ പരസ്യജീവിതം തുടങ്ങുമ്പോള്‍ ഉദ്ധരിക്കുന്നത് "ഞാന്‍ എന്‍റെ നിയമം അവരുടെ ഹൃദയത്തിലെഴുതും" എന്നു പറഞ്ഞ ജറമിയായെയല്ല. മതാത്മകം മാത്രമായിരുന്നില്ല അവന്‍റെ നിലപാടുകള്‍. "നിങ്ങളുടെ ഹൃദയത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും" എന്നു പറഞ്ഞ എസെക്കിയേലിനെയും അവന് ഉദ്ധരിക്കാന്‍ തോന്നിയില്ല. വൈയക്തികമായ വിശുദ്ധി സങ്കല്പങ്ങള്‍ക്കപ്പുറത്തായിരുന്നു അവന്‍റെ ശ്രദ്ധ. പകരം അവന്‍ ഏറ്റെടുക്കുന്നത് ബാബിലോണില്‍ അടിമകളായിരുന്നപ്പോള്‍ തന്‍റെ ജനതയോട് ഏശയ്യാ പ്രവാചകന്‍ പറഞ്ഞ കാര്യമാണ്. "ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും അന്ധനു കാഴ്ചയുമായി ഞാനിതാ വരുന്നു."
പുല്‍ക്കൂട്ടിലെ കുഞ്ഞ് കാണുന്ന സ്വപ്നങ്ങളുടെ മുമ്പില്‍ നില്ക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ എത്ര ശുഷ്കമെന്നു ഞാന്‍ തിരിച്ചറിയുന്നു.