news-details
സഞ്ചാരിയുടെ നാൾ വഴി

കൊടിയ കാറ്റിനെയും കനത്ത മഴയെയും ചെറുത്തുനിന്ന ആ ഇല ആരോ വരച്ചുവച്ചതാണെന്ന് ചിന്തിച്ചാല്‍ പിടുത്തംകിട്ടാവുന്നതേയുള്ളൂ. പക്ഷേ, ജീവിക്കാനുള്ള കാരണമോ പ്രേരണയോ തിരയുന്ന പ്രാണന് യുക്തിയല്ല പ്രധാനം. അതുകൊണ്ടുതന്നെ വിശുദ്ധ പൗലോസിന്‍റെ ഭാഷയില്‍ പ്രതീക്ഷയ്ക്കെതിരെയും പ്രതീക്ഷിക്കാന്‍ സന്നദ്ധമാകുന്ന (hoping against hope) മനസ്സാണ് നമ്മുടേത്. അവിടെയാണ് അതിജീവനത്തിന്‍റെ സാദ്ധ്യതകള്‍ തെളിഞ്ഞുകിട്ടുന്നത്. ജീവിതവൃക്ഷത്തിന്‍റെ കാതല്‍ മൂന്നേ മൂന്ന് പാഠങ്ങളിലേക്ക് ചുരുക്കിയയാളാണ് പൗലോസ്. വിശ്വാസം, പ്രത്യാശ, സ്നേഹം. വൃക്ഷത്തിന്‍റെ പ്രതീകമുപയോഗിച്ചാല്‍  വിശ്വാസമാണ് വേര്, ചില്ലകളും ഇലകളും സ്നേഹം, പൂക്കളാണ് പ്രതീക്ഷ - എല്ലാം കനികളായില്ലെങ്കില്‍പ്പോലും. ജീവനെപ്പൊതിയുന്ന പേരിടാനാവാത്ത പരിമളം ആ പൂക്കളില്‍ നിന്നാണ്.

ഇനി പാടാനാവില്ലായെന്ന് ശഠിച്ച് പ്രസാദത്തിന്‍റെ കിന്നരങ്ങള്‍ അരളിവൃക്ഷങ്ങളില്‍ കൊളുത്തി വിഷാദത്തിന്‍റെ നദിക്കരയില്‍ കണ്ണാടിനോക്കുന്ന കാലം. ഓരോ ദിനവും കൂടുതല്‍ കൂടുതല്‍ നിരാശഭരിതമാകുന്നു എന്നൊരു തോന്നല്‍. പുണ്യാവാന്മാരില്ലാത്ത മതവും വിമോചകരില്ലാത്ത രാഷ്ട്രീയവുമൊക്കെ ചേര്‍ന്ന് ആ തലവരയെ കഠിനമാക്കുന്നു. പ്രതീക്ഷയുടെ നനുത്ത ശബ്ദങ്ങള്‍ക്കുവേണ്ടിയാണ് അതിപ്പോള്‍ കാതോര്‍ക്കുന്നത്. അഗാധമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ക്കു മാത്രമേ പ്രതീക്ഷിക്കാനാവൂ. ആ മനോഹരമായ കഥപോലെ: മറുനാട്ടിലെ സുദീര്‍ഘമായ അദ്ധ്വാനത്തിനുശേഷം തന്‍റെ വീട്ടിലേക്ക് മടങ്ങുന്നയൊരാള്‍. ഇടയ്ക്ക് കുരുത്തംകെട്ട പുഴയുണ്ട്. തീരെ നിനയ്ക്കാത്ത നേരത്ത് ചുഴിയും മലരും കാട്ടി പരിഭ്രമിപ്പിക്കുന്ന ഒന്ന്. തോണി തുഴയുമ്പോള്‍ നീന്തലറിയാമോയെന്ന ഒരേയൊരു കുശലാന്വേഷണം മാത്രമേ വഞ്ചിക്കാരന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. ഇല്ലായെന്നാണ് അയാളുടെ മറുപടി. അറംപറ്റിയതുപോലെ വഞ്ചി മുങ്ങി. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ തീരത്തേക്ക് നീന്തുമ്പോള്‍ തന്‍റെ യാത്രക്കാരന്‍റെ തലവരയെക്കുറിച്ച് ആവശ്യത്തിലേറെ വ്യാകുലമുണ്ട് അയാള്‍ക്ക്. എന്നാല്‍, തീരത്തെത്തിയപ്പോഴാകട്ടെ നീന്തലറിയാത്ത ആ ഒരാള്‍ നനഞ്ഞൊലിച്ച് അവിടെ. ആശ്വാസത്തിലേറെ അമര്‍ഷമാണ് അയാള്‍ക്ക് തോന്നിയത്. മനുഷ്യര്‍ എന്തിനാണിത്ര കള്ളം പറയുന്നത്? അല്ല, സത്യമായിട്ടും കള്ളമല്ല. അയാള്‍ പറഞ്ഞു: മുങ്ങിത്തുടങ്ങുകയായിരുന്നു ഞാന്‍. എന്‍റെ മാറാപ്പില്‍ എന്‍റെ കുടുംബത്തിനുവേണ്ടി ഞാനിത്രയും കാലം ശേഖരിച്ചവയുണ്ട്. ഒരു ചെറിയ വീടിന്‍റെ സ്വപ്നമാണ് എന്നോടൊപ്പം മുങ്ങുന്നത്. അവര്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ മറുകര കണ്ടേ പറ്റൂ. പിന്നെ, ഒരു കൈ വീശി മറുകൈ വീശി ഞാനീ തീരത്തെത്തുകയായിരുന്നു. കൈ തളരുമ്പോഴൊക്കെ ധ്യാനിക്കാവുന്ന കഥയാണത്.

വേദപുസ്തകത്തില്‍നിന്ന് പ്രതീക്ഷ കിഴിച്ചാല്‍ അതില്‍ എത്ര താള്‍ അവശേഷിക്കും. തകര്‍ച്ചകളും ദുരന്തങ്ങളും വല്യവായില്‍ നിലവിളിക്കുമ്പോള്‍ത്തന്നെ ഇതവസാനത്തേതല്ലായെന്ന് ഉള്ളിലിരുന്നൊരാള്‍ കുറുകുന്നുണ്ട്. ഏദനില്‍ നിന്ന് പുറന്തള്ളപ്പെടുവാന്‍ കാരണമായ ആദിപാപത്തോടൊപ്പംതന്നെ തിന്മയുടെ പത്തിതകര്‍ക്കുന്ന മിശിഹായെക്കുറിച്ചുള്ള ദീര്‍ഘദര്‍ശനവും ഉണ്ട്. കൊലപാതകികയായ കായേനെ ആരും ആക്രമിക്കാതിരിക്കുവാന്‍ ഉടലില്‍ മുദ്ര പതിപ്പിക്കുന്ന ദൈവം ഇനി ഭൂമിയെ ജലംകൊണ്ടു നശിപ്പിക്കില്ല എന്നു പറഞ്ഞ് ഏഴുവര്‍ണ്ണങ്ങള്‍കൊണ്ട് വാനില്‍ മഴവില്ലിന്‍റെ ഉടമ്പടി തീര്‍ക്കുന്നു. ഇപ്പോഴും കണ്ണീര്‍പ്പെയ്ത്തിലൂടെ അവിടുത്തെ വെളിച്ചത്തിന്‍റെ ഒരു ചീള് പ്രവേശിക്കുമ്പോള്‍ മനസ്സില്‍ മഴവില്ല് തെളിയാത്തതായി ആരുണ്ട്. അലഞ്ഞുനടക്കുന്ന അബ്രാഹത്തെ കടല്‍ക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയി അയാളുടെ ഉള്ളിനെ ദീപ്തമാക്കുന്നു. ഒരൊറ്റ വിളക്കുമതി ജീവിതത്തെ പ്രകാശിപ്പിക്കുവാന്‍. കഴുത്തോളം തണുത്തുറഞ്ഞ തടാകത്തില്‍ ഒരു രാത്രിമുഴുവന്‍ നില്‍ക്കുവാന്‍ ശിക്ഷ കിട്ടിയയൊരാള്‍ പിറ്റേന്നു പ്രഭാതത്തില്‍ അയാള്‍ക്കൊന്നും സംഭവിച്ചില്ലെന്നുകണ്ട് അമ്പരന്ന രാജാവിനോടു പറഞ്ഞതുപോലെ: മരിച്ചുപോകേണ്ടതായിരുന്നു, അപ്പോഴാണ് ദൂരെ അങ്ങയുടെ കൊട്ടാരജാലകങ്ങളിലൊന്നില്‍ കത്തിനില്ക്കുന്ന ഒരു ചിരാത് കണ്ടത്. അതിനെ നോക്കി നോക്കി ഞാനീ കഴിഞ്ഞ രാവിന്‍റെ ദുരന്തത്തെ അതിജീവിച്ചു. ഉള്ളിലെ ഒറ്റ വിളക്കിനെ കെടുത്തുവാന്‍ കെല്പുള്ള ഒന്നുമില്ല ഭൂമിയില്‍. അങ്ങനെ ഓരോ ബൈബിള്‍ കഥാപാത്രവും പ്രതീക്ഷയുടെ പര്യായമായി.

ആരാണീ പ്രവാചകര്‍? എന്താണ് അവരുടെ കുലധര്‍മ്മം? പ്രതീക്ഷയെ നിലനിര്‍ത്താന്‍ സഹായിക്കുകയെന്നല്ലാതെ മറ്റൊരു നിയോഗവും അവര്‍ക്കില്ല. പ്രവാസകാലങ്ങളിലാണ് അവരുടെ ശബ്ദം ഏറ്റവും നന്നായി മുഴങ്ങിയത്. മടങ്ങിവരുവാന്‍ ഓരോ കാലത്തിലും ഒരു ജനതയെ പ്രേരിപ്പിച്ചതും ബലപ്പെടുത്തിയതും അവരുടെ സുകൃതമായിരുന്നു. ഇനി സങ്കീര്‍ത്തനങ്ങള്‍ എന്താണ്? ഒളിഞ്ഞും തെളിഞ്ഞും നമ്മെ തേടിവരുന്ന പ്രതീക്ഷയുടെ  രാഗവീചികള്‍. കണ്ണീരോടെ വിതയ്ക്കുന്നവര്‍ ജയഘോഷത്തോടെ കൊയ്യുമെന്നൊക്കെ തപ്പിന്‍റെയും കിന്നരത്തിന്‍റെയും അകമ്പടിയോടെ അവരുറക്കെ പാടുന്നത് കേട്ടില്ലേ. സംഘാവബോധങ്ങളില്‍ അത്തരം ചില വേദപുസ്തക സൂചനകള്‍ മയങ്ങിക്കിടക്കുന്നതു കൊണ്ടാണ് ഒരു ഹിറ്റ്ലര്‍ക്കുശേഷംപോലും അവര്‍ നിലനിന്നതെന്നു തോന്നുന്നു.

സുവിശേഷമാകട്ടെ പ്രതീക്ഷയുടെ മഷികൊണ്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ആ വാക്കില്‍പ്പോലുമുണ്ടല്ലോ അതിന്‍റെ സൂചനകള്‍. ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആ ചെറിയ പുസ്തകത്തിന്‍റെ ന്യൂക്ലിയസ്. മാനവരാശിയെ ഇത്രമേല്‍ സ്വാധീനിച്ചിട്ടുള്ള മറ്റൊരു പദമില്ലെന്നു തോന്നുന്നു. എല്ലാറ്റിനും പരിഹാരമുണ്ടെന്നാണ് ആ ചെറിയ പുസ്തകം ലോകത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലജ്ജയ്ക്കും ഇടര്‍ച്ചയ്ക്കും പാപത്തിനുമൊക്കെയുള്ള പരിഹാരങ്ങള്‍.  വീണ്ടെടുക്കാനാകാത്ത വിധത്തില്‍ ഒന്നും കളഞ്ഞുപോയിട്ടില്ല. തിരികെവരാനാവാത്ത വിധത്തില്‍ ആരും അകന്നുപോയിട്ടുമില്ല. ഏതു യാമത്തിലും ഒരാള്‍ക്ക് മടങ്ങിവരാവുന്നതേയുള്ളൂ. ഒന്നാം യാമത്തിലെത്തിയവനും പതിനൊന്നാം മണിക്കൂറിലെത്തിയവനും ഒരേ ആത്മാനുഭൂതിയുടെ ദെനാറയുമായി അവിടുന്ന് കാത്തുനില്ക്കുന്നു. എല്ലാത്തിനും പരിഹാരമുണ്ട്, മരണത്തിനൊഴികെ എന്ന് ബൈസിക്കിള്‍ തീവ്സിലെ അച്ഛന്‍ മകനോട് പറയുന്നുണ്ട്. എന്നാല്‍, മരണത്തിനുപോലും പരിഹാരമുണ്ട് എന്നു പറയുന്നിടത്താണ് ഈ പ്രതീക്ഷയുടെ പരമോന്നത പദം. കബറിലെ തിരുശേഷിപ്പിന് ശ്രാദ്ധാഞ്ജലി അര്‍പ്പിക്കാന്‍ പുലരിയിലെ ഓടിയെത്തിയ സ്ത്രീകളോട് മാലാഖമാര്‍ ചോദിച്ചു: നിങ്ങള്‍ ജീവിക്കുന്നവനെ എന്തിനാണ് മരിച്ചവരുടെ ഇടയില്‍ തിരയുന്നത്? മരണംപോലും അവസാനത്തെ വാക്കല്ല.

കഠിന നുകങ്ങള്‍ക്കിടയില്‍ തോളുഞെരുങ്ങിക്കൊണ്ടിരുന്ന ഒരു ജനതയുടെ ആത്മവിശ്വാസം നിലനിര്‍ത്താനാണ് വെളിപാടിന്‍റെ പുസ്തകം രചിക്കപ്പെട്ടത്. ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവുമെന്ന് തന്നെ വിളിച്ചു വണങ്ങണമെന്നു ശഠിച്ച റോമയുടെ അധിപനായ ഡൊമീഷ്യന്‍ ചക്രവര്‍ത്തി. ഏഷ്യാമൈനറിലെ സപ്തസഭകള്‍ അതിനെ ചെറുത്തുനില്‍ക്കുമെന്നു തീരുമാനിച്ചു. ആ മനുഷ്യര്‍ക്ക് ഊര്‍ജ്ജം നല്‍കാനാണ് പത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാനെന്ന വയോധികന്‍ ശ്രമിക്കുന്നത്. ധ്യാനത്തിന്‍റെ പൊന്‍പ്രഭയില്‍ പുതിയ ആകാശവും പുതിയ ഭൂമിയും അയാള്‍ കണ്ടു. തിന്മയുടെ ജയാരവങ്ങള്‍ക്ക് ഏറെ ദൈര്‍ഘ്യമില്ലെന്നും ആത്യന്തിക വിജയം സുകൃതങ്ങളുടേതാവുമെന്നും അയാള്‍ക്കുറപ്പാണ്. കുഞ്ഞാടിന്‍റെ ജയമെന്നാണ് അയാളതിനു പേരിടുന്നത്. ചെറുത്തുനില്‍ക്കാനും പോരാടാനും പ്രേരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥത്തിലുള്ള പ്രത്യാശയുടെ പ്രവാചകന്‍. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്ന ചില്ലുപോലെ തെളിഞ്ഞ ജീവജലത്തിന്‍റെ നദി അവന്‍ കാണിച്ചു തന്നു. നദിയുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്‍റെ വൃക്ഷം നില്ക്കുന്നു. അതു മാസംതോറും ഫലം തരുന്നു. ആ വൃക്ഷത്തിന്‍റെ ഇലകള്‍ ജനതകളുടെ ഔഷധമാണ്. ഇനിമേല്‍ ഒന്നും ശപിക്കപ്പെട്ടതായി ഉണ്ടായിരിക്കുകയില്ല(വെളി. 22/1-3).

ഭൂമിയുടെ എല്ലാ ഇടങ്ങളിലും പ്രതീക്ഷകളെ നിലനിര്‍ത്തുവാന്‍ പ്രേരകമായി മാറുന്ന കുറേയധികം സുകൃതജീവിതങ്ങളെ അവിടുന്നു വിന്യസിച്ചിട്ടുണ്ട്. കളിയില്‍ തോറ്റ കുഞ്ഞിനോട് നാളെ നിന്‍റെ ഊഴമാണെന്നു പറഞ്ഞ് തോളില്‍ കയ്യിടുന്ന കളിക്കൂട്ടുകാരന്‍ തൊട്ട്, സാരമില്ല സാരമില്ല എന്നു പറഞ്ഞ് മുടിയിഴകളിലൂടെ വിരലോടിക്കുന്ന പ്രണയിനിവരെയുള്ള എല്ലാവരിലും പ്രത്യാശയുടെ പൊന്‍പരാഗങ്ങള്‍ അയാള്‍ ചിതറിയിരിക്കുന്നു. റൈറ്റേഴ്സ് ബ്ലോക്ക് എന്നൊരു പദം നമുക്കിപ്പോള്‍ വളരെ പരിചിതമാണ്. രണ്ടു കരങ്ങള്‍കൊണ്ടും സവ്യസാചിയെപ്പോലെ എഴുതിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് പെട്ടെന്നൊരു ദിവസം ഒരു പദംപോലും കിട്ടാതെ ശ്വാസംമുട്ടുന്നു. ദാമ്പത്യത്തിലും പ്രണയത്തിലും തൊഴിലിലും ഒക്കെ അത്തരം ചില നിസ്സഹായതകള്‍ പതിയിരിപ്പുണ്ട്. ചിലപ്പോള്‍ ഒരു ചെറിയ ഇടപെടല്‍. ഒരു സ്പര്‍ശം, മുന്നോട്ടുപോകാനുള്ള ഒരു പ്രേരണ, അങ്ങനെ തട്ടിനിന്ന ജീവിതം ഇനിയും ഒഴുകിയെന്നിരിക്കും. തൊട്ടടുത്ത തുറയില്‍ സംഭവിച്ചൊരു കാര്യം ശ്രദ്ധിക്കൂ. കപ്പല്‍ രണ്ടായി പിളര്‍ത്തിയ ഒരു മത്സ്യവഞ്ചി. ജ്യേഷ്ഠന്‍ കൊല്ലപ്പെട്ടു. അനുജന് കടലിനെ പേടിയായി. വീടിനു പുറത്തു കടക്കുക എന്ന സാധ്യത ഇല്ലാതായി. ആയിടയ്ക്ക് അയാളോട് അത്രയൊന്നും അടുപ്പമില്ലാത്തൊരു മനുഷ്യന്‍ ഒരു ബോട്ടു വാങ്ങുന്നു. എന്നിട്ടു വന്നു പറഞ്ഞു. ഞാനതു വാങ്ങിയപ്പോള്‍ എന്‍റെ മനസ്സിലൊരു തീരുമാനമുണ്ട്. നീയായിരിക്കണം അതിനെ നീറ്റിലിറക്കേണ്ടതെന്ന്. കള്ളമാണ്. എന്നാലും കരുണയുള്ള കള്ളം. ഒടുവില്‍ അയാള്‍ വഴങ്ങി. അലകളിലേക്ക് അയാള്‍ വീണ്ടും നീങ്ങിത്തുടങ്ങുമ്പോള്‍ ഈശ്വരനു നന്ദിപറഞ്ഞുകൊണ്ട് അടുത്തുള്ള ക്ഷേത്രത്തില്‍ വഴിപാടര്‍പ്പിക്കുന്ന അയാളുടെ ആരുമല്ലാത്ത ഒരാള്‍! 'ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തീ നീ, നിറമുള്ള ജീവിതപീലി തന്നു.."

സ്വാഭാവികമായും ഒരാള്‍ ദോഷൈകദൃക്കായി നിലനില്‍ക്കുകയെന്നത് ക്രിസ്തുധര്‍മ്മത്തിന് നിരക്കുന്നതല്ല. ഓരോരുത്തരും അവരവര്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്‍റെ അഴകിനെ കുറെക്കൂടി ശ്ലാഘിക്കേണ്ടതുണ്ട്. അതിനുള്ള ഒരു അനുശീലനം കൈമാറുവാന്‍ അവിടുന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതത്ര കെട്ട ലോകമൊന്നുമല്ല... നിങ്ങള്‍ കാണുന്നവ കാണാന്‍ കഴിഞ്ഞ കണ്ണുകള്‍ എത്രയോ അനുഗൃഹീതം. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ കഴിഞ്ഞ കാതുകള്‍ എത്ര അനുഗൃഹീതം. ശരിയായ വീക്ഷണവും ശ്രദ്ധയുമുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും അവരവരുടെ പരിസരത്തുതന്നെ ജീവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തിയെടുക്കാവുന്നതേയുള്ളൂ. പിറുപിറുപ്പെന്ന ഒരപരാധത്തിലായിരുന്നു പലപ്പോഴും പഴയനിയമജനത ഏര്‍പ്പെട്ടതെന്ന് ഓര്‍മ്മിക്കുക. അത് ദൈവത്തെ ഭാരപ്പെടുത്തിയിരുന്നുവെന്നും. ഒരിക്കല്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്ന കാര്യങ്ങളോടു പോലും അങ്ങനെയാണവര്‍ ചെയ്തത്.

എന്താണ് ക്രിസ്തീയമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പ്രതീക്ഷയുടെ പ്രത്യേകതകള്‍. Hope in the age of despair  എന്ന തന്‍റെ പുസ്തകത്തില്‍ ആല്‍ബര്‍ട്ട് നോളന്‍ ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. മനുഷ്യരില്‍ ആനുപാതികമല്ലാത്ത പ്രതീക്ഷ വയ്ക്കരുതെന്നാണ് അതില്‍ പ്രധാനം. എപ്പോഴൊക്കെ അങ്ങനെ പ്രതീക്ഷയര്‍പ്പിച്ചോ അപ്പോഴൊക്കെ നമ്മള്‍ നിരാശാഭരിതരായിട്ടുണ്ട്. രാജാക്കന്മാരില്‍ - സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രരില്‍ ആശ്രയം വയ്ക്കരുത്. അവര്‍ മണ്ണിലേക്കു മടങ്ങുന്നു. അങ്ങനെ അവരുടെ പദ്ധതികള്‍ മണ്ണടിയുന്നു (സങ്കീ. 146/3-4). ഭൂമിയുടെ രാജാക്കന്മാരില്‍ ശരണപ്പെടരുതെന്ന്. അവരെല്ലായിടത്തുമുണ്ട്. സമൂഹത്തിലും വ്യാപാരത്തിലും മതത്തിലും. ഭേദപ്പെട്ട മനുഷ്യര്‍തന്നെയായിരിക്കാമവര്‍. എങ്കിലും അവരില്‍ സമ്പൂര്‍ണ്ണമായര്‍പ്പിക്കുന്നത് ആത്മഹത്യാപരമെന്നു സാരം. മനുഷ്യര്‍ വച്ചുനീട്ടുന്ന പ്രത്യയശാസ്ത്രങ്ങളെയും സനാതനമായി പരിഗണിക്കേണ്ട. ദൈവത്തില്‍ ശരണപ്പെടുകയെന്നാല്‍ സനാതനവും വസ്തുനിഷ്ഠവുമായ ചില മൂല്യബോധങ്ങളില്‍ നമ്മുടെ സമുദ്രയാനങ്ങളെ നങ്കൂരമിടുക എന്നതുതന്നെ.

ഒറ്റനോട്ടത്തില്‍ തിന്മയെന്നു തോന്നിക്കുന്ന കാര്യങ്ങള്‍ക്കു പിന്നിലും ദൈവത്തിന്‍റെ കരങ്ങള്‍ സദാ പ്രവര്‍ത്തനനിരതമാണെന്ന വിശ്വാസമാണ് ഇത്തരം പ്രതീക്ഷയുടെ കാതല്‍. തിന്മയുടെ കരുക്കള്‍കൊണ്ടാണ് അവിടുന്നു കളംനീക്കുന്നതെന്ന ആരോപണത്തിന് ദൈവത്തിന്‍റെ കരമില്ലാതെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ല എന്നു പറഞ്ഞ് ചെറുചിരിയോടെ അവരെ നേരിടുന്ന യേശുവിനെ ഓര്‍ക്കുക. സെന്‍റ് അഗസ്റ്റിന്‍ പറയുന്നതുപോലെ വളഞ്ഞവഴികളിലൂടെ ദൈവം നേരെയെഴുതുകയാണെങ്കിലോ. ഉദാഹരണത്തിന് യുദ്ധങ്ങളുടെ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ത്തന്നെ സമാധാനത്തിനുവേണ്ടിയുള്ള മാനവരാശിയുടെ സ്വാഭാവികമായ ഐക്യദാര്‍ഢ്യം ശ്രദ്ധിക്കുക. ദുരന്തങ്ങള്‍ അതെവിടെ സംഭവിച്ചാലും മനുഷ്യന്‍റെ കാരുണ്യത്തിന്‍റെ ഉറവുകളെ സജീവമാക്കുന്നതു ശ്രദ്ധിക്കുക. ലോകമെമ്പാടും സംഭവിച്ച സാമ്പത്തിക തകര്‍ച്ചയില്‍ ധനത്തിനു പിന്നിലുള്ള അധാര്‍മിക ചരടുകളെക്കുറിച്ച് സാധാരണക്കാരായ മനുഷ്യര്‍ക്ക് ധാരണയുണ്ടായതും ചെറിയ കാര്യമല്ല. ഒരിക്കല്‍ വിഗ്രഹമായി കണക്കാക്കിയിരുന്ന മനുഷ്യര്‍ ആര്‍ത്തിയുടെ ആള്‍രൂപമാണെന്ന അറിവില്‍ ഒരു കാവ്യനീതിയുണ്ട്. സഭയുടെമേല്‍ വീണ ലൈംഗികാപവാദങ്ങള്‍ കുറേക്കൂടി വിശ്വസ്തരാകാനുള്ള ക്ഷണമായും ആത്മശുദ്ധീകരണത്തിനുള്ള ആഭിമുഖ്യമായും രൂപപ്പെടുന്നതും ചെറിയ കാര്യമല്ല. അല്ലെങ്കില്‍ത്തന്നെ കുരിശുമരണമെന്ന തകര്‍ച്ചയില്‍നിന്നാണല്ലോ മനോഹരമായൊരു ജീവിതത്തിന്‍റെ പരിമളം. എല്ലാ പ്രതീക്ഷകളും തീരുന്നിടത്ത് എമ്മാവൂസിലേക്കുള്ള ശിഷ്യന്മാര്‍ പറഞ്ഞതുപോലെ: ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും? വൈകാതെ അവരും തിരിച്ചറിയും ഓരോരോ അനുഭവങ്ങള്‍ക്കു പിന്നില്‍ മറനീക്കി വിരിയുന്ന പ്രത്യാശയുടെ ദളങ്ങളെ...

റോമ. 8:28ല്‍ കൂറേക്കൂടി ദൃഢമായ ഉറപ്പുണ്ടാവണം. തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവനെല്ലാം നന്മയായി പരിണമിപ്പിക്കുന്നു. ചുറ്റിനും സംഭവിക്കുന്ന കാര്യങ്ങളൊക്കെ നല്ലതാണെന്നു പറയണമെങ്കില്‍ ഒരാളുടെ തലയില്‍ ആള്‍പ്പാര്‍പ്പുണ്ടാവാന്‍ പാടില്ല. പരിണമിക്കുന്ന കാര്യങ്ങളില്‍ എവിടെയോ ഒരു നന്മയുടെ അംശമുണ്ടെന്നു സാരം  (evolving status is goodness). ഉപയോഗിക്കുന്ന കാറിന്‍റെ വലുപ്പവും വസിക്കുന്ന വീടിന്‍റെ സ്ക്വയര്‍ ഫീറ്റും തൊപ്പിയിലെ തൂവലുകളും മാത്രമാണ് നന്മയെന്നു ധരിച്ചാല്‍ ഈ കാര്യങ്ങള്‍ വിലപ്പോവില്ല. ഹൃദയത്തിലെവിടെയോ ഉള്ള ഒരിത്തിരിയിടത്തില്‍ കിട്ടുന്ന പ്രകാശവും ദിശാബോധവും ആണ് നന്മയെന്ന് എപ്പോഴാണ് മാനവരാശി തിരിച്ചറിയുക? ആ ഇടത്തെ എന്തായാലും വൈയക്തികമായും സാമൂഹികമായും നാം കടന്നുപോകുന്ന എല്ലാ അനുഭവങ്ങളും സഹായിക്കുന്നുണ്ട്. ഇതളിതളായ് വിരിയുന്ന സഹസ്രം ദളങ്ങളുള്ള ഒരു പൂപോലെ മാനവരാശിയെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അതെന്തായാലും നിന്‍റെ നാശത്തിനല്ല.

പൊതുവായ നന്മയാണ് ക്രിസ്തീയമായ പ്രതീക്ഷയുടെ ലക്ഷ്യം. വ്യക്തികളുടെ സ്വകാര്യസന്തോഷങ്ങളും നേട്ടങ്ങളുമൊക്കെയായി നാമതിനെ തെറ്റിധരിച്ചതാണു പ്രശ്നം. അതങ്ങനെയല്ലെന്നു കണ്ടെത്തുമ്പോള്‍ പൊതുവായ ചില സുകൃതങ്ങളുടെ ഫലപ്രാപ്തിക്കുവേണ്ടി സ്വകാര്യദുഃഖങ്ങളെയും വ്യഥകളെയും കണ്ടില്ലെന്നു നടിക്കാന്‍പോലും നമുക്കായേക്കും വാശിയേറിയ ഒരു ബാസ്ക്കറ്റ് ബോള്‍ മത്സരത്തിനിടയില്‍ തള്ളവിരലില്‍നിന്ന് നഖം തെറിച്ചു പോയ ഒരു കുട്ടി ലോംഗ് വിസില്‍ മുഴങ്ങുവോളം കളിക്കുന്നതുപോലെ. എല്ലാവര്‍ക്കുംവേണ്ടിയുള്ള ചില പ്രതീക്ഷകള്‍ കണ്ടെത്താനും നിലനിര്‍ത്താനും കഴിയുമ്പോഴാണ് ഓരോരുത്തരും ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന് അഴകും ഔന്നത്യവുമുണ്ടാകുക. ജ്ഞാനപീഠം സ്വീകരിച്ചുകൊണ്ട് അമൃതാപ്രീതം പറഞ്ഞൊരു നാടോടിക്കഥപോലെ. പണ്ട് ആകാശം വളരെ താഴ്ന്നിട്ടായിരുന്നു. അത്രയും താണതുകൊണ്ട് മനുഷ്യര്‍ക്ക് ഉരഗങ്ങളെപ്പോലെ ഇഴഞ്ഞുനടക്കേണ്ട ഗതികേടുണ്ടായി. സൂര്യന്‍ ആകാശത്തിനപ്പുറമായതുകൊണ്ട് ഭൂമി മുഴുവന്‍ ഇരുളായിരുന്നു. കുറെ ചെറുകിളികള്‍ക്ക് മനുഷ്യന്‍റെ ദുര്യോഗം കണ്ട് സങ്കടമുണ്ടായി. ഒരുതരം പുല്ല് ശേഖരിച്ച് തങ്ങളുടെ ചിറകുകള്‍ക്ക് മീതെ കുത്തിനിര്‍ത്തി അവര്‍ ആകാശത്തെ ഉയര്‍ത്താനുള്ള ശ്രമത്തിലായി. അങ്ങനെ സംവത്സരങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് ചെറുകിളികള്‍ ചേര്‍ന്ന് അതുചെയ്യുകതന്നെ ചെയ്തു. ഇപ്പോള്‍ ഭൂമിയില്‍ വെളിച്ചമുണ്ട്. മനുഷ്യന്‍ നട്ടെല്ലുയര്‍ത്തി നടക്കുന്നുണ്ട്. ഇതാണ് സ്നാനപ്പെട്ട പ്രത്യാശ. മനുഷ്യന്‍ കുനിച്ചു നിര്‍ത്തുന്ന, ഇഴഞ്ഞുനടക്കാന്‍ പ്രേരിപ്പിക്കുന്ന എല്ലാ നുകങ്ങളെയും നമ്മളൊരുനാള്‍ വലിച്ചെറിയുമെന്ന്...

പുതുവത്സരം പ്രത്യാശിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ്. തന്‍റെ കളി നേരത്തെ അവസാനിപ്പിച്ചു മടങ്ങിയ ആ പഴയ കവി കുറിച്ചുവച്ചതുപോലെ ആശിക്കാനും സ്നേഹിക്കാനും കര്‍മനിരതരായി നിലനില്ക്കാനും പറ്റാത്തവര്‍ക്കു പുതുവത്സരം പിറക്കേണ്ടതില്ല. നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും ഇടയിലുള്ളതിനെക്കാള്‍ കൂടുതലായി എന്തുണ്ട് ഡിസംബര്‍ 31 നും ജനുവരി ഒന്നിനുമിടയില്‍?

You can share this post!

ഹൃദയഗീതങ്ങള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts