news-details
സഞ്ചാരിയുടെ നാൾ വഴി

കുത്തഴിഞ്ഞ നിഘണ്ടുപോലെ നിറയെ പദങ്ങള്‍ ചിതറിവീണ ഒരു പ്രപഞ്ചത്തില്‍ ഒരേയൊരു പദം മാത്രം തിരഞ്ഞെടുക്കുവാന്‍ ദൈവം അനുവദിക്കുകയാണെങ്കില്‍ ഏതായിരിക്കും നിന്‍റെ വാക്ക്? അപ്പോള്‍ ഞാന്‍ പാത്മോസിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാനെപ്പോലെ വിവേകമതിയാകുന്നു, സ്നേഹം. ബാക്കിയുള്ള പദങ്ങളൊക്കെ വളരെ വേഗത്തില്‍ ഒഴിവാക്കാവുന്നതാണെന്ന് ജീവിതം അതിനകം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും. എന്നാലും എന്തൊരു അപകടം പിടിച്ച വാക്കാണത്.

ആത്മരേഖയ്ക്ക് ഗാന്ധിയിട്ട ശീര്‍ഷകം സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്നാണ്. ഏതൊരു മനുഷ്യന്‍റെയും ആത്മകഥയ്ക്ക് എന്‍റെ സ്നേഹാന്വേഷണപരീക്ഷണം എന്ന തലക്കെട്ടായിരിക്കും നിരക്കുന്നത്. എന്നെ രൂപപ്പെടുത്തിയത് രണ്ടേ രണ്ട് കൂട്ടരാണ്. എനിക്ക് സ്നേഹം നല്കിയവരും സ്നേഹം നിഷേധിച്ചവരും! അവര്‍ക്കായിരിക്കും ഞാനെന്‍റെ ജീവിതരേഖ സമര്‍പ്പിക്കാന്‍ പോകുന്നത്.

ധൂര്‍ത്തപുത്രന്‍റെ കഥയൊക്കെ കൃത്യമായ സ്നേഹാന്വേഷണപരീക്ഷണങ്ങള്‍ തന്നെ. വീട് അതിന്‍റെ ഏകതാതനകൊണ്ട് ചിലരെ മടുപ്പിച്ചെന്നിരിക്കാം. പിന്നെ അതിന്‍റെ ഭ്രമണപഥങ്ങളില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങളാണ്. പുറത്ത് ചങ്ങാതിക്കൂട്ടമുണ്ട്, പ്രണയികളുണ്ട്. എന്നാല്‍, പിന്നീടെപ്പോഴോ ഒരു ക്ഷാമകാലം വരുന്നു. സ്നേഹശൂന്യതയുടെ ഒരു കൊടുംവറുതി. പന്നിക്കു കൊടുക്കുന്ന തവിടെങ്കിലും തനിക്കു ഗുണപ്പെട്ടിരുന്നെങ്കില്‍ എന്നാശിക്കുന്ന ഒരാളായിട്ടാണ് ഇപ്പോള്‍ അയാളുടെ വിധി. കാമ്പില്ലാത്തതാണ് തവിട്. അത്രയും സ്നേഹശൂന്യത അനുഭവിക്കുന്നതുകൊണ്ട് അകക്കാമ്പുള്ള സ്നേഹംതന്നെ തനിക്കു കിട്ടണമെന്ന് ഒരാള്‍ ശഠിച്ചുകൂടാ. സ്നേഹം കണക്ക് തോന്നിക്കുന്ന എന്തായാലും മതി. കണ്ടിട്ടില്ലേ ഏതൊരു കാലത്തിലും ചൂണ്ടക്കൊളുത്തെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത്തരം ചില തോന്നലുകളിലേക്ക് മത്സ്യങ്ങളെപ്പോലെ നീന്തിച്ചെല്ലുന്ന മനുഷ്യരെ. ആ തവിടുപോലും അയാള്‍ക്ക് കിട്ടിയില്ലായെന്നുള്ളതാണ് അതിന്‍റെ ദുരന്തം. അപ്പോള്‍ അയാള്‍ ഒരു മേശയെ ഓര്‍മ്മിക്കുന്നു. ആ മേശയുടെ പ്രത്യേകത ദാസര്‍പോലും സമൃദ്ധമായി ഭക്ഷിക്കുന്നുവെന്നുള്ളതാണ്. ശ്രദ്ധിക്കണം മക്കളല്ല. ബൈബിളിലെ ദാസര്‍ എന്ന വാക്കിന് പാപി  എന്നും മക്കള്‍ക്ക് പുണ്യവാന്‍ എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ പാത്രമേതെന്ന് ആരായാതെ വിളമ്പുന്ന ഒരാള്‍ ഉണ്ടെന്ന് സാരം. അതു കൃത്യമായ സ്നേഹത്തിന്‍റെ നിര്‍വചനമാണ്. ഉപാധികളില്ലാത്ത വിരുന്ന്! അടുത്ത വരി അഴകുള്ളതാണ് - അയാള്‍ക്ക് അപ്പോള്‍ സുബോധമുണ്ടായി. ബുദ്ധഭാഷ്യത്തിലെ ബോധോദയം തന്നെ. അപ്പോള്‍ എന്താണ് ഒരാളുടെ ജീവിതത്തിന്‍റെ സുബോധം. അതു വളരെ ലളിതമാണ്. പെട്ടെന്ന് ഒരു ദിവസം ഒരാള്‍ക്ക് തന്നെ പൊതിഞ്ഞുനില്‍ക്കുന്ന സ്നേഹാനുഭവത്തെക്കുറിച്ച് ഒരു താക്കോല്‍ദ്വാര കാഴ്ച ലഭിക്കുന്നു. അതോടുകൂടി അയാളുടെ ലോകം പുതിയതാകുന്നു. തള്ളിപ്പറഞ്ഞ പത്രോസ് തന്നെ നോക്കുന്ന സ്നേഹത്തെക്കണ്ട് നിലവിളിക്കുന്നുണ്ട്. കണ്ടില്ലേ ഇരുപതുകളുടെ ആദ്യത്തിലെത്തിയ ഒരു ചെറുപ്പക്കാരന്‍ ഉന്മാദത്തില്‍പ്പെട്ട ഒരാളെപ്പോലെ "സ്നേഹമേ, സ്നേഹിക്കപ്പെടാതെ പോയ എന്‍റെ സ്നേഹമേ" എന്നു നിലവിളിച്ച് അസ്സീസിയുടെ ഇടവഴികളിലൂടെ അലയുന്നത്. ആ ഉന്മാദമാണ് അയാളുടെ സുബോധം. ആ സുബോധത്തിലേക്ക് എത്തുന്നതിന് മുമ്പ് എത്ര തെറ്റിധാരണകളിലൂടെ, മിഥ്യകളിലൂടെ ഒരാള്‍ക്ക് ക്ലേശകരമായി സഞ്ചരിക്കേണ്ടതായി വരുന്നു. ഒരു സ്നേഹം എന്നെ പൊതിയുന്നുണ്ടെന്ന അറിവ് ലഭിച്ചവനാണ് ഭൂമിയിലേക്ക് വച്ച് ഏറ്റവും സ്വതന്ത്രനായ ഒരാള്‍. ക്രിസ്തുവിന്‍റെ ഭാഷയില്‍ സത്യത്താല്‍ സ്വതന്ത്രനാക്കപ്പെട്ടവന്‍.

'ഒഴിമുറി' എന്ന ചിത്രം കണ്ടു. ജയമോഹന്‍റെ ആത്മകഥയെ ആധാരമാക്കിയുള്ളതാണ്. യൗവനത്തിലെത്തിയ മകന്‍ അച്ഛനെ ഓര്‍മ്മിച്ചെടുക്കുന്നത് കഠിനഹൃദയനായ ഒരാളായാണ്. ബാല്യത്തിലെ ഒരനുഭവംപോലും അയാള്‍ കൂട്ടുകാരോട് പറയുന്നുണ്ട്. ഒരു ജനലഴിയില്‍ പിടിച്ചു നില്‍ക്കുന്ന ദുര്‍ബ്ബലനായ ഒരു കുട്ടി. ഒരു കാരണവും ഇല്ലാതെ അവനെ കഠിനമായി അടിക്കുന്ന അച്ഛന്‍. എന്നാല്‍, അതിനു കാരണമുണ്ടെന്ന് അമ്മ അയാള്‍ക്ക് പറഞ്ഞുകൊടുത്തു. കൊടിയ പിള്ളവാതത്തിന്‍റെ ദിനങ്ങളിലായിരുന്നു കുഞ്ഞ്. കുഞ്ഞിന്‍റെ ശരീരത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കുവാന്‍ ജനലഴികളില്‍ മുറുക്കെ പിടിക്കാന്‍ കുഞ്ഞിനെ സഹായിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ചെയ്യിക്കാനാണ് ഈ കഠിനശിക്ഷ. അവനിപ്പോള്‍ ഒന്നും ഓര്‍മ്മയില്ല. ആ ആതുരദിനങ്ങള്‍ ഉള്‍പ്പെടെ. അച്ഛന്‍റെ ശിക്ഷ മാത്രം കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നുണ്ടു താനും. അമ്മയുടെ സൗമ്യമായ വെളിപ്പെടുത്തലില്‍ അവനുറക്കെ കരയുകയാണ്. ഇതും സുബോധം തന്നെ - അഗാധമായി സ്നേഹിക്കപ്പെട്ട ആള്‍.

ഒന്നോര്‍ത്താല്‍ ഭൂമിയിലുള്ള ഏതൊരു മനുഷ്യനെയും നിലവിളിയുടെ സ്നാനത്തിലേക്ക് നമുക്ക് കൂട്ടിക്കൊണ്ടു പോകാവുന്നതേയുള്ളൂ, ഒരേയൊരു ചോദ്യംകൊണ്ട്: "ശിമയോനേ, നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ?" 'ഉണ്ടെ'ന്ന് വളരെ വേഗത്തില്‍ ഉത്തരം. ഒരു ധ്യാനത്തിന്‍റെ ഇടവേളയ്ക്ക് ശേഷം ആ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. ഇത്തവണ നേരത്തത്തെയത്ര ഉറപ്പില്ല. ഈ ശാഠ്യങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസ്സസീവ്നസ് ഇതൊക്കെ തന്നെയായിരുന്നോ സ്നേഹം. അയാള്‍ സന്ദേഹിയാകുന്നു. വീണ്ടും ഒരിക്കല്‍ക്കൂടി ആ ചോദ്യം മുഴങ്ങുന്നു. അപ്പോള്‍ അയാള്‍ക്ക് വാവിട്ട് കരയാതിരിക്കാന്‍ തരമില്ല. നീ എല്ലാമറിയുന്നു എന്നു പറഞ്ഞ് നിലവിളിക്കുന്നു. ഒരു മാത്രയെങ്കിലും തന്‍റെ സ്നേഹജീവിതത്തെ തിരിഞ്ഞുനോക്കുന്ന ഒരാള്‍ക്ക് അങ്ങനെയല്ലാതെ ആകാന്‍ തരമില്ല. എപ്പോഴാണ് ഈ ഇരുമിഴികള്‍ നനയുന്നത്. ശുദ്ധസ്നേഹത്തെ ഒരു മാത്ര കാണുമ്പോള്‍. പുറത്തേക്കു നോക്കുമ്പോള്‍ ഒരു ചെറിയ വീട്. വീട്ടില്‍ വളര്‍ത്തുന്ന ആട്ടിന്‍കുട്ടിയെ വാങ്ങാന്‍ കശാപ്പുകാരനെത്തി. "അച്ഛാ, അമ്മൂനെ വില്‍ക്കരുതെ"ന്ന് പറഞ്ഞ് ഒരു ചെറിയ കുട്ടി അച്ഛന്‍റെ കാലുപിടിച്ച് കരയുന്നു. കശാപ്പുകാരന്‍റെപോലും കണ്ണു നിറയുന്നുണ്ട് ഇപ്പോള്‍. ആ കണ്ണീരാണ് നമ്മുടെ കാഴ്ചകളിലെ മുഴുവന്‍ പൊടിപടലങ്ങളും കഴുകിയെടുക്കുന്നത്.

സ്നേഹത്തിന്‍റെ വിപരീതപദമെന്ത്? വിദ്വേഷം, വെറുപ്പ് തുടങ്ങിയവയെന്ന് പറയരുത്. ഇഷ്ടമാണത്! കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന വിചാരമാണത.് സ്നേഹം എന്തിനുവേണ്ടി നിലനില്‍ക്കുന്നോ അതിന്‍റെ നിഷേധമാണ് പ്രിയമെന്ന പദം. ഒരേപോലെ തോന്നിക്കുന്നത് കൊണ്ട് എല്ലാം ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. ആ പഴയഫലിതം പോലെ ഉല്ലാസക്കപ്പലില്‍നിന്ന് വഴുതിപ്പോയ ഒരു കുഞ്ഞ്. കൂട്ടത്തില്‍ ഏറ്റവും ദുഷ്ടനായ ഒരാളാണ് വെള്ളത്തില്‍ ചാടി കുട്ടിയുമായി കയറിവരുന്നത്. എല്ലാവരും അയാള്‍ക്ക് കൈകൊടുക്കുവാന്‍ ഊഴം കാത്തുനില്‍ക്കുമ്പോള്‍ത്തന്നെ ഈ തിരക്കിനിടയില്‍ തന്നെ വെള്ളത്തിലോട്ട് തള്ളിയിട്ടതാരെന്നാണ് അയാള്‍ക്ക് അറിയേണ്ടത്. ഒരു പുരാതന നുണയുടെ പേരാണ് സ്നേഹമെന്ന് തോന്നുന്നു. എല്ലാവരും ആ പദത്തെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. താജ്മഹലുപോലും സ്നേഹത്തിന്‍റെ മഹാകാവ്യം എന്ന നിലയില്‍ പുനര്‍വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. അത് മുതാംസിനു വേണ്ടി പണിതുയര്‍ത്തിയ ആ ഇരുപതുവര്‍ഷത്തിന്‍റെ ഇടവേളയില്‍ ഷാജഹാന്‍ എന്തുചെയ്യുകയായിരുന്നു. പുതിയ പുതിയ ഉപനാരികളിലൂടെ അലസമായി അങ്ങനെ...

എന്തായാലും നടന്നുകൊണ്ടിരിക്കുന്ന അങ്കം തെല്ലും സ്നേഹമല്ല. പല ആവേഗങ്ങളുള്ള ഇഷ്ടങ്ങള്‍ മാത്രം. കുറെ അധികം വ്യത്യാസങ്ങള്‍ ഉണ്ട് ആ രണ്ട് പദങ്ങള്‍ക്കിടയിലും. അതില്‍ ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ സൂക്ഷിച്ചാല്‍ നന്ന്. ഇഷ്ടം ഒരു വികാരവും സ്നേഹം ഒരു സ്വഭാവവുമാണ്. മാറ്റമില്ലാത്തതാണ് സ്വഭാവം. ഏറ്റവും ചെറിയ കയ്പനുഭവങ്ങളിലും നിലച്ചുപോകുന്ന നമ്മുടെ ഹൃദയനീര്‍പ്രവാഹങ്ങളെ സ്വഭാവമെന്നു കരുതേണ്ട. ആദ്യത്തെ മഴവെള്ളപ്പാച്ചിലില്‍ സകലമാനജീവജാലങ്ങളും പെട്ടുപോയി. രമണമഹര്‍ഷി ഓരോന്നിനെ എടുത്ത് രക്ഷിക്കുകയാണ്. ഒടുവിലത്തെ ഊഴം ഒരു തേളിന്‍റേതാണ്. അതിനെ എടുത്ത് ചില്ലയില്‍ വയ്ക്കുമ്പോള്‍ അത് ആഘോഷമായി ഗുരുവിനെ കുത്തി അതിന്‍റെ വഴിക്ക് പോയി. "വല്യഗുരുവല്ലേ, തേള്‍ കുത്തുമെന്ന് അറിയില്ലേ?" എന്ന ശിഷ്യരുടെ ചോദ്യത്തിന്, "ഉവ്വ്, ഉവ്വ് അറിയാം, കുത്തുകയെന്നുള്ളത് തേളിന്‍റെ സ്വഭാവവും രക്ഷിക്കുകയെന്നുള്ളത് എന്‍റെ സ്വഭാവവു"മാണെന്ന് പറഞ്ഞ് അയാളുടെ നിര്‍മ്മലമായ പുഞ്ചിരി. മരിച്ചവന്‍റെ നെഞ്ചില്‍നിന്ന് രക്തവും ജലവുമൊഴുകി എന്ന യോഹന്നാന്‍റെ സാക്ഷ്യത്തെ ഇതുകൂടി ചേര്‍ത്ത് വായിക്കുക. സകലമാന പ്രവാഹങ്ങളെയും നിലപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ഒന്നിന്‍റെ പേരാണ് മരണം. എന്നിട്ടും എന്തേയിങ്ങനെ? മരിച്ചിട്ടും അവന്‍റെ സ്നേഹപ്രവാഹങ്ങള്‍ക്ക് ഒരു തടസ്സവുമില്ല എന്നതാണ് സൂചന. അതുകൊണ്ടാണ് യേശു സ്നേഹിക്കുന്നുവെന്ന് പറയുമ്പോള്‍ രണ്ടായിരം സഹസ്രാബ്ദങ്ങള്‍ക്കുശേഷം ഭൂമിയുടെ മിഴികള്‍ സങ്കടമൊഴിച്ച് മറ്റെന്തോ കാരണത്താല്‍ നിറഞ്ഞൊഴുകുന്നത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, തിരുവല്ല-പത്തനംതിട്ട വഴികളില്‍, ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഉപദേശികളെ. കേള്‍ക്കാന്‍ ഒരാളില്ല. എന്നിട്ടും മഴയിലും വെയിലിലുംനിന്ന് ഒരാചാരംപോലെ പ്രത്യേകതരം അംഗവിക്ഷേപങ്ങളോടെ ദൈവം സ്നേഹിക്കുന്നുവെന്ന് ഉറക്കെ നിലവിളിക്കുന്നവര്‍. തിരക്കുള്ള ബസ്സില്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുമ്പോള്‍ ആ പഴയവാക്ക് എന്തുകൊണ്ടാണ് നിങ്ങളെ ഉലച്ചത്.

ഇഷ്ടം ഉപാധികളില്‍ അധിഷ്ഠിതമാണ്. സ്നേഹമാകട്ടെ, വ്യവസ്ഥകള്‍ ഇല്ലാത്തതും, തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ലഭിക്കുകയും കൊടുക്കുകയും ചെയ്ത എല്ലാ സ്നേഹാനുഭവങ്ങള്‍ക്കും (അത് അങ്ങനെ വിശേഷിപ്പിക്കപ്പെടാമെങ്കില്‍) പിന്നില്‍ കൃത്യമായ ഉടമ്പടികള്‍ ഉണ്ടായിരുന്നു. പരീക്ഷ ജയിക്കുമ്പോള്‍ അപ്പന്‍ പറയുന്നു; "ഷര്‍ട്ടെടുത്ത് ഇട്. നമുക്ക് ടൗണില്‍ പോയി ഒരു മസാലദോശ കഴിക്കാം." പരീക്ഷ തോറ്റതിന്‍റെ പേരില്‍ ഒരു മസാലദോശ ആര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. ഓര്‍മ്മവച്ചനാള്‍ മുതലുള്ള ആ അനുഭവം ഇപ്പോഴും കൂട്ടുവരുന്നു. ചെറിയ മക്കളാണ് കൂടുതലും സാന്‍പിയോയില്‍ എത്തുന്നത്. മടങ്ങിപ്പോകുമ്പോള്‍ മുറിയില്‍ വന്ന് യൗവനത്തിന്‍റെ സഹജമായ കുറുമ്പോടെ പറയുന്നു: നമുക്ക് അങ്ങ് പിടിച്ചുകെട്ടോ... എന്തുകൊണ്ട്? നല്ല ആളാണ്... നല്ലതല്ലല്ലോ- കണ്ടില്ലേ ആ ചെറിയ മക്കള്‍ നിന്നു പരുങ്ങുന്നത്. ഭൂമി ഇനിയും ക്രിസ്തുവിന്‍റെ ഭാഷയിലെ മഴപോലെ പെയ്യുകയും വെയിലുപോലെ പരക്കുകയും ചെയ്യുന്ന സ്നേഹാനുഭവങ്ങള്‍ക്കുവേണ്ടി ഒരുങ്ങിയിട്ടില്ല. തന്‍റെ അപ്പന്‍റെ സ്നേഹത്തെ അങ്ങനെയാണ് നസ്രത്തിലെ ആ ചെറുപ്പക്കാരന്‍ നിര്‍വചിച്ചത്. വേദത്തിന്‍റെ തുടക്കംതൊട്ടേ അതിന്‍റെ അടയാളങ്ങളുണ്ട്, 'ഇനി എനിക്ക് ആരുമില്ല, ഇനി എന്നെ കണ്ടുമുട്ടുന്നവരെല്ലാം എന്നെ കൊല്ലാനായും' എന്ന് നിലവിളിക്കുന്ന കായേനോട് ആ മഹാസ്നേഹം പറഞ്ഞതിങ്ങനെയാണ്: "നിന്നെ ആരും കൊല്ലാതിരിക്കുവാന്‍  ഞാന്‍ നിന്‍റെ മേല്‍ മുദ്ര പതിപ്പിക്കും." കൊലപാതകിക്ക് എസ്കോര്‍ട്ട് പോകുന്ന ദൈവം. ഇടറിയ ഒരാള്‍ക്കും ഞാനിന്നോളം കൂട്ടുപോയിട്ടില്ല. ഇടറിയപ്പോള്‍ എനിക്ക് ആരും കൂട്ടുവന്നിട്ടുമില്ല. ഞാനോര്‍ക്കുന്നു ഒരേ ശരീരംപോലെ ജീവിച്ച രണ്ടുപേര്‍. അയാള്‍ ആക്സിഡന്‍റില്‍ കൊല്ലപ്പെട്ടു. അവള്‍ക്ക് ഭ്രാന്തുപിടിക്കാത്തത് ദൈവാനുഗ്രഹം എന്നു മാത്രമേ പറയാനാകൂ. ഏതാനും നാളുകള്‍ക്ക് ശേഷം അവള്‍ക്കൊരു പോസ്റ്റുകാര്‍ഡു കിട്ടുകയാണ്. നിങ്ങളുടെ  പുരുഷന് നിങ്ങള്‍ അറിയാത്ത വേറെ ചില അടുപ്പങ്ങള്‍ കൂടിയുണ്ടായിരുന്നു. ഉണ്ടോ ഇല്ലയോയെന്ന് ചോദിക്കുമ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ടയാള്‍ ഇപ്പോള്‍ ഭൂതലത്തില്‍ ഇല്ല. പല കഷണങ്ങളായി കീറി കാറ്റില്‍ പറത്തിയാല്‍ മതിയായിരുന്നു. ചെയ്തില്ല, അതിനുമീതെ അടയിരുന്നു. ഹിസ്റ്റീരിക്കായി. അയാളെ അടക്കിയിരിക്കുന്ന പള്ളിസിമിത്തേരിയില്‍ ശേഷിപ്പുകള്‍ക്കുമീതെ ഒരു തടിക്കുരിശ് വച്ചിട്ടുണ്ട്. അത് അടര്‍ത്തി പലതായി ഒടിച്ച് വാവിട്ട് കരഞ്ഞു; ചതിക്കുകയായിരുന്നല്ലേ, കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം. മരിച്ചവര്‍ക്കുപോലും മാപ്പു കൊടുക്കാത്ത നമ്മുടെ സ്നേഹം - ആ പുരാതന നുണയുടെ ആവര്‍ത്തനങ്ങള്‍!

തത്കാലം ഒന്നുകൂടി മതി. ഇഷ്ടം വളരെ പരിമിതമായ ഒരു സംജ്ഞയാണ്. സ്നേഹമാവട്ടെ ഒരു പ്രാപഞ്ചിക പദവും. മിര്‍ദാദ് എന്ന ശ്രേഷ്ഠപുസ്തകമുണ്ട്. ഖലീല്‍ ജിബ്രാന്‍റെ പ്രവാചകന്‍ എന്ന പുസ്തകത്തിന്‍റെ പിന്നില്‍ അതിന്‍റെ സ്വാധീനവുമുണ്ട്. കഴിഞ്ഞ കുറെ അധികം വര്‍ഷങ്ങളായി ഒരാശ്രമത്തിലെ ദാസ്യജോലി ചെയ്തുകൊണ്ടിരുന്ന മിര്‍ദാദ് ഒരു നാള്‍ തന്‍റെ മൗനം മുറിക്കുകയാണ്. എന്താണ് സ്നേഹമെന്ന ചോദ്യത്തിന് അയാളുടെ ഉത്തരമിങ്ങനെയാണ്; "ഒരിലയെ മാത്രം നിങ്ങള്‍ക്ക് ഒരിക്കലും സ്നേഹിക്കാനാവില്ല. ഒരിലയെ സ്നേഹിക്കുകയെന്നതിന്‍റെ അര്‍ത്ഥം അതിന്‍റെ ചില്ലകളെ, വൃക്ഷത്തെ, വേരുകളെ, അവയെ രൂപപ്പെടുത്തിയ ഋതുക്കളെ സ്നേഹിക്കുക എന്നാണ്." അവളെ ഇഷ്ടമാണ്. അവളുടെ ഉറ്റവരെ താങ്ങാനേ പറ്റുന്നില്ല എന്നു പറയുന്ന ചെറുപ്പക്കാരനും ആ പുരാതന നുണയില്‍ ഏര്‍പ്പെടുകയാണ്! അവളെ രൂപപ്പെടുത്തിയ ഋതുക്കള്‍ ആയിരുന്നു അവളുടെ ഉറ്റവരെന്ന് അയാള്‍ മറന്നുപോയതെന്ത്?

അഗാധമായ സ്നേഹത്തിന്‍റെ ഒരു കരുവാണ് താനെന്ന് വര്‍ത്തമാനത്തിന്‍റെ ഭൗതികമായ പരിക്കുകള്‍ക്ക് മീതെയും ഒന്നു പുഞ്ചിരിക്കുവാന്‍ ഒരാള്‍ക്ക് പ്രകാശമുണ്ടാകുന്നു. പൂന്താനത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചതുപോലെ. വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് ഒരു ഉണ്ണി പിറക്കുന്നു. ആദ്യത്തെ പിറന്നാളാണ്. എല്ലായിടത്തേക്കും ക്ഷണം പോയി. ദീര്‍ഘയാത്രയ്ക്ക് ശേഷമെത്തുന്ന അതിഥികള്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ഉരിഞ്ഞിട്ട് പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്ന ഒരു ഇരുട്ട് മുറിയുണ്ടായിരുന്നു. എങ്ങനെയോ കുഞ്ഞ് അതില്‍പ്പെട്ടു. ശ്വാസം മുട്ടി മരിച്ചു. ഇനി അയാള്‍ എന്തുചെയ്യും. ഇനിയുമയാള്‍ ശ്രീകോവിലിന്‍റെ മുമ്പിലെത്തും. മിഴിപൂട്ടി  ഇങ്ങനെ പാടും: "ഉണ്ണിക്കണ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികളെന്തിനുവേറെ..." കൊടിയ പരിക്കേല്ക്കുമ്പോഴും താന്‍ സ്നേഹിക്കപ്പെടുന്നുവെന്ന സുബോധം കൊണ്ടാണത്.

പുതിയ വീഞ്ഞിന് പുതിയ തോല്ക്കുടം വേണമെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. ഉപാധികള്‍ ഇല്ലാത്ത സ്നേഹമാണത്. മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ആ പുതുവീഞ്ഞ്. നിര്‍ഭാഗ്യവശാല്‍ അതു സ്വീകരിക്കാന്‍ തക്ക അധികം തോല്ക്കുടങ്ങള്‍ ഒന്നും ഭൂമിയില്‍ ഉണ്ടായിട്ടില്ല. നിശ്ചയമായും ഞാനത് അര്‍ഹിക്കുന്നതല്ല. ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ പറഞ്ഞു; അയാള്‍ ബാംഗ്ളൂരിലാണ്. ഒരാളെ കൊന്നിട്ട് ഞാന്‍ നിങ്ങളുടെ അടുക്കല്‍ പാതിരാകഴിഞ്ഞ് എത്തുമ്പോള്‍ നടന്ന കാര്യങ്ങള്‍ ഒന്നു കുമ്പസാരിക്കാന്‍ പോലും അനുവദിക്കാതെ, തണുത്ത ചോറുണ്ട്, നമുക്കിതാദ്യം കഴിക്കാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന്. ഞാന്‍ നേരത്തെ പറഞ്ഞു, ഞാനത് അര്‍ഹിക്കുന്നില്ല. എന്നിട്ടും എനിക്കറിയാം മദ്ധ്യവയസ്സിലെത്തിയ ഒരാളുടെ ജീവിതത്തിലെ അയാള്‍ക്ക് ലഭിച്ച ഏറ്റവും നല്ല അഭിനന്ദനമായിരുന്നു അത്. കൂടുതല്‍ സ്നേഹിച്ചുകൊണ്ട് കൂടുതലായ പാളിച്ചകള്‍ക്ക് പരിഹാരം ചെയ്യുക എന്നൊരു വഴിയേ ഇനി ഭൂമിയുടെ മുന്‍പിലുള്ളൂ.

വായനക്കാരാ, ആ പുതുവീഞ്ഞിന്‍റെ തോല്ക്കുടമായി നിങ്ങളുമുണ്ടാവണമേ എന്നൊരു പ്രാര്‍ത്ഥന മാത്രം.

You can share this post!

ഹൃദയഗീതങ്ങള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts