news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ഒടുങ്ങാത്ത കുറെ വര്‍ഷങ്ങളായി നമ്മുടെ ഭരണകൂടം ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുവരുന്നുണ്ടല്ലോ. ആളുകളെ കടകളിലെത്തിക്കുക, ഉപഭോഗം ഉത്സവമാക്കുക തുങ്ങിയവയാണ് ഈ മാമാങ്കത്തിന്‍റെ ലക്ഷ്യങ്ങള്‍. അതിനോട് അനുബന്ധിച്ചിറങ്ങിയ പരസ്യങ്ങളിലെ മോഡലുകളുടെ കൈകള്‍ നിറയെ പാക്കറ്റുകളും സഞ്ചികളും മുഖം നിറയെ ചിരിയുമാണ്. കടകളില്‍ വാങ്ങാന്‍ കിട്ടുന്നത് സന്തോഷമാണെന്നു സാരം. സര്‍ക്കാര്‍ സംഘടിപ്പിച്ചുവരുന്ന മറ്റൊരു പരിപാടിയാണു ഗ്ലോബല്‍ ഇന്‍വെസ്റ്റേസ് മീറ്റ് (ജിം). നാലുകാശു കൈയിലുള്ളവരെ ലോകമെമ്പാടുനിന്നും കേരളത്തിലെത്തിക്കുക, വീതികൂടിയ നിരത്തുകളും അവയ്ക്കിരുവശവുമുള്ള ചില്ലില്‍ പൊതിഞ്ഞ കെട്ടിടങ്ങളും കാണിക്കുക, കല്ലെറിയാന്‍ ഇപ്പോള്‍ ഇവിടെ ആളുകളില്ലെന്ന് ഉറപ്പുനല്കുക, മുതല്‍ മുടക്കാന്‍ അപേക്ഷിക്കുക - ഇവയൊക്കെയാണു ജിമ്മിന്‍റെ ലക്ഷ്യങ്ങള്‍. ഒരുവശത്ത് കൂടുതല്‍ കൂടുതല്‍ ഉപഭോഗിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുക, മറുവശത്ത് കൂടുതല്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ മുതലാളികളോട് അപേക്ഷിക്കുക- ഇത്രയുമായാല്‍ നമ്മുടേത് 'വൈബ്രന്‍റ് ഇക്കോണമി' ആയിരിക്കുമെന്നാണ് 'വിവരമുള്ളവര്‍' പറയുന്നത്.

2001 ല്‍ അമേരിക്ക ആക്രമിക്കപ്പെട്ടിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജോര്‍ജ് ബുഷ് ഉപദേശിച്ചത് "Americans, go shopping'' എന്നാണ്. കാര്യങ്ങളൊക്കെ കുഴപ്പമില്ലാതെ നടക്കുന്നു എന്നതിന്‍റെ തെളിവ് ആളുകള്‍ കടയില്‍ പോകുന്നു എന്നതാണത്രേ. നമ്മുടെ സര്‍ക്കാരും സമാനമായ രീതിയില്‍ ചിന്തിക്കുന്നു. അമേരിക്കന്‍ സാധനങ്ങള്‍ നമ്മുടെ കടകളില്‍ കിട്ടുകയും അതു വാങ്ങാന്‍ പൗരന്മാരുടെ കൈയില്‍ കാശുമുണ്ടെങ്കില്‍ പിന്നെ അമേരിക്കയും കേരളവും തമ്മില്‍ എന്തു വ്യത്യാസം?

ഉപഭോഗത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, ചില ആകുലതകളുടെ കാര്യത്തിലും നമ്മള്‍ ഇപ്പോള്‍ അമേരിക്കക്കാരെപ്പോലെയാണ്. ഓസോണ്‍ പാളിയിലെവിടെയോ തുള വീഴുന്നു, ധ്രുവങ്ങളിലെവിടെയോ മഞ്ഞുരുകുന്നു, മഴക്കാടുകള്‍ എവിടെയോ അപ്രത്യക്ഷമാകുന്നു.... കാര്യങ്ങളുടെ പോക്ക് അത്ര ശരിയായ രീതിയിലല്ലെന്നു സാക്ഷരകേരളം പൊതുവെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ കൂടതൈകള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്; "സേവ് ഏര്‍ത്ത്" എന്നു വിളിച്ചു പറയുന്ന ടീഷര്‍ട്ടുകളിട്ട യുവാക്കള്‍ ബൈക്കുറാലി സംഘടിപ്പിക്കുന്നുണ്ട്; 'ഗ്രീന്‍' എന്ന ലേബലൊട്ടിച്ച  ഫ്രിഡ്ജുകള്‍ കമ്പനിക്കാര്‍ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

കാശും പച്ചപ്പും നിറഞ്ഞ നാട് - അതാണു നാം സ്വപ്നം കാണുന്ന കേരളം. തുമ്പികള്‍ പാറിക്കളിക്കുന്നതിനിടയിലൂടെ കാറോടിക്കാനാകുക, മാനുകള്‍ തുള്ളിയോടുന്നത് ജനാലയില്‍കൂടി കണ്ടുകൊണ്ട് കംപ്യൂട്ടര്‍ പണി ചെയ്യാനാകുക, ഓളം വെട്ടുന്ന നദിയുടെ കരയിലെ പഞ്ചനക്ഷത്രഹോട്ടലിലിരുന്നു വിസ്കിയിറക്കാനാകുക-ഇവയൊക്കെത്തന്നെയല്ലേ ദൈവത്തിന്‍റെ സ്വന്തംനാട്?  അത്തരമൊരു നാടുണ്ടാക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചകളുമാണ് എവിടെയുമിപ്പോള്‍.

പക്ഷെ ഭൂമിയെ ഒട്ടും വിരൂപമാക്കാതെ നമ്മുടെ എല്ലാ വിശപ്പുകളെയും തൃപ്തിപ്പെടുത്താനാകുമോ? ഉപഭോഗം ഒരു സുന്ദരാനുഭൂതിയായി മാത്രം നിലനിര്‍ത്താനാകുമോ? ആകുമെന്നാണു മാളുകള്‍ കാണുമ്പോള്‍ തോന്നിപ്പോകുക. അവിടെ അടുക്കിവച്ചിരിക്കുന്ന ആപ്പിളുകള്‍, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മീനുകള്‍, നിരത്തിവച്ചിരിക്കുന്ന മൊബൈലുകള്‍ ഒക്കെ എത്രസുന്ദരം, എത്ര ക്ലീന്‍! പക്ഷേ അതു മാളാണ്, ശീതീകരിച്ച മുറിയാണ്, മായാലോകമാണ്. മാളിന്‍റെ പുറത്തെ ലോകം സുന്ദരമോ ക്ലീനോ അല്ലല്ലോ - അവിടം വല്ലാതെ വിരൂപമാണ്. നാഗ്പൂരിലെവിടെയോ ആപ്പിള്‍ തോട്ടങ്ങളില്‍ വിഷം ചീറ്റപ്പെടുന്നുണ്ട്. വയറ്റില്‍ മുട്ടകള്‍ പേറുന്ന അമ്മമീനുകളുടെ വയറുകള്‍ എവിടെയോ പിളര്‍ക്കപ്പെടുന്നുണ്ട്. ചതുപ്പുനിലങ്ങളിലെവിടെയോ നമ്മള്‍ കളഞ്ഞ മൊബൈലുകളും ലാപ്ടോപ്പുകളും കൂനകളായി കിടക്കുന്നുണ്ട്. നിങ്ങള്‍ മാര്‍ബിളിനു ഓര്‍ഡര്‍ കൊടുക്കുന്ന അതേനിമിഷം രാജസ്ഥാനിലെവിടെയോ ഭൂമി തുരക്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ടാകും. മകളുടെ കല്യാണത്തിന് അന്‍പതു പവന്‍ സ്വര്‍ണ്ണം വാങ്ങുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്, ഒരു പ്രദേശത്തെ മരങ്ങള്‍ ചുടുക കൂടിയാണ്. ഇറാഖില്‍ നിന്നൂറ്റിയെടുത്ത പെട്രോള്‍ കൊണ്ടോടുന്ന കപ്പലില്‍ നിങ്ങള്‍ കൊതിക്കുന്ന ലാപ്ടോപ്പ് നിങ്ങളെ തേടി വരുന്നുണ്ട്...

ഉപഭോഗംകൊണ്ട് ഭൂമി മലിനപ്പെടുന്നതാണു പ്രശ്നമെങ്കില്‍ അതിനു പല പരിഹാരമാര്‍ഗ്ഗങ്ങളുണ്ടത്രേ: പുകയില്ലാത്ത ഫാക്ടറി, ബാറ്ററി കൊണ്ടോടുന്ന വണ്ടി... അങ്ങനെ പലതും. ഉത്പന്നങ്ങള്‍ പ്രകൃതിക്കിണങ്ങിയതും  ഉത്പാദനം കാര്യക്ഷമവും ആക്കിയതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമോ?  മൈലേജ് കൂടുതലുള്ള വണ്ടികളുടെ വരവോടെ എണ്ണയുടെ ഉപഭോഗം കുറയുകല്ല, കൂടുകയാണു ചെയ്തത്. കൂടുതല്‍ വണ്ടികള്‍, കൂടുതല്‍ ദൂരം, കൂടുതല്‍ തിരക്ക്. ഉത്പാദനം എത്ര മെച്ചപ്പെട്ടതുമാകട്ടെ, ചില കാര്യങ്ങള്‍ ഉപഭോഗിച്ചു തീര്‍ക്കാതെ ഒരുത്പാദനവും നടക്കില്ലല്ലോ. ഓരോ വണ്ടിയും നിരത്തിലിറങ്ങുന്നത് കുറെ ലോഹവും വെള്ളവും മണ്ണും വായുവും ഉപഭോഗിച്ചു തീര്‍ത്തിട്ടാണ്. അമേരിക്ക ഇറാഖിനെ ആക്രമിച്ചത് അമേരിക്കന്‍ സ്റ്റൈല്‍ ഡ്രൈവിംഗ് സംരക്ഷിക്കാന്‍ മാത്രമായിരുന്നെന്നാണു ലണ്ടന്‍ പത്രം ഗാര്‍ഡിയന്‍ പച്ചക്കു പറഞ്ഞത്. അവര്‍ ഉപഭോഗിച്ചു തീര്‍ത്തത് കുറെ ലോഹവും എണ്ണയും മാത്രമല്ല, ഒരു ജനതയെയും അവരുടെ സംസ്കാരത്തെയുമാണ്. ചൈനക്കാര്‍ സുഡാനിലും ഇന്ത്യക്കാര്‍ ജോര്‍ജിയയിലുമൊക്കെ വിസ്തൃത പ്രദേശങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് ഉപഭോഗിക്കാന്‍ ഒരുപാട് ഉത്പാദിപ്പിക്കണം. ഒരുപാട് ഉത്പാദിപ്പിക്കാന്‍ പ്രകൃതിയെ ഒരുപാട് ഉപഭോഗിക്കണം. നിങ്ങള്‍ ഒരു മാസം കൊടുക്കുന്ന അഞ്ഞൂറു രൂപ നിങ്ങള്‍ ഉപഭോഗിച്ച കറണ്ടിന്‍റെ മാത്രം വിലയാണ്. ഉപഭോഗിച്ചു തീര്‍ക്കപ്പെട്ട വനപ്രദേശത്തിനും കുടിയിറക്കപ്പെട്ട ജീവിതങ്ങള്‍ക്കും പക്ഷേ ആരു വില കൊടുക്കും?  ഉത്പാദനത്തില്‍ ഉത്പാദനം മാത്രമല്ല നടക്കുന്നത്, ഒരുപാടു കാര്യങ്ങളുടെ ഉപഭോഗം കൂടിയാണ്.

ഒരുവശത്ത് നാം ഭൗമദിനം ആഘോഷിക്കുന്നു; മറുവശത്ത് നാം കടയിലേക്കോടുന്നു. എന്തുകൊണ്ടാണിങ്ങനെ? ഒരു പ്രധാന കാരണം വികസനത്തെ സ്വാതന്ത്ര്യമായിട്ടു കരുതുന്നതാണെന്നു തോന്നുന്നു. ഉദാഹരണത്തിന്, പണ്ട് ആകെയുണ്ടായിരുന്നത് ഒരു അംബാസിഡര്‍ കാറാണ്. ഇന്നാകട്ടെ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. പണ്ട് ഒരു ഫോണ്‍ കണക്ഷന്‍ കിട്ടാന്‍ മാസമൊന്നു കാത്തിരിക്കണം. ഇപ്പോളാകട്ടെ മിനിറ്റുകള്‍ മാത്രം മതി. നമ്മുടെ ഏതാവശ്യത്തെയും തൃപ്തിപ്പെടുത്താന്‍ ഇന്നു മാര്‍ക്കറ്റിനാകുന്നുണ്ട്. ഇതുവരെയില്ലാതിരുന്ന ഒരു സ്വാതന്ത്ര്യം അങ്ങനെ നാം അനുഭവിക്കുന്നുമുണ്ട്. പക്ഷേ ഉയരേണ്ട ഒരു ചോദ്യം എത്രകണ്ടു സ്വതന്ത്രമാണ് ഈ ആവശ്യങ്ങളൊക്കെ എന്നതാണ്. പിറന്നുവീഴുന്ന ഒരു കുഞ്ഞിന് എന്തൊക്കെ ആവശ്യങ്ങളാണുള്ളത്? അമ്മിഞ്ഞപ്പാലും താരാട്ടും എന്നായിരുന്നു ഇതുവരെയുള്ള നമ്മുടെ ധാരണ. എന്നാല്‍ ഇപ്പോള്‍ നാമറിയുന്നു, അവര്‍ക്കു വായില്‍ വയ്ക്കാന്‍ പാസിഫയറും ഇടാന്‍ ഡയപ്പറും കളിക്കാന്‍ ടെഡി ബെയറും ഒക്കെ വേണമെന്ന്. പുതിയ പുതിയ ആവശ്യങ്ങള്‍ അനുദിനം നിര്‍മ്മിക്കപ്പെടുകയാണ്. ഒരു ക്രിക്കറ്റു കളിക്കാരനെ നോക്കുക. അയാളുടെ നെഞ്ചിലും ഉരത്തിലും തുടയിലുമിരുന്ന് ഓരോ ഉല്‍പന്നത്തിന്‍റെ പേരു നമ്മെ നോക്കുന്നുണ്ട്. ടി.വി.യില്‍ ഇടവേളയായി, ബുദ്ധിജീവികളുടെ ചര്‍ച്ചകളുടെ സ്പോണ്‍സേസായി, ഡോക്ടര്‍മാരെയും സുന്ദരിമാരെയും നിയന്ത്രിക്കുന്ന അരൂപികളായി, കൂറ്റന്‍ ബില്‍ബോര്‍ഡുകളായി, ബസിന്‍റെയും ട്രെയിനിന്‍റെയും ബോഡിയിലെഴുതിവച്ചിരിക്കുന്ന ഓര്‍മപ്പെടുത്തലുകളായി ഉല്‍പന്നങ്ങള്‍ നമ്മുടെ മുമ്പിലെത്തുന്നു. പുതിയ സ്റ്റാറ്റസ് സിംബലുകളും പുതിയ നാണക്കേടുകളും പുതിയ സൗന്ദര്യചിന്തകളും അവ നമ്മില്‍ രൂപപ്പെടുത്തുന്നു. അവയ്ക്കനുസരിച്ച് ജീവിതത്തെ പരുവപ്പെടുത്താന്‍ പല വേഷങ്ങളും നാം കെട്ടേണ്ടിവരുന്നു: സായിപ്പിന്‍റെ ശരീരമുഴിയുന്ന ആയുര്‍വേദക്കാരന്‍, അമേരിക്കന്‍ ശൈലിയില്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കുന്ന കോള്‍ സെന്‍റര്‍ തൊഴിലാളി, കുട്ടികള്‍ക്കു വാഗ്ദാനങ്ങള്‍ കൊടുത്ത് സ്കൂളിലെത്തിച്ച് കമ്മീഷന്‍ പറ്റുന്ന അധ്യാപകന്‍, സ്റ്റോക് എക്സ്ചേഞ്ചില്‍ പൈസയിട്ടിട്ട് എല്ലാം ശരിയാകാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവവിശ്വാസി... അങ്ങനെ പലതും.

ഒന്നുകില്‍ നിലയ്ക്കാത്ത ഉപഭോഗം, അല്ലെങ്കില്‍ ഒടുങ്ങാത്ത തെളിനീരും കുളിര്‍കാറ്റും. ഇതിലേതു വേണമെന്നൊരു തെരഞ്ഞെടുപ്പ് നാം നടത്തിയേതീരൂ. നമ്മുടെ ഭരണകൂടത്തില്‍ നിന്ന് കാര്യമായിട്ടൊന്നും പ്രതീക്ഷിക്കാനില്ല. മോഡിയും അംബാനിയും ഗാഢമായി പുണര്‍ന്നു നില്ക്കുന്നത് അടുത്തയിടെ നാം കണ്ടതാണല്ലോ. മതനേതൃത്വങ്ങളും നമുക്കു പ്രതീക്ഷ നല്കുന്നില്ല. ദേവാലയത്തിനകത്ത് സ്വര്‍ഗത്തെക്കുറിച്ചു മാത്രം പറയുന്നവര്‍ തന്നെയാണ് അതിനു പുറത്ത് ഷോപ്പിംഗ് ക്ലോപ്ലക്സുകള്‍ നടത്തുന്നതും അമേരിക്കയെ മാത്രം സ്വപ്നം കാണുന്ന കുട്ടികളെ വാര്‍ത്തെടുക്കുന്നതും. ഇത്തരമൊരു കാലത്ത് കൈകഴുകി മാറിനില്ക്കാനല്ല, വ്യക്തിപരവും സംഘാതവുമായ മുന്നേറ്റങ്ങള്‍ ഏറ്റെടുക്കാനാണു ശ്രമങ്ങളുണ്ടാകേണ്ടത്. ചില സാധനങ്ങള്‍ വാങ്ങില്ലെന്ന തീരുമാനം നമ്മള്‍ ഉപഭോക്താക്കളല്ല, പൗരന്മാരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്തലാണ്. മലബാര്‍ ഗോള്‍ഡാണു നല്ലതെന്നു മോഹന്‍ലാല്‍ പറഞ്ഞാലും അതു വാങ്ങില്ലെന്നു വയ്ക്കുന്നത്, നമ്മള്‍ പാവകളല്ലെന്ന പ്രഖ്യാപനമാണ്. വെള്ളക്കാരനെ ഉഴിഞ്ഞു കിട്ടുന്ന കാശുകൊണ്ട് കാറില്‍ പോകുന്നതിലും എത്രയോ ഭേദമാണ് നടന്നുപോകുന്നത്. ആരോ എവിടെയോ ഉണ്ടാക്കിയ ക്വാളിഫ്ളവറിനെക്കാള്‍ എത്രയോ ഹൃദ്യമാണ് നമ്മുടെ മുറ്റത്തെ വെണ്ടയിലെ വെണ്ടക്ക. നമ്മുടെ ജീവിതം നമ്മള്‍ നിയന്ത്രിക്കുക. നമ്മുടെ തൊടിയിലും പറമ്പിലും പൂമ്പാറ്റകളും കിളികളും പറക്കട്ടെ. വരും തലമുറകളോടുള്ള കരുതല്‍ നമ്മുടെ വിശപ്പുകളെ നിയന്ത്രിക്കട്ടെ.വിശപ്പ് ഒടുങ്ങുന്ന ഭൂമി 

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts