ദൈവത്തിനുപോലും സഹിക്കാതെ പോയ ഒരു കാര്യമായിരുന്നു അത് - ഒരാള്‍ തനിച്ചാണെന്നത്. അങ്ങനെയാണ് ആദത്തിന് കൂട്ടുകൊടുക്കുകയെന്ന ലളിതമായ പരിഹാരത്തില്‍ കാര്യങ്ങളെത്തിയത്. എന്നാല്‍ വൈകാതെ അവനും അവളും അറിയും കൈകോര്‍ത്തിരിക്കുമ്പോഴും ആത്യന്തികമായി ജീവിതത്തിന്‍റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലൊക്കെ ഓരോരുത്തരും വല്ലാതെ തനിച്ചാണെന്ന്. പെനാല്‍ട്ടി കിക്ക് എടുക്കുന്ന ഗോളിയുടെ ഏകാന്തത എന്നൊക്കെ എഴുത്തുകാര്‍ പറയുന്നതിതാണെന്നു തോന്നുന്നു. ഒരു മൈതാനം നിറയെ കാണികള്‍ എനിക്കായി ആര്‍പ്പുവിളിക്കുന്നുണ്ട്. എന്നാല്‍ പന്തിനും ഗോള്‍മുഖത്തിനുമിടയില്‍ തടയാന്‍ ഒരാളില്ല. മനുഷ്യനായിരിക്കുക എന്നതിന് ഒരാള്‍ കൊടുക്കേണ്ടി വരുന്ന കപ്പമാണത്. ഒന്നോര്‍ത്താല്‍ ദൈവത്തിന്‍റെ ദൃഷ്ടി പതിഞ്ഞ മിക്കവാറും മനുഷ്യരൊക്കെ അങ്ങനെയായിരുന്നു - തനിച്ച്. ഒറ്റയ്ക്കു നടക്കാന്‍ ദൈവം ചിലരെ പ്രലോഭിപ്പിച്ചു. കടല്‍ വലിഞ്ഞ് കരയെ ദൃഢപ്പെടുത്തുന്നതുപോലെ അവരെ ബലപ്പെടുത്തി. ഊര്‍ ദേശം വിട്ടുപോന്ന അബ്രാഹമിലും അന്യനാട്ടില്‍ ജീവിക്കുന്ന ജോസഫിലും വിമോചകനായ മോശയിലും അപ്പന്‍റെ പരിഗണനപോലും പതിക്കാത്ത ദാവീദിലും കൂട്ടുകാരി ചതിച്ച സാംസനിലും തീപിടിച്ച ആത്മാവുള്ള ഏലിയായിലും ഏറ്റവുമൊടുവില്‍ യേശുവിലുമൊക്കെ ആ വിചാരത്തിന്‍റെ പ്രകാശപരാഗങ്ങള്‍ വീണു കിടപ്പുണ്ട്.
തനിയെ നിന്ന് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ പരസഹസ്രങ്ങളില്‍ നിന്ന് ഒരേയൊരു സ്ത്രീയെ ബോധത്തിലേക്കു കൊണ്ടുവരിക - ഹാഗാറാണത്. അവളെ ആരും മറക്കാതിരിക്കാനാണ് തൂവെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകര്‍ സഫാ, മര്‍ഫാ കുന്നുകള്‍ക്കിടയില്‍ ഈ കൂട്ടയോട്ടത്തില്‍ ഏര്‍പ്പെടുന്നത്. മരിക്കുന്ന കുഞ്ഞിനുവേണ്ടി ഒരിറ്റുജലം തേടി ഭ്രാന്തോളമെത്തിയ ഒരു സ്ത്രീയുടെ നിലവിളി കാറ്റിലിപ്പോഴുമുണ്ട്.
മരുഭൂമിയില്‍ ആയിരുന്നു അവളെപ്പോഴും, അകത്തും പുറത്തും ചുട്ടുപൊള്ളി. മിക്കവാറും സ്ത്രീകളുടെ തലവരയാണതെന്ന് പറഞ്ഞാല്‍ പരിഭവിക്കരുത്. ജീവിതാനുഭവങ്ങളില്‍ മനസ്സുമടുത്ത് ചിലര്‍ സ്വയം മരുഭൂമി സൃഷ്ടിക്കുന്നു. വേറേ ചിലരതിലേക്ക് നിര്‍ദാക്ഷിണ്യം എറിയപ്പെടുന്നു. ഹാഗാറിന്‍റെ കാര്യത്തില്‍ അതു സമാസമമാണ്.
രണ്ടു മരുഭൂമികള്‍ക്കിടയില്‍ അടയാളപ്പെടുത്താവുന്നതാണ് അവളുടെ ജീവിതം. ആദ്യത്തേതില്‍ അവളതിലേക്ക് ഒളിച്ചോടുകയായിരുന്നു. ഒരു സ്ത്രീ വീടുവിട്ടുപോകുക എന്നുള്ളത് നമുക്ക് സങ്കല്പിക്കാനാവാത്ത പ്രതിസന്ധിയിലും സമ്മര്‍ദ്ദത്തിലും മാത്രമാണെന്ന് തോന്നുന്നു. കാരണം, ഞങ്ങള്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി കുറെക്കൂടി സഹിക്കാനും ക്ഷമിക്കാനും കാത്തിരിക്കാനുമൊക്കെ പ്രപഞ്ചം അവരെ പരുവപ്പെടുത്തിയെടുക്കുന്നത് അതിനുവേണ്ടിയാണെന്നു തോന്നുന്നു. പന്ത്രണ്ടു വയസ്സു മുതല്‍ എന്‍റെ മകള്‍ കടന്നുപോകേണ്ടി വരുന്ന മാസത്തിന്‍റെ അസൗകര്യംപോലും ആ അനുശീലത്തിന്‍റെ ഭാഗമാണ്. എന്നിട്ടും അവള്‍ക്ക് പോലും താങ്ങാനാവുന്നില്ല വീടിനെ.
ഒരു സ്ത്രീയെ തനിച്ചാക്കാതിരിക്കാന്‍ കുറെക്കൂടി ശ്രദ്ധിക്കേണ്ടത് മറ്റൊരു സ്ത്രീ തന്നെയാവണമെന്നു തോന്നുന്നു. കൂട്ടിക്കുറച്ച് ഹരിച്ച് കഴിയുമ്പോള്‍ ഒരു പുരുഷനും ഇന്നോളം ഒരു സ്ത്രീയെയും മനസ്സിലാക്കിയിട്ടില്ലെന്നോര്‍ക്കണം. അവള്‍ക്ക് ചേര്‍ന്നു നില്ക്കുവാന്‍ മറ്റൊരു സ്ത്രീയുടെ തോളേയുണ്ടാകൂ. എന്നിട്ടും ഹാഗാറിന് ആ ഭാഗ്യമില്ല. സാറയുടെ അനുഭാവത്തിനോ ആദരവിനോ പാത്രമല്ലവള്‍. അതാണവളുടെ ജീവിതത്തെ കഠിനമാക്കുന്നത്. പിന്നെ മനസ്സുകൊണ്ടോ ശരീരം കൊണ്ടോ പലായനമല്ലാതെ വേറേ വഴികളില്ല.
നിങ്ങള്‍ ഓടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരിക്കലും നില്ക്കാനാവില്ലയെന്ന ചെറിയൊരു പ്രശ്നമുണ്ട്. ഓടിത്തുടങ്ങുന്ന ഒരാള്‍ക്ക് തീപിടിച്ച കാലുകളാണ്. ദിശയറിയാത്ത ആ വ്രണിതജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാനായി അവളെ പ്രേരിപ്പിക്കുന്നത് മരുഭൂമിയിലെ ദേവദൂതനാണ്. മരുഭൂമിയില്‍ അത്തരം സാന്ത്വനത്തിന്‍റെ വാനാരൂപികള്‍ ധാരാളമുണ്ടാകണം. നാല്പത് ദിനങ്ങള്‍ നീണ്ട യേശുവിന്‍റെ മരുഭൂമിവാസത്തിനൊടുവില്‍ മാലാഖമാര്‍ വന്ന് അവനെ പരിചരിച്ചു എന്നൊരു പുതിയനിയമസൂചനയുണ്ടല്ലോ. അവര്‍ എല്ലായിടത്തുമുണ്ട്. ഏത് ചുട്ടുപൊള്ളുന്ന ഇടങ്ങളിലും!
ജീവിതത്തെ ആന്തരികമായി നേരിടാനുള്ള ക്ഷണമാണ് അവള്‍ക്ക് ദൈവദൂതനില്‍ നിന്ന് ലഭിക്കുന്നത്. വളരെ ലളിതമായ രണ്ടുചോദ്യങ്ങള്‍ കൊണ്ടാണ് അവളെ ആ ചൈതന്യം നേരിടുന്നത്. ഒന്നോര്‍ത്താല്‍ സരളമായ ചോദ്യങ്ങളാണ് നമ്മുടെ ചെറിയ ജീവിതത്തെയിട്ട് വട്ടം കറക്കുന്നത്. തിരക്കുള്ള ഒരു നഗരത്തെ ഒരു കുഞ്ഞന്‍ചോദ്യം കൊണ്ട് ഒരു ബുദ്ധഗുരു നിശ്ശബ്ദനാക്കിയതുപോലെ. ഒരുപ്രഭാതത്തില്‍ അയാള്‍ എല്ലാവരോടും ചോദിച്ചു, എങ്ങോട്ടാണ് പോകുന്നത്? എല്ലാവര്‍ക്കും കൃത്യമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു - സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്, പള്ളിക്കൂടത്തിലേക്ക്, പള്ളിയിലേക്ക്, പണിശാലയിലേക്ക് എന്നൊക്കെ. പിറ്റേന്നും അയാള്‍ അവിടെത്തന്നെയുണ്ട്. തലേന്നത്തെ ചോദ്യം ആവര്‍ത്തിച്ച്. എന്നാല്‍ ഇത്തവണ ഉത്തരങ്ങള്‍ക്ക് അത്ര ഉറപ്പുപോരാ. ദൃഢതയുമില്ല. ആള്‍ക്കൂട്ടം സന്ദേഹികളാവുന്നു. മൂന്നാംദിവസവും തനിയാവര്‍ത്തനം. അതോടുകൂടി ജപ്പാനിലെ തിരക്കുപിടിച്ചൊരു നഗരം നിശ്ശബ്ദമായിപ്പോയി. അവരിപ്പോഴും മിണ്ടിയിട്ടില്ല! ശരിക്കും എങ്ങോട്ടാണ് പോകുന്നത്?
ഹാഗാര്‍, നീയെവിടുന്നു വരുന്നു.? നീയെവിടേക്ക് പോകുന്നു.? സത്യമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. വ്യക്തമായ കാഴ്ചയാണ് സത്യം. ഒരടിമസ്ത്രീയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കിളിവാതില്‍ തുറക്കപ്പെടുകയാണ്. സ്വന്തം സ്വത്വം കണ്ടെത്താനുള്ള ക്ഷണമാണത്. അതോടുകൂടി അവള്‍ക്ക് അഗാധമായ വേരുകള്‍ ഉണ്ടായി. തന്‍റെ പ്രഭവമെന്ത്, നിയോഗമെന്ത് എന്നാണ് ആ ചോദ്യങ്ങളുടെ സാരമെന്ന് മനസ്സിലാക്കാന്‍ പ്രകാശമുള്ള സ്ത്രീയായിരുന്നു അവള്‍. അപ്പോള്‍ അവള്‍ക്ക് മനസ്സിലായി അന്നന്നത്തെ ആഹാരത്തിനുവേണ്ടി തന്നെ അടിമപ്പണി ചെയ്യിക്കുന്ന സാറയല്ല തന്‍റെ യജമാനത്തി. രണ്ടു സ്ത്രീകള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ നിശബ്ദത പുലര്‍ത്തുക എന്ന പുരാതനതന്ത്രം പ്രയോഗിക്കുന്ന അബ്രാഹമല്ല തന്‍റെ യജമാനനെന്ന്. തനിക്ക് അതിനേക്കാള്‍ പുരാതനവും അഗാധവുമായ ചിലയിടങ്ങള്‍ ഉണ്ടെന്ന്. ഇതളല്ല പൂവെന്ന പ്രകാശമാണത്. അഞ്ചിതള്‍പ്പൂവിന്‍റെ ഇതളടര്‍ത്തി വീണ്ടും ക്യുക്ക്ഫിക്സ് കൊണ്ട് ഒട്ടിച്ചാല്‍ പൂവുണ്ടാവില്ല എന്ന ലളിതമായ പാഠമാണത്. പൂവ് മറ്റെന്തോ ആണ്. നിങ്ങളാരാണ് എന്ന ചോദ്യത്തിന് ഒരു സാധാരണ സ്ത്രീയില്‍ നിന്ന് കിട്ടാവുന്ന ചില ഉത്തരങ്ങള്‍ പരിശോധിക്കുക. പേര്, തൊഴില്‍, അമ്മ, ഭാര്യ... എന്നാല്‍ ഇതെല്ലാം കൂട്ടിച്ചേര്‍ത്താലും നിങ്ങളാവുന്നില്ലല്ലോ. കുറെക്കൂടി പ്രഭാപൂരിതമായ ചില ഉറവിടങ്ങളുമായി ബന്ധപ്പെട്ടു നില്ക്കാനുള്ള പ്രേരണയാണ് ഹാഗാറിന് ലഭിക്കുന്നത്. അങ്ങനെയാണ് എപ്പോഴോ കളഞ്ഞുപോയ അവളുടെ ചിരി പലമടങ്ങ് ശോഭയോടെ അവള്‍ക്ക് തിരികെ കിട്ടിയത്. കണ്ടില്ലേ ഒരു ചെറുപ്പക്കാരന്‍ അബ്രാഹത്തിനു മുമ്പേ ഞാനുണ്ടായിരുന്നെന്ന് ഹുങ്കു പറയുന്നത്? അപ്പോള്‍ നിനക്ക് നാല്പതുവയസ്സുപോലും ആയിട്ടില്ലായെന്ന് പറഞ്ഞ അവന്‍റെ കാലം അവനോട് കലമ്പുന്നത്? അയാളും ചിരിക്കുകയാണ്.
പിന്നെ, ഓരോരുത്തരുടെയും ജീവിതം കൊണ്ട് ജീവിക്കുക, മരിക്കുക എന്നല്ലാതെ എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നുള്ള അന്വേഷണമാണ്. എല്ലാത്തിനും ചില ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നു കരുതുന്ന ഭൂമിയില്‍ ഒരടിമസ്ത്രീയുടെ ജീവിതത്തിന്‍റെ നിയോഗമെന്ത്? ഒരു വില്ലാളിയും ലക്ഷ്യമില്ലാതെ അമ്പെയ്തിട്ടില്ലെന്ന് ആര്‍ക്കാണ് അറിവില്ലാത്തത്? അങ്ങനെയെങ്കില്‍ ആ പരാശക്തിയുടെ വില്ലില്‍ നിന്ന് തൊടുത്തുവിട്ട അസ്ത്രമെന്ന നിലയില്‍ എന്‍റെ ജീവിതത്തിന്‍റെ ഉന്നമെന്ത്? അതില്ലാതെ എങ്ങനെയാണ് ഒരാളുടെ ജീവിതത്തിന് ഏകാഗ്രതയും മൂര്‍ച്ചയുമുണ്ടാകുക.? തങ്ങളുടെ മിഥ്യാലോകത്ത് പരമാവധി മനുഷ്യര്‍ കണ്ടെത്തുന്നതു രണ്ടേരണ്ട് കാര്യങ്ങളാണെന്ന് ക്രിസ്തു പരിഹസിക്കുന്നുണ്ട്. നോഹയുടെ കാലം വരെ മനുഷ്യര്‍ കല്യാണം കഴിച്ചും കഴിപ്പിച്ചും ജീവിച്ചു. ഏതു കാലത്തിലാണ് അത് അങ്ങനെയല്ലാത്തത്? തെല്ല് മുതിരുന്ന കാലം തൊട്ട് നമ്മുടെ സങ്കല്പങ്ങള്‍ ഗാര്‍ഹിക ജീവിതവുമായി ബന്ധപ്പെട്ടാണ്. അവള്‍ മിടുക്കിയാവുന്നതും അവന്‍ തൊഴില്‍ പഠിക്കുന്നതും ഒക്കെ അതിനുവേണ്ടിയാണ്. സെക്ഷ്വല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജിജ്ഞാസകള്‍ പോലും അതിലേക്കുള്ള സൂചനയാണ്. അങ്ങനെ ഇരുപതുകളുടെ ആദ്യപാതിയില്‍ അവളും രണ്ടാംപാതിയില്‍ അവനും അതിലേക്ക് പ്രവേശിക്കുന്നു. അതോടുകൂടി ജീവിതത്തിന്‍റെ രണ്ടാംഘട്ടം ആരംഭിക്കുന്നു. അതില്‍ പിറന്ന കുഞ്ഞുങ്ങളെ ഗൃഹസ്ഥരാക്കുക! രണ്ട് പരിണയങ്ങളുടെ അരങ്ങല്ല ജീവിതം. കുറഞ്ഞ പക്ഷം, അതുമാത്രമല്ലായെന്ന അറിവിലാണ് ഏതൊരാളുടെയും ജീവിതവൃക്ഷത്തിന് പൂക്കളും ഇലകളുമുണ്ടാകുന്നത്. നോക്കൂ ആ അടിമസ്ത്രീ തളിര്‍ക്കുന്നത്.
അവള്‍ മടങ്ങിപ്പോകുകയാണ്. സ്വന്തം ഇടം കണ്ടെത്തിയ അവളിനി ആരുടെയും അടിമയല്ല. സുല്‍ത്താനയെപ്പോലെ തലയുയര്‍ത്തി നാളെയും അവള്‍ അടിമപ്പണി ചെയ്തെന്നിരിക്കും. നിലം തുടയ്ക്കുകയും പാത്രം മോറുകയും ഒക്കെ. എങ്കിലുമവള്‍ക്കറിയാം അവള്‍ അവളുടെത്തന്നെ യജമാനത്തിയാണെന്ന്. സ്വന്തം ഇടം കണ്ടെത്തി അവനവന്‍റെ യജമാനന്‍ ആകാനുള്ള വിളിയാണ് ഈ കൂട്ടയോട്ടങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ പലരും കാണാതെ പോകുന്നത്. അവനവന്‍റെ യജമാനനായി ജീവിക്കുന്ന എത്ര പേരെ നിങ്ങളുടെ ആയുസ്സില്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്? ഒക്കെ യജമാനന്‍റെ മുഖപടമണിഞ്ഞ അടിമകളായിരുന്നു. ചങ്ങാതിവച്ചുനീട്ടുന്ന ഒരു മദ്യക്കോപ്പവേണ്ടെന്നു വയ്ക്കാന്‍ ബലമില്ലാത്തവര്‍. ഒരു കടക്കണ്ണിന്‍റെ ഇളകിയാട്ടം കണ്ടില്ലെന്ന് നടിക്കാനാവാത്തവര്‍. അനിഷ്ടങ്ങളില്‍ ക്ഷോഭിക്കുന്നവര്‍. സങ്കടങ്ങളില്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നവര്‍. ആസക്തികളുടെ വഴുതുന്ന വരമ്പുകളില്‍ തെന്നുന്നവര്‍ - ഇല്ല അധികമാരും അവരവരുടെ യജമാനന്മാരായിരുന്നില്ല. സ്വന്തം വേരുകളെ കണ്ടെത്തി അഗാധമാക്കിയവര്‍ എങ്ങോട്ടു പോകാന്‍! അവര്‍ക്കറിയാം ഏതിടത്തിലും ചില ജലരാശികളുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍.
രണ്ടാമത്തെ മരുഭൂമിയനുഭവം അവളില്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു. അവളെ അതിലേക്ക് അവളുടെ പുരുഷന്‍ തന്നെ ഉപേക്ഷിക്കുന്നതാണ്. അവള്‍ പതറുന്നില്ല. ഖുറാനില്‍ അവളെ കുറെക്കൂടി മിഴിവോടെ വരച്ചിട്ടുണ്ട്. അവള്‍ക്ക് ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതി-ഇങ്ങനെ ചെയ്യുവാന്‍ അള്ളാ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നാണ് അബ്രാഹത്തോട് അവള്‍ ആരായുന്നത്. അതേയെന്ന ഉത്തരത്തിനുമുന്നില്‍ പിന്നെയവള്‍ തര്‍ക്കിക്കുന്നില്ല. അടിമസ്ത്രീയില്‍ നിന്ന് യോഗിനിയിലേക്കുള്ള പരകായപ്രവേശമാണത്. ചില അനുഭവങ്ങളെ കുതറാതെ സ്വീകരിക്കണമെന്ന് കഴിഞ്ഞ കാലങ്ങളിലെ അഗാധവിചാരങ്ങള്‍ അവളെ പഠിപ്പിച്ചിരുന്നു. ഇനി അവള്‍ക്കെന്തു സംഭവിക്കും?
സംഭവിച്ചത് ഇതൊക്കെയാണ്: കരുതിവെച്ച തുരുത്തിയിലെ അവസാനത്തുള്ളി വെള്ളവും തീര്‍ന്നു. കുഞ്ഞു മരിക്കുന്നത് കാണാനാവില്ലെന്ന് പറഞ്ഞ് കുഞ്ഞിന് എതിര്‍വശത്തേക്കു നിന്ന് വാവിട്ട് കരയുന്ന അവളുടെ അടുക്കലേക്ക് ആ പഴയദൂതന്‍ വീണ്ടുമെത്തുന്നു. രണ്ടു കാര്യങ്ങളാണ് അവളോട് ആവശ്യപ്പെടുന്നത്. ഒന്ന് കുട്ടിയെ കൈയിലെടുക്കുക. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, നിന്‍റെ സങ്കടകാരണത്തെ ചേര്‍ത്തുപിടിക്കുക. അത് ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും. ഒന്നോര്‍ത്താല്‍ വാവിട്ട് കരയാന്‍ എന്തെങ്കിലും കാരണമില്ലാത്ത ആരെങ്കിലുമൊരാള്‍ ഈ വാഴ്വിലുണ്ടോ? അതിനെ സ്വീകരിക്കാന്‍ പഠിക്കുമ്പോള്‍ ജീവിതം കുറെക്കൂടി സമചിത്തമാകുന്നു. കാര്യങ്ങളെ വ്യക്തമായി കാണാനാകുന്നു. അപ്പോള്‍ രണ്ടാമത്തേത് സംഭവിക്കും. മിഴി തുറന്ന് കാണുക. ഇപ്പോള്‍ ഹാഗാറിന്‍റെ മുമ്പില്‍ ഒരു കിണറുണ്ട്. ആ വേദപുസ്തകഭാഗമെടുത്ത് വായിക്കൂ. അത്ഭുതകരമായി അത് അവിടെ പ്രത്യക്ഷപ്പെട്ടതിന് സൂചനയൊന്നുമില്ല. ദൈവം അവളുടെ കണ്ണു തുറന്നു. അവളൊരു കിണര്‍ കണ്ടു. അതിന്‍റെ അര്‍ത്ഥം, അത് അവിടെത്തന്നെ ഉണ്ടായിരുന്നു. മിഴിനീരിന്‍റെ അവ്യക്തതകള്‍ക്കിടയില്‍ അവളത് കണ്ടിരുന്നില്ല എന്നു തന്നെ സാരം. ഏതു മരുഭൂമിയിലാണ് നീര്‍ത്തടങ്ങളില്ലാത്തത്? മിഴിതുറന്ന് നോക്കിയാല്‍ മതി. ഞാനോര്‍ക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ ഒരു വീടിനെ നടുക്കടലിലേക്കിട്ടു മരിച്ചുപോയ ഒരു ഗൃഹനാഥന്‍. എങ്ങോട്ട് തുഴയാനാണവര്‍? ഒമ്പതില്‍ പഠിക്കുന്ന മകള്‍ അമ്മയോട് പറഞ്ഞു: 'ഒരു മുറി നിറയെ പഴയ പത്രങ്ങള്‍ അച്ഛന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ. (കൊടിയ രാഷ്ട്രീയ ബോധമുള്ള ഒരാളായിരുന്ന അയാള്‍. നാലുപത്രം കൃത്യമായി വായിച്ചിരുന്നു. ഒന്നും വിറ്റിരുന്നതുമില്ല. എന്തെങ്കിലും ഒന്നു റഫര്‍ ചെയ്യണമെങ്കിലോ?) നമുക്കതുകൊണ്ട് കൂട ഒട്ടിച്ചാലോ?' ഇപ്പോള്‍ അതുകൊണ്ടുതന്നെ ആ തീരെ ചെറിയ ജീവിതനൗക, കരയോട് അടുക്കുന്നുണ്ട്. മുന്നോട്ട് പോകാനുള്ള എന്തെങ്കിലുമൊക്കെ കരുതിവയ്ക്കാതെ ഒരാളെയും അവന്‍ മരുഭൂമിയിലേക്ക് എറിഞ്ഞുകൊടുക്കുന്നില്ലായെന്ന അടിസ്ഥാനവിശ്വാസം മാത്രം ഉലയാതിരിക്കട്ടെ.
അടിമസ്ത്രീ മകനെ ക്ഷത്രിയനെപ്പോലെ വളര്‍ത്തി. അസ്ത്രവിദ്യ അഭ്യസിപ്പിച്ചു. അവന്‍ ഒരു വംശത്തിന്‍റെ വിമോചകനും നേതാവുമായിരുന്നു. അമ്മയെന്ന നിലയില്‍ അവള്‍ക്കനുവര്‍ത്തിക്കാവുന്ന നിയോഗമതായിരുന്നു, ലോകത്തിന്‍റെ ഗതികളെ സാരമായി നിശ്ചയിക്കാന്‍ കെല്പുള്ള മക്കളെ രൂപപ്പെടുത്തുകയെന്നത്. എത്ര നന്നാണ് ചിലര്‍ തനിച്ചാവുന്നത്. എന്തായാലും ഒരുമിച്ച് വസിച്ച് അടിമയായി നിലനില്‍ക്കുന്നതിനെക്കാള്‍ എത്ര മടങ്ങ് നന്മയാണ് കനലില്‍ ചവിട്ടി ആനന്ദനടനമാടുക!
ഈ തപസ്സുകാലത്ത് ഹാഗാറിനെ വായിക്കുമ്പോള്‍ എന്തോ ചില വിദൂരബന്ധത്തിന്‍റെ ഇഴകള്‍ ഹാഗാറിലും ക്രിസ്തുവിനുമിടയില്‍ ഉണ്ടെന്നു തോന്നുന്നു. അളവുകളില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും രണ്ടുപേരിലും സത്യത്തിന്‍റെ സ്വാതന്ത്ര്യമുണ്ട്. സത്യത്തിന്‍റെ സ്വാതന്ത്രമനുഭവിക്കുന്നവര്‍. ക്രിസ്തുവിനുമുണ്ടായിരുന്നു രണ്ട് മരുഭൂമിയനുഭവങ്ങള്‍. തന്‍റെതന്നെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ നാല്പതു ദിവസം അയാള്‍ അവിടെയായിരുന്നു. കാല്‍വരി രണ്ടാമത്തെ മരുഭൂമി. വല്ലാതെ തനിച്ചാവുകയാണ് അയാള്‍. ഇടയനെ അടിക്കുകയും ആടുകള്‍ ചിതറപ്പെടുകയും ചെയ്തിരിക്കുന്നു. ദൈവം തന്നെ കൈവിട്ടു കളഞ്ഞെന്ന തോന്നല്‍. എന്നിട്ടും തന്‍റെ സങ്കടകാരണങ്ങളെ ചേര്‍ത്ത് പിടിച്ച് ഒന്നിനോടും പരിഭവിക്കാതെ നിന്നപ്പോള്‍ അകക്കണ്ണില്‍ ആഴമളക്കാനാവാത്ത ഒരു കടലു കണ്ടു. അതു നിറയെ സ്നേഹമായിരുന്നു. അങ്ങനെയാണ് ദാഹിക്കുന്നുവെന്ന് സര്‍വ്വപ്രപഞ്ചവും ഉലയുമാറ് തെല്ലുമുന്നെ നിലവിളിച്ചയാള്‍ സ്വസ്ഥനായി മടങ്ങിപ്പോയത്.