news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ഉപദേശിക്കുന്ന കാരണവന്മാരുടെ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഇളംതലമുറ നിരന്തര ഓട്ടത്തിലാണ്. പ്രായോഗികവാദികളുടെ കൂട്ടയോട്ടത്തില്‍ കിതയ്ക്കുകയും കുതിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് ഒന്ന് നില്ക്കാനോ ചുറ്റുമൊന്ന് നോക്കാനോ സമയം കിട്ടുന്നില്ല. അപരന്‍ തന്നെ പിന്നിലാക്കിയാലോ എന്ന ഭയംതന്നെ. ജീവിതം കുതിപ്പോ ഓട്ടമോ അല്ല, സ്വച്ഛന്ദമായ ഒരു നടപ്പാണെന്ന് തിരിച്ചറിയുന്ന വളരെക്കുറച്ച് പേര്‍ ഈ കൂട്ടയോട്ടത്തില്‍ നിന്ന് വഴിമാറുന്നുണ്ട്. അവര്‍ക്ക് അവരുടെ ജീവിത പരിസരങ്ങളെയും സഹജീവികളെയും കാണാനുള്ള സാവകാശമുണ്ട്.

എന്‍ട്രന്‍സ് പരീക്ഷകളുടെ വാതിലിന് മുന്‍പില്‍ വരിവരിയായ് നില്‍ക്കുന്ന യുവത്വം എന്ത് ബദലുകളാണ് സൃഷ്ടിക്കുക? ഏറെ പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല. കാരണം അവര്‍ അനുരൂപപ്പെടലിന്‍റെ നീണ്ട ക്യൂവിലാണ്, അച്ചടക്കത്തോടെ. സാമൂഹ്യജീവിയായിത്തീരുകയെന്നതാണ് വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന ലക്ഷ്യം എന്ന സംഗതി നാം പണ്ടേ മറന്നു. ഇപ്പോള്‍ സമൂഹത്തില്‍ സ്വയം സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ പഠിക്കുന്ന ഒരു പരിശീലനപരിപാടിയിലാണ് നമ്മള്‍. 'ജീവിതവിജയത്തിന്' എന്ന തലക്കെട്ടുമായി പുസ്തകങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു, ചുറ്റുമുള്ളവരെ സ്വാധീനിക്കാന്‍ നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ സംസാരിക്കണം, സമ്മര്‍ദ്ദമില്ലാത്ത ജീവിതം നയിക്കാന്‍ എന്തൊക്കെ ജീവിതച്ചിട്ടകള്‍ ശീലിക്കണം, എങ്ങനെ കഴിവുകളെ പരമാവധി പ്രകടിപ്പിച്ച് ഔന്നിത്യത്തിലെത്താം... അങ്ങനെ നിങ്ങളെ പരിശീലിപ്പിക്കാന്‍ അവര്‍ക്ക് നൂറുകൂട്ടം കാര്യങ്ങളുണ്ട്. ഈ പരിശീലനങ്ങളൊക്കെ 'സ്വയം' കേന്ദ്രീകൃതമാണ്. അപരനും ചുറ്റുമുള്ള സമൂഹവും ഞാന്‍ എന്നെത്തന്നെ പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കേണ്ട ഇടങ്ങള്‍ മാത്രം. ഇവിടെയാണ് ചില ജീവിതങ്ങള്‍ ബദലുകളാകുന്നത്.

അവര്‍ ജീവിതത്തെ കാണുന്നത് സ്വന്തം ജീവിതം എന്ന മുഖകണ്ണാടിയിലല്ല, അപരന്‍ എന്ന തുറന്ന ജാലകത്തിലൂടെയാണ്. ഒരുപക്ഷേ, അവര്‍ ജീവിതത്തെ നോക്കിക്കാണുന്ന മാനദണ്ഡങ്ങള്‍ പോലും നമ്മുടെ നടപ്പുസദാചാര ചിന്തയ്ക്ക് നിരക്കാത്തതിനാല്‍ നമ്മെ അതിശയിപ്പിച്ചേക്കാം. അങ്ങനെയാണ് 'പ്രായോഗികബുദ്ധി' അല്പം കുറഞ്ഞ സൈക്കിളച്ചന്‍ ഞങ്ങളുടെ ചിന്തകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. മിക്ക സായാഹ്നങ്ങളിലും കുടിച്ച് ലക്ക്കെട്ട് കടത്തിണ്ണയിലും തെരുവുകളിലും അന്തിയുറങ്ങുന്ന ചില തെരുവുയാചകര്‍ അച്ചന്‍റെയടുത്തുവന്ന് എന്തെങ്കിലും രോഗത്തിന്‍റെ പേര് പറഞ്ഞ്  അത്രകണ്ട് മോശമല്ലാത്ത ഒരു തുക വാങ്ങിപ്പോകുന്നത് പലവട്ടം കണ്ടിട്ട് ഞങ്ങളില്‍ ഒരാള്‍ ചോദിച്ചു: "അച്ചനറിയില്ലേ, അവര്‍ അച്ചനെ പറ്റിക്കുകയാണെന്ന്? ഇവിടെ വന്ന് അച്ചന്‍റെ കയ്യില്‍ നിന്ന് പൈസ മേടിച്ചുകൊണ്ടുപോയി മൂക്കറ്റം കുടിച്ച് റോഡിലും കടത്തിണ്ണയിലുമാണ് അവരുടെ കിടപ്പ്." മനുഷ്യരുടെ കുടിലബുദ്ധിയെക്കുറിച്ച് അച്ചനെ ബോദ്ധ്യപ്പെടുത്താന്‍കൂടിയുള്ള ഒരു ശ്രമമായിരുന്നു അത്. അമ്പരിപ്പിച്ചു കളഞ്ഞു അച്ചന്‍റെ മറുപടി: "പണമുള്ളവര്‍ക്ക് എല്ലാ സന്തോഷങ്ങളുമുണ്ട്. ഇരുന്നു കുടിക്കാന്‍ ശീതീകരിച്ച ബാറുണ്ട്, വിലകൂടിയ മദ്യമുണ്ട്. ആകുലതകളില്ലാതെ ആഘോഷിക്കാന്‍ കൂട്ടുകാരും സുഖമായി ഉറങ്ങാന്‍ വീടുമുണ്ട്. തലചായ്ക്കാന്‍ ഇടംപോലുമില്ലാത്ത ഈ പട്ടിണിപ്പാവങ്ങള്‍ക്ക് അവരുടെ വിഷമങ്ങളൊക്കെ മറന്ന് ഏതെങ്കിലും കടത്തിണ്ണയിലൊന്ന് ചുരുണ്ടുകൂടാന്‍ ഇങ്ങനെയൊക്കെയല്ലേ എനിക്ക് അവരെ സഹായിക്കാനാവുക." ഒരു മൈല്‍ ദൂരം കൂടെ വരാന്‍ വിളിക്കുന്നവനോടൊപ്പം രണ്ടുമൈല്‍ ദൂരമെങ്കിലും യാത്രപോവുക എന്നു പറഞ്ഞ്, ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിച്ച ഗുരു ഇവിടെ വീണ്ടും അവതരിക്കയാണോ? വ്യഭിചാരിണിയുടെ കണ്ണിലൂടെ സമൂഹത്തിന്‍റെ സദാചാരബോധത്തെ വിചാരണ ചെയ്തവന്‍ ഒരു ബദല്‍ജീവിതവും ദര്‍ശനവും സൃഷ്ടിച്ചതുപോലെ.

ലോവെയിസ്റ്റ് ജീന്‍സിനുമുകളില്‍ അടിവസ്ത്രം കാണിച്ചും മംഗ്ലീഷ് പറഞ്ഞും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ബദല്‍ജീവിതങ്ങളുടെ ഒരു പൊയ്മുഖമാണ് സൃഷ്ടിക്കുന്നത്. "യാഥാര്‍ത്ഥ്യത്തെ ഭയപ്പെടുന്ന ഒരു ലോകത്തിരുന്നാണ് നാം ചായമിടുന്നതെ"ന്ന് കല്പറ്റ നാരായണന്‍, 'എന്തിനാണ് എം. ഡി. ഡൈ ചെയ്യുന്നത്?' എന്ന കുറിപ്പില്‍ പരാമര്‍ശിക്കുന്നു. യൗവനപ്രതീതി സൃഷ്ടിക്കുക, പ്രണയപ്രതീതി സൃഷ്ടിക്കുക, ധീരതാപ്രതീതി സൃഷ്ടിക്കുക, സമ്പന്നതാ പ്രതീതി സൃഷ്ടിക്കുക ഇതാണ് ഫാഷന്‍റെ മനഃശാസ്ത്രം. ഒന്നും സത്യത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല, പുറമെ അവയുടെ പൊയ്മുഖം ധരിക്കുന്നുവെന്നെയുള്ളൂ. 'വാനപ്രസ്ഥം', 'അവര്‍' എന്നീ കഥകളിലൂടെ വാര്‍ദ്ധക്യത്തിന്‍റെ ജരാനരകളെ സത്യത്തിന്‍റെ പച്ചവെളിച്ചത്തില്‍ അവതരിപ്പിച്ച ഒരാള്‍ കാഴ്ചക്കാരന്‍റെ കണ്ണുകളില്‍ കറുപ്പുതേച്ച് യുവത്വം വീണ്ടെടുത്ത് നടക്കുമ്പോള്‍ അയാളും സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയക്കുന്ന ഉള്‍ക്കാമ്പില്ലാത്ത വലിയൊരാള്‍ക്കൂട്ടത്തില്‍ പെട്ടുപോവുകയല്ലേ.? ഫാഷനുകളും പുറംമോടികളും അങ്ങനെ ബദലുകളാകാതെ ബദല്‍വൈകൃതങ്ങളാകുന്നു. ചില ഒറ്റയാന്‍ ജീവിതത്തെയും അല്പം വിമര്‍ശനാത്മകമായി കാണേണ്ടതുണ്ട്. തന്‍റെ ചിന്തകളും വിശ്വാസങ്ങളും ഇഷ്ടങ്ങളും രീതികളും മാത്രമാണ് ശരിയെന്നു കരുതി തങ്ങളില്‍ത്തന്നെ അഭിരമിച്ച് ഉള്‍വലിഞ്ഞവരാണവര്‍. ഒറ്റയാന്‍ ജീവിതം ബദല്‍ ജീവിതമല്ല, താന്തോന്നിത്തമാണ്.

ബദല്‍ജീവിതങ്ങള്‍ ഇടുങ്ങിയ വഴിയിലൂടെയുള്ള ഒരു യാത്രയാണ്. ഒരു വശത്ത് എല്ലാവരും നടന്നുപോകുന്ന സുഗമവും വിശാലവുമായ വഴി നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ചെറുത്തുനില്‍പിന്‍റെ ആത്മബലത്തില്‍ ഒരു പുത്തന്‍ ലോകക്രമത്തിനായ് ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്, ഒഴുക്കിനെതിരെ നീന്തുകയാണ്, ആള്‍ക്കൂട്ടത്തില്‍ തനിയെ ആവുകയാണ്.

ആള്‍ക്കൂട്ടം സത്യത്തില്‍ വലിയൊരു ആശ്വാസവും ഉള്‍വലിയലിന്‍റെ സുരക്ഷിതത്വവും തരുന്നുണ്ട്. നൂറോ ഇരുന്നൂറോ പേരുള്ള സമൂഹത്തില്‍ എല്ലാവരുമിരുന്ന് വാതോരാതെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ആ ജനക്കൂട്ടത്തില്‍ തനിച്ചൊന്ന് എഴുന്നേറ്റു നിന്ന് കൂവാനോ നാല്വാക്ക് പറയാനോ ആവശ്യപ്പെട്ടാല്‍ നാമൊന്ന് പരുങ്ങും. എന്നാല്‍, വിരലിലെണ്ണാവുന്ന ചിലര്‍ അതിന് ധൈര്യപ്പെടുന്നു. അങ്ങനെയാണ് സ്ത്രീത്വത്തെ പുരുഷമേല്ക്കോയ്മയുടെ പരിധിക്കുള്ളിലേക്ക് ചുരുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അച്ചടക്കമുള്ള ഒരു വലിയ സദസ്സില്‍ ഒറ്റക്കൂവല്‍ കൊണ്ട് ആര്യ എന്ന കൗമാരക്കാരി വ്യത്യസ്തയായത്. എല്ലാവരും മീന്‍പിടിക്കാന്‍ പോകുന്ന കടലോരത്തുവന്ന്, ഒരു ഗുരു കുറച്ചുമുക്കുവരെ വിളിച്ചിട്ട് പറഞ്ഞു: "വരൂ, നമുക്ക് മനുഷ്യരെ പിടിക്കുവാന്‍ പോകാം." മണ്ണിനു പൊന്നു വിലയുള്ള കാലത്ത് സ്ക്വയര്‍ഫീറ്റ് കണക്കിനു മണ്ണുവിറ്റ് കോടികള്‍ സമ്പാദിക്കേണ്ടപ്പോള്‍, ഒരു ദേവസ്യാച്ചേട്ടന്‍ കൃഷിടിയം വനയിടമാക്കുന്നു. രാസവളങ്ങളും കീടനാശിനികളും അത്യത്പാദനശേഷിയുള്ള വിത്തിനങ്ങളുമുപയോഗിച്ച് കൃഷിവ്യവസായം നടത്തി ലാഭം കൊയ്യേണ്ടിടത്ത് മത്തായി മാത്യൂസ് പ്രകൃതിക്കൃഷി ചെയ്യുന്നു. സ്വന്തം മക്കളെയും കുടുംബത്തെയും നോക്കി 'മാന്യമായി' ജീവിക്കേണ്ട സൈമണേട്ടന്‍ ആര്‍ക്കൊക്കെയോവേണ്ടി പൊതിച്ചോറുമായി പോകുന്നു. പഠിച്ചു വല്ല ഡോക്ടറോ കമ്പ്യൂട്ടര്‍ എഞ്ചീനീയറോ ആകേണ്ട നിബു, പാടത്ത് ചില പ്രകൃതി-ആത്മീയ പരീക്ഷണങ്ങളിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികളും അദ്ധ്യാപകര്‍ തൊഴിലാളികളും വിദ്യാര്‍ത്ഥികള്‍ ചരക്കും, രക്ഷിതാവ് ചരക്കുത്പാദനകനുമാണെന്ന ധാരണയില്‍ പൊതു വിദ്യാഭ്യാസം പണത്തിന്മേല്‍ കൊഴുക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍മാഷും വിജയലക്ഷ്മി ടീച്ചറും ബഷീര്‍സാറും ഭാവി തലമുറയെ അതിന്‍റെ സര്‍വ്വസാധ്യതകളിലും സ്വാതന്ത്ര്യത്തിലും വളര്‍ത്തിയേടുക്കേണ്ട ഒരു ബദല്‍ വിദ്യാഭ്യാസ ശൈലിയെക്കുറിച്ച് സംസാരിക്കുന്നു.

'ജീവിതം എന്നെ എന്തു പഠിപ്പിച്ചു' എന്നു പറയാന്‍  വ്യഗ്രതപ്പെടുന്നവരുടെ ലോകത്ത് 'എന്‍റെ ജീവിതം കൊണ്ട് ലോകത്തിനും സഹജീവികള്‍ക്കും എന്തു ചെയ്യാനാകും' എന്നോര്‍ത്ത് വ്യഗ്രതപ്പെടുകയാണിവര്‍. സ്വഭാവ സര്‍ട്ടിഫിക്കറ്റും യോഗ്യതാപത്രവും നേടാന്‍ നെട്ടോട്ടമോടുന്നവരുടെയിടയില്‍ ഇങ്ങനെ ചിലര്‍ ഭൂമിയുടെ ആവാസവ്യവസ്ഥകളെ ഇനിയും തകരാതെ കാക്കുന്നു. ബുദ്ധിപൂര്‍വ്വം ജീവിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികളുടെ ലോകത്ത് ഇവര്‍ തോല്‍ക്കുന്ന വിഡ്ഢികളാകുന്നു. എന്നിട്ടും ഇനിയും തളരാത്ത, തകര്‍ക്കാനാവാത്ത ഈ ബദല്‍ ന്യൂനപക്ഷം വേറിട്ട കാഴ്ചയാകുന്നു.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts