ഒരു സൂഫിനൃത്തം ശ്രദ്ധിക്കുക. പതുക്കെ ആരംഭിച്ചിട്ട്, ധ്രുതതാളത്തിലേക്ക് നീങ്ങി, ഏതോ ഉന്മാദത്തിലേക്ക് വഴുതുന്ന ശുദ്ധ-ശുഭ്ര വലയങ്ങള്‍. എന്നാലൊരിക്കല്‍പ്പോലും അനന്തതയിലേക്ക് നീളുന്ന അവരുടെ കൈവിരലുകള്‍ കുഴയുന്നില്ല. അത് അനന്യമായ ഒരു സൂചനയാണ്. അനന്തതയിലാണ് തങ്ങളുടെ വാസഗൃഹമെന്ന സൗമ്യമായ ഓര്‍മ്മപ്പെടുത്തല്‍. നമ്മളങ്ങനെയല്ല. പരല്‍മീനെ റാഞ്ചിയെടുക്കാനുള്ള ശ്രമത്തില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ടുപോകുന്ന കഴുകന്‍റെ വിധിയുമായി ശരാശരി നരജന്മങ്ങള്‍. തന്‍റെ ഉറ്റചങ്ങാതിയെ പരാമര്‍ശിച്ച് ഒരാള്‍ പറയുകയായിരുന്നു. ഇല്ല, ഇതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെന്ന തോന്നല്‍ തരുന്ന ഒരാളല്ല അയാള്‍. കവിതയുടെ ലേശം അസ്കിത ഉള്ളതുകൊണ്ടു പറയുകയല്ല, എന്‍റെ പെരുവിരല്‍ തൊട്ട് ഒരു വിറയലനുഭവപ്പെട്ടു. അയാളെ ഓര്‍ത്തല്ല, എന്നെയോര്‍ത്ത്, എന്‍റെ ചങ്ങാതിമാര്‍ എങ്ങനെയായിരിക്കും എന്നെ അടയാളപ്പെടുത്താന്‍ പോകുന്നത്...?
വിശുദ്ധന്‍ മാനവരാശിയുടെ ഈ മരുഭൂമിയാത്രകളില്‍ ആ പരമചൈതന്യത്തിന്‍റെ സ്നേഹാംബരത്തില്‍ നിന്ന് അടര്‍ന്നുവീഴുന്ന മന്നപോലെ. തന്നെ രേഖപ്പെടുത്തുവാന്‍ യേശുപോലും ആ രൂപകത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള മന്നയാണെന്ന്. അനുപാതങ്ങളില്‍ ചെറുതാണെങ്കിലും വിശുദ്ധരുടെ ജീവിതത്തിന്‍റെയും ആന്തരികപ്രതിധ്വനികള്‍ അതുതന്നെ. ഹെമിംഗ്വെയെ അദ്ദേഹത്തിന്‍റെ ഒരു സമകാലികന്‍ അങ്ങനെയാണ് വിശേഷിപ്പിച്ചത്. ഈ ഭൂമിയില്‍ ദൈവത്തിന്‍റെ പൗരനായിരുന്നു അയാള്‍ എന്ന്. നമ്മുടെ പരമ്പാരഗത സങ്കല്പങ്ങളുടെ ഏകകം ഉപയോഗിച്ചാല്‍ അയാള്‍ ഒരു ഈശ്വരവിശ്വാസി ആണെന്ന ഉറപ്പുപോലും വേണ്ട. ഒരു കാളപ്പോരുകാരനെപ്പോലെ അടിമുടി ധാര്‍ഷ്ട്യത്തില്‍ ജീവിച്ചയൊരാള്‍. പിന്നെ തോക്കിന്‍കുഴലില്‍ തന്‍റെ ജീവിതം ഒടുക്കിയ ഒരാള്‍. എന്നിട്ടും അയാള്‍ മറ്റേതോ ലോകത്തിലെ പ്രജയെ കണക്ക് നമ്മുടെ ഇടയില്‍ വ്യാപരിച്ചു എന്ന മട്ടിലുള്ള വിചാരം എന്തൊരഭിനന്ദനമാണ്. അന്യവീട്ടില്‍ വേലയ്ക്ക് നില്ക്കുന്ന ആയയെപ്പോലെ താനെന്ന വിവേകാനന്ദ സാക്ഷ്യവും ചേര്‍ത്തുവായിക്കുക.
പൗലോസിന്‍റെ ഭാഷയില്‍ ഒരുതരം ഇരട്ട പൗരത്വമുള്ളവരെക്കണക്ക് ജീവിക്കുക. ഒരു പാദം ജീവിക്കുന്നവരുടെ ലോകത്തിലും മറുപാദം ഏതോ ഒരദൃശ്യലോകത്തിലും ചവിട്ടി സഞ്ചരിക്കുക. അക്ഷരാര്‍ത്ഥത്തില്‍ പോലും പൗലോസ് അങ്ങനെതന്നെയായിരുന്നു. ഒരേ സമയത്ത് അദ്ദേഹം യഹൂദനും റോമന്‍ പൗരനുമായിരുന്നു. തന്നെ വിധിക്കുവാന്‍ വട്ടംകൂട്ടുന്ന യഹൂദപ്രമാണികളെ അതുപറഞ്ഞ് നന്നായി പരിഭ്രമിപ്പിക്കുന്നുണ്ടയാള്‍. ഒന്നോര്‍ത്താല്‍ ഈ ഇരട്ടപൗരത്വമുള്ള മനുഷ്യര്‍ നമ്മളെ വട്ടംചുറ്റിക്കുന്നതുപോലെ ഒരാളും ഇത്ര ലളിതവും അഗാധവുമായി നമ്മുടെ ജീവിതത്തെ നേരിട്ടിട്ടില്ല. മന്നയുടെ കണിക്കാഴ്ചയിലേക്കാദ്യമായി ഉണര്‍ന്ന മരുഭൂമിയിലെ തീര്‍ത്ഥാടകര്‍ പരസ്പരം ചോദിക്കുന്നതുപോലെ, എന്താണിത്? മന്നയെന്ന പദം രൂപപ്പെട്ടതുപോലും അങ്ങനെയാണെന്നു, നീരിക്ഷണമുണ്ട്. man-h എന്ന വാക്കിന് ഇതെന്താണ് എന്നുമൊരര്‍ത്ഥമുണ്ട്.
മന്ന, ഒരു ജനതയുടെ നിലവിളിക്ക് ദൈവം കൊടുത്ത ഉത്തരമായിരുന്നു അത്. ലോകത്തിന് വിശക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ സമൃദ്ധമായി വിരുന്നൂട്ടിയിട്ടും അതിന് പിന്നെയും പിന്നെയും വിശക്കുന്നു. അവധൂതരും പ്രവാചകരും ഗുരുക്കന്മാരുമാണ് ആ വിശപ്പിനുള്ള പരിഹാരമെന്ന് ദൈവത്തിനറിയാം. ആവശ്യത്തിലേറെ മലിനമാക്കപ്പെട്ട നമ്മുടെ ജീവിതത്തിനു മുമ്പില്‍ അനന്യമായ ഒരു നൈര്‍മ്മല്യത്തിന്‍റെ പശ്ചാത്തലത്തിലാണ് അവരുടെ നിലനില്പ്പ്. മന്നയെക്കുറിച്ച് വേദപുസ്തകം പറയുന്നതുപോലെ. പുലരിയില്‍ പാളയത്തിനു ചുറ്റും മഞ്ഞുവീണു കിടപ്പുണ്ടായിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ട് ലോലമായ ഒരു വസ്തു കാണപ്പെട്ടു. മഞ്ഞിനെക്കാള്‍ ശുദ്ധമായ മന്ന! ഓരോ അവധൂതനെയും നോക്കി അവന്‍റെ കാലം അത്ഭുതപ്പെടുന്നു. ഇത്രയും നൈര്‍മ്മല്യവും നിഷ്കളങ്കതയും ഒരാള്‍ക്ക് സാധ്യമാണോയെന്ന്. നിക്കദേമൂസിനെപ്പോലെ വിവേകമതികളായി നമ്മള്‍ പറയുന്നു; ഈ ജീവിതസന്ധ്യകളിലെങ്ങനെയാണ് ആ മഹാകാരുണ്യത്തിന്‍റെ ഉദരത്തിലേക്ക് വീണ്ടും പ്രവേശിച്ചിട്ട് വരണ്ട ചര്‍മ്മങ്ങളുടെ സ്നിഗ്ധത വീണ്ടെടുക്കാനാവുമെന്ന്. നൂറുവട്ടം സാദ്ധ്യമാണെന്ന് പറഞ്ഞുതരാനാണ് ഈ വിശുദ്ധര്‍ ഇങ്ങനെ നമുക്കിടയില്‍.
നോക്കൂ, നല്ലവരായി ജീവിക്കാനല്ല, നിര്‍മ്മലരായി ജീവിക്കാനാണ് അവര്‍ അതീവ സൗമ്യതയോടെ നമ്മളെ ക്ഷണിക്കുന്നത്. നന്മയെന്ന് ഇപ്പോള്‍ നമ്മുടെ കാലം പരിഗണിക്കുന്നതിന് പിന്നില്‍ ശകലം തട്ടിപ്പുണ്ടെന്ന് ഒരു ദോഷൈകദൃക്കല്ലെങ്കില്‍പ്പോലും നിങ്ങള്‍ക്ക് വൈകാതെ സ്വയമേ ബോധ്യപ്പെടുന്നതാണ്. കുറച്ചു ധാര്‍മ്മികതയും പൗരബോധവും മേമ്പൊടിക്ക് ലേശം നാട്യശാസ്ത്രവും തൂളിയാല്‍ ആര്‍ക്കും സംഘടിപ്പിച്ചെടുക്കാവുന്ന നാമവിശേഷണമാണത്. ഓര്‍ക്കുന്നു, കുറച്ച് വൈദികര്‍ മദര്‍ തെരേസയെക്കാണാന്‍ കല്‍ക്കട്ടയിലെത്തി. അവരെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു സഹോദരി അമ്മയോട് പറഞ്ഞു: ഇത് കേരളത്തില്‍ നിന്നുള്ള കുറെ നല്ല അച്ചന്മാരാണ്. അമ്മ ഉടനെ തിരുത്തി: നല്ലതെന്നു പറയാതിരിക്കുക, ടSay it holy ... അതെ, അതങ്ങനെയാണ് വേണ്ടത്. മറന്നുവോ, ആദിമക്രൈസ്തവര്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണത് - വിശുദ്ധര്‍. അതിന്‍റെയര്‍ത്ഥം രൂപക്കൂട്ടില്‍ വയ്ക്കാന്‍ പാകത്തിന് അവര്‍ മെഴുകു മനുഷ്യരായിരുന്നുവെന്നല്ല. വര്‍ത്തമാനത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന സമസ്ത ജീര്‍ണ്ണതകളുടെയും വിത്തുകള്‍ അതിന്‍റെ പൊടിമണ്ണിലുണ്ടായിരുന്നു. എന്നിട്ടും ഉള്ളിന്‍റെ ഉള്ളില്‍ ഒരടിസ്ഥാന ആഭിമുഖ്യമായി ആ പദമവര്‍ കൊണ്ടുനടന്നു. കൊറീന്ത് തുടങ്ങിയ നഗരങ്ങളിലെ മനുഷ്യര്‍പ്പോലും തങ്ങളെ അങ്ങനെ പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. കണ്ണില്ലാത്ത കച്ചവടത്തിന്‍റെ ഒരു പുരാതനരൂപമാണ് കൊറീന്ത്!
വിശുദ്ധരുടെ ജീവിതരേഖയെ 'ഹജിയോഗ്രഫി' യെന്നാണ് ക്രൈസ്തവ പരിസരങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. മാറിനടക്കുന്നവര്‍, വ്യത്യസ്തരായവര്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാണതിന്‍റെ വേര്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ശരാശരി മനുഷ്യന്‍ അനുവര്‍ത്തിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കൊരു മുന്‍വിധിയുണ്ട്. അയാളിപ്പോള്‍ ക്ഷോഭിക്കും, അവളിപ്പോള്‍ ഇടറിപ്പോകും എന്നൊക്കെ മട്ടില്‍. എന്നാല്‍ അയാള്‍ പുഞ്ചിരിക്കുകയും, അവള്‍ അടിമുടി പ്രകാശിക്കുകയും ചെയ്യുമ്പോള്‍ ഉള്ളിലുണരുന്ന വിസ്മയം പുരണ്ട ഉദീകരണമാണത് - വിശുദ്ധര്‍. പഴയനിയമത്തില്‍ നിന്ന് ഏസാവിനെ എടുക്കൂ. കൊടിയ ചതിക്കുശേഷം നിരാലംബമായ ഒരു വ്രണിത ജീവിതമാണയാളുടേത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താന്‍ ചതിച്ച ജ്യേഷ്ഠനെ കാണാന്‍ യാക്കോബ് തീരുമാനിക്കുന്നു. ദൂരെ തന്‍റെ ചതിയനായ അനുജനെ കണ്ട് അയാളിലേക്ക് പാഞ്ഞടുക്കുന്ന ഏസാവ്, അയാളെ പ്രഹരിക്കുമെന്ന് നിങ്ങള്‍ കരുതിയോ? ഇല്ല, അവനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വാവിട്ടു കരഞ്ഞു. ഏസാവിന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി യാക്കോബിങ്ങനെ പറഞ്ഞു: നിന്‍റെ മുഖം ദൈവത്തിന്‍റെ മുഖം പോലെ. അത്രയും ദയയോടെയാണ് നീയെന്നോട് വര്‍ത്തിച്ചത് (ഉല്‍പത്തി 33: 10). ദൈവത്തിന്‍റെ മുഖമുള്ള ചില മനുഷ്യര്‍!
വായനയില്‍ നിന്നോരൊര്‍മ്മ ഇങ്ങനെയാണ്, കാരമസോവ് സഹോദരന്മാരില്‍ നിന്നാണ്. കാതറിന്‍ എന്ന തന്‍റേടിക്കാരിയായ ഒരു മിടുക്കിയുണ്ട് ആ ഗ്രാമത്തില്‍, സ്ത്രീകളോട് അമിതതാത്പര്യം പുലര്‍ത്തിയ ദിമിത്രിയെന്നൊരാളുടെ നീക്കങ്ങളെ കൊടിയ നിന്ദയോടെയാണവള്‍ നേരിടുന്നത്. ലജ്ജകൊണ്ട് ശിരസ്സ് താഴ്ത്തേണ്ട കുറെയധികം സാഹചര്യങ്ങള്‍ അവള്‍ അയാള്‍ക്ക് നല്‍കി. കുറെയധികം പണമാവശ്യമുള്ള ഒരു സാഹചര്യത്തില്‍ കാതറിന്‍ ഒരു നാള്‍ കുരുങ്ങി. അത്രയും പണം ഇപ്പോളവള്‍ക്ക് നല്‍കാന്‍ കഴിവുള്ള ഒരാളേ ആ ദേശത്തുള്ളൂ - അത് ദിമിത്രിയാണ്. വേറെ വഴികളൊന്നുമില്ലാത്തതിനാല്‍ അയാളെ സമീപിക്കാന്‍ അവള്‍ തീരുമാനിച്ചു. അയാളില്‍നിന്ന് താന്‍ നേരിടാന്‍ പോകുന്ന അനുഭവങ്ങളെ അവളൊന്നു നേരത്തെ ഗണിച്ചെടുക്കുന്നുണ്ട്. ഒന്നുകില്‍ നിന്ദിക്കും, അല്ലെങ്കില്‍ കീഴ്പ്പെടുത്തും. എന്നാലങ്ങനെയല്ല ദിമിത്രി ചെയ്തത്. അവള്‍ ആവശ്യപ്പെട്ട പണം നല്‍കിയശേഷം, ഇനിയെന്തെന്നോര്‍ത്ത് അവള്‍ ഭയചകിതയായി നില്‍ക്കുമ്പോള്‍ സുമധുരമായി അവളെ വണങ്ങി, അയാള്‍ കൈകള്‍ കൊണ്ട് പുറത്തേക്കുള്ള വഴികാട്ടുന്നു. അതിലവള്‍ വല്ലാതെ ഉലഞ്ഞുപോയി. കുനിഞ്ഞ് നിറമിഴികളോടെയവള്‍ അയാളുടെ കാല്‍പ്പാദങ്ങള്‍ ചുംബിച്ച് പുറത്തേക്ക് നടന്നു. ദിമിത്രി അലീഷ്യയോട് പറഞ്ഞു: അനുജാ, സന്തോഷം കൊണ്ട് ഒരാള്‍ക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നുമോ? അത്തരമൊരു നിമിഷത്തിലാണ് ഞാനിപ്പോള്‍...
ഉന്മാദത്തോളമെത്തുന്ന കരുണയാണ് വിശുദ്ധരുടെ കാതല്‍. അസ്സീസിയിലെ ഫ്രാന്‍സീസിനെക്കുറിച്ച്, തോമസ് ഓഫ് സെലാനോ എന്ന ചരിത്രകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക... He spares lanterns, lamps, and candles unwilling to use his hand to put out their brightness which is a sign of eternal light... He picks up little worms from the road so they will not be trampled under foot... . നേരം വെളുക്കുമ്പോള്‍ വിളക്കുകള്‍ കെടുത്താന്‍ ധൈര്യമില്ലാത്തവര്‍, പുഴു ചവിട്ടിയരഞ്ഞേക്കുമോയെന്ന് ആശങ്കപ്പെടുന്നവര്‍. നിസ്സംഗമായ നമ്മുടെ കാലത്തിലെ പൈത്യക്കാരണവര്‍. കവിളിലെ വ്രണത്തില്‍ നിന്ന് എടുത്തുകളഞ്ഞ പുഴുക്കളെ വീണ്ടുമതിലേക്ക് വയ്ക്കുന്ന മറ്റൊരാള്‍ - വ്രണമാണ് പുഴുവിന്‍റെ അന്നമെന്ന് പറഞ്ഞ - രമണമഹര്‍ഷിയാണത്.
വളരെ ചെറിയൊരു നേരത്തിലേക്കാണ് മന്നയുടെ പ്രസക്തി. പിറ്റന്നേക്ക് സൂക്ഷിച്ചുവച്ചാല്‍ ജീര്‍ണ്ണിച്ചുപോകും. വലിയൊരു തടാകത്തിലേക്കെറിയുന്ന വെള്ളാരം കല്ലുപോലെ ദുര്‍ബലവും നിസ്സാരവുമായ ചില അനുരണനങ്ങള്‍. അത്രയേ ദൈവം തന്‍റെയീ സ്നേഹിതരില്‍ നിന്ന് ആഗ്രഹിക്കുന്നുള്ളൂ. എന്നിട്ടും അവരില്‍ത്തന്നെ ചിലരെ കലാതീതമായി നിലനിര്‍ത്താന്‍ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ സമുദ്രയാനങ്ങളില്‍ ദിശാബോധം തരാനാണത്. അതുകൊണ്ടാണ് ജലാലുദ്ദീന്‍ റൂമിയും റാബിയായും ജോണ്‍ ഓഫ് ദ ക്രോസും ആവിലായിലെ തെരേസയുമൊക്കെ നമുക്ക് സമകാലികര്‍ ആവുന്നത്. മന്നപോലെ ശുഭ്രവും മധുരവുമായ അവരുടെ ജീവിതത്തെ നമുക്കിങ്ങനെ പറഞ്ഞ് സംഗ്രഹിക്കാം.
മോശ അഹറോനോട് പറഞ്ഞു: ഒരു പാത്രത്തില്‍ ഒരോമര്‍ മന്നയെടുത്ത് നിങ്ങളുടെ പിന്‍തലമുറകള്‍ക്ക് വേണ്ടി കര്‍ത്താവിന്‍റെ സന്നിധിയില്‍ സൂക്ഷിച്ചുവയ്ക്കുക. കര്‍ത്താവ് മോശയോട് കല്പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു. (പുറപ്പാട് 16, 33-34)
തിയോഫിനച്ചനെന്ന മന്നയെ ദൈവം എങ്ങനെയാണ് കരുതിവെച്ചതെന്നറിയണമെങ്കില്‍ പൊന്നുരുന്നി ആശ്രമത്തിലേക്ക് വരണം - പറ്റുമെങ്കില്‍ ഏപ്രില്‍ നാലിന് തന്നെ.