ലൈംഗികതയെ അലിയിപ്പിച്ചു കളയുന്ന എന്തോ ഒന്ന് യാത്രയിലുണ്ട്. നടന്നുപോകുന്നവര്‍ ആദ്യം കണ്ടുമുട്ടുന്നതും തിരിച്ചറിയുന്നതും അവന്‍റെ തന്നെ ശരീരത്തെയാണ്. ലൈംഗികതയെ, സ്വന്തം ശരീരത്തെ അന്യമാംസത്തില്‍ ലയിപ്പിക്കാനുള്ള വ്യഗ്രതയായി കണക്കാക്കാമെങ്കില്‍ യാത്രയെ ശരീരത്തെ ആത്മാവായി പരിണമിപ്പിക്കുന്ന രസതന്ത്രമായി മനസ്സിലാക്കണം. നിലാവെളിച്ചത്തില്‍ ആമഗ്നമായി കിടക്കുന്ന ഒരു പുഴയിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ നക്ഷത്രാങ്കിതമായ ആകാശത്തെയും അതിന്‍റെ കോണിലെവിടെയോ പൂവിട്ടു നില്‍ക്കുന്ന ചന്ദ്രനെയും കാണാന്‍ സാധിക്കും. നിങ്ങള്‍ക്കറിയാം ആകാശവും ചന്ദ്രനും പുഴയിലില്ലെന്ന്. പുഴ ആകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന്. സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴയ്ക്കു മാത്രമേ ഇതു സാധിക്കുകയുള്ളൂ. കെട്ടിക്കിടക്കുന്ന ജീര്‍ണിച്ച തടാകത്തില്‍ നോക്കുന്നവന്‍ അതിന്‍റെ ജീര്‍ണത ദര്‍ശിക്കുന്നു. യാത്രികന്‍ ഒഴുകുന്ന പുഴയാണ്. അവന്‍റെ ശരീരം സുതാര്യമാണ്. അവന്‍ കണ്ടതെല്ലാം അവന്‍റെ ശരീരത്തില്‍ ഇടം കണ്ടെത്തുന്നു. ഇതുകൊണ്ടായിരിക്കണം ഹെര്‍മന്‍ ഹെസ്സേ എഴുതുന്നത്, ഓരോ പരിവ്രാജകനും തന്ത്രശാലിയാണ്. ഒരു പെണ്‍കുട്ടിക്കു കൊടുക്കേണ്ട പ്രണയത്തെ അവന്‍ വഴിയില്‍ കണ്ടുമുട്ടുന്ന പൂക്കള്‍ക്കും പക്ഷികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി വീതിച്ചു കൊടുക്കുന്നു.
യാത്ര ഒരിക്കലും ലൈംഗികതയെ നിരാകരിക്കുന്നില്ല. പകരം, ഉള്ളലിവുകളുടെ പ്രയാണമായി അതിനെ മാറ്റുന്നു. എല്ലാത്തിനെയും വാഴ്ത്താനും അനുഗ്രഹിക്കാനുമുള്ള കൃപാതിരേകം ലൈംഗികതയ്ക്ക് സംഭവിക്കുന്നു. ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, എന്ന മന്ത്രവും ഉരുവിട്ടുകൊണ്ട് വീടുതോറും യാചിച്ചുകൊണ്ട് നടക്കുന്ന ചെറുപ്പക്കാരനായ ബുദ്ധമത സന്യാസി, അവനൊരു വീടിന്‍റെ വാതിലില്‍ മുട്ടുന്നു. വാതില്‍ തുറക്കുന്നത് ഒരു പെണ്‍കുട്ടിയാണ്. അവന്‍റെ ഭിക്ഷാപാത്രത്തിലേക്ക് ധാന്യം ഉതിര്‍ക്കുമ്പോള്‍ പെട്ടെന്നു വന്ന കാറ്റില്‍ അവളുടെ മേല്‍വസ്ത്രം പൊങ്ങിപ്പോകുന്നു. അവളോട് നന്ദി പറഞ്ഞിറങ്ങുന്ന സന്യാസി ദൈവത്തെ മറക്കുന്നില്ല, "ദൈവമേ ഇത്ര മനോഹരമായ കാഴ്ചയ്ക്ക് എന്നെ യോഗ്യനാക്കിയതിനു ഞാന്‍ നിനക്കു നന്ദി പറയുന്നു."
സുവിശേഷം ഒരു യാത്രാവിവരണമാണ്, ക്രിസ്തു എന്ന ചെറുപ്പക്കാരന്‍ ഗലീലി മുതല്‍ ജെറുസലേം വരെ നടത്തിയ ഒരു യാത്രയെക്കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. എല്ലാം നിശ്ചയിച്ചുറപ്പിച്ച യാത്രയൊന്നുമല്ലായിരുന്നുവത്. ഒത്തിരി ആകസ്മികതകളിലേക്കായിരുന്നു ക്രിസ്തു കാലെടുത്തുവച്ചത്. മുപ്പതുവര്‍ഷത്തെ കാലുറപ്പിക്കലിനുശേഷം ഒരു യാത്ര തുടങ്ങിയപ്പോള്‍ അതെങ്ങനെ അവസാനിപ്പിക്കണമെന്ന് അവനുറപ്പില്ലായിരുന്നു. അവന്‍റെ യാത്രയെ എങ്ങനെ അവസാനിപ്പിക്കണമെന്ന് ഈ യാത്രയെ പേടിച്ചവര്‍ക്കും അറിവില്ലായിരുന്നു. അതുകൊണ്ടവര്‍ അവനെ ക്രൂശിലേറ്റി. പക്ഷേ കുരിശിന്‍റെ ലംബമാനത അവനു മറ്റു വഴികള്‍ തുറന്നുകൊടുത്തു. പാര്‍ശ്വരൂപങ്ങളിലൂടെ പുതിയ യാത്രകള്‍ നല്കി. അവന്‍ ഇപ്പോഴും യാത്രയിലാണ്. ഒരേ സമയം അവന്‍ വരികയും പോകുകയും ചെയ്യുന്നു.
ഏതൊരു മനുഷ്യനെയും പോലെ ക്രിസ്തു അവന്‍റെ ലൈംഗികതയുടെ സംഘര്‍ഷങ്ങളെ തിരിച്ചറിയുന്നുണ്ട്. യാത്രയുടെ അവസാനത്തെ പടവെന്ന് തോന്നിപ്പിച്ച അന്ത്യഅത്താഴസമയത്താണ് അവന്‍റെ ലൈംഗികതയെ പൂര്‍ണമായും അവതരിപ്പിക്കുന്നത്. ഒരാളുടെ ലൈംഗികതയ്ക്ക് എത്തിച്ചേരാനാവുന്ന ഉന്നതിയെ പരിചയപ്പെടുത്തുന്നത്. ഒരാള്‍ തന്‍റെ ശരീരം മറ്റൊരാളുമായി പങ്കുവയ്ക്കുന്നതാണ് ലൈംഗികതയെങ്കില്‍ വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്‍റെ ലൈംഗികതയായി മാറുന്നു. ക്രിസ്തു അവന്‍റെ ശരീരത്തെയും രക്തത്തെയും ലിംഗകാലദേശങ്ങളില്‍നിന്നും മോചിപ്പിച്ച് ഏറ്റവും ശുദ്ധമായ സുതാര്യതയിലേക്കുയര്‍ത്തുന്നു. ക്രിസ്തു ഇപ്പോള്‍ അവന്‍റെ ശരീരത്തില്‍ തന്നെ ദൈവവും മനുഷ്യനും, സ്ത്രീയും പുരുഷനും, ശൈശവും വാര്‍ദ്ധക്യവുമാണ്. വിശുദ്ധ കുര്‍ബാനയില്‍ ഉത്ഭവിക്കുന്ന ക്രിസ്തുവിന്‍റെ കാലാതീതവും സമൃദ്ധവുമായ ജീവന്‍ അവന്‍റെ ലൈംഗീകതയുടേത് തന്നെയാണ്. ഇതവന്‍റെ യാത്രയുടെ പരിണതഫലമാണ്.
നടന്നുപോകുന്നവനെ ഹെര്‍മന്‍ ഹെസെ വിശേഷിപ്പിക്കുന്നത്, ഒരു എതിരാളിയാണെന്നാണ്. സ്ഥാപിത വര്‍ഗത്തിന്‍റെ പരമ ശത്രുവാണ് യാത്ര ചെയ്യുന്നവന്‍. യാത്രയെ ഉപേക്ഷിച്ചവരും നിലയുറപ്പിച്ചവരും ചൂഷിതരും പിടിച്ചെടുക്കുന്നവരുമാകുമ്പോള്‍നടന്നുപോകുന്നവന്‍ മാത്രം ഉപേക്ഷിക്കുകയും വസ്തുക്കളെ വസ്തുക്കളായിരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ദേശാടകന്‍റെ ഏറ്റവും വലിയ എതിര്‍പ്പ് അധികാരത്തിനോടു തന്നെയാണ്. ചരിത്രത്തെയും ഓര്‍മ്മകളെയും ഇല്ലാതാക്കാനാണ് അധികാരം ശ്രമിക്കുന്നതെങ്കില്‍ ദേശാടകന്‍റെ മുഴുവന്‍ ശ്രമവും ഓര്‍മ്മകളെ വീണ്ടെടുക്കാനും ചരിത്രം നല്കുന്ന അപായസൂചനകളെ ഒരു സ്പന്ദമാപിനിപോലെ ചെവിയോര്‍ക്കാനുമുള്ളതാണ്. അധികാരം എല്ലാത്തിനെയും ബന്തവല്‍ക്കരിക്കുമ്പോള്‍ ദേശാടകന്‍ അജ്ഞാതനായി അവന്‍റെ വ്യക്തിത്വത്തെ വിമോചിപ്പിക്കുന്നു. ഇന്ന് അറിയപ്പെടുക എന്നത് അധികാരത്തിന്‍റെ നിരീക്ഷണവീക്ഷണങ്ങള്‍ക്ക് കീഴ്പ്പെടുക എന്നാണ് അര്‍ത്ഥമെങ്കില്‍ അജ്ഞാതനായിരുന്നുകൊണ്ട് മാത്രമേ അധികാരത്തെ തോല്പ്പിക്കാനാവുകയുള്ളൂ. യാത്രികന്‍ അജ്ഞാതനായ എതിരാളിയാണ്. അവനിലാണ് ദൈവത്തിന്‍റെ പ്രതീക്ഷ, മനുഷ്യന്‍റെയും.