news-details
കാലികം

അധികാരികളറിയാതെ വിനോദയാത്രക്കുപോയ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അടിമാലിക്കടുത്ത് അപകടത്തില്‍പ്പെട്ട വാര്‍ത്ത കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ആഘോഷിച്ചുപേക്ഷിച്ചതേയുള്ളൂ. തൊട്ടടുത്ത ദിവസംതന്നെ മലയാളി വിദ്യാര്‍ത്ഥിയടങ്ങുന്ന ചെറുവിദ്യാര്‍ത്ഥി സംഘം നടത്തിയ സ്വകാര്യ വിനോദയാത്ര അപകടത്തിലും മരണത്തിലുമവസാനിച്ച വാര്‍ത്ത ബംഗലൂരുവില്‍നിന്ന് വന്നു. -അധികാരികളും അദ്ധ്യാപകരുമറിയാതെ, വീട്ടുകാരോട് പറയാതെ ഈ കുട്ടികളൊക്കെ എങ്ങോട്ടുപോകുന്നു?

കലാലയ കാമ്പസുകള്‍ എന്തു ചിന്തിക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ആ കാലത്തിന്‍റെ സാമൂഹ്യ പരിതോവസ്ഥയിലേക്കുള്ള സൂചകങ്ങളാണ് എക്കാലത്തും. നിയമങ്ങളുടെ ഭാരമില്ലാതെ, നിയന്ത്രണങ്ങളുടെ നോട്ടമെത്താത്ത കാണാമറയത്തേക്ക് വിദ്യാര്‍ത്ഥികള്‍ ഇരട്ടയായും നാല്‍വര്‍ സംഘമായും കൂട്ടങ്ങളായും ഒക്കെ ഇറങ്ങിപ്പോകുന്നത് എന്തിന്‍റെ സൂചനകളാണ്?

എന്നെങ്കിലുമൊരിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ആരുടെയും മനസ്സില്‍, ഓര്‍മ്മകളുള്ള കാലത്തോളം, തീവ്രമായ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഓര്‍മ്മച്ചിത്രങ്ങളാണ് വിനോദയാത്രകള്‍. ഒറ്റയില്‍നിന്നും കൂട്ടമാവുമ്പോഴുള്ള ഉറയൂരലുകളും സൗഹൃദത്തിന്‍റെ അനന്താകാശങ്ങള്‍  തേടിയുള്ള യാത്രകളും സംഭവിക്കുന്നത് വിനോദയാത്രകളിലാണ്. ദീപ്തമായ ഗുരു-ശിഷ്യബന്ധത്തിന്‍റെ അറിവിടങ്ങള്‍ കണ്ടെത്തപ്പെടുന്നതും ഇത്തരം യാത്രകളില്‍. എല്ലാറ്റിലുമുപരി പ്രണയം മനസ്സുകളെ തൊടുന്നതും പ്രണയിനികള്‍ തങ്ങള്‍ക്കു മാത്രമായി പുതുഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളും കണ്ടെത്തുന്ന അതിവിചിത്രമായ അസ്ട്രോണമി സംഭവിക്കുന്നതും പഠന-വിനോദയാത്രകളില്‍ത്തന്നെ. അധികാരികളുടെ അനുഗ്രഹത്തോടെ, അദ്ധ്യാപകരുടെ അകമ്പടിയോടെ, രക്ഷിതാക്കള്‍ സ്നേഹം പൊതിഞ്ഞുനല്‍കിയ മധുരപലഹാരങ്ങളുമായി, വലിയ വണ്ടിയില്‍ ബാനര്‍ കെട്ടി, പാട്ടും ബഹളവുമായി, എല്ലാവരെയും അറിയിച്ച്, എല്ലാവരും അറിയണമെന്നു ശഠിച്ച്, നടത്തിയിരുന്ന വിനോദയാത്രകള്‍ ഇന്ന് അപകടമായും മരണമായും ഒടുവില്‍മാത്രം അധികാരികളും അദ്ധ്യാപകരും രക്ഷിതാക്കളുമറിയുന്ന ദുരന്തയാത്രകളായി മാറുന്നതെന്തുകൊണ്ട്?

കുട്ടികളെ വിശ്വാസത്തിലെടുക്കാതെ, അവരര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കാതെ, അവരുടെ ആകാശങ്ങളെ നിഷേധിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപകരും അധികാരികളും സമൂഹവുമാണോ തെറ്റുകാര്‍? അതോ, പതിനാറിന്‍റെ 'പ്രായപൂര്‍ത്തി'ക്കപ്പുറം സമൂഹത്തിന്‍റെ മൂല്യവ്യവസ്ഥക്ക് തങ്ങളുടെമേല്‍ ഒരു കാര്യവുമില്ലെന്നു കരുതുന്ന യൂറോപ്യന്‍ യുവത്വത്തെപ്പോലെ സാമൂഹ്യനിയമങ്ങളുടെ, കരുതലുകളുടെ ഡ്രൈവറില്ലാ വണ്ടിയില്‍ യാത്രക്കൊരുങ്ങുന്ന നമ്മുടെ പുതുതലമുറയോ? അതുമല്ലെങ്കില്‍ സമൂഹത്തില്‍ ആകമാനം സംഭവിക്കുന്ന മൂല്യവ്യതിയാനങ്ങളുടെ നേര്‍ച്ചിത്രങ്ങള്‍ മാത്രമാണോ ഇത്തരം സംഭവങ്ങള്‍? ഇതൊന്നുമല്ലെങ്കില്‍, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സമൂഹവുമറിയാതെ, അഥവാ ഇവരുടെ അറിവോടെയോ ഇവരെ തെറ്റിദ്ധരിപ്പിച്ചോ ഇവരെ കബളിപ്പിച്ചോ, കാമ്പസ്സുകളില്‍ വളരുന്ന, പുത്തന്‍ മൂലധനബന്ധിതമായ മൂല്യങ്ങളോ?

ഉത്തരം അത്രമേല്‍ ലളിതമല്ല. കാരണം ഇഴപിരിച്ചെടുക്കാനാവാത്തവിധം മേല്‍പ്പറഞ്ഞ കാരണങ്ങളൊക്കെ ഈ 'ന്യൂ ജനറേഷന്‍' ദുരന്തയാത്രകള്‍ക്കു കാരണമാകുന്നുണ്ട്. സമൂഹത്തിന്‍റെ പൊതുമൂല്യവ്യവസ്ഥക്കുമേല്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. പുതിയകാലത്ത് അത് തീവ്രവേഗത്തോടെ സംഭവിക്കുകയും ചെയ്യുന്നു. ഈ (അ)സ്വാഭാവികമാറ്റങ്ങളുടെ ഫലമായി മുന്‍തലമുറ ചെയ്യാതിരുന്നത് ചെയ്യാനും തെറ്റെന്ന് കരുതിയിരുന്നതിനെ പാപബോധമില്ലാതെ സമീപിക്കാനും മുന്‍തലമുറ പേടിയോടെയും മറവിലും ചെയ്തതും പറഞ്ഞതും ഭയമില്ലാതെയും പകല്‍വെളിച്ചത്തിലും പറയാനും ചെയ്യാനും പുതിയ തലമുറ തയ്യാറാകും. അതിനെതിരെയുള്ള ഏതുതരം നിയന്ത്രണങ്ങളെയും പുതിയ മൂല്യബോധം പ്രതിരോധിക്കും. പുതിയ മൂല്യചിന്തകളെ അളന്നറിയാന്‍ പോയ അമ്പതാണ്ടിന്‍റെ അളവുതൂക്കങ്ങള്‍, അതുകൊണ്ട്, തികയാതെ പോകുന്നു.

യഥാര്‍ത്ഥ മൂല്യങ്ങള്‍, അതിന്‍റെ ഉള്‍ക്കാമ്പില്‍ സമയബന്ധിയല്ല. സ്നേഹവും കരുണയും സത്യസന്ധതയും പ്രകൃതിയോടുള്ള ആദരവാര്‍ന്ന വിധേയത്വവും കാലബന്ധിതമായി മാറ്റത്തിനു വിധേയമാവാന്‍ പാടില്ല. പക്ഷേ, മൂല്യങ്ങളുടെ പ്രയോഗവും വ്യാഖ്യാനവും ലംഘനവും എല്ലാക്കാലത്തും ഒരുപോലെ ആയിരുന്നില്ല സമൂഹങ്ങളില്‍ സംഭവിച്ചിരുന്നത് എന്നതിന് ലിഖിത ചരിത്രംതന്നെയാണു സാക്ഷി. മൂല്യനിരാസങ്ങളുടെ സംഘര്‍ഷഭൂമികളാണ് എന്നും തലമുറകള്‍ - അഥവാ തലമുറകള്‍ക്കിടയിലെ ശൂന്യസ്ഥലങ്ങള്‍. പുതിയ കാലവും അതിന്‍റെ യുവതയും ഈ പൊതുനിയമങ്ങള്‍ക്കതീതരല്ല. അധികാരികളും രക്ഷിതാക്കളും അദ്ധ്യാപകരും തടയാന്‍ ശ്രമിച്ച ഒരു വിനോദയാത്ര, അക്കാരണത്താല്‍ത്തന്നെ, അവര്‍ പോകുകതന്നെ ചെയ്യും. 'അരുതെ'ന്ന് പറഞ്ഞ അച്ഛനെ നിഷേധിച്ചില്ലെങ്കില്‍ സിഗ്മണ്ട് ഫ്രോയിഡ് എന്ന മഹാപ്രതിഭയുടെ ആത്മാവ് അവരോട് 'ക്ഷമിക്കില്ല'. അതിനാല്‍ അവര്‍ നിശ്ചയമായും പോകുകതന്നെ ചെയ്യും, ആ യാത്ര അടിമാലിയിലെ അപകടവളവില്‍ അവസാനിക്കുമെങ്കില്‍ കൂടിയും.

ഇണകളായും ഇണകളുടെ ചെറുംഘങ്ങളായും ഇണകളും അല്ലാത്തവരുമടങ്ങുന്ന കൂട്ടങ്ങളായുമൊക്കെ സ്കൂള്‍-കോളേജ് കാമ്പസുകളില്‍നിന്നും യുവാക്കളുടെ തൊഴിലിടങ്ങളില്‍നിന്നും ഉല്ലാസയാത്രകള്‍ക്കിറങ്ങുന്ന സംഭവങ്ങള്‍ ഇന്ന് അപൂര്‍വ്വമല്ല. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം അത് പൊതുജനം അറിയുന്നുവെന്നേയുള്ളൂ. അപകടങ്ങളില്‍ പെടുന്നവരേക്കാള്‍ എത്രയോ അധികമാണ് സുരക്ഷിതരായി (?) തിരിച്ചെത്തുന്നവര്‍. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹം വിലയേറിയതെന്നു കരുതി പാലിച്ചുപോരുന്ന വിവാഹ കുടുംബ കേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയാണിവിടെ തകര്‍ക്കപ്പെടുന്നത്. ആ മൂല്യവ്യവസ്ഥതന്നെയാണിവിടെ പ്രതികൂട്ടിലാവുന്നതും എന്നത് വിരോധാഭാസം! കാരണം, കൂടുതല്‍ കരുത്തുള്ള പുതുമകളെ സൃഷ്ടിക്കാനാവാത്ത വിത്തുകളെ പ്രകൃതിതന്നെ പുറംതള്ളുന്നതാണ് ജനിതകനിയമം. വിദ്യാര്‍ത്ഥികള്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ചുകൊണ്ട്, അവരെ ഒരു നിയമനിഷേധത്തിലേക്ക് നിര്‍ബന്ധിച്ചു പറഞ്ഞുവിട്ടിട്ട് ആ നിയമംകൊണ്ടവരെ വിധിക്കാന്‍ നമുക്കവകാശമില്ല - അതവരുടെ നന്മക്കുവേണ്ടിയെന്ന് വെറുതെ ഭാവിച്ചാല്‍ കൂടിയും.

'ജനറേഷന്‍ ഗ്യാപ്പ്' എന്ന ക്ലീഷേകൊണ്ട് വിവക്ഷിക്കപ്പെടുന്ന മൂല്യസംഘര്‍ഷം ഒട്ടും പുതുമയില്ലാത്തതാണെങ്കിലും കേരളസമൂഹത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിനൊരു പുതുമയും കൗതുകവുമുണ്ട്. എഴുപതുകളിലെയും എണ്‍പതുകളിലേയും തീവ്രയൗവ്വനങ്ങളാണ് ഇന്നത്തെ 'പഴയ'തലമുറ. കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ ചിന്തയുടെ തീക്കാറ്റുയര്‍ത്തിയവര്‍, വിപ്ലവത്തിന്‍റെ അഗ്നിയിലെരിഞ്ഞവര്‍, സ്വപ്നവും കവിതയും കാല്പനിക ഭ്രാന്തും തോള്‍സഞ്ചിയില്‍ ചുമന്നുനടന്നവര്‍, എല്ലാ അസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരെ ധൈഷണികതയുടെ പടവാളുയര്‍ത്തിയവര്‍. അവര്‍ അച്ഛന്മാരും അമ്മമാരുമായപ്പോള്‍ അവര്‍ക്കെന്തു സംഭവിച്ചു? അതോ, അവര്‍ കണ്ട സ്വാതന്ത്ര്യസ്വപ്നങ്ങളുടെ നേര്‍വിപരീത ദിശയിലേക്കാണോ പുതുതലമുറയുടെ സഞ്ചാരം? പുതിയ തലമുറയുടെ സ്വാതന്ത്ര്യസ്വപ്നങ്ങളെ, മൂല്യവീക്ഷണങ്ങളെ സ്വന്തം അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും തീര്‍പ്പുകളുടെയും വ്യാകരണങ്ങള്‍ക്കൊണ്ട് വ്യാഖ്യാനിക്കുന്ന രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും സമൂഹവും കലാലയ കാമ്പസ്സുകളിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രതിക്കൂട്ടില്‍ത്തന്നെയാണ്. കൂടുതല്‍ കരുത്തുള്ളൊരു മൂളയായി തലനീട്ടാനാവാതെ 'വേര്‍ച്വല്‍' മണ്ണടരുകളില്‍ വേരുകളാഴ്ത്താനും 3-ജി ആകാശങ്ങളില്‍ തളിര്‍ത്തുപൂക്കാനും കൊതിക്കുന്ന ന്യൂ ജനറേഷന്‍ പിക്നിക് കൂട്ടായ്മകളും പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍ ഇതിനേക്കാളെല്ലാം തീവ്രമായും ആഴത്തിലും സര്‍വ്വതല സ്പര്‍ശിയായും കാമ്പസുകളെ ഇന്ന് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഭൂതാവേശംപോലെ കാമ്പസുകളെ പൊതിയുന്ന, കാമ്പസുകളില്‍ നിറയുന്ന മൂലധന ശക്തികളും മൂലധന താല്പര്യങ്ങളുമാണ്.

വിദ്യാഭ്യാസം ഒരു വിശുദ്ധകര്‍മ്മവും പുണ്യപ്രവൃത്തിയുമായി കരുതപ്പെട്ടിരുന്നു കേരളീയസമൂഹത്തില്‍. മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആര്‍ഷഭാരത സങ്കല്പങ്ങള്‍ക്കനുസൃതമായി ഇവിടെ രൂപപ്പെട്ട വിദ്യാഭ്യാസകൂട്ടായ്മകളും അതാണ് തെളിയിക്കുന്നതും. ജാതി-മത ഭേദമില്ലാതെ, സാമ്പത്തിക വലിപ്പ-ചെറുപ്പമില്ലാതെ എല്ലാവരും സംഭാവന നല്‍കിയും കായികാദ്ധ്വാനം നല്‍കിയും പടുത്തുയര്‍ത്തിയവയാണ് നമ്മുടെ വിദ്യാലയങ്ങള്‍. ഒരു വിദ്യാലയത്തിനുവേണ്ടിയെങ്കിലും സംഭാവന നല്‍കാത്ത, ശ്രമദാനം എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന കായികാദ്ധ്വാനം നല്‍കാത്ത ഒരു കുടുംബമെങ്കിലും കഴിഞ്ഞ തലമുറയിലെ കേരളീയ സമൂഹത്തിലുണ്ടാവുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസം നേടുന്ന ഓരോ വ്യക്തിയും ഓരോ കുടുംബത്തിനും അതുവഴി സമൂഹത്തിനും രാഷ്ട്രത്തിനും വിലമതിക്കാനാവാത്ത മൂലധനമായി മാറുമെന്ന് കരുതിയിരുന്ന നമ്മുടെ മത-സമുദായനേതാക്കളും സാമൂഹികപ്രവര്‍ത്തകരും കേരളത്തിന്‍റെ മനസ്സില്‍ അക്ഷരങ്ങള്‍ കോറിയിട്ടു. സൂര്യസമാനരായ ആ പുണ്യവ്യക്തിത്വങ്ങളാണ് വിദ്യ അതില്‍ത്തന്നെ എത്രവലിയ മൂലധനമാണെന്ന് നമ്മുടെ നാടിന് കാണിച്ചുകൊടുത്തത്.

ആ മഹാത്മാക്കളാണ് നമ്മുടെ നാടിനെ അക്ഷരം പഠിപ്പിച്ചത്, വിദ്യ നല്‍കിയത്, അറിവിലൂടെ വളരാനും ലോക പൗരന്മാരായി അനന്താകാശങ്ങളിലേക്ക് തലനീട്ടാനും പ്രാപ്തരാക്കിയത്. എന്നാല്‍, ഏതാനും ചില പതിറ്റാണ്ടുകള്‍ക്കിപ്പുറം വിദ്യാഭ്യാസ വഴിവാണിഭച്ചന്തയിലെ കൗശലക്കണ്ണുകള്‍ ഈ സരസ്വതീക്ഷേത്രങ്ങള്‍ക്കുമേല്‍ ആര്‍ത്തിയോടെ നോട്ടമുറപ്പിച്ചിരിക്കുന്നു. നെഹ്റുവിയന്‍ സോഷ്യലിസം ഉറപ്പു നല്‍കിയിരുന്ന പരിമിത സാമൂഹ്യനീതി പഴഞ്ചനെന്നു മുദ്രകുത്തി അവയുടെ അസ്ഥിവാരത്തിനുമേല്‍ മന്‍മോഹനിസവും ചിദംബരനിസവും ഇറക്കുമതി ചെയ്യപ്പെട്ട മറ്റനേകം ഇസങ്ങളും കടഛ മുദ്രയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഭരണകൂടം വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍നിന്ന് പിന്‍മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ നികുതിപ്പണംകൊണ്ട് കെട്ടിയുയര്‍ത്തിയ പൊതുമേഖലാസ്ഥാപനങ്ങളുടെ 49 ഉം 51 ഉം എന്നൊക്കെയുള്ള വിചിത്ര അക്കങ്ങളുടെ ഓഹരി കുത്തകകള്‍ക്ക് 'വെറുതെ' വിറ്റ് കോര്‍പ്പറേറ്റുകളുടെ അജന്‍ഡയനുസരിച്ച് കോര്‍പ്പറേറ്റ് കാര്യക്കാര്‍ രൂപപ്പെടുത്തുന്ന ഭരണനയങ്ങള്‍ നടപ്പാക്കുന്ന ഭരണകൂടങ്ങള്‍ക്ക് അരപ്പട്ടിണിക്കാരന്‍ പണം കൊടുത്തും പിടിയരി കൊടുത്തും പെട്രോമാക്സിന്‍റെ അരണ്ടവെട്ടത്തില്‍ ശ്രമദാനം നടത്തിയും പണിതുയര്‍ത്തിയ വിദ്യാലയങ്ങളില്‍ എന്തു താല്പര്യം. ആരോഗ്യവും വിദ്യാഭ്യാസവും പണംകൊടുത്തു വാങ്ങാന്‍ കഴിയുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തത്വശാസ്ത്രമാണല്ലോ അവര്‍ പറയാതെ പറഞ്ഞും പറഞ്ഞുപറഞ്ഞും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഭരണകൂടങ്ങള്‍ക്കും മുമ്പേ പറക്കുന്ന പക്ഷികളായി നമ്മുടെ മത-സമുദായ സംഘടനകള്‍, ലാഭേച്ഛയില്ലാതെ, പുണ്യകര്‍മ്മംപോലെ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എയിഡഡ് വിദ്യാഭ്യാസം കയ്യൊഴിഞ്ഞ് സ്വാശ്രയ വിദ്യാഭ്യാസത്തെ നാം നെഞ്ചേറ്റിയത് ഏതൊക്കെ മൂല്യങ്ങളുടെ സംരക്ഷണത്തിനായിരുന്നു? 'ഇന്ത്യന്‍ റുപ്പി'ക്കപ്പുറം ഏതൊക്കെ നന്മകളാണ് നമ്മുടെ സ്വാശ്രയസ്ഥാപനങ്ങളില്‍ ഊട്ടി വളര്‍ത്തപ്പെടുന്നത്? ഒടുവിലിപ്പോള്‍ എയിഡഡ് വിദ്യാഭ്യാസത്തിന്‍റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയുമടിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുമ്പോള്‍ ഓട്ടോണമസ് സ്ഥാപനങ്ങളുടെ നടപ്പാക്കലിന് കേരളത്തിലെ വിദ്യാഭ്യാസ ഏജന്‍സികള്‍ പരസ്പരം മത്സരിക്കുന്നു.

മൂലധന ബന്ധിയായ ഏതു പ്രവര്‍ത്തനവും ഒരു ലാഭക്കണക്കിലവസാനിച്ചേ ഒക്കുകയുള്ളൂ. വാര്‍ഷിക കണക്കെടുപ്പിലെ ലാഭസംഖ്യയുടെ വലിപ്പത്തിനപ്പുറം മറ്റൊന്നും ആ പ്രവര്‍ത്തനത്തെ സാധൂകരിക്കുന്നില്ല. ലാഭത്തിനുവേണ്ടി നടത്തപ്പെടുന്ന സ്കൂളുകളിലും കോളേജുകളിലും ബുക്കും പുസ്തകവും ബാഗും യൂണിഫോമും ബസ്സ് യാത്രയും കാന്‍റീനും കച്ചവടം മാത്രമാണ്. അപ്പോള്‍, അവരുടെ സ്പോര്‍ട്സും ആര്‍ട്സും വിനോദയാത്രയുമൊക്കെ കച്ചവടമാകാതെ തരമില്ല. നമ്മുടെ സ്കൂളില്‍ വില്‍ക്കുന്ന പാഠപുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വില നോക്കിയാല്‍ മതി, കടയില്‍നിന്ന് ഇവ വാങ്ങുന്ന ഒരു സാധാരണ ഉപഭോക്താവിന് ലഭിക്കുന്ന പരിഗണനപോലും നമ്മുടെ കുട്ടികള്‍ക്കു കിട്ടുന്നില്ല എന്നറിയാന്‍. മൂലധനം ഇരട്ടിപ്പിക്കാത്ത ഒന്നിനേയും ഈ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.

വിദ്യയുടെ സാധകരായ അദ്ധ്യാപകരും വിജ്ഞാന ദാഹികളായ വിദ്യാര്‍ത്ഥികളും കാമ്പസുകളുടെ ഐക്കണുകളായി കരുതപ്പെട്ടിരുന്ന കാലം കഴിഞ്ഞു. അക്ഷരങ്ങള്‍ക്കൊണ്ടല്ല, അക്കങ്ങള്‍ക്കൊണ്ട് എല്ലാം അളക്കപ്പെടുന്ന പുതുകാലത്തില്‍ മൂല്യവ്യവസ്ഥയുടെ വടിയോങ്ങി പുതുതലമുറയോട് കണ്ണുരുട്ടാന്‍ ആര്‍ക്കാണവകാശം? പൊതുനന്മയുടെ തുറസ്സിടങ്ങള്‍പ്പുറം വ്യക്തികാമനകളുടെ ഇരുണ്ടയിടങ്ങള്‍ എല്ലാവരിലുമുണ്ട് -വിദ്യാര്‍ത്ഥികളിലും. സാമൂഹ്യനന്മയുടെ ദീപ്തവെളിച്ചംകൊണ്ട് വ്യക്തികാമനകളുടെ ഇരുളിനെ മറയ്ക്കാന്‍ ആത്മവിശുദ്ധിയുടെ കരുത്തുവേണം സമൂഹത്തിന്. അതില്ലാത്തവര്‍ അടിമാലിയും ബംഗലൂരുവും കണ്ട് മൂക്കത്തു വിരല്‍ വയ്ക്കരുത്, മുതലകണ്ണീരൊഴുക്കരുത്. കഴിയുമെങ്കില്‍, ഒരു ആത്മപരിശോധനയുടെ കുമ്പസാരക്കൂട്ടിലേക്കു മടങ്ങുകയാണു വേണ്ടത്.

You can share this post!

പാലിയേറ്റീവ് കെയര്‍ - വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്‍റെ ആവശ്യം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts