ഒന്ന്
അടുത്തൊരു കാലത്ത് ഉത്തരകേരളത്തിലെ ഒരു അഭയകേന്ദ്രത്തില്‍ പോകാനിടയായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട മധ്യവയസ്കരുടേയും വൃദ്ധന്മാരുടേയും ഒരു താവളമായിരുന്നു അത്. പലര്‍ക്കും താളംതെറ്റിയ മനസ്സാണുണ്ടായിരുന്നത്. താളംതെറ്റുകയെന്നാല്‍ വല്ലാത്തൊരു താളംതെറ്റലല്ല. വ്യര്‍ത്ഥതാബോധംകൊണ്ടും നിരാശകൊണ്ടും ദിശാബോധം തെറ്റിയ കുറച്ചാളുകള്‍. ഉപേക്ഷിക്കപ്പെട്ട ഓര്‍മ്മകളാല്‍ മനസ്സും ഭൂതകാലവും ശൂന്യമായവര്‍, ഓര്‍മ്മകള്‍ മുഴുവനായി ഉപേക്ഷിക്കാന്‍ പറ്റാത്തതിനാല്‍ അതിന്‍റെ ഭാരംകൊണ്ട് വീര്‍പ്പുമുട്ടുന്നവര്‍. അതിലേറെപ്പേരും തിരിച്ചുവന്ന പ്രവാസികളായിരുന്നു, പത്തുമുപ്പതുകൊല്ലക്കാലം മരുഭൂമിയില്‍ വിയര്‍ത്തുവിയര്‍ത്ത് ജീവിതം വറ്റിച്ചവര്‍, ജീവിതം വിറ്റ് കിട്ടിയ കാശുകൊണ്ട് നാടിനേയും നാട്ടാരേയും സേവിച്ചവര്‍. ഒടുക്കം തിരിച്ചെത്തിയപ്പോള്‍ അനാഥരും അവശരുമായവര്‍. തിരസ്കൃതര്‍. അടുക്കാന്‍ തീരമില്ലാത്ത തീരശൂന്യര്‍. "തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും" എന്നൊക്കെ പാടാന്‍ പറ്റിയ വരികളാണ്. യഥാര്‍ഥ ജീവിതത്തില്‍ തീരത്തടുക്കാനുള്ള പങ്കായം നഷ്ടപ്പെട്ട് കോളിലും തിരയിലും മുങ്ങിപ്പൊങ്ങുന്നവരാണവര്‍. തിരിച്ചുവരുന്നവരെക്കുറിച്ചും അവരുടെ പുനരധിവാസത്തെക്കുറിച്ചും സര്‍ക്കാരും മാധ്യമങ്ങളും പൊതുസമൂഹവും വാചാലരാകുമ്പോള്‍ ഞാനോര്‍ക്കുന്നത് തിരിച്ചുവന്നതിന് ശേഷം ഉപേക്ഷിക്കപ്പെട്ടവരെക്കുറിച്ചാണ്. പാക്കേജിനെക്കുറിച്ച് നമ്മള്‍ ആവേശഭരിതരാവുന്നത് ഇത്തരം പാക്കേജുകള്‍ ഒരിക്കലും പ്രയോഗത്തില്‍ വരില്ലെന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടുകൂടിയാണ്. സ്വന്തം വീട്ടുകാര്‍ക്ക് അവരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ ഭരണകൂടത്തിനും പൊതുസമൂഹത്തിനും അവരെ എങ്ങിനെ സ്വീകരിക്കാനാവും.
സൗദി അറേബ്യയുടെ പുതിയ നിയമനടപടികളില്‍ അതൃപ്തി തോന്നുന്നവര്‍ നമ്മളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നുകൂടി ആലോചിക്കാന്‍ ബാദ്ധ്യസ്ഥരാണ്. നമുക്ക് സ്വീകരിക്കാന്‍ കഴിയാത്തവരെ കാലാകാലങ്ങളില്‍ വിദേശത്തെ രാജഭരണകൂടങ്ങള്‍ നിലനിര്‍ത്തണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നത് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടും നാണക്കേടുമാണ്.
ഒരുപാട് വര്‍ഷങ്ങളായി അന്യനാടുകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ അവിടെനിന്നും പുറത്താക്കപ്പെടുകയെന്നത് ദാരുണമായ അവസ്ഥ തന്നെയാണ്. പലരേയും സംബന്ധിച്ചിടത്തോളം ഇതൊരു പറുദീസാനഷ്ടം തന്നെയാണ്. ചിലര്‍ക്കൊക്കെ ജീവിതം തന്നെയാണ് നഷ്ടപ്പെടുന്നത്. എന്നാല്‍ ഓര്‍ക്കാപ്പുറത്താണ് ഇതൊക്കെ സംഭവിച്ചത് എന്നു പറയുന്നതില്‍ അര്‍ഥമില്ല. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ട് കാലമേറെയായി. അത്തരമൊരു മുന്നറിയിപ്പ് നേരത്തെതന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. ദേശാടനപ്പക്ഷികള്‍ക്ക് തിരിച്ചുപറക്കാന്‍ കാലമായി എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രവാസികളില്‍ താല്പര്യമുള്ള എല്ലാ സാമൂഹിക-രാഷ്ട്രീയ നിരീക്ഷകരും സൗദി അറേബ്യയിലെ നിതാഖ് നിയമം പ്രാബല്യത്തില്‍ വരുംമുന്‍പേ എഴുതിയിട്ടുണ്ട്. നിയമം ഉണ്ടാവുന്നതിന് മുന്‍പുതന്നെ അതിശക്തമായ തിരിച്ചൊഴുക്ക് ആരംഭിച്ച കാര്യം സെന്‍റര്‍ ഫോര്‍ ഡെവല്പമെന്‍റ് സ്റ്റഡീസി(CDS)ന്‍റെ പഠന റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെപോയ അടിയൊഴുക്കായിരുന്നു അത്. അത് പലപ്പോഴും എല്ലാം നേടിയവരുടെ തിരിച്ചുവരവായിരുന്നില്ല. അതില്‍ നേടിയവരും നഷ്ടപ്പെട്ടവരും ഉണ്ടായിരുന്നു. സാമ്പത്തികമായ ലാഭത്തെയോ നഷ്ടത്തെയോ കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത് വൈകാരികമായ നഷ്ടങ്ങളെക്കുറിച്ച് കൂടിയാണ.് ഇനി നഷ്ടപ്പെടാന്‍ ജീവിതം അല്പംമാത്രമേ ബാക്കിയുള്ളൂവെന്ന ജ്ഞാനോദയം ലഭിച്ച പലരും സ്വന്തം നാടുകളിലേക്ക് നേരത്തെതന്നെ തിരിച്ചുപറക്കാന്‍ തുടങ്ങിയിരുന്നു. അവരില്‍ ചിലരുടെ കാര്യമാണ് ഞാന്‍ നടേ പറഞ്ഞത്. മറുനാട്ടുകാര്‍ അവരെ തിരസ്കരിക്കുന്നതിന് മുന്‍പ് സ്വന്തം നാട്ടുകാര്‍ അവരെ തിരസ്കരിച്ച കഥ. അവരൊരിക്കലും തിരിച്ചുവരില്ലെന്നും അവരെല്ലാക്കാലത്തും ഒരു വിദേശക്കടംപോലെ തങ്ങളുടെ ജീവിതത്തെ അനുഗ്രഹിച്ചുകൊണ്ടിരിക്കും എന്നും കരുതിയവരാണ് ക്ഷുഭിതരായത്. വിദേശപ്പണംകൊണ്ട് മാത്രം നിലനില്ക്കുന്ന ചില സര്‍ക്കാരിതര സംഘടനകളെപ്പോലെ നമ്മുടെ കുടുംബവ്യവസ്ഥകളും ജീവിതവ്യവസ്ഥകളും മാറിക്കഴിഞ്ഞിരുന്നു. തൊഴിലിനോട് വിരോധവും വൈമനസ്യവുമുള്ള ഒരു ജനതയായി നമ്മള്‍ മാറിക്കഴിഞ്ഞിരുന്നു. വെറുതെയിരുന്നുണ്ണല്‍ നമ്മള്‍ ശീലമാക്കിക്കഴിഞ്ഞിരുന്നു. ഈ ആലസ്യത്തിന് പ്രധാനകാരണം ഗള്‍ഫ്പണം തന്നെയാണ്. എല്ലാ തൊഴിലുകളും അന്യസംസ്ഥാനക്കാരെ ഏല്പിച്ച് നമ്മള്‍ സ്വസ്ഥചിത്തരായി. വിദേശത്ത് അടിമപ്പണി ചെയ്യുന്നവരുടെ സ്വന്തക്കാര്‍ സ്വന്തം നാട്ടില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അടിമകളാക്കി പുറംനാട്ടിലെ ഒരിലച്ചോറു മാത്രമല്ല നമുക്കിനി നഷ്ടപ്പെടാന്‍ പോവുന്നത് വീട്ടിലെ നാക്കിലകള്‍ കൂടി നമുക്ക് നഷ്ടപ്പെടുന്നു. ഇവിടെ എല്ലുമുറിയെ പണിയെടുക്കുന്ന മറുനാട്ടുകാര്‍ ഉണ്ട്. പല്ലുമുറിയെ തിന്നാന്‍ നമ്മുടെ തന്നെ പഴഞ്ചൊല്ലുകള്‍ അവര്‍ക്ക് അധികാരം നല്കിയിരുന്നു.
രണ്ട്
ഗള്‍ഫിലേക്കുള്ള പുറപ്പാടു കാലം ആരംഭിക്കുന്നതിനുമുന്‍പ് നമ്മുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ മാര്‍ക്കറ്റില്‍ നമ്മുടെ നാട്ടുകാരോട് മാത്രം മത്സരിച്ചാല്‍ മതിയായിരുന്നു. ഒരു വലിയ ശതമാനം ആള്‍ക്കാര്‍ മത്സരം വേണ്ടെന്നു വെച്ച് തൊഴില്‍ത്തേടി നേരത്തെതന്നെ അന്യസംസ്ഥാനങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇനി നമുക്കു മത്സരിക്കേണ്ടിവരുന്നത് നമ്മുടെ നാട്ടുകാര്‍ക്കൊപ്പം അന്യസംസ്ഥാനങ്ങളില്‍നിന്നു തൊഴില്‍ത്തേടി ഇവിടെ എത്തിയവരോടു കൂടിയാണ്. ഇവിടെ ഇനി മണ്ണിന്‍റെ വാദം ബലപ്പെടുമെന്നു തോന്നുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികള്‍ തിരിച്ചുപോവണമെന്ന് പറയാനോ അവരെ ബലമായി പുറത്തുചാടിക്കാനോ കഴിഞ്ഞെന്നുവരില്ല. അത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിനെതിരാണ്. അവര്‍ക്ക് തൊഴില്‍ നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരാനും കഴിയില്ല. അവര്‍ വിദേശികളല്ല, നമ്മുടെ നാട്ടുകാര്‍ തന്നെയാണ്. അവര്‍ക്കു തൊഴിലവസരങ്ങള്‍ കുറയുമായിരിക്കും. അതിന്‍റെ കടുത്ത സമ്മര്‍ദ്ദം തൊഴില്‍ മാര്‍ക്കറ്റില്‍ ഉണ്ടാവുകയും ചെയ്യും. അവരെ ഇനി പണിക്കു നിര്‍ത്തില്ലെന്ന് തീരുമാനിക്കാന്‍ സ്വന്തം നിലയില്‍ തദ്ദേശവാസികള്‍ക്കു കഴിഞ്ഞേക്കാം. അതെത്രത്തോളം പ്രായോഗികമാണ്. തിരിച്ചുവന്നവര്‍ നാട്ടിലെ പഴയ തൊഴില്‍ ചെയ്യുമെന്ന് എങ്ങിനെ ഉറപ്പിക്കാനാവും. ഗള്‍ഫ് പണം ഇല്ലാത്തൊരവസ്ഥയില്‍ ഈ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ആര് പണി നല്കും? പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. തൊഴില്‍ രംഗത്ത് ഇത്തരമൊരു "അരക്ഷിതാവസ്ഥ" ഇവിടെ മാത്രമല്ല സംഭവിക്കാന്‍ പോവുന്നത്. നമ്മളെ പറഞ്ഞുവിടുന്ന ഗള്‍ഫ് നാടുകളിലെ തദ്ദേശവാസികള്‍ക്ക് പണിയെടുപ്പിക്കാന്‍ നല്ല തൊഴിലാളികളെ കിട്ടാതെ വരും. ഇവിടെയുള്ളവരേയും ഇവിടേയ്ക്കു വന്നുചേര്‍ന്നവരേയും ഇത്തരം അരക്ഷിതാവസ്ഥകള്‍ ബാധിക്കും. നഷ്ടപ്പെടാന്‍ എല്ലാവര്‍ക്കും അവസരം കിട്ടും. നേടാനായി അവസരം ആര്‍ക്കും കിട്ടാന്‍ പോവുന്നില്ല.
മൂന്ന്
സൗദി സര്‍ക്കാര്‍ അവിടുത്തെ തൊഴില്‍ നിയമങ്ങള്‍ ആകെ അഴിച്ച് പണിഞ്ഞിട്ടൊന്നുമില്ല. പത്തുപേര്‍ പണിയെടുക്കുന്ന കമ്പനികളില്‍ പത്തുപേരില്‍ ഒരാള്‍ സൗദിയായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുക മാത്രമാണ് ചെയ്തത്. അതില്‍ ഒരു നീതിനിഷേധമില്ല. ഇതു വഴി മറുനാട്ടുകാര്‍ക്ക് നീതി നിഷേധിക്കുകയല്ല ചെയ്യുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് അല്പം നീതി ലഭിക്കാനുള്ള അവസരം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തം നാടിന്‍റെ സുരക്ഷയെക്കുറിച്ചും സ്വന്തം നാട്ടുകാരുടെ രക്ഷയെക്കുറിച്ചുമുള്ള ഉത്ക്കണ്ഠയില്‍നിന്നാണ് നിയമം ഉണ്ടാകുന്നത്! ഒരു രാജ്യത്തിനും തദ്ദേശവാസികളേക്കാള്‍ വിദേശികള്‍ പെരുകുന്നത് അധികകാലം അനുവദിക്കാന്‍ പറ്റില്ല. സ്വന്തം നാട്ടുകാര്‍ക്ക് ജോലി നിഷേധിച്ചുകൊണ്ട് വിദേശികള്‍ക്ക് ജോലി നല്കാനും ആവില്ല. തൊഴില്‍ മേഖലയിലെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന നിയമങ്ങള്‍ അമേരിക്കയടക്കമുള്ള എല്ലാ രാജ്യങ്ങളിലും ഉണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും കര്‍ശനമായ ഇത്തരം നിയമങ്ങളെക്കുറിച്ച് നമ്മള്‍ പ്രതിഷേധിക്കാറുമില്ല. ഗള്‍ഫിന്‍റെ കാര്യത്തില്‍ നമ്മള്‍ വല്ലാതെ വാചാലരാവുന്നു. പത്രങ്ങള്‍ അപകടമണികള്‍ മുഴക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്കണ്ഠാകുലരാവുന്നു. അതിനുള്ള പ്രധാന കാരണം ഗള്‍ഫ് പ്രവാസികളില്‍ ഏറെപ്പേരും അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവരും 'തനിനാടന്‍' മാരുമാണെന്നതാണ്. മറ്റ് പ്രവാസികളേക്കാള്‍ ഉദാരമനസ്കരും ഈ കായികത്തൊഴിലാളികളാണ്. കേരളത്തിലെ മതസാംസ്കാരിക രാഷ്ട്രീയ സ്ഥാപനങ്ങളെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്നത് അവരുടെ വിശപ്പിന്‍റെ കാശാണ്, വിയര്‍പ്പിന്‍റെയും. നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങള്‍ പച്ചപിടിച്ചത് അവരുടെ കാശുകൊണ്ടാണ്.
അറബ് വസന്തത്തെ തുടര്‍ന്ന് രാജഭരണം നിലനില്ക്കുന്ന എല്ലാ അറബ്രാജ്യങ്ങളും ഭയത്തിലാണ്. സ്വന്തം നാട്ടുകാരെ പരിഗണിക്കാതെ ഒരൊറ്റ അറബ് രാജ്യത്തിനും ഇനി മുന്നോട്ടുപോകാനാകില്ല. അവരുടെ അരക്ഷിതബോധത്തെ മാത്രമല്ല മാറ്റേണ്ടത് അവരുടെ അലസത കൂടി മാറ്റേണ്ടിവരും. ഒരു പണിയും ചെയ്യാതെ സര്‍ക്കാര്‍ ക്ഷേമനിധികളില്‍നിന്ന് പണംപറ്റി കഴിയുന്നവര്‍ ഒരു ഭീഷണി തന്നെയാണ്. ക്ഷേമനിധികള്‍ കൂടിക്കൂടി വരുമ്പോഴാണ് അലസരായ മനുഷ്യരുണ്ടാവുന്നത്. അത് നാടിന് ഭീഷണിയാണ്. സൗദി അറേബ്യയിലെ ജനങ്ങളില്‍ ഒരു വലിയ വിഭാഗം ഇവിടെ സര്‍ക്കാരിന്‍റെ സൗജന്യവേതനത്തില്‍ ജീവിക്കുന്നവരാണ്. അവരെ പണിയെടുപ്പിച്ചില്ലെങ്കില്‍ അതപകടമാവും. സൗദി അറേബ്യയെ തുടര്‍ന്ന് ബാക്കിയുള്ള അഞ്ച് ജി. ഒ. സി. രാജ്യങ്ങളും സമാനമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താനുള്ള പുറപ്പാടിലാണ്. കുവൈത്ത് അത് ഏറെക്കുറെ ആരംഭിച്ചുകഴിഞ്ഞു.
ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കൂടിയത് പത്ത് ശതമാനം പേര്‍ക്കായിരിക്കും തൊഴില്‍ നഷ്ടപ്പെടുക. ശതമാനക്കണക്ക് ഇതിലും താഴെയായിരിക്കും. കാരണം ഒരുപാടു കമ്പനിക്കാരില്‍ പത്തിന് താഴെപ്പേരാണ് പണിയെടുക്കുന്നത്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ബഹളം വിളികള്‍ക്കും വിലാപങ്ങള്‍ക്കും കാരണം മലയാളികള്‍ അനുവര്‍ത്തിച്ചുവന്ന നിയമനിഷേധം തന്നെയാണ്. സൗദി അറേബ്യയിലെ ഒരു വലിയ വിഭാഗം മലയാളിത്തൊഴിലാളികള്‍ അനധികൃത കുടിയേറ്റക്കാരാണ്. ഒരുപാടുപേരെ വിമാനങ്ങളില്‍ ചവിട്ടിക്കയറ്റി കൊണ്ടുവന്നതാണ്. സൗദി അറേബ്യയില്‍ എത്തിയവരില്‍ ഒരുപാടുപേര്‍ തീര്‍ത്ഥാടകരായി എത്തിയവരാണ് ഹജ്ജിന്‍റെ മറവില്‍, ഉമ്രയുടെ മറവില്‍ വിസിറ്റിങ്ങ് വിസയില്‍ എത്തി അനധികൃതമായി ഇവിടെ തങ്ങിയവര്‍.
ഡ്രൈവിങ്ങ് വിസയിലും വീടുപണി വിസയിലും വന്ന് കടകളില്‍ ചേക്കേറിയവര്‍ ഒരുപാടുണ്ട്. ഇവരൊന്നും നിയമാനുസൃത തൊഴിലാളികളല്ല, സര്‍ക്കാരിന്‍റെ ഏതെങ്കിലും കണക്കില്‍ പെടുന്നവരുമല്ല. അവിടുത്തെ സര്‍ക്കാരിന്‍റെ കണക്കില്‍ അവരില്ല, ഇവിടുത്തെ സര്‍ക്കാരിന്‍റെ കണക്കിലും അവര്‍ കാണില്ല. അതുകൊണ്ടാണ് എത്ര പേരുണ്ടെന്ന ചോദ്യത്തിനും നമുക്ക് കൈമലര്‍ത്തേണ്ടി വരുന്നത്.
അവര്‍ക്കുവേണ്ടി നമ്മളിപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് പറയുന്നത് മുതലകളെ അപമാനിക്കലാവും. അവരെയെല്ലാം പുനരധിവാസിപ്പിക്കുമെന്ന് പറയുന്നതും തല്ക്കാലത്തേക്ക് നടത്തുന്ന ഒരു പ്രസ്താവന മാത്രമാണ്. അതിനായി സൗദി രാജാവിനെ കാണാനുള്ള മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യാത്രപോലും ഉല്ലാസയാത്രകളാണ്. പ്രവാസികള്‍ മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനങ്ങളുടെ കെട്ടു കാണാതായെന്നും പിന്നെ എവിടെയൊക്കെയോ എവിടെനിന്നോ കെട്ടിയെടുത്തുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കാര്യങ്ങളൊന്നും നടക്കില്ലെന്നതിന്‍റെ സൂചന കൂടിയാണിത്.
നാല്
തിരിച്ചുവരവിന്‍റെ ഈ നിമിഷത്തില്‍ എന്‍റെ വാക്കുകള്‍ക്ക് കുറേക്കൂടി മാര്‍ദ്ദവം വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടാവും, മാധുര്യവും. സത്യം ഒട്ടും മാധുര്യമില്ലാത്ത ഒരു കയ്പന്‍ അവസ്ഥയാണ്.
ഈയിടെ കേരളത്തില്‍ ഒമാനില്‍നിന്ന് സന്ദര്‍ശനത്തിനെത്തിയ ഒരു അറബിയെ ജയിലിലടയ്ക്കുകയുണ്ടായി. തിരിച്ചുപോകാന്‍ ഒരു ദിവസം വൈകിയതാണ് കാരണം. കാരണം വ്യക്തമായി വിശദീകരിച്ചിട്ടും അയാളെ ഹോട്ടലില്‍ തങ്ങാന്‍ സമ്മതിച്ചില്ല. ജയിലില്‍ കിടന്ന് പോലീസ് അകമ്പടിയോടെയാണയാള്‍ തിരിച്ചു പോയത്. ഇത്തരം കാര്‍ക്കശ്യം കാണിക്കുന്ന നമ്മളാണ് അറബി നാടുകളിലെ മലയാളികള്‍ക്ക് പൊതുമാപ്പ് നല്കണമെന്നാവശ്യപ്പെടുന്നത്. നമ്മില്‍ ഭൂരിപക്ഷം പേരും കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കി കള്ളത്തരത്തില്‍ അവിടെ എത്തിയവരാണ്, അതുകൊണ്ടുതന്നെ പൊതുമാപ്പെന്ന ആവശ്യത്തിന് ധാര്‍മികമായി നമുക്കവകാശമില്ല.
അറബ് രാജ്യങ്ങളെ പണിതുയര്‍ത്തിയത് നമ്മളാണെന്ന് അഭിമാനിക്കാറുണ്ട്. അത് ശരിയുമാണ്. മറ്റുള്ളവരുടെ വീട് പണിയുന്നവരുടെ അഭിമാനത്തെപ്പോലെ ക്ഷണികമാണത്. അതിനര്‍ഥം ആ വീടിന്‍റെ പണികഴിഞ്ഞാല്‍ കാലാകാലം ആ വീടുകളുടെ കിടപ്പുമുറികള്‍ ഉപയോഗിക്കാന്‍ നമ്മളെ അവര്‍ അനുവദിക്കും എന്നതല്ല. പണി കഴിഞ്ഞാല്‍ വീടു പണിയുന്നവര്‍ പുറത്താണ്. ഒഴിഞ്ഞുപോവില്ലെന്ന് പറയുന്നതില്‍ ഒരര്‍ഥവുമില്ല.
- നമുക്കുതന്നെ നമ്മളെ സഹിക്കാന്‍ പറ്റാത്ത ഒരവസ്ഥയില്‍, ഒരു വിദേശ സര്‍ക്കാരിനും കാലാകാലം നമ്മളെ സഹിക്കാന്‍ പറ്റില്ല, വീടുപണിയാന്‍ പോവുന്നവര്‍ സ്വന്തം വീട് നഷ്ടപ്പെടുന്ന കാര്യംകൂടി ആലോചിക്കണം.