news-details
സഞ്ചാരിയുടെ നാൾ വഴി

”“Do you hear what these children are saying?” they asked him.“Yes,” replied Jesus, have you never read,
“From the lips of children and infants
you, Lord, have called forth your praise.’’
[Mathew 21-16]

Out of the mouths of babes എന്ന ഇംഗ്ലീഷ് idiom തളിര്‍ക്കുന്നത് ആരംഭത്തിലെ യേശു സൂചനയില്‍ നിന്നാണ്. കുഞ്ഞുങ്ങളുടെ അധരങ്ങള്‍ വിജ്ഞാനം സംസാരിക്കുന്നു എന്നൊരു സങ്കീര്‍ത്തനത്തെ അവന്‍ ആവര്‍ത്തിക്കുകയായിരുന്നു. തീരെ നിനയ്ക്കാത്ത നേരത്ത് സാധാരണക്കാരായ മനുഷ്യരില്‍ നിന്ന് വരുന്ന ജ്ഞാനത്തിന്‍റെ പൊന്‍പ്രകാശത്തിന് വേണ്ടിയാണ് ആ ശൈലി ഇന്ന് ഉപയോഗിച്ച് വരുന്നത്. വേദപുസ്തകത്തില്‍ ദുര്‍ബലരായ, അശിക്ഷിതരായ വിശ്വാസത്തിന്‍റെ പ്രാരംഭദശയിലുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ് പൈതങ്ങള്‍ എന്ന പദം ഉപയോഗിക്കപ്പെടുന്നത്.

പദാനുപദ അര്‍ത്ഥത്തില്‍ പോലും ശരിയെന്നുറപ്പുള്ള വിചാരമാണത്. കുഞ്ഞുങ്ങളെ കേള്‍ക്കൂ. അഗസ്റ്റിന്‍റെ ആത്മകഥയില്‍ നിന്ന് ഇങ്ങനെ നമ്മള്‍ വായിക്കും. ഒരു അത്തിമരത്തിന്‍റെ ചുവട്ടിലിരുന്ന് തന്‍റെ ഭൂതകാലത്തെ ഓര്‍ത്ത് അയാള്‍ വെറുതെ വാവിട്ട് കരയുകയായിരുന്നു. എത്രകാലം, എത്രകാലം അങ്ങേയ്ക്ക് വേണ്ടി കാത്തിരിക്കണം. അശുദ്ധിയുടെ നിമിഷങ്ങള്‍ ഒടുങ്ങാന്‍ ഇനിയും നേരമായില്ലെന്ന് അങ്ങ് കരുതുന്നുണ്ടോ? അയലത്തെ ഏതോ വീട്ടില്‍നിന്ന് ഒരു കുട്ടി "എടുത്തു വായിക്കുക, എടുത്തു വായിക്കുക" (ലത്തീനില്‍ tolle, lege എന്ന് ആവര്‍ത്തിച്ച് പാടുന്നുണ്ടായിരുന്നു. തീരെ പരിചിതമല്ലാത്ത ആ പാട്ടില്‍ ഏതോ ദൈവിക പ്രതിധ്വനി ഉണ്ടെന്ന് അയാള്‍ക്ക് തോന്നി. അരികത്തിരുന്ന വേദപുസ്തകം തുറന്നു വായിക്കാനാണ് തോന്നിയത്. കണ്ണില്‍ തടഞ്ഞ വരികളിതായിരുന്നു: "നമുക്ക് സത്യസന്ധമായി നടക്കാം, പകല്‍ വെളിച്ചത്തിലെന്നപോലെ". പൗലോസ് റോമാക്കാര്‍ക്ക് എഴുതിത്തുടങ്ങുകയാണ്. ആ നിമിഷം തൊട്ട് അയാള്‍ വെളിച്ചത്തിന്‍റെ ഉപാസകനായി. അത്ര നാടകീയമല്ലെങ്കിലും കുഞ്ഞുങ്ങള്‍ക്ക് എന്തോ ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ടാവും. ഒരു ദാമ്പത്യ ബന്ധം ഓഡിറ്റ് ചെയ്യപ്പെടേണ്ടത് സ്വയം പറഞ്ഞ് നാം പാകപ്പെടുത്തിയെടുത്ത ഭേദപ്പെട്ട നുണകള്‍ കൊണ്ടല്ല. കുഞ്ഞുങ്ങളുടെ ഹര്‍ഷവും സമാധാനവും കൊണ്ടാണ്. ദൈവവും അവരും തമ്മില്‍ ഇപ്പോഴും ചില ഇടപാടുകള്‍ നടക്കുന്നതു കൊണ്ടാണ്.

പണ്ടൊരു അഞ്ച് വയസ്സുകാരന്‍ കുട്ടി അവന്‍റെ ചെറിയ പെങ്ങളോട് പറഞ്ഞതുപോലെ "ദൈവമെങ്ങനെയാണ് ഇരിക്കുന്നത്, ഞാനത് പതുക്കെപ്പതുക്കെ മറന്നുതുടങ്ങി". വേണമെങ്കില്‍ കുസൃതിയായി കരുതാവുന്ന ആ വാക്കില്‍ അവന്‍റെ അച്ഛനും അമ്മയും പകച്ചുപോയി.അത്രയും വലുതായതുകൊണ്ട് അത്രയും ആ തീരത്തുനിന്ന് തങ്ങള്‍ തുഴഞ്ഞ് അകന്നുപോയി എന്നോര്‍ത്തിട്ട് !

അധരങ്ങളിലൊളിപ്പിച്ച കുഞ്ഞുങ്ങളുടെ ജ്ഞാനത്തിന് നമ്മുടെ ധര്‍മ്മത്തില്‍ ഉള്ളതിനേക്കാള്‍ പകിട്ടുള്ള മറ്റൊന്ന് ഏതൊരു വിശ്വഭാവനയിലും ഉണ്ടാവില്ല. മണ്ണ് വിഴുങ്ങിയ ഉണ്ണിക്കണ്ണന്‍റെ ഈ ചിത്രം കാണുക. "ശരി, നീ മണ്ണു തിന്നിട്ടില്ല എന്നല്ലേ പറഞ്ഞത്; എങ്കില്‍ നീ വായ് തുറന്നു കാണിക്കു" എന്ന് യശോദ പറഞ്ഞു. ഒന്നു ചിന്തിച്ച ശേഷം യശോദയുടെ മുമ്പില്‍ കണ്ണന്‍ തന്‍റെ വായ തുറന്നു കാണിച്ചു. മണ്ണുണ്ടോ എന്നു വായില്‍ ശ്രദ്ധിച്ചു നോക്കിയ യശോദ ഈ ലോകം അങ്ങനെ തന്നെ കണ്ണന്‍റെ വായ്ക്കുള്ളില്‍ കണ്ടു.

ഏഴു ലോകങ്ങളെയും കാണിച്ചതു കൂടാതെ ദ്വാരകയിലെ അമ്പാടിയും പ്രത്യേകം കാണിച്ചു. അമ്പാടി കണ്ട യശോദ അവിടെ താന്‍ നില്‍ക്കുന്നതും കണ്ടു. തന്‍റെ കൈയ്യില്‍ പിടിച്ചിരുന്ന ചെറുവടിയും കണ്ടു."

2

ഷൂസെ സരമാഗോയുടെ Small Memories എന്ന തീരെച്ചെറിയ പുസ്തകം വായിച്ചുതീരുമ്പോള്‍ സ്വാഭാവികമായും നമ്മുടെതന്നെ കുട്ടിക്കാലത്തെയാണ് റീ-വിസിറ്റ് ചെയ്യുന്നത്. പതിനെട്ടാം മാസത്തില്‍ അച്ഛനും അമ്മയും കുട്ടിയെ അമ്മയുടെ നാട്ടില്‍നിന്ന് ലിസ്ബണ്‍ പട്ടണത്തിലേക്കു കൊണ്ടുപോയി. തെല്ലു മുതിര്‍ന്നു കഴിയുമ്പോള്‍ പലയാവര്‍ത്തി അയാള്‍ തന്‍റെ മുത്തശ്ശനേയും മുത്തശ്ശിയേയും തേടി ആ ഗ്രാമത്തിലേക്കെത്തുന്നുണ്ട്.

മിക്കവാറും പേര്‍ക്ക് അമ്മവീടിനേക്കുറിച്ച് ഹൃദ്യമായ ഓര്‍മകളുണ്ടാകുമെന്നുതന്നെ കരുതുന്നു. ഞങ്ങളുടെ കാര്യത്തില്‍ അമ്മവീട്ടിലായിരുന്നു വേനലവധിയുടെ ഏകദേശം മുഴുവന്‍ സമയവും. പരീക്ഷ കഴിഞ്ഞ് വേനലിന്‍റെ സ്കൂള്‍പൂട്ട് എന്നാണെന്ന് എ. ഇ. ഒ. കഴിഞ്ഞാല്‍ അച്ചട്ടായി മനസിലാക്കിയിരുന്ന ഒരാള്‍ അമ്മയുടെ അപ്പനായിരുന്നു. എന്തൊക്കെ കൗതുകങ്ങളായിരുന്നു നെല്‍വയലുകളും ചെറുതോടുകളും പരല്‍മീനുകളും മാമ്പഴവും ചെറുവഞ്ചിയുമൊക്കെച്ചേര്‍ന്ന് സൃഷ്ടിച്ചെടുത്തത്!

സരമാഗോയുടെ വീട്ടുകാരും കൃഷിക്കാരാണ്. അറിവിന്‍റേയും കറയില്ലാത്ത സ്നേഹത്തിന്‍റേയും സ്രോതസായിട്ടാണ് അയാള്‍ അവരെ ഓര്‍മിച്ചെടുക്കുന്നത്. കടുത്ത ദാരിദ്ര്യം കൊണ്ട് പന്ത്രണ്ടാം വയസില്‍ പള്ളിക്കൂടം വിടേണ്ടിവന്ന ഒരാളാണ് ടിയാന്‍ എന്നുകൂടി ഓര്‍ക്കണം. നാലു വയസെത്തിയ ജ്യേഷ്ഠന്‍റെ മരണം, തണുപ്പുള്ള രാത്രികളില്‍ അശുക്കളായ പന്നിക്കുട്ടന്മാരെ സ്വന്തം കിടക്കയില്‍ പുതപ്പിച്ചുകിടത്തുന്ന ഗ്രാമീണകാരുണ്യം, ശൈത്യകാലത്തിനു ശേഷം പുതപ്പുകള്‍ പോലും പണയം വയ്ക്കേണ്ടിവരുന്ന ദാരിദ്ര്യം, വായനയോടുള്ള ആഭിമുഖ്യങ്ങള്‍ രൂപപ്പെടുന്നത്, മീന്‍പിടുത്തം... അങ്ങനെ കിളുന്തോര്‍മകളുടെ മൊസയ്ക് ചിത്രമാണിത്.

ബാല്യത്തിലെ ചില ക്ഷതങ്ങള്‍ അയാളതു കുറിക്കുന്ന എണ്‍പതാം വയസിലും മായ്ച്ചുകളയാനാവാതെ അയാളോടൊപ്പമുണ്ട്. ഒരിക്കല്‍ ഒരു കുതിരസവാരി അയാള്‍ക്ക് നിഷേധിക്കപ്പെട്ടു. അതിനേക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞുവയ്ക്കുന്നത്: I‘m still suffering from the effects of a fall from a horse I never rode. There are no outward signs, but my soul has been limping for the last 70 years. ഒരിക്കലും സഞ്ചരിക്കാത്ത ഒരു കുതിരയില്‍നിന്ന് ഉണ്ടായ വീഴ്ചയുടെ പരിക്കുകള്‍ അയാളോടൊപ്പം ജീവിതസായന്തനത്തിലുമുണ്ട്; പുറത്ത് അങ്ങനെയൊരു അടയാളമില്ലെങ്കില്‍പ്പോലും. കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായി അയാളുടെ ആത്മാവ് മുടന്തിക്കൊണ്ടിരിക്കുകയായിരുന്നു.

കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ഒരു ഓര്‍മപ്പെടുത്തലായി അത് അനുഭവപ്പെട്ടു. പുളിങ്കുരുവിന്‍റെ തളിര്‍പ്പില്‍ ഒരു മൊട്ടുസൂചി കുത്തുന്നതുപോലെയാണ് ബാല്യത്തിലെ അപമാനങ്ങള്‍. എത്ര വലിയ മരമായി മാറുമ്പോഴും അതിന്‍റെ പാടുകളുണ്ടാവും. എന്നാല്‍ ഒരു പുളിമരത്തില്‍ നിങ്ങള്‍ വീശുന്ന മഴു പോലും ഒരു പരിക്കും അവശേഷിപ്പിക്കാതെ തെറിച്ചുപോകുന്നതു കാണാം. അതുകൊണ്ടൊക്കെ ആയിരിക്കണം രാജകുമാരന്മാരെക്കണക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ പ്രകാശമുള്ള മനുഷ്യരൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. പല കാരണങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ട ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍റെ പിതൃത്വമുള്‍പ്പടെ പരിഹാസവിഷയമായി. മുതിര്‍ന്നപ്പോള്‍ അവന്‍ പറഞ്ഞു: 'ഈ കുഞ്ഞുങ്ങളിലൊന്നിനെപ്പോലും നിന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുക. അതുവഴി അവരുടെ മാലാഖമാര്‍ ദൈവസന്നിധിയില്‍ നിങ്ങള്‍ക്കെതിരെ കണക്കു ബോധിപ്പിക്കാന്‍ പോവുകയാണ്.' ബാല്യം സുരക്ഷിതമാകാത്തവര്‍ക്ക് ജീവിതം ആകുലതകളുടേയും അരക്ഷിതത്വങ്ങളുടേയും ഭീതിയുടേയും ചോരുന്ന കൂടാരമാകുന്നു.

എന്നാലും പുസ്തകത്തിന്‍റെ റ്റോണ്‍ ഇതല്ല. തൊണ്ണൂറു വയസുള്ള അയാളുടെ മുത്തശ്ശി നിരീക്ഷിക്കുന്നതുപോലെ, “The world is so beautiful, it makes me sad to think I had to die. വിട്ടുപോകാനാവാത്ത വിധത്തില്‍ എത്ര വശ്യമാണ് ഈ പ്രപഞ്ചം!

3

പള്ളീടെ മണിമാളികയില്‍ നിറയെ പ്രാവുകള്‍ ഉണ്ടായിരുന്നു. ക്ലാസ്സിലിരുന്നാല്‍ അവയുടെ കുറുകല്‍ കേള്‍ക്കാം. പ്രാവുകളെ വളര്‍ത്തുക കുട്ടികളുടെ ഇഷ്ടവിനോദം ആയിരുന്നു.
ഓരോരോയിടങ്ങളിലായി വലിഞ്ഞു കയറി പ്രാവിന്‍ കുഞ്ഞുങ്ങളെ ശേഖരിച്ച് കൂട്ടുകാര്‍ക്ക് സമ്മാനിച്ചിരുന്ന ഒരു സഹപാഠിയുണ്ടായിരുന്നു. എന്നിട്ടും അവന്‍റെ വീട്ടില്‍ പ്രാവുകളില്ലായിരുന്നു. നമ്മടെ വീട്ടിലൊന്നും പ്രാക്കള്‍ വാഴത്തില്ലെടാ - അതിന് നല്ല സമാധാനം വേണം എന്നവന്‍ പറഞ്ഞത് മറന്നിട്ടില്ല.

കുട്ടികളുടെ അത്തരം ഭയങ്ങളെ മുതിര്‍ന്നവര്‍ ഗൗരവമായി എടുത്തിട്ടില്ല. ഏറ്റവും ചെറിയ കാര്യങ്ങള്‍ക്ക് മീതെ മനുഷ്യര്‍ അളവില്ലാതെ കലഹിച്ചു. എപ്പോള്‍ വേണമെങ്കിലും ഒരു വീട്ടില്‍ നിന്ന് ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അടുത്തടുത്തുള്ള വീടുകളാണ്. അയല്‍ക്കാര്‍ കേള്‍ക്കുമ്പോളുള്ള അപമാനത്തെ  ഓര്‍ത്ത് കുട്ടികള്‍ റേഡിയോയുടെ വോളിയം ഉയര്‍ത്തി. നിറയെ അംഗങ്ങളുള്ള വീടുകളില്‍ എന്തെങ്കിലും ഒരു കാര്യം സദാ പുകഞ്ഞുകൊണ്ടിരുന്നു. ശാന്തമായ ഒരു പരിസരം കുഞ്ഞുങ്ങളുടെ അവകാശമാണെന്ന കാര്യം മുതിര്‍ന്നവര്‍ ഭംഗിയായി മറന്നു കളഞ്ഞു. ചോറ് തരുന്നില്ലേ, ഫീസ് കെട്ടുന്നില്ലേ  എന്ന  ഹുങ്കായിരുന്നു ഈ വല്യവര്‍ പുലര്‍ത്തിയിരുന്നത്. അവരുടെ തര്‍ക്കങ്ങള്‍ക്കിടയില്‍ കുട്ടികളുടെ ബാല്യ കൗമാരങ്ങള്‍ മണല്‍ ഘടികാരത്തിലെ കാലം പോലെ ചൊരിഞ്ഞു തീര്‍ന്നു.

വീട്ടിലെ കാര്യങ്ങള്‍ കുഴപ്പമില്ലായിരുന്നു. എന്നാലും, അമ്മ - അമ്മായി - അമ്മാമ്മ , എപ്പ വേണമെങ്കിലും ഒരു  ചെറിയ സ്പാര്‍ക്ക് ഉണ്ടാകാം. ആകെയുള്ള മെച്ചം അവര്‍ ഉറക്കെ സംസാരിച്ചില്ല എന്നതാണ്. പകരം ദിവസങ്ങളോളം നിശ്ശബ്ദരായി. അതതിനെക്കാള്‍ കഠിനമായി തോന്നി. അടുത്തവര്‍ക്കിടയിലെ നിശബ്ദത പോലെ ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്ന മറ്റൊന്നില്ല.

അങ്ങനെയൊരു  സാഹചര്യത്തെക്കുറിച്ച് മറ്റു സഹോദരങ്ങള്‍ അത്രയും കോണ്‍ഷ്യസ് ആയിരുന്നോ എന്ന് അറിയില്ല. കാല്‍ക്കാശിന്  വിലയില്ലാത്ത ഒരു തരം വൈകാരിക ബുദ്ധിക്ക് കൊടുക്കേണ്ടി വന്ന കപ്പമായിരിക്കാമത്. വീടിനകത്തു മാത്രമല്ല പുറത്തും മനുഷ്യര്‍ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ക്ഷുഭിതരായി കൊണ്ടേ ഇരുന്നു. ഈ മുതിര്‍ന്നവര്‍ക്കൊക്കെ ഇത് എന്തിന്‍റെ കേടാണ്..?

You can share this post!

ഹൃദയഗീതങ്ങള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

മരണനിഴല്‍

ബോബി ജോസ് കട്ടികാട്
Related Posts