news-details
അക്ഷരം

നടക്കുമ്പോള്‍ തെളിയുന്ന ജീവിതം

നടപ്പ് സാംസ്കാരികാനുഭവമാകുന്ന മനോഹരഗ്രന്ഥമാണ് ഇ. പി. രാജഗോപാലന്‍റെ 'നടക്കുമ്പോള്‍.'  തന്‍റെ നടത്തം എന്തെല്ലാം കാഴ്ചകളും ഓര്‍മ്മകളും തന്നില്‍ നിറയ്ക്കുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. തോറോയും കെ. അരവിന്ദാക്ഷനുമൊപ്പം ഇ. പി. രാജഗോപാലനും നടത്തത്തിന്‍റെ സമഗ്രാനുഭവവുമായി ചേരുന്നു. സാധാരണമായ അനുഭവത്തില്‍ നിന്ന് അസാധാരണദര്‍ശനം രൂപപ്പെടുത്താന്‍ ഗ്രന്ഥകാരനു സാധിക്കുന്നു.

"നടത്തം എന്ന വിഷയത്തെ ആധാരമാക്കി പല അനുഭവരംഗങ്ങളെയും ആവിഷ്ക്കാരമേഖലകളെയും പുതുതായി കാണാന്‍ കഴിയും" എന്നാണ് രാജഗോപാലന്‍ ആമുഖമായി പറയുന്നത്. നടത്തത്തില്‍, ഓരോ നടപ്പിലും ആദിമമായ ഓര്‍മ്മകളുണ്ട്. "ഏതു വഴിക്കും ഒരു ചരിത്രമുണ്ട്. വഴിയിലൂടെ ഓര്‍മ്മകള്‍ അദൃശ്യമായി നീങ്ങുന്നുണ്ട്. ഏതു നാടിന്‍റെയും ചരിത്രം നടത്തത്തിന്‍റെയും വഴിയുടെയും ചരിത്രം കൂടിയാണ്" എന്ന് ഗ്രന്ഥകാരന്‍ മനസ്സിലാക്കുന്നു.

ഗാന്ധിജിയുടെ നടത്തത്തെ രാജഗോപാലന്‍ പ്രത്യേകം ഓര്‍ക്കുന്നു. പതിനായിരക്കണക്കിന് കിലോമീറ്റര്‍ ഗാന്ധിജി നടന്നിട്ടുണ്ട്. ആ നടത്തം സമരവും ചെറുത്തുനില്പും അറിവുമായിരുന്നു. പ്രതിമകളല്ല, ആ നടന്ന വഴികളൊക്കെയാണ് ഗാന്ധിജിയുടെ നല്ല സ്മാരകങ്ങള്‍. കാരണം അവ  ചലനത്തെ കാട്ടുന്നു" എന്ന് രാജഗോപാലന്‍ എടുത്തുപറയുന്നു.

'കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ പഴയചരിത്രം കാലുകളുടെയും വഴികളുടെയും സമാഹാരം കൂടിയാണ്' എന്ന് നടത്തത്തെ രാഷ്ട്രീയപ്രവര്‍ത്തനമായി ഗ്രന്ഥകാരന്‍ കാണുന്നു. പട്ടിണിജാഥ വലിയ സമരരൂപമായിരുന്നു. "ആ നീളന്‍ കാല്‍നട മൂര്‍ത്തമായ ഒരു വിഷയം ഉന്നയിക്കാനാണ്. ആധുനികപൂര്‍വ്വമായ ഒരു മനുഷ്യാനുഭവത്തിന്‍റെ സര്‍ഗാത്മകവും സമരോത്സുകവുമായ പ്രകടനം. ഊര്‍ജ്ജസ്വലമായൊരു പുതുക്കല്‍, ഒരു നാട്ടുരൂപത്തെ പ്രക്ഷോഭസംസ്കാരമായി വീണ്ടും കണ്ടെത്തല്‍. സാധാരണതയുടെ അസാധാരണമായ ചുവടുമാറ്റം" എന്നാണ് ഗ്രന്ഥകാരന്‍ ആ സമരത്തെ വിശേഷിപ്പിക്കുന്നത്.

'നടത്തം സ്വാതന്ത്ര്യമാകാറുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. അത് പ്രതിഷേധമാകാറുണ്ട്. ശ്രദ്ധക്ഷണിക്കലുമാകാറുണ്ട്' എന്നതാണ് വാസ്തവം. പല നാട്ടുചരിത്രങ്ങളും നടന്നുണ്ടായതാണ്. പഴയ ഗ്രാമീണരെ രണ്ടായി തരംതിരിക്കാം കാല്‍നടയുടെ നീളന്‍ അനുഭവം ഉള്ളവരും ഇല്ലാത്തവരും.  നടത്തം ഒരു ചരിത്രമാനകം കൂടിയാണ് എന്ന തിരിച്ചറിവിലാണ്' രാജഗോപാലന്‍ എത്തിച്ചേരുന്നത്.  ഗ്രാമം എന്നതിന്‍റെ ഏറ്റവും ചെറിയ സൂചകമാണ് നടന്നുണ്ടായ വഴി. മനുഷ്യര്‍ പാര്‍ക്കുന്നു എന്നതിന്‍റെ നീളന്‍ തെളിവാണത്. വാഴ്വ് വഴിയുടെ കാരണമായിത്തീര്‍ന്നിരിക്കുന്നു. ഉപജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രേരണകള്‍ വഴിയുന്നതുകൊണ്ട് ഉണ്ടായതാണ് വഴി" എന്ന് അദ്ദേഹം ദര്‍ശനത്തെ അഗാധമാക്കുന്നു. മണ്ണും കാലും തമ്മിലുള്ള നിത്യസംവാദമാണ് വഴി. കാല്പാടുകള്‍ വഴി എന്നതിനെ  കാഴ്ചയില്‍ത്തന്നെ മനുഷ്യവത്കരിക്കുന്നുണ്ട്. ഏറ്റവും പ്രാചീനമായ മനുഷ്യാടയാളമാണ് കാല്‍പ്പാട്.  വാസ്തവത്തില്‍ ചരിത്രത്തിന്‍റെ ഏറ്റവും ഉചിതമായ പ്രതീകമാണ് അത്. മണ്ണും മനുഷ്യരും കാല്‍പ്പാടിന്‍റെ കാഴ്ചയില്‍ ഒന്നുചേരുന്നുണ്ട്" എന്ന് രാജഗോപാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

"മനുഷ്യചരിത്രം കൂട്ടായ നടത്തയാത്രകളുടെയും - അതില്‍ ജീവനുവേണ്ടിയുള്ള കൂട്ടപ്പലായനങ്ങള്‍ വരെയുണ്ട് - ചരിത്രമാണ്. സ്ഥിരവാസമുറപ്പിക്കുന്നതിനു മുന്‍പുള്ള മനുഷ്യജീവിതം ചെറുകൂട്ടങ്ങളുടെ നടന്നുനീക്കങ്ങളുടെ സമാഹാരമാണ്. ആ ഓര്‍മ്മ എല്ലാവരിലും പാതിയുണര്‍ന്നു കിടപ്പുമുണ്ട്. കൂട്ടായി നടക്കുമ്പോള്‍ ആ ഓര്‍മ്മ കുറെക്കൂടി ഉണരുന്നുമുണ്ട്. ഒരാളും അയാള്‍ മാത്രമല്ല" എന്നത് സാംസ്കാരികമായ, ചരിത്രപരമായ ഉള്‍ക്കാഴ്ചയാണ്.

നടത്തക്കാര്‍ പലവിധമാണ്. "കണ്ണടക്കമുള്ള ഇന്ദ്രിയങ്ങള്‍ അടച്ചുവയ്ക്കാതെ നടക്കുന്നവരുടെ ലോകം മറ്റുള്ളവരുടെ ലോകത്തെക്കാള്‍ വലുതാണ്" എന്ന് നാം മനസ്സിലാക്കണം. ഇന്ദ്രിയങ്ങളിലൂടെയാണ് ലോകം നമ്മിലേക്കു കടക്കുന്നത്. കണ്ണും കാതും തുറന്ന് നടക്കുകയാണ് പ്രധാനം.

കാട്ടിലൂടെയുള്ള നടത്തം പ്രാഥമികമായി സവിശേഷപ്പെടുന്നത് അത് അനാഗരികതയിലേക്കുള്ള എന്‍റെ സന്ദര്‍ശനമാണ് എന്നതിനാലാണ്. നിര്‍മ്മതിയില്‍ നിന്ന് പ്രകൃതിയിലേക്കുള്ള പിന്‍നടത്തമാണത്. പ്രകൃതിയെ അറിയുക എന്നാല്‍ നിര്‍മിതിയെ വിശകലനം ചെയ്യുക എന്നുകൂടി അര്‍ത്ഥമുണ്ട്. കാട്ടുനടത്തം ഒരോയാളിന്‍റെയും മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന കാട്ടുവാഴ്വിന്‍റെ   ഉണരല്‍കൂടി ഉണ്ടാക്കുന്നു. അതിനാല്‍ ആ നടത്തത്തിന് സാംസ്കാരികവും മനശ്ശാസ്ത്രപരവുമായ ഫലങ്ങളുണ്ട്" എന്ന് രാജഗോപാലന്‍ പ്രസ്താവിക്കുന്നു.

ഇപ്പോള്‍ ആളുകള്‍ അധികം നടക്കാറില്ല. അതുകൊണ്ടുതന്നെ "നടവഴിയുടെ സാംസ്കാരികാനുഭവം പതുക്കെയല്ല, വേഗത്തില്‍ത്തന്നെ നേര്‍ക്കുകയാണ്" എന്ന് രാജഗോപാലന്‍ തിരിച്ചറിയുന്നു. ഇത് വലിയൊരു നഷ്ടമായി നാം മനസ്സിലാക്കുന്നു.

"ചെരിപ്പുകള്‍ യാത്രയില്‍ നമുക്കു തുണയാണ്.  സാധാരണമനുഷ്യരുടെ സാധാരണമായ രഹസ്യങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും തുണയായ ചെരിപ്പുകള്‍ ആത്മകഥയുടെ വലിയൊരു മലപോലെ ബാക്കിയുണ്ട്" എന്ന് ഗ്രന്ഥകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. "നടത്തങ്ങളുടെ ഏറെ കിലോമീറ്റര്‍ അനുഭവങ്ങള്‍ മൗനമായി പ്രക്ഷേപണം ചെയ്തുകൊണ്ടാണ് ചെരിപ്പുകളുടെ ആ ജനത സ്ഥിതിചെയ്യുന്നത്." ഓഷ്വിറ്റ്സിലെ ചെരുപ്പുകളെക്കുറിച്ചാണ് രാജഗോപാലന്‍ ഇപ്രകാരം എഴുതുന്നത്.

വേഡ്സ്വര്‍ത്ത് നടത്തപ്രിയനായ കവിയായിരുന്നു. തന്‍റെ സൗന്ദര്യചിന്തയ്ക്കും ആത്മീയ ഭാവനയ്ക്കും ഗ്രന്ഥാപേക്ഷയല്ല ഉള്ളത്. ജീവിതംകൊണ്ട് സൂക്ഷ്മത്തിലും സ്ഥൂലത്തിലും ഒരാള്‍ നടന്നുകണ്ട ഒരു സ്ഥലമുണ്ടാക്കിയ സര്‍ഗഫലങ്ങളാണവ. 'നടത്തത്തിലൂടെ അറിയുന്ന പ്രകൃതിയാണ് മൂലസ്വരൂപത്തിലുള്ള പ്രകൃതി. നടത്തം പ്രകൃതിയെപ്പോലൊരു ജൈവനടനമാണ്', വേഡ്സ് വര്‍ത്ത് ഇതറിഞ്ഞിരുന്നു.

"ആണ്‍നടത്തത്തോടൊപ്പം പെണ്‍നടത്തങ്ങളുമുണ്ട്. പെണ്‍ നടത്തത്തിന്‍റെ ശൈലി നിശ്ചയിച്ചും ദൂരം തീരുമാനിച്ചും ആണുങ്ങള്‍ ഭരണം നടത്തുന്ന കാലം തീരുകയാണ്" എന്ന് രാജഗോപാല്‍ എടുത്തുപറയുന്നു. ഒറ്റയ്ക്കും കൂട്ടായും നടക്കുന്ന സ്ത്രീകള്‍ എവിടെയും ഉണ്ട്. നടത്തത്തിലൂടെ അവര്‍ തങ്ങളുടെ ശരീരത്തെ ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ വഴി ഒരുക്കുകയാണ്. നടത്തത്തിലും ചരിത്രം നടക്കുന്നുണ്ട് എന്നതാണ് വാസ്തവം.

"അനേകമനേകം കാല്പ്പാടുകളുടെ അതിവിശാലമായൊരു തടമാണ് ഭൂമി. പതിഞ്ഞും മാഞ്ഞും വീണ്ടും പതിഞ്ഞും ആ പാടുകള്‍ തുടരുന്നു. ജീവിതത്തിന്‍റെ ബൃഹത്തായ ചിത്രശാലയാണ് കാല്‍പ്പാടുകളിലൂടെ രൂപമെടുക്കുന്നത്. ഇത്രയും അകൃത്രിമമായ ഒരു ചിത്രശാല വേറെയില്ല" എന്ന് രാജഗോപാലന്‍ കുറിക്കുന്നു. മണ്ണ് മാനുഷികമാകുന്നത് നടത്തത്തിലൂടെയാണ്. 'നടക്കപ്പെട്ട' മണ്ണ് അതിനു മുന്‍പുള്ള മണ്ണല്ല. അതിന്‍റെ നിശ്ശബ്ദമായ പ്രഖ്യാപനമാണ് കാല്പ്പാടുകള്‍ എന്ന് നാം തിരിച്ചറിയുന്നു. നന്നേ മാനുഷികതയുള്ള ചിത്രവുമാണ് കാല്‍പ്പാട്. "ആരൊക്കെയോ ആയ പഴയവരുടെ കാണാതായ കാല്പ്പാടുകളാണ് തന്‍റെ ഇന്നത്തെ വഴി എന്ന ജ്ഞാനത്തിന്‍റെ ഒരു പേരാണ് ചരിത്രം. സങ്കടത്തിന്‍റെ ഇടം കൂടിയാണ് കാല്പ്പാടുകള്‍. ഭൂതകാലത്തെയും അസാന്നിധ്യത്തെയും അതു അടയാളപ്പെടുത്തുന്നു" എന്ന് ഗ്രന്ഥകാരന്‍ കാവ്യാത്മകമായി വ്യാഖ്യാനിക്കുന്നു.

"കെട്ടിടങ്ങള്‍ ഉണ്ടാക്കി സ്വയം തടവുകാരാകുന്നതിനു മുന്‍പത്തെ മനുഷ്യാനുഭവകാലത്തിന്‍റെ   ആട്ടപ്രകാരം ഓരോ നടത്തത്തിലും ഉണ്ട്" എന്ന് രാജഗോപാലന്‍ സൂചിപ്പിക്കുന്നു. "നടത്തം മുന്നോട്ടാണ്, ഭാവിയിലേക്കാണ്. പക്ഷേ, അതില്‍ ഈ ഓര്‍മ്മയുമുണ്ട് എന്ന തിരിച്ചറിവ് പ്രധാനമാണ്.  ലോകം നടത്തത്തെ തുണയ്ക്കുന്ന സ്ഥലരാശിയാണ്. അതാണ് ചലനം. ഭൂമി തന്നെ വലിയ നടത്തക്കാരനാണല്ലോ.

ഇ. പി. രാജഗോപാലന്‍റെ 'നടക്കുമ്പോള്‍' എന്ന പുസ്തകം പലതരത്തിലുള്ള തിരിച്ചറിവുകളുടെ പുസ്തകമാണ്. നടത്തം ആധ്യാത്മികവും സാംസ്കാരികവുമായ സാധനയായി മാറുന്നു. അസാധാരണമായ സര്‍ഗ്ഗാത്മകതയാണ് ഈ ഗ്രന്ഥത്തെ മനോഹരമാക്കുന്നത്. ഗ്രന്ഥകാരന്‍റെ നടത്തം നമ്മെ പലവിധത്തില്‍ തഴുകിയുണര്‍ത്തുന്നു.

You can share this post!

ആനന്ദിന്‍റെ അന്വേഷണങ്ങള്‍

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts