news-details
കവർ സ്റ്റോറി

ഒന്ന്

തിരുവണ്ണാമലയിലാണ് കുറച്ചുനാളായി താമസം. രമണമഹര്‍ഷിയുടെ ജീവിതംകൊണ്ട് ജ്ഞാനപൂര്‍ണ്ണമായ ഒരിടം. രമണാശ്രമത്തില്‍നിന്ന് ആറു കിലോമീറ്റര്‍ മാറി പ്രസിദ്ധ തമിഴ് എഴുത്തുകാരനും പ്രിയ സുഹൃത്തുമായ ബവ ചെല്ലദൂരൈയുടെ ഒരു ഗസ്റ്റ്ഹൗസുണ്ട്. അവിടെയാണ് കഴിഞ്ഞ ആറുമാസമായി കഴിയുന്നത്. ഇടയ്ക്കിടെ കേരളത്തില്‍നിന്നു സുഹൃത്തുക്കള്‍ വരും. പിന്നെ ബവയുടെ സുഹൃത്തുക്കളും എത്തും. എന്‍റെ എഴുത്തും ഭംഗിയായി നടക്കും.

പല മേഖലയിലുള്ള സുഹൃത്തുക്കള്‍ -എഴുത്തുകാര്‍, വരയ്ക്കുന്നവര്‍, പാടുന്നവര്‍, സിനിമാക്കാര്‍ അങ്ങനെയങ്ങനെ ബവയുടെ സൗഹൃദവലയം വളരെ വിശാലമാണ്. കൗതുകത്തോടെയും ഏതാണ്ടൊരു വിസ്മയത്തോടെയുമാണ് ഞാന്‍ ബവയുടെ ജീവിതത്തെ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്രയും മനുഷ്യരെ അദ്ദേഹത്തിലേക്കടുപ്പിക്കുന്നതെന്തെന്ന് ഞാന്‍ പലപ്രാവശ്യം ആലോചിച്ചിട്ടുണ്ട്. എപ്പോഴും കിട്ടിയ ഉത്തരം ഒന്നുതന്നെ. സ്നേഹം. അദ്ദേഹം എല്ലാവരെയും അകമഴിഞ്ഞു സ്നേഹിക്കുന്നു. ഉള്ളതെല്ലാം എല്ലാവരുമായി പങ്കുവയ്ക്കുന്നു. വീട്ടുവളപ്പിലെ മാവില്‍ മാങ്ങയുണ്ടായാല്‍ അത് എല്ലാ സുഹൃത്തുക്കളുടെയും വീട്ടിലെത്തും. ജൈവകൃഷി ചെയ്തുണ്ടാക്കുന്ന നെല്ലെല്ലാം വരുന്നവരുടെയെല്ലാം കാറിന്‍റെ ഡിക്കിയില്‍ അവരറിയാതെ കയറ്റിവയ്ക്കും. അങ്ങനെ ഒരു ജന്മം.

പറഞ്ഞുവരുന്നത് അതല്ല. ബവയുടെ ഒരു സുഹൃത്തിനെപ്പറ്റിയാണ്. എസ്. കെ. പി. കരുണ. എസ്. കെ. പി. തിരുവണ്ണാമലയിലെ വലിയൊരു എന്‍ജിനീയറിംഗ് കോളേജാണ്. അതിന്‍റെ ഉടമസ്ഥനാണ് ഈ കരുണ. രണ്ടുമൂന്നു പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇവിടെ ഒരു പ്രാവശ്യം വന്നിട്ടുമുണ്ട്. എന്തുകൊണ്ടോ ഞങ്ങള്‍ തമ്മില്‍ ഒരു പാരസ്പര്യമുണ്ടായില്ല. ഒരു ഹായ്ബായ് ബന്ധം മാത്രം. അവിടെ അവസാനിച്ചു. പരസ്പരം വീണ്ടും കാണാനോ കേള്‍ക്കാനോ തോന്നുന്ന രീതിയില്‍ ഒന്നും സംഭവിച്ചില്ല. ഒരു കോളേജിന്‍റെ അധിപന്‍, പണക്കാരന്‍, ഗമക്കാരന്‍; അവരോടൊക്കെ എന്തു മിണ്ടാന്‍ എന്നൊരു ചിന്ത ഒരുപക്ഷേ എന്‍റെ ഉപബോധത്തില്‍ തോന്നിയിട്ടുണ്ടാകണം. അതുകൊണ്ടുകൂടിയാകാം കരുണയുടെ പേരു സൂചിപ്പിക്കുമ്പോഴൊന്നും പ്രത്യേകവികാരം എന്നില്‍ പലപ്പോഴും ഇല്ലാതെ പോയത്.
രണ്ടുദിവസമായി ഞാന്‍ അസ്സീസി മാസികയെയും അതിന്‍റെ പത്രാധിപരായ ഷാജിയെയും ഓര്‍ത്തിരിക്കുകയായിരുന്നു. അദ്ദേഹം കരുണയെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ പറഞ്ഞിട്ടു കുറച്ചുദിവസമായി. അയച്ചുകൊടുക്കേണ്ട ദിവസവും അടുത്തുവരുന്നു. ഇതുവരെ എഴുതാനുള്ള തള്ളലൊന്നും സംഭവിച്ചിട്ടുമില്ല. എപ്പോഴെങ്കിലും സംഭവിക്കാതിരിക്കില്ല എന്നറിയാം. കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എഴുതുന്നതാണ്. ഇതുവരെ ഒരു തടസ്സം അനുഭവിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ബവയുടെ പതിവു സന്ദര്‍ശനം. 'സെല്ലുലോയ്ഡ്' എന്ന കമലിന്‍റെ സിനിമ കണ്ട സന്തോഷത്തിലാണദ്ദേഹം. സിനിമകണ്ട് ബവ കുറെ വിഷമിച്ചിരുന്നുപോയത്രെ. ബവ അങ്ങനെയാണ്. ഹൃദയത്തെ സ്പര്‍ശിക്കുന്ന ഇത്തിരി നന്മ മതി, അദ്ദേഹം അതില്‍ അലിഞ്ഞുപോകും.

അതു വലിയൊരു അനുഗ്രഹംതന്നെ. ഹൃദയമലിയുക എന്നതില്‍ കവിഞ്ഞൊരനുഭവം മനുഷ്യനു ലഭിക്കാനില്ല.ജീവന്‍റെ എല്ലാ നനവും അവിടെയാണ് നാം അനുഭവിക്കുക. ഏതു ജ്ഞാനത്തേക്കാളും മഹത്തരമാണത്. കനിവില്ലാത്ത ഹൃദയത്തില്‍ അറിവുണ്ടായിട്ടെന്തു കാര്യം. കനിവിന്‍റെ നനവേല്‍ക്കാത്ത സര്‍ഗ്ഗാത്മകതകളെല്ലാം മാനവസമൂഹത്തിന് ഒന്നും സംഭാവന ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. കനിവുള്ളവരെ കാണുമ്പോഴെല്ലാം ഒരാശ്വാസമാണ്. മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന ആശ്വാസം.

സിനിമ കണ്ടുകഴിഞ്ഞപ്പോഴാണത്രെ കരുണയുടെ ഫോണ്‍ വരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തനിക്കുണ്ടായ ഒരനുഭവം പറയാനാണ് കരുണ വിളിച്ചത്. കരുണ കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതുപോലെയായി. എരിതീയില്‍ എണ്ണയൊഴിച്ച അനുഭവം. ഒന്നും മിണ്ടാനാവാതെ ബവ ഇരുന്നുപോയി. ബവ കരുണയുടെ അനുഭവം പറയാന്‍ തുടങ്ങിയപ്പോള്‍ അതെന്‍റെ 'അസ്സീസി'യിലെ കരുണയിലേക്കുള്ള വഴിയാകുമെന്നു ഞാന്‍ കരുതിയതേയില്ല.

നിയതി സന്ദര്‍ഭങ്ങളെ കണ്‍മുമ്പില്‍ കൊണ്ടുവന്നിട്ടു തരുമ്പോള്‍ നന്ദിയോടെ ആ മഹാകാരുണ്യത്തെ സ്മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്. ജീവിതംതന്നെ അങ്ങനെയല്ലേ? പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെയെല്ലാം അനുഭവിക്കാന്‍ പ്രപഞ്ചം തന്നെ ഉരുവം പൂണ്ടതല്ലേ നമ്മളെല്ലാം. അങ്ങനെയാണ് കവിമനസ്സുകള്‍ പാടുന്നത്. ഓര്‍ക്കുമ്പോള്‍ സത്യംതന്നെയെന്നു പറഞ്ഞുപോകുന്നു. ഹൃദയം കനിവുകൊണ്ടുരുകുമ്പോഴാണ് നാം തന്നെയാണ് പ്രപഞ്ചം എന്നൊക്കെ തോന്നിപ്പോകുക. എല്ലാറ്റിനോടും എന്തെന്നില്ലാത്ത സ്നേഹം. ഞാനും നീയും 'ഞങ്ങള്‍' എന്ന വിശാലതയില്‍ മറഞ്ഞുപോകും. എല്ലാറ്റിലും നന്മ കാണുന്ന അനുഗ്രഹം. ജീവനോടും ജീവിതത്തോടും കൃതജ്ഞത തോന്നുന്ന നിമിഷങ്ങള്‍. അങ്ങനെയൊക്കെയാണ് ബവ കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ തോന്നിയത്.

രാവിലെ നേരത്തെ എഴുന്നേറ്റ് കാര്‍ഷെഡ്ഡില്‍ നില്ക്കുകയായിരുന്നു കരുണ. സമയം ഒരു ആറുമണിയായിക്കാണും. ആരാണ് ഇത്ര രാവിലെ വിളിക്കുന്നത്? കരുണ അകത്തുകയറി ഫോണെടുത്തു. "സത്യപാല്‍ എവിടെ?" അങ്ങേത്തലയ്ക്കല്‍ ഒരമ്മയുടെ ശബ്ദം. "കുറെ സമയമായി ഞാന്‍ കാത്തിരിക്കുന്നു."

"സത്യപാലോ? ഇതു വേറെ ആളാ. റോംഗ് നമ്പര്‍." കരുണ ഫോണ്‍ താഴെവച്ചു. വീണ്ടും റിംഗ്. ഫോണ്‍ എടുത്തപ്പോള്‍ അതേ ആള്‍. ഒരമ്മ.

വീണ്ടും ഒരു എട്ടു പ്രാവശ്യം അതേ കോള്‍. അവസാനം വീണ്ടും കരുണ ഫോണെടുത്തു.

"സത്യപാലല്ലേ? നിന്നെ കാണുന്നില്ലല്ലോ. എന്താ വരാന്‍ വൈകുന്നേ?"

കരുണ വീണ്ടും പറഞ്ഞു: "അമ്മാ, ഇതു സത്യപാലല്ല. അമ്മ എവിടെനിന്നാണ് വിളിക്കുന്നത്?"

"ഞാന്‍ ദിണ്ഡിവനത്തില്‍ നിന്നാ വിളിക്കുന്നേ. ഈ നമ്പര്‍ കയ്യില്‍ തന്നിട്ടാ അവന്‍ പോയത്. ഇപ്പോള്‍ വരാമെന്നുപറഞ്ഞിട്ടു പോയതാ. ഇതുവരെ വന്നില്ല. നൂറു രൂപായും തന്നു. ഇപ്പോള്‍ ഫോണ്‍ വിളിക്കാനും മറ്റുമായി എണ്‍പതുരൂപ ചെലവായി. ഇനി ഇരുപതു രൂപായെ കയ്യിലുള്ളൂ."

കരുണയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. ഫോണ്‍ വെച്ചു. അതങ്ങു വിടുകയും ചെയ്തു. അന്നുച്ചകഴിഞ്ഞപ്പോള്‍ അത്യാവശ്യമായി ചെന്നൈയ്ക്കു പോകേണ്ടി വന്നു. പോകുന്ന വഴിയില്‍ വെറുതെ പുറത്തേക്കു നോക്കിയപ്പോള്‍ ദിണ്ഡിവനം എന്ന ബോര്‍ഡു കണ്ടു. പെട്ടെന്നു രാവിലത്തെ കോള്‍ ഓര്‍മ്മവന്നു. കൂടെ ഒരു സുഹൃത്തുകൂടിയുണ്ട്. അദ്ദേഹത്തോട് ഇവിടെ എത്ര ടെലഫോണ്‍ ബൂത്തുണ്ടെന്ന് ഒന്നന്വേഷിക്കാന്‍ പറഞ്ഞു. അവിടെ ആകെ ഒരു ബൂത്തേ ഉണ്ടായിരുന്നുള്ളൂ.

സുഹൃത്ത് അങ്ങോട്ടു നടന്നു. അമ്മയെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ തിരിച്ചു ചോദിച്ചു. "സത്യപാലാണോ? ഇന്ന് പലപ്രാവശ്യം ഫോണ്‍ ചെയ്തു. സത്യപാലിനെ കിട്ടുന്നില്ല, കിട്ടുന്നില്ല എന്നു പറഞ്ഞു കുറെ വിഷമിച്ചു. ഏതോ ഒരാള്‍ ഇവിടെ കൊണ്ടുവന്നു വിട്ടിട്ട് ഈ നമ്പര്‍ കൊടുത്തിട്ടു പോയതാണ്. ഇതുവരെ തിരിച്ചെത്തിയില്ല."

"എന്നിട്ട് ആ അമ്മ എവിടെ?"

"ദാ, ആ കാളവണ്ടിയില്‍ കിടന്നുറങ്ങുന്നുണ്ട്."

അയാള്‍ അമ്മയുടെ അടുത്തുചെന്നു. നിറഞ്ഞ കണ്ണുകളോടെ അമ്മ, "ആരാ സത്യപാല്‍ പറഞ്ഞിട്ടു വന്നതാണോ?" എന്നു ചോദിച്ചു.

"അല്ല, അണ്ണാമലയാര്‍ അയച്ചതാ. അമ്മയെ കൂട്ടാന്‍."

അമ്മയുടെ മകളെ മദ്രാസ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കയാണ്. സീരിയസ്സാണ്. മരുമകന്‍ അമ്മയെയും കൂട്ടി അങ്ങോട്ടുപോകാന്‍ ഇറങ്ങിയതാണ്. പോകുന്ന വഴിയില്‍ അമ്മയെ റോഡിലുപേക്ഷിച്ചു കടന്നുകളഞ്ഞതാണെന്ന് കരുണയ്ക്കു മനസ്സിലായി. ഉത്തരവാദിത്തങ്ങളില്ലാത്ത മറ്റൊരു ജീവിതം തേടി പോയതാകാം. അതെന്തുമാകട്ടെ. കരുണ രണ്ടാമതൊന്നാലോചിച്ചില്ല. അമ്മയെ ആശ്വസിപ്പിച്ച് കാറില്‍ കയറ്റി നേരെ ചെന്നൈയ്ക്ക് വിട്ടു. പോകുന്നവഴിയില്‍ ഒരിടത്തു നിര്‍ത്തി ഭക്ഷണം വാങ്ങിക്കൊടുത്തു. അതു കഴിക്കാന്‍ അമ്മയ്ക്കു വലിയ മടി. അഭിമാനിയായ അമ്മ. കരുണയ്ക്ക് ആദരവുതോന്നി. ഈ വലിയ ആശുപത്രിയില്‍ എങ്ങനെയാണ് ആ മകളെ കണ്ടുപിടിക്കുക. തിരുവണ്ണാമല ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കാന്‍റീന്‍ നടത്തുന്ന ആള്‍ തന്നെയാണ് ഇവിടെയും നടത്തുന്നതെന്ന് കരുണയ്ക്കറിയാം. കരുണയുടെ പരിചയക്കാരനാണ്. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. കാന്‍റീനിലുള്ളവര്‍തന്നെ ആ അമ്മയുടെ മകള്‍ കിടക്കുന്ന ഇടം കണ്ടുപിടിച്ചു. തിരിച്ചിറങ്ങുമ്പോള്‍ അമ്മയുടെ കൈയില്‍ വെച്ചുകൊടുക്കാനായി അഞ്ചു നൂറുരൂപാനോട്ടുകള്‍ കരുണ കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്നു. ഭക്ഷണംപോലും കഴിക്കാന്‍ വിമ്മിട്ടപ്പെട്ട അമ്മയാണ്. പണം വാങ്ങുമോ ആവോ? എങ്കിലും കൊടുക്കാന്‍തന്നെ തീരുമാനിച്ചു. ആകെ ആ പാവത്തിന്‍റെ കൈയിലുള്ളത് ഇരുപതു രൂപായാണ്.

യാത്ര പറഞ്ഞ് ആ അമ്മ കൃതജ്ഞതയോടെ കരുണയെ തൊട്ടു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. കരുണയുടെ കൈപിടിച്ചു സ്നേഹം പറഞ്ഞ ആ അമ്മ കൈയില്‍ ഉണ്ടായിരുന്ന ബാക്കി ഇരുപതു രൂപാ കരുണയുടെ കൈയില്‍ ചൊരുകി വെച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു: "ഇതു വെച്ചോളൂ. ഇതേയുള്ളൂ എന്‍റെ കയ്യില്‍."

അതു കരുണയ്ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്താ പറയുക! ജീവിതത്തില്‍ നിനച്ചിരിയാതെ സംഭവിക്കുന്ന അസാധാരണമായ ഇത്തരം അനുഭവങ്ങള്‍ക്കു മുമ്പില്‍ ആരാണ് പതറിപ്പോകാതിരിക്കുക. നമ്മുടെ പതിവു സ്വഭാവങ്ങളെ തകിടംമറിക്കുന്ന അനുഭവങ്ങള്‍ക്കു മുമ്പില്‍ വിനീതരാകാതിരിക്കാന്‍ നമുക്കാവില്ല. മുന്‍വിധികളെയും പൊതുശീലങ്ങളെയും തകര്‍ത്തെറിഞ്ഞ് ജീവന്‍റെ ആഴങ്ങളില്‍നിന്ന് സത്യത്തിന്‍റെ വീചികള്‍ ഇങ്ങനെ ഇരുപതുരൂപാനോട്ടുമായി ഹൃദയത്തെ സ്പര്‍ശിക്കുമ്പോള്‍ ജീവിതംതന്നെ സമര്‍പ്പിക്കാനുള്ള കരുണയാണ് ഉള്ളില്‍ ആദ്യം വിരിഞ്ഞുവരിക. ആശ്ചര്യപരതയാല്‍ നിശ്ചലമായിപ്പോകുന്ന നിമിഷങ്ങളാണിതെല്ലാം. കരുണയ്ക്ക് ആ ഭാഗ്യം ലഭിച്ചിരിക്കുന്നു. ഒരു ജ്ഞാനത്തിനും പകര്‍ന്നുതരാനാവാത്ത വെളിച്ചമാണത്. ദര്‍ശനമാണത്. കരുണയിലെ കരുണ ഉണര്‍ന്നപ്പോള്‍ അത് അമൂല്യമായ കരുണയായി കരുണയിലേക്കു തന്നെ വന്നുചേര്‍ന്ന അനുഭവം. ആകപ്പാടെ അലിഞ്ഞുപോയിരിക്കും കരുണ. തീര്‍ച്ച.

ബവ കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ അറിയാതെ എന്‍റെ ഹൃദയം കരുണയെ തൊട്ടു. ആ ഹൃദയത്തോട് വല്ലാത്തൊരു വാത്സല്യം. ഒരമ്മ തന്‍റെ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്നതുപോലെ ഒരു കൊതി. ഞാന്‍ ബവയോടു ചോദിച്ചു; "എനിക്കൊന്നു കരുണയോടു മിണ്ടാമോ?"

ബവ ഉടന്‍ വിളിച്ചുതന്നു. കരുണാ... ഹൃദയത്തില്‍ നിന്നാണ് ആ വിളി വന്നത്. കരുണ വിനീതനായി. ബവ കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഉടന്‍ ആ സ്വരമൊന്നു കേള്‍ക്കാന്‍ തോന്നി. വെറുതെ. ആ കനിവാണു കരുണാ ആകെ ജീവിതത്തിന്‍റെ മഹത്വം. അതെന്നും കരുണയില്‍ വിളങ്ങിനില്ക്കട്ടെ, എന്നും.

കരുണ വല്ലാത്തൊരു മൗനത്തിലായിപ്പോയി. ഇനി എപ്പോഴെങ്കിലും കരുണയെ കാണണമെന്നും കുറച്ചുനേരം വെറുതെ ഒന്നിച്ചിരിക്കണമെന്നും തോന്നി. ആ സൗഹൃദത്തിന്‍റെ ഊഷ്മളത അനുഭവിക്കണമെന്നു തീര്‍ച്ചയാക്കി. എന്നിലെ മുന്‍വിധികളോടു ഞാന്‍ എന്‍റെ പ്രതിഷേധമറിയിച്ചു. ഇനിയുമിങ്ങനെ ജീവിതനിഷേധവുമായി വരരുതെന്ന് മുന്നറിയിപ്പു കൊടുത്തു. പണക്കാരനും ഒട്ടകവും സൂചിയും എന്നൊക്കെയുള്ള ഉദാഹരണങ്ങള്‍ പൊതുസത്യമായെടുക്കരുതെന്ന് ഞാന്‍ തീരുമാനിച്ചു. ദാരിദ്ര്യം മനസ്സിലാണെന്ന് ഗുരു എപ്പോഴും പറയുമായിരുന്നത് സത്യമെന്ന് ബോദ്ധ്യമായി.

നന്മ എല്ലായിടത്തും എല്ലാവരിലും സന്ദര്‍ഭം കാത്ത് മയങ്ങിക്കിടക്കുന്നുണ്ടെന്നും നിനച്ചിരിയാതെ അതു ഉണര്‍ന്നു വന്ന് എല്ലാവരെയും ആശ്ചര്യപ്പെടുത്തുമെന്നും നമ്മുടെ ജീവിതത്തിലേക്കു സൂക്ഷിച്ചുനോക്കിയാല്‍ കാണാനാകും. ഒരിക്കലും അടുപ്പിക്കില്ലെന്നു ശപഥമെടുത്ത എത്രയോ പേരൊടൊപ്പം നാം വീണ്ടും തോളില്‍ കൈയിട്ടിരുന്ന് ചായ കുടിച്ചിരിക്കുന്നു. കരുണയെ നാം വീണ്ടും ഉള്ളില്‍ കണ്ടെത്തുകയോ കരുണയുള്ളവരായി മാറുകയോ അല്ല വേണ്ടത്, മറിച്ച് ഒരിക്കലും വറ്റാത്ത ഉറവയായി കരുണയും വഹിച്ചു കഴിയുന്ന ആത്മാക്കളാണ് നാമെന്ന് ഉണര്‍ന്നറിയുകയാണ് വേണ്ടത്. അവിടെയാണ് നാം നമ്മെ സ്നേഹിച്ചു തുടങ്ങുക; നാം എല്ലാവരെയും, എല്ലാവരും നമ്മെയും സ്നേഹിച്ചു തുടങ്ങുക. നന്മപോലെതന്നെ തിന്മയുടെ വിത്തുകളും സന്ദര്‍ഭം കാത്ത് മയങ്ങിക്കിടക്കുന്നുണ്ടെന്നതും മറക്കരുത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അതീവ ജാഗ്രതയോടെ വര്‍ത്തിച്ചാലെ ജീവിതത്തെ തീനരകമാക്കുന്ന ആ ഇരുളിന്‍റെ പിടിയിലകപ്പെടാതെ പ്രകാശത്തിന്‍റെ വഴിയില്‍ സഞ്ചരിക്കാനാവൂ. അതിനുള്ള അനുഗ്രഹമാണ് സഹാനുഭൂതിയുടെ ലോകങ്ങളിലൂടെ നാം ആവാഹിച്ചെടുക്കേണ്ടത്.

രണ്ട്

ഭൗതികവും ആത്മീയവുമായ ചിന്തകള്‍ ജീവിതത്തിനു നല്കിയിട്ടുള്ള സംഭാവനകള്‍ അത്ഭുതാവഹമാണ്. ഏതാണ് ജീവിതത്തിന് കൂടുതല്‍ നന്മ നല്കിയിട്ടുള്ളത് എന്ന അന്വേഷണം ഒരമ്മയോട് ഏതു കുഞ്ഞിനോടാണ് കൂടുതല്‍ സ്നേഹം എന്നു ചോദിക്കുന്നതുപോലെയാണ്. എന്നാല്‍ ഈ രണ്ടു ദര്‍ശനധാരകളും തിന്മയുടെ വിഷാംശത്താല്‍ ജീവിതത്തെ പരുക്കേല്‍പ്പിച്ചിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്.

ജീവിതത്തെ സുഗമമാക്കാനുള്ള അന്വേഷണവഴികളിലെവിടെയോ ലക്ഷ്യം മറന്നുപോയ ജനതയാണ് നാം. ആര്‍ജ്ജിക്കലുകളിലാണ് നമ്മുടെ മനം മുഴുകിപ്പോയത്. ജീവിതത്തെ കൂടുതല്‍ അനായാസവും സരളവുമാക്കാനാണ് എല്ലാ അന്വേഷണങ്ങളും കണ്ടെത്തലുകളും ഉണ്ടായതെന്നു നാം മറന്നുപോയതുപോലെയാണ്.

സമാധാനമാണ് എല്ലാവരുടെയും ലക്ഷ്യം. സമാധാനത്തിനുള്ള വഴികളായാണ് കാലാകാലങ്ങളില്‍ ദര്‍ശനങ്ങളും പ്രവാചകരും കലാസാഹിത്യസംഗീതാദികളും സംഭവിച്ചത്. അതെല്ലാം നമുക്കുവേണ്ടി ഉണ്ടായതാണെന്ന കാര്യം നാം മറന്നിട്ട് നാം അതിനുവേണ്ടി പരസ്പരം പോരടിക്കുന്ന വിരോധാഭാസമാണ് കാണേണ്ടിവരുന്നത്. പരസ്പരം പാരസ്പര്യപ്പെടേണ്ടതിനു പകരം പോരടിച്ചു ചാകുന്ന ജനതയില്‍നിന്നും ഒട്ടേറെ നാം മുമ്പോട്ടു വന്നിട്ടുണ്ടെങ്കിലും ഇനിയും പിന്നിടേണ്ട വഴികള്‍ ഏറെയാണ്.

ലോകഹിതത്തെ ഏറെ മാനിക്കുന്നെന്നു കരുതുന്ന ദാര്‍ശനിക മതലോകങ്ങളില്‍പോലും ഏറ്റവും അവിശ്വസനീയമായ രീതിയിലാണ് വിഭാഗീയതയുടെ വേരുകള്‍ ആണ്ടിറങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ആധുനികനായ ഒരു ഗുരുവിന് വേദനയോടെ പാടേണ്ടിവന്നത്;
അരുളില്ലയതെങ്കില്‍ അസ്ഥിതോ-
ല്‍സിര നാറുന്നൊരുടമ്പുതാനവന്‍
മരുവില്‍പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം, എന്ന്.
അരുളും അന്‍പും അനുകമ്പയും ഇല്ലാത്തവര്‍ അസ്ഥിയും തോലും സിരകളുമുള്ള നാറുന്ന വെറും ഒരു ശരീരം മാത്രമാണ്. അന്‍പാണ് ശരീരത്തെ പ്രകാശ പൂര്‍ണ്ണമാക്കുന്നത്. സുഗന്ധപൂരിതമാക്കുന്നത്. ജീവിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നത്. വിരസതയില്‍നിന്നും സരസതയിലേക്കുണര്‍ത്തുന്നത്. അരുളില്ലാത്ത ജീവന്‍ മരുഭൂമിയില്‍ തോന്നുന്ന ജലസ്രോതസ്സുപോലെയും നിഷ്ഫലഗന്ധപുഷ്പം പോലെയുമാണ്. നിര്‍ജ്ജീവതയില്‍നിന്നും സജീവതയിലേക്ക് ശരീരത്തെയും മനസ്സിനെയും ഉണര്‍ത്താന്‍ സഹാനുഭൂതിയും അരുളും മാത്രമെ സഹായിക്കൂ. അന്‍പില്ലാത്ത ജ്ഞാനത്തിന് തലച്ചോറില്‍ കിരുകിരിപ്പുണ്ടാക്കാന്‍ മാത്രമെ കഴിയുകയുള്ളൂ.

വാദത്തിന്‍റെയും തര്‍ക്കത്തിന്‍റെയും ധാര്‍ഷ്ട്യമാണ് ദാര്‍ശനികലോകത്തിന്‍റെ മുഖമുദ്രയായിരുന്നത്. കരുണയും സഹാനുഭൂതിയുമെല്ലാം വൈരാഗ്യത്തോടെ അവഗണിക്കേണ്ട ലൗകീകത മാത്രമായിരുന്നു. എല്ലാ കെട്ടുപാടുകളില്‍നിന്നുമുള്ള മോചനമെന്നത് സ്നേഹത്തില്‍നിന്നും ദയയില്‍നിന്നുമുള്ള വിടുതലായാണ് വൈരാഗികള്‍ കണ്ടത്. മറിച്ച് അഹങ്കാരജടിലമായ അജ്ഞാനമാണ് ലൗകീകതയെന്നു മനസ്സിലാക്കാന്‍ അവര്‍ക്കായില്ല. സ്നേഹത്തിന്‍റെ ലോകം ബലഹീനതയുടെ ലോകമായി അവര്‍ കണ്ടു. തികച്ചും വിരസമായ ഒരു മരുഭൂമിയിലേക്കുള്ള യാത്രയായി മാറി പിന്നീടുള്ള ദര്‍ശനങ്ങളുടെയും മതത്തിന്‍റെയും ചരിത്രം.

"അരുളാല്‍വരുമിമ്പം അന്‍പക-
ന്നൊരു നെഞ്ചാല്‍വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റും അല്ലലിന്‍
കരുവാകും കുരുവാമിതേതിനും" എന്ന് നാരായണഗുരുവിന് വീണ്ടും ആവര്‍ത്തിച്ചു  പറയേണ്ടിവന്നത് ഈ കാരുണ്യരഹിത ദര്‍ശനപരമ്പരകളെ സഹിക്കാനാവാഞ്ഞതുകൊണ്ടുതന്നെയാണ്.

അരുളുണ്ടെങ്കില്‍ മാത്രമെ ജീവിതസ്നേഹമുണ്ടാകൂ. ജീവിതമുണ്ടാകൂ. അന്‍പില്ലാത്ത ജീവിതം സംഘര്‍ഷഭരിതമായിരിക്കുകയേയുള്ളൂ. എല്ലാ പ്രശ്നങ്ങളുടെയും മൂലം കാരുണ്യരാഹിത്യം തന്നെയാണ്. അജ്ഞാനത്തിന്‍റെയും കാരുണ്യരാഹിത്യത്തിന്‍റെയും വിളനിലങ്ങള്‍ തരിശായിക്കിടക്കും. എല്ലാ അല്ലലും അലട്ടലും അവിടെ ആവിര്‍ഭവിക്കും. മനുഷ്യസമൂഹം അനുഭവിക്കുന്ന എല്ലാ നോവുകള്‍ക്കും മൂലം അന്വേഷിച്ചുചെന്നാല്‍ നാം എത്തിച്ചേരുക ഈ ദയാശൂന്യമായ ഹൃദയത്തിലായിരിക്കും.

സ്നേഹം, കരുണ, സഹാനുഭൂതി എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോഴെല്ലാം ആദ്യം ഹൃദയത്തില്‍ വന്നു നിറയുന്ന രൂപം യേശുവിന്‍റേതാണ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ പുതിയനിയമത്തില്‍ വായിക്കുമ്പോഴെല്ലാം അതു വെറുംവാക്കുകളായല്ല അനുഭവിച്ചിട്ടുള്ളത്. വാക്കുകള്‍ ഒരിക്കലും നശിക്കാത്ത ഉള്‍ക്കരുത്തുള്ളവയാണെന്ന് ആ അക്ഷരങ്ങള്‍ പറഞ്ഞുതന്നു. ലളിതവും സരളവുമായ ആ സത്യതീക്ഷ്ണതയില്‍ ഹൃദയമുരുകി തുടര്‍ന്നു വായിക്കാനാവാതെ ഇരുന്നുപോയ സന്ദര്‍ഭങ്ങള്‍ ഏറെയാണ്. സ്നേഹം വാഗ്രൂപം പ്രാപിച്ച് ഹൃദയത്തില്‍ ഉദയം ചെയ്തപോലുള്ള അനുഭവം. ആത്മീയ സാഹിത്യത്തില്‍ ക്രിസ്തുവിനോളം ഹൃദയപരതയുള്ള വാക്കുകള്‍ അപൂര്‍വ്വമായേ സംഭവിച്ചിട്ടുള്ളൂ. ക്രിസ്തുവിനു മുന്‍പും പിന്‍പും മുഹമ്മദിലും റൂമിയിലും ബുദ്ധനിലും മീരയിലും സെന്‍റ് ഫ്രാന്‍സിസിലും കബീറിലും അതുപോലുള്ള മഹാത്മാക്കളിലും ആ സ്നേഹത്തിന്‍റെ ധാര മുറിയാതൊഴുകുന്നതു കണ്ടു. സ്നേഹത്തിന്‍റെയും നന്മയുടെയും വഴികളിലൂടെ ജീവിച്ച ഇവരെല്ലാം നമുക്ക് ആരാധിക്കാനുള്ള പ്രതിമകള്‍ മാത്രമായി മാറിയതാണ് കഷ്ടം. എന്നാണ് ഇവരെ നാം കല്‍പ്രതിമകളില്‍ നിന്നും ആശയപ്രതിമകളില്‍ നിന്നും വൈകാരികപ്രതിമകളില്‍ നിന്നും ഹൃദയത്തിലേക്ക് ഇറക്കിക്കൊണ്ടു വരിക? അന്നേ നമുക്ക് ജീവിതത്തിന്‍റെ താളം വീണ്ടെടുക്കാനാകൂ. അല്ലാത്തിടത്തോളം പരസ്പരം പോരാടി തോറ്റും തോല്പിച്ചും ജീവിതത്തില്‍ നിന്നും അകന്നകന്നു പോവുകയേയുള്ളൂ.

You can share this post!

ഈ മുത്തച്ഛന് ഒന്നും അറിയില്ല!

ഷാജി സി. എം. ഐ.
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts