news-details
കവർ സ്റ്റോറി

കരുണയുടെ പൂ, കനി, വേര്

ഭൂമി, നൂറ്റിപ്പതിനാല് ദശലക്ഷം ആണ്ടുകള്‍ക്കുമുമ്പുള്ള ഒരു പ്രഭാതം. അന്ന് ഈ ഗ്രഹത്തില്‍ ആദ്യമായി വിരിഞ്ഞ ഒരു പൂവ് സൂര്യരശ്മികളേറ്റുവാങ്ങാനായി സ്വയം തുറന്നുവെച്ചു. ഈ ഐതിഹാസിക നിമിഷത്തിനുമുമ്പ് കോടിവര്‍ഷങ്ങളോളം ഈ ഗ്രഹം പച്ചയില്‍ കുളിച്ച് പച്ച പച്ച പച്ചയായി നിലകൊണ്ടു... ആദ്യപുഷ്പം ഏറെനേരം നിന്നില്ല... ഒരു ദിവസം, ഒരു നിര്‍ണ്ണായകമായ നിമിഷം യുഗങ്ങള്‍ കാത്തുനിന്ന മുഹൂര്‍ത്തം വന്നു. പൊടുന്നനെ അവിടെ സുഗന്ധത്തിന്‍റെയും നിറത്തിന്‍റെയും ഒരു ദിവ്യ വിസ്ഫോടനമുണ്ടായി!...

ഏറെ വൈകി, നാം പൂക്കളെന്നു വിളിക്കുന്ന ആ മൃദുവും സൗഗന്ധികവുമായ ജീവികള്‍ മറ്റൊരു ജീവിവര്‍ഗ്ഗത്തിന്‍റെ അവബോധവികാസത്തിനു നിമിത്തമായി മാറുകയായിരുന്നു!... പൂക്കള്‍ ഭൗതികതലത്തില്‍ പ്രയോജനരഹിതമെന്ന് ഒരു വേള തോന്നിച്ചാലും ജീവിതത്തോട് ആദിമമായ ഏതോ ഒരു കാരണത്താല്‍ ചേര്‍ന്നു നിന്നു. അവ എണ്ണമറ്റ കലാകാരന്മാര്‍ക്ക്, കവികള്‍ക്ക്, യോഗികള്‍ക്ക് പ്രയോജനമായി മാറി. പൂക്കളെ ധ്യാനിക്കുവാനും എങ്ങനെ ജീവിക്കണമെന്ന് അവയില്‍നിന്നു പഠിക്കുവാനും യേശു പറഞ്ഞു. ബുദ്ധന്‍ ഒരു പൂ കരത്തിലേന്തിക്കൊണ്ട് ഒരു വിമൂകമായ പ്രഭാഷണംതന്നെ നടത്തി. അല്‍പ്പം കഴിഞ്ഞ് മഹാകാശ്യപന്‍ എന്നൊരാള്‍ പുഞ്ചിരിതൂകി. അയാള്‍ ഒരാള്‍ മാത്രമാണ് ആ പ്രഭാഷണത്തിന്‍റെ പൊരുള്‍ മനസിലാക്കിയത് ഇതില്‍ നിന്നാണ് സെന്‍ പിറക്കുന്നത്.

ഒരു സത്സംഗത്തിലിരിക്കെ ബുദ്ധന്‍റെ മുഖത്ത് ഒരീച്ച വന്നു കടിച്ചു. അദ്ദേഹം പെട്ടെന്ന് അസുന്ദരമായ തരത്തില്‍ കൈ ഉയര്‍ത്തി, അതിനെ അകറ്റി. എല്ലാവരും അതു ശ്രദ്ധിച്ചു. തുടര്‍ന്ന് ബുദ്ധന്‍ മുഖത്ത് ഒന്നുമില്ലാതെ തന്നെ ആ ഭാഗത്തേക്ക് ധ്യാനാത്മകമായി കൈയുയര്‍ത്തി മന്ദമായവിടെ തടവി. പിന്നീട് ആനന്ദന്‍ ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ബുദ്ധന്‍ നമ്രതയോടെ പറഞ്ഞു: "ക്ഷമിക്കുക! എന്‍റെ മുഖത്തുവന്നു ശല്യപ്പെടുത്തിയ ആ പ്രാണിയുടെ നേരെ ഞാന്‍ കൈ ചലിപ്പിച്ചപ്പോള്‍ എന്‍റെ മനോനിറവില്‍നിന്ന് ഞാന്‍ തെന്നിപ്പോയതായെനിക്കു മനസ്സിലായി. ഞാന്‍ കുറച്ചുകൂടി നന്നായി പെരുമാറേണ്ടതായിരുന്നുവെന്ന്  അതെന്നെ പരിശീലിപ്പിക്കുകയായിരുന്നു. അത്തരമൊരവസരത്തില്‍ കുറച്ചുകൂടി ദയയുള്ള ഒരു മനസ്സോടെ പെരുമാറുന്നതിനായി ഞാനെന്നെ അപ്പോള്‍തന്നെ പരിശീലിപ്പിക്കുകയായിരുന്നു. മനോനിറവോടെയാണ് ഒരാള്‍ ചെയ്യുന്നതെങ്കില്‍ അതയാളുടെ ഉള്ളിലെ സൗന്ദര്യത്തിന്‍റെയും നന്മയുടെയും വിത്തുകള്‍ക്ക് ജലം തൂകുന്ന പ്രവൃത്തിയായി മാറും എന്ന് ബുദ്ധന്‍ ഒരായുഷ്ക്കാലം കൊണ്ട് പഠിച്ചതാണ്, അറിഞ്ഞതാണ്. അതാണദ്ദേഹത്തിന്‍റെ ജീവിതത്തെ സുന്ദരമാക്കിയത്. രണ്ടായിരത്തഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഗൗതമബുദ്ധന്‍റെ ജീവിതത്തിലുണ്ടായ സുന്ദരമുഹൂര്‍ത്തങ്ങളോരോന്നും ഓര്‍ക്കുമ്പോള്‍, പറയുമ്പോള്‍, മനനം ചെയ്യുമ്പോള്‍ നമ്മളിലുള്ള സൗന്ദര്യത്തിന്‍റെ, സന്തോഷത്തിന്‍റെ വിത്തുകള്‍ നാമറിയാതെ ജന്മം ആകുകയാണ്.

ഗൗതമബുദ്ധനില്‍ നാം കണ്ട നന്മയുടെ, കരുണയുടെ വിത്തുകള്‍ ആ ഒരു ജന്മത്തിലേതുമാത്രമല്ല പോയ ജന്മത്തിലും അദ്ദേഹത്തില്‍ ഇതേ കാരുണ്യം, ജീവജാലങ്ങള്‍ക്കു നേരെയുള്ള മൈത്രി ഉണ്ടായിരുന്നു. അതേപ്പറ്റിയൊരു കഥ ഇങ്ങനെ: കഴിഞ്ഞ ജന്മത്തില്‍ അദ്ദേഹം ഒരു സാധാരണ ഗൃഹസ്ഥന്‍, ഒരു വനപരിസരത്തിലൂടെ നടന്നുപോവുകയായിരുന്നു. അവിടെ ഒരിടത്തെത്തിയപ്പോള്‍ ഒരു ജന്തുവിന്‍റെ യാതനനിറഞ്ഞ ഞരക്കം അദ്ദേഹം ശ്രദ്ധിക്കുകയും വൃക്ഷങ്ങള്‍ക്കിടയിലൂടെ ഉള്ളിലേയ്ക്ക് ചെന്നുനോക്കിയപ്പോള്‍ ഒരു സിംഹി കാലിന് ഭയങ്കരമായ ക്ഷതമേറ്റ് പഴുത്തുവീങ്ങി മരണാസന്നയായി കിടക്കുന്നതുമാണ് കണ്ടത്. അതിന്‍റെ ഒരു കുഞ്ഞ് അവളുടെ നിര്‍ജ്ജീവമായ മുലയില്‍നിന്ന് പാല്‍ കിട്ടാതെ വിശന്ന് തളര്‍ന്ന് മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ രംഗം അയാളെ അഗാധമായി സ്പര്‍ശിക്കുകയും ഒന്നു ചിന്തിക്കുകപോലും ചെയ്യുന്നതിനുമുമ്പ് വലതുകൈത്തണ്ടയില്‍ കടിച്ചുകീറി പുറത്തുവന്ന ചോര സിംഹിയുടെ മുഖത്തിനുനേരെ ഉയര്‍ത്തുകയും മൂക്കിനുനേരെ വെച്ചുകൊടുക്കുകയും ചെയ്തു. താമസിയാതെ കണ്ണു തുറന്ന സിംഹി ആര്‍ത്തിയോടെ ആ ചോര നുണഞ്ഞിറക്കാനും പതുക്കെ ജീവന്‍ വയ്ക്കുവാനും തുടര്‍ന്ന് കണ്ണ് തുറന്ന് തന്‍റെ മുന്നിലുള്ള ഇരയെ തിന്നുവാനും തുടങ്ങി. മനുഷ്യചരിത്രത്തിലെ മഹാകരുണയുടെ ആദ്യത്തെ നിമിഷമായിരുന്നു അത്. മനുഷ്യവംശം തന്നെ ഒന്നായി വന്ദിച്ചു നിന്ന, ഏണീറ്റുനിന്ന ഒരു മുഹൂര്‍ത്തം. ഈ മഹാകരുണയുടെ ബീജമാണ് പിന്നീട് അദ്ദേഹത്തെ ഗൗതമബുദ്ധനാക്കിയത്. 'ജീവികള്‍ക്കൊക്കെയ്ക്കും നേരെ കരുണ കാണിക്കണം' എന്ന സന്ദേശമടങ്ങിയ വിത്തുമായി കപിലവസ്തുവിലെ ശുദ്ധോധനന്‍റെ മകനായി സിദ്ധാര്‍ത്ഥ രാജകുമാരന്‍ ജനിക്കുമ്പോള്‍തന്നെ അദ്ദേഹത്തിന്‍റെ ജീനുകളില്‍ അടങ്ങിയ ബീജത്താല്‍, കരുണയാല്‍ അദ്ദേഹം നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു. സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കാതിരിക്കാന്‍ പട്ടാളത്തെവെച്ചാല്‍പോലും അതു നടക്കുമായിരുന്നില്ല. എന്തെന്നാല്‍ അദ്ദേഹത്തിന്‍റെ ഉള്ളില്‍ പരിത്യാഗത്തിന്‍റെ, കരുണയുടെ, വേദനാസഹനത്തിന്‍റെ, ക്ഷമയുടെ, ധര്‍മ്മത്തിന്‍റെ അതിരറ്റ ശക്തികള്‍ ഉറങ്ങിക്കിടന്നിരുന്നു.

സര്‍വ്വവും ത്യജിച്ച് വീടുവിട്ടുപോകാനിടയുള്ളവന്‍ എന്ന് ജ്യോതിഷികള്‍ പ്രവചിച്ച സിദ്ധാര്‍ത്ഥനെ അച്ഛന്‍ മാന്ത്രികമായ ഒരു കൃത്രിമോദ്യാനത്തില്‍ കൂട്ടിലടച്ച ഒരു തത്തയെപ്പോലെ വളര്‍ത്തിയെങ്കിലും സമയമായപ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളിലെ കരുണയുടെ വിത്ത് വേഗം വേഗം മുളച്ചു വലുതാകുകയും ഒടുവിലദ്ദേഹം കൊട്ടാരം വിട്ട്, സുന്ദരിയായ ഭാര്യയേയും മകനെയും വിട്ട് ലോകത്തിലേയ്ക്കു പോവുകയായിരുന്നു.

കരുണ ഒരു വ്യക്തിയുടെ ദേഹത്തെ, ജീവശക്തിയെ എത്രമാത്രം മാറ്റുമെന്നു തെളിയിക്കുന്ന ഒരനുഭവം ജപ്പാനില്‍ നടക്കുകയുണ്ടായി. സാക്മി എന്ന ഒരു ബാലന്‍റെ അനുഭവം. ഗുരുകുലത്തിലെ വിദ്യാര്‍ത്ഥിയായ സാക്മിയെ നിരീക്ഷിച്ചപ്പോള്‍ അവന്‍റെ ആത്മചൈതന്യം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്നതായും അവന്‍റെ മരണം അടുത്തെത്തിയതായും പരിചയസമ്പന്നനായ ഗുരുവിന് മനസ്സിലായി. ഒരു വ്യക്തി മരണത്തോടടുക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് തന്നെ സൂക്ഷ്മശരീരത്തില്‍നിന്ന് ജീവശക്തി സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിയാന്‍ പ്രത്യേക കഴിവുള്ള ഗുരു, സാക്മിയെ അടുത്തുവിളിച്ച് അന്നുതന്നെ  അവന്‍റെ വീട്ടിലേയ്ക്ക് പറഞ്ഞയയ്ക്കുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍ ഒരു കുന്ന് കയറിയിറങ്ങി പിന്നെയും കുറെ നടന്നു പോകണം. പ്രത്യക്ഷത്തില്‍ യാതൊരവശതയും ഇല്ലാത്ത സാക്മി വളരെ സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് യാത്രയാരംഭിച്ചത്. ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും ശബ്ദങ്ങള്‍ കേട്ടു രസിച്ചും അവന്‍ നടന്നുപോയി. കുന്നിനു മുകളില്‍ അസ്മതയ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന പുല്‍പ്പരപ്പില്‍ അവന്‍ കുറെനേരം കിടന്നു. പിന്നീടവന്‍ കുന്നിറങ്ങി നടക്കുവാന്‍ തുടങ്ങി. കുന്നില്‍നിന്നൊഴുകി പോകുന്ന ഒരു കുഞ്ഞരുവിയുടെ നേര്‍ത്ത ശബ്ദം കേട്ടുകൊണ്ടവന്‍ നടന്നു. ഇടയ്ക്ക്, ഒരു വൃക്ഷത്തില്‍ പൊന്തിനില്‍ക്കുന്ന തായ്വേരിലേയ്ക്ക് മുകളില്‍നിന്ന് കൂട്ടമായി വന്നുകൊണ്ടിരുന്ന ഉറുമ്പുകള്‍ നീരൊഴുക്കിലേയ്ക്ക് വീണ് ഒഴുകിപ്പോകുന്നത് അവന്‍ ശ്രദ്ധിച്ചു. അവ വെള്ളത്തിലേയ്ക്ക് വീണുപോകാതിരിക്കാന്‍ അവന്‍ കുന്നിന്‍റെ മുകളില്‍ പോയി കുറെ മണ്‍കട്ടകളും കല്ലുകളും കൊണ്ടുവന്ന് അവിടെ ഒരു തടം നിര്‍മ്മിക്കുകയും ഉറുമ്പുകള്‍ ആപത്തില്‍നിന്ന് രക്ഷപെടുകയും ചെയ്തു. സാക്മിയുടെ പണിയെല്ലാം കഴിയുമ്പോഴേയ്ക്ക് സന്ധ്യമയങ്ങിയിരുന്നു. ഇനി വീട്ടിലേയ്ക്ക് പോകാനാവില്ല എന്ന് മനസ്സിലാക്കിയ അവന്‍ അവിടെത്തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് വീട്ടിലെത്തിയ സാക്മിയെ കണ്ട് അച്ഛനമ്മമാര്‍ അത്ഭുതപ്പെട്ടു. ഉണ്ടായ സംഭവം പറഞ്ഞുകേട്ടപ്പോള്‍ അവരിരുവരും കരഞ്ഞുപോയി. ഇളംപ്രായത്തില്‍ സാക്മിക്ക് ഇത്രയും കരുണയോ? രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ഗുരുകുലത്തിലേയ്ക്ക് തിരിച്ചുപോയി. അവനെ കണ്ട ഗുരു വിസ്മയത്തോടെയാണ് അവനെ നോക്കിയത്. അവന്‍റെ നെറ്റിത്തടത്തില്‍ നേരത്തെയുണ്ടായിരുന്ന കറപ്പ് വര്‍ണ്ണം പൂര്‍ണ്ണമായും ഇല്ലാതായതായും പകരമവിടെ അതിരറ്റ വെണ്മയും ഊര്‍ജ്ജവും നിറഞ്ഞുനില്‍ക്കുന്നതായും അദ്ദേഹം കണ്ടു.  ഉണ്ടായ സംഭവങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞു. ഉറുമ്പുകളുടെ ജീവന്‍ രക്ഷിക്കാനായുള്ള ദയയുണര്‍ന്ന നിമിഷത്തില്‍, അത് പ്രയോഗമായി മാറ്റിയ നിമിഷത്തില്‍ അവന്‍റെ ഉള്ളില്‍നിന്ന് മരണത്തിന്‍റെ കാലൊച്ച അകന്നുപോയതായും അവന്‍ അവിശ്വസനീയമായ നിലയില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതായും ഗുരു കണ്ടു.

***

ജെ. കൃഷ്ണമൂര്‍ത്തി അതിരാവിലെ ഉണര്‍ന്ന് പതിവായി യോഗ ചെയ്യുമായിരുന്നു. ഒരു ദിവസം അദ്ദേഹം യോഗ കഴിഞ്ഞ് ചരാചരങ്ങളുടെയൊക്കെ നേരെയുണര്‍ന്ന സ്നേഹത്തോടെ ഇരിക്കുകയായിരുന്നു. മലമ്പ്രദേശത്ത് നിബിഡവൃക്ഷങ്ങള്‍ക്കിടയിലുള്ള ആ വീട്ടില്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ജാലകങ്ങളെല്ലാം തുറന്നിട്ടിരുന്നു. സൂര്യവെളിച്ചം മുറിയിലേയ്ക്ക് കടന്നുവരുന്നുണ്ടായിരുന്നു. അദ്ദേഹം സന്തോഷത്തോടെ ചുറ്റുനിന്നും വന്നെത്തുന്ന ശബ്ദങ്ങള്‍ക്കുനേരെ കാതോര്‍ത്തിരിക്കെ ഒട്ടും പ്രതീക്ഷിക്കാതെ, ഒരു വാനരന്‍ അകലെ നിന്നോടിവന്ന് ചുമരുകള്‍ക്കുമീതെ പിടിച്ചുകയറി ജാലകത്തിനരികെ നില്‍ക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ നേരെ കൈനീട്ടി അദ്ദേഹത്തിന് ഹസ്തദാനം ചെയ്യുകയും സ്നേഹം പങ്കിട്ട് തിരിച്ചുപോകുകയും ചെയ്തതിനെപ്പറ്റി വായിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ഉള്ളില്‍ സ്നേഹമുണരുമ്പോള്‍, സഹജീവികള്‍ക്കുനേരെ കരുണയുണ്ടാകുമ്പോള്‍ അത് അവയ്ക്ക് തിരിച്ചറിയാനാവുന്നു; അവയുടെ ഒരു പ്രതിനിധി വന്ന് തങ്ങളുടെ നന്ദിയും സന്തോഷവും അറിയിക്കുന്നു.

മൃഗകുലവുമായി കൃഷ്ണമൂര്‍ത്തിക്കുണ്ടായിരുന്ന ഇതുപോലുള്ള നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കല്‍ അദ്ദേഹം ഓജായില്‍വെച്ച് ഒരു കുഗ്രാമത്തിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഒരു നായ വഴിയറിയാതെ അങ്കലാപ്പിലായി തലങ്ങും ഓടിനടന്ന് ഒടുവില്‍ കൃഷ്ണമൂര്‍ത്തിയുടെ മുന്നിലെത്തി; സഹായമഭ്യര്‍ത്ഥിക്കുന്നതുപോലെ എന്തോ ഒച്ചയുണ്ടാക്കുകയും അദ്ദേഹം അതിനു പോകേണ്ട ദിശ കാട്ടിക്കൊടുക്കുകയും നായ ആ വഴിക്കോടിപ്പോകുകയും ചെയ്യുന്നു. ഒരാളില്‍ കരുണ നിറയുമ്പോള്‍ 'സുപ്രീം ഇന്‍റലിജന്‍സ്' അയാളില്‍ പ്രവര്‍ത്തിക്കുന്നതിനെ ഉദാഹരിക്കുന്നതായിരുന്നു ആ സംഭവം.

***

പൈക്കളെ മേയിക്കുന്നിടത്തേയ്ക്ക് തന്നെയും കൊണ്ടുപോകണമെന്ന് കണ്ണന്‍ അമ്മയോട് പറഞ്ഞപ്പോള്‍ യശോദ ഇങ്ങനെ പറഞ്ഞു: "ഓമനേ, മൃദുവായ പട്ടുപോലുള്ള നിന്‍റെ കുഞ്ഞിക്കാലുകള്‍കൊണ്ട് കല്ലും മുള്ളും നിറഞ്ഞ ആ വഴികളില്‍ക്കൂടി എങ്ങനെയാണ് നീ നടന്നുപോകുക? നല്ല ഒരുജോടി പാദരക്ഷകള്‍ ഞാനുണ്ടാക്കിത്തരാം. അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നിനക്ക് പോകാം." അതിന് കൊഞ്ചും മൊഴികളാല്‍ കണ്ണന്‍, "നാം സേവിക്കുന്ന പൈക്കളുടെ കാലുകളില്‍ പാദരക്ഷയൊന്നുമില്ലല്ലോ? അപ്പോള്‍ അവരുടെ സേവ ചെയ്യുന്ന നാം അവര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയാത്ത കല്ലിലും മണ്ണിലുംനിന്ന് രക്ഷനേടാന്‍ എന്തിനു ശ്രമിക്കുന്നു" എന്ന് തനിക്ക് പൈക്കളുടെ നേരെയുള്ള സഹജസ്നേഹം പ്രകടിപ്പിക്കുന്നു.

കൃഷ്ണന്‍ ഗോകുലത്തില്‍നിന്നും മധുരയ്ക്ക് പുറപ്പെടുമ്പോള്‍ ഗോകുലത്തിലെ മുഴുവന്‍ പൈക്കളും കിടാങ്ങളും നിശ്ചലരായിനിന്നു കണ്ണീര്‍ തൂകുന്നത് ഒരാളുടെ മൈത്രി മൃഗകുലത്തെ എത്ര അഗാധമായി സ്പര്‍ശിക്കുന്നുവെന്നു പറയുന്നു.

***

1970കളില്‍ അടുത്ത ബന്ധമുണ്ടായിരുന്ന ഒരു യഥാര്‍ത്ഥ ചികിത്സകയായ ഡോ. കാഞ്ചനമായയെ ഓര്‍ക്കുന്നു. രോഗികളും അനാഥരുമായ ആളുകള്‍ക്കുനേരെ അവര്‍ക്കുള്ള സമര്‍പ്പണം അസാധാരണമായിരുന്നു. ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികളായ രോഗികളെ മാസത്തിലൊരു ദിവസം അവര്‍ സന്ദര്‍ശിച്ചിരുന്നു. ആയിടെ അവരയച്ച കത്തില്‍ അവര്‍ എഴുതി: "ഇന്ന് ചേവായൂരിലെ 'പുവര്‍ ഹോമി'ല്‍ കുറെ നേരം ചെലവഴിച്ചു. അവിടെ പോകുമ്പോഴുള്ള  ഒരാളായിട്ടല്ല ഞാന്‍ തിരിച്ചുപോന്നത്; പുതിയൊരാളായിട്ടാണ്. അതെങ്ങനെ എഴുതണം എന്നറിയില്ല എന്നാലും പറയേണ്ടതാണെന്ന് തോന്നുന്നതുകൊണ്ട് എഴുതുകയാണ.് പുവര്‍ഹോമില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അമ്പതോളം രോഗികളുണ്ട്. അവരുമായി ഒരു വിനിമയവും നടത്താന്‍ ആരുമില്ലാത്തതുകൊണ്ട് അവര്‍ എപ്പോഴും ഒരു കനത്ത നിര്‍വികാരതയില്‍, വ്യര്‍ത്ഥതയില്‍ കഴിയുന്നവരെപ്പോലെയാണ്. അക്കൂട്ടത്തില്‍ തീര്‍ത്തും നിസ്സഹായനും നിര്‍വികാരനുമായ ഒരു രോഗിയുണ്ട്, ജോസഫേട്ടന്‍. അറുപതുവയസ്സുള്ള അദ്ദേഹത്തിന്‍റെ കൈകാലുകളിലും മുഖത്തും രോഗമുണ്ടാക്കിയ അംഗവൈകല്യം വളരെ പ്രകടമായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍റെ ഒരു കണ്ണ് പൂര്‍ണ്ണമായും കാഴ്ച പോയതും മറ്റേക്കണ്ണ് നേരിയ കാഴ്ചയുള്ളതുമായിരുന്നു. എന്നാല്‍ ആ കണ്‍പോളയ്ക്കുമീതെയുള്ള വ്രണമുണ്ടാക്കിയ വൈകല്യവും വീക്കവും കാരണം അദ്ദേഹം കണ്ണു തുറന്നിരുന്നില്ല. കേള്‍വിയും വളരെ കുറവായിരുന്നു. അവിടെയുള്ള അന്തേവാസികള്‍ക്കെല്ലാം ഞാന്‍ ഓരോ ലഡു കൊടുത്തു.

ഒടുവിലാണ് ജോസഫേട്ടനെ കണ്ടത്. എന്‍റെ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം തിരിച്ചറിയുകയും വായ് തുറക്കാന്‍ പറഞ്ഞപ്പോള്‍ വായ് തുറന്നുവെക്കുകയും വായിലിട്ടു കൊടുത്ത ലഡുവിന്‍റെ കഷണങ്ങള്‍ നിര്‍വികാരമായി തിന്നുകയും ചെയ്തു. കുറച്ചുനേരം ഞാനദ്ദേഹത്തിന്‍റെ നേരെ സ്നേഹത്തോടെ നിശ്ശബ്ദമായി നോക്കിനില്‍ക്കുകയും ആ പരുത്ത നെറ്റിയിലും തലയിലും പതുക്കെ തടവിക്കൊടുക്കുകയും ചെയ്തു. ഇതിനുമുമ്പൊരിക്കലും ഞാനങ്ങനെ ചെയ്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മുന്നില്‍ വന്നു നിന്നപ്പോഴും അങ്ങനെ ചെയ്യണമെന്നു വിചാരിച്ചിരുന്നില്ല. എന്‍റെ ഉള്ളിലുള്ള എന്തോ ഒന്നിന്‍റെ പ്രേരണയില്‍ ഞാനദ്ദേഹത്തിന്‍റെ നെറ്റിയില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം എപ്പോഴും അടച്ചുവെക്കാറുള്ള രോഗംകൊണ്ടു പാതിയടഞ്ഞുപോയ കണ്ണ് പതുക്കെ തുറക്കുവാനും എന്‍റെ നേരെ നോക്കുവാനും തുടങ്ങി. ജീവശക്തിയുടെ ഏതോ തരത്തിലുള്ള ഊര്‍ജ്ജം ആ മുഖത്താകെ വ്യാപിച്ചു. ഒരു നിമിഷം അദ്ദേഹം പറയാനാവാത്ത ഒരു സ്നേഹം, കൃതജ്ഞത അറിയിക്കാനായി പുഞ്ചിരി തൂകുകയും ചെയ്തുകൊണ്ടെന്‍റെ നേരെ നോക്കി. ആ കണ്ണില്‍ നിന്ന് കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു, ആ ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ, ഞാന്‍ എന്‍റെ ഈശ്വരനെ കണ്ടു!

ദസ്തയോവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' മെന്ന നോവലില്‍ റസ്കോള്‍ നിക്കോഫ് എന്ന ചെറുപ്പക്കാരന്‍ ഹുണ്ടികക്കാരിയായ ഒരു വൃദ്ധയെ കൊലപ്പെടുത്തുന്നതായി പറയുന്നുണ്ട്. അയാള്‍ എത്ര കരുണയുള്ളവനായിരുന്നു എന്നു സൂചിപ്പിക്കുന്ന ഒരാഖ്യാനം അതിലുണ്ട്. ഒരു കുതിരവണ്ടിക്കാരന്‍, പ്രായവും അവശതയും കൊണ്ട് മുന്നോട്ടു പോകാനാവാതെ റോഡില്‍ തളര്‍ന്നു വീണുപോയ തന്‍റെ കുതിരയെ പൈശാചികമായി ഹിംസിക്കുന്നതു കണ്ട് ആളുകളെല്ലാം അതിന്‍റെ ചുറ്റും വന്നു നിന്നു. പീഡനത്തിന്‍റെ യാതനയാല്‍ പുളഞ്ഞു വിലപിക്കുന്ന ആ സാധുമൃഗത്തിന്‍റെ നേരെ ഒരാളുടെ ഉള്ളിലും കരുണ തോന്നുന്നില്ല. അതു മനസ്സിലായപ്പോള്‍  ദേഹവും മനസ്സും ഒരുപോലെ ദുര്‍ബലനായ ആ ചെറുപ്പക്കാരന്‍ സ്വയം നിയന്ത്രിക്കാനാവാതെ ജനങ്ങളെ മുഴുവന്‍ വകഞ്ഞുമാറ്റി, ആ ക്രൂരനായ വണ്ടിക്കാരനു നേര്‍ക്ക് ആ ഹിംസ നിര്‍ത്താനായി തന്‍റെ മുഴുവന്‍ ശക്തിയും എടുത്ത് ഒരാര്‍പ്പുവിളിയോടെ കുതിച്ചുചെല്ലുന്നുണ്ട്. കരുണയുടെ വിത്ത് എല്ലാവരിലുമുണ്ടെന്ന് മഹാനായ എഴുത്തുകാരന്‍ ഓര്‍മ്മിപ്പിക്കുകയാണ്.

***

നമ്മുടെ ദേഹം, നമ്മുടെ മനസ്സ്, നമ്മുടെ ലോകം നമ്മുടെ അവബോധത്തില്‍ നാം കൂട്ടിവെച്ച വിത്തുകള്‍ക്ക് അനുസൃതമായിരിക്കുന്നു. കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം ഇവയുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയിലൂടെയാണ് നമ്മുടെ അവബോധം രൂപമെടുക്കുന്നത്. എല്ലാം നമ്മുടെ സഞ്ചിത അവബോധത്തില്‍ സൂക്ഷിക്കപ്പെടുന്നു. നാമെത്ര മറന്നാലും അതവിടെത്തന്നെയുണ്ടാകും. അവ ആവിഷ്ക്കരിക്കപ്പെടാനുള്ള അവസരങ്ങള്‍ ഉണ്ടാകും വരെ അതവിടെ നിലനില്‍ക്കും. അതുകൊണ്ട് നമ്മുടെ ദേഹത്തിലെ ഓരോ കോശവും നമ്മുടെ മുഴുവന്‍ പൂര്‍വികരെയും ഭാവി തലമുറകളെയും ഉള്‍ക്കൊള്ളുന്നുവെന്ന് ബുദ്ധിസ്റ്റ് മനഃശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. നമ്മുടെ ഓരോ വിത്തും മനോരൂപീകരണവും അവബോധവും വിശ്വത്തെയാകെ ഉള്‍ക്കൊള്ളുകയാണ്. എല്ലാക്കാലത്തിന്‍റെയും എല്ലാ സ്ഥലത്തിന്‍റെയും നമ്മിലുള്ള ചില വിത്തുകള്‍ ആന്തരികമാണ്. നമ്മുടെ പൂര്‍വപിതാക്കള്‍ പകര്‍ന്നത്: ചിലത് നാം ഗര്‍ഭപാത്രത്തിലിരിക്കെ വന്നത്. ബാക്കിയുള്ളവ നാം ശിശുക്കളായിരിക്കെയുണ്ടായത്.
നമ്മുടെ കുറെ കഴിവുകളും പെരുമാറ്റ സവിശേഷതകളും ശാരീരിക സവിശേഷതകളും അതുപോലെ നമ്മിലുള്ള മൂല്യങ്ങളും നമ്മുടെ പൂര്‍വികരില്‍നിന്നു കൈമാറി വന്നവയാണ്. നാം ജീവിക്കുന്ന ഓരോ ഘട്ടത്തിലും അതതു സന്ദര്‍ഭങ്ങള്‍ക്കാവശ്യമായ സ്വഭാവ പെരുമാറ്റങ്ങള്‍ നാം അവയില്‍ നിന്നെടുത്ത് ഉപയോഗിക്കുകയാണ്. ചില ബീജങ്ങള്‍ നമ്മുടെ ജീവിതകാലത്ത് നാം ഉപയോഗിച്ചിട്ടില്ല. അവ നാം നമ്മുടെ മക്കളിലേക്കു കൈമാറുകയാണ്. അവ തുടര്‍ന്ന് അവരുടെ മക്കളിലേക്കു കൈമാറ്റപ്പെടുകയാണ്. ഈ പ്രക്രിയ തുടര്‍ന്നു പോകുന്നു. ജനിതകശാസ്ത്രം പറയുന്നത് നമ്മുടെ മനസ്സ്, ശരീരം ഉളവായതിന്‍റെ 'ബ്ലുപ്രിന്‍റ്' വന്നത് എത്രയോ തലമുറകള്‍ക്ക് മുന്‍പുള്ള പിന്‍ഗാമികളില്‍ നിന്നാണെന്നത്രെ. ശാസ്ത്രജ്ഞന്മാര്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ചില പ്രത്യേക സവിശേഷതകള്‍ ഏഴു തലമുറകഴിഞ്ഞ് പുനഃപ്രത്യക്ഷമാകുന്നുവെന്നു കണ്ടെത്തി. നമ്മുടെ മുന്‍ഗാമികളുടെ അനുഭവങ്ങള്‍, അതുപോലെ അതിരറ്റ സമയം, അതിരറ്റ സ്ഥലം കേവലം ഒരു ചെറിയ ഭ്രൂണത്തില്‍പോലും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇതു നാം മനസിലാക്കുമ്പോള്‍ ഓരോ ഭ്രൂണത്തിനുനേരെയും നമുക്ക് അളവറ്റ ഉത്തരവാദിത്വം ഉണ്ടാവുന്നു.

നാമിന്നു ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും വാക്കും ചിന്തയും തലമുറകള്‍ തലമുറകളോളം അവയുടെ വിത്തുകള്‍ കൈമാറിക്കൈമാറി മനുഷ്യവംശത്തിന്‍റെ ഉന്നതമായ ഒരവസ്ഥയ്ക്ക് കാരണമായിത്തീരുന്നു. ഒരാള്‍ സ്നേഹത്തോടെ വേറൊരാളെ നോക്കിയത്, അലിവോടെ സംസാരിച്ചത്, വഴിയിലുള്ള ഒരു മുള്ള് എടുത്തുമാറ്റിയത്, ഒരു പക്ഷിക്ക് വെള്ളവും തീറ്റയും കൊടുത്തത്, ~ഒരെറുമ്പിനെ ചവിട്ടിപ്പോകാതെ നടന്നത്, ഒരു രോഗിയെ ശുശ്രൂഷിക്കാന്‍ ഉറക്കൊഴിഞ്ഞത്, മരണാസന്നനായ ഒരു വൃദ്ധനെ തടവിയാശ്വസിപ്പിച്ചത്, വേദനിക്കുന്നൊരാളെ അനുതാപത്തോടെ കേട്ടത്, സമാധാനിപ്പിച്ചത് ഒക്കെയും അതു നടന്നുകൊണ്ടിരിക്കുമ്പോള്‍ മാത്രമല്ല എത്രയോ തലമുറകള്‍ വരെ സാന്ത്വനമായി, കരുണയായി, സത്പ്രവൃത്തിയായി നിലനില്‍ക്കുകയാണ.് നാം ജീവിക്കുന്ന ഓരോ നിമിഷവും ഈ അവബോധത്തിന്‍റെ വിത്തുകള്‍ നമ്മുടെ ദേഹത്തിലും മനസ്സിലും ഉണ്ടാക്കുന്ന ആനന്ദവും തൃപ്തിയും തുടര്‍ന്നു പോകുന്നവയാണെന്ന് നാം ഓര്‍ക്കുമ്പോള്‍ ഇനി നാം ജീവിക്കുന്ന ഓരോ നിമിഷവും നമ്മുടെ എളിയ ജീവിതം കൊണ്ട് നമുക്കു മാത്രമല്ല എത്രയോ തലമുറകള്‍ക്കു കൂടി നാം സ്വര്‍ഗ്ഗം പണിയുന്നുവെന്ന് ഓര്‍ക്കുകയാണ്.

അതുപോലെ നമ്മുടെ കൂട്ടത്തിലൊരാള്‍ ചെയ്യുന്ന കടുത്ത പാതകങ്ങള്‍, തെറ്റുകള്‍, കുറ്റകൃത്യങ്ങള്‍ ഒക്കെയും അവരുടെ പിന്‍ഗാമികളിലൂടെ തലമുറകളോളം സഞ്ചരിച്ചു പോകുകയും ആ വിത്തുകള്‍ അതുപോലെ കടുംകൈ ചെയ്യുന്ന വ്യക്തികള്‍ക്ക് ജന്മം നല്‍കുകയും  അത് തുടര്‍ന്നുപോകുകയുമാണ്.

ബുദ്ധന്‍റെ കരുണയും യേശുവിന്‍റെ സ്നേഹവും നബിയുടെ സമാധാനവും അവരുടെ പിന്‍തലമുറകളിലൂടെ പകര്‍ന്നു പകര്‍ന്നു പോകുന്നതുപോലെ അക്കാലത്ത് നടന്ന എല്ലാ വിപരീത കര്‍മങ്ങളും അധമവിചാരങ്ങളും തലമുറകളിലൂടെ പുനരാവര്‍ത്തിക്കപ്പെടുകയാണ്!...

അതുകൊണ്ട് ഗൗതമബുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്ന നമ്മുടെ സ്നേഹത്തിന്‍റെ വിത്തുകള്‍, ധാരണകള്‍, അലിവിന്‍റെ വിത്തുകള്‍ ശക്തിയുള്ളവയാണെങ്കില്‍ 'ആ മൂല്യങ്ങള്‍' നമ്മളില്‍ പ്രത്യക്ഷപ്പെടുന്നു. ക്രോധത്തിന്‍റെ, അക്രമത്തിന്‍റെ, ദുഃഖത്തിന്‍റെ വിത്തുകളാണ് നമ്മുടെ ഉള്ളില്‍ ശക്തിയോടെയിരിക്കുന്നതെങ്കില്‍ നാം ഏറെ യാതനകള്‍ അനുഭവിക്കുന്നു.

ബുദ്ധന്‍ പറഞ്ഞു: "സൂര്യവെളിച്ചം സസ്യങ്ങളെ വളരാന്‍ സഹായിക്കുന്നു. മനോനിറവിന്‍റെ (mindfulness) വെളിച്ചം എല്ലാ മനോരൂപികരണത്തെയും പരിവര്‍ത്തിപ്പിക്കുന്നു." ക്രോധം ഉണരുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നതിനു പകരം അതിനെ സ്പര്‍ശിക്കാനായി മനോനിറവോടെ ശ്വസനത്തില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കി ഇപ്രകാരം ധ്യാനിക്കുക: 'ഞാന്‍ ക്രോധിയാണെന്ന് ഞാനറിയുന്നു' എന്നു  വിചാരിച്ചുകൊണ്ട് ആഴത്തില്‍ ശ്വാസമെടുക്കുക 'എന്‍റെ ക്രോധം ശാന്തമാകുന്നു' എന്നു വിചാരിച്ചുകൊണ്ട്, ഒരു പുഞ്ചിരിയോടെ ആഴത്തില്‍ ശ്വാസം വിടുക. ഇതു കുറച്ചുനേരം ചെയ്യുമ്പോള്‍ ക്രോധംപോയി മനസ് ശാന്തമാകുന്നു. നമ്മുടെ പെരുമാറ്റത്തിലുള്ള, സ്വഭാവത്തിലുള്ള ഓരോ ഘടകവും ഇപ്രകാരം മനോനിറവോടെയിരുന്നു ശ്വസന ധ്യാനം നടത്തുമ്പോള്‍ അവ നീങ്ങിപ്പോകുന്നതും മനസ് ശാന്തമാകുന്നതും നമുക്കനുഭവിക്കാനാവും. ശാന്തമായ ഒരു മനസിലാണ് യഥാര്‍ത്ഥമായ കരുണ ജനിക്കുന്നത്.

You can share this post!

ഈ മുത്തച്ഛന് ഒന്നും അറിയില്ല!

ഷാജി സി. എം. ഐ.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts