news-details
സഞ്ചാരിയുടെ നാൾ വഴി

വസിച്ചുകൊണ്ടിരുന്ന ഭൂമി അത്ര നല്ലതല്ലെന്ന് തിരിച്ചറിഞ്ഞ ആര്‍ക്കും ഒരു ഭാവനാഭൂപടം സൃഷ്ടിച്ചേ തീരൂ. കഥകള്‍ ആ സമാന്തരഭൂമിയിലേക്ക് ഓരോരോ ദേശക്കാര്‍ ചവിട്ടിയുണ്ടായിക്കയ ഒറ്റയടിപ്പാതകളാണ്. കഥ കേള്‍ക്കാനോ പറയാനോ ഉള്ള അവസരങ്ങളില്ലാതെയാകുമ്പോള്‍ ഇത് മരിച്ചവര്‍ മരിച്ചവരെ അടക്കുന്ന ഇടമായി ശോഷിക്കുന്നു. സ്വയം മണ്ണിട്ടെടുത്ത ആ തുരുത്തില്‍ ചെറിയയളവിലോ വലിയയളവിലോ ഒരാള്‍ ഒരു  ഡോണ്‍ ക്വിക്ക്സോട്ടായാല്‍പ്പോലുമെന്ത്. അതിഭീകരമായ ലോകത്തെ നേരിടാന്‍ കഥയുടെ പോര്‍ച്ചട്ടയണിഞ്ഞ് ഒടുവില്‍ തോറ്റുതുന്നം പാടി തളര്‍ന്നുവീഴുമ്പോള്‍ അയാളുടെ കല്ലറയില്‍ അടയാളപ്പെടുത്തിയത് നിങ്ങള്‍ക്കും അന്ന് വഴങ്ങും. ഭ്രാന്തിനാല്‍ ജീവിക്കുകയും മരണത്താല്‍ സൗഖ്യപ്പെടുകയും ചെയ്ത ഒരാള്‍!

~ഒക്കെ ഭ്രാന്തായിരുന്നോ? ശരിക്കും ഒരു പറുദീസ ഉണ്ടായിരുന്നോ? ദാ ഓണം കഴിഞ്ഞതേയുള്ളൂ. ഒരു മാവേലിമന്നന്‍ ഉണ്ടായിരുന്നത്രേ! അത്തരം ചില ഉറപ്പിലാണ് ഭൂമിയുടെ കറക്കം. കട്ടിവാക്കില്‍ ഒരു വസന്തസ്മൃതി. അതിന് ആവര്‍ത്തനമുണ്ടാകുമെന്ന് ആരൊക്കെയോ എന്നും വിശ്വസിച്ചിരുന്നു. അതിനായി അവര്‍ എത്ര ദേഹണ്ഡിച്ചു. യുഗങ്ങളോളം അലഞ്ഞു. വനാന്തരങ്ങളില്‍ സ്വയം മറന്നു. മരുഭൂമിയില്‍ കാലുവെന്തു. പായക്കപ്പലുകളില്‍ ദിശതെറ്റി! ഒന്നു നടുവു നിവര്‍ത്താന്‍ മാനം നോക്കി കിടന്നപ്പോള്‍ മേഘങ്ങളില്‍ പൂത്തകാടു കണ്ടു. ജനപദങ്ങള്‍ കണ്ടു. ജീവന്‍റെ തണ്ണീര്‍ത്തടങ്ങള്‍ കണ്ടു. പക്ഷിമൃഗാദികളെ കണ്ടു...

ഭൂമിയില്‍ ഒരു വസന്തകാലം ഉണ്ടായിരുന്നില്ലെന്ന് സന്ദേഹിക്കാന്‍ മാത്രം വരണ്ടവരായിരുന്നില്ല അവര്‍. ചിന്നിച്ചിതറിയ കാലം പോലെ, ദൈവം ചിതറിച്ച ഭാഷപോലെ അവരുടെ മൊഴികള്‍ ലോകത്തിന്‍റെ അതിരുകളിലേക്ക് പുറപ്പെട്ടുപോയി. അവരില്‍ സഞ്ചാരികള്‍ ഉണ്ടായിരുന്നു. ശാസ്ത്രികളും പോരാളികളും വര്‍ത്തകരും കവികളുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ചെയ്തത് ഒരേ സുകൃതം. സ്വന്തം ഭാവിയില്‍ ത ങ്ങള്‍ക്കു വഴങ്ങാത്ത കാലത്തെയും ദേശത്തെയും വരുതിയിലാക്കുവാന്‍ അവര്‍ ശ്രമിച്ചു. കാലമെന്ന കുരുക്കില്‍പ്പെട്ടവര്‍ നിത്യവര്‍ത്തമാനം എന്ന ഒന്നിനെ ഭാവന ചെയ്തു. ഇന്നലെയും നാളെയുമില്ലാത്ത തരംഗരൂപിയായ കാലത്തിന്‍റെ അന്തമില്ലാത്ത കഥകള്‍ ഒളിപ്പിച്ചു വച്ചു.

പിന്നീടു വന്നവര്‍ കഥയുടെ ആ ഒളിയിടങ്ങള്‍ തേടിപ്പോയി. ആ കഥകള്‍ ചിലര്‍ക്കു ജ്ഞാനവും ഭ്രാന്തും കൂട്ടുംകൊടുത്തു. പ്രപഞ്ചത്തിന്‍റെ ആമാടപ്പെട്ടി നിറയെ വിസ്മയങ്ങളാണെന്നും മനുഷ്യന് കുറെക്കൂടി അഴകുള്ള ഒരു നിലനില്പ് സാദ്ധ്യമാണെന്നുമാണല്ലോ ഈ കഥകളൊക്കെ പേര്‍ത്തുംപേര്‍ത്തും പറയുന്നത്. കഥ കേട്ടുകേട്ട് അങ്ങനെ മനസ്സിന്‍റെ സഞ്ചാരപഥങ്ങളിലൂടെ ഊരുചുറ്റാന്‍പോയ പലരും മടങ്ങിവന്നില്ല. അന്നു കളിക്കുമ്പോള്‍ മുകളിലേക്ക് എറിഞ്ഞ പന്ത് ഇനിയും താഴെ വീണിട്ടില്ലെന്ന ഡിലന്‍ തോമസിന്‍റെ വരികള്‍പോലെ. ചിലര്‍ വരാതിരുന്നുമില്ല. മലമുകളില്‍ നിന്ന് വരുന്നവര്‍ ഒരു പിടി മണ്ണല്ല വാക്കാണ് കൊണ്ടുവരുന്നതെന്ന റില്‍ക്കേയുടെ മൊഴികള്‍പോലെ. മറഞ്ഞുപോയവരൊക്കെ അവരുടെ വാക്കിലൂടെ ഇലമുളച്ചിപോല്‍ പിന്നെയും തളിര്‍ത്തു. ജീവന്‍റെയും അതിന്‍റെ നിലനില്പിന്‍റെയും ജലധാരകള്‍ തേടിയുള്ള അവരുടെ യാത്രകളില്‍ നിറയെ ഭാവനകളാണ്. കവികള്‍ മാത്രമല്ല ഹോട്ടലിലെ ഹൗസ് കീപ്പറും അതിനുമീതെയാണ് ജീവിതം മെനയുന്നത്. ദേശാടനക്കിളികളോടൊപ്പം കൂട്ടമായി എത്തുന്ന സഞ്ചാരികള്‍ ഈ മുറികളെല്ലാം നിറയ്ക്കാന്‍ പോവുകയാണെന്നാണ് അയാളിപ്പോള്‍ ആലോചിച്ചു നില്ക്കുന്ത്. കാലത്തിന് ഒരു ഫോസില്‍പോലും കഥകോറാനുള്ള എഴുത്തുപലകയാണെന്ന് മറക്കരുത്. കഥകളില്‍ നിന്ന് അകന്നുപോയതായിരുന്നു നമ്മുടെ കാലത്തിന്‍റെ ശരിയായ ദുരന്തം. അവയെ അപഹസിക്കുന്നിടത്തോളമെത്തി നമ്മുടെ കാലത്തിന്‍റെ നെറികേടുകള്‍. അതുകൊണ്ടാണ് ജോണ്‍ ലെനന് ഇങ്ങനെ ഉറക്കെ പാടേണ്ടി വന്നത്: I believe in everything untill it’s disproved. So I believe in fairies, the myths, dragons. It all exists, even if it’s in your mind.

ബാലമാസിക വായിക്കുന്ന മുതിര്‍ന്ന ഒരാള്‍ എന്തിന് ഫലിതമാവണം? കഥയുടെ നനവില്ലാത്തവര്‍ ദുരിതദിനങ്ങളെ എങ്ങനെ അഭിമുഖീകരിക്കും എന്നൊരുഭയമെനിക്ക് ഉണ്ട്. നോക്കൂ. ഞങ്ങളുടെ വിജയ്ക്കും ബിന്നിക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനെ നഷ്ടമായി. വിജയ്യുടെ സന്ദേശം വന്നതിങ്ങനെയാണ് ഞങ്ങളുടെ കുഞ്ഞ് ഭൂമിയിലേക്ക് വന്നപ്പോള്‍ ഹൃദയമെടുക്കാന്‍ മറന്നുപോയി. മടങ്ങിപ്പോയി. വേഗത്തില്‍ തിരിച്ചുവരും! ശരിക്കും stories for our stormy nights.

ദൈവത്തെപ്പോലെ ത്രികാലങ്ങളിലേക്ക് തുറന്നിട്ട ജാലകപ്പാളികളുമായാണ് ഈ കഥകളൊക്കെ നില്ക്കുന്നത്. ഒരിക്കല്‍ ഒരിടത്ത് എന്ന ലളിതമായ രണ്ടു പദങ്ങള്‍ പ്രാണന്‍റെ യാനപാത്രത്തെ തുഴഞ്ഞതെത്ര. കണ്ട ദേശത്തിന്‍റെയും തൊട്ട കാലത്തിന്‍റെയും മാത്രം കടലില്‍ കെട്ടിയിട്ട ഒരു ജീവിതത്തിന്‍റെ മുക്തിമന്ത്രങ്ങളാണ് അവ. അതിന്‍റെ അലകളില്‍ ഓരോരുത്തരും തങ്ങളുടെ കടലിലേക്ക് എത്തുന്നുണ്ട് - ശരിയായ കഥാസരിത്സാഗരം.

ഒരു കോപ്പയോളം ആഴമേയുള്ളൂ എന്നളന്ന ജീവിതത്തിന് സങ്കല്പാതീതമായ അഗാധമുണ്ടെന്ന് അങ്ങനെ തുഴഞ്ഞുപോയപ്പോഴാണ് നമുക്ക് പിടുത്തംകിട്ടിയത്. അപ്പൂപ്പന്‍റെ അപ്പന്‍റെ പേരുപോലും അറിയാത്ത ഒരാള്‍ എന്ന കാര്യം നാണിപ്പിച്ചത് അങ്ങനെയാണ്. അവനവനെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി തങ്ങളുടെ വംശത്തിന്‍റെയും ഗോത്രത്തിന്‍റെയും വേരുകള്‍ തേടിപ്പോയവര്‍ അതില്‍ത്തന്നെ ഒരു കഥയ്ക്കുള്ള വകുപ്പാണ്. അതില്‍ തകഴിയുടെ കയറുണ്ട്. വിജയന്‍റെ തലമുറകള്‍..

വേദപുസ്തകത്തിലെ വംശാവലി താളുപോലെ. അലക്സിയുടെ റൂട്ട്സ് പ്രത്യേകം കരുതണം. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിലാണ് അതു പുറത്തുവന്നത്. രണ്ടുനൂറ്റാണ്ടിന്‍റെ പാരമ്പര്യം മാത്രം പറയാന്‍ കഴിയുന്ന ഒരു ദേശത്തിന്‍റെ ഹുങ്കുകളുടെ പൊളിച്ചെഴുത്ത് കൂടിയായിരുന്നു അത്. ബഹുസ്വരതയ്ക്കും ഭിന്നഭാഷകള്‍ക്കുമായി അവര്‍ കുറെക്കൂടി ട്യൂണ്‍ ചെയ്യപ്പെട്ടു. കഥയിലൂടെ ചരിത്രവും ചരിത്രത്തിലൂടെ കഥകളും കൈമാറ്റം ചെയ്യപ്പെട്ടു. നല്ല കഥാപുസ്തകങ്ങള്‍ നല്ല ചരിത്രപുസ്തകങ്ങളാണെന്ന് ആര്‍ക്കാണ് അറിയാത്തത് - മുഗള്‍കഥകള്‍ ഒര്‍ക്കൂ.

ദൈവസന്നിധിയില്‍ കഥകള്‍ പറഞ്ഞുപറഞ്ഞ് തങ്ങളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തിയിരുന്ന സമൂഹമായിരുന്നു ഹെബ്രായര്‍. നിയമാവര്‍ത്തനം 26-ാം അദ്ധ്യായം വായിക്കൂ. വയലിലെ വിളവുകളില്‍നിന്ന് ആദ്യഫലം ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഒരു കൃഷിക്കാരനും ചെയ്യുന്നതതാണ്. തന്‍റെ കൈവശമുള്ള കുട്ട പുരോഹിതന്‍റെ കൈയില്‍ കൊടുത്തിട്ട് ശ്രീകോവിലിന്‍റെ മുമ്പില്‍ നിന്നഅയാള്‍ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായനായിരുന്നു എന്‍റെ പിതാവ്. ചുരുക്കം ചിലരോട് ചുരുക്കം പേരോടുകൂടെ അവന്‍ ഈജിപ്തില്‍ച്ചെന്ന് പരദേശിയായി പാര്‍ത്തു. അവിടെ അവര്‍ ഞങ്ങളെ അടിമകളാക്കി. ഞങ്ങള്‍ നിലവിളിച്ചു. ശക്തമായ കരം നീട്ടി കര്‍ത്താവ് ഞങ്ങളെ മോചിപ്പിച്ചു... കഥകള്‍ ഒരോ നേരം ദഹനബലിയും പരിമളബലിയുമാകുന്നു. എല്ലാ ഇതിഹാസങ്ങളുംതന്നെ കഥകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൂല്യബോധമാണ്.

ചെറുപ്പത്തില്‍ വായിച്ച ആ ബൈബിള്‍ കഥകളെയൊക്കെ ഒന്നുകൂടി വായിച്ചുനോക്കാമോ... കാലം അതിലുണ്ടാക്കിയ വാര്‍ഷികവലയങ്ങളെ കണ്ടു വിസ്മയിക്കാതെ ഇനി  തരമില്ല. അത് നാബോത്തിന്‍റെ മുന്തിരിത്തോട്ടമായാലും, സിംഹക്കൂട്ടില്‍പ്പെട്ട ദാനിയേലായാലും. ബോവാസിന്‍റെ മേലങ്കികൊണ്ട് തണുപ്പുമറയ്ക്കുന്ന റൂത്തായാലും സാംസണെ ചതിക്കുന്ന ദലീലയായാലും. കഥകള്‍ പഴകുന്നില്ല. അവ സങ്കീര്‍ണ്ണമായി വര്‍ത്തമാനത്തിന്‍റെ മുറികളില്‍ വാടകയില്ലാതെ പാര്‍ക്കാന്‍ വരുന്നു.

കഥകളുടെ ഈ ഹെബ്രായപ്രപഞ്ചത്തില്‍ ജനിച്ചതുകൊണ്ടാവണം ഏലിവിസല്‍ തന്‍റെ ചിന്തകള്‍ക്ക് എപ്പോഴും കഥയുടെ കൂട്ട് പിടിച്ചത്. ഒരു പഴങ്കഥയെടുത്ത് തന്‍റെയൊരു നിരീക്ഷണത്തോടെ അയാളത് അവസാനിപ്പിക്കുന്നത് നോക്കൂ, മഹാനായ റാബി തന്‍റെ ദേശത്ത് ദുരന്തങ്ങളുണ്ടായപ്പോഴൊക്കെ ചെയ്തതിതായിരുന്നു. വനാന്തരങ്ങളിലേക്ക് പോയി തപസ്സില്‍ അഗ്നികുണ്ഡമൊരുക്കി ചില പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുമായിരുന്നു. അത് ദേശത്തിന്‍റെ ദുരന്തങ്ങള്‍ക്ക് ശമനമാര്‍ഗ്ഗമായി. തുടര്‍ന്ന് വന്ന പുരോഹിതന് ഇത്തരം അനുഷ്ഠാനങ്ങളൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് അയാള്‍ തന്‍റെ മുന്‍ഗാമിയെ അനുസ്മരിച്ച് അയാളിരുന്ന അതേ ഇടത്തില്‍പോയി പ്രാര്‍ത്ഥനയാവര്‍ത്തിച്ച് ദൈവസന്നിധിയില്‍ ദേശത്തിനുവേണ്ടി പ്രീതി കണ്ടെത്തി. അയാളെത്തുടര്‍ന്ന് വന്നയാള്‍ക്കാവട്ടെ ആ പ്രാര്‍ത്ഥനപോലും അറിയില്ലായിരുന്നു. വെറുതെ തന്‍റെ മുന്‍ഗാമികള്‍ ഇരുന്നിടത്ത് ഇരുന്നാല്‍ മതിയാകും ദൈവകാരുണ്യത്തിനെന്ന് അയാള്‍ കരുതി. അതിലും അത്ഭുതങ്ങള്‍ ഉണ്ടായി. പിന്നീട് വന്നയാള്‍ റിസിയാന്‍ എന്ന റാബിയായിരുന്നു. അത്രയും മടിയായിട്ട് തന്‍റെ ചാരുകസേരയില്‍ തലയ്ക്കു കൈകൊടുത്ത് അയാള്‍ ദൈവത്തോട് ഇങ്ങനെ പറയുമായിരുന്നു. എനിക്ക് വിളക്കുകൊളുത്താന്‍ അറിയില്ല, പ്രാര്‍ത്ഥന ചൊല്ലാന്‍ അറിയില്ല, എന്തിന് വനത്തിലെ ആ രഹസ്യ ഇടം പോലും എനിക്ക് അറിയില്ല. അറിയാവുന്നത് അവര്‍ ചെയ്ത കാര്യങ്ങളുടെ കഥ പറയുകയാണ്. അതുമതിയാവും... അതേ അതുമതിയായിരുന്നു. ഇങ്ങനെയാണ് എലിവിസല്‍ അവസാനിപ്പിക്കുന്നത്. കഥകള്‍ ഇഷ്ടമായതുകൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു!

കഥകള്‍ വര്‍ത്തമാനത്തെ ഏതൊക്കെ രീതിയിലാണ് ജ്ഞാനസ്നാനപ്പെടുത്തുന്നതെന്ന് എണ്ണിത്തീര്‍ക്കാനാവില്ല. ചിലത് വിമലീകരിക്കുന്നു. മറ്റുചിലത് സൗഖ്യപ്പെടുത്തുന്നു. വേറെ ചിലത് വിമോചിപ്പിക്കുന്നു. ചരിത്രത്തില്‍ ഇടമില്ലാത്ത തോറ്റവരാണ് മിക്കവാറും കഥകളിലെ നായകര്‍. അങ്ങനെ തോല്‍വികളില്‍ മനം നുറുങ്ങരുതെന്ന് കഥകള്‍ ഒരാളെ ഓര്‍മ്മിപ്പിക്കും. ചരിത്രത്തെക്കാള്‍ നീതിബോധവും സമത്വവും പുലര്‍ത്തുന്നത് കഥകളാണ്. കിളികളും മരങ്ങളും സംസാരിച്ചുകൊണ്ടാണ് നമ്മുടെ ലോകത്തിലേക്ക് വന്നത്. ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ലെന്ന് ഇളംപ്രായത്തിലെ ബോദ്ധ്യപ്പെടുത്തിയത് കഥകളുടെ മഹാകാരുണ്യമായിരുന്നു. ഈസോപ്പുകഥകളും പഞ്ചതന്ത്രം കഥകളും മാത്രമല്ല ശബ്ദിക്കുന്ന കലപ്പയും പാത്തുമ്മയുടെ ആടും വെള്ളപ്പൊക്കവുമൊക്കെ മനുഷ്യന്‍റ കുടുസ്സുമുറിയിലേക്ക് സൃഷ്ടിജാലങ്ങളുടെ ചൂടുംചൂരുമായെത്തി. മധുരംഗായതിയൊക്കെ ഒന്നുകൂടി വായിച്ചുനോക്കൂ. അപ്പുക്കിളിയുടെ തലയിലെ പേനുകള്‍ക്ക് പോലും ആത്മാവും പുനര്‍ജന്മവുമുണ്ട്. അവ പേനുകളായിത്തന്നെ പുനര്‍ജനിക്കുമോ അതോ ഖസാക്കുകാരായി പിറക്കുമോ അല്ലെങ്കില്‍ ആനയും തിമിംഗലവും പരമാണുവുമാകുമോ എന്നൊക്കെയാണ് രവിയുടെ സന്ദേഹങ്ങള്‍. എഴുത്തുകാരനായ ശ്രീ സെബാസ്റ്റ്യന്‍ പള്ളിത്തോടിനോട് മലയാളത്തിലെ ഏറ്റവും നല്ല കഥ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, പത്ത് ലോകകഥകളില്‍ ഒന്നുതന്നെയായിരിക്കും എന്നാമുഖത്തോടെ ഒ. വി. വിജയന്‍റെ കടല്‍ത്തീരത്തിന്‍റെ പേര് പറഞ്ഞു.

കഥ പറയാന്‍ വേണ്ടി ജീവിക്കുന്നു എന്നാണ് മര്‍ക്കോസ് തന്‍റെ ആത്മകഥയ്ക്കിട്ട പേര്. സുവിശേഷത്തിന് അനുബന്ധശീര്‍ഷകമായി അതുപയോഗപ്പെടുത്താനാകുമോ? കഥകളില്ലാതെ അവനൊന്നും പറഞ്ഞിട്ടില്ലെന്നാണ് വേദപുസ്തകം അടയാളപ്പെടുത്തുന്നത്. ഗുരുക്കന്മാരുടെ കഥകള്‍ പഴയ ചൈനയിലെ ഒരു ഉറവ പോലെയാണ്. ആ ഉറവയുടെ പ്രത്യേകതയിതാണ്. രോഗാതുരതയുള്ള ആരെങ്കിലുമതില്‍ ഒന്നു മുങ്ങിപ്പൊങ്ങിയാല്‍ കൃത്യമായ രോഗനിര്‍ണ്ണയം സാദ്ധ്യമാവുമത്രേ. സന്ധ്യകളില്‍ ഒരു പൊള്ളലനുഭവപ്പെട്ടാല്‍ നിങ്ങള്‍ക്ക് വാതത്തിന്‍റെ അസ്കിതയാണ്. ഉദരത്തിലാണ് വേദനയെങ്കില്‍ നിങ്ങളുടെ ദഹനേന്ദ്രിയങ്ങളെ ശ്രദ്ധിച്ചേ പറ്റൂ. അടിമുടി ചൂടനുഭവപ്പെട്ടാല്‍ സംശയമെന്ത്, ത്വക്ക് രോഗം തന്നെ. സര്‍വ്വരോഗങ്ങളുടെയും ശമനമാവണമെന്നില്ല എല്ലാ കഥകളും.  എന്നാല്‍ നിശ്ചയമായും കുഴപ്പമില്ലെന്നു കരുതുന്ന നമ്മുടെ ജീവിതത്തിന്‍റെ അപക്വമേഖലകളെയും അപകടം പിടിച്ച അപൂര്‍ണ്ണതകളെയും അതു വെളിപ്പെടുത്തിത്തരും. തത്ക്കാലം അതൊക്കെത്തന്നെ വലിയ ഭാഗ്യം. കേള്‍വിക്കാരെ അപകടത്തിലാക്കുന്ന കഥകളും അവിടുന്ന് പറഞ്ഞിട്ടുണ്ട്. ചില കഥകള്‍ മിന്നല്‍പ്പിണരുപോലെ ആയിരുന്നു. ഒരു നിമിഷാര്‍ദ്ധത്തിന്‍റെ ദൈര്‍ഘ്യം പോലുമില്ല എന്നിട്ടും അതിന്‍റെ വെട്ടത്തില്‍ ലഭിച്ച പൂര്‍ണ്ണകാഴ്ചകള്‍!

തന്‍റെ പൊതുജീവിതത്തിന്‍റെ ആദ്യഘട്ടങ്ങളിലൊന്ന് യേശു അത്രയും കഥകള്‍ പറഞ്ഞിട്ടില്ല. ചില രൂപകങ്ങളും സദൃശ്യവാക്യങ്ങളും ഉപയോഗിക്കാതിരുന്നിട്ടില്ല. ഉപ്പും പ്രകാശവും (മത്താ. 5:13-16) ആകാശപ്പറവകളും വയലിലെ ലില്ലികളും (6:26-30). ചന്തസ്ഥലത്തെ നൃത്തം ചവിട്ടുന്ന കുട്ടികളും (11:16-17) പഴയതോല്ക്കുട (9:16-17) ങ്ങളുമൊക്കെയായി കഥയുടെ വിത്തുകള്‍ അതിലുണ്ടായിരുന്നു എന്നത് ശരിയാണ്. പള്ളിയില്‍ നിന്ന് പൂര്‍ണ്ണമായി പുറംതള്ളപ്പെട്ടതിനുശേഷമാണ് ക്രിസ്തു കഥകളിലേക്ക് തിരിഞ്ഞതെന്ന് നിരീക്ഷണമുണ്ട്. സാധാരണക്കാരിലേക്ക് അവന്‍റെ തുറസ്സായ ഇടങ്ങളിലേക്കു പൂര്‍ണ്ണമായി ആമഗ്നനാകുമ്പോഴെ ഒരാളുടെ കഥകള്‍ക്ക് ജൈവികതയുണ്ടാവൂ. അങ്ങനെയെങ്കില്‍ ഉദ്വേഗത്തെ നിലനിര്‍ത്തുകയാണ് കഥയുടെ ക്രാഫ്റ്റ്. കൊലമരം വിധിച്ച രാജാവിനെ ഉദ്വേഗത്തിന്‍റെ മുനയില്‍ നിര്‍ത്തി ഒരു തോഴി അറേബ്യന്‍ രാത്രികള്‍ പറഞ്ഞ് ഓരോ പകലുകളുടെ ദൈര്‍ഘ്യം കൂട്ടുന്നത് കാണുന്നില്ലേ.

സ്വയം സത്യത്തെ കണ്ടെത്താനുള്ള പ്രേരണയാണ് ഓരോ കഥകളിലൂടെയും ആ തച്ചന്‍ സൃഷ്ടിച്ചെടുത്തത്. സത്യം ഒരു റെഡി ടു കുക്ക് മിശ്രിതമല്ലയെന്നാണ് ഓരോ കഥയും ലോകത്തോട് സൗമ്യമായി വിളിച്ചുപറയുന്നത്. അവനവന്‍റെ അലച്ചിലുകള്‍ക്ക് ഒരു പിടി അന്നം കെട്ടികൊടുത്തിട്ട് അനന്യഭംഗിയുള്ള ആ കഥ പറച്ചിലുകാരന്‍ വെറുതെ പുഞ്ചിരിച്ചിരിക്കുന്നത് കാണുന്നില്ലേ. കഥ ഓരോ കാലത്തിലും എന്തൊക്കെ പരിണാമങ്ങളിലൂടെ കടന്നുപോയാലും ചലച്ചിത്രമുള്‍പ്പെടെ, അടിസ്ഥാനപരമായി അത് പറയാനും കേള്‍ക്കാനുമുള്ളതാണ്. നോക്കിയിരിക്കുമ്പോള്‍ സംഭവിക്കുന്ന ഭാവപരിണാമങ്ങളാണ് കഥയുടെ ആഹ്ലാദം. ആ ആഹ്ലാദമാണ് ക്രിസ്തു ഉടനീളം അനുഭവിച്ചതെന്ന് തോന്നുന്നു... എന്നിട്ടും ഒറ്റനോട്ടത്തില്‍ വല്ലാതെ കുഴപ്പിക്കുന്ന ഒരു മൊഴിയുണ്ട് അവനില്‍ നിന്ന്.

അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവനോട് ചോദിച്ചു: നീ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? അവന്‍ മറുപടി പറഞ്ഞു, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണ് നല്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കത് ലഭിച്ചിട്ടില്ല. എന്താണീ കടംകഥയുടെ പൊരുള്‍? ആരംഭത്തിലേ സുല്ലിടേണ്ട. ചുമ്മാ ആലോചിക്ക്... ഒരു കാര്യം വിട്ടുപോയി. ഒക്ടോബര്‍ 4 നിറയെ കഥ പറഞ്ഞ് പറഞ്ഞ് കഥയായി തീര്‍ന്ന ഫ്രാന്‍സിസിന്‍റെ തിരുനാളാണ്...

You can share this post!

ഭൂതകാലം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts