news-details
കവർ സ്റ്റോറി

എന്ന് ദൈവത്തിന്‍റെ സ്വന്തം കാള

"കാളയില്ലാത്തിടത്ത് ധാന്യമില്ല. കാളയുടെ കരുത്ത് സമൃദ്ധമായ വിളവ് നല്‍കുന്നു"

സുഭാ. 4:4

എവിടെ കേട്ടതെന്നോ, ആരു പറഞ്ഞതെന്നോ ഓര്‍മ്മയില്ലെങ്കിലും ഒരിക്കല്‍പോലും മറക്കാനാവാത്ത ഒരു കഥയില്‍നിന്നു തുടങ്ങാം.

ഒരാള്‍ വളരെ ആഗ്രഹിച്ചു കാത്തിരുന്നു, ഒരു യാത്ര പോകാന്‍. ഫ്രാന്‍സിലെ പാരീസ് നഗരമാണ് അയാളുടെ ലക്ഷ്യസ്ഥാനം. പാരീസില്‍ നിന്നും ഫ്രഞ്ച് റിലിയേറ, പിന്നീട് ചില ഗ്രാമങ്ങള്‍, മുന്തിരിതോട്ടങ്ങള്‍ അങ്ങനെ യാത്രാ പട്ടികയില്‍ ഒരുപാടു കാര്യങ്ങള്‍ അദ്ദേഹം കുറിച്ചു. ഉഷ്ണമേഖല രാജ്യത്ത് ജനിച്ച് ജീവിച്ച താന്‍ ഫ്രാന്‍സിലെ കാലാവസ്ഥയില്‍ എന്ത് ധരിക്കണം, എന്തു ഭക്ഷിക്കണം എന്നതിനെപറ്റി ഗൂഢമായി പഠിച്ച് അയാള്‍ യാത്രയ്ക്ക് ഒരുങ്ങി. ആംഗലേയ ഭാഷ കൊണ്ടുമാത്രം ഫ്രാന്‍സില്‍ കാര്യമില്ലെന്നു മനസ്സിലാക്കിയ ആ വിദ്വാന്‍, കഷ്ടപ്പെട്ടിട്ടാണെങ്കിലും അല്പം ഫ്രഞ്ച് ഭാഷയും ഹൃദിസ്ഥമാക്കി.

അത്ര എളുപ്പത്തില്‍ അല്ലെങ്കില്‍പോലും വിമാനടിക്കറ്റ് വാങ്ങി, പോകേണ്ട ദിവസം കണ്ണും നട്ട് കാത്തിരുന്നു. അതിനിടയില്‍, ഫ്രാന്‍സില്‍ താമസിക്കേണ്ട സ്ഥലങ്ങള്‍, അത്യാവശ്യം വന്നെങ്കില്‍ മാത്രം ബന്ധപ്പെടേണ്ട ഒരു അകന്ന ബന്ധുവിന്‍റെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എല്ലാം കരസ്ഥമാക്കി യാത്രയ്ക്കു വേണ്ടുന്ന പെട്ടിയും തയ്യാറാക്കി അയാള്‍ കാത്തിരുന്നു.

അങ്ങനെ ആ ദിവസം വന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാകുന്ന ആ ദിവസം. വളരെ ഉത്കണ്ഠയോടും നെഞ്ചിടിപ്പോടും കൂടെ അയാള്‍ വിമാനം കയറി, തന്‍റെ ഇരിപ്പിടത്തില്‍ സ്ഥാനം ഉറപ്പിച്ചു. എപ്പോഴോ അയാള്‍ ഒന്നു മയങ്ങി. പെട്ടെന്ന് ആരോ തന്നെ വിളിച്ചുണര്‍ത്തി. വിമാനം ഇറങ്ങാറായി, തയ്യാറായി നിന്നോളൂ. അയാള്‍ക്ക് എന്തെന്നില്ലാത്ത ആകാംക്ഷ, സന്തോഷം. ഇറങ്ങാന്‍ അയാള്‍ ഒരുങ്ങിക്കഴിഞ്ഞു.

ത്വരിതഗതിയില്‍ അയാള്‍ തന്‍റെ സാമഗ്രികള്‍ കൈക്കലാക്കി, വിമാനത്തില്‍ നിന്നും പടികള്‍ ഇറങ്ങി. എയര്‍പോര്‍ട്ടിനകത്തേക്ക് കടന്ന അയാള്‍ക്ക് എന്തോ പന്തികേടു തോന്നി. വെള്ളക്കാരെ പ്രതീക്ഷിച്ച തനിക്കു കാണാനായത് മുഴുവന്‍ മംഗോളിയന്‍ വംശക്കാര്‍. അവര്‍ പറയുന്നതും വേറെ ഏതോ ഭാഷയാണ്. നോട്ടീസ് ബോര്‍ഡുകളും വായിക്കാന്‍ സാധിക്കുന്നില്ല. ആരും തന്നെ ഗൗനിക്കുന്നുമില്ല.

കൂട്ടുയാത്രക്കാരെ അനുകരിച്ച് താനും അവരുടെ കൂടെ നടന്നു. തന്‍റെ പെട്ടികള്‍ എടുക്കുന്നതിനായി കാത്തുനില്‍ക്കുന്നതിനിടയില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാകാതെ നിസ്സംഗതയില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. തന്‍റെ ലക്ഷ്യസ്ഥാനം ഇതല്ലെന്നത് അയാള്‍ക്ക് നല്ല ബോധ്യമുണ്ട്. ഉദ്ദേശിച്ചതും ആഗ്രഹിച്ചതും ഒന്ന്. സംഭവിച്ചത് മറ്റൊന്ന്. ഇതാണ് ഞാന്‍ കേട്ട കഥ. മിക്കവാറും ജീവിതം എങ്ങനെ കൊണ്ടുപോകണം എന്ന് വ്യക്തമായ ധാരണയോടുകൂടെ ജീവിതയാത്ര ആരംഭിക്കുന്ന ഏതൊരു മനുഷ്യന്‍റെയും കഥ.

ശേഷമുളളത് തന്‍റെ കൂട്ടുയാത്രക്കാരുടെ കഥ, എന്‍റെയും. ഇപ്പോള്‍ എല്ലാവരും പെട്ടി കാത്ത് നില്‍ക്കുകയാണ്. എന്ത് ആലോചിക്കണം എന്നുപോലും മനസ്സിലാകുന്നില്ല. പെട്ടെന്ന് മുതുകില്‍ വലിയ ഭാരം ആരോ കയറ്റിവച്ചു. ഞങ്ങള്‍ എല്ലാവരും തന്നെ മുട്ടുകുത്തി വീണു. ചിലര്‍ നിലം പരിശായി. ചിലര്‍ ഭാരം സഹിക്കവയ്യാതെ കുഴഞ്ഞുവീണു. ചിലര്‍ അര്‍ദ്ധപ്രാണരായി. ഞാനോ നിലം പൊത്താതിരിക്കാന്‍ രണ്ടും കൈയും നിലത്ത് കുത്തി പുറത്തെ ഭാരവും ചുമന്ന് കുറച്ചുനേരം അന്ധാളിച്ചുനിന്നു.

ഇനി എനിക്ക് ഒരിക്കലും നിവര്‍ന്നു നില്‍ക്കാനാവില്ലെന്നും താന്‍ ജീവിതയാത്ര സുഖകരമാക്കാന്‍ കരുതി വന്ന യാതൊന്നും ഇന്ന് തനിക്ക് ഉപയോഗ്യം അല്ലെന്നും മനസ്സിലാക്കി. ഇത്രനാള്‍ താന്‍ സമ്പാദിച്ച വിദ്യാഭ്യാസം, ജോലി, മാന്യത എല്ലാം അര്‍ത്ഥശൂന്യമായി തോന്നിയ ആ നിമിഷം മുതല്‍ നിസ്സംഗതയില്‍ നിലത്ത് മുട്ടും കൈയും കുത്തി നില്‍ക്കുന്ന എന്നെപറ്റി ഒരു മനുഷ്യനെന്നതിലുപരി ഒരു നാല്‍ക്കാലി എന്ന പദം കൂടുതല്‍ യോജിക്കുന്നതായി എനിക്കു തോന്നി.

ഇനി റെനി എന്ന എന്‍റെ കഥ. ഞാനും ഇതുപോലെ തയ്യാറെടുത്ത് പുറപ്പെട്ട യാത്രയാണ് എന്‍റെ മാതൃത്വത്തിലേയ്ക്കുള്ള യാത്ര. എന്നാല്‍ ചെന്നെത്തിയത് അറിവില്ലാത്ത, തയ്യാറെടുപ്പുകളില്ലാത്ത ഒരു ലോകത്തിലേക്കാണ്. എന്‍റെ മുതുകത്ത് വച്ചുതന്ന ആ ഭാരം എന്‍റെ മകള്‍ ഇലൈജയും. ഇലൈജയ്ക്ക് ഓട്ടിസമാണ്. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധിഭ്രമം പിടിച്ച ഒരു കുഞ്ഞ്.

എന്തൊക്കെയോ ആണെന്ന് സ്വയം ധരിച്ചിരുന്ന എന്നെ ഭാരം ചുമക്കുന്ന കാളയാക്കി മാറ്റിയ എന്‍റെ പൊന്നുമകള്‍.

ദിവസങ്ങളോളം അവള്‍ രാത്രികളില്‍ ഉണര്‍ന്നിരിക്കും പകലും ഉറങ്ങില്ല. (ഇപ്പോഴും ചില ദിവസങ്ങള്‍ അങ്ങനെയാണ്). സ്വയം ഭക്ഷണം കഴിക്കാനറിയില്ല. തോന്നുമ്പോള്‍ പരിസരബോധമില്ലാതെ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവള്‍, പ്രകോപനം ഇല്ലാതെ അട്ടഹസിക്കുന്നവള്‍, സ്വയം ഉപദ്രവം ഏല്പിക്കുന്നവള്‍, അഞ്ചു മിനിറ്റ് തികച്ച് ഇരിക്കാന്‍ സാധിക്കാത്തവള്‍, ശബ്ദം കേട്ടാല്‍ ചെവിപൊത്തി, കാറി പൊളിച്ചുകരയുന്നവള്‍, ഒരു പൊതുസ്ഥലത്തു കൊണ്ടുപോയാല്‍ കൈകൊട്ടി ചിരിക്കുന്നവള്‍, ചിലപ്പോള്‍ നിലത്തുകിടന്ന് ഉരുളുന്നവള്‍, ഭാഷ മനസ്സിലാകാത്തവള്‍, സംസാരശക്തി ഇല്ലാത്തവള്‍, വേദന ഇല്ലാത്തവള്‍, അനുസരണം ഇല്ലാത്തവള്‍... ഇല്ലായ്മയുടെ നിറകുടമായിരുന്നു എന്‍റെ മകള്‍ ഇലൈജ. ഏത് അമ്മയ്ക്കാണ് ഇതൊക്കെ ഒരു ഭാരമായി തോന്നാത്തത്. ഈ ഭാരം എല്ലാംകൂടി, എന്നെ നിലം കുത്തിച്ച് ഒരു കാളയാക്കി മാറ്റി. കഠിനാധ്വാനം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നാല്‍ക്കാലി.

 


എന്നാല്‍ എന്നിലെ ദൈവാശ്രയം എനിക്ക് മുതല്‍കൂട്ടായി, ആ ഭാരം ചുമക്കുന്നതിന് ദൈവം എന്‍റെ ആത്മാവിനെ ആദ്യം ബലപ്പെടുത്തി. പിന്നീട് എന്‍റെ ചിന്തകള്‍ക്ക് അവന്‍ മൂക്കുകയറിട്ടു. ഇടയ്ക്കിടയ്ക്ക് എന്‍റെ മുതുകില്‍ അവന്‍ അടിച്ചു. മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തിയെ അവന്‍ ഉണര്‍ത്തി. എന്നെ കരുത്തുള്ള ഒരു കാളയാക്കി അവന്‍ മാറ്റി.

ഒരിക്കല്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കെ സുഭാഷിതങ്ങള്‍ 14:4 എന്‍റെ ഹൃദയത്തില്‍ ഉടക്കി. മനസ്സിനെ കൊളുത്തി വലിച്ച ആ വാക്യം ഇങ്ങനെ ആയിരുന്നു: "കാളയില്ലാത്തിടത്ത് ധാന്യമില്ല. കാളയുടെ കരുത്ത് സമൃദ്ധമായ വിളവ് നല്‍കുന്നു." ഞാന്‍ എന്നെപ്പറ്റി പ്രതിഷേധഭാവത്തില്‍ വിശേഷിപ്പിച്ചിരുന്നത് "ഞാന്‍ ഒരു കാളയാണ്" എന്നാണ്. ഇഷ്ടമില്ലാത്ത ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട കാള എന്ന്. മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റുവാന്‍ സ്വയം വിശേഷിപ്പിച്ചിരുന്ന പദം 'കാള.'

പക്ഷേ ആ വാക്യം എന്‍റെ ചിന്താഗതികളെ കീഴ്മേല്‍ മറിക്കാന്‍ തക്ക ശക്തമായിരുന്നു. ഈ നുകം എന്‍റെ മേല്‍ വച്ചവന്‍ എന്നെ ഭീകരവും ഭയാനകവുമായി മെനഞ്ഞവന്‍ ആണെന്നു ഞാന്‍ മനസ്സിലാക്കി. നമ്മളിലെ കരുത്ത്, നമ്മളെക്കാള്‍ അറിയാവുന്ന കര്‍ത്താവ് നമുക്ക് ഓരോരുത്തര്‍ക്കും തക്കതായ കര്‍മ്മമേഖല ഒരുക്കുന്നു. തരിശുഭൂമി ഉഴുതുമറിച്ച് സമൃദ്ധമായ വിളവെടുപ്പിനായി നിയോഗിച്ച ദൈവത്തിന്‍റെ കാളയാണ് ഞാന്‍ എന്ന് ആ ദൈവവചനം എന്നെ ഓര്‍മ്മപ്പെടുത്തി.

70% പൂര്‍ണ ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയാണ് ഇലൈജ എന്നാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. സ്വയംപര്യാപ്തമായ ജീവിതം ഈ കുട്ടിക്ക് ഒരിക്കലും സാധ്യമല്ല എന്നാണ് അവര്‍ പറഞ്ഞത്. ഭാഷാവൈകല്യം, സംസാരവൈകല്യം, പഠനവൈകല്യം, വൈകാരിക വൈകല്യം എന്നിങ്ങനെ ഓട്ടിസത്തിന്‍റെ തീവ്രലക്ഷണങ്ങള്‍ തികഞ്ഞ ഒരു കുട്ടി എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. അങ്ങനെ രേഖാമൂലം എന്‍റെ മകള്‍ 70% ഉപയോഗശൂന്യമായ ഒരു തരിശുഭൂമിയായി പ്രസ്താവിക്കപ്പെട്ടു.

ഇത്തരത്തിലുള്ള 70% തരിശ് നിലത്തേയ്ക്കാണ് കര്‍ത്താവ് എന്‍റെ മേല്‍ നുകംവച്ച് കലപ്പയില്‍ പൂട്ടി ഉഴുവാന്‍ വിട്ടത്. ഞാന്‍ ഉഴുതു, കര്‍ത്താവ് വിതച്ചു, വിതച്ചതു കിളിര്‍ത്തു, അതില്‍ സമൃദ്ധമായ വിളവും കണ്ടു.

 

ഇലൈജക്ക് ഇന്ന് 17 വയസ്സ്. അവള്‍ ഇന്ന് 70% സ്വയംപര്യാപ്തതയില്‍ എത്തിയിരിക്കുന്നു. ഓട്ടിസത്തിന്‍റെ ലക്ഷണങ്ങളെല്ലാം തന്നെ അവളില്‍ ഇന്നും ഉണ്ടെങ്കിലും പഠനവൈകല്യങ്ങളെയെല്ലാം അവള്‍ ധീരതയോടെ അതിജീവിച്ചിരിക്കുന്നു. 15-ാം വയസ്സുമുതല്‍ സ്വന്തമായ ഒരു സോപ്പ് ബ്രാന്‍ഡ് അവള്‍ ഉണ്ടാക്കി. "Soppea' എന്നാണ് അതിന്‍റെ പേര്. പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് സ്വന്തം കൈകള്‍കൊണ്ട് ഉണ്ടാക്കുന്നതാണ് ഈ സോപ്പ്.  ചിലര്‍ അവളുടെ കേക്കുകള്‍, കുക്കീസുകള്‍ എന്നിവയുടെ ആരാധകരാണ്. ഓര്‍ഡര്‍ കിട്ടുന്നതനുസരിച്ച് അവ ഉണ്ടാക്കി വില്‍ക്കുന്നു. പതിനാറാം വയസ്സില്‍ സ്വന്തഅദ്ധ്വാനഫലം കൊണ്ട് അവള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി.

 

ദൈവം അവളില്‍ വിതച്ച സര്‍ഗ്ഗശേഷികൊണ്ട് അവള്‍ കരകൗശലവസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നു. ചിത്രങ്ങള്‍ വരയ്ക്കുന്നു. ചില ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് അതിരുചികരമായ ഭക്ഷണം പാചകം ചെയ്തു തരുന്നു.

ഒന്നും ഇല്ലായ്മയില്‍നിന്ന് സര്‍വ്വവും സൃഷ്ടിച്ച ഉടയതമ്പുരാന്‍റെ അതിശയിപ്പിക്കുന്ന പ്രവൃത്തികള്‍ കാണാന്‍ എന്നെപ്പോലുള്ള കാളകളും എന്‍റെ മകള്‍ ഇലൈജയെപ്പോലുള്ള തരിശുഭൂമികളും ഒരുപക്ഷേ അനിവാര്യമായിരിക്കാം.

വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കളോടു ചോദിച്ചാല്‍ അവര്‍ പറയും, ഈ മക്കള്‍ ഞങ്ങളെ കുറെക്കൂടെ നല്ല മനുഷ്യരാക്കി മാറ്റിയിരിക്കുന്നു. ക്ഷമ, ദയ, സ്നേഹം, ആത്മസംയമനം, വിശ്വസ്തത, വിനയം, മിതത്വം ഇതെല്ലാം ഈ കുഞ്ഞുങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച് പരിശീലിപ്പിക്കുന്ന ചില നന്മകളാണ്.

അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും പര്യായം ആകേണ്ടിയിരുന്ന എന്നെ സൗമ്യശീലം പഠിപ്പിച്ച എന്‍റെ മകളോട് എനിക്ക് ഏറെ കടപ്പാടുണ്ട്. ഇന്നും എന്നിലെ പല ദുസ്വഭാവങ്ങളും കുറവുകളും അവളോടുള്ള എന്‍റെ സമീപനത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്നെ തിരുത്തുവാന്‍ അവളോളം ഇന്നും ആര്‍ക്കും സാധിച്ചിട്ടില്ലെന്നതു സത്യംതന്നെ.

വൈകല്യമുള്ള കുട്ടികളെ പരിപാലിക്കുക എന്നത് വളരെ ശ്രമകരവും ബുദ്ധിമുട്ടും ഉള്ള കാര്യമാണ്. പക്ഷേ നാം ഉഴുതേ മതിയാകൂ. ദൈവം വിതയ്ക്കും, തരിശു ഭൂമി കിളിര്‍ക്കും, പച്ചപ്പു കാണും കരുത്തുറ്റ കാളകളാണ് നമ്മള്‍.

നമുക്ക് സ്നേഹിക്കാം ഈ കുഞ്ഞുങ്ങളെ, എളുപ്പമല്ല എന്നിരുന്നാലും ആത്മാര്‍ത്ഥമായി ശ്രമിക്കാം. സ്നേഹിക്കുക എന്നതിന്‍റെ നിര്‍വ്വചനം വായിച്ചപ്പോള്‍ അതിക്ലേശകരമായതും ലോകത്തിലേക്കുവച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. (സംശയമുള്ളവര്‍ റോമന്‍സ് വായിച്ചുനോക്കൂ). നമുക്ക് അന്ധമായി വിശ്വസിക്കാം ഇവരില്‍ മാറ്റം വരുമെന്ന്. നമ്മളില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ട് ദൈവം മാറ്റം വരുത്തുമെന്ന് ഉറച്ചുവിശ്വസിക്കാം. ഇന്ന് മാറ്റങ്ങള്‍ കണ്ടില്ലെങ്കില്‍ നാളെ കാണുമെന്ന് നമുക്ക് ഉള്ളില്‍ തട്ടി പ്രത്യാശിക്കാം. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാം.

സ്നേഹം, വിശ്വാസം, പ്രത്യാശ ഇവ ഇല്ലാതെ ജീവിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. ആയതിനാല്‍ ദൈവത്തിന്‍റെ പദ്ധതി നമ്മുടെ നാശത്തിനല്ല എന്ന് ഉറച്ചു വിശ്വസിക്കണം.
നാളെയെക്കുറിച്ച് ചിന്തിച്ചാല്‍ ആകുലതയുണ്ട് എനിക്ക്, നിങ്ങളെപ്പോലെ തന്നെ. എന്നാല്‍ ശാശ്വതമല്ലാത്ത ഈ ലോകത്ത് നമ്മുടെ ചിന്തകള്‍കൊണ്ട് എന്ത് പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും?

ഈ ഭൂമിയിലേക്ക് നമ്മുടെ മക്കളെ പറഞ്ഞുവിട്ട ദൈവത്തിന്, നമ്മളെക്കാള്‍ ഉത്തരവാദിത്വം ഉണ്ടെന്നും അതുകൊണ്ടുതന്നെയാണ് നമ്മെ ഇവരുടെ സംരക്ഷണചുമതല ഏല്പിച്ചതെന്നും ഞാന്‍ വിശ്വസിക്കുന്നു.

നാളെ ഞാനോ നിങ്ങളോ ഇല്ലാതായാല്‍ നമ്മുടെ മക്കളെ സംരക്ഷിക്കാന്‍ വിശ്വസ്തരായവരെ അവന്‍ കണ്ടെത്തുമെന്ന് നമുക്ക് വിശ്വസിക്കാം. ഇത്തരം മക്കളെ ഭൂമിയിലാക്കിയിട്ടുപോയ മാതാപിതാക്കളുടെ മക്കള്‍ക്കുവേണ്ടി ചെറുതാണെങ്കിലും എന്തെങ്കിലും ചെയ്യുവാന്‍ മറക്കാതെ നമുക്ക് ദൈവത്തിന്‍റെ കണക്കുപുസ്തകത്തില്‍ നമ്മുടെ മക്കള്‍ക്കുവേണ്ടി അല്പം സമ്പാദിച്ചുവയ്ക്കാം.

ഇലൈജയില്‍ കര്‍ത്താവ് സമൃദ്ധമായി വിതച്ചു, അവളില്‍ ദൈവത്തിന്‍റെ അനുഗ്രഹം ഞാന്‍ കാണുന്നു. എന്നാല്‍ എന്‍റെ ഐഹീക അനുഗ്രഹങ്ങളില്‍ ഏറ്റവും മുകളിലെ പടിയില്‍ നില്‍ക്കുന്നത് ഓട്ടിസം ബാധിച്ച തരിശുഭൂമിയായി ലോകം കണ്ട എന്‍റെ പ്രിയ മകള്‍ ഇലൈജ തന്നെയാണ്.

എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ ചുമക്കുന്ന ഭാരം നിങ്ങള്‍ കാണാനിരിക്കുന്ന സമൃദ്ധമായ വിളവെടുപ്പിന്‍റെ അടയാളം മാത്രമാണ്. ഇത് എന്‍റെ ജീവനുള്ള അനുഭവം.

എന്ന്

ദൈവത്തിന്‍റെ സ്വന്തം കാള

റെനി

You can share this post!

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ഡോ. പവന്‍ ജോണ്‍ ആന്‍റണി (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

നാളേയ്ക്കായ്

മരിയ ജേക്കബ്
Related Posts