news-details
കവർ സ്റ്റോറി

വീല്‍ചെയറില്‍നിന്ന് ഒരു സഹായഹസ്തം

ഒരു നിമിഷം. സ്വജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെന്തെന്ന് കണ്ടെത്താന്‍ ഒരാള്‍ക്ക് ഒരൊറ്റ നിമിഷം മതിയാകും. സഹായിക്കുകയാണ് എന്‍റെ നിയോഗമെന്ന് കണ്ടെത്താന്‍ ആ അവിസ്മരണീയ നിമിഷം എന്നെ സഹായിച്ചു. സഹായത്തിനായി ഒരു കരം നമുക്ക് നേരേ നീളുമ്പോള്‍ ഉള്ളിലുയരുന്ന കുതിപ്പ് അമര്‍ത്തുവതെങ്ങിനെ? മനുഷ്യര്‍ പരസ്പരം സഹായിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. കൈകാലുകള്‍ തളര്‍ന്ന വ്യക്തിയാണ് ഞാന്‍. വീല്‍ ചെയര്‍ ജീവി. ശരീരത്തിന്‍റെ പരിമിതികള്‍ എന്നെ പരാശ്രയത്തിലാക്കി. എന്നെപ്പോലുള്ള ഭാഗ്യദോഷികളെ സഹായിക്കാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിച്ചു. കിട്ടിയതിനെക്കാളേറെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എങ്ങിനെ? നാലാം വയ സില്‍ എന്‍റെ കാലുകള്‍ തളര്‍ന്നു തുടങ്ങി. നടത്തം മുടന്തി. ആറാം വയസില്‍ വീല്‍ചെയറിലായി. ഏറെ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം പ്രതിവിധിയില്ലാത്ത രണ്ട് അപൂര്‍വരോഗങ്ങള്‍ എന്നില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഞരമ്പുകളെ ബാധിക്കുന്ന, വഷളായിക്കൊണ്ടിരിക്കുന്ന രോഗം സംസാരശേഷിയെയും ചലനശേഷിയെയും ക്രമേണ ബാധിച്ചു. ഞാന്‍ തകര്‍ന്നു. നടക്കാനോ സംസാരിക്കാനോ എനിക്കിനി കഴിയില്ലെന്ന് ഞാന്‍ വിശ്വസിച്ചു. എന്‍റെ ജീവിതം തീര്‍ന്നുവെന്ന് ഞാന്‍ ഭയന്നു. എല്ലാറ്റിനും ഞാന്‍ കുടുംബാംഗങ്ങളെയും മറ്റുളവരെയും ആശ്രയിച്ചു. ദൈനംദിന കൃത്യങ്ങ ളില്‍ മാതാപിതാക്കളും കൂടപ്പിറപ്പുകളും എന്നെ താങ്ങി. കുളി, പല്ലുതേപ്പ്, തലചീവല്‍, വസ്ത്രം മാറല്‍, ഭക്ഷണം കഴിക്കല്‍ ഒക്കെ എനിക്ക് വെല്ലുവിളിയായി. സ്കൂളില്‍ ഏറെ കഷ്ടപ്പെട്ടു. മറ്റുള്ളവരുടെ സഹായത്തോടെ മാത്രം ഓരോ സ്കൂള്‍ ദിനങ്ങളും പൂര്‍ത്തിയാക്കി. നീണ്ട സ്കൂള്‍ ദിനത്തിനുശേഷം ഹോം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി എനിക്ക് ചികില്‍സക്ക് പോകേണ്ടിയിരുന്നു. എന്‍റെ കഷ്ടതകള്‍ കണ്ട മാതാപിതാക്കള്‍ എന്നെ ബാധിച്ച രോഗത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. ഒരു ചികിത്സാവിധിയെങ്കിലും കണ്ടെത്താന്‍ അവര്‍ ആഗ്രഹിച്ചു. രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും പ്രതിവിധി സംബന്ധിച്ച് ഗവേഷണം നടത്തുന്നതിനും പണം കണ്ടെത്തുന്നതിന് അവര്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിച്ചു. അവര്‍ തങ്ങളുടെ കിടപ്പാടവും ജീവിത സമ്പാദ്യവും ഇതിനായി മാറ്റിവെച്ചു. ഒപ്പം ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് മറ്റ് പ്രചരണ പരിപാടികളും നടത്തി. അതിന് ലഭിച്ച അതിരറ്റ പിന്തുണ എന്നെ വിസ്മയഭരിതയാക്കി. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എല്ലാ തര ത്തിലുംപെട്ട ആളുകള്‍ സമ്പന്നരും അല്ലാത്തവരും എന്‍റെ രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിനായുള്ള ഫണ്ട് ശേഖരണത്തില്‍ അണിചേര്‍ന്നു. എനിക്ക് നന്മ നേര്‍ന്ന് ഒരു ലക്ഷം ഡോളര്‍ ഒരാള്‍ സംഭാവന ചെയ്തു. പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു ആ കാരുണ്യം. ഗവേഷണം പുതിയ ചികില്‍സാ രീതികള്‍ക്ക് വഴി വെച്ചു. ഇപ്പോഴെനിക്ക് എന്‍റെ രോഗത്തെ മനസിലാക്കാനും അതനുസരിച്ച് ദൈനം ദിന കൃത്യങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയും. ആ വലിയ മനുഷ്യന്‍ എനിക്ക് ആശ്വാസം നല്‍കി. സഹായിക്കാന്‍ ഒരു മാര്‍ഗം കാണിച്ചു തന്നു. അതെന്‍റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നു. ചികിത്സക്ക് മാര്‍ഗ്ഗവും സൗകര്യവൂം ഇല്ലാത്തവരെ സഹായിക്കണമെന്ന ആഗ്രഹം അതോടെ തീക്ഷ്ണമായി.

മാതാപിതാക്കളുടെ ജന്മനാട്ടിലേക്കുള്ള യാത്രക്കിടെ സൊളാസ് എന്ന സന്നദ്ധ സംഘടനയുടെ ആസ്ഥാനം ഞാന്‍ സന്ദര്‍ശിച്ചു. രോഗബാധിതരായ കുട്ടികള്‍ക്ക് അവര്‍ ചികില്‍സയും ശുശ്രൂഷയും നല്‍കുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിക്കൊണ്ട് ഞാന്‍ അവര്‍ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്തി തുടങ്ങി. കോവിഡ് 19 ഇതിനിടെ സകലരെയും ദുരിതത്തിലാക്കി. കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ നഷ്ടമായി. വ്യക്തികള്‍ക്ക് ജോലി നഷ്ടമായി. സമ്പദ്വ്യവസ്ഥ തകര്‍ന്നു. സ്പോണ്‍സര്‍മാരില്‍ നിന്ന് ഫണ്ട് ലഭിക്കാതെ വന്നതിനാല്‍ സൊളാസിന്‍റെ പ്രവര്‍ത്തനം തകരാറിലായി. പണം കണ്ടെത്താനാവാതെ സൊളാസിന്‍റെ നേതൃത്വം വലഞ്ഞു. എന്നെക്കൊണ്ടാവുന്നത് എന്ന മട്ടില്‍ ഞാനൊരു ഫണ്ടുശേഖരണ യത്നം ആരംഭിച്ചു. ഇവിടെ സമൃദ്ധമായി ലഭിക്കുന്ന പഴങ്ങളില്‍നിന്നും ജാം, അച്ചാര്‍ എന്നിവ നിര്‍മ്മിച്ച് വില്‍ക്കാന്‍ ആരംഭിച്ചു. അതുവഴി സൊളാസിനായി രണ്ടായിരത്തിലേറെ ഡോളര്‍ ശേഖരിക്കാന്‍ എനിക്ക് കഴിഞ്ഞു. വീല്‍ ചെയറിലിരുന്ന് സഹായഹസ്തം നീട്ടാന്‍ കഴിഞ്ഞ ഈ നിമിഷം എന്‍റെ അഭിമാനമായി. എനിക്ക് ലഭിച്ചതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ എനിക്ക് കഴിഞ്ഞു. സമൂഹത്തോട് ഉത്തര വാദിത്തമുള്ള വ്യക്തിയായി ഈ ഫണ്ട് ശേഖരണം എന്നെ മാറ്റിത്തീര്‍ത്തു. സാമൂഹികസേവനം ഇന്നെന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. അഭിമുഖീകരിക്കുന്ന ഓരോ അവസരങ്ങളും കഴിയുന്നത്ര ഫലപ്രദമാക്കണമെന്ന് ഞാന്‍ പഠിച്ചു. ഇനി കോളജ് വിദ്യാഭ്യാസം മറ്റുള്ളവരെ കൂടുതല്‍ സഹായിക്കാന്‍ കഴിയുംവിധം എന്‍റെ അറിവും കഴിവും വര്‍ധിപ്പിക്കും.

അഥീന പോള്‍: DPD deficiency ഉള്ള വ്യക്തി. യു.എസ്.എ ബോസ്റ്റണില്‍ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ മകള്‍.

NB: ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന ദിനങ്ങളില്‍ പഴങ്ങളില്‍ നിന്നും ജാമും അച്ചാറും നിര്‍മ്മിച്ച് വിറ്റ്  അഥീന 5000 ഡോളറിലധികം സൊളാസിന്‍റെ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നേടി. 

You can share this post!

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ഡോ. പവന്‍ ജോണ്‍ ആന്‍റണി (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

നാളേയ്ക്കായ്

മരിയ ജേക്കബ്
Related Posts