news-details
സഞ്ചാരിയുടെ നാൾ വഴി

1
One Square Inch of Silence ഏതാണ്ട് ഒരു ശൈലിയായി മാറിയിട്ടുണ്ട്. ശബ്ദലേഖനത്തില്‍ വിശ്വപ്രസിദ്ധമായ ഒരു സാധ്യതയാണത്. ആ പേരില്‍ ഒരു ഗ്രന്ഥം അയാളുടേതായുണ്ട്. ശബ്ദവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ക്ക് ഒരു ജൈവികപ്രതിരോധം എന്ന നിലയിലാണ് അയാളതു വിഭാവനം ചെയ്യുന്നത്. ശബ്ദമായിരുന്നു അയാള്‍ക്കെല്ലാം. ഗോള്‍ഡന്‍ ഹെംപ്റ്റണിന്‍റെ ഭാഷയില്‍ അത് അയാളുടെ അപ്പം തന്നെയായിരുന്നു. മഡോണ ഫിലിം ഫെസ്റ്റിവലില്‍ സൗണ്ട് ട്രാക്ക് എന്ന പേരില്‍ ഒരു ഡോക്യുമെന്‍ററി അദ്ദേഹത്തെക്കുറിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരിക്കല്‍ കേള്‍വി കൈമോശം വന്നു എന്നൊരു ദുര്യോഗമുണ്ടായി അയാള്‍ക്ക്. അത്ഭുതകരമായ രീതിയില്‍ അത് പിന്നീട് വീണ്ടെടുക്കപ്പെട്ടപ്പോള്‍ മനുഷ്യനിര്‍മ്മിതമായ ശബ്ദങ്ങളോട് അയാള്‍ക്ക് ഒരു വിമുഖത രൂപപ്പെട്ടിരുന്നു. പ്രകൃതിയുടെ മൃദുവായ സ്വാഭാവികശബ്ദങ്ങളിലേക്ക് ഒരു പുനഃപ്രവേശനം വേണമെന്നയാള്‍ വിശ്വസിച്ചു. സ്വാഭാവികനിശ്ശബ്ദത ഏതാണ്ട് അസാധ്യമായി തുടങ്ങിയെന്നും ഭൂമിയിലൊരിടത്തും ഒരു ദശവര്‍ഷത്തിനപ്പുറം അതിനു നിലനില്പില്ലെന്നും അയാള്‍ ഭയന്നു. വെറുതെ ഒന്ന് കണ്ണു പൂട്ടിയിരിക്കുമ്പോള്‍ എന്തൊക്കെയാണ് കേള്‍ക്കുന്നത്? വാഹനങ്ങളുടെ ഇരമ്പല്‍ മാത്രമല്ല, റഫ്രിജറേറ്ററിന്‍റെ മൂളല്‍വരെ സ്വാഭാവികനിശ്ശബ്ദതയെ ഭേദിക്കുന്നു. നമ്മുടെ ജന്മാവകാശമാണ് നിശ്ശബ്ദതയെന്നും അതില്‍ തെളിയുന്ന ചെറിയ ശബ്ദങ്ങള്‍ക്ക് പല രീതിയില്‍ നമ്മെ സമാധാനത്തിലാക്കാനാവുമെന്നും അയാള്‍ വിശ്വസിച്ചു.

നിശ്ശബ്ദത ഒന്നിന്‍റെയും അഭാവമല്ലെന്നും എല്ലാത്തിന്‍റേയും നിറസാന്നിധ്യമാണെന്നുമാണ് അയാളുടെ മതം. Silence is not the absence of something but the presence of everything. മണ്ണിനോടും പരിണാമത്തിന്‍റെ ഒരു ഭൂതകാലത്തോടും അവനവനോടുതന്നെയും നീതി പുലര്‍ത്താനും അഗാധ ചങ്ങാത്തത്തിലാകാനും ഇതൊരു അനിവാര്യതയാണ്. ജ്ഞാനമതങ്ങള്‍ അനുശാസിക്കുന്ന ശ്രദ്ധയിലേക്കുള്ള ഒരു പാത കൂടിയാണിത്. പ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാനപരവും മുഖ്യവുമായ ഒരു വിഭവശേഷിയാണ് അപായത്തിന്‍റെ വക്കിലെ ത്തിയിരിക്കുന്നത്-മൗനം.

ഒരു പ്രതീകമായാണ് അയാള്‍ ആ ചുവന്ന കല്ല് സ്ഥാപിച്ചത്. അമേരിക്കയിലെ ഒളിംപിക് നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമായ ഹൗ റെയ്ന്‍ ഫോറസ്റ്റിലാണ് അതിന്‍റെ പ്രതിഷ്ഠാപനം. ഏതാനും എയര്‍കമ്പനികള്‍ തങ്ങളുടെ സഞ്ചാരപഥത്തില്‍നിന്ന് ആയിടം ഒഴിവാക്കി വിമാനങ്ങള്‍ റീറൂട്ട് ചെയ്താണ് ഗോര്‍ഡന്‍റെ ആഭിമുഖ്യങ്ങളോട് സാഹോദര്യം പ്രഖ്യാപിച്ചത്.
തന്‍റെ ഒറ്റപ്പെട്ട ശ്രമങ്ങള്‍ വഴി അയാള്‍ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത് ഇത്രയേയുള്ളൂ-നിശ്ശബ്ദതയുടെ ഒരിടം നിലനിര്‍ത്തേണ്ടത് ഏതൊരാളുടെയും ബാധ്യതയാണ്.

നിശ്ശബ്ദ രാവുകള്‍ക്കുള്ള വാഴ്ത്തുമായി കരോള്‍ സംഘങ്ങള്‍ പടികടന്നുവരുന്നുണ്ട്.
Silent night, holy night
All is calm, and all is bright...

2

ചെറിയ ചുവടുകള്‍ കൊണ്ടാണ് മാനവരാശി അതിന്‍റെ എല്ലാ കുതിച്ചുചാട്ടങ്ങളും നടത്തി യിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വണ്‍ലൈനര്‍ ആണത് -""That is one small step for man, one giant leap for mankind''നീല്‍ ആംസ്ട്രോങ് മിസ്ക്വോട്ട് ചെയ്യപ്പെടുകയായിരുന്നെന്ന് ഒരു പക്ഷമുണ്ട്. അപ്പോളോ 11-ലെ ആ സഞ്ചാരി എന്താണു പറയുന്നതെന്നറിയാന്‍ ലോകം കാതു കൂര്‍പ്പിക്കുകയായിരുന്നു. അന്നുതൊട്ട് ഇന്നോളം ആ വാചകം ഭൂമിയില്‍ ഘോഷിക്കപ്പെടുന്നു. എന്നാല്‍ ആംസ്ട്രോങ് താന്‍ മന്ത്രിച്ചത് "a man' എന്നാണെന്ന് പലയാവര്‍ത്തി തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എണ്‍പത്തിരണ്ടാം വയസില്‍ (1930-2012) അയാള്‍ മരിക്കുവോളം ആ തിരുത്ത് അത്ര പ്രധാനപ്പെട്ടതായി ആരും ഗണിച്ചതുമില്ല.

അതിലെന്താണിത്ര വ്യത്യാസം എന്നാവും ചിന്തിക്കുന്നത്. അതിലാണ് വ്യത്യാസം.  Man എന്ന പദത്തിന് humankind/മനുഷ്യരാശി എന്നാണര്‍ത്ഥം. A man എന്നത് തികച്ചും വൈയക്തികമായ സൂചനയാണ്. ഒരു പാവം പിടിച്ച ആര്‍ട്ടിക്ക്ള്‍ പോലും എന്തൊരു വ്യത്യാസമാണുണ്ടാക്കുന്നത്! സംഘനൃത്തമല്ല മാനവചരിത്രം, ഓരോരുത്തരുടേയും ചുവടുകളെ സംഘാതമായി എണ്ണാന്‍ കഴിയുമെങ്കില്‍പ്പോലും ചുരുക്കത്തില്‍ ഒറ്റയൊറ്റ മനുഷ്യരുടെ ദൃഢമായ ചുവടുവയ്പ്പുകളിലൂടെയാണ് മനുഷ്യവംശത്തിന്‍റെ ചാരുത സംഭവിക്കുന്നത്. മനുഷ്യരുടെ കഥകള്‍ കേള്‍ക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു ജാലകമുണ്ടെങ്കില്‍ നിങ്ങള്‍ക്കത് സ്വയമേ ബോധ്യപ്പെടാവുന്നതാണ്.

 

ഒക്കെ ഭാവനയുടെ അഭാവമാണ്. പുതിയൊരു ഭാവനയ്ക്ക് ഇടം കൊടുക്കാനാവാത്ത വിധം ഉറച്ചുപോയതാണ് നമ്മുടെ നടപ്പുരീതികള്‍. ഒരു കെട്ടിടം കായലിലേക്ക് തള്ളിനിന്നു എന്ന കാരണം കൊണ്ട് അതിനെ ധൂളിയാക്കുമ്പോള്‍ ഭാവനയ്ക്കും ആര്‍ദ്രതയ്ക്കും ഇടമില്ലെന്നതുതന്നെയാണ് തെളിയിക്കപ്പെടുന്നത്. നിറയെ മരങ്ങളും ചെടികളും കൊണ്ട് ആ കെട്ടിടത്തെ അലങ്കരിക്കാമായിരുന്നു എന്നും പരിസ്ഥിതിയുടെ സൗമ്യമായി ഓര്‍മ്മപ്പെടുത്തലായി അതു നഗരത്തില്‍ എന്നുമുണ്ടായേനെ എന്നും പറഞ്ഞുതരുന്നത് 12 വയസ്സുള്ള ഒരു കുട്ടിയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് അവന്‍ പാര്‍ത്തിരുന്ന ഇടം പൊടിഞ്ഞുപോകുന്നതു കാണാന്‍ ദൗര്‍ഭാഗ്യമുണ്ടായ ഒരു കുഞ്ഞാണതു പറഞ്ഞതെന്നോര്‍ക്കുമ്പോള്‍ നമുക്ക് ലജ്ജിക്കുവാന്‍ പുതിയൊരു കാരണം കൂടി ഉണ്ടാവുന്നു.

 

സുവിശേഷപഠനങ്ങളിലൊക്കെ പറയുന്ന പ്രതിവിജ്ഞാനീയം-counter epistemology എന്ന് അതിനെ പരാവര്‍ത്തനം ചെയ്യാമെന്നു തോന്നുന്നു. ഒരു ചായക്കട നടത്തുമ്പോള്‍പോലും അങ്ങനെ യൊരു പ്രശ്നമുണ്ട്. ഇന്നു രാവിലെ പുട്ടു കുത്തുക എന്നതിന്‍റെ അര്‍ത്ഥം ഇന്നലെ കടല വെള്ളത്തിലിടുക എന്നതുതന്നെയാണ്; അവര്‍ ഇരട്ടസഹോദരങ്ങളാണെന്നപോലെ. മാറിയൊരു ചുവട്, ഭേദപ്പെട്ട ഒരു ഭാവന ഒക്കെ അസാധ്യമാക്കുംവിധത്തില്‍ നമ്മള്‍ കുരുങ്ങിപ്പോയി. ഗുരുക്കന്മാര്‍ ചെയ്തിരുന്നത് അതായിരുന്നു. അവര്‍ ഇങ്ങനെ പറഞ്ഞാണ് നമ്മുടെ ബോധത്തിലേക്ക് പ്രവേശിച്ചത്; നിങ്ങള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, അതിന്‍റെ അര്‍ത്ഥം വ്യത്യസ്തമായ ഒരു പ്രതലത്തില്‍ നിന്ന് ജീവി തത്തെ കാണാനും അങ്ങനെ പ്രകാശിക്കാനും ഞാന്‍ നിങ്ങളെ സഹായിക്കാം എന്നു തന്നെയാണ്. പകയെക്കുറിച്ച് ഇനി എന്തു പറയുവാന്‍! മനുഷ്യന്‍ ഉരുവായ കാലം മുതല്‍ അത് അയാളോടൊപ്പം ഉണ്ടായിരുന്നു. ആ പകയാണ് വയലന്‍റ് കണ്ടന്‍റുള്ള ചലച്ചിത്രങ്ങള്‍ വിജയമാകുമ്പോഴും ഘോഷിക്കപ്പെടുന്നത്. കരുണ പുതിയൊരു വഴിയാണ്. എത്രയിട ങ്ങളിലാണ് സുവിശേഷങ്ങളില്‍ 'എന്നാല്‍ ഞാന്‍ നിങ്ങളോടു പറയാം' എന്നു പറഞ്ഞ് നരന്‍റെ നടപ്പു രീതികളെ മാറ്റാന്‍ അയാള്‍ ക്ഷണിക്കുന്നതെന്ന് വെറുതെ ഒന്ന് എണ്ണിനോക്കുന്നത് നല്ലതാണ്.

ഐന്‍സ്റ്റീന്‍ എത്ര ശരിയാണ്. അയാള്‍ ഭ്രാന്തിനെ-insanity ഇങ്ങനെയാണ് നിര്‍വചിച്ചത്:"The definition of insanity is doing the same thing over and over again, but expecting different results'. ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തിട്ട് ഭേദപ്പെട്ട ഫലങ്ങള്‍ ലഭിക്കുമെന്ന ആ തെറ്റായ സങ്കല്പ ത്തിനാണ് അടിയന്തിരചികിത്സ ആവശ്യമുള്ളത്.

മാറിനടക്കുന്ന മനുഷ്യരിലുള്ള പ്രത്യാശയാണ് ക്രിസ്തുമസ്. ഓരോ കുഞ്ഞിനേയും നോക്കി മറിയാമ്മയോട് പാടിയപാട്ട് ആരോ ആവര്‍ത്തി ക്കുന്നുണ്ട്.

Mary, did you know that your baby boy
Would one day walk on water?
Mary, did you know that your baby boy
Would save our sons and daughters?

3

അസാധാരണ പ്രകാശം ചിതറുന്ന ഒരു പുസ്തകമാണത് - Humankind: A Hopeful History.. സ്വഭാവത്തില്‍ സ്വാര്‍ത്ഥരും പരുക്കരുമാണ് നരവംശം എന്ന പേര്‍ത്തുപേര്‍ത്ത് പറഞ്ഞുകൊണ്ടിരിക്കുന്ന നടപ്പ് ധാരണകളെ തലകീഴായി കാണാന്‍ ശ്രമിക്കുന്നു. ആശയങ്ങളെയല്ല, ആശയങ്ങളെ സൃഷ്ടിച്ചെടുത്ത പരിസരങ്ങളെയാണ് എഴുത്തുകാരന്‍ അതില്‍ വിചാരണ ചെയ്യുന്നത്. അത് വേരുകള്‍ക്കുള്ള ചികിത്സയാണ്.

പുസ്തകത്തിന്‍റെ ഒടുവിലത്തെ അധ്യായങ്ങളിലൊന്നിന്‍റെ ശീര്‍ഷകമിതാണ് - When the soldiers came out of the trenches.. 1914 ക്രിസ്തമസ് ദിനത്തില്‍ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുവാന്‍ തയ്യാറായ ആ ശത്രുപക്ഷങ്ങളുടെ കഥ തന്നെയാണ് സൂചിതം. മിലിട്ടറി ചരിത്രകാരനായ ടോണി ആഷ്വര്‍ത്ത് അതിനെ വിശേഷിപ്പിച്ചത് a sudden surfacing of the whole of iceberg എന്നാണ്. സ്നേഹത്തിന്‍റെയും അനുഭാവത്തിന്‍റെയും മഞ്ഞുമലകള്‍ അഗാധത്തില്‍ ആണ്ടു കിടപ്പുണ്ട്. അപൂര്‍വ്വം ചില മുഹൂര്‍ത്തങ്ങളില്‍ അതിന്‍റെ അഗ്രം നമ്മുടെ റെറ്റിനയില്‍ പതിയുന്നുണ്ടെന്നു മാത്രം.

കൊളംബിയയില്‍ നിന്ന് ഓപ്പറേഷന്‍ ക്രിസ്മസ് എന്നൊരു അനുബന്ധവിചാരം കൂടി അയാളതില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട്. ഒരു പരസ്യക്കമ്പനി നടത്തിക്കൊണ്ടിരുന്ന രണ്ടു പേരോട് SARK എന്ന ഗറില്ലാ ആര്‍മിയെ സ്വാധീനിക്കാനായി എന്തെങ്കിലും ചില കാര്യങ്ങള്‍ ചെയ്യുവാന്‍ ദേശത്തിന്‍റെ പ്രതിരോധമന്ത്രി ആവശ്യപ്പെടുകയാണ്. ഇതിനകം രണ്ടര ലക്ഷത്തോളം ജീവിതത്തിന് കണക്കു പറയേണ്ട ബാധ്യതയുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ഒളിപ്പോരാളികളുടെ ഒത്തുചേരലിനെ സമാധാനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അവരുടെ ധര്‍മ്മം. ആ ക്രിസ്മസിന് ഒന്‍പതിടങ്ങളില്‍ എഴുപത്തഞ്ചടിയുള്ള മരങ്ങളില്‍ ക്രിസ്തുമസ് വിളക്കുകള്‍ തെളിച്ച് ആര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ഇങ്ങനെ എഴുതിവെച്ചു: ' ക്രിസ്മസിന് ഈ വനത്തിലേക്ക് എത്തുവാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാനും കഴിയും. At Christmas everything is possible.. പുതിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്.

പിറ്റേവര്‍ഷത്തെ ക്രിസ്മസില്‍ അവര്‍ പാര്‍പ്പിടങ്ങളെ വലം ചുറ്റിപ്പോകുന്ന പുഴയിലേക്ക് ഏഴായിരത്തോളം വിളക്കുകള്‍ കൊളുത്തിയ സുതാര്യ ഗോളങ്ങള്‍ ഒഴുക്കിവിടുകയായിരുന്നു. സന്ദേശം വ്യക്തമായിരുന്നു: Come Home; we are waiting for you. പകയുടെയും മുന്‍വിധിയുടെയും കുലം ഒടുങ്ങുകയായിരുന്നു. അവരവര്‍ സൃഷ്ടിച്ചെടുത്ത കിടങ്ങുകളില്‍ നിന്ന് പുറത്തു വരാന്‍ നേരമായി. പുറത്ത് താരകാര്‍ച്ചിത സ്നേഹമുണ്ട്.

You can share this post!

ഭൂതകാലം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts