news-details
കവർ സ്റ്റോറി

പ്രതീക്ഷയുടെ ശക്തിപ്രതീകം

ലോകത്താകെ നടക്കുന്ന വിമോചന സമരങ്ങളുടെ ജീവിക്കുന്ന ചിത്രമായി നമുക്കിടയിലുണ്ടായിരുന്ന യുഗപ്രഭാവന്‍ യാത്രയായി.  രണ്ടരക്കോടി  കറുത്ത വര്‍ഗക്കാരുടെ അന്തസ്സും സ്വാതന്ത്ര്യവും വീണ്ടെടുക്കാനാണ് അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തിലേക്കും സമാധാനപരവും ആയുധമേന്തിയുമുള്ള സമരമുഖങ്ങളിലേക്കും കാലെടുത്തുവെച്ചത്.  മരണമായിരിക്കും സമ്മാനമെന്ന് ഉറപ്പിച്ചാണ്  വെള്ളക്കാരന്‍റെ വര്‍ണവെറിയന്‍ ഭരണകൂടത്തിന്‍റെ ഇടുങ്ങിയ ജയിലറയുടെ അഴികള്‍ക്കുള്ളില്‍ ഇടറാതെ കിടന്നത്.

ഇരുപത്തിയേഴ് വര്‍ഷംനീണ്ട തടവുജീവിതത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ നെല്‍സണ്‍ മണ്ടേലയുടെ ലക്ഷ്യം അടിച്ചമര്‍ത്തപ്പെടുന്നവരെ മാത്രമല്ല അടിച്ചമര്‍ത്തുന്നവനെയും വിമോചിപ്പിക്കുക എന്നതായി.  സ്വയം സ്വതന്ത്രനായപ്പോഴും തന്‍റെ നാട്ടുകാരെ സ്വതന്ത്രരാക്കിയപ്പോഴും അദ്ദേഹം തിരിച്ചറിഞ്ഞത് എല്ലാവരുടെയും കാലുകളെ ബന്ധിപ്പിക്കുന്ന ചങ്ങല തന്‍റെ കാലിലേതുകൂടിയാണെന്നാണ്.  സ്വാതന്ത്ര്യമെന്നാല്‍ അന്യന്‍റെ സ്വാതന്ത്ര്യത്തെക്കൂടി അംഗീകരിക്കല്‍ എന്നതാണ്.  

ട്രക്ക് ഡ്രൈവറുടെ വേഷത്തില്‍ ഒളിവില്‍ കഴിയുന്ന  നെല്‍സണ്‍ മണ്ടേലയെ 1962-ല്‍ ഭരണാധികാരികള്‍ക്ക് ചൂണ്ടിക്കൊടുത്തത് സി.ഐ.എ ആയിരുന്നു.   ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനയായ സി.ഐ.എയും  സാമ്പത്തിക - സൈനിക ശക്തിയുമുള്ള  അമേരിക്കയുടെ പില്‍ക്കാല പ്രസിഡന്‍റ് ബറാക് ഒബാമതന്നെ ഇങ്ങനെ പറഞ്ഞു:   ഒരു തടവുകാരന്‍ ഒരു സ്വതന്ത്ര മനുഷ്യനായി;  ഒരു സ്വാതന്ത്ര്യപോരാളി  അനുരഞ്ജനത്തിന്‍റെ ശക്തനായ വക്താവായി; ഒരു പാര്‍ട്ടി നേതാവ് പ്രസിഡന്‍റായി ജനാധിപത്യവും വികസനവും മുന്നോട്ടുകൊണ്ടു പോയി.  ഔദ്യോഗിക പദവിയില്‍നിന്ന് പുറത്തുവന്ന മണ്ടേല സമത്വത്തിനും അവസരത്തിനും മനുഷ്യന്‍റെ അന്തസ്സിനുംവേണ്ടി പ്രവര്‍ത്തിച്ചു.  മണ്ടേലയെ കൂടാതെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളുടെ ചരിത്രം സങ്കല്‍പ്പിക്കുകപോലും സാധ്യമല്ല.

നേതാവും രാഷ്ട്രപതിയും ലോകത്തിന്‍റെ മാതൃകാ ബിംബവും ചരിത്രപുരുഷനും മറ്റുംമറ്റുമായി വിശേഷിപ്പിക്കപ്പെടുന്ന മണ്ടേലയിലെ മനുഷ്യന്‍റെ സംഭാവനയെന്താണ്? യഥാര്‍ത്ഥത്തില്‍ സ്വജീവിതം കൊണ്ട് അദ്ദേഹം ലോകത്തിനു പകര്‍ത്തി നല്‍കിയത് ഭയത്തിനെതിരായ ഏറ്റവുംവലിയ ആയുധമാണ്:  പ്രതീക്ഷ. മറ്റൊന്നും  നിലവിലില്ലെന്നു മനസ്സിലാക്കുമ്പോഴും പ്രതീക്ഷ വലിയൊരു ആയുധമാണ് എന്ന് സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം പഠിപ്പിച്ചു.    നീതിയുടെയും പുരോഗതിയുടെയും വികസനത്തിന്‍റെയും വിതരണം മനുഷ്യര്‍ക്കാകെ തുല്യമായി ലോകത്തു ലഭ്യമാക്കണമെന്ന ജനാധിപത്യ ദര്‍ശനത്തിന്‍റെ പ്രചോദനവും ശക്തിയും ആ ജീവിതത്തില്‍നിന്നു പകര്‍ത്താനുണ്ട്.

റോബന്‍ ദ്വീപിലെ കുപ്രസിദ്ധമായ ജയിലിനു പുറത്ത് മാംസം കരിയിക്കുന്ന കൊടുംവെയിലില്‍ കരിങ്കല്‍ പാറകള്‍ പൊട്ടിച്ച് കഴിയുമ്പോഴും, നീണ്ടുനിവര്‍ന്നു കിടക്കാന്‍ കഴിയാത്ത ജയില്‍ സെല്ലില്‍ വര്‍ഷങ്ങള്‍ പീഡനം സഹിക്കുമ്പോഴും, ശിക്ഷിച്ചെന്നു കോടതി പറഞ്ഞതിനു പിറകെ അതു മരണക്കയറായി കണ്‍മുമ്പില്‍ തെളിയുമ്പോഴും, മണ്ടേലയുടെ മനസ്സില്‍ ജ്വലിച്ചുനിന്നത്  പ്രതീക്ഷയുടെ സ്ഥൈര്യസ്തംഭമായിരുന്നു.  തടവറയിലെ നരകജീവിതം രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് പി ഡബ്യൂ ബോത്ത ഉപാധിവെച്ചു:  മോചിപ്പിക്കാം,  അക്രമമുപേക്ഷിക്കുമെങ്കില്‍.  മണ്ടേല തിരിച്ചും ഉപാധിവെച്ചു:  ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരായ നിരോധം ആദ്യം പിന്‍വലിക്കൂ.

അഞ്ചുവര്‍ഷംകൂടി തടവില്‍ കിടന്നശേഷമാണ് 1990 ഫെബ്രുവരി ആദ്യം ദക്ഷിണാഫ്രിക്കയുടെ അവസാനത്തെ വെള്ളക്കാരന്‍ പ്രസിഡന്‍റ് വില്യം ഡി. ക്ലാര്‍ക്ക് എ.എന്‍.സിയുടെ  നിരോധം പിന്‍വലിച്ചത്.  പത്തുദിവസംകൂടി കഴിഞ്ഞ് മണ്ടേല സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തിലേക്കും ഇറങ്ങി.  സ്വന്തം പാര്‍ട്ടിയില്‍നിന്നും മറ്റുമുള്ള ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ വില്യം ഡി. ക്ലാര്‍ക്ക് ഉപരാഷ്ട്രപതിയായുള്ള, വേറിട്ടുപോകുമെന്നു പ്രഖ്യാപിച്ച ഇങ്കാത്ത ഫ്രീഡം പാര്‍ട്ടിയുടെ പ്രതിനിധിയെ അടക്കം ഉള്‍ക്കൊള്ളിച്ച, ദേശീയ ഐക്യ ഗവണ്മെന്‍റ് രൂപീകരിച്ചു.   സ്വാതന്ത്ര്യം കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്ന് സഖ്യകക്ഷികളടക്കമുള്ള രാഷ്ട്രീയക്കാരെയും ജനങ്ങളെയും പഠിപ്പിച്ചുകൊണ്ട്.

നാലുവര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്‍റിന്‍റെ ആദ്യ കറുത്ത പ്രസിഡന്‍റായി നെല്‍സണ്‍ മണ്ടേല.  തന്‍റെ സര്‍ക്കാറിന്‍റെ അടിയന്തര പ്രവര്‍ത്തന ലക്ഷ്യം   ഭൂരിപക്ഷംവരുന്ന കറുത്ത വര്‍ഗക്കാരും ന്യൂനപക്ഷക്കാരായ വെള്ളക്കാരും തമ്മില്‍ സ്നേഹവും സഹവര്‍ത്തിത്വവും ഉറപ്പാക്കലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ പോരാട്ടത്തില്‍ സജീവപങ്കാളിത്തമുണ്ടായിരുന്ന ബിഷപ്പ് ഡസ്മോണ്ട് ടുട്ടുവിന്‍റെ നേതൃത്വത്തില്‍ അനുരഞ്ജനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ട്രൂത്ത് ആന്‍റ് റീകണ്‍സിലിയേഷന്‍ കമ്മിഷന്‍ രൂപീകരിച്ചു.  മര്‍ദ്ദിതരായ കറുത്തവര്‍ഗക്കാര്‍ക്കെന്നപോലെ ദുഷ്ചെയ്തികളുടെ ഭാരത്തില്‍നിന്ന് മര്‍ദ്ദകനെയും മോചിപ്പിക്കണമെന്നതായിരുന്നു അതിന്‍റെ ലക്ഷ്യം.    

ഭരണത്തിലേറ്റുന്നത് രാഷ്ട്രീയ പാര്‍ട്ടി, ഭരിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി.  ഈ അധികാര രാഷ്ട്രീയ ഫോര്‍മുല സാര്‍വ്വദേശീയതലത്തില്‍ തിരുത്തി കാണിക്കുകയാണ് 5 വര്‍ഷ ഭരണത്തില്‍  മണ്ടേല ചെയതത്. 1999-ല്‍  സ്വയം അദ്ദേഹം  അധികാരമൊഴിഞ്ഞു.  ഭരണകക്ഷിയുടെ അതിരുകള്‍ക്കപ്പുറം ജനങ്ങള്‍ക്കാകെവേണ്ടിയാണ് ഭരണമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.  തെങ്കുലാന്‍റ് എന്ന തന്‍റെ ഗ്രാമ പശ്ചാത്തലത്തിലെ ഗോത്രജീവിതത്തില്‍നിന്നു പകര്‍ത്തിയ യോജിച്ച കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ആദ്യ കേന്ദ്രം സ്വന്തം കുടുംബ പശ്ചാത്തലം തന്നെയായിരുന്നു.  ജ്യേഷ്ഠാനുജന്മാരും കുടുംബാംഗങ്ങളും നിറഞ്ഞ വലിയ കൂട്ടുകുടുംബത്തിലെ ഐക്യവും സ്നേഹവും.

എ.എന്‍.സിയുടെ യുവജന വിഭാഗത്തിന്‍റെ സ്ഥാപകനേതാവും എ.എന്‍.സിയില്‍തന്നെ സമശീര്‍ഷ രായിരുന്ന വാള്‍ട്ടര്‍ സിസിലൂ, ഒലിവര്‍ ടാംപോ,  ആല്‍ബര്‍ട്ട് ലുട്ലു  എന്നിവര്‍ക്കൊപ്പം സ്വന്തം പാര്‍ട്ടിയെ നയിച്ചപ്പോഴും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനൊപ്പം ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെയും കോണ്‍ഫെഡറേഷന്‍ ഓഫ് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയനെയും ഏകോപിപ്പിച്ച് ദേശീയ പ്രസ്ഥാനം വിപുലീകരിച്ചപ്പോഴും സമാധാനപരമായ സമരമാര്‍ഗങ്ങളെ അടിച്ചുതകര്‍ക്കാന്‍ ഭരണകൂടം മുന്നിട്ടുനിന്നപ്പോള്‍ ഒളിവില്‍പോയി. മറ്റ് ആഫ്രിക്കന്‍ നാടുകളിലെ ദേശീയ ഭരണകൂടങ്ങളില്‍നിന്ന് ആയുധവും സൈനിക പരിശീലനവും നേടി. സായുധ സമരത്തിന് നീങ്ങിയപ്പോഴും ഈ ഐക്യവും സംഘബോധവും നിലനിര്‍ത്താനും വളര്‍ത്താനും ശ്രദ്ധിച്ചു.

എന്നാല്‍ ലോകം യുഗപ്രഭാവാനായി അത്ഭുതത്തോടെ വീക്ഷിച്ച ഈ മഹാന്‍റെ വിവിധ അധികാര രാഷ്ട്രീയ രൂപങ്ങള്‍ക്കുപിന്നിലെ യഥാര്‍ത്ഥ മനുഷ്യന്‍ എങ്ങനെയായിരുന്നു?  യഥാര്‍ത്ഥത്തില്‍ എന്താണ് അവന്‍ ചിന്തിച്ചത്?  മാനവരാശി ഇന്നും നാളെയും യഥാര്‍ത്ഥത്തില്‍ പഠിക്കേണ്ടത് അതാണ്.  പൊതുസേവകരും ഭരണകര്‍ത്താക്കളുമായി ജനാധിപത്യത്തിന്‍റെ മുഖ്യധാരയിലും ഭരണതലപ്പത്തും ഇരിക്കുന്നവര്‍ സ്വയം തങ്ങളുടെ മുഖവും മനസ്സും ജീവിതവും  ഒരുപോലെ ചൂഴ്ന്നു പരിശോധിക്കേണ്ടതും അതില്‍ മാറ്റുരച്ചാണ്.

തന്നോടുതന്നെയുള്ള സംഭാഷണങ്ങള്‍ എന്ന പേരില്‍ നെല്‍സണ്‍ മണ്ടേല എന്ന പച്ച  മനുഷ്യനെപ്പറ്റിയുള്ള പുസ്തകം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും ഒളിവിലും ജയിലിലും നോട്ടുബുക്കുകളില്‍ കുറിച്ചിട്ട ചിന്തകള്‍. ജയിലില്‍  സഖാക്കളോടും  ഉറ്റവരോടും വെളിപ്പെടുത്തിയ കാര്യങ്ങള്‍. ജയിലിനു പുറത്തേക്ക് അപൂര്‍വ്വമായയച്ച കത്തുകളില്‍ കുറിച്ചിട്ടവ. പൊലീസും ജയില്‍ അധികൃതരും പിടിച്ചെടുത്ത് നശിപ്പിച്ചിട്ടും  ശേഷിച്ച രേഖകളില്‍നിന്ന് ശേഖരിച്ചവ.  ഇതില്‍നിന്നെല്ലാം മണ്ടേലയുടെ മനസ്സ് നമ്മുടെ മുമ്പില്‍ സത്യസന്ധമായി മന്ത്രിക്കുന്നത് ഈ പുസ്തകത്തിലൂടെ നമുക്കു കേള്‍ക്കാനാവും.

നെല്‍സണ്‍ മണ്ടേലയുടെ വീക്ഷണത്തില്‍ ധനവും വിദ്യാഭ്യാസവും സമൂഹത്തിലെ പദവിയുമല്ല പ്രധാനം.  ആത്മീയമായ ജീവിതത്തിന്‍റെ അടിത്തറയാണ്.   ആ അടിത്തറ പേര്‍ത്തും പേര്‍ത്തും പരിശോധിച്ച് ശുദ്ധവും ശക്തവുമാക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ആത്മീയമെന്നു പറയുന്ന അടിത്തറ എന്തെന്നറിയണമെങ്കില്‍ ഈ വാചകങ്ങള്‍ ശ്രദ്ധിക്കുക:  

സമൂഹത്തിലെ സ്ഥാനവും സ്വാധീനവും അംഗീകാരവും ധനവും വിദ്യാഭ്യാസ നിലവാരവും മറ്റും ഒരാളുടെ ഭൗതികജീവിതത്തിലെ വിജയം അളക്കാനുള്ള ബാഹ്യഘടകങ്ങളാണ് എന്നത് ശരിതന്നെ.  എന്നാല്‍ അതിലും നിര്‍ണ്ണായകമായത് സത്യസന്ധത, ആത്മാര്‍ത്ഥത, ലാളിത്യം, വിനയം, വിശുദ്ധമായ ഔദാര്യം, പൊങ്ങച്ചമില്ലായ്മ, മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധത തുടങ്ങിയ ആന്തരിക ഘടകങ്ങളാണ്.  ഇവയാണ് ഒരാളുടെ ആത്മീയ ജീവിതത്തിന്‍റെ അടിത്തറ.  സ്വയം തന്നെത്തന്നെ അറിയാതെ, തന്‍റെ ദൗര്‍ബല്യങ്ങളും തെറ്റുകളും മനസ്സിലാക്കാതെ, ആത്മീയമായ ഈ ഘടകങ്ങള്‍ നേടുക സാധ്യമല്ല.ڈ  1975 ഫെബ്രുവരി 1-ന് ക്രൂമ്സ്റ്റാര്‍ഡ് ജയിലില്‍നിന്ന് തന്‍റെ പ്രണയിനിയും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയുമായ വിന്നി മണ്ടേലയ്ക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

നെല്‍സണ്‍ മണ്ടേല സ്വയം വിലയിരുത്തിയതിങ്ങനെയാണ്: ഒട്ടേറെ വിഷയങ്ങളില്‍ ഉപരിപ്ലവമായ വിവരം മാത്രമുള്ളവരില്‍  ഒരാളാണ് ഞാന്‍.  വിദഗ്ദ്ധ അറിവു നേടേണ്ടിയിരുന്ന വിഷയമാണ്  എന്‍റെ രാജ്യത്തിന്‍റെയും ജനതയുടെയു ചരിത്രം.  അതില്‍പോലും ആഴത്തിലുള്ള അറിവോ വിദ്ഗദ്ധ ജ്ഞാനമോ എനിക്കില്ല.

കുടുംബത്തില്‍നിന്നും ജനങ്ങളില്‍നിന്നും അകന്നും, യുവത്വത്തില്‍നിന്നു വാര്‍ദ്ധക്യത്തിലേക്ക് ശോഷിച്ചും നരച്ചും,  ഏകാന്ത തടവറയില്‍ മൂന്നു പതിറ്റാണ്ടിനടുത്ത് കഴിച്ചുകൂട്ടിയ ലോകം ആദരിക്കുന്ന മഹാവ്യക്തിത്വം.  എന്നിട്ടും വിനയത്തിന്‍റെ ആള്‍രൂപമായി മണ്ടേല നിലകൊള്ളുന്നു.  അഹങ്കരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ജീവിതത്തില്‍ അനുഭവിച്ച ചെറു പീഡനങ്ങളെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നതില്‍ മത്സരിക്കുന്ന അല്പന്മാരാണ് നമ്മുടെ മിക്ക രാഷ്ട്രീയനേതാക്കളും  ഭരണാധികാരികളും.  അവര്‍ ഈ പുസ്തകത്തിന്‍റെ അവസാന ഖണ്ഡികയായി  നെല്‍സണ്‍ മണ്ടേല പറയുന്നത് സത്യസന്ധമായി പരിശോധിച്ചെങ്കില്‍!   "ഒരു ചെറുപ്പക്കാരനെന്ന നിലയ്ക്ക് ഒരു നാടന്‍ കുട്ടിയുടെ എല്ലാ ദൗര്‍ബല്യങ്ങളും തെറ്റുകളും പോരായ്മകളും സമ്മേളിച്ചതായിരുന്നു ഞാന്‍.  എന്‍റെ കാഴ്ചയുടെ അതിരും  എന്‍റെ അനുഭവങ്ങളും സ്വാധീനിച്ചിരുന്നത് ഞാന്‍ വളര്‍ന്ന എന്‍റെ പ്രദേശത്തെയും എന്നെ അയച്ച കോളജിലെയും അനുഭവങ്ങളാണ്.  എന്‍റെ ദൗര്‍ബല്യങ്ങള്‍ മറച്ചു പിടിക്കാന്‍ ഞാന്‍  ക്രോധത്തെ ആശ്രയിച്ചു.  പ്രായപൂര്‍ത്തിയായ ഒരാളെന്ന നിലയ്ക്ക് എന്നെ ഉയര്‍ത്തിക്കൊണ്ടുവന്നത് എന്‍റെ  സഖാക്കളും സഹതടവുകാരുമാണ്.  അജ്ഞാതനും അറിയപ്പെടാത്തവനുമായ ഒരാളെ ലോകത്തിലെ ഏറ്റവും നീണ്ടകാല തടവുകാരനായി പൊക്കിക്കാണിച്ചതിന്‍റെ പരിവേഷം ഇനിയും എന്നില്‍ മാഞ്ഞുപോയിട്ടില്ല.  ജയിലില്‍ എന്നെ വേവലാതിപ്പെടുത്തിയത്  പുറംലോകത്തിന് ഞാന്‍ അറിയാതെ ഉയര്‍ത്തിക്കാട്ടിയ ഈ തെറ്റായ പ്രതിച്ഛായയാണ്.  ഒരു വിശുദ്ധനായി പരിഗണിക്കപ്പെട്ടത്.  ഒരിക്കലും ഞാനൊരു വിശുദ്ധനായിരുന്നില്ല."  

അധികാരത്തിന്‍റെ ഗോപുരങ്ങളിലിരിക്കുന്നവരേക്കാളും മഹത്വത്തിന്‍റെയും പ്രായോഗികതയുടെയും മാറ്റത്തിന്‍റെയും അസാധാരണ മനുഷ്യ മുഖമായി  ആകാശത്തോളം ഉയരത്തില്‍ നമ്മള്‍ക്കിടയില്‍ ജീവിതംകൊണ്ടും വാക്കുകള്‍കൊണ്ടും നെല്‍സണ്‍ മണ്ടേല  ഇപ്പോഴും ജീവിക്കുന്നു.  

You can share this post!

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ഡോ. പവന്‍ ജോണ്‍ ആന്‍റണി (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts