news-details
കവർ സ്റ്റോറി

ചിന്തയുടെയും പ്രവൃത്തിയുടെയും കരുത്തുരച്ചവന്‍

നന്ദി. ഒരുപാടു നന്ദി. മണ്ടേല കുടുംബത്തിന്, പ്രസിഡന്‍റ് സുമക്കും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റിനും, ഇവിടെയുള്ള എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും. സമാനതകളില്ലാത്ത ഒരു ജീവിതത്തെ നിങ്ങളോടൊപ്പം ആദരിക്കാന്‍ ലഭിച്ച ഈ അവസരം വലിയൊരു ബഹുമതിയാണ്. പല വംശങ്ങളിലും ജീവിതത്തുറകളിലുമുള്ള ദക്ഷിണാഫ്രിക്കക്കാരേ, നെല്‍സണ്‍ മണ്ടേലയെ ലോകത്തിനു നല്‍കിയതിന് നിങ്ങളോടു ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. അദ്ദേഹത്തിന്‍റെ പോരാട്ടം നിങ്ങളുടെ പോരാട്ടമായിരുന്നു. നിങ്ങളുടെ അന്തസ്സും നിങ്ങളുടെ പ്രതീക്ഷയും അദ്ദേഹത്തിലൂടെ മാംസം ധരിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യവും നിങ്ങളുടെ ജനാധിപത്യവുമാണ് അദ്ദേഹം നിങ്ങള്‍ക്കായി നീക്കിവച്ച ഒസ്യത്ത്.

വ്യക്തിയെക്കുറിച്ച് ഗുണസ്തുതി നടത്തുക എന്നത് നിസ്സാരകാര്യമല്ല. ഒരു ജീവിതത്തെ അടയാളപ്പെടുത്തുന്നത് തീയതികള്‍കൊണ്ട് മാത്രമല്ലല്ലോ. ഒരു വ്യക്തിയെ വ്യക്തിയാക്കിത്തീര്‍ക്കുന്ന ഏറ്റവും അടിസ്ഥാനപരമായ സത്യം - അയാളുടെ സ്വകാര്യ ദുഃഖങ്ങളും സന്തോഷങ്ങളും ശാന്തമായ മുഹൂര്‍ത്തങ്ങളും അദ്ദേഹത്തിന്‍റെ ആത്മാവിനെ പ്രോജ്ജ്വലിപ്പിക്കുന്ന അനന്യമായ സവിശേഷതകളും - വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവുന്നതല്ല. ഇപ്പറഞ്ഞത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ശരിയാണ്. എങ്കില്‍, ഒരു ജനതയെ മുഴുവന്‍ നീതിയിലേക്കു നയിക്കുകയും അതുവഴി ഈ ഭൂമുഖത്തെ ശതകോടികളെ സ്വാധീനിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു അതികായനെ സംബന്ധിച്ച് മുന്‍പറഞ്ഞ പ്രസ്താവം എത്രകണ്ട് ശരിയായിരിക്കും!

ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജനിച്ച്, അധികാരത്തിന്‍റെ ഇടനാഴികളില്‍നിന്ന് ഒരുപാടു ദൂരെ, കന്നുകാലികളെ മേയിച്ചും തന്‍റെ തെംബു ഗോത്രത്തിലെ കാര്‍ന്നവന്മാരില്‍നിന്ന് അധ്യയനം സ്വീകരിച്ചും വളര്‍ന്ന മഡിബയാണ് ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും അവസാനത്തെ മഹാനായ വിമോചകനായിത്തീര്‍ന്നത്. ഗാന്ധിയെപ്പോലെ, ആരംഭദശയില്‍ വിജയസാധ്യത ഒട്ടുമേയില്ലെന്നു തോന്നിച്ച പ്രതിരോധ സമരം അദ്ദേഹം നയിച്ചു. ഡോ. കിംഗിനെപ്പോലെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും വംശീയ സമത്വമെന്ന ധാര്‍മ്മിക അത്യന്താപേക്ഷിതക്കും അദ്ദേഹം കരുത്തുറ്റ ശബ്ദം നല്കി. കെന്നഡിയും ക്രൂഷ്ചേവും ഭരിച്ചിരുന്ന കാലം മുതല്‍ ശീതയുദ്ധത്തിന്‍റെ അവസാനനാളുകള്‍ വരെ അദ്ദേഹം ക്രൂരമായ ജയില്‍ പരിസരത്തിനുള്ളില്‍ ജീവിച്ചു. ജയില്‍മോചിതനായശേഷം ആയുധത്തിന്‍റെ സഹായംതേടാതെ, ചിന്നിച്ചിതറിപോകുമായിരുന്ന ഒരു രാഷ്ട്രത്തെ എബ്രഹാം ലിങ്കണെപ്പോലെ ഒരുമിപ്പിച്ചുനിര്‍ത്തി. അമേരിക്കയുടെ സ്ഥാപകപിതാക്കന്മാര്‍ ചെയ്തതുപോലെ വരുംതലമുറകള്‍ക്ക് സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഒരു നിയമസംഹിതക്ക് അദ്ദേഹം രൂപം നല്കി. രാഷ്ട്രത്തിന്‍റെ നേതാവായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് രണ്ടാമതൊരു തവണകൂടി ശ്രമിക്കാതെ അധികാരത്യാഗം ചെയ്തതിലൂടെ ജനാധിപത്യത്തോടും നിയമവാഴ്ചകളോടുമുള്ള തന്‍റെ വിധേയത്വവും ആദരവും സ്ഥിരീകരിച്ചു.

നെല്‍സണ്‍ മണ്ടേലക്കു ലഭിച്ച സ്വാധീനശക്തിയും നേട്ടങ്ങളുടെ പട്ടികയും ലഭിച്ച അംഗീകാര-ആരാധനകളുമൊക്കെ നിരത്തി അദ്ദേഹത്തെ വെറുമൊരു വിഗ്രഹം-സാധാരണക്കാരുടെ നിസ്സാരകാര്യങ്ങളില്‍ നിന്നു അകന്നു നില്ക്കുന്ന, ശാന്തതയും പുഞ്ചിരിയും കളിയാടുന്ന മുഖത്തോടുകൂടിയ ഒരു വിഗ്രഹം - ആക്കി മാറ്റിയെടുക്കാനുള്ള പ്രലോഭനം  ശക്തമാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ജീവനില്ലാത്ത അത്തരമൊരു ചിത്രീകരണത്തോട്, വിഗ്രഹവത്കരണത്തോട് മഡിബ ശക്തമായി പ്രതിഷേധിക്കുകതന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ സന്ദേഹങ്ങളും ഭയങ്ങളും വിജയങ്ങളും തെറ്റിപ്പോയ കണക്കുകൂട്ടലുകളും എല്ലാം നമ്മോടൊത്തു പങ്കുവയ്ക്കാന്‍തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചത്. "ഞാനൊരു വിശുദ്ധനല്ല," അദ്ദേഹം പറയുമായിരുന്നു, "നിരന്തരം തിരുത്താന്‍ ശ്രമിക്കുന്ന ഒരു പാപിയാണു ഞാന്‍."

സ്വന്തം പോരായ്മകള്‍ അംഗീകരിക്കാന്‍ തയ്യാറുള്ള  മനസ്സും തോളില്‍ വലിയഭാരമിരിക്കുമ്പോഴും മറ്റുള്ളവരോട് തമാശകളും കുസൃതികളും പങ്കുവയ്ക്കാനുള്ള കഴിവുമൊക്കെയുള്ളതുകൊണ്ടാവാം നാമദ്ദേഹത്തെ ഇത്രകണ്ടു സ്നേഹിച്ചുപോകുന്നത്. മാര്‍ബിളില്‍ കടഞ്ഞെടുത്ത ഒരു പ്രതിമയായിരുന്നില്ല അദ്ദേഹം. മാംസവും ചോരയുമുള്ള ഒരു മനുഷ്യന്‍, മകനും ഭര്‍ത്താവുമായിരുന്നവന്‍, അപ്പനും സുഹൃത്തുമായിരുന്നവന്‍ - അതൊക്കെയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് നമുക്ക് അദ്ദേഹത്തില്‍നിന്ന് വളരെയേറെ പഠിക്കാനായത്; ഇനിയും പഠിക്കാനാകുന്നതും.  അദ്ദേഹം നേടിയെടുത്തതൊന്നും അങ്ങനെതന്നെ അവശ്യം സംഭവിക്കേണ്ടതായിരുന്നില്ല.  കഠിനാധ്വാനവും വിവേകവും നൈരന്തര്യവും വിശ്വാസവുംകൊണ്ടാണ് ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ചരിത്രപുസ്തകത്തില്‍ ഇടം കണ്ടെത്താവുന്ന സാധ്യതകള്‍ മാത്രമല്ല അദ്ദേഹം തെളിയിച്ചത്; പ്രത്യുത നമ്മുടെ വൈയക്തിക ജീവിതത്തിലും എന്തൊക്കെ സാധ്യമാക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു.

പ്രവര്‍ത്തനത്തിന്‍റെയും മൂല്യങ്ങള്‍ക്കുവേണ്ടി സാഹസികമായി മുന്നിട്ടിറങ്ങുന്നതിന്‍റെയും ശക്തിയും ഫലസിദ്ധിയും മണ്ടേല നമുക്കു കാണിച്ചു തന്നു. ആരുടെ മുമ്പിലും വളയാത്ത ആഭിജാത്യവും ന്യായത്തെക്കുറിച്ചും നീതിയെക്കുറിച്ചുമുള്ള അചഞ്ചലമായ ബോധ്യവും മഡിബ തന്‍റെ അച്ഛനില്‍നിന്നു പൈതൃകമായി സ്വീകരിച്ചതാണ്. ആയിരക്കണക്കിന് ചെറുതാക്കലുകളും അവഹേളനങ്ങളും ഓര്‍ത്തെടുക്കാനാകാത്ത അനേകമനേകം അനുഭവങ്ങളും നിമിത്തം ദശലക്ഷക്കണക്കിനു കറുത്ത ദക്ഷിണാഫ്രിക്കക്കാരുടെയുള്ളില്‍ ഉറഞ്ഞുകൂടിയ അമര്‍ഷവും തന്‍റെ ആള്‍ക്കാരെ തുറുങ്കിലാക്കി വച്ചിരുന്ന വ്യവസ്ഥിതിയെ പൊളിച്ചെറിയാനുള്ള ആവേശവും അദ്ദേഹം കൂടെക്കൊണ്ടുനടന്നു.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല മഹാരഥന്മാരായ സിസുലുസ്, താംബോസ് തുടങ്ങിയവരെപ്പോലെ മഡിബയും തന്‍റെ അമര്‍ഷത്തെ അച്ചടക്കത്തിനു വിധേയമാക്കി; പോരാട്ട വീര്യത്തിനു സംഘടനാരൂപവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കി; അങ്ങനെ ദൈവം നല്കിയ അന്തസ്സിനുവേണ്ടി പോരാടാന്‍ സ്ത്രീക്കും പുരുഷനും കരുത്തേകി.  കൂടാതെ ശക്തമായ നിക്ഷിപ്തതാത്പര്യങ്ങള്‍ക്കും അനീതിക്കുമെതിരെ നില്ക്കുന്നതിനു വിലകൊടുക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ടുതന്നെ തന്‍റെ പ്രവൃത്തികളുടെ പരിണതഫലം എന്തായാലും അതേറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായി. "വെള്ളക്കാരുടെ അധീശത്വത്തിനെതിരേ ഞാന്‍ പൊരുതി; ഒപ്പം കറുത്തവരുടെ അധീശത്വത്തിനെതിരെയും ഞാന്‍ പോരാടി. ജനാധിപത്യവും സ്വാതന്ത്ര്യവും പുലരുന്ന ഒരു സമൂഹത്തില്‍ വ്യക്തികള്‍ യോജിപ്പോടെയും അവസരസമത്വത്തോടെയും ജീവിക്കുക എന്ന മൂല്യമാണ് എന്നും ഞാന്‍ മനസ്സില്‍ താലോലിച്ചിട്ടള്ളത്. ആ ലക്ഷ്യത്തിനുവേണ്ടി ജീവിക്കണമെന്നും അതു നേടിയെടുക്കണമെന്നുമാണ് ഞാന്‍ പ്രത്യാശിക്കുന്നത്. എന്നാല്‍, വേണ്ടിവന്നാല്‍ അതിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്."

പ്രവൃത്തിയുടെ ശക്തിയെന്താണെന്നു മണ്ടേല നമുക്കു കാണിച്ചുതന്നു; ഒപ്പം ആശയങ്ങളുടെ കരുത്തും യുക്തിയുടെയും സംവാദത്തിന്‍റെയും പ്രാധാന്യവും നമ്മളോടൊപ്പം നില്ക്കുന്നവരില്‍നിന്നും നമ്മെ എതിര്‍ക്കുന്നവരില്‍നിന്നും പഠിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ജയിലറകള്‍ക്ക് ആശയങ്ങളെ അടക്കം ചെയ്യാനാകില്ലെന്നും വെടിയുണ്ടകള്‍ക്ക് അവയെ പൊലിയിച്ചുകളയാനാകില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. തന്‍റെ വാഗ്ധോരണികൊണ്ടും ആവേശംകൊണ്ടും വക്കീലെന്ന നിലയിലുള്ള പ്രവൃത്തി പരിചയംകൊണ്ടും തന്‍റെ വിചാരണയെ വിവേചനത്തിനെതിരായ വിധിവാക്യമാക്കിത്തീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തന്‍റെ ന്യായയുക്തിക്ക് മൂര്‍ച്ചകൂട്ടാനും അറിവിനുവേണ്ടിയുള്ള ശമിക്കാത്ത തന്‍റെ ദാഹം പ്രസ്ഥാനത്തിലെ എല്ലാവരിലും എത്തിക്കുന്നതിലും തന്‍റെ ജയില്‍വാസം അദ്ദേഹം പ്രയോജനപ്പെടുത്തി. അപരന്‍റെ സ്വാതന്ത്ര്യം തന്‍റെ സ്വാതന്ത്ര്യവുമായി എത്ര ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു തന്‍റെ ജനതയുടെ അധീശന്മാരെ എന്നെങ്കിലും ബോധ്യപ്പെടുത്താന്‍ വേണ്ടി തന്നെ അമര്‍ച്ചചെയ്തവരുടെ ഭാഷയും സമ്പ്രദായവുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി.

പ്രവൃത്തിയും ആശയവും കൊണ്ടുമാത്രമായില്ല, അവ എത്ര നല്ലതായാലും ശരി,  അവയെ ചിന്തേരിട്ടു രൂപപ്പെടുത്തി നിയമവ്യവസ്ഥയാക്കി മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. പ്രായോഗികബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ചുറ്റുവട്ടത്തിന്‍റെയും ചരിത്രത്തിന്‍റെയും പരുക്കന്‍ പ്രതലത്തില്‍ തന്‍റെ വിശ്വാസങ്ങളെ ഉരച്ചു പരീക്ഷിക്കാന്‍ അദ്ദേഹം തയ്യാറായി. കാതലായ മൂല്യങ്ങളുടെ കാര്യത്തില്‍ കടുകിടമാറാതെ അദ്ദേഹം നിലയുറപ്പിച്ചു. അങ്ങനെയാണ് "ജയില്‍പുള്ളികള്‍ക്ക് ഉടമ്പടിയിലേര്‍പ്പെടാന്‍ ആകില്ലെന്നു" വര്‍ണ്ണവെറിയാന്‍ ഭരണകൂടത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട്, തന്‍റെ നിരുപാധിക ജയില്‍മോചനത്തിനുവേണ്ടിയുള്ള വാഗ്ദാനത്തെ അദ്ദേഹം തള്ളിക്കളഞ്ഞത്.

എന്നാല്‍ ഭരണകൈമാറ്റത്തിനും നിയമനിര്‍മ്മാണത്തിനുവേണ്ടിയും നടത്തപ്പെട്ട ചര്‍ച്ചകളില്‍ ബൃഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി അത്യാവശ്യം വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍നിന്നും ഭയന്നു പിന്മാറില്ലെന്നും അദ്ദേഹം കാണിച്ചുതന്നു. ഒരു പ്രസ്ഥാനത്തിന്‍റെ നേതാവും അതിലുപരി പ്രാവീണ്യമുള്ള ഒരു രാഷ്ട്രീയക്കാരനുമായിരുന്നതുകൊണ്ട്, അദ്ദേഹം മെനഞ്ഞെടുത്ത നിയമസംഹിത ഒരു ബഹുവംശീയ ജനാധിപത്യത്തിന് നന്നേ ഉതകുന്നതായിരുന്നു. അതിലെ നിയമങ്ങള്‍ ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും അവകാശസംരക്ഷണവും ഓരോ ദക്ഷിണാഫ്രിക്കക്കാരന്‍റെയും വിലയേറിയ വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതുമായിരുന്നു.

ഏറ്റവും അവസാനമായി, മനുഷ്യാത്മാക്കള്‍ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും അദ്ദേഹം തികച്ചും ബോധവാനായിരുന്നു. മണ്ടേലയുടെ ഏറ്റവും വലിയ സംഭാവനയെ കുറിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഭാഷയില്‍ ഒരു പദമുണ്ട് - ഉബുന്തു. അഗോചരമായ രീതികളില്‍ മനുഷ്യാത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യവംശം മുഴുവന്‍ ഒന്നാണെന്നും മറ്റുള്ളവരോടു പങ്കുവച്ചും അവരുടെ പ്രശ്നങ്ങളില്‍ ഔത്സ്യുക്യത്തോടെ ഇടപെട്ടും മാത്രമേ മാനവരാശിക്കു നിലനില്ക്കാനാകൂ എന്നും അദ്ദേഹം വിശ്വസിച്ചു. ഈ ദര്‍ശനത്തിന്‍റെ എത്രമാത്രം ഭാഗം അദ്ദേഹത്തിനു ജന്മസിദ്ധമായിരുന്നെന്നോ എത്രഭാഗം ഇരുട്ടറകളിലെ കല്‍ഭിത്തികള്‍ക്കുള്ളില്‍ രൂപപ്പെട്ടതാണെന്നോ നമുക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ ചെറുതും വലുതുമായ ചില പ്രവൃത്തികള്‍ നമ്മുടെ ഓര്‍മ്മയിലുണ്ട്; പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍വച്ച് തന്‍റെ ആരാധകര്‍ക്ക് താന്‍ കിടന്ന ജയിലിന് കാവല്‍ നിന്നവരെ പരിചയപ്പെടുത്തിക്കൊടുത്തത്, തന്‍റെ ഒരു കുടുംബ ദുരന്തത്തെ എയ്ഡ്സിനെതിരായുള്ള പോരാട്ടമായി മാറ്റിത്തീര്‍ത്തത്, അങ്ങനെ പലതും. ഇവയെല്ലാം മറ്റുള്ളവരോടുള്ള സഹാനുഭൂതിയുടെയും അംഗീകാരത്തിന്‍റെയും തെളിവുകളാണ്. ഉബുന്തു മാംസം ധരിച്ച അദ്ദേഹം, ദശലക്ഷങ്ങളെ അതേ ചൈതന്യത്തിലേക്ക് കൈപിടിച്ചു നടത്തി.

മഡിബയില്‍ നമ്മള്‍ കാണുന്നത് വിമോചിതനായ ഒരു ജയില്‍പുള്ളിയെ മാത്രമല്ല, തന്‍റെ ജയിലറെക്കൂടി മോചിപ്പിച്ചവനെയാണ്. അപരനെ വിശ്വസിച്ചാല്‍ മാത്രമേ അയാള്‍ നിങ്ങളെയും വിശ്വാസത്തില്‍ എടുക്കൂ എന്ന് അദ്ദേഹം കാണിച്ചു തന്നു. അനുരഞ്ജനമെന്നത് ക്രൂരമായ ഒരു ഭൂതകാലത്തെ മറക്കുന്നത് മാത്രമല്ലെന്നും വിശാല മനസ്കതകൊണ്ടും നേരുകൊണ്ടും എല്ലാവര്‍ക്കും പങ്കാളിത്തം നല്‍കുന്നതാണെന്നും അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹം നിയമങ്ങള്‍ തിരുത്തിക്കുറിക്കുക മാത്രമല്ല, ഹൃദയബന്ധങ്ങളെയും നവീകരിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയിലും ഭൂമുഖത്തെല്ലായിടത്തും ഉള്ളവര്‍ക്ക് മഡിബയുടെ വിയോഗം അങ്ങേയറ്റം സങ്കടകരമാണ്; അതേസമയം മഹത്തായ ഒരു ജീവിതത്തെ ആദരിക്കാന്‍ പറ്റിയ മുഹൂര്‍ത്തവുമാണ്. അതുകൂടാതെ ഈ നിമിഷം നമുക്കെല്ലാവര്‍ക്കും ആത്മപരിശോധനയ്ക്കുള്ള ഒരു വേളകൂടിയായിത്തീരേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ പദവിയും ചുറ്റുവട്ടവും ഏതുമായിക്കൊള്ളട്ടെ, സത്യസന്ധതയോടെ നമുക്കു നമ്മോടുതന്നെ ചോദിക്കാം: അദ്ദേഹം നമുക്കു കാണിച്ചുതന്ന പാഠങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നമുക്ക് പ്രയോഗത്തില്‍ വരുത്താന്‍ ആയിട്ടുണ്ടോ?

ദക്ഷിണാഫ്രിക്കയില്‍ എന്നപോലെ അമേരിക്കന്‍ ഐക്യനാടുകളിലും നൂറ്റാണ്ടുകളായി വംശീയ അധീശത്വം നിലനിന്നിരുന്നല്ലോ. ഇവിടുത്തേതുപോലെയായിരുന്നു അവിടുത്തേയും സ്ഥിതിവിശേഷം. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുടെ ത്യാഗത്തിന്‍റെ ഫലമായാണ് പുതിയൊരു പുലരി അവിടെ പുലര്‍ന്നത്. മിഷേലും ഞാനും ആ സമരത്തിന്‍റെ ഗുണമനുഭവിക്കുന്നവരാണ്. എന്നാലും ദക്ഷിണാഫ്രിക്കയിലും ഉത്തരഅമേരിക്കയിലും ലോകത്തെല്ലായിടത്തും നമ്മുടെ ജോലി ഇനിയും പൂര്‍ത്തിയാകാതെ കിടപ്പുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അവസരസമത്വമോ എല്ലാവര്‍ക്കുമുള്ള വോട്ടവകാശമോ ലഭിച്ചതിനുശേഷവും നടത്തപ്പെടേണ്ട സമരങ്ങള്‍ക്ക്, അവയുടെ മുന്‍പുള്ള സമരങ്ങളുടെയത്രയും നാടകീയതയോ ധാര്‍മ്മികമായ വ്യക്തതയോ ഉണ്ടാകില്ലായിരിക്കാം. എങ്കിലും അവ വളരെ പ്രധാനപ്പെട്ടവതന്നെ. കാരണം ഇന്നും എല്ലായിടത്തും വിശപ്പും അസുഖവും സഹിക്കുന്ന കുഞ്ഞുങ്ങളെ നാം കാണുന്നു. തകര്‍ക്കപ്പെട്ട വിദ്യാലയങ്ങള്‍ കാണുന്നു. ഭാവി ഇരുളടഞ്ഞുപോയ യുവത്വങ്ങളെ കാണുന്നു. ഇന്നും സ്ത്രീകളും പുരുഷന്മാരും അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നിമിത്തം തുറുങ്കിലടക്കപ്പെടുന്നു; തങ്ങള്‍ കാണപ്പെടുന്ന രീതിയുടെ പേരിലോ, ആരാധനയുടെ പേരിലോ, ആരെ അവര്‍ സ്നേഹിക്കുന്നുവെന്നതിന്‍റെ പേരിലോ ഇന്നും ആളുകള്‍ പീഡനമേല്‍ക്കേണ്ടി വരുന്നു.

അതുകൊണ്ടുതന്നെ നാം ഇനിയും നീതിക്കുവേണ്ടി പ്രവര്‍ത്തിച്ചേ മതിയാകൂ. സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചേ മതിയാകൂ. മഡിബയുടെ പൈതൃകം ആവേശത്തോടെ പുല്‍കുന്ന അനേകരുണ്ടിവിടെ. എന്നാല്‍ അവര്‍ തന്നെ കൊടിയ വിശപ്പും വളരുന്ന അസമത്വവും ഇല്ലാതാക്കാന്‍ നടത്തപ്പെടുന്ന ശ്രമങ്ങളുടെ നേര്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്നു. മഡിബയുടെ സ്വാതന്ത്ര്യസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന അനേക നേതാക്കളുണ്ടിവിടെ. എന്നാല്‍ അവര്‍തന്നെ സ്വന്തം ജനങ്ങളില്‍ നിന്നുയരുന്ന വിരുദ്ധ അഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നു. നമ്മെപ്പോലുള്ള ഒരുപാടു മനുഷ്യര്‍ സ്വരമുയര്‍ത്തേണ്ടതിനു പകരം അലംഭാവിയായോ ദോഷൈകദൃക്കായോ സമയം കൊല്ലുന്നു.

സമത്വവും നീതിയും എങ്ങനെ സാക്ഷാത്കരിക്കാം, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും എങ്ങനെ ഉയര്‍ത്തിപ്പിടിക്കാം, സംഘര്‍ഷങ്ങള്‍ക്കും വിഭാഗീയചിന്തകള്‍ക്കും എങ്ങനെ അറുതി വരുത്താം... തുടങ്ങിയ ഇന്നിന്‍റെ പലചോദ്യങ്ങള്‍ക്കും എളുപ്പമുള്ള ഉത്തരങ്ങളില്ലതന്നെ. ഒന്നാം ലോകമഹായുദ്ധകാലത്ത് ജനിച്ച ആ കുട്ടിയുടെ മുമ്പിലും എളുപ്പമുള്ള ഉത്തരങ്ങളില്ലായിരുന്നു. ഏതുകാര്യവും പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് അത് അസാധ്യമാണെന്നുതന്നെ തോന്നുമെന്ന് നെല്‍സണ്‍ മണ്ടേല നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇതു സത്യമാണെന്ന് ദക്ഷിണാഫ്രിക്ക നമുക്കു കാണിച്ചു തന്നു. നമുക്കും മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നതിന് ഈ രാജ്യം തെളിവാണ്. നമ്മുടെ ലോകത്തെ നിര്‍വ്വചിക്കേണ്ടത് നമ്മള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍കൊണ്ടല്ല, മറിച്ച് പൊതുവായ പ്രതീക്ഷകള്‍കൊണ്ടാണെന്നും, ഈ ലോകത്തെ നയിക്കേണ്ടത് സംഘര്‍ഷങ്ങളല്ല, മറിച്ച് ശാന്തിയും നീതിയും അവസരസമത്വവുമാണെന്നും ഈ രാഷ്ട്രം നമുക്കു പഠിപ്പിച്ചുതന്നു.

നെല്‍സണ്‍ മണ്ടേലയെപോലുള്ള ഒരു മനുഷ്യനെ നാം ഇനിയൊരിക്കലും കണ്ടുമുട്ടില്ല. എങ്കിലും ദക്ഷിണാഫ്രിക്കയിലും ലോകത്തെല്ലായിടത്തുമുള്ള ചെറുപ്പക്കാരോട് എനിക്കു പറയാനുള്ളത് ഇതാണ്: അദ്ദേഹത്തിന്‍റെ പ്രവൃത്തിയെ നിങ്ങളുടേതാക്കി മാറ്റാന്‍ നിങ്ങള്‍ക്കാകും. മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കേ നെല്‍സണ്‍ മണ്ടേലയെക്കുറിച്ചും അദ്ദേഹത്തിന്‍റെ സുന്ദരമായ മനസ്സില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും അറിയാനിടയായി. ആ അറിവ് എന്നില്‍ എന്തോ ഒന്ന് ഉണര്‍ത്തിവിട്ടു. മറ്റുള്ളവരോടും എന്നോടുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനായി. അങ്ങനെ അന്ന് അസംഭവ്യമെന്ന് തോന്നിയ ഒരു യാത്രയ്ക്ക് ഞാന്‍ തുടക്കം കുറിച്ചു. മഡിബയില്‍ നിന്നും അനേകംപടിതാഴെയാണ് ഞാനെങ്കിലും കൂടുതല്‍ മെച്ചപ്പെടാന്‍ അദ്ദേഹമെന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നമ്മിലെ ഏറ്റവും നല്ല സാധ്യതകളോട് അദ്ദേഹം സംവദിക്കുന്നു.

ഈ മഹാനായ മനുഷ്യന്‍ മണ്ണിലേയ്ക്ക് മടങ്ങിയതിനുശേഷം നമ്മള്‍ നമ്മുടെ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തിരികെ പോയി നമ്മുടെ ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ ഈ മനുഷ്യന്‍ പകര്‍ന്നുതന്ന കരുത്തിനെക്കുറിച്ച് നമുക്ക് ഒരന്വേഷണം നടത്താം. അദ്ദേഹത്തിന്‍റെ ചൈതന്യത്തിന്‍റെ ആഴം നമുക്ക് നമ്മുടെ ഉള്ളില്‍തന്നെ തെരയാം. ഇരുട്ട് കൂടുതല്‍ കട്ടപിടിക്കുമ്പോഴും അനീതി നമ്മുടെ മനസ്സുകളെ വല്ലാതെ ഭാരപ്പെടുത്തുമ്പോഴും നമ്മുടെ പ്ലാനുകള്‍ ഒരിടത്തും എത്താതെ നില്‍ക്കുമ്പോഴും മഡിബയ്ക്ക് ജയില്‍വാസക്കാലത്ത് കരുത്തേകിയ ഈ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം: കവാടം എത്ര ഇടുങ്ങിയതുമാകട്ടെ, ശിക്ഷ എത്ര കടുപ്പമേറിയതുമാകട്ടെ, എന്‍റെ വിധിയുടെ നിയന്താവ് ഞാന്‍തന്നെ, എന്‍റെ ആത്മാവിന്‍റെ അമരക്കാരന്‍ ഞാന്‍തന്നെ.

എത്രയോ മഹാനായ ഒരാത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ നമുക്ക് വലിയ നഷ്ടബോധം തോന്നുകതന്നെ ചെയ്യും. നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കട്ടെ. അദ്ദേഹത്തിന്‍റെ ആത്മാവിനെയും ദക്ഷിണാഫ്രിക്കക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ.

You can share this post!

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ഡോ. പവന്‍ ജോണ്‍ ആന്‍റണി (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts