news-details
കവർ സ്റ്റോറി

മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്‍റെ ജീവിതസന്ദര്‍ഭങ്ങള്‍

വലിയ ലോകനേതാക്കള്‍ വലിയ രാഷ്ട്രീയ ചോദ്യങ്ങളുടെകൂടി ഉത്പന്നമാണ്. കോളനി വിമോചനത്തിനായുള്ള വലിയ ദേശീയസമരങ്ങള്‍ ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത് വലിയ ദേശീയ നേതാക്കളെയാണ്. ആ നിരയിലെ ഏറ്റവും മികച്ച ജനാധിപത്യ മാതൃകയും വലിയ ദേശീയനേതാക്കളുടെ നിരയിലെ അവസാനത്തെ പ്രതിനിധിയുമാണ് അന്തരിച്ച നെല്‍സണ്‍ മണ്ടേല. ഇനിയുള്ള കാലത്ത് ഇങ്ങിനെ വലിയൊരു ലോകനേതാവ് സാധ്യമാകുമോ എന്ന് ലോകത്തിനുള്ള സന്ദേഹങ്ങളാണ് മണ്ടേലയുടെ മരണത്തോടുള്ള പ്രതികരണങ്ങള്‍ കാണിക്കുന്നത്.

ലോകം മുഴുവന്‍ മണ്ടേലയെ അനുസ്മരിക്കുന്നത് വിമോചന നായകന്‍ എന്ന നിലയില്‍ മാത്രമല്ല വിഭജിക്കപ്പെട്ട ഒരു സമൂഹത്തെ ഒന്നിപ്പിച്ചുനിര്‍ത്തിയ ഐക്യനായകന്‍ ആയികൂടിയാണ്. പീഡനത്തില്‍നിന്ന് മോചിതമായ സമൂഹത്തിനു തങ്ങളുടെ ഭൂതകാലം പല രീതിയില്‍ നിരന്തരം വേട്ടയാടുന്ന അസ്തിത്വപ്രശ്നമായി തന്നെ അവശേഷിക്കുന്നു. അതിലൂടെ തങ്ങള്‍ അനുഭവിച്ചതിലും വലിയ ക്രൂരതകള്‍ മറ്റുള്ളവരോട് കാണിക്കാന്‍ അവര്‍ തയ്യാറാകുന്നതിനു ഇസ്രായേല്‍ അടക്കമുള്ള നിരവധി സമീപകാല ഉദാഹരണങ്ങളുണ്ട്. അപ്പാര്‍തീഡ് എന്ന വംശീയ വിഭജനം മനസ്സുകളെയും ശരീരങ്ങളെയും വിഭജിച്ചുനിര്‍ത്തുന്ന അതിക്രൂരത തന്നെയായിരുന്നെങ്കിലും അതിനെ മണ്ടേലയുടെ നേതൃത്വത്തില്‍ കറുത്ത ജീവിതത്തിന്‍റെ അനുഭവത്തില്‍നിന്നുയര്‍ന്നുവന്ന ജനാധിപത്യബോധ്യങ്ങള്‍കൊണ്ടു ചെറുത്തുതോല്പ്പിച്ചു എന്നതാണ് ദക്ഷിണാഫ്രിക്ക ലോകത്തിനു നല്‍കുന്ന രാഷ്ട്രീയ സന്ദേശം. കറുത്തവരുടെ പുതിയൊരു സമഗ്രാധിപത്യത്തിനു പകരം ബഹുസ്വരതയിലൂന്നിയ വിശാലജനാധിപത്യത്തെ മണ്ടേലയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക വികസിപ്പിച്ചു. പ്രതികാരത്തേക്കാള്‍ സമവായത്തെക്കുറിച്ചും സത്യത്തോടൊപ്പം നീതിയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടി. ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യരാഷ്ട്രീയത്തിന്‍റെ ആന്തരിക ഊര്‍ജ്ജമായി നെല്‍സണ്‍ മണ്ടേല വ്യക്തിപരമായിതന്നെ ഉണ്ടായിരുന്നുവെന്നതാണ് എറെ സ്മരിക്കേണ്ടത്. കേപ് ടൗണിലെ റോബന്‍ ദ്വീപില്‍ തന്‍റെ ജയില്‍ വാര്‍ഡന്‍ ആയ വെളുത്ത വംശജനായ ക്രിസ്ടോ ബ്രാണ്ടിനെ തന്‍റെ ആജീവനാന്ത സുഹൃത്തായി മണ്ടേല ജയിലില്‍നിന്നുതന്നെ മാറ്റിയെടുത്തത് ഉയര്‍ന്ന ജനാധിപത്യവാദിയുടെ ഹൃദയം കൊണ്ടാണ്.

ആ സുഹൃദ്ബന്ധം താല്‍ക്കാലിക അതിജീവന വിദ്യ എന്നതിലുമപ്പുറം ജയില്‍ജീവിതശേഷമുള്ള കാലവും മണ്ടേല നിലനിര്‍ത്തി. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയെട്ടു മുതല്‍ തൊണ്ണൂറു വരെ തന്നോടൊപ്പം ഉണ്ടായിരുന്ന ആ ജയിലറെ തന്‍റെ മോശം കാലത്ത് മാത്രമല്ല തന്‍റെ നല്ല കാലത്തും മണ്ടേല മറന്നില്ല. താന്‍ പ്രസിഡന്‍റായപ്പോഴും തന്‍റെ ജയിലര്‍ക്ക് തന്നെ വന്നു കാണാനും സ്വകാര്യനിമിഷങ്ങളില്‍ പങ്കാളിയാവാനും മണ്ടേല സമയം കണ്ടെത്തി. അത്രയേറെ വികസിച്ച ജനാധിപത്യവ്യക്തിത്വമായിരുന്നു മണ്ടേല. മണ്ടേലയെപോലൊരു വലിയ രാഷ്ട്രീയനേതാവ് ഉണ്ടാവുന്നത് വ്യക്തിജീവിതത്തില്‍ പലപ്പോഴും അപ്രധാനമാണെന്നു തോന്നുന്ന സൂക്ഷ്മപ്രശ്നങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കൂടിയാണ്. അതുകൊണ്ടാണ് മണ്ടേലയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നവര്‍പോലും മണ്ടേലയുടെ വ്യക്തിത്വത്തെ ക്കുറിച്ച് നന്മനിറഞ്ഞ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.

ജനാധിപത്യത്തോടും വ്യത്യസ്തഅഭിപ്രായങ്ങളോടും മണ്ടേല വ്യക്തിപരമായി തന്നെ സ്വീകരിച്ച സമീപനങ്ങളും ഇത്തരത്തില്‍ ഓര്‍ക്കേണ്ടതാണ്. അദ്ദേഹത്തിന്‍റെ സ്ത്രീകളോടുള്ള ഏറെ വിമര്‍ശിക്കപ്പെട്ട സമീപനങ്ങളെ അവസാന കാലത്ത് കൂറെക്കൂടി വിമര്‍ശനാത്മകമായി സമീപിക്കാന്‍ മണ്ടേല തയ്യാറായിരുന്നുവെന്നു ദക്ഷിണാഫ്രിക്കയിലെ പല ഫെമിനിസ്റ്റുകളും ഇപ്പോള്‍ അഭിപ്രായപ്പെടുന്നു. മതന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലീങ്ങളുടെ സാമുദായിക ജീവിതത്തെ മാനിക്കാനും വലിയ പെരുന്നാളിന് ഈദ് ഗാഹില്‍ പോയി പ്രാര്‍ത്ഥനയില്‍ പങ്കുചേരാനും മണ്ടേല തയ്യാറായി. മുസ്ലീങ്ങളെ കണ്ടാല്‍ അവരോടു പ്രത്യേകമായി സലാം പറഞ്ഞു സംസാരം തുടങ്ങുന്ന മണ്ടേല അങ്ങിനെ വ്യത്യാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനാധിപത്യ രാഷ്ട്രീയം സാധ്യമാകുമെന്ന് കാണിച്ചുതന്നു. അതുപോലെ തന്നെ കുട്ടികളെ മണ്ടേല പ്രത്യേകം ലാളിക്കുകയും അവരുടെ ലോകത്തെ ഏറെ വിലമതിക്കുകയും ചെയ്തിരുന്നുവെന്നു നമുക്കു കാണാം.

മണ്ടേലയുടെ വ്യക്തിപരമായ സംവേദനക്ഷമതയുടെ കരുത്തുകൊണ്ടുതന്നെ സ്ത്രീകള്‍, കുട്ടികള്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, വംശീയ വിഭാഗങ്ങള്‍, പ്രവാസികള്‍, വിഭിന്ന ശേഷിയുള്ളവര്‍, ചെറിയ മതസമുദായങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇവരുടെയൊക്കെ ജനാധിപത്യഅവകാശത്തിന്‍റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നത്തെ ലോകത്തിനു ഏറെ മുന്നില്‍ നടക്കുന്നു. ദക്ഷിണാഫ്രിക്ക സ്വയം വിശേഷിപ്പിക്കുന്നത് മഴവില്‍ റിപ്പബ്ലിക് എന്നാണ്. അവിടെ സ്വന്തം ദേശത്തിലെ വ്യത്യസ്ത വര്‍ണ, ഭാഷ, ലിംഗ, മത, വംശ വൈവിധ്യങ്ങളെ മാത്രമല്ല അവര്‍ പ്രോത്സാഹിപ്പിക്കുന്നത്; അതിലുപരി അതിര്‍ത്തി കടന്നെത്തുന്ന മറ്റു ആഫ്രിക്കന്‍ - ഏഷ്യന്‍ - യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ കുടിയേറ്റ സമൂഹങ്ങളും ഈ മഴവില്‍ റിപ്പബ്ലിക്കിന്‍റെ ഭാഗമാണ്. സോമാലിയക്കാര്‍ തിങ്ങി താമസിക്കുന്ന സോമാലിഭാഷ മാത്രം മുഴങ്ങുന്ന ജോഹനാസ്ബര്‍ഗിലെ ഒരു തെരുവിന്‍റെ പേരു തന്നെ കുഞ്ഞുമൊഗദിഷു (മൊഗദിഷു സോമാലിയായുടെ തലസ്ഥാനമാണ്) എന്നാവുന്നത് സങ്കുചിത ദേശീയവാദത്തിന്‍റെ കാലത്ത് ഏറെ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യബോധത്തിന്‍റെ പ്രകാശനമാണ്. മണ്ടേലയുടെ വ്യക്തിസവിശേഷതകള്‍ ദക്ഷിണാഫ്രിയ്ക്കക്ക് മാത്രമല്ല ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ക്കുതന്നെ വലിയ പാഠമാണ് എന്നതില്‍ തര്‍ക്കമില്ല. കറുത്ത ഭൂഖണ്ഡം എന്ന് വംശീയവും കൊളോണിയലുമായ വിളിപ്പേരുകളില്‍ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയും സ്വയം നിര്‍ണ്ണയാവകാശം നിഷേധിക്കപ്പെടുകയും ചെയ്ത ആഫ്രിക്കന്‍ ഭൂവിഭാഗത്തിന്‍റെയും ജനാവലിയുടെയും കൂടി വിമോചക നായകനായിരുന്നു മണ്ടേല. അതുവരെ പല കോളനിവിമോചിത ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും തീരാശാപമായി മാറിയ ഏകാധിപത്യഭരണത്തിന്‍റെ പതിവു ചരിത്രമാണ് ആദ്യത്തെ അഞ്ചുവര്‍ഷം കഴിഞ്ഞു 1999 ല്‍ സ്വയം വിടവാങ്ങുമ്പോള്‍ മണ്ടേല തിരുത്തിയത്. അങ്ങിനെ ഏകാധിപതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം നയിക്കാന്‍ മണ്ടേല ലോകത്തെ പിന്നണി ജനവിഭാഗങ്ങളെ പ്രാപ്തരാക്കി.

ഏതൊരു വിമോചനപോരാട്ടവും പതുക്കെ ലക്ഷ്യം മറുന്ന് ഊര്‍ജ്ജം നഷ്ടപ്പെട്ട് പോകുന്നതിന്‍റെ ചിത്രം ഇരുപതുവര്‍ഷം പൂര്‍ത്തിയാകുന്ന സൗത്ത് ആഫ്രിക്കന്‍ രാഷ്ട്രീയം കാണിക്കുന്നു. മണ്ടേലയുടെ ആദ്യത്തെ എ. എന്‍. സി. മന്ത്രിസഭയില്‍ അംഗമായിരുന്ന റോണി കാസ്രില്സ് തന്‍റെ ആത്മകഥയായ Armed and Dangerous തുറന്നുപറഞ്ഞത് പലപ്പോഴും എ എന്‍ സിക്കുള്ളില്‍ മണ്ടേലയുടെ കാലത്ത് തന്നെ ഏറെ ത്യാഗം സഹിച്ചു നേടിയ വിമോചന രാഷ്ട്രീയം ഒത്തുതീര്‍പ്പാകുന്ന ഘടകങ്ങള്‍ നിലവിലുണ്ടായിരുന്നുവെന്നാണ്. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ രൂപപ്പെട്ടുവരുന്ന പുതിയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ആധിക്യം നാം കാണേണ്ടത് അങ്ങിനെയുള്ള ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയ അസംതൃപ്തികളുടെ അനിവാര്യമായ പ്രതികരണമായാണ്. ഉദാഹരണമായി എ. എന്‍. സി. യൂത്ത് ലീഗിന്‍റെ തീപ്പൊരി നേതാവായ ജൂലിയസ് മലെമ രാജിവച്ചു പുതുതായി രൂപം കൊടുത്ത എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്ന പുതിയ രാഷ്ട്രീയപ്രസ്ഥാനം യുവാക്കളും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രൂപം കൊടുത്തതാണ്. അടുത്തകൊല്ലം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വെളുത്ത ലിബറല്‍ പാര്‍ട്ടികളെക്കാളും എ.എന്‍.സി ക്ക് ഇവര്‍ ഭീഷണിയാവുമെന്നു കരുതുന്നു. പക്ഷെ പുതിയ ജനാധിപത്യ അന്വേഷണക്കാലത്തും മണ്ടേല തന്നെയാണ് വഴികാട്ടി. തന്‍റെ പ്രസംഗങ്ങളില്‍ ഒന്നില്‍ മണ്ടേല ഇപ്രകാരം പറയുന്നു: "അപ്പാര്‍തീഡ് ഭരണകൂടം ചെയ്യുന്നത് എ.എന്‍.സി. ഭാവിയില്‍ ആവര്‍ത്തിച്ചുവെന്നു കരുതുക. അപ്പോള്‍ എ.എന്‍.സി. എന്താണോ അപ്പാര്‍തീഡ് ഭരണകൂടത്തോട് ചെയ്തത് അത് നിങ്ങള്‍ എ.എന്‍.സി.യോട് ചെയ്യുക." ഇത് തന്നെയാണ് മണ്ടേലയ്ക്ക് ശേഷമുള്ള സൗത്ത് ആഫ്രിക്ക സ്വീകരിക്കാന്‍ സാധ്യതയുള്ള വഴി. തീര്‍ച്ചയായും മണ്ടേല നല്‍കിയ വലിയ ചോദ്യങ്ങള്‍ മാത്രമല്ല സുക്ഷ്മപ്രതികരണങ്ങളും ലോകം ഹൃദയത്തില്‍ സൂക്ഷിക്കും. മണ്ടേലയുടെ ഭൗതികശരീരം വിടവാങ്ങുമ്പോള്‍ അനാഥമാകുന്നതു നൈതിക ജനാധിപത്യത്തിന്‍റെ അനേകം ജീവിതസന്ദര്‍ഭങ്ങളാണ്. ജോഹനാസ്ബര്‍ഗിലെ എഫ്. എൻ. ബി. സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ജനലക്ഷങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല.

You can share this post!

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ഡോ. പവന്‍ ജോണ്‍ ആന്‍റണി (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts