ഒന്ന്
ഒരു പ്രഭാതത്തില്‍ ധ്യാനാനന്തരം ജൂതവിശുദ്ധനായ റാബിബുനാം തന്‍റെ ശിഷ്യന്മാരോടൊപ്പം പുറത്തേക്കു നടക്കാന്‍ പോയി. മഴനനഞ്ഞുകുതിര്‍ന്ന മണ്ണില്‍ പതുക്കെ പദമൂന്നി. തണുത്ത ഇളംകാറ്റിന്‍റെ സ്പര്‍ശമേറ്റ്, രാവിലെ വിരിഞ്ഞ പൂക്കളുടെ പരിമളം നുകര്‍ന്ന്, ചുറ്റുമുള്ള മരങ്ങള്‍ക്കിടയില്‍നിന്നു പുറപ്പെടുന്ന കുഞ്ഞുപ്രാണികളുടെയും കിളികളുടെയും ഒച്ചകള്‍ കേട്ട്, മരങ്ങള്‍ക്കിടയിലൂടെ വന്നുവീഴുന്ന സൂര്യകിരണങ്ങളെ നോക്കി നിശ്ശബ്ദം നടന്നുപോകവെ റാബിബുനാം എല്ലാം മറന്നുകൊണ്ട് തെല്ലിട പ്രാര്‍ത്ഥനയോടെ ഭൂമിക്കുനേരെ നോക്കി. അദ്ദേഹം കൈകൊണ്ട് ഒരുപിടി മണ്ണുവാരിയെടുത്ത് അതിലുള്ള ഓരോ മണ്‍തരിയെയും സൂക്ഷിച്ചു നോക്കി... അദ്ദേഹത്തിന്‍റെ കണ്‍പീലികള്‍ നനഞ്ഞു. ആ മണ്ണ് എടുത്ത ഭാഗത്തു തന്നെ മൃദുവായിവെച്ചുകൊണ്ട് കൈയിലെ മണ്‍തരികള്‍ അവിടെത്തന്നെ നിക്ഷേപിച്ചുകൊണ്ട്, "ഇവയെ ഇതിന്‍റെ സ്ഥാനത്തുനിന്നു മാറ്റുവന്‍ ഞാനാര്?" എന്ന് സ്വയം ഉരുവിട്ടുകൊണ്ട് അദ്ദേഹം പതുക്കെ അവിടെനിന്നു നടന്നുപോയി...
കരുണയുദിക്കുമ്പോള്‍ ഒരാള്‍ ഇപ്രകാരമായിരിക്കും. ഈ ഭൂമിയിലുള്ളതിനെയെല്ലാം നോക്കി നടത്തുന്ന ഒരു മഹാപ്രജ്ഞ എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതിനെയനുസരിച്ചു ജീവിക്കുമ്പോള്‍ ഭൂമി അയാള്‍ക്കൊരു സ്വര്‍ഗ്ഗമായി മാറുന്നു...
ഈയൊരു വിവേകം തീര്‍ത്തും കൈമോശം വന്നു കഴിഞ്ഞ ഒരു മനുഷ്യസഞ്ചയമാണ് ഭൂമിയിലെങ്ങും നിപതിയ്ക്കുന്നത്.
റാബിബുനാം ഒരിക്കല്‍ പറഞ്ഞു: "ഓരോരുത്തനും രണ്ടു പോക്കറ്റുകളുണ്ട്. അയാളുടെ വലതുകീശ വാക്കുകള്‍ക്കായുള്ളതാണ്; 'എന്‍റെ രക്ഷക്കായി ഈ ലോകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇടത്തേതില്‍ 'ഞാന്‍ മണ്ണും ചാരവുമാണ്' എന്നെഴുതിവെച്ചിരിക്കുന്നു.
യുക്തിവാദപരമായ അനുഭവൈക പ്രമാണങ്ങളെ ആധാരമാക്കി വളര്‍ന്നുവന്ന ശാസ്ത്രജ്ഞന്മാര്‍ ഒടുവില്‍ ഈ ഭൂമിയെ ചുരണ്ടിയത് പത്തുവട്ടം ചുട്ടുചാരമാക്കാനുള്ള വകയാണ് സമ്മാനിച്ചത്! മനുഷ്യന്‍ കേവലം പദാര്‍ത്ഥം മാത്രമാണെന്ന ചിന്ത ഇല്ലാതായാല്‍ ഹിരോഷിമയും നാഗസാക്കിയുമൊന്നും സംഭവിക്കുമായിരുന്നില്ല എന്ന് വിവേകികള്‍ തൊണ്ടപൊട്ടി നിലവിളിച്ചു പറഞ്ഞിട്ടും ശാസ്ത്രം സമ്മാനിച്ച സംഹാരത്തിന്‍റെ യാതന ലോകത്തില്‍ കൂടുതല്‍ വിപുലമായി, കൂടുതല്‍ അഗാധമായി മനുഷ്യരാശി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സയന്‍സും അതിന്‍റെ എല്ലാ വിജയങ്ങളും ഇന്ന് ജീവിക്കുന്ന മനുഷ്യന് സ്വസ്ഥമായൊരു ജീവിതം നല്‍കുന്നതിന് നിരുപയോഗമാണെന്ന് തെളിയിക്കുന്ന ഒരു ലോകമാണ് ഇന്നു നമ്മുടെ മുന്നില്‍ വളര്‍ന്നുനില്ക്കുന്നത്. 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ചുട്ടെരിക്കപ്പെട്ടപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന ആയിരങ്ങള്‍ കത്തിചാമ്പലായതിനേക്കാള്‍ കൊടിയ യാതന പിറക്കാനിരിക്കുന്ന പുതിയ തലമുറയെ കാത്തുനില്ക്കുന്നതു കാണാനുള്ള യഥാര്‍ത്ഥമായ ഒരു യുക്തിബോധമാണ് അഥവാ ദ്വന്ദ്വവാദപരമായ (ഡയലക്ടിക്കല്‍) ഒരു ബോധമാണ് മനുഷ്യകുലം ഇന്നാവശ്യപ്പെടുന്നത്.
ഒരാളുടെ സത്തയില്‍ പത്തിലൊന്നു മാത്രമാണയാളറിയുന്നത്. പത്തില്‍ ഒന്‍പതും ഇരുളിലാണ്. ബോധോദയത്തിലെത്തിയ ഒരു മനസ്സിന് ഇരുളിലുള്ളത്, അപ്പുറത്തുള്ളത് അറിയാനാവുന്നു. അത്തരമൊരു മനസ്സുകൊണ്ട് അസ്തിത്വത്തെ നോക്കിയാല്‍ യാഥാര്‍ത്ഥ്യം യുക്തിവാദപരമല്ല, മറിച്ച് ദ്വന്ദ്വവാദപരമാണ്. 'ജീവിതം വിപരീതങ്ങളിലൂടെ ചലിക്കുന്നുവെന്ന് ഇതു പറയുന്നു. നദി എതിരായി നില്ക്കുന്ന രണ്ടു കരകളിലൂടെ ഒഴുകുന്നതുപോലെയാണിത്. എതിരായി നില്ക്കുന്ന ആ രണ്ടു കരകളാണ് നദിയെ അവക്കിടയിലൂടെ ഒഴുകാനനുവദിക്കുന്നത്. രാവും പകലും, സ്ത്രീയും പുരുഷനും, ചൂടും തണുപ്പും, യൗവനവും വാര്‍ദ്ധക്യവും, ജനനവും മരണവും.... വിപരീതങ്ങള്‍ക്ക് മാത്രമാണ് ഒരു സിംഫണിയുണ്ടാക്കാനാവുന്നത്.
ജീവിതത്തിനു നേരെയുള്ള ദ്വന്ദ്വവാദപരമായ ഈ സമീപനം പടിഞ്ഞാറ് ഹെരാക്ലീറ്റസ്, ഹെഗല്‍ എന്നിവരിലൂടെയാണ് വളര്‍ന്നുവന്നത്. ഈ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതാണ് യുക്തിവാദപരമായ സമീപനം. ഈ സമീപനത്തിന്‍റെ പടിഞ്ഞാറന്‍ പിതാവ് അരിസ്റ്റോട്ടിലത്രെ. ഇതു തീര്‍ത്തും യുക്തിനിഷ്ഠമായ ഒരു ലൈനിലൂടെ മാത്രം സഞ്ചരിച്ചു.
"നിങ്ങളുടെ ദേഹമാകുന്ന തിരിയും ജീവിതമാകുന്ന എണ്ണയും രാവും പകലും എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അതില്‍ നിങ്ങള്‍ പുറത്തുനിന്നുള്ള എന്തൊക്കെയോ വായിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ചരിത്രവും സയന്‍സും പഠിച്ചിരിക്കാം, ഒരുപാട് വിഷയങ്ങള്‍ പഠിച്ചിരിക്കാം, ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചിരിക്കാം. പക്ഷേ, നിങ്ങളുടെ തന്നെ ജീവിതപുസ്തകത്താളുകള്‍ ഒന്നു വായിച്ചു നോക്കാന്‍പോലും നിങ്ങള്‍ക്ക് നേരമില്ല. വിളക്കണയും മുമ്പ് അതൊന്നു മറിച്ചുനോക്കുന്നത് ഒരാളെ പലതില്‍നിന്നും മുക്തനാക്കുന്നു" എന്നു പറഞ്ഞത് ജെ. കൃഷ്ണമൂര്‍ത്തിയാണ്. (The Book of Life)
~ഒടുവില്‍ ജെ. കൃഷ്ണമൂര്‍ത്തി അനുഭവത്തിനു പകരം യുക്തിയെ പ്രതിഷ്ഠിച്ച ആധുനിക ചിന്തയുടെ പരിമിതിയെ ഇപ്രകാരം തുറന്നു കാട്ടുകയുണ്ടായി:
"യുക്തിയെ രാജാവാക്കിയതാണ് മനുഷ്യനു പറ്റിയ മുഖ്യമായ യുക്തിരാഹിത്യം. നാം അടിസ്ഥാനപരമായി യുക്തിയില്ലാത്തവരാണ്. ഞാന്‍ എല്ലാറ്റില്‍ നിന്നും വേര്‍പെട്ടവനാണെന്ന യുക്തിരാഹിത്യം ഉണ്ടാക്കുന്നത് ചിന്തയാണ്. ഈ യുക്തിരാഹിത്യം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ യുക്തിപരമായി ജീവിക്കാന്‍ നമുക്കാവില്ല."
~ഒരു പൂ വളരെ ആഴത്തില്‍ നിന്നാണ് വരുന്നത്. പതുക്കെപ്പതുക്കെയതു വരുന്നു. അതവിടെ മരച്ചില്ലയില്‍ എത്തുന്നതുവരെ ഒരാള്‍ക്കതു കാണാനാവില്ല. പക്ഷേ അത് മണ്ണിന്‍റെ അടിത്തട്ടില്‍നിന്ന്, വേരുകളില്‍നിന്ന് നിറവും മണവുമായി ഒരു സുന്ദരനിമിഷത്തില്‍ ഭൂമിയില്‍ വന്നിരിക്കുന്നു!
ഒരു കവിയുടെ ഉള്ളില്‍ ഒരു പൂ ജീവിതത്തിന്‍റെ സുന്ദരവും സുരഭിലവുമായ എന്തെന്തു വികാരങ്ങളാണുണര്‍ത്തുന്നത്! ഒരു യുക്തിവാദിക്ക് അത് വെറുമൊരു പൂവ് മാത്രവും. മലയാളത്തില്‍ എം.സി.ജോസഫ്, ഇടമറുക് തുടങ്ങിയവര്‍ ഉണ്ടാക്കിവെച്ച യുക്തിവാദപൈതൃകം കേവലം കടലാസുപൂക്കളെപ്പോലെ. പൂന്താനം, നാരായണഗുരു എന്നിവര്‍ ഉണ്ടാക്കിവെച്ച വചനപൈതൃകം തുളസിപ്പൂക്കളെപോലെയും. കടലാസുപൂക്കള്‍ക്ക് നിറവും ആകര്‍ഷണവുമുണ്ട്, മണമില്ല. തുളസിപ്പൂക്കള്‍ക്ക് നിറവും ഭംഗിയുമില്ല, മണമുണ്ട്.
പശുവിനെപ്പറ്റി ചിന്തിക്കുമ്പോള്‍ പശുവിനെപ്പറ്റിയുള്ള ബോധം ഒരാള്‍ക്കുണ്ടാകും. അതിന്‍റെ ചിന്തയും. എന്നാല്‍ ഒരു പശുതന്നെ ഒരാളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പശുവിനെപ്പറ്റി അയാള്‍ ചിന്തിക്കുകയല്ല. അത് കാണുകയണ്, അനുഭവിക്കുകയാണ്.
മനസുകൊണ്ട് ഒന്നു കേള്‍ക്കുമ്പോള്‍ ഒരാള്‍ക്ക് ഒന്നും ശരിയായി കേള്‍ക്കാനാവുകയില്ല. കാരണം, മനസ് അതിനെ വ്യാഖ്യാനിക്കുന്നു, താരതമ്യം ചെയ്യുന്നു. യുക്തിവല്‍ക്കരിക്കുന്നു. മനസ്സ് കൂടാതെ, വ്യാഖ്യാനം കൂടാതെ, താരതമ്യം കൂടാതെ, ശരി-തെറ്റ് എന്നു പറയാതെ കാണുക, കേള്‍ക്കുക. മനസ് എന്നത് അപഗ്രഥനം, വിഭജനം, ശിഥിലനം ഉള്ളതാകുന്നു. മനസിന് ഒന്നിന്‍റെ ചില ഭാഗങ്ങളെ അറിയാനാവുന്നു. മറിച്ച് സമഗ്രമായി അറിയാനാവുന്നില്ല. അതുകൊണ്ട് മനസുകൊണ്ടുള്ള യുക്തിവാദം എപ്പോഴും സത്യത്തെ ഭാഗികമായി, അസമഗ്രമായി, പരിമിതമായി, താല്‍ക്കാലികമായി മാത്രം നിലനിര്‍ത്തുന്നു.
മണ്ണിലൂടെ ഒരാള്‍ നടക്കുമ്പോള്‍ അവിടെ കാലടികള്‍ പതിയുന്നു. എന്നാല്‍ ഒരു കിളി ആകാശത്തില്‍ പറക്കുമ്പോള്‍ ഒരടയാളവും അവിടെ ബാക്കിയാവുന്നില്ല. യുക്തി ഉപയോഗിച്ചുകൊണ്ടുള്ള മനസിന്‍റെ യാത്ര മണ്ണിലൂടെ നടന്നുപോകുന്നതുപോലെയത്രേ.
മനസ് നിശ്ശബ്ദമായാല്‍ ഒരാള്‍ ഉണര്‍ന്നവനാകുന്നു. മനസ് ഇല്ലാതായല്‍ ഒരാള്‍ ബോധോദയമുള്ളവനാകുന്നു. സെന്‍ കാഴ്ചപ്പാടില്‍ Ultimate Sickness is think (പരമമായ രോഗം ചിന്തിക്കല്‍) ആണെന്നു പറഞ്ഞിരിക്കുന്നു. രോഗമുള്ള ഒരാള്‍ മോശമായി ട്യൂണ്‍ ചെയ്യപ്പെട്ട ഒരു പിയാനോ പോലെയത്രേ. ചിന്തനമെന്ന രോഗത്തിന്‍റെ പിടിയിലമര്‍ന്ന ഒരാള്‍ക്ക് തന്‍റെ ജീവിതഗാനം സുന്ദരമായി പാടാനാവുന്നില്ല എന്ന് അയാള്‍ ഒരിക്കലും അറിയുന്നില്ല.
ഒരു സത്സംഗത്തില്‍ ഇരിക്കുന്നവരോടെല്ലാം ഒരു ഗ്ലാസ് വെള്ളം എടുക്കാനായി പ്രഭാഷകന്‍ പറഞ്ഞു; തുടര്‍ന്ന് 'കുരങ്ങനെപ്പറ്റി ചിന്തിക്കാതെ ആ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ക്കുക!' എന്നും. എല്ലാവരും വെള്ളം കുടിച്ചു. താന്‍ പറഞ്ഞതുപോലെ വെള്ളം കുടിച്ചവര്‍ എഴുന്നേറ്റു നില്ക്കുക എന്ന് പറഞ്ഞപ്പോള്‍ ഒരാളും എഴുന്നേറ്റുനിന്നില്ല. അവര്‍ അദ്ദേഹത്തോടു ചോദിച്ചു: "അങ്ങ് എന്തിനാണ് ഇപ്രകാരം ഒരു ഉപാധി വെച്ചത്? അദ്ദേഹം ചിരിച്ചു. "നിങ്ങളുടെ മനസിനെ മനസിലാക്കാനുള്ള ഒരുപാഠമാണിത്?"
നിങ്ങളെന്തു നിഷേധിക്കുന്നുവോ, അടിച്ചമര്‍ത്തുന്നുവോ അതിലേക്ക് പോകാന്‍ മനസ് വെമ്പുന്നു. മനസ് ഇടപെടുമ്പോള്‍ ഒന്നും ആസ്വദിക്കാനാവുകയില്ല. ഒരു യുക്തിവാദിക്ക് മനസില്‍ യുക്തിവാദം നടത്തി കുരങ്ങിനെ ഓര്‍ക്കാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക എന്ന നിര്‍ദ്ദേശം സാധിക്കാനാവില്ല.
പ്രസക്തമായൊരു സെന്‍ കഥ ഓര്‍ക്കുന്നു:
ശിഷ്യര്‍ക്ക് ദൈവത്തെപ്പറ്റി എണ്ണമറ്റ ചോദ്യങ്ങളുണ്ടായിരുന്നു. ഗുരു പറഞ്ഞു: "ദൈവം അജ്ഞാതനാണ്. അറിയപ്പെടാനാവാത്തവനും. അവനെപ്പറ്റിയുള്ള ഓരോ പ്രസ്താവനയും നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഓരോ ഉത്തരവും സത്യത്തെ ശിഥിലീകരിക്കുന്നതാണ്." ശിഷ്യന്മാര്‍ അമ്പരന്നു.
"അങ്ങനെയാണെങ്കില്‍ അങ്ങ് അദ്ദേഹത്തെപ്പറ്റി എപ്പോഴും പറയുന്നതെന്തിനാണ്?"
ഇതിന് ഗുരുവിന്‍റെ ഉത്തരം ഒരു ചോദ്യമായിരുന്നു.
"ഒരു പക്ഷി എന്തിനു പാടുന്നു?"
ഇവിടെ കഥ അവസാനിക്കുന്നു. ഇവിടെ ശിഷ്യന്മാര്‍ മൗനത്തില്‍ ഇരുന്ന് ഉത്തരത്തിലേക്കെത്തണം. കിളിക്ക് എന്തെങ്കിലും പറയാനുള്ളതുകൊണ്ടല്ല അതു പാടുന്നത്. മറിച്ച്, അതിന് ഒരു പാട്ടുള്ളതുകൊണ്ടാണ്. പണ്ഡിതന്മാരുടെ വാക്കുകള്‍ നമുക്ക് മനസിലാക്കാനാവില്ല. സെന്‍ ഗുരുവിനത് മനസിലാക്കാനാവില്ല. ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള കാറ്റിനെയും ശബ്ദത്തെയും ഒരു പക്ഷിയുടെ പാട്ടിനെയും ശ്രദ്ധിക്കുന്നതുപോലെ അതു ശ്രവിക്കുന്നു. അവ ഹൃദയത്തിലുള്ള എന്തിനെയോ ഉണര്‍ത്തുന്നു. അത് എല്ലാം അറിവുകള്‍ക്കും യുക്തികള്‍ക്കും അപ്പുറത്താണ്.
രണ്ട്
"നൂതനം നൂതനം പഥേ, പഥേ" എന്നാരംഭിക്കുന്ന ഗുരു നാനാക്കിന്‍റെ സുന്ദരമായ 'ശബ്ദി' ല്‍ പറയുന്നു.
എത്രകണ്ടാലും കേട്ടാലും ബോറാവില്ല
എപ്പോഴും നവ്യം, നവ്യം
രാവും പകലും ഞാന്‍ അമര്‍ത്യനായ
ആത്മാവാണ്, പ്രകാശമാണ്.
എന്ന ചിന്തയുണ്ടാവണം.....
ധ്യാനപൈതൃകത്തിന്‍റെ വഴിയില്‍ മുന്‍വിധികളേതുമില്ലാതെ സഞ്ചരിക്കുമ്പോള്‍ മനുഷ്യന്‍റെ ദേഹം ദേഹത്തിന്‍റെ നിശ്ചലത, നിശ്ശബ്ദത, ഇന്ദ്രിയങ്ങളുടെ ശീതളാവസ്ഥ, ശുദ്ധബോധാവസ്ഥ, സ്ഥലകാലസ്പര്‍ശമില്ലാത്ത മനസ്സിന്‍റെ നിശ്ശബ്ദത ഒക്കെ ഒരനുഭവമായിത്തീരുമ്പോള്‍ നമുക്കു പ്രകൃതി കനിഞ്ഞുനല്‍കിയ നമ്മുടെ ദേഹം എത്ര വിലമതിക്കാനാവാത്ത ഒരുപകരണമാണെന്നു നാം തിരിച്ചറിയുന്നു.
ഒരാള്‍ ഇരിക്കുമ്പോള്‍, നില്‍ക്കുമ്പോള്‍, നടക്കുമ്പോള്‍, ഓടുമ്പോള്‍, കിടക്കുമ്പോള്‍, ദേഹത്തിന്‍റെ അവബോധം, അനുഭൂതി വേറെ വേറെ അവസ്ഥകളിലാണ്. ഇരിക്കുമ്പോള്‍ മനസ്സും ഇരുന്നുകൊണ്ടു ചിന്തയിലേയ്ക്കു കടക്കുകയാണ്. കിടക്കുമ്പോഴാകട്ടെ ചിന്തകള്‍ ശാന്തമാവുകയാണ്, മനസപ്പോള്‍ വിശ്രമത്തിലേക്ക് ചായുകയാണ്. രണ്ടുകാലുകളില്‍ നില്‍ക്കുമ്പോള്‍ ദേഹത്തിന്‍റെ ഊര്‍ജ്ജത്തില്‍ മാറ്റം വരുന്നു. ഓടുമ്പോളാകട്ടെ ദേഹം തീര്‍ത്തും ഭിന്നമാണ്. അപ്പോള്‍ ശരീരം ധാരാളം പ്രാണവായു എടുക്കുകയും ചിന്തകളില്ലാത്ത ഒരവസ്ഥയിലേക്കു സ്വയമറിയാതെ പ്രവേശിക്കുകയുമാണ്. മന്ദതാളത്തില്‍, ചടുലതാളത്തില്‍ ദേഹം ചലിക്കുമ്പോള്‍, നൃത്തം വയ്ക്കുമ്പോള്‍ ദേഹം പൂര്‍ണ്ണമായും മറ്റൊരവസ്ഥയിലേയ്ക്കു പ്രവേശിക്കുകയാണ്. ദേഹത്തിന്‍റെ ബാഹ്യാവയവങ്ങളുടെ ചലനം, ക്രമമായ താളം ദേഹത്തിനൊപ്പം മനസിലും സത്തയിലും മോഹനമായ, സ്വച്ഛമധുരമായ ചില ഈണങ്ങള്‍, ഊര്‍ജ്ജങ്ങള്‍ ഉണര്‍ത്തുകയാണ്....
ഇതെല്ലാം ലോകത്തിലെ ഭിന്നമായ സാധനാ മാര്‍ഗ്ഗങ്ങളില്‍ ഈ ലേഖകന് അനുഭവപ്പെടുകയാണ്. ലോകത്തിലുള്ള ഏതു ധ്യാനരീതികളായാലും അതിലേക്ക് സവിശേഷമായ അന്തര്‍ജ്ഞാനത്തോടെ, അന്തര്‍മുഖതയോടെ, ഏകാന്തതയോടെ, ഏകാഗ്രതയോടെ, നിശ്ശബ്ദതയോടെ നിശ്ചലതയോടെ പ്രവേശിക്കുന്ന ഒരു സാധകന്‍ തന്‍റെ ദേഹത്തിലും മനസിലും സൂക്ഷ്മസത്തയിലും അനുഭവിക്കുന്ന സ്വച്ഛതയും സമാധാനവും സ്നേഹവും ദെക്കാര്‍ട്ടിന്‍റെ "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്ന ദര്‍ശനത്തിന് ഒരിക്കലും എത്തിപ്പെടാനാവില്ല. "ഞാനനുഭവിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്ന് ഇത്തരം വഴിയിലൂടെ കടന്നുപോയ ഏതൊരെളിയ സാധകനും അനുഭവപ്പെടുന്നു. അതേതെങ്കിലും ഒരാളോടു വിനിമയം ചെയ്യുന്നതുപോലും അതിന്‍റെ ശുദ്ധിയെ ഹനിക്കുമെന്നതുകൊണ്ട് അത് വെളിപ്പെടുത്താതിരിക്കുന്നതിലാണയാള്‍ സന്തോഷം കണ്ടെത്തുക.
ബുദ്ധന്‍റെ ശ്വസന പാഠങ്ങള്‍, പതഞ്ജലിയുടെ ശ്വാസരഹസ്യങ്ങള്‍, ബുദ്ധന്‍റെ തന്നെ നടത്തധ്യാനം, സൂഫിനൃത്തപാഠം, ഗുര്‍ജിസിന്‍റെ താളാത്മകമായ ചലനങ്ങളുടെ പാഠം - ഇവയൊക്കെയും ദേഹത്തെ, ഇന്ദ്രിയങ്ങളെ അവധാനതയോടെ, ഒരു വീഞ്ഞുപോലെ ഉപയോഗിക്കാന്‍, പരിശീലിക്കാന്‍, അനുഭവിക്കാന്‍ പറഞ്ഞിരിക്കുന്നു. ലാവോത്സു, ബുദ്ധന്‍, പതഞ്ജലി എന്നിവര്‍ ശ്വാസത്തെപ്പറ്റിയുള്ള സൂക്ഷ്മസത്യങ്ങള്‍ വെളിപ്പെടുത്തിയ ശ്വാസത്തിന്‍റെ ശാസ്ത്രജ്ഞന്മാരായിരുന്നു.
സാധനയിലൂടെ ദേഹം ഒരു തളിരിലപോലെ മൃദുലവും സംവേദനപരവുമാകുന്നതുപോലെ നമ്മുടെ മനസ്സിനെ ശുദ്ധതയിലേക്ക്, സ്വച്ഛതയിലേക്ക്, നിര്‍ഭയതയിലേക്ക്, പൂര്‍ണ്ണമായ അനുഭൂതിപരതയിലേക്ക് നയിക്കുന്ന പല സാധനകളും ലോകത്തിലുണ്ടായിട്ടുണ്ട്. 'അകൃത് സമാധി' ധ്യാനക്രമത്തില്‍ ഞാനൊരു മനുഷ്യന്‍റെ പുത്രന്‍ എന്നതിനു പകരം 'ഞാനാത്മാവ് നാശമില്ലാത്തത്' എന്നാണനുഭവപ്പെടുക. ഇതില്‍ മൃതിഭയം പോകുന്നു. ആനന്ദം വളരുന്നു. 'മണിപുരചക്ര'ത്തിനു താഴെയുള്ള 'ഹരചക്ര'ത്തില്‍ ശ്വസനത്തെ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ശ്വസനസമ്പ്രദായങ്ങള്‍, ദേഹത്തിലും മനസിലും വല്ലാത്ത ഒരു നിര്‍ഭയതയുണര്‍ത്തുന്നു. 'തഥാതയോഗ'യെന്ന സാധന ചെയ്യുമ്പോള്‍ ജീവിതത്തിലും മൃതിയിലും എന്തുവന്നാലും അത് അതുപോലെ കൈക്കൊള്ളുക. വിധിനിര്‍ണ്ണയമില്ലാതെ, താരതമ്യമില്ലാതെ, ദുഃഖമോ, സുഖമോ എന്നു നോക്കാതെ, പരാതിയില്ലാതെ, സ്തുതിക്കാതെ, നിന്ദിക്കാതെ എന്താണോ വരുന്നത് അതങ്ങനെത്തന്നെ സ്വീകരിക്കുക... ജീവിതത്തില്‍ 'തഥാത' പരിശീലിച്ചാല്‍ മരണത്തിലും അതു നടക്കും. മൃതി അപ്പോള്‍ അമൃതായി മാറും.
മൂന്ന്
ബുദ്ധന്‍ ഒരവസരത്തില്‍ പറഞ്ഞു:
"നിര്‍ത്ത്, നിര്‍ത്ത്, മിണ്ടരുത്!
പരമസത്യം ചിന്തിക്കാന്‍ പോലുമാകാത്തതാണ്!"
ആകാശം തെളിഞ്ഞിരിക്കുമ്പോള്‍ സൂര്യന്‍ പ്രത്യക്ഷമാവുന്നു. ഭൂമി വരണ്ടിരിക്കുമ്പോള്‍ മഴ വീഴുന്നു....
അദ്ദേഹം ഹൃദയം മലര്‍ക്കെ തുറക്കുകയും സംസാരിക്കുകയും ചെയ്തു.....
"കാതുകള്‍ കൂടാതെ നിശ്ശബ്ദതയിലൂടെ കേള്‍ക്കുക
കണ്ണുകള്‍ കൂടാതെ ഇരുളിലൂടെ കാണുക
വാക്കുകള്‍ കൂടാതെ പറയാത്തത് അറിയുക" എന്നും കാതുകള്‍ വിശാലമായി തുറന്ന് ചിന്തയില്ലാതെ ശ്രവിക്കുക. കണ്ണുകള്‍ വിശാലമായി തുറന്ന് ചിന്തയില്ലാതെ കാണുക എന്നൊക്കെയുള്ളത് സ്വയം അനുഭവിക്കുന്ന ഒരു സാധകന്‍റെ അനുഭവസത്യം. പക്ഷേ പന്നികളോടും മീനുകളോടും പറയുന്നതു വ്യര്‍ത്ഥമെന്ന് ചില മഹായോഗികള്‍ പറയുന്നത് താഴ്ന്ന ബോധാവസ്ഥയില്‍ കെട്ടിയിടപ്പെട്ടു കഴിയുന്ന ചിലരെ ഉദ്ദേശിച്ചാണെങ്കിലും ഇതൊന്നുമറിയാത്ത അവരുടെ ഭൗതികശുഷ്ക ജീവിതം, ഹാ, കഷ്ടം.'
ശരിയായ സമയം മഴ അരുവിയായി മാറുന്നു, അരുവി പുഴയായും പുഴ കടലായും മാറുന്നു. നാമോരോരുത്തനും നമ്മുടെ താഴേക്കുള്ള വഴിക്ക് ഒഴുകുന്നു. നാം മഴയോ അരുവിയോ പുഴയോ കടലോ ആണെങ്കില്‍ ഇതെങ്ങനെ ഒരു പ്രശ്നമാകും? എന്നാല്‍ അരുവിയെ പുഴയില്‍ നിന്നും മഴയെ കടലില്‍ നിന്നും വേര്‍തിരിക്കുമ്പോള്‍ പ്രശ്നം ആരംഭിക്കുന്നു. വാക്കുകള്‍ കൂടാതെ ഓരോന്നും കാണുക...
"യുക്തിക്കപ്പുറത്ത്, അഞ്ചിന്ദ്രിയങ്ങള്‍കൊണ്ട് കാണാനാവാത്തതെന്തോ ചിലത് സ്ത്രീക്കും പുരുഷനും തമ്മിലുണ്ട്. അതറിയുവാനായി കേള്‍ക്കൂ, അവിടെ നിശ്ശബ്ദതയുണ്ട്. മണക്കുകയും രുചിക്കുകയും ചെയ്യുക. ഒന്നുമില്ല. ശൂന്യതയെ സ്പര്‍ശിക്കുക. കണ്ണുകള്‍ക്കൊരിക്കലും അതു കാണാനാവില്ല" എന്ന് ao of Relationshipല്‍ റെഗ്രിഫ് പറയുന്നു.
"നമ്മുടെ മാതാപിതാക്കള്‍ പിറക്കും മുമ്പുതന്നെ നമ്മുടെ ശരിയായ മുഖം രൂപമെടുത്തിരിക്കും" എന്ന് സെന്‍ പൈതൃകത്തില്‍ പറയുന്നത്.
ഒരു കുഞ്ഞ് ജനിക്കുന്നതോടൊയല്ല അവന്‍റെ അസ്തിത്വം ആരംഭിക്കുന്നത്. അവനവിടെ സദാ ഉണ്ട്. ഇപ്പോള്‍ മാത്രമാണവന്‍ ഈ രൂപത്തില്‍ വന്നത്.
അതുപോലെ ഒരു കഷണം കടലാസുണ്ടാകുന്നതിനു മുമ്പ് മേഘങ്ങളിലും മരങ്ങളിലും അതുണ്ടായിരുന്നു.
"ഞാന്‍ തന്‍റെ അച്ഛനാണ്.
എന്‍റെ പൂര്‍വപിതാക്കള്‍ എന്നിലുണ്ട്" - വസുബന്ധു
സത്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ അച്ഛന്‍റെ തുടര്‍ച്ചയാണ്. നാം പുഞ്ചിരിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍, പ്രവര്‍ത്തിക്കുമ്പോള്‍ ഇവരെല്ലാമാണതു ചെയ്യുന്നത്.
ഒരു പൂവ് പൂവിന്‍റെതല്ലാത്ത നിരവധി ഘടകങ്ങളാല്‍ നിര്‍മ്മിതമായതുപോലെ മനുഷ്യന്‍റെ ദേഹവും സൂക്ഷ്മസത്തയും മനുഷ്യന്‍റേതല്ലാത്ത ഘടകങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, യുക്തിവാദപരമായ ചിന്ത പുലര്‍ത്തുന്ന ഒരാളുടെ ചിന്തകള്‍ വിശകലനവും അപഗ്രഥനവും തീര്‍ത്തും സങ്കുചിതവും പരിമിതവുമായിരിക്കും. ബോധോദയത്തിലെത്തിയവരുടെ ബോധനിറവില്‍ നിന്നു വരുന്ന ചിന്തകളും സങ്കല്‍പ്പങ്ങളും ഒരു 'യുക്തിവാദി' മനസിന് ഒരിക്കലും അറിയില്ല. കാരണം ഒരു യുക്തിവാദിയുടെ മനസ് ഒരു പാത്രത്തിന്‍റെ ഉള്ളിലുള്ള സ്ഥലത്തെ മാത്രം അനുഭവിക്കുന്ന ഒരു മീനിനെ പോലെയാണ്. യുക്തിവാദിയല്ലാത്ത മനസ് പാത്രത്തിന്‍റെ അകത്തും പുറത്തുമുള്ള സ്ഥലരാശിയിലെ ജലത്തിലേക്കൊക്കെ വ്യാപിച്ചു പോകുന്ന അതിരറ്റ ബോധമാണ്.
ലാവോത്സു, ബുദ്ധന്‍, യേശു, നബി, ഗുരുനാനാക്, സെന്‍, സുഫി, വേദാന്തപാതയിലെ യോഗികള്‍ - അവരുടെ അതീതമനസില്‍ വരുന്ന ഉള്‍ക്കാഴ്ചകളെ അറിയാന്‍ മുന്‍വിധികളില്ലാത്ത ഒരു മനസോടെ അതിലേക്ക് ഇറങ്ങിച്ചെല്ലുകയേ വേണ്ടൂ!