ദൈവം സാങ്കല്പിക സൃഷ്ടിയാണെന്നും പ്രപഞ്ചം യാഥാര്‍ത്ഥ്യമാണെന്നും വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍. മനുഷ്യസ്വഭാവം അതീവ സങ്കീര്‍ണ്ണമാകയാല്‍ ഓരോ മനുഷ്യനും തന്‍റെ ജീവിതപശ്ചാത്തലത്തിന്‍റേയും, സാഹചര്യങ്ങളുടേയും അടരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് തന്‍റെ ജീവിതം പടുത്തുയര്‍ത്തുന്നത്. അവിടെ ചിന്തയും ധ്യാനവും സഞ്ചരിക്കുന്ന വഴികള്‍ വ്യത്യസ്തമായിരിക്കും. ഓരോരുത്തര്‍ക്കും അവരവരുടേതായ മുന്‍വിധികളുണ്ട്. മനുഷ്യര്‍ സ്വയം ആര്‍ജ്ജിച്ച ഇച്ഛാശക്തിയുടെ പിന്നാലെ സഞ്ചരിക്കും. അതിനെ തടയാന്‍ വരുന്ന ആരേയും അവന്‍ അംഗീകരിക്കുകയില്ല.
യുക്തിബോധത്തിന്‍റെ പ്രഭാവത്തില്‍ സഞ്ചരിക്കുന്നയൊരാള്‍ ഈ ലോകത്ത് സംഭവ്യമാകാന്‍ സാധ്യതയുള്ളതിനെ മാത്രമേ ഉള്‍ക്കൊള്ളുകയുള്ളൂ. കാണാത്ത കാര്യങ്ങളുടെ സംഭവ്യസാധ്യതകളെ അയാള്‍ ഒരു വിധത്തിലും അംഗീകരിക്കുകയില്ല.
ഇവിടെയാണ് യുക്തിവാദിയും ആത്മീയവാദിയും തമ്മിലുള്ള വ്യത്യാസം. ഈ ലോകത്തിലെ, സൃഷ്ടിപരതയില്‍ വിവിധ ഘടകങ്ങള്‍ സമ്മേളിച്ചാണ് ഈ പ്രപഞ്ചം നിലനില്‍ക്കുന്നത്. ആ ഘടകങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും മനനം നടത്തുകയും ചെയ്യുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന സത്യമായിരിക്കണം സംഭവ്യതയെന്ന് യുക്തിവാദികള്‍ വാദിക്കുന്നു. ലോകത്തിലെ വിവിധ ഘടകങ്ങളുടെ ശക്തിയും കഴിവും ബലവും കണക്കാക്കുന്നത് ഒരു യുക്തിബോധമാര്‍ന്ന സ്കെയിലിലൂടെയായിരിക്കണമെന്ന് അവര്‍ കരുതുന്നു. യുക്തിഭദ്രമല്ലാത്ത ഏതൊരു വാദത്തേയും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. യുക്തിപരതയിലൂടെ ഈ ലോകത്തിലെ ഏത് തത്വങ്ങളും മനുഷ്യന്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. വെറുതെ കണ്ണടച്ച് അന്ധമായി ഇരുട്ടിലെ പൂച്ചയെ തപ്പി കണ്ടെത്തിയിരിക്കുന്നു എന്നു പറയുകയല്ല വേണ്ടത്. അവര്‍ ചോദിക്കുന്നു. യുക്തി കണ്ടെത്താതെ നമുക്ക് സംഭവ്യകതയെക്കുറിച്ച് പറയാനും വിലയിരുത്താനും കഴിയുന്നതെങ്ങനെ?
നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായ തെളിവുകളിലൂടെ സംഭവിക്കുമ്പോഴാണ് അത് നിലനില്‍ക്കുന്ന സത്യമായി ഉറപ്പിക്കാന്‍ കഴിയുന്നത്. ആത്മീയവാദികള്‍ക്ക് അക്കാര്യത്തില്‍ വ്യക്തമായി ഒരു ഉറപ്പും പറയാനില്ല. അവര്‍ യുക്തിവാദത്തെ നിശിതമായി എതിര്‍ക്കുകയാണ് ചെയ്യുന്നത്. അത് തെളിയിക്കാന്‍ ശ്രമിക്കാറേയില്ല.
മനുഷ്യന്‍റെ പൂര്‍വ്വാതീതമായ ഓര്‍മ്മയ്ക്കും പ്രത്യാശനിറഞ്ഞ കാത്തിരിപ്പിനുമപ്പുറത്ത് നിലകൊള്ളുന്ന സത്യത്തെ കാണാത്ത കാര്യങ്ങളുടെ നിശ്ചയമായി വിശ്വസിച്ചുറപ്പിച്ചാലേ മനുഷ്യജീവിതം പൂര്‍ണ്ണമായി സായൂജ്യമടയൂ എന്ന് ആത്മീയവാദികള്‍ അടിവരയിടുന്നു. അതാണ് അവരുടെ വിശ്വാസപൂര്‍ണ്ണിമ. പല മതവിഭാഗങ്ങളിലുമുള്ളവര്‍ പല രീതിയില്‍ അതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമ്പോള്‍ ക്രിസ്ത്യാനികളാകട്ടെ അതിനെ ബൈബിളില്‍ ഇങ്ങനെ വ്യാഖ്യാനിക്കുന്നു. എബ്രായര്‍ക്ക് എഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായത്തിലെ വസ്തുതകള്‍ അവര്‍ ഇപ്രകാരം നിരത്തുന്നു. ലോകം ദൈവത്തിന്‍റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് അവര്‍ സാക്ഷീകരിക്കുന്നു. (എബ്രായര്‍ 11:1-3) വിശ്വാസമെന്നതോ ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂര്‍വ്വന്മാര്‍ക്ക് സാക്ഷ്യം ലഭിച്ചത്. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നുവരുമാറ് ലോകം ദൈവത്തിന്‍റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല്‍ അറിയുന്നു. യോഹന്നാന്‍റെ സുവിശേഷം 1-ാം അദ്ധ്യായം 1-3 വാക്യങ്ങള്‍: ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സകലവും അവന്‍ മുഖാന്തരം ഉളവായി. (ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല.) ഇത്തരം വചനങ്ങളുടെ നിറവില്‍ അവര്‍ തങ്ങളുടെ വിശ്വാസജീവിതത്തെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.
ഏതൊരു മതവിശ്വാസികള്‍ക്കും അവരുടേതായ മതഗ്രന്ഥങ്ങളില്‍ കുറെ കഥകളും മിത്തുകളും ഉണ്ട്. അവയുടെ അന്തര്‍ധാരകള്‍ ഒഴുകിചെല്ലുന്നത് നന്മയിലേക്കും മനുഷ്യന്‍റെ വിശുദ്ധീകരണത്തിലേക്കും മനുഷ്യപരിവര്‍ത്തനത്തിലേക്കുമാണ്. പക്ഷേ അതു മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ ജീവിക്കുന്ന ആത്മീയവിശ്വാസികള്‍ പല പൊള്ളയായ ആത്മീയ അന്ധതയ്ക്കും വശംവദരായി ഇന്ന് സമൂഹത്തില്‍ പേക്കൂത്തുകള്‍ കാട്ടിക്കൂട്ടുന്നു. അത് ചോദ്യം ചെയ്യപ്പെടുന്നതാകട്ടെ കൂടുതലും നിരീശ്വരവാദികളാലാണ്.
ഈശ്വരവിശ്വാസികള്‍ ആയിരിക്കുമ്പോള്‍തന്നെ അവരില്‍ ഒട്ടുമിക്കവരും ദൈവികകല്പനകളെ ത്യജിക്കുന്നവരും മറുതലിക്കുന്നവരുമാണ്. അങ്ങനെയുള്ള വിശ്വാസികളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം തന്നെ എത്രയ്ക്ക് തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ ഏതൊരു യുക്തിവാദിക്കും നിരീശ്വരവാദിക്കും കഴിയും.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന് വിശുദ്ധ ബൈബിള്‍ പറയുമ്പോള്‍ ആത്മീയരെന്നു പറയുന്നവരില്‍ പലരും പാപതുല്യമായ തെറ്റുകളുടെ അടിമചങ്ങലയില്‍ അസ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്.
നോയമ്പുകാലത്തും വ്രതകാലത്തും വിശുദ്ധിയുടെ പരിവേഷം അണിയുന്നവര്‍ ആ കാലം കഴിയുമ്പോള്‍, ആ ചടങ്ങു കഴിയുമ്പോള്‍ ദുര്‍മാര്‍ഗിയുടെ വേഷവും ഭാവവും സ്വയം സ്വീകരിക്കുന്നവരായി മാറുന്ന കാഴ്ചയാണ് ലോകം ഇപ്പോള്‍ കാണുന്നത്. നോയമ്പും വ്രതവും കഴിയുമ്പോള്‍ മദ്യപാനം, പീഡനം തുടങ്ങി എത്രയെത്ര കുത്സിതപ്രവൃത്തികള്‍ ചെയ്തുകൂട്ടുന്നു ഇവര്‍. ഇതുകണ്ട് കേവലയുക്തിയാല്‍ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും ഈ കപടവിശ്വാസത്തെ കൊഞ്ഞനംകുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഈശ്വരവിശ്വാസികള്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ മൂല്യത്തകര്‍ച്ചയുടെ വലിയ ഒരു കണക്ക് നാം വായിച്ചെടുക്കേണ്ടിവരും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?
നേരിട്ടു കാണാത്ത, നേരിട്ടനുഭവിക്കാത്ത സത്യങ്ങള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ലെന്നതുതന്നെ. പലപ്പോഴും ആത്മീയവിശ്വാസികള്‍ ബഹിര്‍ഗമമായ കാരണങ്ങളെയാണ് ആശ്രയിക്കുന്നത്. അതിന് അവര്‍ ഒരു ദൈവിക പരിവേഷം എപ്പോഴും ചാര്‍ത്തുന്നു. എന്നാല്‍ നിരീശ്വരവാദികളാകട്ടെ നേരില്‍ കാണാനോ, നേരിട്ടു തൊട്ടു സ്പര്‍ശിച്ചറിയാത്തതോ ആയ കാരണത്തെ അവര്‍ അസ്വഭാവികമെന്ന് കണ്ടെത്തി പാടെ നിരാകരിക്കുന്നു. കപട ആത്മീയവിശ്വാസിയായി ജീവിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് നിരീശ്വരവാദിയായി യുക്തിബോധത്താല്‍ കാപട്യമില്ലാതെ മനുഷ്യസമൂഹത്തില്‍ ജീവിക്കുന്നത്. യുക്തിവാദം മനുഷ്യന്‍റെ ചിന്താശക്തിയെ പരിപോഷിപ്പിക്കാന്‍ പ്രാപ്തമാണ്. ഭൗതികലക്ഷ്യബോധത്താല്‍ നന്മയുടെ കിരണങ്ങളാല്‍ അതിനെ പൊതിഞ്ഞു സൂക്ഷിച്ചു മുന്നേറുന്ന ഒരു നിരീശ്വരവാദിയേക്കാള്‍ അധമനായി ജീവിക്കുന്ന ഒരു ഈശ്വരവിശ്വാസിക്ക് ഈ ലോകത്തില്‍ എന്തു പ്രസക്തി? ദൈവനാമം ദുഷിക്കാനേ അതു പ്രയോജനപ്പെടൂ. യുക്തിവാദികള്‍ പറയുന്നതിങ്ങനെ: 'പ്രപഞ്ചോത്പത്തിയുടെ യഥാര്‍ത്ഥ കാരണം ദൈവമാണെന്ന സിദ്ധാന്തവും വിവിധ ദൈവത്തിന്‍റെ വിവിധ ആള്‍രൂപങ്ങളും മനുഷ്യന്‍റെ ഭാവനയില്‍ നിന്നുയിര്‍ക്കൊണ്ട മിത്തും കലാരൂപങ്ങളുമല്ലാതെ മറ്റൊന്നുമല്ല. അവ പലതും ഉദാത്തമായ കലാസങ്കല്പമോ കലാരൂപമോ ആയിരിക്കാം. പക്ഷേ അവയ്ക്കൊന്നും മനുഷ്യന്‍റെയോ പ്രപഞ്ചത്തിന്‍റെയോ ഭാഗധേയങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒരു പങ്കുമില്ല. അവ കേവലം കല്ലും മണ്ണുമല്ലാതെ മറ്റൊന്നുമല്ല.'
നൂറ്റിപതിനഞ്ചാം സങ്കീര്‍ത്തനം അവര്‍ ഇങ്ങനെ ഉദ്ധരിക്കും:
'അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു.
മനുഷ്യരുടെ കൈവേലതന്നെ.
അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല.
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
അവയ്ക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല.
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
അവയ്ക്കു കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല.
കാലുണ്ടെങ്കിലും നടക്കുന്നില്ല.
തൊണ്ടകൊണ്ട് സംസാരിക്കുന്നുമില്ല.
അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു.
അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.'
മനുഷ്യര്‍ ചുമന്നുകൊണ്ട് നടക്കുന്ന ദൈവവിഗ്രഹങ്ങള്‍ ഇരുത്തിയാല്‍ ഇരിക്കുന്നിടത്തിരിക്കും. നിറുത്തിയാല്‍ നില്‍ക്കുന്നിടത്തു നില്‍ക്കും. അങ്ങനത്തെ ദൈവവിഗ്രഹങ്ങള്‍ കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. അവയുടെ മുമ്പിലാണ് കപട ആചാരികള്‍.
അതിന്‍റെ മറയിലുള്ള എത്രയെത്ര ചൂഷണങ്ങള്‍...
അത് ഏത് വിഭാഗത്തിലും മാത്സര്യത്തോടെയുണ്ട്.
ചാനലുകളില്‍...
പ്രിന്‍റ് മീഡിയകളില്‍...
പള്ളികളിലും അമ്പലങ്ങളിലും- കണ്‍വെന്‍ഷന്‍ സെന്‍ററുകളിലും...
ദൈവം ഇന്ന് കച്ചവടച്ചരക്കായി മാറിയിരിക്കുന്നു.
നിരീശ്വരവാദികള്‍ ആത്മീയവാദികളോട് ചോദിക്കുന്നു:
"ദൈവമെന്നത് കേവലമൊരു സങ്കല്‍പം മാത്രം. യാതൊരു അടിസ്ഥാനവുമില്ലാത്ത സങ്കല്പസൃഷ്ടി. ദൈവത്തിന്‍റെ അടിസ്ഥാനം അല്ലെങ്കില്‍ നിലനില്‍പ് ഏതെങ്കിലും ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ തെളിയിക്കുവാനാകുമോ?"
നിരീശ്വരവാദികള്‍ സമര്‍ത്ഥിക്കുന്നതിപ്രകാരമാണ്:
പ്രപഞ്ചമെന്നത് 'ദൈവം' പോലൊരു സങ്കല്പമല്ല. ഭാവനാസൃഷ്ടിയുമല്ല. ഇത് സത്യവും യാഥാര്‍ത്ഥ്യവുമാണ്. നമ്മള്‍ പ്രപഞ്ചത്തെ അറിയുന്നു. അനുഭവിക്കുന്നു. അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാം മനസിലാക്കാന്‍ ശ്രമിക്കുന്നു. സംഭവങ്ങളുടെ അനുസ്യൂതമായ ഒരു പ്രവാഹമാണത്. ഒരു സംഭവത്തെ മറ്റൊന്നു പിന്‍തുടരുന്നു. ചിലത് നശിക്കുന്നു. ചിലത് ജനിക്കുന്നു. പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും അസ്വഭാവികമായ ശക്തിയെ ആശ്രയിക്കേണ്ട കാര്യമില്ല. പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന്‍റേയും പ്രാപഞ്ചികശക്തികളുടെ പ്രവര്‍ത്തനത്തിന്‍റേയും കാരണക്കാരനായി ദൈവത്തെ കാണുന്നത് തെറ്റാണ്. നമ്മള്‍ ഇന്ന് അറിയുന്നതില്‍നിന്നു വ്യത്യസ്തവും ഒറിജിനലുമായ ഒരു കാരണം അവതരിപ്പിക്കുകയാണെങ്കില്‍ യുക്തിവാദം തെറ്റാണെന്നു സമ്മതിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അങ്ങനെ ഒരു കാരണമായി ദൈവമെന്ന വിചിത്രപ്രതിഭാസമല്ലാതെ മറ്റൊന്നും കണ്ടെത്താനോ അവതരിപ്പിക്കാനോ കഴിയാത്തസാഹചര്യത്തില്‍ യുക്തിവാദത്തിനെതിരായ വിമര്‍ശനത്തിന് എന്ത് അടിസ്ഥാനം?'
'പ്രപഞ്ചത്തില്‍ നിന്ന് ബാഹ്യമായും അതിന്‍റെ പിന്നാമ്പുറത്തും യാതൊന്നും ഇല്ലാതിരിക്കെ, ഒരു അസ്വാഭാവിക കാരണത്തെ കണ്ടെത്താന്‍ എങ്ങനെ കഴിയും?'
'ഇല്ലാത്ത ഒരു സാധനത്തെ നമുക്കെങ്ങനെ കണ്ടെത്താന്‍ കഴിയും?'
'ആത്മീയവാദികളുടെ ദൈവസങ്കല്പം പ്രപഞ്ചബാഹ്യമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. പ്രപഞ്ചത്തിന് ബാഹ്യമോ അതിന്‍റെ അസ്തിത്വത്തിനു ബാഹ്യകാരണമോ ഇല്ലെന്നും പ്രപഞ്ചത്തിന്‍റെ കാരണത്വം ആന്തരികമാണെന്നും ആധുനികസയന്‍സ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനെതിരെ അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയാണ് ആത്മീയവാദികള്‍.'
ലോകം വിനാശത്തിലേക്ക് പോകുമ്പോള്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കും.
ദൈവം ഉണ്ടോ ഇല്ലയോ എന്നതിനല്ല പ്രസക്തി.
ആത്മീയവാദിയുടേയും നിരീശ്വരവാദിയുടെയും വാഗ്വാദം കൊണ്ട് യഥാര്‍ത്ഥ സത്യം തെളിയിക്കപ്പെടുന്നില്ല.
ഭൂമയില്‍ സകല ചരാചരങ്ങളും ഒരു നീതിയുടെയും ഒരു സത്യത്തിന്‍റെയും വാഹകരായി ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു വേണ്ടിയിട്ടല്ല.
മനുഷ്യന് യഥാര്‍ത്ഥ മനുഷ്യരായിരിപ്പാനും മറ്റു ജന്തുജീവജാലങ്ങള്‍ക്ക്, സസ്യലതാദികള്‍ക്ക്, മറ്റു പദാര്‍ത്ഥങ്ങള്‍ക്ക് അവ അവതന്നെയായിരിപ്പാനുമുള്ള ഒരു സൃഷ്ടിപൂര്‍ണ്ണത. അതിനു മുമ്പിലെ വാഗ്വാദങ്ങളെല്ലാം നിരര്‍ത്ഥകം.
സംഭവാമിയുഗേ യുഗേ..
പ്രപഞ്ചസൃഷ്ടിയുടെ, സ്രഷ്ടാവിന്‍റെ മുമ്പിലെ താര്‍ക്കികന്‍ എവിടെ?
ഈ ലോകത്തിന്‍റെ ജ്ഞാനം അവന്‍ ഭോഷത്തമാക്കിയില്ലേ?
കടപ്പാട്: പ്രശസ്ത തത്വചിന്തകനായ റാവി പുഡി വെങ്കടാദ്രിയുടെ റാഷണലിസം എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങളോട്.