വിശ്വാസം ഒരു മനുഷ്യാവകാശമാണ്. അവിശ്വാസവും അതെ. വിശ്വാസം മതത്തിലാവാം, പ്രത്യയ ശാസ്ത്രത്തിലാവാം, തത്വസംഹിതയിലാവാം, എല്ലാത്തിലുമൊന്നിച്ചുമാവാം. ഏറ്റവും സാധാരണമായി വിശ്വാസം എന്ന വാക്ക് വിരല്‍ചൂണ്ടുന്നത് മതത്തിലും ദൈവത്തിലുമുള്ള വിശ്വാസത്തിലേയ്ക്കാണ്. ലോകത്തില്‍ വിശ്വാസങ്ങള്‍ അനവധിയാണ്- ഓരോന്നിനും ഉപവിഭാഗങ്ങളോടെ. ക്രിസ്തുമതത്തിനു തന്നെ ആയിരക്കണക്കിന് വിഭാഗങ്ങളുണ്ട്. അവിശ്വാസി എന്ന വാക്ക് ധ്വനിപ്പിക്കുന്നത് മതവിശ്വാസത്തിലും ദൈവവിശ്വാസത്തിലും പങ്കെടുക്കാത്ത വ്യക്തി എന്നാണ്. തന്‍റേതായ കാരണങ്ങള്‍ കൊണ്ട് - അവ ശാസ്ത്രീയമോ, താത്വികമോ, യുക്തിപരമോ ഒക്കെ ആയിരിക്കാം - മേല്‍പ്പറഞ്ഞ വിശ്വാസങ്ങള്‍ക്ക് പുറത്താണ് അയാളുടെ ജീവിതം. മറ്റെല്ലാക്കാര്യത്തിലും മറ്റാരെയും പോലെയാണയാള്‍ എന്നുമാത്രമല്ല, പ്രത്യയശാസ്ത്രപരമോ താത്വികമോ ആയ വിശ്വാസങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കാം. പക്ഷേ അയാള്‍ക്ക് ഒരു മതത്തെയോ ദൈവത്തെയോ മറ്റാരോടും ന്യായീകരിക്കേണ്ട ആവശ്യമില്ല. മറ്റുള്ളവയെക്കാള്‍ തന്‍റെ മതവും ദൈവവുമാണ് മികച്ചതെന്ന് പറയേണ്ട ആവശ്യവുമില്ല. ഔചിത്യബോധവും പക്വതയുമുള്ള ഒരു അവിശ്വാസി തന്‍റെ അവിശ്വാസത്തെ വിശദീകരിക്കാനോ ന്യായീകരിക്കാനോ പ്രചരിപ്പിക്കാനോ ശ്രമിക്കില്ല എന്നാണ് എന്‍റെ വിശ്വാസം. വിശ്വാസം വിശ്വാസത്തിന്‍റെ വഴിയ്ക്ക്, അവിശ്വാസി അയാളുടെ വഴിക്ക്.
ഞാനൊരവിശ്വാസിയാണ്. വളരെനാളത്തെ പ്രയത്നം കൊണ്ടാണ് എനിക്ക് അവിശ്വാസം പ്രാപിയ്ക്കാന്‍ കഴിഞ്ഞത്. കാരണം വിശ്വാസങ്ങള്‍ നമുക്കുള്ളില്‍ ശൈശവത്തിലേ വേരുറപ്പിക്കുന്നവയാണ്. അവയില്‍നിന്ന് അകലം പ്രാപിച്ച് അവയെ നോക്കിക്കൊണ്ട്, അവയുടെ പ്രമാണഗ്രന്ഥങ്ങളും നിഷ്പക്ഷ ചരിത്രങ്ങളും പഠിച്ച്, അവ നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ഭീതികളില്‍നിന്ന് മോചനം പ്രാപിച്ച്, അവനവന്‍റെ ആന്തരിക ഊര്‍ജ്ജങ്ങള്‍ കണ്ടെത്താന്‍ ദശകങ്ങളെടുത്തേക്കാം. പെട്ടെന്നത് സാധിക്കുന്നവരുമുണ്ടാവാം.
അവിശ്വാസിയായ എനിക്ക് വിശ്വാസികളുമായി പങ്കുവയ്ക്കാനുള്ള ഒരു ചിന്ത ഇതാണ്. നിങ്ങളുടെ സ്വന്തം മതത്തോടും ദൈവത്തോടുമുള്ള സ്നേഹം മറ്റ് മതങ്ങളോടും അവയുടെ ദൈവങ്ങളോടുമുള്ള വെറുപ്പോ വിദ്വേഷമോ ആയി മാറാതിരിക്കട്ടെ. ലോകം കണ്ടിട്ടുള്ള ഏറ്റവുമധികം നിഷ്ക്കളങ്കരുടെ രക്തച്ചൊരിച്ചിലുകള്‍ - പട്ടാളങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും - ഉണ്ടായിട്ടുള്ളത് മതവിദ്വേഷത്തിന്‍റെ അടിസ്ഥാനത്തിലാണ്. ദൈവത്തെ കൊലയ്ക്കും പീഡനത്തിനും മാപ്പുസാക്ഷിയാക്കുന്നു.
ഇന്ന് മതമൗലികവാദികള്‍ ഏറ്റവുമധികം മുതലെടുക്കുന്നത്, ഓരോ വിശ്വാസിയിലുമന്തര്‍ലീനമായിത്തീരൂന്ന അന്യമത വിദ്വേഷത്തിന്‍റെ മനഃശാസ്ത്രത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിക്കൊണ്ടാണ്.
മറ്റൊരുചിന്ത ഇതാണ്: നിങ്ങളുടെ മതത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ നിങ്ങള്‍തന്നെ നേരിട്ട് ശ്രദ്ധയോടെ പഠിക്കുക. അവയിലടങ്ങിയിരിക്കുന്ന നന്മകള്‍ യഥാര്‍ത്ഥത്തില്‍, വാക്കിലും പ്രവൃത്തിയിലും ജീവിതത്തില്‍ നടപ്പിലാക്കുക. ഒരു ശരാശരി മനുഷ്യന്‍റെ എല്ലാ പരിമിതികളോടും കൂടി ആ സത്യസന്ധതയ്ക്കുവേണ്ടിയുള്ള ശ്രമം പോലും വളരെ വിലപ്പെട്ടതാണ്. അപ്പോള്‍ നിങ്ങളുടെ മതവും ദൈവവും സര്‍ഗ്ഗശക്തികളായിത്തീരുന്നു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമൊതുങ്ങുന്ന വിശ്വാസം ആ വിശ്വാസിയെ വെറുമൊരു പ്രജ്ഞയറ്റ യന്ത്രം മാത്രമാക്കിത്തീര്‍ക്കുന്നു.
ഇനിയുമൊരു ചിന്ത ഇതാണ്: നിങ്ങളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അതിലേയ്ക്ക് നയിക്കാന്‍ മതപ്രചാരകര്‍ നടത്തുന്ന ശ്രമങ്ങളെ മാത്രമല്ല സൂചിപ്പിക്കുന്നത്. നിങ്ങളുടെ ആരാധനാ പരിപാടികളും ആഘോഷങ്ങളും മറ്റുള്ളവരുടെ ജീവിതങ്ങളെ അന്ധവും നിര്‍ദ്ദയവുമായ അഹന്തയോടെ, ശബ്ദകോലാഹലം കൊണ്ടും യാത്രാപ്രതിബന്ധങ്ങള്‍കൊണ്ടും ആക്രമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രഭാതങ്ങളുടെ പ്രശാന്തി നശിപ്പിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ നിന്ന് പുറപ്പെടുന്ന ഗാനവൈകൃതങ്ങള്‍ ഉദാഹരണം. പരീക്ഷയ്ക്ക് പഠിക്കാനിരിക്കുന്ന കുഞ്ഞിനെയും ഒരുനിമിഷം മയങ്ങാന്‍ ശ്രമിക്കുന്ന രോഗിയെയും അത് ഒരുപോലെ പ്രഹരിക്കുന്നു. പ്രശസ്തമായ സിനിമാഗാനത്തിലെ വരി അന്വര്‍ത്ഥമാകുന്നു. "എവിടെയോ മറയുന്നു ദൈവം...."
വിശ്വാസികളോട് പങ്കുവയ്ക്കാനുള്ള അവസാനത്തെ ചിന്ത ഇതാണ്: വിശ്വാസത്തെ വിജ്ഞാനത്തിന് പകരംവയ്ക്കാതിരിക്കുക. മിത്തിനെ "വിശുദ്ധ" കഥകളെ - ചരിത്രത്തിന് പകരംവയ്ക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ വിശ്വാസം ഒരു അന്ധരൂപമായിത്തീരുന്നു. ദൈവം പ്രതിനിധീകരിക്കുന്നത് നന്മയെയാണെങ്കില്‍ നിങ്ങളുടെ അജ്ഞത നിങ്ങളെ യഥാര്‍ത്ഥത്തില്‍ ഒരു ദൈവവിരുദ്ധനാക്കുന്നു. കാരണം അജ്ഞതയില്‍ നിന്ന് നന്മ ജനിക്കാനുള്ള സാധ്യത തീരെക്കുറവാണ്. ബോധജ്ഞാനമല്ലാതെ മറ്റെന്താണ് ദൈവം?