news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

സ്വരാക്ഷരങ്ങള്‍മാത്രം ചേര്‍ത്തുവച്ച്  അര്‍ത്ഥമുള്ള ഒരു പദമുണ്ടാക്കാന്‍ ഒരു ഭാഷയിലും സാധ്യമല്ല. എന്നിട്ടും ഹീബ്രുഭാഷയിലെ സ്വരാക്ഷരസ്വഭാവമുള്ള യ,ഹ,വ എന്നിവ ചേര്‍ത്തുവച്ചാണ് ബൈബിള്‍ ദൈവത്തിനു പേരിട്ടത്. ('അഎഇഉ' എന്നൊരു പേരിട്ടാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ.) അതിനര്‍ത്ഥം 'യഹോവ' യെന്ന വാക്കിന് ഒരര്‍ത്ഥവുമില്ലെന്നാണ്. ആ വാക്ക് ഉച്ചരിക്കാന്‍ പാടില്ലെന്ന് ഒരു യഹൂദ പാരമ്പര്യവും ഉണ്ടായിരുന്നല്ലോ. അപ്പോള്‍, അര്‍ത്ഥമില്ലാത്തതും ഉച്ചരിക്കാന്‍ പാടില്ലാത്തതുമായ പദമാണ് 'യഹോവ'. അതുകൊണ്ടുതന്നെ ബൈബിള്‍ യഹോവയെ പരിചയപ്പെടുത്തുന്നത് അവിടുത്തെ ഒരു പ്രത്യേകമായ ചെയ്തി വിവരിച്ചാണ്: "ഞാന്‍ യഹോവയാണ്, ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍നിന്നും നിങ്ങളെ ഞാന്‍ സ്വതന്ത്രരാക്കും" (പുറപ്പാട് 6:6). യഹോവയുടെ സത്തയെന്നത് അടിമത്തത്തിന്‍റെ നുകം നീക്കുകയെന്ന പ്രവൃത്തിയാണ്. തന്‍റെ കുഞ്ഞിനെ സംരക്ഷിക്കാതെ ഒരാളും അച്ഛനെന്ന് വിളിക്കപ്പെടില്ലല്ലോ. അതുപോലെതന്നെ അടിമത്തത്തിനെതിരായി പ്രവര്‍ത്തിക്കാതെ യഹോവക്ക് യഹോവയാകാന്‍ പറ്റില്ല.

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് എന്നത് ചില ദൈവികസത്യങ്ങളെക്കുറിച്ചുള്ള അറിവാണെന്നാണു നാം ധരിച്ചിരിക്കുന്നത്. എന്നാല്‍ അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യഹോവയെക്കുറിച്ചുള്ള അറിവ് "ദരിദ്രര്‍ക്കും അഗതികള്‍ക്കും നീതി നടത്തിക്കൊടുക്കുക" (ജെറമിയ 22:16) എന്നതാണ്. യഹോവയെക്കുറിച്ചുള്ള അറിവ് കുറെ അറിവുകള്‍ ശേഖരിക്കുന്നതും ഏറ്റുപറയുന്നതുമല്ല, യഹോവയുടെ സവിശേഷമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതാണ്. ഈ യഹോവ ആവശ്യപ്പെടുന്ന ആരാധന ആയിരക്കണക്കിനു മുട്ടാടുകളും പതിനായിരക്കണക്കിന് എണ്ണപുഴകളുമല്ല, നീതിയുടെ നിര്‍വഹണവും കാരുണ്യം കാണിക്കലും ദൈവസന്നിധിയില്‍ വിനീതഭാവം പുലര്‍ത്തലുമാണ് (മിക്കാ. 6:2-8). പ്രഭാഷകന്‍റെ പുസ്തകം "യഥാര്‍ത്ഥഭക്തി" എന്ന തലക്കെട്ടിനുതാഴെ  ചില കാര്യങ്ങള്‍ പറയുന്നുണ്ട്. 'ഭക്തി' എന്നത് ദൈവത്തോടുള്ള മനോഭാവമായിട്ടാണല്ലോ നാം മനസ്സിലാക്കിയിരിക്കുന്നത്. അതല്ല പക്ഷേ പ്രഭാഷകന്‍ പറയുന്നത്: "ദരിദ്രന്‍റെ ജീവന്‍ അവന്‍റെ ആഹാരമാണ്. അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്. അയല്‍ക്കാരന്‍റെ ഉപജീവനമാര്‍ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്. വേലക്കാരന്‍റെ കൂലി കൊടുക്കാതിരിക്കുക രക്തച്ചൊരിച്ചിലാണ്" (34:25-27). 'ദൈവ'മെന്ന ഒരുവാക്കുപോലും പറയാതെ പ്രഭാഷകന്‍ 'ഭക്തി'യെക്കുറിച്ച് പറയുന്നു! "മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത്" എന്ന കല്പനയുടെ അതേ കാര്‍ക്കശ്യത്തോടെ വേറൊരു കല്പനയും നല്കപ്പെടുന്നുണ്ട്: "നിങ്ങള്‍ക്കിടയില്‍ ദരിദ്രരുണ്ടാകരുത്" (നിയമാവര്‍ത്തനം 15:4). ചരിത്രത്തിലെ വിമോചനപ്രക്രിയകളിലൂടെ സ്വയം അടയാളപ്പെടുത്തുന്നവനാണ് യഹോവ. ആ യഹോവ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത് കൃത്യമായ മതാത്മകതയല്ല, നീതിക്കുവേണ്ടിയുള്ള കണിശമായ പ്രവര്‍ത്തനങ്ങളാണ്.

നസ്രായനായ യേശുവിന്‍റെ ജീവിതം ഇപ്പറഞ്ഞ കാഴ്ചപ്പാടിനും നിലപാടിനും ഏറെ തെളിമ നല്‍കുന്നുണ്ട്. "ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍" എന്നു പറഞ്ഞുകൊണ്ടാണ് അവന്‍ സ്വയം പരിചയപ്പെടുത്തുന്നത്. ആ നിയോഗം അവന്‍ നിര്‍വ്വഹിച്ചത് "ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും" നല്‍കിക്കൊണ്ടായിരുന്നല്ലോ (ലൂക്കാ 4:18). അതായത് സുവിശേഷത്തിന്‍റെ പ്രഘോഷണവും നീതിയുടെ നിര്‍വ്വഹണവും രണ്ടും രണ്ടല്ല, ഒന്നുതന്നെയാണ്. അവന്‍ അവതരിപ്പിച്ച ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശനം കിട്ടാന്‍ "ദൈവമേ, ദൈവമേ" എന്നൊന്നു വിളിക്കണമെന്നുപോലുമില്ലത്രേ! പക്ഷേ നിര്‍ബന്ധമായും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ചെയ്തിരിക്കണം (മത്തായി 7:21). ഏതാണ് ആ പ്രവൃത്തികള്‍? ദാഹത്തിനു വെള്ളമോ, വിശപ്പിന് ആഹാരമോ, ഏകാന്തതയ്ക്കു സൗഹൃദമോ കൊടുക്കുക - അത്രതന്നെ (മത്തായി 25:31-46). നിത്യജീവന്‍ ലഭിക്കാന്‍ ചെയ്യേണ്ടതെന്ത് എന്ന യഹൂദന്‍റെ ചോദ്യത്തിനുത്തരം അവന്‍റെതന്നെ മതത്തിലെ പുരോഹിതന്‍റെയോ കപ്യാരുടെയോ ചെയ്തികള്‍ ചെയ്യണമെന്നല്ല,  പിന്നെയോ അന്യമതസ്ഥനായ ശമരിയാക്കാരന്‍ ചെയ്തതുപോലുള്ള കാരുണ്യപ്രവൃത്തികള്‍ ചെയ്യണമെന്നാണ് (ലൂക്കാ. 10:25-37). ദൈവം ആഗ്രഹിക്കുന്നത് ദൈവാരാധനയല്ല, കാരുണ്യമാണ് എന്ന് അവന്‍ രണ്ടുതവണയാണു പഠിപ്പിച്ചത് (മത്തായി. 9:13; 12:17). യഹോവയുടെ ചൈതന്യത്താല്‍ നയിക്കപ്പെട്ട യേശു മുമ്പോട്ടു വയ്ക്കുന്നത് കൃത്യമായ മതാത്മകതയാണെന്ന് സ്ഥാപിക്കാന്‍ നന്നായി പണിയെടുക്കേണ്ടിവരും. എന്നാല്‍ അവന്‍റെ ആത്മീയത കാരുണ്യം കാണിക്കലാണെന്ന് ഏതൊരാള്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാനാകുന്നുമുണ്ട്.

ഈ യേശുവിന്‍റെ ഓര്‍മ്മയുടെ ചുറ്റും ഒരുമിച്ചു കൂടിയ ആദിമക്രൈസ്തവരുടെ സമൂഹത്തെക്കുറിച്ചു നാം വായിക്കുന്നത് എന്താണ്? കൊടിയ ചൂഷണവും ദാരിദ്ര്യവും നിലനിന്നിരുന്ന കാലത്തും ലോകത്തുമാണ് അവര്‍ ജീവിച്ചത്. എന്നിട്ടും അവര്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഇല്ലായിരുന്നത്രേ (നടപടി 2:44-45). അപ്പോള്‍,  അപ്പം മുറിക്കല്‍ ശുശ്രൂഷ മാത്രമല്ല, കൃത്യമായ സാമ്പത്തികബന്ധം കൂടിയാണ് അവരുടെ സവിശേഷമായ അടയാളം. കോറിന്തോസുകാര്‍ ആചരിച്ച അപ്പം മുറിക്കല്‍ ശുശ്രൂഷ ക്രിസ്തുവിന്‍റെ ചൈതന്യത്തിനു നിരക്കുന്നതല്ലെന്ന് ഒരിക്കല്‍ പൗലോസ് ആരോപിക്കുന്നുണ്ട്. അതിനു കാരണം ശുശ്രൂഷയുടെ ആചരണത്തില്‍ വന്ന ഏതെങ്കിലും തെറ്റല്ല, പ്രത്യുത വയറുനിറഞ്ഞിരിക്കുന്ന അവര്‍ക്കിടയില്‍തന്നെ വിശക്കുന്ന ചിലരുണ്ട് എന്നതാണ് (1കൊറി. 11:20-21). 'യഥാര്‍ത്ഥ ഭക്തി'യെന്നാല്‍ "അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരെ സഹായിക്കലാണ്" (യാക്കോ. 1:27) എന്ന യാക്കോബിന്‍റെ കാഴ്ചപ്പാടിനെ പൗലോസിന്‍റെ നിലാപാടിനോട് ചേര്‍ത്തു വായിക്കുക. ഇത്തരത്തിലുള്ള അനേകം പാഠങ്ങളുടെ   സ്വാധീനം ഉള്ളതുകൊണ്ടാകണം സഭാചരിത്രത്തിലെ ആദ്യത്തെ സൂനഹദോസില്‍ എടുക്കപ്പെട്ട രണ്ടു തീരുമാനങ്ങളിലൊന്ന് "ദരിദ്രരെ മറക്കാന്‍ പാടില്ല" എന്നതായിരുന്നു (ഗലാ. 2:10). "ദൈവത്തെ സ്നേഹിക്കുക" എന്ന കല്പന പുതിയനിയമത്തില്‍ വ്യക്തമായി കാണുന്നത് മത്തായി 19:19 ല്‍ മാത്രമാണെന്ന് സ്വവാരസ് പ്രഭു നിരീക്ഷിക്കുന്നുണ്ട്. ബാക്കിയിടങ്ങളിലൊക്കെ "സ്നേഹ" മെന്നോ "സഹോദരസ്നേഹ"മെന്നോ ആണു പറയുന്നത്. "സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്" എന്ന് 1 യോഹന്നാന്‍ 4:8. അങ്ങനെ അപരനെ സ്നേഹിക്കുകയെന്നത് പുതിയ നിയമത്തിന്‍റെ മഹാവാക്യമായി മാറുന്നു.

ഇത്രയുമൊക്കെ പറഞ്ഞതിന്‍റെ സാരം ഇത്രയേയുള്ളു: ദൈവസ്നേഹവും നീതിനിഷ്ഠമായ ജീവിതവും എന്നൊരു വേര്‍തിരിവുപോലും ബൈബിള്‍ അനുസരിച്ച് ശരിയാകുന്നില്ല. ആദ്യം ദൈവത്തെ അറിയുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുക, പിന്നീട് മനുഷ്യനെ സ്നേഹിക്കുക എന്നൊക്കെയാണു നാം ധരിച്ചിരിക്കുന്നത്. അതുകൊണ്ടൊക്കെയാവാം സന്ന്യാസപരിശീലനവേളയില്‍ ആദ്യം നൊവീഷ്യേറ്റും (ധ്യാനത്തിനുള്ള വര്‍ഷം) പിന്നീട് റീജന്‍സിയും (സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള വര്‍ഷം) എന്ന ക്രമമൊക്കെ പുലര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഒരു ലോജിക്കല്‍ ക്രമം ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ എത്രകണ്ടു ശരിയാണ്? 'ദരിദ്രര്‍ക്ക് നീതി നടത്തിക്കൊടുക്കുന്നവര്‍ക്കേ ദൈവത്തെ അറിയാനാകൂ' എന്ന നാം മുമ്പെ കണ്ട പ്രവാചകപാഠം ഈ ക്രമത്തെ നേരെ തിരിച്ചിടുന്നുണ്ട്, അല്ലേ? ആദ്യം നീതി, പിന്നീടാണ് അറിവ്. നീതിക്കുവേണ്ടി ദൈവത്തെക്കുറിച്ച് പൊതുവേ പറയപ്പെട്ട എത്ര അറിവുകളെയും നിയമങ്ങളെയും ആചാരങ്ങളെയുമാണ് യേശു ഉടച്ചുകളയുന്നത്! അങ്ങനെയാണവന്‍ ആളുകളെ വഴിപിഴപ്പിക്കുന്നവനെന്നും (യോഹ. 7:12)  പിശാചുബാധിതനെന്നും (യോഹ. 7:20)  വിളിക്കപ്പെട്ടത്. അവന്‍റെ അനുയായികളും അവന്‍റെ പാരമ്പര്യം പിന്തുടരുന്നുണ്ട്. അതുകൊണ്ടാണ് തെസലോനിക്കയിലെ റോമന്‍ കോടതിയില്‍  "ഇവര്‍ ലോകം കീഴ്മേല്‍ മറിക്കുന്നു" (നടപടി 17:6) എന്ന ആരോപണം അവര്‍ക്കെതിരെ ഉയര്‍ന്നത്. ചെല്‍സുസ് എന്ന അക്കാലത്തെ റോമന്‍ എഴുത്തുകാരന്‍ ആദിമക്രിസ്ത്യാനികളെക്കുറിച്ച് പുച്ഛത്തോടെ ഇങ്ങനെ എഴുതിവച്ചു: "സംസ്കാരം പഠിപ്പിക്കുന്നവരെയും തികഞ്ഞ പരിജ്ഞാനമുള്ളവരേയും പിതാക്കന്മാരെയും അവര്‍ തിരസ്കരിക്കുന്നു. പകരം, ചെരുപ്പുകുത്തികളില്‍നിന്നും അലക്കുകാരികളില്‍നിന്നും അവര്‍ പഠിക്കുകയും ചെയ്യുന്നു." ഇതുകൊണ്ടൊക്കെയാണ് ആദിമക്രിസ്ത്യാനികള്‍ അക്കാലത്ത് നിരീശ്വരവാദികള്‍ എന്നു വിളിക്കപ്പെട്ടത്.

മനുഷ്യരെക്കൊണ്ട് തന്നെ ആരാധിപ്പിക്കുന്നതിലല്ല ബൈബിളിലെ ദൈവത്തിന്‍റെ പ്രധാന ശ്രദ്ധ, പിന്നെയോ അവന്‍ അപരനോട് നീതിയോടെ ഇടപെടുന്നുണ്ടോ എന്നതിലാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാകണം വിധവയുടെ വിശപ്പകറ്റാന്‍ വേണ്ടി അസ്സീസിയിലെ ഫ്രാന്‍സിസിന് ബൈബിള്‍ വില്ക്കാന്‍ ഒട്ടും മടി തോന്നാഞ്ഞത്. നിരീശ്വരവാദമെന്നത് ലളിതമായി പറഞ്ഞാല്‍ മനുഷ്യനപ്പുറത്ത് ഒരു ദൈവവുമില്ല എന്ന വാദമാണല്ലോ. ബൈബിളിലെ ദൈവം മനുഷ്യനെ തന്‍റെ രൂപത്തിലും ഛായയിലും സൃഷിടിച്ചിട്ട്, ഒടുക്കം മനുഷ്യന്‍തന്നെ ആയിത്തീര്‍ന്നിട്ട്, "ഈ ചെറിയവരൊക്കെ ഞാന്‍ തന്നെ"യെന്നാണ് പഠിപ്പിച്ചത്. ഈ രണ്ട് ദര്‍ശനങ്ങള്‍ക്കുമിടയില്‍ നടത്തപ്പെടുന്ന സംവാദങ്ങള്‍ രണ്ടിനെയും കൂടുതല്‍ ആഴപ്പെടുത്തുമെന്ന് തോന്നുന്നു. അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പ നിരീശ്വരവാദിയായ യുജീനിയോ സ്കല്‍ഫാരിയുമായി സംഭാഷണത്തിലേര്‍പ്പെട്ടപ്പോള്‍ അതിനാണ് ശ്രമിച്ചത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഇവിടെ ശ്രമങ്ങളുണ്ടാകട്ടെ.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts