ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ 'ലാ റെപ്പുബ്ലിക്ക'യുടെ സ്ഥാപകപത്രാധിപരും നിരീശ്വരവാദിയുമായ എവുജേനിയേം സ്കാള്‍ഫാരിക്ക് അനുവദിച്ച അഭിമുഖം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംഭവമായിരുന്നു. നിരീശ്വരരും യുക്തിവാദികളുമായി പോലും സംവാദം നടത്തുവാനും ആശയങ്ങള്‍ പങ്കുവെയ്ക്കുവാനും വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് ഈ അഭിമുഖത്തിലൂടെ പരി. പിതാവ് നല്കിയ പരോക്ഷമായ സന്ദേശം പിന്തുടര്‍ന്നുകൊണ്ട് അസ്സീസി മാസിക നടത്തിയ സംവാദമായിരുന്നല്ലോ ഫെബ്രുവരി ലക്കത്തിലെ കവര്‍സ്റ്റോറി. ഈ സംവാദത്തില്‍ പങ്കെടുത്തത് പ്രസിദ്ധ എഴുത്തുകാരനായ ശ്രീ സക്കറിയയും, ഒരു തികഞ്ഞ യുക്തിവാദിയായിരുന്നെങ്കിലും പിന്നീട് യുക്തിവാദം ഉപേക്ഷിച്ചു ജീവിക്കുന്ന ശ്രീ ജോര്‍ജ്ജ് ജോസഫ് കെ. യും, വിവിധ ധ്യാനമാര്‍ഗ്ഗങ്ങളിലൂടെ അന്തര്‍ജ്ഞാനത്തിലേയ്ക്കും ആത്മീയാനുഭൂതിയിലേയ്ക്കും വന്ന ശ്രീ പി.എന്‍. ദാസും, പിന്നെ മുഖക്കുറിയിലൂടെ സംവാദത്തിന്‍റെ ദിശാനിര്‍ണ്ണയം നടത്തിയ പത്രാധിപരുമാണ്.
ശൈശവത്തിലെ തനിക്കുള്ളില്‍ വേരുറച്ച വിശ്വാസത്തില്‍ നിന്ന് "വളരെനാളത്തെ പ്രയത്നം കൊണ്ട്" "അവിശ്വാസം പ്രാപിക്കാന്‍ കഴിഞ്ഞ" വ്യക്തിയാണ് സക്കറിയ. ഇങ്ങനെ അവിശ്വാസം പ്രാപിക്കാന്‍ പ്രയത്നം നടത്തിയതിന്‍റെ പ്രധാനകാരണങ്ങള്‍ താന്‍ മനസ്സിലാക്കിയ, അനുഭവിച്ചറിഞ്ഞ മതവിശ്വാസത്തിലെ ചില വൈകൃതങ്ങളാണെന്ന് അദ്ദേഹത്തിന്‍റെ ലേഖനത്തില്‍നിന്ന് ഏറെക്കുറെ വ്യക്തമാണ്. ഒന്നാമത്തെ വൈകൃതം വിശ്വാസികളില്‍ അന്തര്‍ലീനമായിത്തീരുന്ന അന്യമതവിദ്വേഷമത്രേ. അത് മതമൗലികവാദത്തിനും രക്തച്ചൊരിച്ചിലിനുമെല്ലാം കാരണമായിത്തീരുന്നു. രണ്ടാമത്തെ വൈകൃതം വിശ്വാസം പലപ്പോഴും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമൊതുങ്ങുന്നു എന്നതാണ്. അത് വിശ്വാസിയെ വെറും പ്രജ്ഞയറ്റ യന്ത്രം മാത്രമാക്കിത്തീര്‍ക്കുന്നു. മൂന്നാമത്തെ വൈകൃതം വിശ്വാസികളുടെ ആരാധനപരിപാടികളും ആഘോഷങ്ങളും മറ്റുള്ളവരുടെ ജീവിതങ്ങളെ അന്ധവും നിര്‍ദ്ദയവുമായ അഹന്തയോടെ, ശബ്ദകോലാഹലങ്ങള്‍ കൊണ്ടും യാത്രാപ്രതിബന്ധങ്ങള്‍ കൊണ്ടും ആക്രമിക്കുന്നുവെന്നതാണ്. അവസാനത്തെ വൈകൃതം വിശ്വാസികള്‍ വിശ്വാസത്തെ വിജ്ഞാനത്തിനും മിത്തിനെയും "വിശുദ്ധ' കഥകളെയും ചരിത്രത്തിനും പകരംവെയ്ക്കുന്നുവെന്നതാണ്.
കൂടിയതോ കുറഞ്ഞതോ ആയ തോതില്‍ ഈ വൈകൃതങ്ങള്‍ മതവിശ്വാസികളില്‍ കാണുവാന്‍ കഴിയുമെന്നതിനു സംശയമില്ല. അതിനു ചരിത്രത്തിന്‍റെ സാക്ഷ്യവുമുണ്ട്. ക്രൈസ്തവരായ നാം ഈ രംഗങ്ങളില്‍ വന്നുപോയിട്ടുള്ള തെറ്റുകള്‍ക്ക് ദൈവത്തോടും മനുഷ്യകുലത്തോടും മാപ്പുചോദിക്കുകതന്നെ വേണം. അതിന് അടുത്തകാലത്തേ മാര്‍പാപ്പമാര്‍തന്നെ മുന്‍കൈയെടുത്തു നമുക്കു മാതൃക നല്കിയിട്ടുണ്ടല്ലോ. ചരിത്രത്തിലെ തെറ്റുകള്‍ക്കു മാപ്പുചോദിച്ചാല്‍ മാത്രം പോരാ, ഇനിയൊരിക്കലും ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീവ്രമായ പരിശ്രമവും ആവശ്യമാണ്. അതിന് ഒരവിശ്വാസിയില്‍ നിന്നുവന്ന നിര്‍ദ്ദേശങ്ങളാണെങ്കില്‍ പോലും ഒരു "അപരിചിത പ്രവാചകശബ്ദ"മായി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ വൈകൃതങ്ങള്‍ തന്നെയാണോ താന്‍ വിട്ടുപോന്ന വിശ്വാസത്തിന്‍റെ അന്തഃസത്തയെന്ന് ശ്രീ സക്കറിയയും പരിശോധിക്കുന്നതു നല്ലതാണ്.
ശ്രീ ജോര്‍ജ്ജ് ജോസഫ് തന്‍റെ ലേഖനത്തില്‍ യുക്തിവാദത്തിന്‍റെ വാദമുഖങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇന്നു പലരും യുക്തിവാദികളായിരിക്കുന്നതിന്‍റെ മുഖ്യമായ ഒരു കാരണം, ആദ്യത്തെ ലേഖനത്തില്‍ ശ്രീ സക്കറിയ പറഞ്ഞതുപോലെ, വിശ്വാസികളുടെ തന്നെ തെറ്റായ ജീവിതമാതൃകയും വൈകൃതങ്ങളുമാണെന്നു ശ്രീ ജോര്‍ജ്ജ് ജോസഫും ചൂണ്ടിക്കാണിക്കുന്നു. മതഗ്രന്ഥങ്ങളിലുള്ള കഥകളുടെയും മിത്തുകളുടെയും അന്തര്‍ധാരകള്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ ജീവിക്കുന്ന ആത്മീയവിശ്വാസികള്‍ പല പൊള്ളയായ ആത്മീയ അന്ധതയ്ക്കും വശംവദരായി ഇന്നു സമൂഹത്തില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണ് യുക്തിവാദത്തിനും നിരീശ്വരവാദത്തിനുമുള്ള ഒരു കാരണം. ഈശ്വരവിശ്വാസികള്‍ പലരും പാപതുല്യമായ തെറ്റുകളുടെ അടിമച്ചങ്ങലയിലാണ് പലപ്പോഴും. നോയമ്പുകാലത്തും വ്രതകാലത്തും വിശുദ്ധിയുടെ പരിവേഷം അണിയുന്നവര്‍ തന്നെ ആ കാലം കഴിയുമ്പോള്‍ ദുര്‍മ്മാര്‍ഗ്ഗികളായി മദ്യപാനം, പീഡനം തുടങ്ങിയ കുത്സിതപ്രവൃത്തികള്‍ ചെയ്തുകൂട്ടുന്നു. ഈ കപട വിശ്വാസത്തെ യുക്തിവാദികള്‍ കൊഞ്ഞനം കുത്തുന്നു. വിശ്വാസികളുടെ ഇത്തരം ദുര്‍മാതൃകകള്‍ നിരീശ്വരവാദത്തിനുള്ള ഒരു കാരണമായി രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ തന്നെ ഏറ്റുപറയുന്നുണ്ടല്ലോ (സഭ ആധുനിക ലോകത്തില്‍, no19,7).
നിരീശ്വരത്വത്തിനും യുക്തിവാദത്തിനും കാരണമായിത്തീരുന്ന മറ്റൊരുകാര്യം 115-ാം സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് ശ്രീ. ജോര്‍ജ്ജ് ജോസഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഗ്രഹങ്ങളുടെ നിര്‍മ്മാണവും ആരാധനയും അവയ്ക്കുമുമ്പില്‍ നടക്കുന്ന കപടാചാരങ്ങളും അവയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങളുമാണ് അദ്ദേഹം എടുത്തുപറയുന്നത്. ഇവിടെയും ക്രൈസ്തവവിശ്വാസികളായ നമുക്കു വളരെയേറെ തെറ്റുകള്‍ പറ്റുന്നുണ്ടെന്നു സമ്മതിക്കാതെ തരമില്ല. സ്വരൂപവണക്കവും തിരുശ്ശേഷിപ്പു വണക്കവും വിശുദ്ധരോടുള്ള വണക്കവുമൊക്കെ താത്വികമായി സാധൂകരിക്കാനാവുമെങ്കിലും അതിരുകടന്ന അതിശയോക്തികളും സാമ്പത്തികലക്ഷ്യത്തോടെ ഇവയ്ക്കു പിന്നില്‍ നടക്കുന്ന ചൂഷണങ്ങളും ക്രൈസ്തവവിശ്വാസത്തിന് വികൃതമായ ഒരു മുഖം നല്കുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇന്നു പല ക്രൈസ്തവ വിശ്വാസികളും സെക്ടുകളിലേയ്ക്കു കുടിയേറുവാനും ഇതു കാരണമാകുന്നുണ്ട്. ഇങ്ങനെ നിരീശ്വരരും യുക്തിവാദികളുമുന്നയിക്കുന്ന ന്യായമായ കുറ്റാരോപണങ്ങള്‍ക്കുമുമ്പില്‍ നാം എളിമയോടെ 'എന്‍റെ പിഴ' ചൊല്ലുകയും അവയെ തിരുത്തുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയുമാണ് വേണ്ടത്.
എന്നാല്‍, ശ്രീ ജോര്‍ജ്ജ് ജോസഫ് സൂചിപ്പിക്കുന്ന നിരീശ്വരരുടെയും യുക്തിവാദികളുടെയും പല നിലപാടുകളോടും നമുക്കു യോജിക്കാന്‍ സാധ്യമല്ല. ഉദാഹരണമായി, ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്നതുമാത്രമാണ് അവര്‍ക്കു സത്യമായിട്ടുള്ളത്. നേരിട്ടുകാണാത്ത, നേരിട്ടനുഭവിക്കാത്ത സത്യങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ല. പ്രപഞ്ചത്തിന് ഒരു കാരണമുണ്ടെന്നും ആ കാരണം ദൈവമാണെന്നും ഈശ്വരവിശ്വാസികള്‍ വിശ്വസിക്കുന്നു. "എന്നാല്‍ നിരീശ്വരവാദികളാകട്ടെ നേരില്‍ കാണാത്തതോ, നേരിട്ടു സ്പര്‍ശിച്ചറിയാത്തതോ ആയ ഒരു കാരണത്തെ അവര്‍ അസ്വാഭാവികമെന്നു കണ്ടെത്തി പാടേ നിരാകരിക്കുന്നു" (p.9). ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാകാത്തതുകൊണ്ട് ദൈവത്തെ അവര്‍ നിഷേധിക്കുന്നു, "പ്രപഞ്ചത്തില്‍നിന്നു ബാഹ്യമായും അതിന്‍റെ പിന്നാമ്പുറത്തും യാതൊന്നും ഇല്ലാതിരിക്കെ, ഒരു അസ്വാഭാവികകാരണത്തെ കണ്ടെത്താന്‍ എങ്ങനെ കഴിയും" (p.11) എന്നു യുക്തിവാദികള്‍ ചോദിക്കുമ്പോള്‍, തെളിയിക്കപ്പെടേണ്ട കാര്യം തെളിയിക്കപ്പെട്ടുകഴിഞ്ഞതായി അവര്‍ കരുതുകയാണല്ലോ. "പ്രപഞ്ചത്തില്‍ നിന്നു ബാഹ്യമായും അതിന്‍റെ പിന്നാമ്പുറത്തും ഒന്നുമില്ലാതിരിക്കെ," എന്നത് അവരുടെ മനസ്സിലെ മുന്‍വിധി മാത്രമാണ്.
"പ്രപഞ്ചത്തിനു ബാഹ്യമോ അതിന്‍റെ അസ്തിത്വത്തിനു ബാഹ്യകാരണമോ ഇല്ലെന്നും പ്രപഞ്ചത്തിന്‍റെ കാരണത്വം ആന്തരികമാണെന്നും ആധുനിക സയന്‍സ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു" (p.11) എന്ന യുക്തിവാദ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ്. പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവുമുണ്ടെന്നും, അത് ഒരു മഹാവി സ്ഫോടനവൈചിത്ര്യത്തില്‍ (Big Bang Singularity) ആരംഭിച്ച് ഒരു മഹാവിഭേദന വൈചിത്ര്യത്തില്‍ (Big Crunch Singularity) അവസാനിക്കുമെന്നും മിക്ക ശാസ്ത്രജ്ഞന്മാരും ഇന്ന് അംഗീകരിക്കുന്നു. 1370-ഓളം കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പൂജ്യവലിപ്പമുള്ള ഒരു സൂക്ഷ്മകണികയുടെ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിലൂടെയാണ് പ്രപഞ്ചമുണ്ടായതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യവും ഊര്‍ജ്ജവും സ്ഥലവുമെല്ലാം ആ സൂക്ഷ്മകണികയില്‍ ഒതുങ്ങിയിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് ഒരു സെക്കന്‍ഡിന്‍റെ ഒരു ലക്ഷം കോടിയില്‍ ഒരംശം സമയംകൊണ്ട് ശൂന്യതുല്യമായ വലിപ്പത്തില്‍ നിന്ന് നമ്മുടെ സൗരയൂഥത്തിന് ഇന്നുള്ള വലിപ്പത്തിനു തുല്യമായ വലിപ്പത്തിലേക്കു അതു വികസിച്ചു. തുടര്‍ന്നും സഹസ്രാബ്ദങ്ങളിലൂടെ വികസിച്ച് പരിണമിച്ചുണ്ടായതാണ് ഇന്നത്തെ പ്രപഞ്ചം. ഇന്നും അതു വികസിച്ചുകൊണ്ടേയിരിക്കുന്നു. അവസാനം ഒരു മഹാവിഭേദനത്തില്‍ അതവസാനിക്കുകയും ചെയ്യും. മഹാവിസ്ഫോടനത്തിനുമുമ്പ് എല്ലാ ദ്രവ്യവും ഊര്‍ജ്ജവുമുള്‍ ക്കൊള്ളുന്ന പൂജ്യം വലിപ്പമുള്ള ആ പരമാണു എന്തായിരുന്നു? അത് എങ്ങനെയുണ്ടായി? എന്താണു മഹാവിസ്ഫോടനത്തിനു കാരണമായത്? മഹാവിസ്ഫോടനത്തിനുശേഷമുള്ള പ്രപഞ്ചത്തിന്‍റെ സഹസ്രാബ്ദങ്ങളിലൂടെയുള്ള വികസനത്തിന്‍റെയും പരിണാമത്തിന്‍റെയും അളവും തോതും കിറുകൃത്യമായി മനുഷ്യവാസയോഗ്യമായ നമ്മുടെ ഭൂമിയും നമ്മളും ഉണ്ടാകാന്‍ പര്യാപ്തമായ വിധമായിരുന്നു. തെല്ലൊരു മാറ്റം എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ ഭൂമിയോ നമ്മളോ കാണുമായിരുന്നില്ല. കിറുകൃത്യമായ ഈ വികാസവും പരിണാമവും എങ്ങനെ നടന്നു? എന്തായിരിക്കും മഹാവിഭേദനത്തിനു ശേഷമുള്ള പ്രപഞ്ചം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ശാസ്ത്രം മൗനമവലംബിക്കുന്നതേയുള്ളൂ. ഇതൊന്നും ശാസ്ത്രത്തിന്‍റെ നിരീക്ഷണപരിധിയില്‍ വരാത്തതുകൊണ്ട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു പറഞ്ഞ് ചില ശാസ്ത്രജ്ഞന്മാര്‍ കൈകഴുകുന്നു. ഈ ചോദ്യങ്ങള്‍ ശാസ്ത്രത്തിന്‍റെ പരിധിക്കുള്ളില്‍ വരികയില്ലെന്നതു ശരിതന്നെ. എന്നാല്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് അര്‍ത്ഥമില്ല എന്നു പറയുന്നത് ഒട്ടും ശരിയല്ല. മനുഷ്യന്‍ ബുദ്ധിജീവി ആയതുകൊണ്ട് അവന്‍ ചോദ്യങ്ങള്‍ ചോദിക്കുകതന്നെ വേണം. ഉത്തരം പറയേണ്ടതു ശാസ്ത്രമല്ലെന്നു മാത്രം. ഈ പറഞ്ഞതില്‍ നിന്ന്, "പ്രപഞ്ചത്തിന്‍റെ കാരണം ആന്തരികമാണെന്ന് ആധുനിക സയന്‍സ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു" എന്നു പറയുന്നതിലെ തെറ്റു മനസ്സിലാക്കാമല്ലോ.
പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവില്‍ ശാസ്ത്രം ഇന്നു വളരെയേറെ പുരോഗമിച്ചിരിക്കുന്നെങ്കിലും, ഇന്നും ശാസ്ത്രത്തിന് അറിഞ്ഞുകൂടാത്ത രഹസ്യങ്ങള്‍ അനവധിയാണ്. ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ചെയര്‍മാനും പ്ലാനിംഗ് കമ്മീഷന്‍ അംഗവുമായ ഡോ.കെ. കസ്തൂരിരംഗന്‍ പറയുന്നതുപോലെ, "ശാസ്ത്രം അതിന്‍റെ എല്ലാ ശാഖകളിലൂടെയും ഇന്നോളമുള്ള പഠനങ്ങള്‍ക്കു വിധേയമാക്കിയത് കേവലം 4% ഭൗതികരഹസ്യങ്ങളെയാണ്" (ജി.കെ.ശശിധരന്‍, കണികാപ്രപഞ്ചം, അവതാരിക, പേജ്-7) ആധുനിക ശാസ്ത്രനിരീക്ഷണങ്ങള്‍ വെളിവാക്കുന്നത് പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യോര്‍ജ്ജങ്ങളില്‍ 4% മാത്രമേ ദൃശ്യവിഭാഗത്തില്‍ പെടുന്നുള്ളൂ. ബാക്കി 96% നമുക്കു അദൃശ്യമോ നമ്മുടെ സംവേദനശക്തിക്ക് ഇപ്പോഴും വഴിപ്പെടാത്തതോ ആണ്. പ്രപഞ്ചത്തില്‍ ആകെ 10,000 കോടിയിലധികം ഗാലക്സികളും ഓരോ ഗാലക്സിയിലും 10,000 കോടിയോളം നക്ഷത്രങ്ങളുമുണ്ട്. ഏറ്റവും വിസ്മയകരമായ കാര്യം പ്രപഞ്ചത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ചേര്‍ന്നാലും, ആകെ ദ്രവ്യത്തിന്‍റെ ഒരു ശതമാനം മാത്രമേ ആകുന്നുള്ളൂ എന്നതാണ്."കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ നിരീക്ഷണങ്ങളുടെ ഫലം വെളിവാക്കുന്നത്, പ്രപഞ്ചം സാധാരണ ദ്രവ്യത്തിന്‍റെയും ഇരുണ്ട ഊര്‍ജ്ജത്തിന്‍റെയും ഒരു മാന്ത്രികകൂട്ടാണെന്നാണ്. ഈ ആശയം അവിശ്വസനീയവും സങ്കീര്‍ണ്ണവും അതീവദുരൂഹവുമായതിനാല്‍ നാം നമ്മെത്തന്നെ അവിശ്വസിക്കുന്ന അവസ്ഥയില്‍ അത് എത്തിക്കുന്നു" ( പ്രൊഫ. ജി.കെ.ശശിധരന്‍, കണികാപ്രപഞ്ചം, പേജ്. 192-93). ഇത്രയും പറഞ്ഞത്, ശാസ്ത്രത്തിന്‍റെ പരിധികളിലും വിടവുകളിലും ദൈവത്തെ കൊണ്ടുവരാന്‍ വേണ്ടിയല്ല, പ്രത്യുത ശാസ്ത്രത്തിനും പരിമിതികളുണ്ടെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാത്രമേ സത്യമായിട്ടുള്ളൂ എന്നു പറയുന്നതു ശരിയല്ലെന്നും കാണിക്കാന്‍വേണ്ടി മാത്രമാണ്.
"ആത്മീയവാദിയുടെയും നിരീശ്വരവാദിയുടെയും വാഗ്വാദം കൊണ്ട് യഥാര്‍ത്ഥ സത്യം തെളിയിക്കപ്പെടുന്നില്ല" എന്ന് ശ്രീ ജോര്‍ജ്ജ് ജോസഫ് പറയുന്നതു ശരിയാണ്. വാഗ്വാദമല്ല, സംവാദം (dialogue) ആണു വേണ്ടത്. തുറവിയോടും അപരനോടുള്ള ബഹുമാനത്തോടും കൂടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതാണല്ലോ സംവാദം. എന്നാല്‍, ദൈവം ഉണ്ടോ ഇല്ലയോ എന്നതിനും ഭൂമി ആരു സൃഷ്ടിച്ചു എന്നതിനും പ്രസക്തിയില്ല എന്ന അദ്ദേഹത്തിന്‍റെ നിലപാടിനോടു യോജിക്കാനാവില്ല. നിരീശ്വരരും യുക്തിവാദികളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക വിഷമമായതുകൊണ്ട്, നീതിയുടെയും സത്യത്തിന്‍റെയും വാഹകരായി, യഥാര്‍ത്ഥമനുഷ്യരായി ജീവിച്ചാല്‍ മതി എന്നതാണല്ലോ അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പ്രതിവിധി. പ്രപഞ്ചത്തെയും നമ്മെയും സൃഷ്ടിച്ച, നമ്മെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന, നീതിസത്യസ്വരൂപന്‍ തന്നെയായ ഒരു ദൈവത്തിലുള്ള വിശ്വാസമാണ് നീതിയുടെയും സത്യത്തിന്‍റെയും വാഹകരായി, യഥാര്‍ത്ഥമനുഷ്യരായി, ജീവിക്കാനുള്ള ഏറ്റവും ശക്തമായ പ്രചോദനം.
ശ്രീ ജോര്‍ജ്ജ് ജോസഫ് നിര്‍ദ്ദേശിക്കുന്ന പ്രതിവിധിക്കു സമാനമായ ഒരു നിലപാട്, അനവധാനത കൊണ്ടാകാം, മുഖക്കുറിപ്പിലും വന്നുപോയിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരുണ്യപ്രവൃത്തികളും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെ ദൈവാരാധനയ്ക്കു പകരമാകുമെന്ന ധ്വനി ദൈവവിശ്വാസികളെ അസ്വസ്ഥരാക്കുന്നതാണ്. ദൈവത്തിന്‍റെ നേര്‍ക്കുള്ള ആരാധനയും സ്നേഹവുമാണല്ലോ പരസ്നേഹപ്രവൃത്തികളെ പരമാവധി ഉജ്ജീവിപ്പിക്കുന്നത്.
നേരിട്ടുകാണുവാനും അനുഭവിച്ചറിയാനും സാധിക്കാത്ത, ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്ത, ഒന്നും സത്യമല്ല എന്ന നിരീശ്വരരുടെയും യുക്തിവാദികളുടെയും നിലപാടിനെതിരായി, മറ്റൊരു സമീപനമാണ് ശ്രീ പി.എന്‍.ദാസ് 'മണ്ണും ചാരവും' എന്ന തന്‍റെ ലേഖനത്തില്‍ സ്വീകരിക്കുന്നത്. വിവിധ സാധനാമാര്‍ഗ്ഗങ്ങളിലൂടെ ആത്മജ്ഞാനത്തിലേയ്ക്കും ആദ്ധ്യാത്മികാനുഭൂതിയിലേയ്ക്കും വന്ന വ്യക്തിയാണ് ശ്രീ പി.എന്‍.ദാസ്. ബുദ്ധിയും മനസ്സും യുക്തിയും ചിന്തയും മാത്രമുപയോഗിച്ച് ഈ ആത്മജ്ഞാനത്തിലേയ്ക്കും ആദ്ധ്യാത്മികാനുഭൂതിയിലേയ്ക്കും വരാന്‍ സാധിക്കയില്ലെന്ന് അദ്ദേഹം പറയുന്നത് വളരെ വാസ്തവമാണ്. ബുദ്ധിയും മനസ്സും യുക്തിയും ചിന്തയും പദാര്‍ത്ഥപരമായ, ഭൗതികമായ, ലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും അറിയുവാനും തെളിയിക്കാനുമെല്ലാം സഹായിക്കുന്നു. എന്നാല്‍ പദാര്‍ത്ഥപരവും ഭൗതികവുമായ ലോകത്തിന് അപ്പുറത്തുള്ള കാര്യങ്ങളിലേയ്ക്കു കടന്നുചെല്ലുവാനോ അവയെ അപഗ്രഥിച്ചറിയാനോ ബുദ്ധിക്കും മനസ്സിനുമൊന്നും സാധിക്കയില്ല. അതുകൊണ്ട് അപ്പുറത്ത് ഒന്നും ഇല്ലെന്നു പറയുന്നത് ശരിയല്ലല്ലോ. ശ്രീ പി.എന്‍.ദാസ് പറയുന്നതുപോലെ, "യാഥാര്‍ത്ഥ്യം യുക്തിവാദപരമല്ല, മറിച്ച് ദ്വന്ദ്വവാദപരമാണ്". ദ്വന്ദവാദപരമായ (ഡയലക്ടിക്കല്‍) ഒരു ബോധമാണ് മനുഷ്യകുലം ഇന്നാവശ്യപ്പെടുന്നത്.
ബുദ്ധിയുടെയും യുക്തിയുടെയും ചിന്തയുടെയും അകമ്പടികൂടാതെ വിവിധ സന്മാര്‍ഗ്ഗങ്ങളിലൂടെ പലര്‍ക്കും ആത്മജ്ഞാനത്തിലേക്കും ആന്തരികാനുഭൂതിയിലേക്കും വരാന്‍ കഴിഞ്ഞിട്ടുണ്ടെന്നതു വാസ്തവം തന്നെ. എങ്കിലും, യഥാര്‍ത്ഥമായ ആത്മജ്ഞാനത്തിലേയ്ക്കും ആദ്ധ്യാത്മികാനുഭൂതിയിലേയ്ക്കും എത്തിച്ചേരുവാന്‍ ഇവയെ പുറത്തുനിര്‍ത്തുക ആവശ്യമാണെന്ന് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിന് ചില വ്യാഖ്യാനങ്ങള്‍ ആവശ്യമാണ്. ബുദ്ധിയും മനസ്സും അതിന്‍റെ പ്രവര്‍ത്തനങ്ങളായ യുക്തിയും ചിന്തയുമൊക്കെ ദൈവം മനുഷ്യനു നല്കിയിരിക്കുന്ന കഴിവുകളാണ്. അവ ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്യുക മനുഷ്യന്‍റെ കടമയാണ്. ബുദ്ധിയും യുക്തിയുമൊന്നും ഒരിക്കലും വിശ്വാസത്തിന് എതിരല്ലെന്നത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പതന്നെ ഓര്‍മ്മിപ്പിച്ച കാര്യമാണല്ലോ. ദൈവം മനുഷ്യനെ ബുദ്ധിയുള്ളവനായി സൃഷ്ടിച്ചു. വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും കാര്യത്തിലും മനുഷ്യന്‍ തന്‍റെ ബുദ്ധിയും മനസ്സും ഉപയോഗിക്കണമെന്നതാണ് ദൈവത്തിന്‍റെ ഇഷ്ടം. വലിയ ആത്മീയ ഗുരുക്കന്മാര്‍ ബുദ്ധിയും മനസ്സും ഉപയോഗിച്ച് അതിന് അതീതമായി വളര്‍ന്നവരാണ്. ധ്യാനത്തിന്‍റെയും സത്സംഗത്തിന്‍റെയും സമയത്ത് യുക്തിയും ചിന്തയുമൊക്കെ പുറത്തുനിര്‍ത്താം. എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ബുദ്ധിയും മനസ്സും പുറത്തുനില്ക്കേണ്ട ശല്യക്കാരല്ല.നേരിട്ടു കാണാനും അനുഭവിച്ചറിയാനും ശാസ്ത്രീയമായി തെളിയിക്കാനും കഴിയാത്തതൊന്നും സത്യമല്ലെന്ന നിരീശ്വരരുടെയും യുക്തിവാദികളുടെയും നിലപാടിനോടു വിശ്വാസികളായ നമുക്കു യോജിക്കാനാവില്ല. ഈ പ്രപഞ്ചത്തിനും നമുക്കും സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്നും, അവിടുന്നു നമ്മെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന പിതാവാണെന്നും നാം വിശ്വസിക്കുന്നു. ഈ ദൈവത്തെ നേരിട്ടുകാണാനോ ദൈവമുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കാനോ നമുക്ക് സാധിക്കുകയില്ല. അതുപോലെ തന്നെ ദൈവമില്ലെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരര്‍ക്കും യുക്തിവാദികള്‍ക്കും സാധിക്കുകയില്ല. ദൈവമുണ്ടെന്നു നമ്മളും ഇല്ലെന്ന് അവരും വിശ്വസിക്കുന്നു. രണ്ടും വിശ്വാസമാണ്. രണ്ടിനും ശാസ്ത്രീയമായി തെളിവില്ല. എന്നാല്‍ വിശ്വസിക്കുന്നതിനു ചില കാരണങ്ങള്‍ അഥവാ reasons of credibility ഉണ്ട്.
1370 കോടിയോളം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായി, വികസിച്ച് പരിണമിച്ച് സഹസ്രകോടികണക്കിനു ഗാലക്സികളും ഓരോ ഗാലക്സിയിലും സഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള അതിബൃഹത്തായ ഈ പ്രപഞ്ചത്തിലെ മനുഷ്യനിവാസയോഗ്യമായി ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഒരേ ഒരു ഗ്രഹമായ ഈ ഭൂമിയില്‍, ബുദ്ധിയും മനസ്സും സ്വാതന്ത്ര്യവുമുള്ള, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ജീവിക്കാനും കൊതിക്കുന്ന ഈ ഞാന്‍ വെറും യാദൃച്ഛികതയുടെ, ആകസ്മികതയുടെ, ചാന്‍സിന്‍റെ ഒരു ഉത്പന്നം മാത്രമാണോ? എന്‍റെ ഈ ജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? കുറെനാളുകള്‍ ജീവിച്ചശേഷം ഞാന്‍ ശൂന്യതയിലേയ്ക്ക്, ഒന്നുമില്ലായ്മയിലേയ്ക്ക് ലയിച്ച് ഇല്ലാതായി തീരുമോ? സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ജീവിക്കാനുമുള്ള എന്‍റെ കെടാത്ത അഭിവാഞ്ഛ വെറും മിഥ്യയാണോ, absured ആണോ, അബദ്ധവും വിഡ്ഢിത്തവുമാണോ? ആണെങ്കില്‍, അങ്ങനെയുള്ള ഒരു ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? എങ്കില്‍, എന്തിനു ഞാന്‍ ജീവിക്കണം? എന്തിനു ഞാന്‍ സ്നേഹിക്കണം? എന്തിനു ഞാന്‍ മറ്റുള്ളവയെ സ്നേഹിച്ചും സേവിച്ചും മനുഷ്യവാസയോഗ്യമായി ഈ ലോകം കെട്ടിപ്പെടുക്കാന്‍ ശ്രമിക്കണം? ഇതിനെല്ലാം എനിക്കുള്ള ഉത്തരം, എനിക്കു സ്രഷ്ടാവും പിതാവുമായി എന്നെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നതാണ്. ഇതെന്‍റെ മൗലികമായ പ്രത്യാശയാണ് (fundamental trust). ഈ പ്രത്യാശ എന്‍റെ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം അര്‍ത്ഥം നല്‍കുന്നു. സമാധാനത്തോടെ, സമാശ്വാസത്തോടെ ജീവിക്കാനും മരിക്കാനും ഇതെന്നെ പ്രാപ്തനാക്കുന്നു. മരണത്തില്‍ എന്നെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന എന്‍റെ പിതാവിന്‍റെ സവിധത്തിലേയ്ക്കാണു ഞാന്‍ എത്തിച്ചേരുന്നതെന്ന ബോധ്യത്തോടെ മരിക്കാന്‍ എനിക്കു കഴിയുന്നു.
ഒരു നിരീശ്വരനും യുക്തിവാദിക്കും ഇതൊന്നും കഴിയുകയില്ല തന്നെ.
എന്‍റെ ഈ വിശ്വാസത്തെ, ഈ പ്രത്യാശയെ, വി.പുസ്തകവും, തലമുറകളിലൂടെ ഒഴുകിവന്ന് എന്‍റെ മാതാപിതാക്കളിലും വിശ്വാസസമൂഹത്തിലും നിന്ന് എത്തിച്ചേര്‍ന്ന പാരമ്പര്യവും സ്ഥിരീകരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഒരു വിശ്വാസിയാണ്. ഈ വിശ്വാസം എന്‍റെ ആഴമേറിയ ഒരു ബോധ്യമാണ്. ഞാന്‍ ഉള്‍പ്പെടുന്ന ഈ വിശ്വാസസമൂഹത്തില്‍ അഥവാ സഭയില്‍ കുറ്റങ്ങളും തെറ്റുകളുമൊക്കെ ചരിത്രത്തില്‍ സംഭവിച്ചുപോയിട്ടുണ്ട്, ഇന്നും സംഭവിക്കുന്നുണ്ട്, അജ്ഞതകൊണ്ടും വിശ്വാസത്തിന്‍റെ ഉപരിപ്ലവതകൊണ്ടും മനുഷ്യനടുത്ത ജഡികപ്രവണതള്‍ കൊണ്ടും എന്‍റെ പൂര്‍വ്വികരും ഞാനും കുറ്റബോധത്തോടെ അതെല്ലാം ഏറ്റു മാപ്പുചോദിക്കുന്നു. എന്നാല്‍ അത് ദൈവത്തിലുള്ള എന്‍റെ പ്രത്യാശയെയും വിശ്വാസത്തെയും ഇല്ലാതാക്കുന്നില്ല. ഇതാണ് എന്‍റെ മനഃസാക്ഷിക്കു മുമ്പില്‍ എന്‍റെ വിശ്വാസത്തിനുള്ള സാധൂകരണം.