news-details
സഞ്ചാരിയുടെ നാൾ വഴി

സ്നേഹം സര്‍വ്വഭയങ്ങളെയും മായ്ച്ചുകളയുമെന്ന് യോഹന്നാന്‍റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിന്‍റെയും വളക്കൂറുള്ള മണ്ണ്. മാലാഖ പരിണമിച്ചാണ് സാത്താനുണ്ടായതെന്ന ക്രിസ്റ്റ്യന്‍ മിത്തോളജിയെ ശരിവയ്ക്കുന്ന വിചാരമാണിത്. രണ്ട് പേര് പോലും മാറുന്നില്ല. വെളിച്ചവാഹകന്‍ - ലൂസിഫര്‍.

എന്തിനാണ് ഇത്രയും ആശങ്കകളുടെയും ഭയത്തിന്‍റെയും കരുവായി സ്നേഹഭിക്ഷുക്കള്‍ ഇടറി വീഴുന്നതെന്നതിന് പല കാരണങ്ങളില്‍ ഒരെണ്ണം അത് സുലഭമല്ല എന്നത് തന്നെയാണ്. അലുമിനിയത്തിന്‍റെ കഥപോലെയാണ്. Petronious (54-68 AD) എഴുതിവയ്ക്കുന്ന കഥപോലെ തീരെ അപരിചിതമായ ഒരു പാത്രവുമായി ഒരു കരുവാന്‍ ചക്രവര്‍ത്തിയുടെ മുന്‍പില്‍ എത്തുന്നു. നിലത്തേക്ക് വലിച്ചെറിയുമ്പോള്‍ അത് ഉടയുന്നില്ല. ചുളുങ്ങുന്നേയുള്ളു. ഒരു ചുറ്റിക കൊണ്ട് അതിനെ പൂര്‍വ്വാവസ്ഥയിലാക്കി. അലുമിനിയത്തിന്‍റെ കണ്ടെത്തലായിരുന്നു അത്.  ചിലവ് കൂടിയതും അതിസങ്കീര്‍ണ്ണവുമായ ഒരു പ്രക്രിയയിലൂടെയാണത് രൂപപ്പെടുന്നത്. ഈ പുതിയ ലോഹം അതിന്‍റെ ദൗര്‍ലഭ്യംകൊണ്ട് സ്വര്‍ണ്ണത്തെപ്പോലും പിന്തള്ളുമെന്ന് തോന്നിയ ചക്രവര്‍ത്തി അയാളെ കൊന്നുകളയുകയാണ്. The Satyricon എന്ന സറ്റയര്‍ നോവലിലാണ് ഈ കഥ. പ്ലീനി ദ എല്‍ഡര്‍ തന്‍റെ ചരിത്രപുസ്തകത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.

അത്രയും ഭയമാണ് മനുഷ്യര്‍ക്ക്. അപൂര്‍വ്വമായിമാത്രം തങ്ങളെത്തേടിയെത്തുന്ന സ്നേഹം കവര്‍ച്ച ചെയ്യുകയോ കളഞ്ഞുപോവുകയോ ചെയ്യുമെന്ന ഭീതിയില്‍ ശ്വാസംമുട്ടുമ്പോള്‍ അസുരരാകാതെ തരമില്ലെന്ന മട്ടിലുള്ള തീര്‍പ്പുകളിലെത്തുന്നു. സ്നേഹം സമൃദ്ധമാകുന്ന കാലം മാത്രമാണ് മനുഷ്യന്‍റെ മോക്ഷകവാടം. ആ അലുമിനിയത്തിന്‍റെ കഥ, പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ട് കാര്യങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. അതിനുശേഷമാണ് വിപുലമായ അതിന്‍റെ ഉല്പാദനം ഉണ്ടായത്.

2
നിരാസത്തെ ഭയന്നാണ് നമ്മള്‍ എന്തൊക്കെയോ വേണ്ടെന്നുവച്ചത്. ഇഷ്ടം തുറന്നു പറയാനാവാത്ത കൗമാരക്കാരന്‍ മുതല്‍ ലീവ് ചോദിക്കാന്‍ ഭയപ്പെടുന്ന മധ്യവയസ്കന്‍വരെ അനവധി പതിപ്പുകളിലൂടെ ആ കഥ തുടരുകയാണ്. അതിന്‍റെ ഇരയോ കരുവോ ആയ ഒരാള്‍ ചില ഭ്രാന്തന്‍ പരീക്ഷണങ്ങളിലൂടെ പുറത്തുകടക്കാന്‍ നടത്തിയ ശ്രമങ്ങളാണ് Rejection Proof: How I Beat Fear and Became Invincible Through 100 Days of Rejection എന്ന ഭ്രാന്തന്‍ പുസ്തകം.

അവഗണിക്കപ്പെടുമെന്നും അപഹസിക്കപ്പെടുമെന്നും ഏതാണ്ട് ഉറപ്പുളളപ്പോഴും അയാള്‍ ചില കാര്യങ്ങള്‍ ചോദിക്കാനും പലതിനേയും അഭിമുഖീകരിക്കാനും തീരുമാനിക്കുകയാണ്. എല്ലാത്തരം ക്രേസി ആയി കാര്യങ്ങളുമുണ്ട് അതില്‍. ഇതിനകം പരീക്ഷിച്ചുനോക്കിയിട്ടുള്ള റിജക്ഷന്‍ തെറപ്പി അയാളെ ആകര്‍ഷിച്ചിട്ടുണ്ട്. ബോധപൂര്‍വവും ആവര്‍ത്തിച്ചും നിരന്തരനിരാസങ്ങളെ അഭിമുഖീകരിക്കുക വഴി അതിനോടൊരു നിര്‍മമത രൂപപ്പെടുമെന്ന സങ്കല്പമാണത്.

തിരസ്കാരത്തിന്‍റെ നൂറു ദിനങ്ങളാണ് അയാള്‍ക്കു മുന്‍പില്‍. അപരിചിതനായ ഒരാളോട് നൂറു ഡോളര്‍ കടം ചോദിച്ചാണ് തുടങ്ങുന്നത്. സ്വാഭാവികമായും അത് ആരംഭിച്ചത് അതീവഭീതിയിലാണ്. അവിടെനിന്ന് കാര്യങ്ങള്‍ ഭേദപ്പെടുന്നു. അസാധ്യമെന്നു കരുതിയ ചില കാര്യങ്ങള്‍ ചിലര്‍ ശരിവയ്ക്കുകയും അയാളെ അമ്പരപ്പിച്ചുകൊണ്ട് ചിലതു സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കാര്യങ്ങള്‍ നൂറാംദിനംവരെ സുഗമമായി പോയൊന്നുമില്ല. ഓരോ ദിവസത്തേയും നിരാസ അനുഭവങ്ങള്‍ ബ്ലോഗ് ചെയ്യുകയായിരുന്നു ജിയാ ജിയാങ്. വൈകാതെ ഈ സോഷ്യല്‍ എക്സിപിരിമെന്‍റ് അയാളെ പ്രശസ്തനാക്കുന്നുണ്ട്.

കൃത്രിമമായി സൃഷ്ടിച്ചെടുത്ത പരിസരത്തിലാണ് ഈ റിജക്ഷന്‍ അനുഭവങ്ങള്‍ എന്നത് തീവ്രജീവിതാനുഭവങ്ങളുടെ തിരകളില്‍ രണ്ടായി പിളര്‍ന്നുപോയവര്‍ക്ക് അതിനെ ഫലിതമായി എണ്ണാനുള്ള പ്രേരണ നല്‍കിയേക്കാം. എങ്കിലും എന്തോ ചില നല്ലത് സംഭവിക്കുന്നു. പുതിയൊരു അര്‍ത്ഥം തെളിഞ്ഞു വരുന്നുണ്ട്; ലാുമവ്യേ ആണ് അതില്‍ ആദ്യത്തേത്. പല തവണ നിഷേധിക്കപ്പെട്ടതിന്‍റെ അപമാനം കൊണ്ടു നടക്കുന്ന ഒരാള്‍ എന്ന നിലയില്‍ മനുഷ്യരെ അവരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യാതെ സഹാനുഭൂതിയില്‍ കാണാന്‍ കളമൊരുങ്ങുന്നുണ്ട്. ഒരാളുടെ അടിസ്ഥാന വിശ്വാസങ്ങളും മൂല്യബോധവും എന്തെന്നു നിര്‍ണ്ണയിക്കാനും ഈ അരിപ്പ സഹായിക്കുന്നു. പുതിയ കര്‍മ്മപഥങ്ങള്‍ കണ്ടെത്തേണ്ട ബാധ്യത ഉണ്ടാവുന്നു. അത് നിരാസത്തെ ഒരു സര്‍ഗ്ഗാത്മക അനുഭവമാക്കുന്നു.

പുതിയ സ്വാതന്ത്ര്യവും സംഭവിക്കുന്നുണ്ട്. ചോദിക്കാനുള്ള സ്വാതന്ത്ര്യമാണത്. 'നിങ്ങള്‍ എന്തുകൊണ്ട് ചോദിക്കുന്നില്ല' എന്ന് തന്‍റെ കേള്‍വിക്കാരെ പ്രകോപിപ്പിച്ച ഗുരു നിനവില്‍ വരുന്നു. തിരസ്കാരത്തിന്‍റെ കയ്പ് അനുഭവിച്ച അയാളേക്കുറിച്ചാണ് 'പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി' എന്ന് പിന്നീട് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നത്.

3

ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഇരുണ്ട് പോകുമ്പോല്‍ തുരങ്കത്തിന്‍റെ അങ്ങേയറ്റത്തെന്നപോലെ ചില മനുഷ്യരിലേക്ക് വെളിച്ചത്തിന്‍റെ വജ്രസൂചികള്‍ പാളുന്നതെങ്ങനെ. അവരെന്തിനാണിങ്ങനെ ദൈവത്തോട് പറ്റിനില്‍ക്കുന്നത്. പ്രകാശത്തിന്‍റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവരേക്കാള്‍ കൃതജ്ഞതയോടും പ്രേമത്തോടും കൂടെ. കാഴ്ചയില്ലാത്തവര്‍ എന്തിനാണ് അവന് സാക്ഷ്യം പറയുന്നത്. ഈശ്വരസ്തുതികളെക്കുറിച്ചുളള നമ്മുടെ ബാലിശസങ്കല്പങ്ങളെയാണ് അവര്‍ തിരുത്താനായുന്നത്. നീയെന്ത് നല്‍കി എന്നല്ല നീയുണ്ട് എന്നതുതന്നെയാണ് അവരുടെ പ്രാണനെ ഒരു സ്തോത്രഗീതമാക്കുന്നത് അവര്‍ എല്ലായിടത്തും ഉണ്ടാവും.

ഹോമര്‍ അന്ധനായിരുന്നു എന്ന പാരമ്പര്യ വിശ്വാസത്തിന് നിദാനം കണ്ണടച്ചിരിക്കുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന സ്ഫടികസദൃശ്യമായ ജീവിത വ്യക്തതകൊണ്ടാണോ എന്ന ഒരു സാഹിത്യവിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്‍പില്‍ അധ്യാപകന്‍ ഒരു മാത്ര പകച്ചുനിന്ന ഓര്‍മ്മയുണ്ട്. Archetypal road map to world mythologyഎന്നൊക്കെ ഇലിയഡിനെയും ഒഡീസിയെയും വിശേഷിപ്പിക്കുന്നതിനിടയിലായിരുന്നു അത്. വിദ്യാര്‍ത്ഥിയുടെ ആ നിരീക്ഷണം ഭക്തകവികള്‍ എന്ന് നമ്മള്‍ സെഗ്മെന്‍റ് ചെയ്യുന്നവര്‍ക്കും ഏതൊക്കെയോ അനുപാതങ്ങളില്‍ വഴങ്ങും.

നമ്മുടെ പാരമ്പര്യത്തില്‍ പതിനാറാം നൂറ്റാണ്ടിലെ സൂര്‍ദാസുണ്ട് - സൂര്‍സാഗറിന്‍റെ കര്‍ത്താവ്, കടല്‍ എന്നര്‍ത്ഥത്തില്‍ തന്നെ. ഉണ്ണിക്കണ്ണനുവേണ്ടിയുള്ള ഗോപികമാരുടെ വാത്സല്യ അലകളായിരുന്നു അവ. ജന്മനാല്‍ അന്ധനായിരുന്ന ഒരാള്‍ കണ്ണനുവേണ്ടി സദാ വെണ്ണ കരുതി. ഒരു മാത്ര അയാള്‍ക്ക് കാഴ്ചകിട്ടി - ഭഗവാനെ കണ്ടു. ഞൊടിയിടയില്‍ അയാള്‍ മിഴിയടച്ചു. ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ഇവനെ വീണ്ടും അന്ധനാക്കുക. നിന്നെക്കണ്ട മിഴികള്‍കൊണ്ട് ഞാന്‍ മറ്റൊന്നും കാണാതിരിക്കട്ടെ. ഗായകന്‍ വീണ്ടും അന്ധനായി.

ജോര്‍ജ്ജ് മാത്തിസന്‍ (1842-1906) ഇരുപതാം വയസ്സിലാണ് അന്ധനായത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പൂര്‍ണ്ണാന്ധതയിലേക്കെത്തുന്ന നേത്രരോഗത്തില്‍പ്പെട്ടുപോയി എന്ന വാര്‍ത്ത സഹാനുഭൂതിയോടെയല്ല കൂട്ടുകാരി കേട്ടത്. അവര്‍ അയാളെ വിട്ടുപോയി. അന്ധതയുടെ ആ കാലത്തിലാണ് പിരിയാത്ത ഒരു സ്നേഹത്തെക്കുറിച്ച് അയാള്‍ ധ്യാനിച്ചുതുടങ്ങുന്നത്. പ്രശസ്തമായ "O love that will not let me go' എന്ന ഗാനമെഴുതുന്നത് നാല്പതാം വയസ്സിലാണ്. കൂട്ടുകാരിയുടെ വേര്‍പിരിയലിനുശേഷം പിന്നീടുള്ള ഇരുപത് വര്‍ഷങ്ങള്‍ പെങ്ങളായിരുന്നു കൃഷ്ണമണിപോലെ അയാളെ നോക്കിയത്. അവളുടെ വിവാഹത്തിന്‍റെ അന്നാണ് ഒരു തിരുത്തലുകളുമില്ലാതെ അഞ്ചേയഞ്ച് മിനിറ്റുകൊണ്ട് അയാള്‍ 'വിട്ടുപിരിയാത്ത സ്നേഹം' എന്ന ആ ആശ്വാസഗീതം എഴുതുന്നത്.

ദൈവത്തിനുള്ള തെളിവുകള്‍ എന്ന അക്വിനാസിന്‍റെ പാഠങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. സൂര്‍ദാസും മാത്തിസണുമൊക്കെയായിരിക്കാം അവന്‍റെ അസ്തിത്വത്തിന്‍റെ യഥാര്‍ത്ഥ തെളിവുകള്‍!

You can share this post!

ശാന്തരാത്രി

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
Related Posts