2014-ല്‍ ജീവന്‍ ബുക്സ് പ്രസിദ്ധീകരിച്ച കിളിമകളുടെ പുണ്യവാളന്‍ എന്ന പുസ്തകത്തിന്‍റെ രചനയ്ക്കുപിന്നിലെ ഗ്രന്ഥകര്‍ത്താവിന്‍റെ 'ഫ്രാന്‍സിസ്കന്‍' അനുഭവം.
ഒരു പൂവിന്‍റെ സുഗന്ധം പോലെ, ഒരു പാട്ടിന്‍റെ വരികള്‍ പോലെ, ഒരു കുഞ്ഞിന്‍റെ ചിരി പോലെ, ചിലതെല്ലാം ചിലപ്പോള്‍ നാമറിയാതെ നമ്മുടെ ഉള്ളില്‍ കയറി താമസമുറപ്പിക്കും. അവിടെയിരുന്ന് നമ്മുടെ ചിന്തയെ, വികാരത്തെ, ദര്‍ശനത്തെ, ജീവിതത്തെ തന്നെ, അതു സ്വാധീനിക്കും. ഏറെ നാള്‍ കഴിഞ്ഞു മാത്രമാകാം നമ്മുടെ ഉള്ളിലൊളിച്ചിരുന്നു നമ്മെ നിയന്ത്രിക്കുന്ന ആ മോഹന സുന്ദരാനുഭവങ്ങളെപ്പറ്റി നാം തന്നെ അറിയുന്നത്. ഫ്രാന്‍സിസ് പുണ്യവാളന്‍ എന്‍റെ ഉള്ളില്‍ കയറി ഇരിപ്പുറപ്പിച്ചതും ഞാനറിയാതെയായിരുന്നു. അദ്ദേഹത്തിനു മുന്‍പോ പിന്‍പോ അവിടെ കയറിക്കഴിഞ്ഞവരുടെ കൂട്ടത്തില്‍ യേശുവും ബുദ്ധനും കൃഷ്ണനും വ്യാസനുമൊക്കെയുണ്ടായിരുന്നു.
കിളികള്‍ക്കു സുവിശേഷം നല്‍കിയ ഫ്രാന്‍സിസിന്‍റെ കഥ ചെറുപ്പത്തില്‍ കേട്ടപ്പോള്‍ അത്ഭുതപ്പെടാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. അദ്ദേഹം ഒരു ഭ്രാന്തനാണെന്നുവരെ തോന്നി. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭ്രാന്ത് ദിവ്യമായ ഭ്രാന്താണെന്നു മനസ്സിലാക്കാന്‍ കാലങ്ങള്‍ എടുത്തു. അതിലെനിക്കു ദുഃഖമില്ല. പൂമൊട്ടായി ജീവിച്ചാലല്ലേ പൂ വിരിയൂ. ഗര്‍ഭത്തില്‍ ഒമ്പതു മാസം കിടക്കാന്‍ ക്ഷമ കാണിച്ചാലല്ലേ ഒരു കുട്ടിക്ക് പൂര്‍ണ്ണവളര്‍ച്ചയിലെത്തി പുറത്തു വരാന്‍ കഴിയൂ.
ചെറുപ്പകാലം അനുഭവങ്ങളുടെ കാലമായിരുന്നു. ഒരു ഗ്രാമാന്തരീക്ഷത്തില്‍ പുസ്തകങ്ങള്‍ നിറഞ്ഞ ഒരു വീട്ടില്‍ തുളസിത്തറയിലെ തുളസിക്കു വെള്ളമൊഴിച്ചും പശുക്കിടാങ്ങളെ ഓമനിച്ചും ജീവിച്ചതിനാല്‍ ഞാനറിയാതെ എന്നില്‍ പ്രകൃതി ബോധവും കയറിപ്പറ്റി. തൊഴുത്തിലെ വെച്ചൂപ്പശുക്കളുമായി സംസാരിച്ചിരുന്ന ആദം പശുവും ഞാനും ഒന്നാണെന്ന് പറയാതെ പറഞ്ഞിരുന്നു. ഓണത്തിന് ഉറുമ്പിനും കൊടുക്കുന്നതു കണ്ടപ്പോള്‍ ഉറുമ്പിനും വിശപ്പുണ്ടെന്നും അതിനും ഓണത്തിനവകാശമുണ്ടെന്നും ഞാന്‍ മനസ്സിലാക്കി. പതുക്കെപ്പതുക്കെ കിളികള്‍ക്കു സുവിശേഷം നല്‍കിയ ഫ്രാന്‍സിസിനെ എനിക്കു മനസ്സിലാകാന്‍ തുടങ്ങി. എങ്കിലും ആ തിരിച്ചറിവ് കൂടുതല്‍ വ്യക്തമാകാന്‍ പിന്നെയും കാലം കുറെ എടുത്തു. അതിനു കാരണവുമുണ്ട്. എന്നെപ്പോലൊരു സാധാരണ മനുഷ്യന് കാര്യങ്ങള്‍ മനസ്സിലാകാന്‍ അറിവിന്‍റെ വഴിയെ അലയാതെ പറ്റില്ല. എന്നാല്‍ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ വഴി വിശുദ്ധന്മാരുടെ വഴിയാണ്. അറിവിന്‍റെ ഭാരം വലിച്ചെറിഞ്ഞ് പാണ്ഡിത്യത്തിന്‍റെ കെട്ടുപാടുകളില്‍ നിന്നു മോചനം നേടിയവനാണല്ലോ വി. ഫ്രാന്‍സിസ്. അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ ഉള്ളില്‍ നിന്നു താനേ പുറത്തേക്ക് ഒഴുകുന്നതാണ്.
അവബോധത്തില്‍ നിന്നുണ്ടാകുന്നതാണവ. എല്ലാം ത്യജിച്ച്, പൂര്‍ണ്ണമായും ദൈവത്തില്‍ സമര്‍പ്പിച്ച്, സ്നേഹത്തില്‍ ജീവിതത്തെ അലിയിച്ച ആ മഹര്‍ഷിക്കുണ്ടാകുന്നത് ഒരു വിശുദ്ധനു മാത്രമുണ്ടാകുന്ന കാഴ്ചപ്പാടുകളാണ്. അങ്ങനെയുള്ള ഒരു വിശുദ്ധന് പാറയും സോദരനായില്ലെങ്കിലാണ് അത്ഭുതം.
സ്വാഭാവികമായും ഉള്ളില്‍ നിറയെ ശാസ്ത്രവും യുക്തിയും കൊണ്ടു നടന്നിരുന്ന എനിക്ക് ഫ്രാന്‍സിസിനെ ശരിക്കും ഉള്‍ക്കൊള്ളാന്‍ കാലം ഏറെയെടുത്തു. ആ കാലയളവില്‍ ആയിരുന്നു ഞാന്‍ പ്രകൃതിയെ പറ്റി കൂടുതല്‍ അറിഞ്ഞത്. അറിഞ്ഞത് അല്പമാണെന്നും അറിയാനുള്ളത് ഏറെയാണെന്നും അറിഞ്ഞത്. പ്രകൃതിയില്‍ എല്ലാം എത്ര സുന്ദരമായി, കൃത്യമായി പൂര്‍ണ്ണതയോടെ ബന്ധപ്പെട്ടിരിക്കുന്നു. 'ഞാന്‍' എന്ന് ഒന്നില്ല. ഞാനും പ്രകൃതിയെന്ന വന്‍വലയിലെ ഒരു കണ്ണി മാത്രം. ഒറ്റയായിട്ടൊന്നുമില്ല. പ്രകൃതി സഹകരണത്തിന്‍റെ സഹവര്‍ത്തിത്വത്തിന്‍റെ പ്രതീകമാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മനസ്സിനു പതം വന്നു. ഒരിക്കല്‍ നേച്ചര്‍ മാസികയിലൊരു ലേഖനം വന്നത് വായിച്ച് ഞാന്‍ അമ്പരന്നു. എന്‍റെ വായില്‍ അഞ്ഞൂറുകോടിയോളം മൈക്രോബുകള്‍ ഉണ്ട്! എന്‍റെ കുടലില്‍ രണ്ടായിരത്തി അഞ്ഞൂറു കോടിയിലേറെ! എന്‍റെ ശരീരത്തില്‍ എന്‍റെ കോശങ്ങളുടെ എണ്ണത്തിന്‍റെ മൂന്നു മടങ്ങുണ്ട് മൈക്രോബിയല്‍ കോശങ്ങള്‍! എന്‍റെ ശരീരം ഒരു മാന്‍- മൈക്രോബ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ്!
അതു വായിച്ച് ഞാന്‍ ആവേശം കൊണ്ടു. ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു തന്നെ അനേക കോടി സൂക്ഷ്മ ജീവികള്‍ക്കു സുഖമായി താമസിക്കാനുള്ള വീടായിട്ടാണ് എന്നറിഞ്ഞതിലുള്ള ആഹ്ലാദം. ഞാന്‍ രാപ്പകല്‍ അവരേയും ചുമന്നു നടക്കുകയാണെന്നുള്ള തിരിച്ചറിവ്. ആ നിമിഷം എനിക്ക് ഫ്രാന്‍സിസ് പുണ്യവാളനെ മനസ്സിലായി. ഓരോ മണ്‍തരിയിലും പൂവിലും പുഴുവിലും ദൈവത്തിന്‍റെ സ്പര്‍ശനം കണ്ട വിശുദ്ധന്‍റെ കാഴ്ചപ്പാടിന്‍റെ വിശുദ്ധിയില്‍ എന്‍റെ മനസ്സ് കുമ്പിട്ടു. അങ്ങനെയാകണം ഫ്രാന്‍സിസിനെ പറ്റി എഴുതണമെന്നു മോഹമുണ്ടായത്. അതിനു ശ്രമിച്ച് ഞാന്‍ ദയനീയമായി പരാജയപ്പെട്ടു. എനിക്കതില്‍ ദുഃഖം തോന്നിയുമില്ല. തോറ്റത് പുണ്യവാളനു മുന്നിലല്ലേ. അതിലെന്തിന് നാണക്കേട് ഉണ്ടാകണം? പ്രകൃതിയെ പറ്റി സുസ്ഥിര വികസനത്തെപറ്റി ഞാന്‍ ഓടിനടന്നു ക്ലാസുകളെടുത്തപ്പോഴും എഴുതിയപ്പോഴും വി. ഫ്രാന്‍സിസ് എന്നെ പിന്നെയും പിന്നെയും എഴുതാന്‍ പ്രേരിപ്പിച്ചിരിക്കണം. ശുദ്ധമായ ശാസ്ത്രവിജ്ഞാനം മാത്രം കൊണ്ടു പ്രകൃതിസംരക്ഷണം സാധ്യമല്ല എന്ന് അങ്ങനെ എനിക്കൊരു തിരിച്ചറിവുണ്ടായി. 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' 'മാത്തന്‍ മണ്ണിരക്കേസ്', 'കീയോ കീയോ ' തുടങ്ങിയവ എഴുതിയപ്പോള്‍ ആ ആശയം ക്രമമായി വികസിച്ചു വന്നു. 'നോഹയുടെ കഥയും കഥയിലെ രഹസ്യങ്ങളും' എഴുതിയപ്പോള്‍ ഞാന്‍ വി. ഫ്രാന്‍സിസിനോട് കൂടുതല്‍ അടുത്തു.
എന്നിട്ടും ഫ്രാന്‍സിസിനെപ്പറ്റി എഴുതാനുള്ള ശേഷി ഞാന്‍ കൈവരിച്ചില്ല. അങ്ങനെ മറ്റു ഗ്രന്ഥങ്ങള്‍ പലത് എഴുതിക്കഴിയവേ ആയിരുന്നു ഡോ. റോയിയും അലക്സച്ചനും കൂടി എന്നെ പിടികൂടിയത്. അലക്സച്ചന്‍ പുതിയ കുറെ ഏറെ പഠനങ്ങള്‍ കൊണ്ടവന്നു തന്നതും ഞാന്‍ പഠിച്ചു. ഫ്രാന്‍സിസിനെ പറ്റി കൂടുതല്‍ മനസ്സിലാക്കി. പക്ഷേ മനസ്സിലാക്കിയതു കൊണ്ടൊന്നും ആ വിശുദ്ധനെ പറ്റി എഴുതാനാകില്ല എന്നു ഞാന്‍ സാവധാനം മനസ്സിലാക്കി. അറിവിന്‍റെ ലോകത്തു നിന്നും തിരിച്ചറിവിന്‍റെ ലോകത്തേക്ക് പറക്കാനുള്ള ചിറക് അപ്പോഴും എന്നില്‍ ഉദിച്ചിരുന്നില്ല. അതാണ് ഒരു സന്ധ്യക്ക് വീട്ടില്‍ വന്ന അലക്സച്ചനോടു ഞാന്‍ പറഞ്ഞു പോയത്: "എനിക്ക് ഫ്രാന്‍സിസിനെപ്പറ്റി എഴുതാന്‍ കഴിയുമെന്നു തോന്നുന്നില്ല.. കഴിയണമെങ്കില്‍ പുണ്യവാളന്‍ എന്‍റെ തലയില്‍ കയറണം."
പുണ്യവാളന്‍ അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞായിരുന്നു അച്ചന്‍ അന്നു യാത്ര പറഞ്ഞിറങ്ങിയത്. അച്ചന്‍ നന്നായി പ്രാര്‍ത്ഥിച്ചിരിക്കണം. ഒരു വെളുപ്പാന്‍ കാലത്ത് പേനയും തുറന്ന് ഞാനിരുന്നപ്പോള്‍ പെട്ടെന്ന് കാട്ടിലെ കൂട്ടിലിരിക്കുന്ന അമ്മക്കിളിയേയും ചിറകിനടിയില്‍ ഇരിക്കുന്ന കുഞ്ഞിക്കിളിയേയും ഞാന്‍ കണ്ടു. എന്‍റെ ഉള്ളില്‍ അവ തെളിഞ്ഞു വന്നു. കാടും കാട്ടിലിരുന്ന പുണ്യവാളന്‍ പറഞ്ഞിട്ടു പാടുന്ന കിളികളുമെല്ലാം. പിന്നെ എല്ലാം എളുപ്പമായി. വാക്കുകള്‍ ഒഴുകി വന്നു. വാചകങ്ങള്‍ ഒന്നൊന്നായി പേനാത്തുമ്പില്‍ നിന്ന് കടലാസിലേക്ക്. ഞാന്‍ എല്ലാം മറന്നിരുന്ന് ഒറ്റയിരുപ്പിന് ആദ്യത്തെ അദ്ധ്യായമെഴുതി. അപ്പോള്‍ ഞാന്‍ പുണ്യവാളന്‍റെ തഴുകല്‍ അനുഭവിച്ചു.
അത് പിന്നെ ഒരു ആവേശകരമായ അനുഭവമായി. അമ്മക്കിളിയും കുഞ്ഞുകിളിയും അച്ഛന്‍ കിളിയും ഞാനും പുണ്യവാളനും കാടും പ്രകൃതിയും എല്ലാം കൂടി എന്നില്‍ നിറഞ്ഞു നിന്ന് കടലാസിലേക്ക് ഒഴുകിയപ്പോള്‍ ഞാന്‍ ഇരുന്നെഴുതി. ഇടക്ക് പുണ്യവാളനുമൊത്തു ജീവിച്ചു. പുണ്യവാളന്‍റെ ചിരിയില്‍ പങ്കുചേര്‍ന്നു. പുണ്യവാളന്‍ മരിച്ച കഥ പറഞ്ഞു വലിയ വായില്‍ അച്ഛന്‍ കിളി കരഞ്ഞത് എഴുതുമ്പോള്‍ എന്‍റെ കണ്ണില്‍ നിന്നൊഴുകിയ കണ്ണുനീര്‍ തുടയ്ക്കാന്‍ ഞാന്‍ മറന്നുപോയിരുന്നു. (ഇന്ന് ഈ ലേഖനം എഴുതുന്നതിനു മുന്‍പും ഞാന്‍ ആ ഭാഗം വായിച്ചു നന്നായി കരഞ്ഞു!)
എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമായി കിളിമകളുടെ പുണ്യവാളന്‍റെ രചന. അതോടെ പുണ്യവാളന്‍ എന്‍റെ ഉള്ളില്‍ ഇരുപ്പുമായി. എന്‍റെ ചിന്തയെ, പ്രവൃത്തികളെ, പെരുമാറ്റത്തെ എല്ലാം നിയന്ത്രിച്ചുകൊണ്ട് ആ വിശുദ്ധന്‍ അവിടെ ഇരിക്കുമ്പോള്‍ ഞാനെന്തിന് വ്യാകുലപ്പെടണം? വേവലാതിപ്പെടണം? കഴിഞ്ഞ ഒരാഴ്ചയായി ഒരു പുതിയ പുസ്തകത്തിന്‍റെ രചനയിലേര്‍പ്പെട്ടിരിക്കുമ്പോഴും അദ്ദേഹം എന്നെ നിയന്ത്രിക്കുന്നുണ്ട്. പ്രകൃതിയെപറ്റിയുള്ള ആ പുസ്തകം എഴുതും മുന്‍പ് ഞാന്‍ പ്രാര്‍ത്ഥിച്ചു:
* ദൈവമേ നിന്‍റെ രാജ്യം വരേണമേ!
ഫ്രാന്‍സിസ് പുണ്യവാളനെപ്പോലെ
പാറയെ വരെ സോദരനായി കാണാനും
അതിലളിതമായ ജീവിതം നയിക്കാനും
എനിക്കു കഴിയേണമേ
നിന്‍റെ രാജ്യം വരേണമേ
മലിനീകരണമേ ഇല്ലാത്ത
വിഷക്കാറ്റു വീശാത്ത
നിന്‍റെ രാജ്യം വരേണമേ
ആമ്മേന്‍!"